“സർ, സാധനങ്ങൾ വാങ്ങാൻ വന്ന കുറച്ചാളുകൾ ഇവിടുണ്ട്. ഞാനവരുടെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ. എന്‍റെ ഇയർ ഫോണുകൾ പ്രവർത്തിക്കുന്നുണ്ട്. ഞാൻ താങ്കൾ പഠിപ്പിക്കുന്നത് കേൾക്കുന്നുണ്ടായിരിക്കും”, പച്ചക്കറി വാങ്ങാൻ തന്‍റെ കൈവണ്ടിയുടെ സമീപത്തു നിൽക്കുന്നവരുടെ കാര്യത്തിലേക്ക് തിരിയുന്നതിനു മുന്‍പ് തന്‍റെ ഇയർഫോൺ കുറച്ചുനേരം അൺമ്യൂട്ട് ചെയ്തിട്ട് മടിയോടുകൂടി മുസഫർ അദ്ധ്യാപകന്‍റെ അനുവാദം തേടി. "താജി... സബ്ജി ലേ ലോ..." [പുതിയ പച്ചക്കറികൾ എടുത്തോളൂ], സ്മാർട്ട്ഫോണിലെ സയൻസ് ക്ലാസ്സിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് അവൻ ഒരു തവണകൂടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

അന്ന്, ജൂൺ 15-ന്, മുസഫർ ശേഖിന്‍റെ ഓൺലൈൻ ക്ലാസ്സിലെ ആദ്യ ദിവസമായിരുന്നു. "മറ്റ് ശബ്ദങ്ങൾ (വാഹനങ്ങളുടെയും, ഉപഭോക്താക്കളുടെയും) എനിക്ക് എപ്പോഴും കേൾക്കാമായിരുന്നു. ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ പച്ചക്കറി വിൽക്കണോ എന്ന് എനിക്ക് തീരുമാനിക്കാൻ കഴിയില്ലായിരുന്നു”, 8-ാം ക്ലാസ്സിൽ പഠിക്കുന്ന, 14-കാരനായ മുസഫർ പറഞ്ഞു. വഴുതനങ്ങ, ബീറ്റ്റൂട്ട്, വെള്ളരിക്ക, കാബേജ്, മറ്റ് പച്ചക്കറികൾ എന്നിവയൊക്കെ തന്‍റെ കൈവണ്ടിയിൽ രാവിലെ 10 മണിയോടുകൂടി വിൽക്കുന്നതിനിടയിൽ  അവൻ ഓൺലൈൻ ക്ലാസ്സിൽ ‘പങ്കെടുത്തു’. വടക്കൻ മുംബൈയിലെ മാലാഡ് പ്രദേശത്തെ മാൽവണിയിലുള്ള ചന്തയിലെ ഏറ്റവും തിരക്ക് കൂടിയ സമയത്തായിരുന്നു അത്.

മുസഫർ തന്‍റെ ഒരു സുഹൃത്തിൽ നിന്നും കുറച്ചു മണിക്കൂർ സമയത്തേക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ ഒരു ഫോൺ വായ്പ വാങ്ങിയിരുന്നു. അവന് സ്വന്തമായി സ്മാർട്ട്ഫോൺ ഇല്ല . "അതേസമയത്ത് എന്‍റെ സഹോദരൻ മുബാറക്കും [9-ാം ക്ലാസ്സ് വിദ്യാർത്ഥി] അവന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. പപ്പ ജോലി ചെയ്യുകയായിരുന്നു. എനിക്ക് കടയടയ്ക്കാൻ കഴിഞ്ഞില്ല. ജൂൺ 10-ന്, മൂന്ന് മാസങ്ങൾക്ക് ശേഷം ശേഷം, ഞങ്ങൾ [ജോലി] പുനരാരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ”, അവൻ പറഞ്ഞു.

അവന്‍റെ അച്ഛൻ ഇസ്‌ലാം ജനുവരിയിൽ കൈവണ്ടി വാടകയ്ക്കെടുത്തതാണ്. കുടുംബത്തിന്‍റെ ചിലവുകൾ വർദ്ധിക്കുകയായിരുന്നു. അതിനാല്‍ അവർക്ക് മറ്റൊരു വരുമാന സ്രോതസ്സ് ആവശ്യമായിരുന്നു. പ്രായം 40-കളിലുള്ള ഇസ്‌ലാം ഒരു ട്രക്ക് ഡ്രൈവറുടെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. പക്ഷെ കുറഞ്ഞ കൂലി കാരണം ജോലി ഉപേക്ഷിക്കേണ്ടി വന്നു (എന്നിരിക്കിലും ജൂണിൽ ജോലി പുനരാരംഭിച്ചു). അവന്‍റെ അമ്മ 35-കാരിയായ മോമിന ഹെയർക്ലിപ്പുകൾ ഉണ്ടാക്കുകയും ഗൗണുകൾ തയ്ക്കുകയും ചെയ്യുന്നു. ഏഴംഗ കുടുംബത്തിൽ ഉൾപ്പെടുന്നത് രണ്ട് വയസ്സുകാരനായ ഹസ്നൈൻ, 7-ാം ക്ലാസ്സിൽ പഠിക്കുന്ന 13-കാരിയായ ഫർസാന, 6-ാം ക്ലാസ്സിൽ പഠിക്കുന്ന 12-കാരിയായ അഫ്സാന എന്നിവരാണ്.

പക്ഷെ കുടുംബം തുടങ്ങിവന്ന പച്ചക്കറി കച്ചവടം, കൈവണ്ടി വാടകയ്ക്കെടുത്ത് വെറും രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ, മാർച്ച് 15 മുതൽ തുടങ്ങിയ കോവിഡ്-19 ലോക്ക്ഡൗൺ മൂലം പൂട്ടേണ്ടിവന്നു. "പപ്പായായിരുന്നു ആദ്യം കൈവണ്ടി കൈകാര്യം ചെയ്തത്”, മുസഫർ പറഞ്ഞു. രാവിലെ 7 മണിമുതൽ ഉച്ചവരെ പ്രവർത്തിക്കുന്ന സ്ക്കൂളിൽ പോയതായിരുന്നു അവനും 17-കാരനായ മുബാറക്കും. രണ്ടുപേരും സ്ക്കൂളിൽ നിന്നും വന്നതിനുശേഷം ചന്തയിൽ അച്ഛനെ പച്ചക്കറി വിൽക്കാൻ സഹായിച്ചു.

Mubarak Sheikh and his brother Muzzafar (in white) have been trying to juggle attending online classes and selling vegetables on a handcart
PHOTO • Jyoti
Mubarak Sheikh and his brother Muzzafar (in white) have been trying to juggle attending online classes and selling vegetables on a handcart
PHOTO • Jyoti

മുബാറക് ശേഖും അവന്‍റെ സഹോദരൻ മുസഫറും (വെളുത്ത വസ്ത്രം) ഒരേ സമയം ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനും കൈവണ്ടിയിൽ പച്ചക്കറി വിൽക്കാനും പാടുപെടുകയാണ്

"കഴിഞ്ഞ വർഷംവരെ ഞങ്ങൾക്ക് കഷ്ടിച്ച് 5,000 രൂപ [ഒരു മാസം] കിട്ടിയിരുന്നു”, മോമിന പറഞ്ഞു. കുടുംബത്തിന് പലപ്പോഴും ബന്ധുക്കളുടെയും അയൽവാസികളുടെയും സഹായത്തെ ആശ്രയിക്കേണ്ടിയും വന്നു. ഒരു അയൽവാസിയിൽ നിന്നും തയ്യൽ മെഷീൻ ലഭിച്ചതിനുശേഷം ഹെയർ ക്ലിപ്പുകൾ ഉണ്ടാക്കുന്നതിനു പുറമെ ഗൗൺ തയിച്ചും മോമിന കുറച്ച് പണമുണ്ടാക്കാൻ തുടങ്ങി – ഒരുമാസം ഏകദേശം 1,000 രൂപ. പക്ഷെ ലോക്ക്ഡൗൺ സമയത്ത് മോമിനയുടെ വരുമാനവും ഇല്ലാതായി. "പലവ്യഞ്ജനങ്ങൾ, വെട്ടത്തിന്‍റെ ബില്ലുകൾ, വെള്ളത്തിന്‍റെ ചിലവുകൾ, സ്ക്കൂൾ ഫീസുകൾ എല്ലാം കൂടി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായി”, അവർ പറഞ്ഞു. "അങ്ങനെ ഞങ്ങൾ പച്ചക്കറികളും വിൽക്കാൻ തുടങ്ങി, പക്ഷെ ലോക്ക്ഡൗൺ എല്ലാം നശിപ്പിച്ചു.”

ശേഖുമാരെപ്പോലെ അനൗപചാരിക മേഖലകളിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ നിരവധി കുടിയേറ്റ കുടുംബങ്ങളില്‍ ലോക്ക്ഡൗണ്‍ കനത്ത ആഘാതം ഏപ്പിച്ചിട്ടുണ്ട്. “ചെറുകിട വ്യാപാരികൾ, നടന്നു വിൽക്കുന്നവർ, ദിവസവേതന തൊഴിലാളികൾ എന്നിവരാണ് ഏപ്രിലിലെ ലോക്ക്ഡൗണ്‍ മൂലം ഏറ്റവും വലഞ്ഞത്. ആ മാസം നഷ്ടപ്പെട്ട 121.5 ലക്ഷം ജോലികളിൽ 91.2 ദശലക്ഷവും ഇവരുടെ ഇടയിൽ നിന്നായിരുന്നു”, 2020 ഓഗസ്റ്റിലെ സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇക്കോണമിയില്‍ (സി.എം.ഐ.ഇ.) പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാണിക്കുന്നു.

ലോക്ക്ഡൗൺ സമയത്ത് നിരവധിപേർ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നത് ശേഖുമാർ കണ്ടു. ഉത്തർപ്രദേശിലെ ബഹരായിച് ജില്ലയിലെ ബാലാപൂർ ഗ്രാമത്തിലേക്ക് മടങ്ങുന്നതിനെപ്പറ്റി അവരും ചിന്തിച്ചു. പ്രസ്തുത ഗ്രാമത്തിൽ നിന്നും ജോലിയന്വേഷിച്ച് 1999-ൽ അവർ മുംബൈയിൽ എത്തിയതാണ്. ഗ്രാമത്തിൽ അവർ സ്വന്തമായി ഭൂമിയില്ലാത്ത കർഷകത്തൊഴിലാളികൾ അതായിരുന്നു. "ഗ്രാമത്തിലേക്ക് മടങ്ങി പോകുന്നതിനെപ്പറ്റി ഞങ്ങൾ ആലോചിച്ചു, പക്ഷെ ബസ് ടിക്കറ്റോ ട്രെയിൻ ടിക്കറ്റോ ഒന്നും ലഭിച്ചില്ല. നടക്കുകയോ ടെമ്പോയിൽ യാത്ര ചെയ്യുകയോ ചെയ്തിരുന്ന ആളുകളൊക്കെ അപകടത്തിൽപ്പെട്ട വാർത്തകളൊക്കെ അപ്പോൾ ഞങ്ങൾ കേട്ടു. അത്തരം അപകടത്തിൽ പെടാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഞങ്ങൾ ഇവിടെത്തന്നെ തുടരാനും കാര്യങ്ങളൊക്കെ പഴയപടി ആകുന്നതുവരെ കാത്തിരിക്കാനും തീരുമാനിച്ചു”, മോമിന പറഞ്ഞു.

മാതാപിതാക്കൾ രണ്ടുപേർക്കും ജോലി ഇല്ലാത്തതിനാൽ, കർക്കശമായ നിരോധനാജ്ഞകളും ലോക്ക്ഡൗണും നിലനിൽക്കുമ്പോള്‍ തന്നെ ഏപ്രിൽ തുടക്കത്തിൽ ഇടസമയങ്ങളിലൊക്കെ മുസഫറും മുബാറക്കും പച്ചക്കറി വിൽക്കാനാരംഭിച്ചു.  “വീടിനടുത്തുള്ള ചന്തയിൽ ഒരാൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ഹവീൽദാറിന്‍റെ ലാത്തി കൊണ്ട് മുബാറക്കിന്‍റെ കൈമുട്ടിന് അടിയേറ്റു. അതിനുശേഷം ഒരു മാസത്തേക്ക് ഞങ്ങൾ മറ്റൊരു വഴിക്കച്ചവടക്കാരന്‍റെ വണ്ടിയിൽ മാൽവണിയിൽ പച്ചക്കറി വിറ്റു”, മുസഫർ പറഞ്ഞു. ഇതിൽ നിന്നും മെയ് മാസം വരെ ഓരോരുത്തർക്കും 50 രൂപ വീതം പ്രതിമാസം ലഭിച്ചിരുന്നു.

"ജൂണോടെ, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശമനമുണ്ടായപ്പോൾ, രണ്ടുപേരും വണ്ടി വീണ്ടും വാടകയ്ക്കെടുക്കാൻ തുടങ്ങി. കൈവണ്ടിയുടെയും ടെമ്പോയുടെയും (മൊത്തവ്യാപാര ചന്തയിലേക്ക്) വാടക നൽകിയതിനും പച്ചക്കറികൾ വാങ്ങിയതിനും ശേഷം രണ്ടുപേർക്കും കൂടി 3,000-4,000 രൂപ മാസം ലഭിക്കുമായിരുന്നു.

'We have one simple mobile. So we borrowed khala’s mobile', says Mubarak, here with his mother Momina (who stitches gowns and makes hairclips for an income) and sister Afsana
PHOTO • Jyoti
'We have one simple mobile. So we borrowed khala’s mobile', says Mubarak, here with his mother Momina (who stitches gowns and makes hairclips for an income) and sister Afsana
PHOTO • Jyoti

‘ഞങ്ങൾക്ക് ഒരു സാധാരണ മൊബൈലാണ് ഉള്ളത്, അതുകൊണ്ട് ഞങ്ങൾ ആന്‍റിയുടെ മൊബൈൽ വായ്പ വാങ്ങി’, മുബാറക് പറഞ്ഞു. ചിത്രത്തിൽ സഹോദരിയോടും അമ്മയോടുമൊപ്പം. വരുമാനത്തിനായി അമ്മ ഗൗണുകൾ തയ്ക്കുകയും ഹെയർ ക്ലിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു

ആ മാസമായതോടെ ഇസ്‌ലാമും പ്രതിമാസം 4,000 രൂപയ്ക്ക് ട്രക്ക് ഡ്രൈവറുടെ സഹായിയായി ജോലി പുനരാരംഭിച്ചു. "അദ്ദേഹം മുംബൈയ്ക്ക് പുറത്തേക്ക് 9-10 യാത്രകൾ [ഓരോന്നും 2-3 ദിവസങ്ങൾ] നടത്തും”, മോമിന പറഞ്ഞു. "ഇടയ്ക്കദ്ദേഹം വീട്ടിൽ വരും, 2-3 മണിക്കൂർ വിശ്രമിക്കും, എന്നിട്ട് പെട്ടെന്നു തന്നെ അടുത്ത ട്രിപ്പിന് പോകും. പകലും രാത്രിയും അദ്ദേഹം ജോലി ചെയ്യുന്നു.”

ഏതാണ്ടതേ സമയത്ത് മോമിനയും ജോലി പുനരാരംഭിച്ചു, പക്ഷെ ഒരു മാസത്തിൽ കുറച്ചു ദിവസങ്ങൾ മാത്രം. "ജൂലൈ മുതൽ എനിക്ക് കുറച്ച് പണികൾ കിട്ടാൻ തുടങ്ങി. പക്ഷെ മാർച്ചിന് മുമ്പ് മാസം 20 ദിവസങ്ങൾ ലഭിച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ 10 ദിവസമേ കാണൂ”, അവർ പറഞ്ഞു. “നഷ്ടം കാരണം ഒരുപാട് ഫാക്ടറികൾ പൂട്ടി, അതുകൊണ്ട് കുറച്ച് ഓർഡറുകൾ മാത്രമെ ലഭിക്കുന്നുള്ളൂ എന്നാണ് ഓർഡർ നൽകുന്നയാൾ പറഞ്ഞത്.”

പക്ഷെ അവരുടെ ജീവനോപാധികൾ വീണ്ടും പതിയെ പ്രവർത്തനമാരംഭിച്ചപ്പോൾ മുസഫറും മുബാറക്കും പഠിച്ച സ്ക്കൂൾ (മാൽവണിയിലെ അംബുജ്‌വാഡി ചേരിയിലെ അവരുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഗുരുകുൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ആൻഡ് ജൂനിയർ കോളേജ്) അടഞ്ഞു കിടക്കുകയായിരുന്നു. എൻ.ജി.ഓ.കൾ നടത്തിയിരുന്ന ഈ സ്ക്കൂളിൽ കിൻഡർഗാർട്ടൻ മുതൽ 12-ാം ക്ലാസ്സ് വരെ പഠിക്കുന്ന 928 കുട്ടികൾ ഉണ്ടായിരുന്നു. ജൂണിൽ നിലവിലുള്ള അദ്ധ്യയന വർഷത്തേക്കുള്ള ക്ലാസ്സുകൾ (ഓൺലൈൻ ക്ലാസ്സുകൾ) സ്ക്കൂളിൽ വീണ്ടുമാരംഭിച്ചു.

"ഞങ്ങൾക്കൊരു സാധാരണ മൊബൈലേ ഉള്ളൂ. അതുകൊണ്ട് ഞങ്ങൾ [അമ്മവഴിക്കുള്ള] ആന്‍റിയുടെ മൊബൈൽ വായ്പ വാങ്ങി”, മുബാറക് വിശദീകരിച്ചു. പക്ഷെ വായ്പ വാങ്ങിയ ഒരു മൊബൈൽ 4 സഹോദരങ്ങൾക്ക് തികയില്ല, പ്രത്യേകിച്ച് ടൈംടേബിളുകൾ തമ്മിൽ പ്രശ്നമാകുമ്പോൾ. അതുകൊണ്ട് അവരുടെ ഇളയ സഹോദരിമാരായ ഫർസാനയും അഫ്സാനയും അവരുടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഓൺലൈൻ ക്ലാസ്സുകൾക്കായി പോകുന്നു. അംബുജ്‌വാഡിയിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന എം.എച്.ബി. ഉർദു സ്ക്കൂളിലാണ് അവർ പഠിക്കുന്നത്.

മുസഫറും മുബാറക്കും ഊഴമനുസരിച്ചാണ് തങ്ങളുടെ പച്ചക്കറി കച്ചവടം നടത്തുന്നതും വായ്പ വാങ്ങിയ മൊബൈലിൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതും. ചന്തയിൽ വച്ച് ആദ്യത്തെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവം ആവർത്തിക്കാതിരിക്കാൻ അംബുജ്‌വാഡി ചേരിയിലെ ഒറ്റമുറി വീട്ടിലിരുന്നാണ് ഇപ്പോൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നത്. എല്ലാദിവസവും 6-7 മണിക്കൂർ ജോലി ചെയ്തിട്ട് (ഞായർ മാത്രമാണ് ഒഴിവുള്ളത്) പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക (ദിവസം മൂന്ന് മണിക്കൂറുകൾ വരെ) എന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്.

അംബുജ്‌വാഡിയിൽ നിന്നും 40 കിലോമീറ്റർ കടന്ന് നവിമുംബൈയിലെ വാശിയിലുള്ള കാർഷികോൽപ്പന്ന വിപണന സമിതി (എ.പി.എം.സി.) യാർഡിൽ നിന്നും എല്ലാ ദിവസവും പച്ചക്കറി വാങ്ങാൻ സഹോദരന്മാർ പോകുന്നതും ഊഴമനുസരിച്ചാണ്. ടെമ്പോയിൽ മറ്റ് കച്ചവടക്കാർക്കൊപ്പമാണ് പോകുന്നത്. അവരിത് നേരത്തെ ജനുവരിയിൽ ഇസ്‌ലാം കൈവണ്ടി വാടകയ്ക്ക് എടുത്തിരുന്ന സമയത്ത് ചെയ്തിട്ടുണ്ട്. "രാത്രി ഏകദേശം 12 മണിയോടെ പോയിട്ട് രാവിലെ 5- 5:30 സമയത്താണ് വീട്ടിൽ തിരിച്ചെത്തുന്നത്”, മുസഫർ വിശദീകരിച്ചു. "മിക്കപ്പോഴും ഞാനാണ് പോകുന്നത്. മുബാറക് വേണ്ടവിധം വിലപേശില്ല. 7:30-ഓടെ ഞങ്ങൾ പുതിയ പച്ചക്കറി കഴുകി കൈവണ്ടിയിൽ കയറ്റുന്നു.”

PHOTO • Jyoti

‘ക്ലാസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കണോ പച്ചക്കറി വിൽക്കണോയെന്ന് തീരുമാനിക്കാൻ എനിക്ക് പറ്റില്ലായിരുന്നു’, ജൂണിലെ ആദ്യത്തെ ഓൺലൈൻ ക്ലാസ്സിന്‍റെ കാര്യം ഓർമ്മിച്ചുകൊണ്ട് മുസഫർ പറയുന്നു

ഒരു നീണ്ട രാത്രി മൊത്തവ്യാപാര ചന്തയിൽ ചിലവഴിച്ചശേഷം അടുത്ത ദിവസം രാവിലെയോ ഉച്ചകഴിഞ്ഞോ ഉറങ്ങാതെ, ശ്രദ്ധയോടെയിരുന്ന്, ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് വലിയ പരിശ്രമം ആവശ്യമാണ്. "ക്ലാസ്സിന്‍റെ സമയത്ത് കണ്ണുകളിൽ ഭാരം തോന്നും. പക്ഷെ ഞാനെന്‍റെ മുഖത്ത് വെള്ളം തളിക്കും, അല്ലെങ്കിൽ തല കുടഞ്ഞ് ഉറക്കം നിയന്ത്രിക്കും”, മുബാക് പറഞ്ഞു.

വലിയ കൈവണ്ടിയില്‍ 15-20 കിലോ പച്ചക്കറിയുമായി നടക്കുന്നതും മടുപ്പുണ്ടാക്കും. "എന്‍റെ തോൾ വേദനിക്കുന്നു. എന്‍റെ ഉള്ളംകൈകൾ എരിയുന്നു. എഴുതുമ്പോൾ അത് വേദനിക്കുന്നു”, മാൽവണിയുടെ ഇടുങ്ങിയ തെരുവിലൂടെ കൈവണ്ടിയും ഉന്തി നടക്കുമ്പോൾ മുസഫർ പറഞ്ഞു. "ഞങ്ങൾ ഊഴമനുസരിച്ചാണ് ചെയ്യുന്നത്. ഇന്ന് [നവംബർ 28] രാവിലെ മുബാറക്കിന് ക്ലാസ്സുണ്ട്. അതുകൊണ്ട് ഞാൻ ജോലിക്ക് വന്നു. എന്‍റെ ക്ലാസ്സ് ഉച്ചകഴിഞ്ഞ് 1:30-നാണ്.”

അവന്‍റെ സ്ക്കൂളിൽ നിന്നുള്ള പല വിദ്യാർത്ഥികളും സമാനമായ പ്രതിബന്ധങ്ങൾ നേരിടുന്നുണ്ട്. ഗുരുകുൽ ഇംഗ്ലീഷ് ഹൈസ്ക്കൂൾ ആൻഡ് ജൂനിയർ കോളേജിന്‍റെ സ്ഥാപകനും പ്രിൻസിപ്പാളുമായ ഫരീദ് ശേഖ് പറയുന്നു, "ഞങ്ങളുടെ വിദ്യാർത്ഥികളിൽ 50-നടുത്ത് പേർ ഹോട്ടലുകളിലും നിർമ്മാണ സ്ഥലങ്ങളിലും പണിയെടുക്കുകയും പച്ചക്കറികൾ വിൽക്കുകയും ചെയ്യുന്നു. ജോലി കാരണം ക്ഷീണമുണ്ടെന്നും ഉറക്കം വരുന്നെന്നും അവർ എപ്പോഴും പറയും. ക്ലാസ്സിന്‍റെ സമയത്ത് ശ്രദ്ധയോടെ ഇരിക്കാൻ അവർക്ക് പാടാണ്.”

"മാൽവണി, ധാരാവി, മാൻഖുർദ്, ഗോവണ്ഡി എന്നീ ചേരികളിൽ നിന്നുള്ള ധാരാളം കുട്ടികൾ ലോക്ക്ഡൗൺ സമയത്ത് പണിയെടുക്കാൻ തുടങ്ങി. ഇപ്പോഴും അവർ പണിയെടുക്കുന്നു”, ചേരികളിൽ വസിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുംബൈയില്‍ പ്രവർത്തിക്കുന്ന പ്രഥം എന്ന എൻ.ജി.ഓ.യുടെ പ്രോഗ്രാം തലവനായ നവനാഥ് കാംബ്ലെ പറഞ്ഞു. “ഓൺലൈൻ ക്ലാസ്സുകൾക്കു വേണ്ടിയുള്ള ഉപകരണങ്ങൾ പ്രാപ്യമല്ലാത്തതും രക്ഷിതാക്കൾക്ക് തൊഴിലില്ലാത്തതുമാണ് പ്രധാന കാരണങ്ങൾ.”

അവരിലൊരാളാണ് 17-കാരിയായ റോശ്നി ഖാൻ. അവളും അംബുജ്‌വാഡിയിൽ തന്നെയാണ്, ശേഖിന്‍റെ വീട്ടിൽ നിന്നും 10 മിനിറ്റ്കൊണ്ട് സഞ്ചരിക്കാവുന്ന ദൂരത്തിൽ, ജീവിക്കുന്നത്. ഗുരുകുൽ സ്ക്കൂളിൽത്തന്നെ പത്താം ക്ലാസ്സിൽ പഠിക്കുകയും ചെയ്യുന്നു. ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനുവേണ്ടി ഒരു പഴയ ഫോൺ വാങ്ങുന്നതിനായി ലോക്ക്ഡൗൺ സമയത്ത് എപ്പോഴോ ഒരു കേക്ക് കടയിൽ അവൾ ജോലി ചെയ്യാൻ തുടങ്ങി. അവളുടെ അച്ഛൻ സാബിർ ഒരു വെൽഡറും അമ്മ റുഖ്സാന ഒരു വീട്ടുജോലിക്കാരിയുമാണ്. ബീഹാറിലെ മാധേപുര ജില്ലയിലെ കലോടഹ ഗ്രാമത്തിൽ നിന്നും 1970-കളിൽ മുംബൈയിലേക്ക് വന്നവരാണ് സാബിറിന്‍റെയും റുക്സാനയുടെയും മാതാപിതാക്കൾ.

Along with online school, Roshni Khan continues to work at a cake shop to support her family, including her mother Ruksana and sister Sumaira (right)
PHOTO • Jyoti
Along with online school, Roshni Khan continues to work at a cake shop to support her family, including her mother Ruksana and sister Sumaira (right)
PHOTO • Jyoti

അമ്മ റുഖ്സാനയും സഹോദരി സുമൈറയും (വലത്) ഉൾപ്പെടെയുള്ള കുടുംബത്തിന് താങ്ങാവുന്നതിനായി റോശ്നി ഖാൻ , ഓൺലൈൻ സ്ക്കൂളിനൊപ്പം, ഒരു കേക്ക് കടയിൽ ജോലി ചെയ്യുകയും ചെയ്യുന്നു

“പപ്പയ്ക്ക് ഒരു സാധാരണ മൊബൈൽ ഉണ്ടായിരുന്നു”, റോശ്നി പറഞ്ഞു. "അവരുടെ ജോലി മാർച്ച് മുതൽ നിലച്ചു. അതുകൊണ്ട് ഒരു മൊബൈൽ [സ്മാർട്ട്ഫോൺ] വാങ്ങുക അസാദ്ധ്യമായിരുന്നു.” അവൾ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പടിഞ്ഞാറൻ മാലാഡിലെ കട അംബുജ്‌വാഡിയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്. മഫിനും (ഒരു തരം കേക്ക്) കേക്ക് അലങ്കാരങ്ങളും പാക്ക് ചെയ്യുകയും വിൽക്കുകയും ചെയ്യുന്നതാണ് അവളുടെ ജോലി. "എന്‍റെ സുഹൃത്താണ് മാർച്ചിൽ എന്നോട് ഈ ജോലിയെക്കുറിച്ച് പറഞ്ഞത്, അങ്ങനെ ഞാനവിടെ ചേർന്നു”, അടുത്തുള്ള ഷെയർ ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടയിൽ റോശ്നി പറഞ്ഞു. എല്ലാ ദിവസവും ഒരു വശത്തേക്കുള്ള യാത്രയ്ക്കായി 20 രൂപ അവൾ മുടക്കുന്നു.

തന്‍റെ പ്രതിമാസശമ്പളമായ 5,000 രൂപയിൽ നിന്നും 2,500 രൂപ മുടക്കി മെയ് പകുതിയോടെ റോശ്നി ഒരു പഴയ മൊബൈൽ ഫോൺ വാങ്ങി. കൂടാതെ, വീട്ടുകാര്യങ്ങൾ നോക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനായി ജോലി തുടരുകയും ചെയ്തു.

പക്ഷെ രാവിലെ 11 മണി മുതൽ വയ്കുന്നേരം 6 മണി വരെയുള്ള അവരുടെ ജോലി സമയം സ്ക്കൂൾ ടൈംടേബിളുമായി പ്രശ്നത്തിലാകുന്നു. "ആഴ്ചയിൽ 2-3 തവണ എനിക്ക് ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകൾ നഷ്ടപ്പെട്ടു”, അവൾ പറഞ്ഞു. "നഷ്ടപ്പെട്ട പാഠങ്ങൾ ഞാൻ തനിയെ വായിച്ച്, ഫോണിലൂടെ അദ്ധ്യാപകരോട് സംസാരിച്ച് സംശയങ്ങൾ തീർക്കുന്നു.”

ജോലി ചെയ്യുന്ന സ്ഥലത്ത് ഏഴ് മണിക്കൂറോളം നിൽക്കുന്നത് റോശ്നിയെ തളർത്തുന്നു. "എനിക്ക് അ വലിയ ക്ഷീണം തോന്നും. ഗൃഹപാഠം പൂർത്തിയാക്കാൻ എനിക്ക് കഴിയില്ല. പലപ്പോഴും അത്താഴം കഴിക്കാതെ ഞാൻ ഉറങ്ങും. ചിലപ്പോൾ എനിക്ക് തോന്നും, പണമുണ്ടാക്കാൻ തുടങ്ങിക്കഴിഞ്ഞു, പിന്നെ ഞാൻ എന്തിനു പഠിക്കണം?" അവൾ പറഞ്ഞു.

പഠനത്തിന്‍റെ കാര്യത്തിൽ വർദ്ധിച്ചുവരുന്ന താൽപര്യക്കുറവ് പൊതുവേ കാണുന്നതാണെന്ന് [മേല്‍പ്പറഞ്ഞ സംഘടനയായ] പ്രഥമില്‍ പ്രവര്‍ത്തിക്കുന്ന നവ്നാഥ് കാംബ്ലെ പറഞ്ഞു. “ചേരികളിൽ നിന്നും ജോലിചെയ്യുന്ന കുട്ടികൾ വിദ്യാഭ്യാസ കാര്യത്തിൽ വലിയ താല്പര്യമുള്ളവരല്ല. നല്ല വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നത് ബാലവേലയ്ക്ക് കാരണമാകുന്നു.”

റോശ്നിക്ക് 3 സഹോദരങ്ങളാണ് ഉള്ളത് – 7-ാം ക്ലാസ്സിൽ പഠിക്കുന്ന റിഹാന, 5-ാം ക്ലാസ്സിൽ പഠിക്കുന്ന സുമൈറ, 4-ാം ക്ലാസ്സിൽ പഠിക്കുന്ന റിസ്വാൻ. എല്ലാവരും എം.എച്.ബി. സ്ക്കൂളിലാണ് പഠിക്കുന്നത്. "ഓൺലൈൻ ക്ലാസ്സുകൾക്കായി അവർ സുഹൃത്തുക്കളുടെ സ്ഥലങ്ങളിലാണ് പോകുന്നത്, കാരണം ഞാൻ ജോലി ചെയ്യുന്നിടത്തേക്ക് മൊബൈൽ കൊണ്ടുപോകും”, അവൾ പറഞ്ഞു.

'I feel so tired, I cannot finish homework', says Roshni. 'Sometimes I feel I already [have a job and] earn, so why do I need to study?'
PHOTO • Jyoti
'I feel so tired, I cannot finish homework', says Roshni. 'Sometimes I feel I already [have a job and] earn, so why do I need to study?'
PHOTO • Jyoti

‘എനിക്ക് നല്ല ക്ഷീണം തോന്നും, എനിക്ക് ഗൃഹപാഠം പൂർത്തിയാക്കാൻ കഴിയില്ല’, റോശ്നി പറഞ്ഞു. ചിലപ്പോൾ എനിക്ക് തോന്നും, പണമുണ്ടാക്കാൻ തുടങ്ങിക്കഴിഞ്ഞു, പിന്നെ ഞാൻ എന്തിനു പഠിക്കണം?’

സെപ്തംബർ പകുതിയോടെ അവരുടെ മാതാപിതാക്കൾ വീണ്ടും ജോലി ചെയ്യാന്‍ തുടങ്ങി. പക്ഷെ ജോലി കുറവായിരുന്നു. "ഞാൻ നാല് വീടുകളിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ ഒരു വീട്ടിലാണ് ചെയ്യുന്നത്. മറ്റു തൊഴിലുടമകൾ എന്നെ വിളിച്ചിട്ടേയില്ല”, റുഖ്സാന പറഞ്ഞു. അതിനർത്ഥം കഷ്ടിച്ച് 1,000 രൂപയാണ് അവർക്ക് പ്രതിമാസം ലഭിക്കുന്നത് എന്നാണ്, മാർച്ചിന് മുമ്പ് നേടിയിരുന്ന 4,000-ത്തിനു പകരം.

"റോശ്നിയുടെ അച്ഛനും, നേരത്തെ മാൽവണിയിലെ ലേബർ നാകായിൽ ആയിരുന്നപ്പോൾ ലഭിച്ചിരുന്ന 25 ദിവസങ്ങൾക്ക് പകരം, ഇപ്പോൾ 15 ദിവസത്തേക്കാണ് പണി ലഭിക്കുന്നത് [പതിദിനം 400 രൂപ വീതം]”, റുഖ്സാന പറഞ്ഞു. അങ്ങനെ, ലോക്ക്ഡൗണിനു മുമ്പ് റോശ്നി ജോലി ചെയ്യാതിരുന്നപ്പോൾ ലഭിച്ചിരുന്ന 14,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, ഇപ്പോഴത്തെ അവരുടെ ആകെ മാസവരുമാനം, റോശ്നിയുടെ വരുമാനം കൂടി ചേർത്താൽപ്പോലും, 12,000 രൂപയിൽ താഴെയേ വരൂ.

"ഞങ്ങളുടെ വരുമാനം കുറഞ്ഞു, പക്ഷെ ചിലവുകൾ കുറഞ്ഞിട്ടില്ല", പലവ്യഞ്ജനങ്ങൾ, സ്ക്കൂൾ ഫീസ്, വൈദ്യുതി ബിൽ, പാചക വാതക സിലിണ്ടർ, ഭക്ഷ്യ ധാന്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് റുഖ്‌സാന പറഞ്ഞു (കുടുംബത്തിന് റേഷൻ കാർഡില്ല, അപേക്ഷിക്കാൻ അവർ ഒരിക്കലും ശ്രമിച്ചിട്ടുമില്ല).

ഇത് തന്‍റെ മകളുടെ മേലുണ്ടാക്കുന്ന സാമ്പത്തിക ഭാരത്തെക്കുറിച്ചോർത്ത് റുഖ്സാന ആശങ്കാകുലയാണ്. "റോശ്നി വളരെ ചെറുപ്പമാണ്. എനിക്കവളെക്കുറിച്ചാശയുണ്ട്”, അവർ പറഞ്ഞു. "ഇതവൾക്ക് വലിയ ഉത്തരവാദിത്തമാണ്.”

ഇതിനിടയില്‍, ഒരേസമയത്ത് ജോലി ചെയ്യാനും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാനും റോശ്നി പാടുപെടുന്നു - മുസഫറും മുബാറക്കും ചെയ്യുന്നതുപോലെ. നഗരത്തിലെ സ്ക്കൂളുകൾ ഡിസംബർ 31 വരെ (കുറഞ്ഞത്) അടഞ്ഞു കിടക്കുകയായിരിക്കുമെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ചു.

"രണ്ടും - പഠനവും ജോലിയും - ഒരേ സമയം ചെയ്യുന്നത് ഞങ്ങൾക്ക് പ്രശ്നമേയല്ല, എത്ര നാൾ വേണമെങ്കിലും. പക്ഷെ ഞാനൊരിക്കലും പഠനം നിർത്തില്ല”, മറ്റൊരു ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ മുസഫർ പറഞ്ഞു. "എന്തായാലും, മടുത്തിരിക്കുന്ന സമയത്ത് പഠിക്കാനും ഞങ്ങൾക്ക് പരിചയമായിരിക്കുന്നു. ഇനിമുതൽ ഞങ്ങളതിന്‍റെ കാര്യങ്ങള്‍ നോക്കി മുന്നോട്ടു പോകും.“

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jyoti is a Senior Reporter at the People’s Archive of Rural India; she has previously worked with news channels like ‘Mi Marathi’ and ‘Maharashtra1’.

Other stories by Jyoti
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.