പൊലാമരശെത്തി പദ്മജയുടെ കുടുംബം 2007 ൽ അവരുടെ കല്യാണത്തിനുള്ള സ്ത്രീധനമായി 250 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് നൽകിയത്. "എന്റെ ഭർത്താവ് അത് മുഴുവൻ ചെലവാക്കിയ ശേഷം എന്നെയും വേണ്ടെന്നു വച്ചു," ഉപജീവനത്തിനായി വാച്ചുകൾ നന്നാക്കുന്ന 31 വയസുള്ള പദ്മജ പറഞ്ഞു.
മദ്യപനായ അവരുടെ ഭർത്താവ് ഓരോരോ ആഭരണങ്ങളായി വിൽക്കുകയായിരുന്നു. "എനിക്ക് കുടുംബത്തിന്റെയും എന്റെ കുഞ്ഞുങ്ങളുടെയും ജീവിതച്ചിലവ് ഏറ്റെടുക്കേണ്ടതായി വന്നു," അവർ പറഞ്ഞു. 2018 ൽ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയശേഷം വാച്ചുകൾ നന്നാക്കുന്ന ജോലി അവർ ഏറ്റെടുക്കുകയായിരുന്നു. ഒരുപക്ഷെ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിൽ ഈ ജോലി ചെയ്യുന്ന ഒരേയൊയൊരു സ്ത്രീയും പദ്മജയായിരിക്കാം.
അന്നുമുതൽ അവർ ചെറിയൊരു വാച്ച് കടയിൽ 6,000 രൂപ മാസവരുമാനത്തിൽ ജോലിചെയ്തു വരുന്നു. എന്നാൽ മാർച്ച് മാസം കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ അവരുടെ വരുമാനത്തിൽ വലിയ ഇടിവ് വന്നു. ആ മാസം അവർക്ക് പകുതി ശമ്പളം മാത്രമേ ലഭിച്ചുള്ളൂ, തുടർന്ന് ഏപ്രിലിലും മെയിലും യാതൊന്നും ലഭിച്ചതുമില്ല.
"മെയ് വരെയുള്ള വീട്ടുവാടക എന്റെ സമ്പാദ്യത്തിൽ നിന്നും എങ്ങനൊക്കെയോ കൊടുക്കാനായി," പട്ടണത്തിലെ കഞ്ചരപാലത്ത് അമൻ (13), രാജേഷ് (10) എന്നീ രണ്ട് കുട്ടികളോടൊപ്പം കഴിയുന്ന പദ്മജ പറഞ്ഞു. "എന്റെ കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പഠിച്ചതിലും (പത്താം ക്ലാസ് വരെ) കൂടുതൽ അവർ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, അവർ പറഞ്ഞു.
പദ്മജയുടെ വരുമാനമാണ് മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തിന്റെ ഏക ആശ്രയം. ജോലിയില്ലാത്ത അവരുടെ ഭർത്താവ് യാതൊരുവിധ സാമ്പത്തിക സഹായവും കുടുംബത്തിനായി നൽകുന്നില്ല. "അയാൾ ഇപ്പോഴും വീട്ടിൽ വരും, കയ്യിൽ കാശില്ലാത്തപ്പോൾ മാത്രം", അവർ പറഞ്ഞു. വരുമ്പോൾ അയാളെ വീട്ടിൽ താമസിക്കുവാൻ അവർ അനുവദിക്കാറുമുണ്ട്.
"അപ്രതീക്ഷിതമായാണ് വാച്ച് നന്നാക്കാൻ പഠിക്കാനുള്ള തീരുമാനം എടുത്തത്. എന്റെ ഭർത്താവ് പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ വിഷമിച്ചു. പൊതുവെ സൗമ്യശീലയായിരുന്ന എനിക്ക് വളരെ കുറച്ച് കൂട്ടുകാരെ ഉണ്ടായിരുന്നുള്ളൂ. എന്റെ ഒരു സുഹൃത്ത് ഈ കാര്യം പറയുന്നതുവരെ എന്ത് ചെയ്യണെമെന്ന് എനിക്കറിയില്ലായിരുന്നു," അവർ ഓർത്തെടുത്തു. അവരുടെ സുഹൃത്തിന്റെ സഹോദരനായ എം.ഡി. മുസ്തഫയാണ് വാച്ച് നന്നാക്കാൻ പദ്മജയെ പഠിപ്പിച്ചത്. വിശാഖപട്ടണത്തെ തിരക്കേറിയ ജഗദംബ ജംഗ്ഷനിൽ അയാൾക്കൊരു വാച്ച് കടയുണ്ട്. അവിടെ തന്നെയാണ് പദ്മജ ജോലിചെയ്യുന്ന കടയുമുള്ളത്. ആറ് മാസത്തിനുള്ളിൽ അവർ വാച്ച് നന്നാക്കുന്ന ജോലി പഠിച്ചെടുത്തു.










