ചിത്തംപള്ളി പരമേശ്വരിക്ക് പലപ്പോഴും എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നും. "പക്ഷെ എനിക്ക് എന്റെ മക്കളെ ഉപേക്ഷിക്കാനാകില്ല. അവർക്ക് ഞാൻ മാത്രമേയുള്ളൂ," 30 വയസ്സുകാരിയായ ആ അമ്മ പറയുന്നു.

പരമേശ്വരിയുടെ ഭർത്താവ്, ചിത്തംപള്ളി കമൽ ചന്ദ്ര 2010 നവംബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുപതുകളിൽ മാത്രം പ്രായമുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം. "നല്ലവണ്ണം എഴുതാൻ അറിയാത്തത് കൊണ്ടാവണം അദ്ദേഹം ആത്മഹത്യാക്കുറിപ്പ് ഒന്നും എഴുതിവച്ചിരുന്നില്ല," ഒരു പുഞ്ചിരിയോടെ അവർ പറയുന്നു.

അങ്ങനെയാണ് പരമേശ്വരി അവരുടെ മക്കളായ ശേഷാദ്രിക്കും അന്നപൂർണ്ണക്കും ആകെയുള്ള രക്ഷിതാവായി മാറിയത്. സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഇരുവരും ഇപ്പോൾ 30 കിലോമീറ്റർ അകലെയുള്ള ഒരു ഹോസ്റ്റലിലാണ് താമസിക്കുന്നത്. "കുട്ടികളെ പിരിഞ്ഞിരിക്കുന്നതിൽ എനിക്ക് ഒരുപാട് വിഷമമുണ്ട്," എന്ന് പറയുമ്പോഴും ആ അമ്മ സ്വയം ആശ്വസിപ്പിക്കുന്നു, "അവർക്ക് സമയത്തിന് ഭക്ഷണം കിട്ടുന്നുണ്ടെന്ന സമാധാനമുണ്ടല്ലോ."

മാസത്തിലൊരിക്കൽ കുട്ടികളെ കാണാൻ പോകുന്ന ദിവസമെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവർ. "എന്റെ കയ്യിൽ പണം ഉണ്ടെങ്കിൽ ഞാൻ (കുട്ടികൾക്ക്) 500 (രൂപ) കൊടുക്കും; പണം കുറവാണെങ്കിൽ 200 രൂപയും," അവർ പറയുന്നു.

തെലങ്കാനയിൽ പട്ടിക ജാതിയായി കണക്കാക്കപ്പെടുന്ന മഡിഗ സമുദായക്കാരാണ് ഈ കുടുംബം. ചിൽതംപള്ളി ഗ്രാമത്തിലെ ഒരു ഒറ്റമുറി വീട്ടിലാണ് പരമേശ്വരി താമസിക്കുന്നത്. മേൽക്കൂര ഇടിഞ്ഞു വീഴാറായ ആ വീടിന്റെ സമീപത്തായി ഒരു തുറന്ന ഷെഡും ഉണ്ട്. തെലങ്കാനയിലെ വികാറാബാദ് ജില്ലയിലുള്ള ഈ വീട് പരമേശ്വരിയുടെ ഭർത്താവ്, പരേതനായ കമൽ ചന്ദ്രയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്. വിവാഹശേഷം പരമേശ്വരി ഇവിടേയ്ക്ക് താമസം മാറുകയായിരുന്നു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത്: 2010-ൽ ആത്മഹത്യ ചെയ്ത, പരമേശ്വരിയുടെ ഭർത്താവ് ചിത്തംപള്ളി കമൽ ചന്ദ്രയുടെ ചിത്രം. വലത്: തെലങ്കാനയിലെ വികാറാബാദ് ജില്ലയിലുള്ള ചിൽതംപള്ളി ഗ്രാമത്തിൽ തനിച്ച് താമസിക്കുകയാണ് പരമേശ്വരി

ഭർത്താവിന്റെ ആത്മഹത്യക്ക് ശേഷം, ആസര പെൻഷൻ പദ്ധതിയ്ക്ക് കീഴിൽ ലഭിക്കുന്ന വിധവാ പെൻഷനാണ് പരമേശ്വരിയുടെ പ്രധാന വരുമാനമാർഗ്ഗം. "2019 വരെ എനിക്ക് 1000 (രൂപ) ആണ് കിട്ടിക്കൊണ്ടിരുന്നത്, എന്നാൽ ഇപ്പോൾ എല്ലാ മാസവും 2,016 (രൂപ) കിട്ടുന്നുണ്ട്."

പെൻഷന് പുറമെ, ചിൽതംപള്ളി ഗ്രാമത്തിൽ തന്നെ കമൽ ചന്ദ്രയുടെ മാതാപിതാക്കൾക്ക് സ്വന്തമായുള്ള ചോളപ്പാടങ്ങളിൽ ജോലി ചെയ്ത് പരമേശ്വരി മാസം 2500 രൂപ സമ്പാദിക്കുന്നുണ്ട്. 150-200 രൂപ ദിവസക്കൂലിയ്ക്ക് മറ്റുള്ള പാടങ്ങളിലും അവർ ജോലിയ്ക്ക് പോകുമെങ്കിലും വല്ലപ്പോഴുമേ അത്തരം ജോലി അവർക്ക് ലഭിക്കാറുള്ളൂ.

പരമേശ്വരിയുടെ വരുമാനത്തിൽ നിന്നാണ് കുടുംബത്തിന്റെ മാസച്ചിലവുകൾ നടന്നു പോകുന്നത്. "ചില മാസങ്ങളിൽ പണം തീരെ തികയാതെ വരും,"സാരിത്തുമ്പിൽ തിരുപ്പിടിച്ച് അവർ പറയുന്നു.

ഭർത്താവ് മരണപ്പെട്ട് 13 വർഷം കഴിഞ്ഞിട്ടും അദ്ദേഹം ബാക്കിവച്ച കടങ്ങൾ വീട്ടാൻ പരമേശ്വരി പാടുപെടുന്നത് കൊണ്ടാണ് അവർക്ക് ലഭിക്കുന്ന വരുമാനം മതിയാകാതെ പോകുന്നത്. സ്വകാര്യ പണമിടപാടുകാർക്ക് (അപ്പുല്ലോരുമാർ) കൊടുക്കേണ്ട മാസത്തവണകൾ, കുടുംബത്തിൽ വരുമാനമുള്ള ഒരേയൊരാളായ പരമേശ്വരിക്ക് മേൽ നിരന്തരമായ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. "എനിക്ക് എത്ര കടമുണ്ടെന്ന് പോലും എനിക്ക് അറിയില്ല," അവർ ആശങ്കയോടെ പറയുന്നു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത് : പരമേശ്വരി അടുക്കളയിൽ പാചകം ചെയ്യുന്നു. വലത്: പരമേശ്വരി ചിൽതംപള്ളിയിലെ തന്റെ വീടിന് പുറത്ത്

പരമേശ്വരിയുടെ ഭർത്താവ്, പരേതനായ കമൽ ചന്ദ്ര ഏതാനും ഏക്കർ ഭൂമി പാട്ടത്തിന് എടുത്തിരുന്നു. അതിലേയ്ക്ക് ആവശ്യമായ ചിലവുകൾക്കായി വായ്പകൾ എടുത്തുകൊണ്ടേയിരുന്ന അദ്ദേഹത്തിന് മരണസമയത്ത് വികാറാബാദിലെ അഞ്ച് വ്യത്യസ്ത അപ്പുല്ലോരുമാരിൽ നിന്നുമായി 6 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. "എനിക്ക് മൂന്ന് ലക്ഷത്തിന്റെ (രൂപ) കാര്യം മാത്രമേ അറിയുമായിരുന്നുള്ളൂ. ഇത്രയും വലിയ തുക കടമുണ്ടെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല," അദ്ദേഹത്തിന്റെ വിധവ പറയുന്നു.

കമൽ ചന്ദ്രയുടെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം പണമിപാടുകാർ പരമേശ്വരിയെ ബന്ധപ്പെട്ടപ്പോഴാണ്, രണ്ട് പലിശക്കാരിൽ നിന്ന് 1.5 ലക്ഷം രൂപ വീതവും മൂന്ന് പേരിൽ നിന്നും 1 ലക്ഷം രൂപ വീതവും അദ്ദേഹം കടം വാങ്ങിയിരുന്നതായി അവർ മനസ്സിലാക്കിയത്. 36 ശതമാനം വാർഷിക പലിശ നിരക്കിലായിരുന്നു ഈ വായ്പകൾ എല്ലാം എടുത്തിരുന്നത്. ഇടപാടുകൾക്കൊന്നും രേഖകൾ ഇല്ലാതിരുന്നതിനാൽ, ഭർത്താവിന് കൃത്യമായി എത്ര കടമുണ്ടെന്ന് പരമേശ്വരിക്ക് കണക്ക് കൂട്ടാനുമായില്ല.

"കടം വീടിക്കഴിയുമ്പോൾ അവർ എന്നെ അറിയിക്കുമെന്ന് വിശ്വസിക്കുക മാത്രമേ എനിക്ക് ചെയ്യാനാകൂ," അവർ പറയുന്നു. കഴിഞ്ഞ മാസം, അപ്പുല്ലോരുമാരിൽ ഒരാളോട് താൻ ഇനി എത്ര രൂപ കൂടി അടയ്ക്കാനുണ്ടെന്ന് ചോദിക്കാൻ അവർ ശ്രമിച്ചെങ്കിലും അയാൾ കൃത്യമായ മറുപടി നൽകാഞ്ഞതിനാൽ അവർക്ക് ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല.

അപ്പുല്ലോരുമാരിൽ ഓരോരുത്തർക്കും മാസം 2000 രൂപ വീതം കൊടുക്കേണ്ടതുണ്ട്. ഒരു മാസത്തിൽ തന്നെ അഞ്ച് വ്യത്യസ്ത സമയങ്ങളിൽ ഓരോരുത്തർക്കായി പണം കൊടുത്താണ് പരമേശ്വരി പിടിച്ചു നിൽക്കുന്നത്. "ഒരു മാസം അഞ്ച് പേർക്കും മുഴുവൻ തുക കൊടുക്കാനുള്ള പണം എന്റെ പക്കലുണ്ടാകില്ല," അവർ പറയുന്നു. അതുകൊണ്ട് തന്നെ, ചില പലിശക്കാർക്ക് മാസം 500 രൂപ കൊടുക്കാനേ അവർക്ക് സാധിക്കാറുള്ളൂ.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

ഇടത് : പഴയ ഒരു കുടുംബചിത്രം . വലത്: ഭർത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള പാടങ്ങളിൽ പണിയെടുത്തും ദിവസക്കൂലിക്ക് ജോലിക്ക് പോയിട്ടുമെല്ലാമാണ് പരമേശ്വരി വായ്പാത്തുക തിരിച്ചടയ്ക്കുന്നത്

"അങ്ങനെ ചെയ്തതിന് (ആത്മഹത്യ) ഞാൻ എന്റെ ഭർത്താവിനെ കുറ്റപ്പെടുത്തുന്നില്ല. എനിക്ക് മനസ്സിലാകും," എന്ന് പറഞ്ഞ് പരമേശ്വരി കൂട്ടിച്ചേർക്കുന്നു," ചിലപ്പോഴെല്ലാം എനിക്ക് പോലും അങ്ങനെ ചെയ്യാൻ തോന്നാറുണ്ട്. ഞാൻ ഒറ്റയ്ക്കാണ് പൊരുതുന്നത്."

ചില സമയത്ത് മാനസിക സമ്മർദ്ദം താങ്ങാവുന്നതിലേറെയാകുമെങ്കിലും മക്കളെക്കുറിച്ച് ഓർക്കുമ്പോൾ പരമേശ്വരിയുടെ മനസ്സ് മാറും. "(ഞാൻ തോൽവി സമ്മതിച്ചാൽ) അപ്പുല്ലോരുമാർ എന്റെ മക്കളോട് വായ്പ അടച്ചു തീർക്കാൻ പറയും," അവർ വേദനയോടെ പറയുന്നു. "അവർ എന്തിന് പണമടയ്ക്കണം? അവർ പഠിച്ച്, വലിയ നഗരങ്ങളിൽ പോയി മാന്യമായ നിലയിൽ ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം."

*****

പുലർച്ചെ 5 മണിക്ക് പരമേശ്വരിയുടെ ദിവസം ആരംഭിക്കും. "വീട്ടിൽ അരി ഉണ്ടെങ്കിൽ, ഞാൻ ചോറ് വയ്ക്കാൻ തുടങ്ങും. ഇല്ലെങ്കിൽ കഞ്ഞി വയ്ക്കും," അവർ പറയുന്നു. ജോലിയ്ക്ക് പോകേണ്ട ദിവസങ്ങളിൽ അവർ ഉച്ച ഭക്ഷണം പൊതിഞ്ഞെടുത്ത് 8 മണി ആകുമ്പോഴേക്ക് വീട്ടിൽ നിന്നിറങ്ങും.

മറ്റു ദിവസങ്ങളിൽ വീട്ടുജോലികൾ ചെയ്യുകയും ഇടയ്ക്ക് ഒഴിവു സമയത്ത് വീട്ടിലെ ചെറിയ ടെലിവിഷൻ സെറ്റിൽ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് തെലുഗു സിനിമകളും പരമ്പരകളും കാണുകയുമാണ് അവരുടെ പതിവ്. "എനിക്ക് സിനിമകൾ കാണാൻ ഇഷ്ടമാണ്. പക്ഷെ ചിലപ്പോൾ അത് (കേബിൾ കണക്ഷൻ) നിർത്തിയാലോ എന്ന് ഞാൻ ആലോചിക്കും." എന്നാൽ മനസ്സ് വിഷമിച്ചിരിക്കുന്ന സമയത്ത് ഒരു ആശ്വാസം ലഭിക്കാൻ, കേബിൾ കണക്ഷന് ചിലവാകുന്ന ആ 250 രൂപ സഹായിക്കുന്നുവെന്ന് അവർ പറയുന്നു.

PHOTO • Amrutha Kosuru
PHOTO • Amrutha Kosuru

വീട്ടിലെ ടി.വിയിൽ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് തെലുഗു സിനിമകളും പരമ്പരകളും കാണാൻ പരമേശ്വരിക്ക് ഇഷ്ടമാണ്. ആരോടെങ്കിലും തന്റെ പ്രശ്നങ്ങൾ പങ്കുവയ്ക്കുന്നത് ആശ്വാസമാണെന്ന് അവർ പറയുന്നു

2022 ഒക്ടോബറിൽ, കിസാൻമിത്ര എന്ന ഗ്രാമീണ അപായ ഹെല്പ് ലൈനിൽ ബന്ധപ്പെടാൻ പരമേശ്വരിയുടെ ബന്ധുക്കളിൽ ഒരാൾ അവരോട് നിർദ്ദേശിച്ചു. "ഫോൺ എടുത്ത സ്ത്രീയോട് സംസാരിച്ചപ്പോൾ എനിക്ക് അല്പം ആശ്വാസം തോന്നി. കാര്യങ്ങൾ എല്ലാം മെച്ചപ്പെടുമെന്ന് അവർ പറഞ്ഞു," പരമേശ്വരി ഓർത്തെടുക്കുന്നു. തെലങ്കാനയിലും ആന്ധ്രാ പ്രദേശിലും പ്രവർത്തിക്കുന്ന റൂറൽ ഡെവലപ്മെന്റ് സർവീസ് സൊസൈറ്റി എന്ന സർക്കാരിതര സംഘടനയാണ് ഹെല്പ് ലൈൻ നടത്തുന്നത്. പരമേശ്വരിയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെ കിസാൻ മിത്രയുടെ ഫീൽഡ് കോർഡിനേറ്ററായ ജെ. നർസിമുലു അവരെ വീട്ടിൽ ചെന്ന് കണ്ടു. "അദ്ദേഹം  (നർസിമുലു) എന്നോട് ഭർത്താവിനെയും മക്കളെയും പറ്റിയും സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം ചോദിച്ചു. ഞാൻ പറയുന്നത് കേൾക്കാൻ ഒരാൾ ഉണ്ടായതിൽ സന്തോഷം തോന്നി, " അവർ പറയുന്നു.

വരുമാനം മെച്ചപ്പെടുത്തുന്നതിനായി ഒരു പശുവിനെ വാങ്ങാൻ തയ്യാറെടുക്കുകയാണ് പരമേശ്വരി. "അവൾ (പശു) ഉണ്ടെങ്കിൽ എന്റെ ഒറ്റപ്പെടലിന് ആശ്വാസമാകും." പശുവിനെ വാങ്ങാനുള്ള തുകയുടെ ആദ്യ ഗഡുവായി 10,000 രൂപ അവർ അടച്ചിട്ടുണ്ട്. "ഇതുവരെ പശുവിനെ വീട്ടിലെത്തിച്ചിട്ടില്ല, അതും പ്രതീക്ഷിച്ചിരിക്കുകയാണ് ഞാൻ," അവർ കൂട്ടിച്ചേർക്കുന്നു.

നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019-ൽ (24/7 ടോൾ ഫ്രീ) വിളിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്‌ലൈനുകളിൽ എതിലെങ്കിലും വിളിക്കുക. മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക.

രംഗ് ദേയുടെ ഗ്രാന്റിന്റെ സഹായത്തോടെയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത് .

പരിഭാഷ: പ്രതിഭ ആർ. കെ .

Amrutha Kosuru

Amrutha Kosuru is a 2022 PARI Fellow. She is a graduate of the Asian College of Journalism and lives in Visakhapatnam.

Other stories by Amrutha Kosuru
Editor : Sanviti Iyer

Sanviti Iyer is Assistant Editor at the People's Archive of Rural India. She also works with students to help them document and report issues on rural India.

Other stories by Sanviti Iyer
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.