അവര്‍ സംസാരിക്കാന്‍ തുടങ്ങി, പക്ഷെ ഇടയ്ക്ക് നിര്‍ത്തി. ദീര്‍ഘനിശ്വാസം എടുത്തതിനുശേഷം വീണ്ടും ശ്രമിച്ചു. പക്ഷെ അവരുടെ ശബ്ദം വിറച്ചിരുന്നു. അവര്‍ താഴേക്ക് നോക്കി. അവരുടെ താടി വിറച്ചു. ഒരു വര്‍ഷത്തോളമായി അനിത സിംഗ് പ്രശ്നങ്ങളൊക്കെ മറച്ചു വച്ച് ധൈര്യം കാട്ടുകയായിരുന്നു. പക്ഷെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മ അവരെ വികാരാധീനയാക്കി. “ഞങ്ങളുടേത് സന്തോഷമുള്ള ഒരു ചെറുകുടുംബം ആയിരുന്നു”, 33-കാരിയായ അനിത പറഞ്ഞു. “ഭര്‍ത്താവായിരുന്നു ഞങ്ങളുടെ അടിത്തറ.”

അനിതയുടെ ഭര്‍ത്താവ് 42-കാരനായിരുന്ന ജയ്‌കരണ്‍ സിംഗ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹ്ര്‍ നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ലഖാവടി ഗ്രാമത്തിലെ ഒരു പ്രാഥമിക സ്ക്കൂളില്‍ അദ്ധ്യാപകനായിരുന്നു. 2021 ഏപ്രില്‍ മാസത്തിലെ ആദ്യ ആഴ്ചയില്‍ അദ്ദേഹം കോവിഡ്-19-ന്‍റെ  ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. “അദ്ദേഹത്തിന് പനിയും ചുമയും ജലദോഷവുമുണ്ടായിരുന്നു”, നഗരത്തിലെ തന്‍റെ  വീട്ടില്‍വച്ച് അവര്‍ ഞങ്ങളോട് പറഞ്ഞു. “രണ്ടാം തരംഗം തീവ്രമാകാൻ തുടങ്ങിയ സമയത്തുപോലും സ്ക്കൂളിലേക്ക് മടങ്ങാന്‍ ആദ്ധ്യാപകരോട് ആവശ്യപ്പെട്ടു. അത്തരം ഏതെങ്കിലും ഒരു ദിവസമായിരിക്കാം അദ്ദേഹത്തിന് അണുബാധ ഉണ്ടായത്.”

2021 ഏപ്രില്‍ 20-ന് നടന്ന പരിശോധനയില്‍ ജയ്‌കരണിന് കൊറോണ വൈറസ് പോസിറ്റീവാണെന്നു വ്യക്തമായി. അദ്ദേഹം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന സമയത്ത് നഗരത്തിലെ ഒരു ആശുപത്രിയിലും ഓക്സിജന്‍ കിടക്ക ലഭ്യമല്ലായിരുന്നു. “ഒരുപാട് ആശുപത്രികളില്‍ ഞാന്‍ അപേക്ഷിച്ചു. പക്ഷെ അവര്‍ ഇല്ല എന്ന് പറഞ്ഞു”, അനിത ഓര്‍മ്മിച്ചു. “ഞങ്ങള്‍ ഒരുപാട് തവണ ഫോണ്‍ ചെയ്തു. അദ്ദേഹത്തിന്‍റെ  ആരോഗ്യം അതിവേഗം വഷളാവുകയായിരുന്നു. പക്ഷെ  ഒന്നും സഹായിച്ചില്ല. ഞങ്ങള്‍ക്ക് അദ്ദേഹത്തെ വീട്ടില്‍ ചികിത്സിക്കേണ്ടി വന്നു.”

ഒരു പ്രാദേശിക ഡോക്ടര്‍ ജയ്‌കരണിനെ പനിക്കും ചുമയ്ക്കും ചികിത്സിച്ചു. അനിതയുടെ ബന്ധുക്കള്‍ എങ്ങനെയോ ഒരു ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ചു. “അതെങ്ങനെ ഉപയോഗിക്കണമെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. സ്വന്തം നിലയില്‍ ഞങ്ങള്‍ക്ക് അത് കണ്ടുപിടിക്കേണ്ടി വന്നു”, അവര്‍ പറഞ്ഞു. “പക്ഷെ ഞങ്ങള്‍ ഒരു ആശുപത്രി കിടക്കയ്ക്കായി നോക്കിക്കൊണ്ടേയിരുന്നു.”

മഹാമാരി ഇന്ത്യയിലെ, പ്രത്യേകിച്ച് ഗ്രാമങ്ങളിലെയും ചെറു പട്ടണങ്ങളിലെയും, പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ തകർന്നുകൊണ്ടിരിക്കുന്നതിന്‍റെ വ്യാപ്തി എത്രയെന്ന് വെളിപ്പെടുത്തി. ആരോഗ്യരംഗത്തെ രാജ്യത്തിന്‍റെ  പൊതുചെലവ് ജി.ഡി.പിയുടെ 1.02 ശതമാനം മാത്രമായിരുന്നു (2015-16-ൽ) എന്നത് കണക്കിലെടുക്കുമ്പോൾ ആളുകൾക്ക് ആശ്രയിക്കാൻ അധികമൊന്നുമില്ല എന്നത് വ്യക്തമാകും. 2017-ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ ( National Health Profile 2017 ) അനുസരിച്ച് രാജ്യത്തെ 10,189 ആളുകൾക്ക് ഒരു അലോപ്പതി ഡോക്ടറും 90,343 ആളുകൾക്ക് ഒരു പൊതു ആശുപത്രിയുമാണ് ഉള്ളത്.

PHOTO • Parth M.N.

അനിത സിംഗ് ബുലന്ദ്ശഹ്ർ നഗരത്തിലെ വീട്ടിൽ. 2021-ൽ ഭർത്താവ് മരിച്ചതു മുതൽ അനിത സിംഗ് പ്രശ്നങ്ങളൊക്കെ മറച്ചുവച്ച് ധൈര്യം കാട്ടുകയായിരുന്നു

കഴിഞ്ഞ വർഷം ജൂലൈയിൽ ഓക്സ്ഫാം ഇൻഡ്യ പ്രസിദ്ധീകരിച്ച ഇൻഇക്വാളിറ്റി റിപ്പോർട്ട് 2021: ഇൻഡ്യാസ് അൺ ഈക്വൽ ഹെൽത്ത്കെയർ സ്റ്റോറി ( Inequality Report 2021: India’s Unequal Healthcare Story ) ചൂണ്ടിക്കാണിക്കുന്നത് 2020-ൽ രാജ്യത്ത് ഓരോ 10,000 പേർക്കും 5 ആശുപത്രിയും 8.6 ഡോക്ടർമാരും ഉണ്ടായിരുന്നുവെന്നാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 70 ശതമാനവും വസിക്കുന്ന ഗ്രാമീണ ഇന്ത്യയ്ക്ക് ആകെ ആശുപത്രി കിടക്കകളുടെ 40 ശതമാനമേ ഉണ്ടായിരുന്നുള്ളൂ.

കിടക്കയ്ക്കുവേണ്ടിയുള്ള അനിതയുടെ അന്വേഷണം  ജയ്‌കരണിന്‍റെ  മരണത്തിലാണ് അവസാനിച്ചത്. ശ്വസിക്കാൻ ബുദ്ധിമുട്ടിക്കൊണ്ട് 2021 ഏപ്രിൽ 26-ന് അദ്ദേഹം മരിച്ചു. രണ്ടു ദിവസത്തിന് ശേഷം അദ്ദേഹത്തിന് തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് പോകണമായിരുന്നു. മഹാമാരി അതിന്‍റെ  ഉന്നതിയിലായിരുന്നെങ്കിലും സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയായിരുന്നു.

യു.പിയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് (2021 ഏപ്രിൽ 15-29) നിർബന്ധിത ഡ്യൂട്ടിക്ക് പോയ മറ്റുള്ളവർ കനത്ത വില നൽകി. കോവിഡ്-19 അല്ലെങ്കിൽ ‘കോവിഡ് സമാന’ ലക്ഷണങ്ങൾ കാരണം മെയ് പകുതിയോടെ കുറഞ്ഞത് 1,621 സ്ക്കൂള്‍ അദ്ധ്യാപകര്‍ മരിച്ചിരുന്നു .

അവരിലോരോരുത്തരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പക്ഷെ അനിതയ്ക്ക് ഒന്നും ലഭിച്ചില്ല, കാരണം ഡ്യൂട്ടിക്കു പോകേണ്ടതിന് രണ്ടു ദിവസം മുമ്പായിരുന്നു ജയ്‌കരൺ മരിച്ചത്. "ഇത് അനീതിയാണ്” എന്നു പറഞ്ഞുകൊണ്ട് അവർ പൊട്ടിക്കരഞ്ഞു. "അദ്ദേഹം സത്യസന്ധനായ ഒരു സർക്കാർ സേവകനായിരുന്നു. ഇതാണ് ഞങ്ങൾക്ക് തിരിച്ചു കിട്ടുന്നത്. ഞാനെങ്ങനെ മക്കളെ നോക്കും? എനിക്കവരോട് നീതി പുലർത്തണം. പക്ഷെ പണമില്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.”

ജയ്‌കരണിന്‍റെ  പ്രതിമാസ ശമ്പളം 70,000 രൂപ ആയിരുന്നു. അദ്ദേഹം മാത്രമായിരുന്നു കുടുംബത്തിന്‍റെ ഒരേയൊരു വരുമാന മാർഗ്ഗം. അദ്ദേഹത്തിന്‍റെ  മരണശേഷം ആശ്രിത നിയമനത്തിന്‍റെ അടിസ്ഥാനത്തിൽ അനിതയ്ക്ക് ബുലന്ദ്ശഹ്റിലെ ഒരു പ്രാഥമിക സ്ക്കൂളിൽ അദ്ധ്യാപിയായി ജോലി ലഭിച്ചു. "എന്‍റെ  ശമ്പളം 20,000 രൂപയാണ്”, അവർ പറഞ്ഞു. അവരുടെ, യഥാക്രമം 7-ഉം 10-ഉം വയസ്സുകൾ വീതമുള്ള, മകൾ അഞ്ജലിയും മകൻ ഭാസ്ക്കറും ജയ്‌കരണിന്‍റെ  മരണത്തിന് ശേഷം സ്ക്കൂളിൽ പോകുന്നില്ല. "വീട് നടത്തിക്കൊണ്ടുപോകാൻ ഞാൻ ബുദ്ധിമുട്ടുന്നു”, അനിത പറഞ്ഞു.

PHOTO • Parth M.N.

അനിതയ്ക്ക് ജോലി ലഭിച്ചു. പക്ഷെ ഭർത്താവിന് ലഭിച്ചിരുന്ന ശമ്പളത്തിന്‍റെ  ഒരംശമേ ലഭിക്കുന്നുള്ളൂ. ' വീട് നടത്തിക്കൊണ്ടുപോകാൻ ഞാൻ ബുദ്ധിമുട്ടുന്നു,' അവർ പറയുന്നു

2022 ജനുവരിയിൽ പുറത്തുവന്ന ഇൻ ഇക്വാളിറ്റി കിൽസ് ( Inequality Kills ) എന്ന ഓക്സ്ഫാം അന്താരാഷ്ട്ര റിപ്പോർട്ട് പ്രകാരം മഹാമാരിയുടെ തുടക്കത്തിൽ ഇന്ത്യയിലെ 84 ശതമാനം വീടുകളിലും വരുമാനം കുറഞ്ഞു. യു.എസിൽ നിന്നുള്ള പ്യൂ റിസർച്ച് സെന്‍റർ (Pew Research Center) 2021 ജനുവരിയിൽ പുറത്തുവിട്ട ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 2020-ൽഏകദേശം 75 ദശലക്ഷമായി ഉയർന്നുവെന്ന് കണക്കാക്കപ്പെട്ടപ്പോൾ മദ്ധ്യവർഗ്ഗം ഏകദേശം 32 ദശലക്ഷമായി ചുരുങ്ങി എന്നാണ്.

2020 മാർച്ചിൽ കോവിഡിനെ തുടർന്ന് പെട്ടെന്ന് ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മൂലമുണ്ടായ തൊഴിൽ നഷ്ടവും ദുർബലമായ ആരോഗ്യ അടിസ്ഥാന സൗകര്യവും ചേർന്ന് രാജ്യത്തുടനീളം ഗാർഹിക ക്രയശേഷി കുത്തനെ താഴുന്നതിനു കാരണമായി. കോവിഡ്-19 കേസുകൾ മൂലം പൊതു ആരോഗ്യ സംവിധാനങ്ങൾ നിറഞ്ഞു കവിഞ്ഞപ്പോൾ ഒരുപാട് കുടുംബങ്ങൾക്ക് സ്വകാര്യ ആരോഗ്യസുരക്ഷാ രംഗത്തേക്ക്, അവിടുത്തെ ചിലവ് താങ്ങാൻ പറ്റുന്നതല്ലെങ്കിൽ പോലും, തിരിയേണ്ടി വന്നു.

രേഖാ ദേവിയുടെ കുടുംബം അവയിലൊന്നായിരുന്നു. 2021 ഏപ്രിലിൽ അവരുടെ നാത്തൂൻ 24-കാരിയായ സരിതയെ ബനാറസ് ഹിന്ദു സർവകലാശാലയുടെ വാരാണസിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. പക്ഷെ വേണ്ട ചികിത്സ അവിടെ ലഭിക്കാതെ വന്നപ്പോൾ രേഖ അവരെ അവിടെ നിന്നും ഡിസ്ചാർജ് ചെയ്തു. "ഞങ്ങൾക്കു ചുറ്റും ആളുകൾ മരിക്കുകയായിരുന്നു”, ചന്ദൗലി ജില്ലയിലെ തേന്ദുവ ഗ്രാമത്തിലെ തന്‍റെ  കുടിലിൽ ഇരുന്നുകൊണ്ട് 36-കാരിയായ രേഖ പറഞ്ഞു. "സരിതയ്ക്ക് കോവിഡ് ഇല്ലായിരുന്നു. പക്ഷെ അവളുടെ വയറുവേദന കുറയുന്നുണ്ടായിരുന്നില്ല. ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടുതലായിരുന്നതിനാൽ ഒരു ഡോക്ടറും അവളുടെ കാര്യം ശ്രദ്ധിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒരൂഹവുമില്ലാതെ അവൾ കിടക്കയിൽ വെറുതെ കിടക്കുകയായിരുന്നു.

ബി.എച്.യു. ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിന് മുൻപ് ഒരാഴ്ചയോളം സരിത അസുഖ ബാധിതയായിരുന്നു. ഭർത്താവ് 26-കാരനായ ഗൗതം അവരെ ആദ്യം സോൻഭദ്ര പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. പ്രസ്തുത പട്ടണത്തിലാണ് അവർ ജീവിക്കുന്നത്. ചന്ദൗലി നൗഗഢ് ബ്ലോക്കിലെ തേന്ദുവയിൽ നിന്നും ഏകദേശം 30 കിലോമീറ്ററുകൾ അകലെയാണ് ഈ ആശുപത്രി. "ഒരു ദിവസം ആശുപത്രിയിൽ അവളെ അഡ്മിറ്റ് ചെയ്ത്, 12,000 രൂപയും ഈടാക്കിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി മറ്റെവിടേക്കെങ്കിലും മാറ്റിക്കൊള്ളാൻ അവർ പറഞ്ഞു”, രേഖ പറഞ്ഞു. “ ഗൗതം അങ്ങനെ ചെയ്യാൻ വിസമ്മതിച്ചു. ഏത് സമയവും അവൾ മരിക്കാമെന്നും ആശുപത്രി പറഞ്ഞു. അങ്ങനെ പേടിച്ച് അവൻ അവളെ എന്‍റെയരികിൽ കൊണ്ടു വന്നു. പെട്ടെന്ന് ഞങ്ങൾ ബി.എച്.യുവിലേക്ക് പോയി.”

PHOTO • Parth M.N.

നാത്തൂന്‍റെ അസുഖത്തിന് ചികിത്സിക്കാനായി ഇത്രയും ചിലവ് വേണ്ടി വരുമെന്ന് രേഖ ദേവി പ്രതീക്ഷിച്ചില്ല. ' അവളുടെ മെഡിക്കൽ ചിലവ് ഒരു ലക്ഷത്തോളമായി'

വാരാണസി ആശുപത്രി തേന്ദുവയിൽ നിന്നും ഏകദേശം 90 കിലോമീറ്റർ അകലെയാണ്. അങ്ങോട്ടുള്ള യാത്രയ്ക്കായി ഗൗതമും രേഖയും 6,500 രൂപ മുടക്കി വണ്ടി വിളിച്ചു. ബി.എച്.യു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനു ശേഷം ഗൗതമും രേഖയും സരിതയെ വാരാണസിക്കും നൗഗാഢ് ബ്ലോക്കിനും ഇടയ്ക്കുള്ള ചകിയ പട്ടണത്തിലേക്ക് കൊണ്ടു പോയി. ആ യാത്രയ്ക്ക് അവർക്ക് 3,500 രൂപ ചിലവായി. "ചകിയയിലെ ഒരു സ്വകാര്യ ആശുപത്രി അവളെ അഡ്മിറ്റ് ചെയ്യുകയും ഒരാഴ്ച  ചികിത്സിക്കുകയും ചെയ്തു, അവളുടെ അസുഖവും കുറഞ്ഞു”, രേഖ പറഞ്ഞു. ‘വയറു വേദന’ അല്ലാതെ അത് മറ്റെന്തെങ്കിലും ആയിരുന്നോയെന്ന് അവർക്ക് ഇപ്പോഴും അറിയില്ല. "പക്ഷെ, അവളുടെ മെഡിക്കൽ ചിലവ് ഒരു ലക്ഷത്തോളമായി.”

ഉത്തർപ്രദേശിലെ ഒരു പട്ടികജാതി വിഭാഗമായ ജാടവ് സമുദായത്തിൽ പെടുന്നവരാണ് രേഖയും അവരുടെ ബന്ധുക്കളും. 200 രൂപ ദിവസക്കൂലിക്ക് കർഷക തൊഴിലാളിയായി രേഖ ജോലി ചെയ്യുന്നു. സോൻഭദ്രയിലെ കരിങ്കൽ ക്വാറികളിൽ 250 രൂപ ദിവസക്കൂലിക്ക് ഗൗതമും ജോലി ചെയ്യുന്നു. "[2020 മാർച്ചിലെ] ലോക്ക്ഡൗൺ മുതൽ വല്ലപ്പോഴുമേ അവന് പണിയുള്ളൂ”, രേഖ പറഞ്ഞു. "മാസങ്ങളായി ഞങ്ങൾക്ക് വരുമാനമില്ല.” സാഹചര്യം അത്രയ്ക്ക് മോശമായിരുന്നതിനാൽ ലോക്ക്ഡൗണുകളുടെ സമയത്ത് നിയമങ്ങൾ പരിഗണിക്കാതെ അവൻ രഹസ്യമായി ക്വാറികളിൽ പണിയെടുത്തു. "സർക്കാരും പ്രദേശത്തെ എൻ.ജി.ഓ.കളും നൽകിയ സൗജന്യ റേഷൻ മൂലമാണ് പ്രധാനമായും ഞങ്ങൾ കഴിഞ്ഞു കൂടിയത്. സരിതയുടെ അസുഖത്തിന് അത്രയും ചിലവാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല.”

ഓക്സ്ഫാം ഇൻഡ്യ പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ രോഗികളുടെ അവകാശങ്ങൾ സുരക്ഷിതമാക്കുമ്പോൾ (Securing Rights of Patients in India) എന്ന സർവേ റിപ്പോർട്ട് കണ്ടെത്തിയത് യു.പിയിൽ നിന്നും സർവേയോടു പ്രതികരിച്ച 472 പേരിൽ 61.47 ശതമാനത്തിന്‍റെയും ചികിത്സ ചിലവ് കണക്കു പ്രകാരമല്ലായിരുന്നു എന്നാണ്. രാജ്യത്തെല്ലായിടത്തു നിന്നുമായി അത്തരത്തിൽ പ്രതികരിച്ച 3,890 പേരിൽ 58 ശതമാനത്തിനും സമാന അനുഭവമുണ്ടായി. രോഗികളുടെ അവകാശങ്ങളുടെ ലംഘനമാണിത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറാക്കിയ 17 ഇനങ്ങളോടു കൂടിയ രോഗികളുടെ അവകാശരേഖ ( Charter of Patients’ Rights ) അനുസരിച്ച് രോഗിക്കും രോഗിയെ പരിചരിക്കുന്ന ആളിനും "ഓരോയിനം സേവനങ്ങൾക്കും ആശുപത്രി ഈടാക്കുന്ന നിരക്കുകളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ട്”.

സരിതയുടെ മെഡിക്കൽ ചിലവിനുള്ള പണം സ്വരൂപിക്കാനായി തന്‍റെ  രണ്ടേക്കർ കൃഷി ഭൂമിയുടെ മൂന്നിലൊന്നും കുറച്ച് ആഭരണങ്ങളും പണയം വയ്ക്കാൻ രേഖ നിർബന്ധിതയായി. "വായ്പ ദാദാവ് പ്രതിമാസം 10 ശതമാനം പലിശയാണ് ഞങ്ങളിൽ നിന്നും ഈടാക്കുന്നത്”, അവർ പറഞ്ഞു. അതുകൊണ്ട്, പ്രധാന തുക [50,000 രൂപ] അതേപടി നിൽക്കുമ്പോൾ തന്നെ ഞങ്ങൾ പലിശ മാത്രമെ അടയ്ക്കുന്നുള്ളൂ, കടങ്ങളിൽ നിന്ന് എന്ന് ഞങ്ങൾ മോചിതരാവുമെന്നാണ് ഞാൻ ആലോചിക്കുന്നത്.”

PHOTO • Parth M.N.

ചന്ദൗലി ജില്ലയിലെ തേന്ദുവ ഗ്രാമത്തിലുള്ള തന്‍റെ പാടത്ത് രേഖ . സ്വകാര്യ ആശുപത്രിയിലെ ബിൽ അടയ്ക്കാനായി അവർ തന്‍റെ  ഭൂമിയുടെ ഒരു ഭാഗം പണയം വച്ചു

മഹാമാരിയുടെ ആദ്യത്തെ മൂന്ന് മാസങ്ങളിൽ (2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങൾ) നിരവധി യു.പി. ഗ്രാമങ്ങളിലെ ആളുകളുടെ കടബാധ്യതകൾ 83 ശതമാനമായി വളർന്നു. തൃണമൂലതല സംഘടനകളുടെ കൂട്ടായ്മയായ കളക്റ്റ് (COLLECT) 9 ജില്ലകളിൽ നടത്തിയ ഒരു സര്‍വേയിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്. ഇത് കണ്ടെത്തിയത് 2020-ലെ ജൂലൈ മുതൽ സെപ്റ്റംബർ വരെയും, ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള മാസങ്ങളിൽ കടബാധ്യതയുടെ വളർച്ച യഥാക്രമം 87-ഉം 80-ഉം ശതമാനം വീതമായിരുന്നു എന്നാണ്.

65-കാരനായ മുസ്തകീം ശേഖായിരുന്നു കൂടുതൽ നിർഭാഗ്യവാൻ.

2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് മുസ്തകീം എന്ന ചെറു കർഷകന് പക്ഷാഘാതം ഉണ്ടായി (ജലാലാബാദ് ജില്ലയിലെ ഗാസിപൂരിൽ ഒരേക്കറിൽ താഴെ മാത്രം ഭൂമിയാണ് അദ്ദേഹത്തിനുള്ളത്). അതേത്തുടർന്ന് നടക്കുമ്പോൾ വേച്ച് പോകുന്ന അദ്ദേഹത്തിന്‍റെ  ശരീരത്തിന്‍റെ  ഇടതുവശം പക്ഷാഘാതം മൂലം ദുർബ്ബലപ്പെട്ടു. "എനിക്ക് നടക്കണമെന്നുണ്ടെങ്കിൽ ഒരു വടി വേണം. പക്ഷെ ഇടത് കൈകൊണ്ട് കഷ്ടിച്ചേ എനിക്കത് പിടിക്കാൻ പറ്റൂ", അദ്ദേഹം പറഞ്ഞു.

തന്‍റെ  കൃഷിഭൂമിയിൽ ഇനിമേൽ പണിയെടുക്കാനാവാത്ത അദ്ദേഹത്തിന് കൂലിപ്പണി ചെയ്യാമെന്ന പ്രതീക്ഷയുമില്ല. "ഇതെന്നെ സംസ്ഥാന സർക്കാർ മുതിർന്ന പൗരന്മാർക്ക് നൽകുന്ന 1,000 രൂപ പെൻഷനെ മാത്രം ആശ്രയിക്കുന്നവനാക്കി തീർത്തു”, മുസ്തകീം പറഞ്ഞു. "എന്‍റെ  ഈ അവസ്ഥയിൽ ആരുമെനിക്ക് പണം വായ്പ നൽകില്ല. കാരണം, പണി ചെയ്ത് വായ്പ തിരികെ നൽകാൻ എനിക്കൊട്ടും പറ്റില്ലെന്ന് അവർക്കറിയാം. മറ്റ് സാമ്പത്തികമൊന്നും കിട്ടാനുമില്ല. 2020-ലെ നാഷണൽ ഹെൽത്ത് പ്രൊഫൈൽ ( National Health Profile 2020 ) അനുസരിച്ച് ഗ്രാമീണ യു.പിയിലെ 99.5 ശതമാനം ആളുകൾക്കും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷൂറൻസോ, ആരോഗ്യ കാര്യങ്ങളിലേക്കുള്ള ചിലവിലേക്കായി എന്തെങ്കിലും സഹായമോ ഇല്ല.

അതുകൊണ്ട് അദ്ദേഹത്തിന്‍റെ  ഭാര്യ 55-കാരിയായ സായ്റൂനും ശാരീരികാഘാതം ഉണ്ടായി (അദ്ദേഹത്തിന്‍റെ  സംശയം അത് തലച്ചോറിനുണ്ടായ ആഘാതമാണെന്നാണ്). അവരെ ചികിത്സിക്കാനായി കാര്യമായൊന്നും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. "അവൾക്ക് സ്ട്രോക്ക് വന്ന് നിലത്തു വീണു, നട്ടെല്ലിന് പരിക്ക് പറ്റുകയും ചെയ്തു”, അദ്ദേഹം പറഞ്ഞു. അത് 2020 ഏപ്രിലിൽ ആയിരുന്നു. മഹാമാരി രാജ്യത്ത് വ്യാപിക്കാൻ തുടങ്ങിയതതേയുണ്ടായിരുന്നുള്ളൂ. "ഞാനവളെ ആസംഗഢിലുള്ള സർക്കാർ ആശുപത്രിയിലാക്കി. പക്ഷെ, അതൊരു കോവിഡ് കേന്ദ്രമാക്കി മാറ്റിയിരുന്നു.”

PHOTO • Parth M.N.

മുസ്ത കീം ശേഖ് ഗാസിപ്പൂർ ജി ല്ലയിലെ തന്‍റെ  ഗ്രാമത്തിൽ. പക്ഷാഘാതമുണ്ടായ തിൽ പിന്നെ സംസ്ഥാന വാർദ്ധക്യ പെൻഷനെ മാത്രമാണ് ഈ കർഷകൻ ആശ്രയിക്കുന്നത്.

ആസംഗഢ് ആശുപത്രി 30 കിലോമീറ്റർ അകലെയായിരുന്നു. അവിടെവരെ ഒരു സ്വകാര്യ വാഹനത്തിൽ പോകാനായി അദ്ദേഹത്തിന് 3,000 രൂപ ചിലവായി. "ഗാസിപൂർ സർക്കാർ ആശുപത്രിയിൽ സൗകര്യങ്ങളൊന്നുമില്ലാത്തതിനാൽ ഞങ്ങൾക്ക് വാരാണസിയിലേക്ക് പോകണമായിരുന്നു", അദ്ദേഹം പറഞ്ഞു. "യാത്രയ്ക്ക് [വാരാണസിയിലേക്ക്] കൂടുതൽ പണം ചിലവാകുമായിരുന്നു. എന്‍റെ  കൈയിൽ പണമില്ലായിരുന്നു. സുഹൃത്തുക്കളോട് ഞാൻ സ്വകാര്യ ആശുപത്രികളെപ്പറ്റി അന്വേഷിച്ചു. പക്ഷെ മെഡിക്കൽ ചിലവുകൾ താങ്ങാൻ പറ്റില്ലെന്ന് ഞാൻ മനസ്സിലാക്കി.”

മുസ്തകീം ഭാര്യയായ സായ്റൂനെ തിരികെ, ജഖനിയ ബ്ലോക്കിലെ ഗ്രാമത്തിലെ വീട്ടിലെത്തിക്കുകയും പ്രാദേശികമായി ചികിത്സിക്കാൻ തീരുമാനിക്കുകയും ചെയ്തു. "ബുദ്ധിപരമായി ചെയ്യാൻ പറ്റുന്ന കാര്യം അതാണെന്ന് അവളും പറഞ്ഞു”, അദ്ദേഹം കൂട്ടിച്ചേർത്തു. "ഗ്രാമത്തിലെ ഝോലാ ഛാപ് [വ്യാജ] ഡോക്ടർ അവൾക്ക് മരുന്നും നൽകി.”

ആളുകൾ സർക്കാർ ഡോക്ടർമാരെ ആശ്രയിക്കുന്നതിനേക്കാൾ വ്യാജ ‘ഡോക്ടർ’മാരെയും ഗ്രാമത്തിലെ മുറിവൈദ്യൻമാരെയും ആശ്രയിക്കുന്നു. " ഝോലാ ഛാപ് ഡോക്ടർമാർ ഞങ്ങളോട് ബഹുമാനപൂർവം പെരുമാറുകയും ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു”, മുസ്തകീം പറഞ്ഞു. പക്ഷെ അവർ പരിശീലനം ലഭിക്കാത്ത മെഡിക്കൽ പ്രവർത്തകരാണ്.

പക്ഷാഘാതം വന്ന് ഏകദേശം 6 മാസങ്ങൾക്കു ശേഷം, മതിയായ ചികിത്സ ലഭിക്കാതെ, 2020 ഒക്ടോബറിൽ ഒറ്റമുറിയുള്ള അവരുടെ കുടിലിൽ വച്ച് സായ്റൂൻ മരിച്ചു. മുസ്തകീം അതുമായി പൊരുത്തപ്പെട്ടു. "ആശുപത്രിയിൽ മരിച്ചവർ കുഴപ്പങ്ങൾക്കിടയിലാണ് മരിച്ചത്”, അദ്ദേഹം പറഞ്ഞു. "എന്‍റെ  ഭാര്യയുടെ മരണം അതിനേക്കാൾ സമാധാന പൂർണമായിരുന്നു.”

താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ  സഹായത്താല്‍ പാര്‍ത്ഥ് എം. എന്‍. പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ  ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.