വീഡിയോ കാണുക : ഉരുളക്കിഴങ്ങ് ഗാനം

“ഇംഗ്ലീഷ്” ക്ലാസ്സിലെ കുട്ടികൾ പറഞ്ഞു. അവരുടെ ഇഷ്ടവിഷയം ഏതാണെന്ന് ഞങ്ങൾ ചോദിച്ചതിനുള്ള മറുപടിയായിരുന്നു അത്. ഒരു ഇന്ത്യൻ ക്ലാസ് റൂമിൽ ചോദിക്കാൻ പറ്റിയ അത്ര നല്ല ഒരു ചോദ്യമായിരുന്നില്ല അത്. ആദ്യത്തെ രണ്ട് കുട്ടികൾ “ഇംഗ്ലീഷ്” എന്ന് പറഞ്ഞാൽ, ക്ലാസ്സിലെ മറ്റെല്ലാ കുട്ടികളും അതേ ഉത്തരം പറയാൻ സാധ്യതയുണ്ടായിരുന്നു. ആദ്യത്തെ രണ്ട് ഇരകൾ ശിക്ഷയൊന്നും കിട്ടാതെ രക്ഷപ്പെടുമ്പോൾ, ഇനി അതായിരിക്കും ഉണ്ടാവുക എന്ന് നമുക്ക് എളുപ്പത്തിൽ ഊഹിക്കാം.

എന്നാൽ ഇത് ഏതെങ്കിലുമൊരു സ്ഥലമല്ല. ഒരു ഏകാദ്ധ്യാപിക പഠിപ്പിക്കുന്ന, ഇടലിപ്പാറയിലെ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെന്റ് പ്രൊജക്ട് സ്കൂളാണ്. കേരളത്തിലെ ഏറ്റവും വിദൂരസ്ഥവും ഏക ഗോത്രപഞ്ചായത്തുമായ ഇടമലക്കുടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുറത്തൊരിടത്തും ആരും ഇംഗ്ലീഷ് സംസാരിക്കുന്നത് നിങ്ങൾക്ക് കേൾക്കാനാവില്ല. ആ ഭാഷയിലുള്ള എന്തെങ്കിലും ബോർഡുകളോ, പോസ്റ്ററുകളോ, അടയാളങ്ങളോ അവിടെയൊന്നുമില്ല. എന്നിട്ടും, ആ ഭാഷയാണ് ഏറ്റവുമിഷ്ടമെന്ന് കുട്ടികൾ പറഞ്ഞു. മറ്റ് പല സ്കൂളുകളിലേയുംപോലെ ഇടുക്കി ജില്ലയിലെ ഈ സ്കൂളിലും 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾക്ക് ഒരേയൊരു ക്ലാസ്സുമുറിയാണ് ഉണ്ടായിരുന്നത്. തുച്ഛമായ ശമ്പളം വാങ്ങുകയും, വലിയ അദ്ധ്വാനഭാരം വഹിക്കുകയും, പ്രതികൂലാവസ്ഥകളെ നേരിടുകയും ചെയ്യുമ്പോഴും, തന്റെ കുട്ടികളോട് പ്രതിജ്ഞാബദ്ധയായ പ്രഗത്ഭയായ ഒരു അദ്ധ്യാപികയായിരുന്നു അവിടെ പഠിപ്പിച്ചിരുന്നത്.

എന്നാൽ ഒരു വിമതസ്വരം അവിടെയും കേട്ടു. “കണക്ക്” ധീരനായ ഒരു കുട്ടി എഴുന്നേറ്റുനിന്ന് ഉത്തരം പറഞ്ഞു. കണക്കിനോടുള്ള ഇഷ്ടം ഒന്ന് കാണട്ടെ എന്ന് ഞങ്ങളും അവനെ ഒന്ന് പരീക്ഷിച്ചു. നെഞ്ച് വിരിച്ച്, അവൻ 1 മുതൽ 12 വരെയുള്ള ഗുണനപ്പട്ടിക, നിർത്താതെ, ഒറ്റശ്വാസത്തിൽ ഉരുവിട്ടു. കൈയ്യടികളൊന്നുമില്ലാതെതന്നെ. അവൻ രണ്ടാമതും അത് ആവർത്തിക്കാൻ പോകുന്നുവെന്ന് കണ്ടപ്പോൾ, മതിയെന്ന് ഞങ്ങൾ ആശ്വസിപ്പിച്ചു.

The singing quintet – also clearly the ‘intellectual elite’ of classes 1-4
PHOTO • P. Sainath

പാടുന്ന അഞ്ചുപേർ. 1 മുതൽ 4-വരെയുള്ള ക്ലാസ്സിലെ ‘ബുദ്ധിജീവി’കളും

ടീച്ചറുടെ അടുത്തായി, അഞ്ച് പെൺകുട്ടികളിരിക്കുന്ന മറ്റൊരു ബെഞ്ചിലേക്ക് ഞങ്ങൾ ചെന്നു. ടീച്ചറുടെയടുത്ത് ഇരിക്കണമെങ്കിൽ അവർ ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികളായിരിക്കും എന്നാണ് വെപ്പ്. ഏറ്റവും മുതിർന്ന കുട്ടിക്ക് 11 വയസ്സുണ്ടാവും. ബാക്കിയുള്ളവർ ഒമ്പത് വയസ്സോ അതിലും താഴെയോ മാത്രം. ഗുണനപ്പട്ടിക ചൊല്ലിയ കുട്ടിയെ ചൂണ്ടി, ഇനി നിങ്ങൾ വേണം ഇംഗ്ലീഷിനോടുള്ള ഇഷ്ടം തെളിയിക്കേണ്ടത് എന്ന് ഞങ്ങൾ ആ പെൺകുട്ടികളെ വാശി കയറ്റി.  പെൺകുട്ടികളേ, ഇനി നിങ്ങളുടെ ഇംഗ്ലീഷൊന്ന് കേൾക്കട്ടെ.

അവർ ആദ്യം നാണിച്ചുനിന്നു. തീരെ അപരിചിതരായ, എട്ട് ആണുങ്ങൾ ക്ലാസ്സുകൾ കൈയ്യേറിയാൽ, അത് സ്വാഭാവികമാണല്ലോ. അപ്പോൾ, ടീച്ചർ എസ്. വിജയലക്ഷ്മി അവരോട് പറഞ്ഞു, “അവർക്കുവേണ്ടി ഒരു പാട്ടു പാടൂ, കുട്ടികളേ” എന്ന്. അവർ പാടി. ആദിവാസികൾക്ക് പാടാനറിയാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഈ അഞ്ച് മുതുവ ഗോത്ര പെൺകുട്ടികൾ മനോഹരമായി പാടുകയും ചെയ്തു. നല്ല ഈണത്തിൽ. ഒരു അപസ്വരം‌പോലുമില്ലാതെ. എന്നിട്ടും അവർക്ക് നാണമായിരുന്നു. വൈദേഹി എന്ന കുഞ്ഞ്, ആളുകളുടെ മുഖത്തേക്ക് നോക്കാതെ, തല താഴ്ത്തി, മേശയിലേക്ക് മാത്രം കണ്ണയച്ചു. പക്ഷേ പാട്ട്, അതിഗംഭീരമായിരുന്നു. എന്നാൽ ആ വരികളാണ് അതിനേക്കാൾ മുന്നിട്ടുനിന്നത്.

ഉരുളക്കിഴങ്ങിനുള്ള സങ്കീർത്തനമായിരുന്നു അത്

അവർ ഇടുക്കിയിലെ മലനിരകളിൽ ചേന വളർത്തുന്നുണ്ട്. എന്നാൽ, എടലിപ്പാറയുടെ നൂറ് കിലോമീറ്ററിനകത്ത് എവിടെയെങ്കിലും ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അതെന്തോ ആകട്ടെ, ആ പാട്ട് നിങ്ങളൊന്ന് കേട്ടുനോക്കൂ.

ഉരുളക്കിഴങ്ങേ, ഉരുളക്കിഴങ്ങേ
എന്റെ പ്രിയ ഉരുളക്കിഴങ്ങേ
ഉരുളക്കിഴങ്ങെനിക്കിഷ്ടമാണ്
ഉരുളക്കിഴങ്ങ് നിനക്കിഷ്ടമാണ്
ഉരുളക്കിഴങ്ങ് നമുക്കിഷ്ടമാണ്
ഉരുളക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ഉരുളക്കിഴങ്ങ്

അവർ എന്നെങ്കിലും കഴിച്ചിട്ടുണ്ടാവുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലാതിരുന്ന ഒരു പാവം കിഴങ്ങിനുള്ള ഗാനസമർപ്പണമായിരുന്നു അത്. (ചിലപ്പോൾ ഞങ്ങൾക്ക് തെറ്റിയിട്ടുണ്ടാവും. മുന്നാറിനടുത്തുള്ള ഒന്നോ രണ്ടോ ഗ്രാമങ്ങളിൽ ഉരുളക്കിഴങ്ങ് കൃഷി തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു. അത് പക്ഷേ 50 കിലോമീറ്ററിനപ്പുറത്താണ്). എന്നിട്ടും ആ വരികൾ ഞങ്ങളുടെ ഹൃദയത്തിൽ തങ്ങിനിന്നു. ആഴ്ചകൾ പിന്നിട്ടിട്ടും ഞങ്ങൾ പലരും അത് മൂളാറുണ്ടായിരുന്നു. ഞങ്ങൾ ആ കിഴങ്ങിന്റെ ആരാധകരായിരുന്നതുകൊണ്ട് മാത്രമല്ല അത്. അസംബന്ധമെന്ന് തോന്നിപ്പിക്കുമെങ്കിലും, ഗൌരവത്തോടെ അവതരിപ്പിച്ച ആ വരികളും, അത് അവതരിപ്പിച്ച രീതിയിലെ നിഷ്കളങ്കതയുമാണ് ഞങ്ങളത് വീണ്ടും വീണ്ടും ഓർമ്മിക്കാനുണ്ടായ കാരണം.

S. Vijaylaxmi – teacher extraordinary
PHOTO • P. Sainath
The students and teacher Vijaylaxmi just outside their single-classroom school
PHOTO • P. Sainath

ഇടത്ത്: എസ് വിജയലക്ഷ്മി – അസാധാരണക്കാരിയായ ഒരു അദ്ധ്യാപിക. വലത്ത്: ഒറ്റ ക്ലാസ്സുമുറിയുള്ള സ്കൂളിന്റെ പുറത്ത് ടീച്ചറും കുട്ടികളും

വീണ്ടും ക്ലാസ്സുമുറിയിലേക്ക്. നല്ലവണ്ണം കൈയ്യടിച്ച്, വീഡിയോയ്ക്കായി അവരെക്കൊണ്ട് വീണ്ടും ആ പാട്ട് പാടാൻ പ്രേരിപ്പിച്ച് ഞങ്ങൾ ആൺകുട്ടികളുടെ നേരെ തിരിഞ്ഞു. പന്തയത്തിൽ നിങ്ങൾ പിന്നിലായല്ലോ എന്ന് ഞങ്ങൾ കളിയായി സൂചിപ്പിച്ചു. പെൺകുട്ടികളുടെ അവതരണവുമായി മത്സരിക്കാൻ പറ്റുമോ? ഞങ്ങൾ ചോദിച്ചു. അവരും തയ്യാറായി. അവരുടെ അവതരണത്തിന് ഒരു ആലാപനത്തേക്കാൾ പറച്ചിലിന്റെ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവരും മോശമാക്കിയില്ലെങ്കിലും പെൺകുട്ടികളുടെ അത്രയ്ക്ക് എത്തിയില്ല. പക്ഷേ അവരുടെ പാട്ടിലെ വാക്കുകൾ കൂടുതൽ വിചിത്രമായിരുന്നു.

‘ഒരു ഡോക്ടറോടുള്ള പ്രാർത്ഥന’യായിരുന്നു അത്. ഇന്ത്യയിൽ മാത്രം എഴുതാനും, ചൊല്ലാനും പാടാനും പറ്റുന്ന ഒരു കവിത. ആ വാക്കുകൾ ഇവിടെ എഴുതി നിങ്ങളെ വിഷമിപ്പിക്കുന്നില്ല. ആ ഡോക്ടർ വീഡിയോ ഇവിടെ പങ്കുവെക്കാനും വിചാരിക്കുന്നില്ല. ഈ കുറിപ്പ് ആ അഞ്ച് മിടുമിടുക്കികൾക്ക് മാത്രമായുള്ളതാണ്. അൻ‌ശിലാ ദേവി, ഉമാ ദേവി, കല്പന, വൈദേഹി, ജാസ്മിൻ എന്നീ അഞ്ചുപേർക്കുള്ളത്. പക്ഷേ ഒരു കാര്യം പറയാം, ഡോക്ടറോടുള്ള പ്രാർത്ഥന ശരിക്കും ഒരു ഇന്ത്യൻ മണമുള്ള പാട്ടായിരുന്നു “എനിക്ക് വയറ് വേദനിക്കുന്നു ഡോക്ടർ, എനിക്ക് ഓപ്പറേഷൻ വേണം ഡോക്ടർ, ഡോക്ടർ, ഓപ്പറേഷൻ, ഓപ്പറേഷൻ, ഓപ്പറേഷൻ.”

അത് മറ്റൊരു കഥയാണ്. മറ്റൊരു ദിവസത്തേക്കുള്ളത്.

തത്ക്കാലം നമുക്ക് ഈ ഉരുളക്കിഴങ്ങിന്റെ തൊലി പൊളിക്കാം.

ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത് 2014 ജൂൺ 26-ന് P.Sainath.org-ലാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

P. Sainath

পি. সাইনাথ পিপলস আর্কাইভ অফ রুরাল ইন্ডিয়ার প্রতিষ্ঠাতা সম্পাদক। বিগত কয়েক দশক ধরে তিনি গ্রামীণ ভারতবর্ষের অবস্থা নিয়ে সাংবাদিকতা করেছেন। তাঁর লেখা বিখ্যাত দুটি বই ‘এভরিবডি লাভস্ আ গুড ড্রাউট’ এবং 'দ্য লাস্ট হিরোজ: ফুট সোলজার্স অফ ইন্ডিয়ান ফ্রিডম'।

Other stories by পি. সাইনাথ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat