ദേവു ഭോരെ മുപ്പതുവർഷമായി കയർ നിർമ്മിക്കുന്നുണ്ട്. ശക്തികുറഞ്ഞ പരുത്തിനൂലുകൾ മുറുക്കമേറിയതിൽനിന്ന് വേർതിരിക്കുന്നു. തന്റെ വീടിന്റെ നിലത്തുനിന്ന് മച്ചിൽ തൂക്കിയിരിക്കുന്ന ഒരു കൊളുത്തിലേക്ക് ബലമേറിയ നൂലുകൾ ഒൻപതടിയോളം നീളത്തിൽ വലിച്ചുനീട്ടി ഒന്നരമുതൽ രണ്ടുകിലോവരെ ഭാരമുള്ള ചണക്കെട്ടുകളാക്കും. ഏഴുമണിക്കൂറിൽ അത്തരത്തിലുള്ള പത്ത് കെട്ടുകൾ നിർമ്മിക്കും, ആഴ്ചയിൽ മൂന്നുതവണ.

എന്നാൽ ഈ കുടുംബവ്യാപാരത്തിൽ പരുത്തി വൈകിയാണ് എത്തിയത്. തലമുറകളായി ഭോരെയുടെ കുടുംബം ആനക്കൈതയുടെ നാരുകളിൽനിന്നാണ് കയറുണ്ടാക്കിയിരുന്നത്. അതിന് നിലനിൽപ്പില്ലാതെ വന്നപ്പോൾ അവർ പരുത്തിയിലേക്ക് തിരിഞ്ഞു. നൈലോൺ കയറുകൾ പ്രചാരത്തിൽ വന്നതോടെ ഇപ്പോൾ ഇതും മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ഒരു തൊഴിലായി മാറി.

ദേവു ചെറിയ കുട്ടിയായിരുന്നപ്പോൾ അയാളുടെ അച്ഛൻ പത്ത് കിലോമീറ്റർ നടന്ന്, മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ഗ്രാമങ്ങളുടെയടുത്തുള്ള വനങ്ങളിൽനിന്ന് ആനക്കൈത ചെടികൾ ശേഖരിക്കാൻ പോകാറുണ്ടായിരുന്നു. മറാത്തിയിൽ ആ ചെടിയുടെ പേര് ഘായ്പാത്ത് എന്നാണ്. നാടൻ പേര് ഫാഡ്‌ എന്നും. അവർ 15 കിലോവരെ ശേഖരിക്കുമായിരുന്നു. ഇലകളുടെ മുള്ള് നിറഞ്ഞ അരികുകൾ മാറ്റിയിട്ട് അവയെ ഒരാഴ്ച വെള്ളത്തിൽ മുക്കിവെക്കും. പിന്നീട് രണ്ടുദിവസം ഉണക്കും. ഈ പ്രക്രിയയിലൂടെ കയറുണ്ടാക്കാനുതകുന്ന രണ്ടുകിലോ നാരുകൾ ലഭിക്കും. ദേവുവിന്റെ അമ്മ മൈനാബായിയും ഈ ജോലി ചെയ്യുമായിരുന്നു. പത്തുവയസ്സുകാരനായ ദേവുവും കൂട്ടത്തിൽ സഹായിക്കും.

തൊണ്ണൂറുകളുടെ ആദ്യത്തിലാണ് ഭോരെ കുടുംബവും മറ്റ് കുടുംബങ്ങളും ആനക്കൈത നാരുകൾക്കുപകരം പരുത്തിനൂലുകൾ ഉപയോഗിച്ച് കയറുണ്ടാക്കാൻ തുടങ്ങിയത്. പരുത്തി കൂടുതൽക്കാലം നിലനിൽക്കും. കൂടാതെ, "ആളുകൾ മരങ്ങൾ മുറിച്ചു വനമില്ലാതാക്കി. മാത്രമല്ല ആനക്കൈത നാരുകളേക്കാൾ പരുത്തിനൂല് ഉപയോഗിക്കാൻ എളുപ്പമാണ് (ആനക്കൈത നാരുകൾ വെള്ളത്തിൽ മുക്കിവെക്കുന്നതും ഉണക്കുന്നതും ഒരു നീണ്ട പ്രക്രിയയാണ്)," ദേവു പറഞ്ഞു.

തൊണ്ണൂറുകളുടെ അവസാനംവരെ ഏകദേശം 100 കുടുംബങ്ങൾ കയർ നിർമ്മിക്കുന്ന കൈത്തൊഴിലിൽ ഏർപ്പെട്ടിരുന്നു എന്നാണ് ദേവു കണക്കാക്കുന്നത്. ബെൽഗാവ് ജില്ലയിൽ ചിക്കോടി താലൂക്കിലെ ബോറാഗാവ് ഗ്രാമത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. വിലകുറഞ്ഞ നൈലോൺ കയറുകളുടെ വരവോടെ വരുമാനം കുറഞ്ഞുതുടങ്ങിയപ്പോൾ പലരും അയൽഗ്രാമങ്ങളിൽ കൃഷിപ്പണിക്ക് പോവാനും അല്ലെങ്കിൽ അടുത്തുള്ള പട്ടണങ്ങളായ ഇച്ചൽകരഞ്ജിയിലെയും കാഗലിലെയും യന്ത്രനെയ്ത്തുശാലകളിലും, വാഹനങ്ങളുടെ വർക്ക്ഷോപ്പുകളിലും  വ്യവസായശാലകളിലും മറ്റും ജോലിക്കുപോകാനും തുടങ്ങി.

PHOTO • Sanket Jain

ഭോരെ കുടുംബത്തിലെ ബുദ്ധിമുട്ടുള്ള മൂന്ന് അംഗങ്ങൾ മാത്രമാണ് ഇപ്പൊൾ ബോറാഗാവ് ഗ്രാമത്തിൽ കയർ നിർമ്മിക്കുന്നത് - ദേവു, അദ്ദേഹത്തിന്റെ ഭാര്യ നന്ദുഭായ് പിന്നെ മകൻ അമിത്ത്

ഭോരെ കുടുംബത്തിലെ ബുദ്ധിമുട്ടുള്ള മൂന്ന് അംഗങ്ങൾ മാത്രമാണ് ഇപ്പൊൾ ഈ ഗ്രാമത്തിൽ കയർ നിർമ്മിക്കുന്നത് - ദേവു, അദ്ദേഹത്തിന്റെ ഭാര്യ നന്ദുഭായ് പിന്നെ അവരുടെ മൂത്തമകൻ അമിത്ത്. അമിത്തിന്റെ ഭാര്യ സവിത തുന്നൽജോലികൾ ചെയ്യും. ഇരുപത്തിയഞ്ചുവയസ്സുള്ള ഇളയമകൻ ഭരത് കാഗൽ വ്യവസായമേഖലയിൽ തൊഴിലാളിയാണ്. കല്യാണംകഴിഞ്ഞ രണ്ടു പെണ്മക്കൾ മാലനും ശാലനും വീട്ടമ്മമാരാണ്.

"നൂറ്റാണ്ടുകളായി ഞങ്ങളുടെ ജാതിയിലുള്ളവർ മാത്രമാണ് കയർ നിർമ്മിക്കുന്നത്," 58 വയസ്സുള്ള ദേവു പറഞ്ഞു. പട്ടികജാതിയിൽ ഉൾപ്പെടുന്ന മാതംഗ് സമുദായത്തിലെ അംഗമാണ് അദ്ദേഹം. "എന്റെ പൂർവികരുടെ കൈത്തൊഴിൽ ഞാൻ നിലനിർത്തി," കയർ നിർമ്മിക്കുന്ന കുടുംബത്തിലെ നാലാം തലമുറക്കാരനാണ് ദേവു. രണ്ടാം ക്ലാസ്സുവരെ മാത്രം പഠിച്ചു. അതിലധികം പഠിപ്പിക്കാൻ മാതാപിതാക്കൾക്ക് സാധ്യമായിരുന്നില്ല. മാത്രമല്ല ദിവസവും മൂന്നുമണിക്കൂർനേരം കുടുംബത്തിന്റെ നാലു പശുക്കളെ കറക്കുന്നതിന് ചിലവഴിക്കേണ്ടിവന്നതിനാൽ, വിദ്യാലയത്തിൽ പോകാൻ സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടായി.

കുടുംബത്തൊഴിലിൽ  ഏർപ്പെടുന്നതിനുമുൻപ് ദേവു പത്തുവർഷം ഇച്ചൽകരഞ്ജിയിൽ വീടുകൾ  പെയിന്റ് ചെയ്യുന്ന ജോലിചെയ്തു. അതിനുശേഷം അദ്ദേഹം കുടുംബത്തിന്റെ ഒരേക്കർ കൃഷിയിടത്തിൽ, മഴലഭ്യതക്കനുസരിച്ച് നിലക്കടലയും, സോയാബീനും, പച്ചക്കറികളും ഇടവിട്ട് കൃഷിചെയ്തു. ആറുവർഷം അത് തുടർന്നതിനുശേഷം 28 വയസ്സുണ്ടായിരുന്ന ദേവു അച്ഛൻ കൃഷ്ണ ഭോരെയുടെ കൂടെക്കൂടി കയർ നിർമ്മിക്കാൻതുടങ്ങി.

ഇപ്പൊൾ ദേവു ബോറാഗാവിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള ഇച്ചൽകരഞ്ജിയിൽനിന്ന് ക്വിന്റലിന് 3,800 രൂപ എന്ന നിരക്കിൽ പരുത്തിനൂൽ മൊത്തമായി വാങ്ങും. ഒരു ക്വിന്റൽ പരുത്തിനൂലുപയോഗിച്ച് (100 കിലോ) ഈരണ്ടാഴ്ചയിൽ, ഭോരെ കുടുംബം ഏതാണ്ട് ഏകദേശം പന്ത്രണ്ട് അടി നീളവും 550 ഗ്രാം തൂക്കവും വരുന്ന വലിയ 150 കയറുകളും കുറച്ച് ചെറിയ കയറുകളും നിർമ്മിക്കും.

ആഴ്ചയിൽ മൂന്നുദിവസം ദേവു ഇഴകളുണ്ടാക്കും. ബാക്കി ദിവസങ്ങളിൽ ആർ.കെ. നഗറിലെ തന്റെ വസതിയുടെ പുറത്തുള്ള മൺവഴിയുടെ അരികത്ത് നൂലിഴകൾ 120 അടി നീളത്തിൽ വലിച്ചുനീട്ടും. അതിന്റെ ഒരറ്റത്ത് അമിത്ത് ഒരു യന്ത്രം പ്രവർത്തിപ്പിക്കും, അതിന്റെ ആറ് കൊളുത്തുകളിലേക്കു നൂലിഴകൾ ബന്ധിപ്പിക്കും. മറ്റേ അറ്റത്ത്, ഭോർഘഡി എന്ന് വിളിക്കുന്ന ‘ടി’ ആകൃതിയിലുള്ള ഒരു കമ്പി പിടിച്ച് നന്ദുഭായ് ഇരിക്കും. നൂലിഴകളുടെ അറ്റങ്ങൾ അതിലും ബന്ധിപ്പിക്കും.

വേറെയൊരു കമ്പി തിരിച്ചാൽ, കറങ്ങുന്ന കൊളുത്തുകൾ നൂലിഴകളെ പിരിയ്ക്കും. ദേവു ഈ ചരടുകളുടെയിടയിൽ കർള അല്ലെങ്കിൽ 'ടോപ്പ്' എന്ന് വിളിക്കുന്ന മരംകൊണ്ടുള്ള ഒരു ഉപകരണം വെക്കും. ഇഴകൾ കൃത്യമായി മുറുകെ പിരിയുന്നുണ്ട് എന്നുറപ്പുവരുത്താൻ കർള അവയുടെ മുഴുവൻ നീളത്തിലൂടെയും കൊണ്ടുപോകും. അരമണിക്കൂർ നീളുന്ന ഇഴപിരിക്കൽ പ്രക്രിയക്ക് മൂന്നാളുകളുടെ അദ്ധ്വാനം വേണം. പൂർത്തിയായതിനുശേഷം ഈ ചരടുകൾ പിരിച്ച് കയറുണ്ടാകാം.

PHOTO • Sanket Jain

'കഠിനമായി ജോലിചെയ്തിട്ടും ഒന്നും സമ്പാദിക്കാനാവുന്നില്ല. ഞങ്ങളുടെയടുത്തുനിന്ന് ആളുകൾ കയർ വാങ്ങാറില്ല. അവർ പട്ടണങ്ങളിലെ ഹാർഡ്‌വെയർ കടകളിൽനിന്നാണ് വാങ്ങുന്നത്.' കടകളിൽ വിൽക്കുന്ന കയറുകൾ പാതയോരത്ത് വിൽക്കുന്ന കയറുകളേക്കാൾ നല്ലതാണെന്നാണ് അവരുടെ വിശ്വാസം

ചിലപ്പോൾ വാങ്ങുന്നവർ ആവശ്യപ്പെടുന്നതനുസരിച്ച് ദേവു കയറുണ്ടാക്കുന്നതിനുമുൻപ് ഇഴകൾക്കു നിറം നൽകാറുണ്ട്. മാസത്തിൽ രണ്ടുതവണ അദ്ദേഹം 30 കിലോമീറ്റർ ബസ്സിൽ യാത്രചെയ്ത് മഹാരാഷ്ട്രയിലെ മിറജ് പട്ടണത്തിൽ പോയി 250 ഗ്രാം നിറമുള്ള പൊടി, 260 രൂപയ്ക്ക് വാങ്ങും. അത് അഞ്ചുലിറ്റർ വെള്ളത്തിൽ കലക്കി ഇഴകൾ അതിൽ മുക്കും. കുതിർന്ന ഇഴകൾ വെയിലത്തുണങ്ങാൻ രണ്ടുമണിക്കൂറെങ്കിലും വേണം.

ദേവുവിന്റെ കുടുംബം കർഷകർക്കായി രണ്ടുതരം കയറുകൾ നിർമ്മിക്കുന്നുണ്ട്: കാളയുടെ കഴുത്തിൽ കെട്ടാനുള്ള മൂന്നടി നീളമുള്ള കാണ്ട, പിന്നെ കലപ്പയിൽ കെട്ടാനുള്ള 12 അടി നീളമുള്ള കാസ്ര. കൊയ്തെടുത്ത വിളവ് കെട്ടിവെക്കാനും, ചില വീടുകളിൽ കുഞ്ഞുങ്ങൾക്കുള്ള തൊട്ടിൽ തൂക്കാനും കാസ്ര ഉപയോഗിക്കാറുണ്ട്. ഭോരെ കുടുംബം കർണാടകയിലെ സൗന്ദലഗ, കാരദഗ, അക്കോൽ, ഭോജ്‌, ഗാലട്ക എന്നീ ഗ്രാമങ്ങളിലും മഹാരാഷ്ട്രയിലെ കുരുന്ദവാഡ് ഗ്രാമത്തിലും ഈ കയറുകൾ വിൽക്കും. നിറമുള്ള കാസറ കയറുകൾ ഒരു ജോഡി 100 രൂപയ്ക്കും വെള്ളനിറത്തിലുള്ളവ ഒരു ജോഡി 80 രൂപയ്ക്കുമാണ് വിൽക്കുന്നത്. അതുപോലെ നിറമുള്ള കാണ്ട കയറുകൾ ഒരു ജോഡി വിറ്റാൽ 50 രൂപയും, നിറമില്ലാത്തവയ്ക്ക് 30 രൂപയും ലഭിക്കും.

"ഞങ്ങൾ ഇതിൽനിന്ന് കാര്യമായി ഒന്നും സമ്പാദിക്കുന്നില്ല," മുപ്പതുവയസുള്ള അമിത്ത് പറഞ്ഞു. ദിവസേനയുള്ള എട്ടുമണിക്കൂർ ജോലിക്ക് ഭോരേകുടുംബത്തിലെ ഒരാൾ ശരാശരി 100 രൂപയാണ് നേടുന്നത് - കുടുംബത്തിന്റെ മാസവരുമാനം കഷ്ടിച്ച് 9,000 രൂപ. "വർഷത്തിലൊരിക്കൽ നടക്കുന്ന ബെന്ദുർ അല്ലെങ്കിൽ പോള ആഘോഷങ്ങൾക്ക് (കാളകൾക്കുവേണ്ടി ജൂൺ - ഓഗസ്റ്റ് മാസങ്ങളിൽ നടത്തുന്നു) നിറമുള്ള കയറുകൾക്ക് ആവശ്യക്കാരേറും," ദേവു പറഞ്ഞു. ഇതുകൂടാതെ കുടുംബത്തിലെ നാല് സഹോദരന്മാർക്ക് ഒരുമിച്ച്‌ അവകാശമുള്ള ഒരേക്കർ കൃഷിയിടം പാട്ടക്കൃഷിക്ക് നൽകിയതിന്റെ വാർഷിക വാടകയുടെ പങ്കായ 10,000 രൂപയും ദേവുവിന് ലഭിക്കുന്നുണ്ട്.

"ഇക്കാലത്ത് കൃഷിപ്പണിയിൽ കാളകളെ നിങ്ങൾക്ക് അധികം കാണാൻ പറ്റില്ല," ദേവു പറഞ്ഞു. "കൃഷിയെല്ലാം ഇപ്പോൾ യന്ത്രങ്ങളുപയോഗിച്ചാണ്. പിന്നെ ആര് വാങ്ങും ഈ കയറുകൾ?" 50 വയസ്സിലധികം പ്രായമുള്ള നന്ദുഭായ് പറഞ്ഞു. മഹാരാഷ്ട്രയിലെ ജയ്‌സിംഗ്പുർ പട്ടണത്തിലുള്ള കൃഷിപ്പണിക്കാരുടെ കുടുംബത്തിലാണ് അവർ ജനിച്ചത്. പതിനഞ്ചുവയസ്സിൽ കല്യാണം കഴിഞ്ഞപ്പോൾമുതൽ കയറുണ്ടാക്കുന്നു. "കൂടുതൽക്കാലം നിലനിൽക്കുന്ന പ്ലാസ്റ്റിക്, നൈലോൺ കയറുകളുടെ വരവോടെ പരുത്തിക്കയറുകൾക്ക് ആവശ്യം കുറഞ്ഞു. അടുത്ത രണ്ടുവർഷമെങ്കിലും കയറുണ്ടാക്കി വിൽക്കുന്നത് തുടരാൻ ഞങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല."

"വലിയ കച്ചവടക്കാർ വെറുതെയിരുന്ന് ഞങ്ങളുടെ കയറുകൾ വിറ്റ് കാശുണ്ടാകുന്നു. എന്നാൽ കഠിനമായി ജോലിചെയ്തിട്ടും ഞങ്ങൾ ഒന്നും സമ്പാദിക്കുന്നില്ല. ഞങ്ങളുടെയടുത്തുനിന്ന് ആളുകൾ കയർ വാങ്ങാറില്ല. അവർ പട്ടണങ്ങളിലെ ഹാർഡ്‌വെയർ കടകളിൽനിന്നാണ് വാങ്ങുന്നത്." ഈ തൊഴിലിൽനിന്നുള്ള കുറഞ്ഞവരുമാനത്തിൽ നിരാശനായ അമിത്ത് പറഞ്ഞു. കടകളിൽ വിൽക്കുന്ന കയറുകൾ പാതയോരത്ത് വിൽക്കുന്ന കയറുകളേക്കാൾ നല്ലതാണെന്നാണ് വാങ്ങുന്നവരുടെ വിശ്വാസം.

PHOTO • Sanket Jain

ദേവു തന്റെ വീടിന്റെ നിലത്തുനിന്നു മച്ചിൽ തൂക്കിയിരിക്കുന്ന ഒരു കൊളുത്തിലേക്ക് പരുത്തി നൂലിഴകൾ വലിച്ചുനീട്ടി ഒന്നരമുതൽ രണ്ടുകിലോവരെ ഭാരമുള്ള ചണക്കെ ട്ടുകളാക്കും

PHOTO • Sanket Jain

ദേവു ഭോരെയുടെ അച്ഛന്റെ കാലത്ത് കുടുംബത്തിന് കയറുകളുണ്ടാക്കാൻ മരത്തിൽ നിർമ്മിച്ച ഒരു യന്ത്രമുണ്ടായിരുന്നു. ഇപ്പോൾ അവർ ഇരുമ്പിൽ പണിത, 20 കിലോയിലധികം ഭാരംവരുന്ന ഒരു യന്ത്രമാണ് ഉപയോഗിക്കുന്നത്

PHOTO • Sanket Jain

നൂലിഴകൾ കറങ്ങുന്ന കൊളുത്തുകളിൽ കെട്ടിയിരിക്കുന്നു. ഇവ കറക്കി മുറുക്കമേറിയ ചരടുകളാക്കും, പിന്നീട് അവ പിരിച്ച് കയറുകളാക്കും

PHOTO • Sanket Jain

ദേവുവും കുടുംബവും പാതക്കരികിലെ ഒരിടത്ത് കയറുണ്ടാക്കുന്നു. ഒരറ്റത്ത് യന്ത്രവും മറ്റേയറ്റത്ത്, ഭോർഘഡി എന്ന് വിളിക്കുന്ന 'ടി ആകൃതിയിലുള്ള ഒരു കമ്പിയുമാണ്

PHOTO • Sanket Jain

മഹാരാഷ്ട്രയിലെ മിറജ് പട്ടണത്തിൽനിന്നു വാങ്ങിയ ചായങ്ങളുടെ പൊടികൾ വെള്ളത്തിൽ കലക്കുന്നു. ദേവുവും മൂത്തമകൻ അമിത്തും ചരടുകൾ ചായത്തിൽ മുക്കുന്നു. പത്തുമിനിട്ടു മുക്കിവച്ചതിനു ശേഷം അവ വെയിലിൽ രണ്ടുമണിക്കൂർ ഉണങ്ങാൻ വയ്ക്കും

PHOTO • Sanket Jain

കയറുപിരിക്കുന്നതും നിറംനൽകുന്നതുമായ പ്രക്രിയ സങ്കീർണ്ണമാണ്. ദേവുവും നന്ദുഭായിയും അമിത്തും ഒരുമിച്ച് ജോലിചെയ്യണം

PHOTO • Sanket Jain

ചരടുകൾ നീട്ടിയതിന്റെ ഒരറ്റത്ത് അമിത്ത് പ്രവർത്തിപ്പിക്കുന്ന യന്ത്രവും മറ്റേയറ്റത്ത് നന്ദുഭായിയും

PHOTO • Sanket Jain

ഭോരേകുടുംബം കയർനിർമ്മിക്കുന്ന സ്ഥലത്ത് കയർ വലിച്ചുനീട്ടുകയും നിറംനൽകുകയും ചെയ്യുന്നു. പല ഘട്ടങ്ങളുള്ള ഈ പ്രക്രിയയിൽ ഓരോ അംഗത്തിനും പ്രത്യേകം ജോലികളുണ്ട്

PHOTO • Sanket Jain

ദേവു മരംകൊണ്ടുള്ള കർള അല്ലെങ്കിൽ 'ടോപ്പ്' എന്ന ഉപകരണത്തിലൂടെ ചരടുകൾ കടത്തിവിടുന്നു. ചരടുകൾ കൃത്യമായി പിരിക്കാനും മുറുക്കം കൂട്ടാനുമാണ് ഇത് ചെയ്യുന്നത്

PHOTO • Sanket Jain

ഭോരേകുടുംബം രാവിലെ 8 മണി മുതൽ ഉച്ചതിരിഞ്ഞു 3 മണിവരെ കയറുണ്ടാക്കും, പിന്നീടവ അടുത്തുള്ള ഗ്രാമങ്ങളിലെ ചന്തകളിൽ വിൽക്കും

PHOTO • Sanket Jain

കുറെ പ്രക്രിയകൾക്കുശേഷം കയർ തയ്യാറായി. ചന്തകളിലേക്ക് കൊണ്ടുപോകാനായി അമിത്തും ദേവുവും അവയെ 12 അടി നീളമുള്ള കഷ്ണങ്ങളാക്കുന്നു

അപ്രത്യക്ഷമാകുന്ന കയർ: ഒരു ഇന്ത്യൻ മഹേന്ദ്രജാലം എന്ന ഫോട്ടോ ആൽബവും കാണുക

പരിഭാഷ: ജ്യോത്സ്ന വി.

Sanket Jain

Sanket Jain is a journalist based in Kolhapur, Maharashtra. He is a 2022 PARI Senior Fellow and a 2019 PARI Fellow.

Other stories by Sanket Jain
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.