ചാണകവും കളിമണ്ണും മുളയും ഉപയോഗിച്ചാണ് മജുലി ദ്വീപിൽ മുഖംമൂടികൾ രൂപപ്പെടുത്തുന്നത്. ബ്രഹ്മപുത്ര നദിയിലുള്ള ഈ ദ്വീപിലെ കരകൗശലവിദഗ്ധർ തലമുറകളായി ഈ കലാരൂപം പരിശീലിക്കുന്നവരാണ്. "മുഖംമൂടികൾക്ക് ഞങ്ങളുടെ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുണ്ട്; ഇന്ന്, അവ നിർമ്മിക്കുന്ന ഒടുവിലത്തെ ചില കുടുംബങ്ങളിലൊന്നാണ് ഞങ്ങളുടേത്," കരകൗശലവിദഗ്ധനായ അനുപം ഗോസ്വാമി പറയുന്നു. ദ്വീപിൽ നടക്കുന്ന വാർഷിക നാടകങ്ങളിലും രാജ്യത്തുടനീളമുള്ള ആഘോഷങ്ങളിലും ഉപയോഗിക്കുന്നതിനായി ലളിതമായ മുഖംമൂടികൾ വലിയ, വിപുലമായ മുഖംമൂടികൾ എന്നിവ ഇവിടെ നിർമ്മിക്കുന്നുണ്ട്.
"കുടുംബപാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ചുമതല എനിക്കാണ്," 25 വയസ്സുകാരനായ അനുപം പറയുന്നു. തലമുറകളായി മുഖംമൂടിനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിൽ ഇപ്പോഴുള്ള ഒൻപതുപേരും അതുമായി ബന്ധപ്പെട്ട ജോലികൾതന്നെയാണ് ചെയ്യുന്നത്.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മജുലി സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾ യാത്രയുടെ ഓർമ്മയ്ക്കായി ഇവിടെനിന്ന് മുഖംമൂടികൾ വാങ്ങാറുണ്ട്," ധീരേൻ ഗോസ്വാമി പറയുന്നു. വിവിധ വലിപ്പത്തിലുള്ള മുഖംമൂടികൾ വില്പനയ്ക്ക് വെച്ചിട്ടുള്ള, കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയുടെ നടത്തിപ്പുകാരനാണ് അനുപമിന്റെ അമ്മാവൻ 44 വയസ്സുകാരനായ ധീരേൻ. ഒരു മുഖംമൂടികൾ 300 രൂപയാണ് വിലയെങ്കിലും പ്രത്യേകമായി നിർമ്മിക്കുന്ന, വലിയ മുഖംമൂടികൾ 10,000 രൂപവരെ വില വരും.
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി, "62 സത്രകളുള്ള (വൈഷ്ണവ ആശ്രമങ്ങൾ), അസമീസ് വൈഷ്ണവ മതത്തിന്റെയും സംസ്കാരത്തിന്റെയും സിരാകേന്ദ്രമായി പരിഗണിക്കപ്പെടുന്നു" എന്ന് 2011-ലെ കണക്കെടുപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖംമൂടികളുണ്ടാക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കളായ മുളയും കളിമണ്ണും ബ്രഹ്മപുത്രയിൽനിന്ന് ലഭിക്കും. ഇന്ത്യക്കകത്ത്, 194,413 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയുള്ള, ലോകത്തിലെതന്നെ ഏറ്റവും വലിയ നദീശൃംഖലകളിലൊന്നായ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന കൂറ്റൻ ദ്വീപാണ് മജുലി. ഹിമാലയത്തിലെ ഹിമാനികൾ ഉരുകിയെത്തുന്ന വെള്ളത്തിനൊപ്പം കനത്ത മൺസൂൺ മഴയിൽനിന്നുള്ള വെള്ളവും ചേരുന്നതോടെ നദിയിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ഈ പ്രദേശമാകെ വെള്ളത്തിനടിയിലാകുകയും ചെയ്യുന്നത് പതിവാണ്: ഇതുമൂലം വർഷംതോറും ഉണ്ടാകുന്ന മണ്ണൊലിപ്പ് മജുലിക്കും സമീപ ദ്വീപുകൾക്കും നിരന്തരം ഭീഷണി സൃഷ്ടിക്കുന്നു.
മുഖംമൂടി നിർമ്മാതാക്കളും മണ്ണൊലിപ്പിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നുണ്ട്. "മജുലിയിൽ തുടർച്ചയായി മണ്ണൊലിപ്പ് ഉണ്ടാകുന്നതുമൂലം (മുഖംമൂടി ഉണ്ടാക്കാൻ) ആവശ്യമുള്ള കളിമണ്ണ് കണ്ടെത്താൻ പാടാണ്," ധീരേൻ ഗോസ്വാമി ഇന്ത്യ ഡെവലപ്മെന്റ് റിവ്യൂയിൽ എഴുതുന്നു. സമീപത്തുള്ള അങ്ങാടിയിൽനിന്ന് 1,500 രൂപ കൊടുത്താണ് ഒരു ക്വിന്റൽ കുംഹാർ മിട്ടി (കളിമണ്ണ്) അവർ വാങ്ങുന്നത്. "നേരത്തെയെല്ലാം പ്രകൃതിദത്തമായ ചായങ്ങൾകൊണ്ടാണ് ഞങ്ങൾ മുഖംമൂടികൾക്ക് നിറം കൊടുത്തിരുന്നത്, എന്നാൽ ഇപ്പോൾ അവ കണ്ടെത്താനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്," അനുപം കൂട്ടിച്ചേർക്കുന്നു.
മഹാപുരുഷ ശ്രീമന്ത ശങ്കരദേവ എഴുതിയ നാടകങ്ങളിലൊന്നിന്റെ അവതരണത്തിൽനിന്നാണ് മുഖംമൂടികളുടെ നിർമ്മാണകലയുടെ ചരിത്രം ആരംഭിക്കുന്നതെന്ന് ധീരേൻ പറയുന്നു. "ചില പുരാണ കഥാപാത്രങ്ങളുടെ രൂപം ചമയംകൊണ്ടുമാത്രം സൃഷ്ടിക്കുക ബുദ്ധിമുട്ടായിരുന്നു. ഇതേത്തുടർന്ന്, നാടകത്തിൽ ഉപയോഗിക്കാൻ ശങ്കരദേവ ഉണ്ടാക്കിയ മുഖംമൂടികളാണ് ഈ പാരമ്പര്യത്തിന് തുടക്കമിട്ടത്."
1663-ൽ സ്ഥാപിതമായ സമാഗുരി സത്രയിലാണ് ഗോസ്വാമി കുടുംബം സംഗീത് കലാ കേന്ദ്ര നടത്തുന്നത്. സാമൂഹിക പരിഷ്കർത്താവായ സന്യാസി, മഹാപുരുഷ ശ്രീമന്ത ശങ്കര സ്ഥാപിച്ച, പരമ്പരാഗത അവതരണകലകളുടെ കേന്ദ്രങ്ങളാണ് സത്രകൾ.
'മുഖംമൂടികൾക്ക് ഞങ്ങളുടെ സംസ്കാരത്തിൽ ഏറെ പ്രാധാന്യമുണ്ട്; ഇന്ന്, അവ നിർമ്മിക്കുന്ന ഒടുവിലത്തെ ചില കുടുംബങ്ങളിൽന്നാണ് ഞങ്ങളുടേത്', അനുപം ഗോസ്വാമി പറയുന്നു
ഗോസ്വാമി കുടുംബത്തിന്റെ വീട്ടിൽനിന്ന് പത്തടിയിൽ താഴെ മാത്രം അകലത്തിലുള്ള രണ്ടു മുറികളിലാണ് അവരുടെ വർക്ക്ഷോപ്പ് പ്രവർത്തിക്കുന്നത്. മുളയിൽ നിർമ്മിച്ച, ആനയുടെ വലിയ ഒരു മുഖംമൂടിയുടെ മാതൃക, പണി പൂർത്തിയാക്കാനായി ഒരു മൂലയിലുള്ള മേശമേൽ വച്ചിരിക്കുന്നു. ഈ വർക്ക്ഷോപ്പ് സ്ഥാപിക്കുകയും ഈ കലാരൂപത്തിന്റെ വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നൽകുകയും ചെയ്തതിനുള്ള ആദരസൂചകമായി, 2003-ൽ ധീരേൻയുടെ പിതാവ്, പരേതനായ കോശാ കാന്ത ദേവ ഗോസ്വാമിക്ക് വിശിഷ്ടമായ സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
എക്സിബിഷൻ ഹാളിന്റെ ചുവരുകളിൽ, പല ആകൃതിയിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള മുഖംമൂടികൾ ചില്ലുകൂടുകൾക്കുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടുകൾക്കുള്ളിൽ ഒതുങ്ങാത്തവ -പത്തടിയോളം നീളമുള്ള, ശരീരം മുഴുവൻ മൂടുന്ന മുഖംമൂടികൾ - പുറത്താണ് വെച്ചിരിക്കുന്നത്. ദ്വീപിൽ നടക്കുന്ന മതപരമായ ഉത്സവങ്ങളായ ഭാവോനയുടെയും (മതപരമായ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരമ്പരാഗതമായ വിനോദ പരിപാടി) രാസ് മഹോത്സവ ത്തിന്റെയും (കൃഷ്ണന്റെ നൃത്തം ആഘോഷിക്കുന്ന ഉത്സവം) സമയത്ത് ഉപയോഗിക്കുന്ന, ശരീരമൊന്നാകെ മൂടുന്ന ഗരുഡന്റെ (പുരാണകഥാപാത്രമായ പരുന്ത്) മുഖംമൂടി ധീരേൻ ഞങ്ങൾക്ക് കാണിച്ചുതന്നു.
2018-ൽ എപ്പോഴോ, അമേരിക്കയിലെ ഒരു മ്യൂസിയം, ഈ വലിപ്പത്തിലുള്ള 10 മുഖംമൂടികൾ നിർമ്മിക്കാനുള്ള ഓർഡർ ഞങ്ങൾക്ക് തന്നു. ഇവയുടെ ഭാരം വളരെ കൂടുതലായതിനാൽ ഡിസൈനിൽ മാറ്റം വരുത്തിയാണ് ഞങ്ങൾ അവ ചെയ്തുകൊടുത്തത്," അനുപം പറയുന്നു.
ഈ കലാരൂപത്തിലെ പുത്തൻ പരീക്ഷണങ്ങളുടെ തുടക്കമായിരുന്നു അത് - മടക്കാൻ പറ്റുന്നതും എളുപ്പത്തിൽ അയയ്ക്കാനും ഒന്നിച്ചുചേർക്കാനും കഴിയുന്നതുമായ മുഖംമൂടികൾ കലാകാരൻമാർ നിർമ്മിച്ചുതുടങ്ങി. "മുഖംമൂടികൾ ആളുകളുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതിയിൽ ഞങ്ങൾ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കൽ ഇവിടെയെത്തിയ ചില വിനോദസഞ്ചാരികൾ അവർക്ക് മറ്റുള്ളവർക്ക് സമ്മാനിക്കാൻ കഴിയുന്ന, ചുവരിൽ തൂക്കിയിടാൻ പറ്റുന്ന മുഖംമൂടികൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഞങ്ങൾ അത് ഉണ്ടാക്കിക്കൊടുത്തിരുന്നു. കാലത്തിനനുസരിച്ച്, എല്ലാവരും മാറേണ്ടതുണ്ട്," ഇത്തരം മാറ്റങ്ങൾ പാരമ്പര്യ ലംഘനമാണെന്ന് കരുതുന്ന വിമർശകരെ തള്ളി അനുപം പറയുന്നു.
നിലവിൽ, ഇവരുടെ കച്ചവടം ഏറെയും വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ്. "നേരത്തെയൊന്നും ഞങ്ങൾ സമ്പാദിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. ഇന്ന്, വിനോദസഞ്ചാരികൾ എത്തുന്ന മാസങ്ങളിൽപ്പോലും സാമ്പത്തികസ്ഥിരത ഉണ്ടാകുന്നില്ല," അനുപം ആശങ്കയോടെ പറയുന്നു.
ഈയടുത്ത കാലത്ത് ദീബ്രുഗഡ് സർവ്വകലാശായിൽനിന്ന് ടൂറിസത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അനുപം, ഇരു ചിന്താധാരകളെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ദൃഢനിശ്ചയത്തോടെ ഈ വ്യസായത്തിലെ പുത്തൻ സാധ്യതകൾ തേടുകയാണ്. "ഞങ്ങളുടെ പരമ്പരാഗത ബിസിനസ്സ് മെച്ചപ്പെടുത്താൻ എനിക്ക് ഒരുപാട് ആശയങ്ങളും സ്വപ്നങ്ങളുമുണ്ട്. എന്നാൽ, അതിനാവശ്യമായ നിക്ഷേപം കണ്ടെത്താൻ ആദ്യം സ്വന്തമായി സമ്പാദ്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്ന് എനിക്കറിയാം."
ഈ കല പഠിക്കാനെത്തുന്ന ഏതൊരാൾക്കും ഗോസ്വാമി കുടുംബം ഇപ്പോഴും അത് പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. "ഒരുവർഷം പത്ത് വിദ്യാർഥികളെങ്കിലും ഞങ്ങളുടെ അടുക്കൽ എത്താറുണ്ട്. അവരിൽ മിക്കവരും സമീപഗ്രാമങ്ങളിലെ കാർഷിക കുടുംബങ്ങളിൽനിന്നുള്ളവരാണ്. തുടക്കത്തിൽ, സ്ത്രീകൾക്ക് ഇതിൽ പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്," അനുപം പറയുന്നു. വർക്ക്ഷോപ്പിൽവെച്ച് വിദ്യാർഥികൾ നിർമ്മിക്കുന്ന മുഖംമൂടികൾ കേന്ദ്രയിൽ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്; വില്പനയിൽനിന്ന് ലഭിക്കുന്ന തുകയിൽനിന്നൊരു വിഹിതം വിദ്യാർത്ഥികൾക്കുള്ളതാണ്.
അടുത്തുതന്നെ ചെയ്തുകൊടുക്കേണ്ട ഒരു ഓർഡറിൽ ഉൾപ്പെട്ട മുഖംമൂടി ഉണ്ടാക്കാനായി വർക്ക്ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് വിദ്യാർത്ഥികളിലൊരാളായ ഗൗതം ഭുയാൻ,. കമലാബാരി ബ്ലോക്കിന് കീഴിലുള്ള, സമീപഗ്രാമമായ പോത്യാരിയിലാണ് ഈ 22-കാരൻ താമസിക്കുന്നത്. അവിടെ അദ്ദേഹത്തിന്റെ കുടുംബം എട്ട് ബീഗ (ഏകദേശം 2 ഏക്കർ) നിലത്ത് നെല്ല് കൃഷിചെയ്യുന്നുണ്ട്. "ഇവിടെ ആളുകൾ മുഖംമൂടികൾ ഉണ്ടാക്കുന്നത് കണ്ടപ്പോൾ എനിക്ക് ആകാംക്ഷ തോന്നി. അങ്ങനെയാണ് കൃഷിയിടത്തിൽ സഹായിക്കാൻ പോകാത്ത ദിവസങ്ങളിൽ, സ്കൂൾ സമയം കഴിഞ്ഞ് ഞാൻ ഇവിടെ പഠിക്കാൻ തുടങ്ങിയത്," അദ്ദേഹം പറയുന്നു.
നിലവിൽ ഗൗതം ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വഴി വ്യക്തിപരമായും ഓർഡർ സ്വീകരിക്കുന്നുണ്ട്. "ഓർഡർ കിട്ടുന്നതനുസരിച്ചാണ് എന്റെ വരുമാനം. ചിലപ്പോഴെല്ലാം ഇവിടെ (കേന്ദ്രയിൽ) വലിയ ഓർഡറുകൾ വരുമ്പോൾ, ഞാൻ ഇവിടെയും ജോലി ചെയ്യാറുണ്ട്," അദ്ദേഹം പറയുന്നു. ഈ കല പഠിച്ചതിലൂടെ പണം മാത്രമല്ല തനിക്ക് സമ്പാദിക്കാനായതെന്ന് പറഞ്ഞ് അദ്ദേഹം പുഞ്ചിരിക്കുന്നു. "രാജ്യത്തുടനീളം, ഞങ്ങൾ പ്രകടനം നടത്തുന്ന ഇടത്തേയ്ക്കെല്ലാം മുഖംമൂടികളുംകൊണ്ട് എനിക്ക് യാത്രചെയ്യാൻ പറ്റുന്നുണ്ട്. ഒരുപാട് വ്യൂകൾ ലഭിച്ച ഒരു ബോളിവുഡ് സംഗീത വിഡിയോയിൽ അഭിനയിക്കാൻപോലും എനിക്ക് അവസരം കിട്ടി!"
അടുത്തിടെ ഗൗതമും അനുപമും അഭിനയിച്ച ഒരു ബോളിവുഡ് സംഗീത വീഡിയോയ്ക്ക് യൂട്യൂബിൽ 450 ദശലക്ഷത്തിലധികം വ്യൂകൾ ലഭിച്ചിരുന്നു. വീഡിയോയുടെ തുടക്കത്തിൽ, രാമായണത്തിലെ കഥാപാത്രമായ 10 തലയുള്ള രാവണനായി, സ്വയം നിർമ്മിച്ച മുഖംമൂടി അണിഞ്ഞാണ് അനുപം പ്രത്യക്ഷപ്പെട്ടത്. "പക്ഷെ വീഡിയോയുടെ ക്രെഡിറ്റ്സിൽ എന്റെ പേര് ഒരിക്കൽപ്പോലും പരാമർശിച്ചില്ല," തനിക്ക് പുറമേ, വീഡിയോയിൽ സ്വയം നിർമ്മിച്ച വേഷവിധാനമണിഞ്ഞ് അഭിനയിച്ച വേറെ രണ്ടു കലാകാരന്മാരും അവഗണിക്കപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഈ ലേഖനം എഴുതാൻ പിന്തുണ നൽകിയ പാരിയിലെ മുൻ ഇന്റേണുകളായ സബ്‌സാര അലി, നന്ദിനി ബോറ, വൃന്ദ ജെയിൻ എന്നിവർക്ക് ലേഖിക നന്ദി അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്