"ഇവിടെ ഭക്ഷണത്തിന് ക്ഷാമമുണ്ട്, എന്നാൽ ഹെറോയിൻ വളരെ എളുപ്പം ലഭിക്കും."
ഹർവൻസ് കൗറിന്റെ ഏകമകൻ ലഹരിക്ക് അടിമയാണ്. "അവനെ പിന്തിരിപ്പിക്കാൻ ഞങ്ങൾ എത്രതന്നെ ശ്രമിച്ചാലും, അവൻ ഞങ്ങളോട് വഴക്ക് കൂടി, പണമെല്ലാം എടുത്തുകൊണ്ടുപോയി ലഹരിമരുന്നുകൾ വാങ്ങുകതന്നെ ചെയ്യും," ഹതാശയായ ആ അമ്മ പറയുന്നു, അവരുടെ 25 വയസ്സുകാരനായ മകന് ഈയടുത്ത് ഒരു കുഞ്ഞ് ജനിച്ചിട്ടുമുണ്ട്. ചിറ്റ (ഹെറോയിൻ), കുത്തിവയ്‌പ്പുകൾ, ലഹരി ഗുളികകൾ എന്നിങ്ങനെ പല രൂപങ്ങളിലായി മയക്കുമരുന്ന് തങ്ങളുടെ ഗ്രാമത്തിൽ സുലഭമായി ലഭ്യമാണെന്ന് അവർ പറയുന്നു.
"സർക്കാർ വിചാരിച്ചാൽ, അമിതമായ ലഹരി ഉപയോഗം തടയാൻ സാധിക്കും. അവർ അത് ചെയ്തില്ലെങ്കിൽ, ഞങ്ങളുടെ കുട്ടികൾ ഇനിയും മരിക്കും." റാവോകെ കലാൻ ഗ്രാമത്തിലുള്ള ഒരു ഉരുളക്കിഴങ്ങ് സംഭരണശാലയിൽ ദിവസവേതന തൊഴിലാളിയാണ് ഹർവൻസ് കൗർ. അവിടെ ഒരു ചാക്ക് ഉരുളക്കിഴങ്ങ് നിറയ്ക്കുന്നതിന് അവർക്ക് 15 രൂപയാണ് കൂലി. ഒരു ദിവസത്തിൽ ഇത്തരം 12 ചാക്കുകൾ നിറച്ച് ഏകദേശം 180 രൂപ അവർ സമ്പാദിക്കുന്നു. ഹർവൻസ് കൗറിന്റെ ഭർത്താവ്, 45 വയസ്സുകാരനായ സുഖ്‌ദേവ് സിംഗ്, നംഗൽ ഗ്രാമത്തിൽനിന്ന് നാല് കിലോമീറ്റർ അകലെ, നിഹാൽ സിംഗ് വാലയിലുള്ള ഒരു വെയർഹൗസിൽ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ്. അദ്ദേഹവും ചാക്കുകളിൽ നെല്ലോ അരിയോ നിറയ്ക്കുന്ന ജോലിയാണ് ചെയ്യുന്നത്; ജോലിയുള്ള ദിവസങ്ങളിൽ അദ്ദേഹത്തിന് 300 രൂപ കൂലി കിട്ടും. ഇവർ രണ്ടുപേരുടെയും വരുമാനംകൊണ്ടാണ് അവരുടെ കുടുംബം മുന്നോട്ട് പോകുന്നത്.
"ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് മയക്കുമരുന്ന് നിർമ്മാർജ്ജനം ചെയ്യുമെന്ന് ആരാണോ വാക്ക് നൽകുന്നത്, അവർക്കാണ് ഞങ്ങളുടെ വോട്ട്," കിരൺ കൗർ ആമുഖമൊന്നും ഇല്ലാതെ നേരിട്ട് വിഷയത്തിലേക്ക് കടന്നു. പഞ്ചാബിലെ മോഗ ജില്ലയിലുള്ള നംഗൽ ഗ്രാമത്തിൽ ഹർവൻസ് കൗറിന്റെ അയല്പക്കത്ത് താമസിക്കുകയാണ് കിരൺ.
കിരണിന്റെ ഭർത്താവും ലഹരിയ്ക്ക് അടിമയാണ് എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ അവരുടെ നിലപാട് വ്യക്തമാണ്. "കൂലിപ്പണിക്കാരനായ എന്റെ ഭർത്താവ് മയക്കുമരുന്നിന് അടിമയാണ്. കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ഈ ആസക്തിയുടെ പിടിയിലാണ്. അദ്ദേഹം സമ്പാദിക്കുന്ന പണം മുഴുവനും മയക്കുമരുന്ന് വാങ്ങാനാണ് ചിലവിടുന്നത്," മൂന്ന് വയസുള്ള ഒരു മകളും ആറ് മാസം പ്രായമുള്ള ഒരു മകനുമുള്ള കിരൺ പറയുന്നു.
തന്റെ എട്ടംഗ കുടുംബം താമസിക്കുന്ന വീടിന്റെ ചുവരുകളിലുള്ള വലിയ വിള്ളലുകളിലേയ്ക്ക് നോക്കി അവർ ചോദിക്കുന്നു, "ഈ മുറികളെല്ലാം നന്നാക്കാനുള്ള പണം എങ്ങനെ ഉണ്ടാക്കാനാണ്?"
ജൂൺ 1-നു വോട്ടെടുപ്പ് നടക്കുന്ന ഫരീദ്കോട്ട് പാർലമെന്ററി മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് മോഗ ജില്ലയിലെ നംഗൽ ഗ്രാമം.
ആറ് മാസം മുൻപ്, നംഗൽ സ്വദേശിയായ ഒരു 24 വയസ്സുകാരൻ മയക്കുമരുന്നിന്റെ അമിതോപയോഗംമൂലം മരണപ്പെടുകയുണ്ടായി. ആ യുവാവിന്റെ വിയോഗം ഇന്നും ഗ്രാമവാസികളുടെ മനസ്സിൽ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു. "ഇവിടെ തൊഴിലില്ലായ്മ രൂക്ഷമായതിനാൽ ഭൂരിഭാഗം ചെറുപ്പക്കാരും വീട്ടിൽ വെറുതെ ഇരിപ്പാവുകയും ക്രമേണ മോശം കൂട്ടുകെട്ടിൽ പെട്ടുപോകുകയുമാണ് ചെയ്യുന്നത്," 2008 മുതൽ നംഗൽ ഗ്രാമത്തിൽ ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്ട്) വർക്കറായി ജോലി ചെയ്തുവരുന്ന പരംജീത് കൗർ പറയുന്നു.
"സർക്കാരിന് മാത്രമേ ഈ സ്ഥിതി (ലഹരിയുടെ വ്യാപനം) മാറ്റിയെടുക്കാൻ സാധിക്കൂ," അവർ കൂട്ടിച്ചേർക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2022-ൽ പഞ്ചാബിൽ 144 പേർ (എല്ലാവരും പുരുഷന്മാർ) ലഹരിയുടെ അമിതോപയോഗം മൂലം മരണപ്പെട്ടിട്ടുണ്ട്.
2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിനിടെ, ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ, തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ മൂന്ന് മാസത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും എന്ന് വാഗ്ദാനം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി, പഞ്ചാബ് മുഖ്യമന്ത്രിയായ ഭഗ്‌വന്ത് മന്നും 2023 ഓഗസ്റ്റ് 15-ന് പട്യാലയിൽവെച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ഒരുവർഷത്തിനകം സംസ്ഥാനത്തുനിന്ന് മയക്കുമരുന്ന് തുടച്ചുനീക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി.
സംസ്ഥാന സർക്കാരുകൾ, തങ്ങൾക്ക് കീഴിലുള്ള എക്‌സൈസ് വകുപ്പുകളിലൂടെ ചില ലഹരി മരുന്നുകളുടെ വില്പനയും ഉപയോഗവും ഉപഭോഗവും വ്യാപാരവും നിയന്ത്രിക്കുന്നുണ്ട് . എന്നാൽ വാസ്തവത്തിൽ, മയക്കുമരുന്നുകളുടെ വില്പനയും വ്യാപാരവും സുസംഘടിതമായ മാഫിയകളുടെ നിയന്ത്രണത്തിലാണെന്ന് പ്രദേശവാസികൾ പറയുന്നു. "മോഗ, ലുധിയാന, ബർണാല തുടങ്ങിയ സ്ഥലങ്ങളിൽ ബന്ധങ്ങളുള്ള, ഞങ്ങളുടെ ഗ്രാമത്തിന് പുറത്തുനിന്നുള്ള ആളുകളാണ് ഇവിടെ മയക്കുമരുന്ന് എത്തിക്കുന്നത്," നംഗലിൽ പ്രവർത്തിക്കുന്ന കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയിലെ അംഗമായ ബൂട്ട നംഗൽ പറയുന്നു.
1985-ലെ നാർക്കോട്ടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക് ട് പ്രകാരം, ഇന്ത്യയിൽ ലഹരിമരുന്നുകൾ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. "പക്ഷെ ഇക്കാര്യത്തിൽ നടപടികളൊന്നും എടുക്കാതിരിക്കാൻ പോലീസുകാർക്കുമേൽ കടുത്ത സമ്മർദമുണ്ട്," കമ്മിറ്റിയിലെ മറ്റൊരംഗമായ സുഖ്ചെയ്ൻ സിംഗ് പറയുന്നു. "ഒരു എം.എൽ.എ വിചാരിച്ചാൽപ്പോലും, ഞങ്ങളുടെ ഗ്രാമത്തിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നത് തടയാനാകും," അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിലവിൽ കോൺഗ്രസ്സ് പാർട്ടിയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, മുൻ ഗ്രാമത്തലവനായ ലഖ്‌വീർ സിംഗിനും ഇതേ അഭിപ്രായമാണ്; " സർക്കാർ വിചാരിച്ചാൽ മാത്രമേ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകൂ." അദ്ദേഹം പറയുന്നു.
എന്നാൽ രാഷ്ട്രീയക്കാർ ഈ വിഷയം ഗൗരവമായിട്ടെടുക്കുന്നില്ലെന്ന് നംഗൽ ഗ്രാമവാസിയായ കമൽജീത് കൗർ പറയുന്നു. ഫരീദ്കോട്ട് മണ്ഡലത്തിൽ എ.എ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കമൽജീത് അൻമോൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ മയക്കുമരുന്നിന്റെ അമിതോപയോഗം ഉയർത്തുന്ന പ്രശ്നങ്ങൾ പരാമർശിക്കുകപോലും ചെയ്തില്ലെന്ന് അവർ കൂട്ടിച്ചേർക്കുന്നു. "വനിതാ വോട്ടർമാർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്, ഞങ്ങളോട് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്," ദളിത് വിഭാഗത്തിൽ ഉൾപ്പെട്ട മസബി സിഖ് സമുദായക്കാരിയായ ആ 40 വയസ്സുകാരി പറയുന്നു. "നിർഭാഗ്യവശാൽ, രാഷ്ട്രീയകക്ഷികളാരുംതന്നെ ഇതേപ്പറ്റി സംസാരിച്ചിട്ടില്ല," മേയ് മാസത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ കമൽജീത്തിന്റെ ഗ്രാമത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാൻ നടന്നുപോകുന്നതിനിടെ അവർ പറഞ്ഞു.
*****
കിരണിന്റെ ഭർത്താവിന് മയക്കുമരുന്നിനോടുള്ള ആസക്തി ശമിക്കുന്ന ലക്ഷണമൊന്നും കാണാനില്ലെന്നിരിക്കെ, കുടുംബച്ചിലവുകൾ നടത്താനുള്ള വരുമാനം കണ്ടെത്തേണ്ട ചുമതല പൂർണ്ണമായും കിരണിന്റെ ചുമലിലാണ്. ഭൂവുടമകളുടെ കൃഷിയിടങ്ങളിൽ തൊഴിലാളിയായി ജോലി ചെയ്യുന്ന ഈ 23 വയസ്സുകാരിക്ക് അവസാനമായി കൂലി കിട്ടിയത് 2024 ഫെബ്രുവരിയിലാണ്. അന്ന്, തന്റെ നവജാത ശിശുവിനെ പാടത്ത് ഒരു മരത്തണലിൽ പ്ലാസ്റ്റിക്ക് ചാക്കിൽ കിടത്തിയാണ് അവർ ഉരുളക്കിഴങ്ങ് പറിക്കുന്ന ജോലി ചെയ്തത്. 20 ദിവസത്തോളം നീണ്ടുനിന്ന ആ ജോലിക്ക് അവർക്ക് ദിവസക്കൂലിയായി 400 രൂപയാണ് വാഗ്ദാനം ചെയ്യപ്പെട്ടതെങ്കിലും ഒടുവിൽ ലഭിച്ചത് 300 രൂപയാണ്.
അവരോടൊപ്പം ജോലി ചെയ്തിരുന്ന സുഹൃത്തും അയൽവാസിയുമായ അമൻദീപ് കൗർ പറയുന്നത്, (ഉയർന്ന ജാതിക്കാരായ) കർഷകർ തങ്ങളെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ കൊണ്ടുപോകുമെങ്കിലും, തങ്ങളെപ്പോലെയുള്ള കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലി ലഭിക്കുന്നില്ലെന്നാണ്. "ആരാണ് ഞങ്ങൾക്കൊപ്പം നിൽക്കുന്നത്? ആരുമില്ല. ഞങ്ങൾ പട്ടികജാതിക്കാരായതുകൊണ്ട് അവർ ഞങ്ങളെ ഒപ്പം നിർത്തില്ല; പക്ഷെ മറ്റാരേക്കാളും അധ്വാനിക്കുന്നത് ഞങ്ങളാണ്."
പഞ്ചാബിലെ ജനസംഖ്യയുടെ 31.94 ശതമാനവും കിരണിനെയും അമൻദീപിനെയുംപോലെയുള്ള ദളിത് വിഭാഗക്കാരാണ്-ജനസംഖ്യയിൽ ദളിതരുടെ അനുപാതം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് പഞ്ചാബ്. (2011-ലെ കണക്കെടുപ്പ് പ്രകാരം). കർഷക പ്രതിഷേധത്തിൽ പങ്കെടുത്തിരുന്ന ദളിത് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്, കുറഞ്ഞ ദിവസക്കൂലി 700-1,000 രൂപ വരെയായി ഉയർത്തണമെന്നതായിരുന്നു.
സ്ത്രീകളായ കർഷകത്തൊഴിലാളികൾക്ക് ഇനി ജോലി ലഭിക്കുക ജൂൺ മാസത്തിൽ ഖാരീഫ് സീസൺ തുടങ്ങുമ്പോഴാണെന്ന് അമൻദീപ് പറയുന്നു. ആ സമയത്ത്, ഏക്കറൊന്നിന് 4,000 രൂപ നിരക്കിൽ നെല്ല് പറിച്ചുനടുന്ന ജോലി ഇവർക്ക് ലഭിക്കും; അപ്പോഴും ഓരോ തൊഴിലാളിക്കും ദിവസേന 400 രൂപ മാത്രമാണ് ലഭിക്കുക. "അതിനുശേഷം, ശൈത്യകാലം മുഴുവനും ഞങ്ങൾക്ക് ജോലിയൊന്നും ഉണ്ടാവില്ല," അവർ കൂട്ടിച്ചേർക്കുന്നു.
പിന്നെയൊരു തൊഴിൽസാധ്യതയുള്ളത്, ഓരോ കുടുംബത്തിനും വർഷത്തിൽ 100 തൊഴിൽദിനങ്ങൾ ഉറപ്പ് നൽകുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി (എം.ജെ.എൻ.ആർ.ഇ.ജി.എ) ബന്ധപ്പെട്ടാണ്. എന്നാൽ ഈ പദ്ധതിക്ക് കീഴിൽ തങ്ങളുടെ ഗ്രാമത്തിൽ 10 തൊഴിൽദിനങ്ങളിലധികം ലഭിക്കാറില്ലെന്ന് കിരണിന്റെ ഭർത്തൃമാതാവ്, 50 വയസ്സുകാരിയായ ബൽജീത് കൗർ പറയുന്നു.
നിത്യച്ചിലവുകൾക്കുള്ള പണം കണ്ടെത്താനായി ബൽജീത്ത് ഉയർന്ന ജാതിക്കാരനായ ഒരാളുടെ വീട്ടിൽ 200 രൂപ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുകയാണ്. അമൻദീപിന് ഒരു പാഠപുസ്തകം പ്ലാസ്റ്റിക്ക് കൊണ്ട് പൊതിയാൻ 20 രൂപ വീതം ലഭിക്കും. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ആം ആദ്മി പാർട്ടി വാഗ്ദാനം ചെയ്തത് പ്രകാരം എല്ലാ മാസവും 1,000 രൂപ ലഭിച്ചിരുന്നെങ്കിൽ വലിയ സഹായമാകുമെന്ന് ഈ സ്ത്രീകൾ പറയുന്നു. "ഞങ്ങൾ ഒരുപാട് ബുദ്ധിമുട്ടി 200 രൂപ കൊടുത്ത് അപേക്ഷ പൂരിപ്പിച്ചുവെങ്കിലും അതെല്ലാം വെറുതെയായി," ബൽജീത് കൗർ പറയുന്നു.
മറ്റ് വഴിയൊന്നുമില്ലാതെ ബൽജീത് തന്റെ ഇളയ മകളായ 24 വയസ്സുകാരി സരബ്‌ജിത് കൗറിനെ ജോലി തേടി യു.കെയിലേയ്ക്ക് പറഞ്ഞയയ്ക്കാൻ ഒരുങ്ങുകയാണ്. മികച്ചൊരു ഭാവിയെന്ന സ്വപ്നവുമായി സരബ്‌ജിത് നടത്തുന്ന ഈ യാത്രയ്ക്ക് 13 ലക്ഷം രൂപയാണ് മുതൽമുടക്ക്; കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന കാറും മോട്ടോർസൈക്കിളും വിറ്റും പലിശക്കാരിൽനിന്ന് കടം വാങ്ങിയുമാണ് അവർ ഈ തുക സ്വരൂപിച്ചത്.
സരബ്‌ജിത് രണ്ടുവർഷം മുൻപ് എഡ്യൂക്കേഷനിൽ ബിരുദം പൂർത്തിയാക്കിയെങ്കിലും അന്നുമുതൽ തൊഴിൽരഹിതയായി തുടരുകയാണ്. "പഞ്ചാബിൽ ജോലിയൊന്നും ലഭ്യമല്ലാത്തതിനാൽ ഇവിടെ സമയം കളയുന്നത് വെറുതെയാണ്. ഇവിടെ മയക്കുമരുന്ന് ഉപയോഗം മാത്രമാണുള്ളത്", അവർ പറയുന്നു.
യു.കെയിൽ ചെന്ന് ജോലി ലഭിക്കുന്നതുവരെ അവിടെയുള്ള സുഹൃത്തുക്കൾക്കൊപ്പം കഴിയാനാണ് ഈ 24 വയസ്സുകാരിയുടെ തീരുമാനം: "വിദേശത്ത് പോകണമെന്നുള്ളത് എന്റെ ബാല്യകാല സ്വപ്നമായിരുന്നു. ഇന്നിപ്പോൾ, ആ സ്വപ്നം ഒരു ആവശ്യമായി മാറിയിരിക്കുന്നു." ദിവസേന രണ്ടുനേരം ചുറ്റുവട്ടത്തുള്ള ഗ്രാമങ്ങളിൽ പാൽ വിതരണം ചെയ്ത് സമ്പാദിക്കുന്ന 1,000 രൂപയിൽനിന്നാണ് ഈ കുടുംബം വായ്പ തിരിച്ചടയ്ക്കാനും വീട്ടുചിലവുകൾ നടത്താനുമുള്ള തുക കണ്ടെത്തുന്നത്.
"രക്ഷിതാക്കൾ എന്ന നിലയ്ക്ക് എന്നെങ്കിലും ഒരുനാൾ ഞങ്ങൾ അവളെ വിവാഹം ചെയ്ത് അയക്കേണ്ടതാണ്, പക്ഷെ ഇപ്പോൾ ഞങ്ങൾ അവളെ വിദേശത്തേയ്ക്ക് അയക്കുകയാണ്. അവൾ നല്ലൊരു നിലയിലെത്തി, അവൾക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം ചെയ്യട്ടെ," ബൽജിത്ത് പറഞ്ഞു നിർത്തുന്നു.
പരിഭാഷ: പ്രതിഭ ആര്‍. കെ .