തേജ്‌ലിബായി ധേദിയ സാവകാശം അവരുടെ സ്വന്തം നാടൻ വിത്തുകളിലേക്ക് മടങ്ങുകയാണ്.

കഷ്ടിച്ച് 15 വർഷം മുമ്പാണ്, മധ്യ പ്രദേശിലെ അലിരാജ്പുർ, ദേവാസ് ജില്ലകളിലെ തേജ്‌ലി ഭായിയെപ്പോലുള്ള ഭിൽ ആദിവാസികൾ ജൈവകൃഷിയിലൂടെ അവർ വളർത്തിയെടുത്ത തനത് വിത്തുകളിൽനിന്ന്, രാസവളപ്രയോഗങ്ങളിലൂടെ സങ്കര വിത്തുകളിലേക്ക് മടങ്ങിയത്. അതിലൂടെ, സ്വന്തമായ വിത്തിനങ്ങൾ നഷ്ടപ്പെട്ടുവെന്ന്, തേജ്‌ലിബായി പറയുന്നു. “ഞങ്ങളുടെ പരമ്പരാഗത കൃഷി സമ്പ്രദായം ധാരാളം അദ്ധ്വാനം ആവശ്യമുള്ള ഒന്നാണ്. എന്നാൽ കമ്പോളത്തിൽനിന്ന് കിട്ടുന്ന വില, അതിനനുസരിച്ചുള്ളതായിരുന്നില്ല. കൃഷിസമയം ലാഭിച്ച സമയം ഗുജറാത്തിലേക്ക് കുടിയേറാനും, കൂടുതൽ ഉയർന്ന കൂലിപ്പണി ചെയ്ത് പണം സമ്പാദിക്കാനും ഉപയോഗിച്ചു,” 71 വയസ്സുള്ള അവർ പറയുന്നു.

എന്നാലിന്ന്, ഈ ജില്ലകളിലെ 20 ഗ്രാ‍മങ്ങളിൽ, 500-ഓളം സ്ത്രീകൾ കൻസരി നു വദാവ്നോവിന്റെ (കെ.എൻ.വി) ഉപദേശപ്രകാരം അവരുടെ നാടൻ ഇനം വിത്തുകൾ സംരക്ഷിക്കുന്നതിലേക്കും ജൈവകൃഷിയിലേക്കും മടങ്ങി. ഭിലുകളുടെ ഭാഷയിൽ (ഭിലാലി എന്ന് പ്രാദേശികമായി അറിയപ്പെടുന്നു) കൻസരി ദേവതയെ ആരാധിക്കുന്നതിനെയാണ് കൻസാരി നു വദാവ്നൊ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആരോഗ്യകാര്യങ്ങളിൽ പ്രവർത്തിക്കുന്നതിനുമായി 1997-ൽ ഭിൽ ആദിവാസി സ്ത്രീകൾ സ്ഥാപിച്ച ജനകീയസംഘടനയാണ് കെ.എൻ.വി. പരമ്പരാഗത കൃഷിയിലേക്ക് മടങ്ങിയാൽ മാത്രമേ സ്ത്രീകളുടേതായ പോഷകപ്രശ്നങ്ങൾക്ക് സമാധാനമുണ്ടാകൂ എന്ന്, ആരോഗ്യരംഗത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം പ്രവർത്തിച്ചപ്പോൾ, കെ.എൻ.വി.യുടെ സ്ഥാപനത്തിൽ പങ്കെടുത്ത ആദിവാസി സ്ത്രീകൾക്ക് മനസ്സിലായി.

വിൽക്കാനും രാജ്യത്താകമാനമുള്ള കൃഷിക്കാർക്കിടയിൽ ജൈവവൈവിദ്ധ്യ ജൈവകൃഷിയെക്കുറിച്ച് അവബോധം വളർത്താനുമായി, കെ.എൻ.വി.യിൽ, തിരഞ്ഞെടുത്ത വിത്തുകൾ,   പ്രത്യേകം സൂക്ഷിച്ചുവെക്കുന്നു. വിളവിൽ ബാക്കിവരുന്നത് ഉപയോഗത്തിനായി മാറ്റിവെക്കുകയും ചെയ്യുന്നുവെന്ന്, കാവ്ഡ ഗ്രാമത്തിൽ റിങ്കു അലാവ സൂചിപ്പിക്കുന്നു. “വിളവെടുപ്പിനുശേഷം ഞങ്ങൾ നല്ല വിത്തുകൾ തിരഞ്ഞെടുക്കുന്നു,” 39 വയസ്സുള്ള അവർ കൂട്ടിച്ചേർത്തു.

“വിത്ത് തിരഞ്ഞെടുക്കുന്നതിലൂടെയാണ് അവയുടെ മേന്മയും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയുക,” കാക്രാന ഗ്രാമത്തിലെ കൃഷിക്കാരിയും കെ.എൻ.വി. അംഗവുമായ റായ്തിബായി സോളങ്കി പറയുന്നു.

“ചെറുധാന്യങ്ങളും അരിച്ചോളവുമാണ് ഞങ്ങൾ ഭിൽ ഗോത്രക്കാരുടെ മുഖ്യഭക്ഷണം. ധാന്യങ്ങളിൽ‌വെച്ച്, വെള്ളം ഏറ്റവും കുറവ് ആവശ്യമുള്ളതും പോഷകസ‌മൃദ്ധവുമാണ് ചെറുധാന്യങ്ങൾ. നെല്ല്, ഗോതമ്പ് തുടങ്ങിയവയേക്കാൾ എളുപ്പമാണ് അവയുടെ കൃഷി,” 40 വയസ്സുള്ള റായ്തിബായി ചൂണ്ടിക്കാട്ടി. വിവിധ മില്ലറ്റുകളുടെ പേരുകൾ അവർ പറയാൻ തുടങ്ങി. ബട്ടി, ഭാദി, രാല, റാഗി, ബജ്ര, കോഡോ, കുട്കി, സാംഗ്രി. “മണ്ണിന്റെ സ്വാഭാവികമായ വളക്കൂറ് നിലനിർത്താൻ, ഇവയോടൊപ്പം, ബീൻസ്, പയറ്, എണ്ണക്കുരുക്കൾ എന്നിവയും കൃഷി ചെയ്യാറുണ്ട്.”

PHOTO • Rohit J.
PHOTO • Rohit J.

തന്റെ ഏകവിള നെൽ‌പ്പാടത്ത് തേജ്‌ലിബായി, തന്റെ ബാൺ‌യാഡ് മില്ലറ്റ് പാടത്ത് റായ്തിബായി

PHOTO • Rohit J.
PHOTO • Rohit J.

സൊർഗം. ‘പ്രാദേശികമായി, ബട്ടി എന്നറിയപ്പെടുന്ന കവടപ്പുല്ല് (ബാൺയാഡ് മില്ലറ്റ്)

തനത് വിത്തുകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ജൈവകൃഷി തിരിച്ചുകൊണ്ടുവരുന്നതിനും, കെ.എൻ.വി. എന്ന ഗോത്ര സ്ത്രീകളുടെ ഈ സഹകരണപ്രസ്ഥാനം അദ്ധ്വാനിക്കുന്നു.

വളവും ചാണകവും തയ്യാറാക്കാൻ ധാരാളം സമയമെടുക്കുന്നതിനാൽ, പതുക്കെ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് മധ്യ പ്രദേശിലെ അലിരാജ്പുർ ജില്ലയിലെ ഖോഡ് അംബ ഗ്രാമത്തിൽ താമസിക്കുന്ന തേജ്‌ലിബായി പറയുന്നു. “എന്റെ സ്വന്തം ആവശ്യത്തിന് മാത്രമായി, കൃഷിയിടത്തിലെ ചെറിയൊരു ഭാഗത്ത് മാത്രമാണ് ഞാൻ തനത് വിത്തുകൾ വിതയ്ക്കുന്നത്. ജൈവകൃഷിയിലേക്ക് പൂർണ്ണമായി മാറാനാവില്ല.” ജോവർ, മക്ക (അരിച്ചോളം), നെല്ല്, പയറുകൾ, പച്ചക്കറികൾ എന്നിവ സ്വന്തമായ മൂന്നേക്കർ സ്ഥലത്ത് കൃഷി ചെയ്യാൻ അവർ മഴയെയാണ് ആശ്രയിക്കുന്നത്.

കമ്പോസ്റ്റുകളും ബയോകൾച്ചറും ഉപയോഗിച്ചുകൊണ്ടുള്ള ജൈവകൃഷിയും തിരിച്ചുവരുന്നുണ്ടെന്ന് ദേവാസ് ജിലയിലെ ജമാസിന്ധിലെ താമസക്കാരനായ വിക്രം ഭാർഗവ വിശദീകരിക്കുന്നു. ശർക്കര, പരിപ്പ്, ചാണകം, ഗോമൂത്രം എന്നിവ ചേർത്ത് പുളിപ്പിച്ചാണ് ബയോകൾച്ചർ തയ്യാറാക്കുന്നത്

“കൃഷിയിടത്തിൽനിന്നുള്ള ജൈവവസ്തുക്കൾ കന്നുകാലികളുടെ ചാണകവുമായി കലർത്തി അടുക്കടുക്കായി കുഴിയിലിട്ട്, തുടർച്ചയായി നനച്ചിട്ടാണ് കമ്പോസ്റ്റുണ്ടാക്കുന്നത്” 25 വയസ്സുള്ള ബരേലാ ആദിവാസി പറയുന്നു. ശേഷം അത് പരത്തി, മണ്ണിൽ കലർത്തിയാൽ, അത് കൃഷിക്ക് ഉപകാരപ്പെടും.

PHOTO • Rohit J.
PHOTO • Rohit J.

ബയോമാസ്സിൽ ചാണകം ചേർക്കുന്നു, ബയോകൾച്ചർ ഉണ്ടാക്കുന്നു

PHOTO • Rohit J.
PHOTO • Rohit J.

മിശ്രിതത്തിലേക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം ചേർക്കണം. മിശ്രിതം തയ്യാറായാൽ അത് മണ്ണിൽ കലർത്തി പാടത്ത് പരത്തിയിടണം

*****

കമ്പോളത്തിലെ വിത്തുകളുടെ സമ്മർദ്ദത്തിൽ, നാടൻ വിത്തുകൾ അപ്രത്യക്ഷമായപ്പോൾ, പരമ്പരാഗത ഭക്ഷണങ്ങളും ഇല്ലാതായെന്ന് വേസ്തി പഡിയാർ പറയുന്നു. അതോടൊപ്പംതന്നെ, തവിട് വേർപെടുത്തുന്ന പരമ്പരാഗതമായ രീതിയും ചെറുധാന്യങ്ങൾ കൈകൊണ്ട് പൊടിക്കുന്ന രീതിയും എല്ലാം അപ്രത്യക്ഷമായി. ചെറുധാന്യങ്ങൾ പൊടിച്ച് തയ്യാറാക്കിവെച്ചാൽ, കുറച്ചുകാലമേ സൂക്ഷിക്കാൻ പറ്റൂ എന്നതിനാൽ, പാചകം ചെയ്യുന്ന സമയത്ത് മാത്രമാണ് സ്ത്രീകൾ ചെറുധാന്യങ്ങൾ പൊടിക്കുക.

“കുട്ടിക്കാലത്ത്, ചെറുധാന്യങ്ങൾകൊണ്ട്, റാല, ഭാദി, ബട്ടി തുടങ്ങിയ രുചികരമായ വിഭവങ്ങൾ ഞങ്ങൾ പാചകം ചെയ്തിരുന്നു. മനുഷ്യരെ സൃഷ്ടിച്ചതിനുശേഷം, ദൈവം അവരോട്, പ്രാണൻ ലഭിക്കാൻ, കൻസാരി ദേവതയുടെ മുല കുടിക്കാൻ പറഞ്ഞു. കൻസാരി ദേവതയുടെ അടയാളമായ ജോവർ ഭില്ലുകളെ സംബന്ധിച്ചിടത്തോളം ജീവദായകമായ വസ്തുവാണ്,” വേസ്തി സൂചിപ്പിച്ചു. പ്രാദേശികമായി വളർത്തുന്ന ചെറുധാന്യമാണ് ജോവർ. ഭിലാല സമുദായക്കാരിയായ (സംസ്ഥാനത്ത് പട്ടികഗോത്രക്കാരാണ് ഇക്കൂട്ടർ) 62 വയസ്സായ ഈ കർഷക സ്വന്തമായ നാലേക്കറിൽ കൃഷി ചെയ്യുന്നുണ്ട്. അതിൽ അരയേക്കറിലാണ് അവർ ജൈവകൃഷി ചെയ്യുന്നത്.

ചെറുധാന്യങ്ങൾകൊണ്ടുണ്ടാക്കുന്ന വിഭവങ്ങളെക്കുറിച്ച് ബിച്ചിബായിക്കും നല്ല ഓർമ്മകളുണ്ട്. ദേവാസ് ജില്ലയിലെ പാണ്ഡുതലാബ് ഗ്രാ‍മക്കാരിയായ അവരുടെ ഇഷ്ടവിഭവം മാഹ് കുദ്രിയാണ്. ചെറു അരിയും കോഴിക്കറിയും ചേർത്ത ഒരു വിഭവം. പാലു ശർക്കരയുംകൊണ്ടുണ്ടാക്കുന്ന ഒരു ജോവാർ ഖീറും അവർ ഓർത്തെടുത്തു.

കൈകൊണ്ട് ധാന്യങ്ങൾ പൊടിക്കുന്നത് ഒരു സാമുദായിക ചടങ്ങായിരുന്നു. സ്ത്രീകളെ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്ന ഒന്ന്. “ഞങ്ങൾ നാടൻപാട്ടുകളൊക്കെ പാടി, ജോലി എളുപ്പമാക്കും. എന്നാലിപ്പോൾ, കുടിയേറ്റവും ചെറിയ കുടുംബങ്ങളും കാരണം, സ്ത്രീകൾക്ക് ഒരുമിച്ചിരുന്ന ഇതൊന്നും ചെയ്യാനുള്ള അവസരങ്ങളില്ലാതായി,” 63 വയസ്സുള്ള അവർ സങ്കടപ്പെടുന്നു.

PHOTO • Rohit J.
PHOTO • Rohit J.

പാണ്ഡുതലാബ് ഗ്രാമത്തിലെ കൻസാരി നു വഡാവ്നോ അംഗങ്ങൾ, തനത് വിത്തുകൾ സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു. പക്ഷികൾക്ക് വിളവുകൾ വലിയ ഇഷ്ടമാണ്. അതിനാൽ, ബിച്ചിബായിയെപ്പോലുള്ള കർഷകർക്ക് എപ്പോഴും അവയെ ആട്ടിയോടിക്കേണ്ടിവരാറുണ്ട്

ചെറുധാന്യങ്ങൾ പൊടിക്കുമ്പോൾ കർലിബായിയും ബിച്ചിബായിയും പാട്ട് പാടുന്നു; ഈ പാരമ്പര്യവും മിക്കവാറും ഇല്ലാതായെന്ന് അവർ പറയുന്നു

ചെറുപ്പത്തിൽ താൻ ചെറുധാന്യങ്ങൾ കൈകൊണ്ട് പൊടിച്ചിരുന്നുവെന്ന് കർലിബായി ഭാവ്സിംഗ് ഓർത്തെടുത്തു. അദ്ധ്വാനമുള്ള പണിയായിരുന്നു. “ഇപ്പോൾ ചെറുപ്പക്കാരികളൊക്കെ ചെറുധാന്യങ്ങൾ മില്ലിൽ കൊണ്ടുപോയാണ് പൊടിക്കുന്നത്. അതുകൊണ്ടാണ് അവയുടെ ഉപഭോഗവും കുറഞ്ഞത്,” കാട്കുട് ഗ്രാമത്തിലെ 60 വയസ്സുള്ള ആ സ്ത്രീ പറയുന്നു.

വിത്തുകൾ സൂക്ഷിക്കുന്നതും ഒരു വെല്ലുവിളിയാണ്. “ചേറിയ വിളകൾ ഒരാഴ്ച വെയിലത്തിട്ട് ഉണക്കിയതിനുശേഷമാണ്, മുളങ്കൊട്ടകളിൽ സൂക്ഷിക്കാൻ വെക്കുന്നത്. മുളങ്കൊട്ടകളുടെ ഉൾവശത്ത് ചാണകവും ചളിയും പൂശിയിട്ടുണ്ടാവും. വായുകടക്കാതിരിക്കാൻ. എന്നാൽ‌പ്പോലും, നാലഞ്ച് മാസം കഴിഞ്ഞാൽ, ഇത്തരത്തിൽ സൂക്ഷിച്ച വിളകളെ കീടങ്ങൾ ആക്രമിക്കാൻ തുടങ്ങും. അപ്പോൾ ഇവയെ വീണ്ടും വെയിലത്തിട്ടുണക്കണം,” റായ്തിബായി പറയുന്നു.

പിന്നെ പക്ഷികൾ. അവയും വിളവ് തിന്നാനെത്തും. വിവിധ ധാന്യങ്ങൾ വ്യത്യസ്തമായ കാലങ്ങളിലാണ് പാകമാവുന്നത്. അതുകൊണ്ട്, സദാസമയവും സ്ത്രീകൾ ജാഗ്രതയായി ഇരിക്കണം. “പക്ഷികൾ തിന്നുതീർത്ത്, നമ്മൾ പട്ടിണിയാകാതിരിക്കാൻ എപ്പോഴും നല്ല ശ്രദ്ധ വെക്കണം.”

PHOTO • Rohit J.

ഭിൽ ആദിവാസി കർഷകർ (ഇടത്തുനിന്ന് വലത്തേക്ക് ഗിൽദാരിയ സോളങ്കി, റായ്തിബായി, രമ സസ്തിയ, റിങ്കി അലാവ) കക്രാന ഗ്രാമത്തിൽ ചോളവും ബജ്രയും വിതയ്ക്കുന്നു

PHOTO • Rohit J.
PHOTO • Rohit J.

പുതുതായി വിളവെടുത്ത ഗോംഗുറ – നാരുകളുള്ള, ഗുണഫലമുള്ള ഒരു വിള. പച്ചക്കറിയായും, പൂവായും, എണ്ണക്കുരു എടുക്കാനും പറ്റും. വിളവെടുക്കുന്നതിന് മുമ്പുള്ള വിവിധയിനം ഗോംഗുറയും അതിന്റെ വിത്തുകളും

PHOTO • Rohit J.

ബജ്ര ചോളത്തോടൊപ്പമാണ് വളർത്തുന്നത്. റാലയും (ഫോക്സ് ടെയിൽ മില്ലറ്റ്), ബീൻസ്, പയർ എന്നിവയുടെ വിവിധയിനങ്ങളും

PHOTO • Rohit J.
PHOTO • Rohit J.

കക്രാന ഗ്രാമത്തിലെ ഒരു പാടത്ത് കൃഷി ചെയ്യുന്ന ചോളത്തിന്റെ ഒരു നാടൻ ഇനം. ഫോക്സ് ടെയിൽ മില്ലറ്റ്

PHOTO • Rohit J.

ഒരു ദശാബ്ദത്തിനുശേഷം താൻ വളർത്തിയ ഫോക്സ് ടെയിൽ മില്ലറ്റ് കാണിച്ചുതരുന്ന കർഷകയും കെ.എൻ.വി. അംഗവുമായ വേസ്തിബായി പഡിയാർ

PHOTO • Rohit J.
PHOTO • Rohit J.

ഒക്രയുടെ ഒരു ഇനം, കടുക്

PHOTO • Rohit J.

തണുപ്പുകാല കൃഷിക്ക് മുമ്പ് ജോവർ വിളവെടുക്കുന്ന റായ്തിബായി (ക്യാമറയ്ക്ക് പുറം‌തിരിഞ്ഞ്), റിങ്കു (മദ്ധ്യത്തിൽ), ഉമ സോളങ്കി എന്നിവർ

PHOTO • Rohit J.
PHOTO • Rohit J.

വിളവിനുശേഷം ശേഖരിച്ച അമര വിത്തുകൾ (ഇന്ത്യൻ ഫ്ലാറ്റ് ബീൻസ് ). തുവര, കയ്പ്പക്ക എന്നിവയോടൊപ്പം മില്ലറ്റ് റൊട്ടി. ജൈവമായി വളർത്തിയതും പാണ്ഡുതലാബ് ഗ്രാമത്തിൽനിന്ന് വാങ്ങിയതുമായ ചേരുവകൾകൊണ്ട് നിർമ്മിച്ച വിഭവം

PHOTO • Rohit J.
PHOTO • Rohit J.

അരണ്ടി (ആവണക്ക്), ഉണക്കിയ മഹുവ (മധുക ഇൻഡിക്) പൂവ്

PHOTO • Rohit J.
PHOTO • Rohit J.

കൈകൊണ്ട് പറിച്ചെടുത്ത ചോളവിത്തുകൾ അടുത്ത സീസണിലേക്ക് സൂക്ഷിച്ചുവെക്കുന്ന ബരേല ഗോത്രസമുദായത്തിലെ ഹിരാബായി ഭാർഗവ. മുളകൊണ്ടുള്ള അരിപ്പയുടെ സഹായത്തോടെ ധാന്യങ്ങൾ പൊടിക്കുന്ന, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രവും ഒരു അരിപ്പയും

PHOTO • Rohit J.
PHOTO • Rohit J.

ഇത്തവണ കിട്ടിയ വിളകളിൽനിന്നുള്ള വിത്തുകൾ ചാക്കിലാക്കി മരങ്ങളിൽ കെട്ടിത്തൂക്കിയിരിക്കുന്നു, അടുത്ത വർഷത്തേക്ക് ഉപയോഗിക്കാൻ പാകത്തിൽ. സംരക്ഷിക്കാനുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയും രാ‍ജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്ന ഓർഗാനിക് ഫാമിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മധ്യ പ്രദേശ് ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ സുഭദ്ര ഖാപെർഡെ, ബിച്ചിബായിയോടൊപ്പം

PHOTO • Rohit J.
PHOTO • Rohit J.

രാസവളങ്ങളുപയോഗിച്ച് ചോളക്കൃഷി ചെയ്യുന്ന തങ്ങളുടെ പാടത്ത് വേസ്തിബായിയും പുത്രവധു ജസിയും. ജൈവകൃഷി സമയവും അദ്ധ്വാനവും ആവശ്യമുള്ള ഒന്നാണ്. അതിനാൽ, പൂർണ്ണമായി അതിലേക്ക് മാറുന്നത്, കർഷകർക്ക് അസാധ്യമാണ്. അലിരാജ്പുർ ജില്ലയിലെ ഖോദംബ ഗ്രാമം

പരിഭാഷ: രാജീവ് ചേലനാട്ട്

Rohit J.

রোহিত জে. একজন স্বতন্ত্র চিত্রগ্রাহক, ভারত জুড়ে ছবি তুলে বেড়ান। ২০১২-২০১৫ একটি সর্বভারতীয় সংবাদপত্রে চিত্র সাব-এডিটর হিসেবে কাজ করেছেন তিনি।

Other stories by Rohit J.
Editor : Sarbajaya Bhattacharya

সর্বজয়া ভট্টাচার্য বরিষ্ঠ সহকারী সম্পাদক হিসেবে পিপলস আর্কাইভ অফ রুরাল ইন্ডিয়ায় কর্মরত আছেন। দীর্ঘদিন যাবত বাংলা অনুবাদক হিসেবে কাজের অভিজ্ঞতাও আছে তাঁর। কলকাতা নিবাসী সর্ববজয়া শহরের ইতিহাস এবং ভ্রমণ সাহিত্যে সবিশেষ আগ্রহী।

Other stories by Sarbajaya Bhattacharya
Photo Editor : Binaifer Bharucha

মুম্বই নিবাসী বিনাইফার ভারুচা স্বাধীনভাবে কর্মরত আলোকচিত্রী এবং পিপলস আর্কাইভ অফ রুরাল ইন্ডিয়ার চিত্র সম্পাদক।

Other stories by বিনাইফার ভারুচা
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat