അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് ഫോട്ടോഗ്രാഫി എന്നും അപ്രാപ്യമായിരുന്നു. ഒരു ക്യാമറ വാങ്ങാനുള്ള സാമ്പത്തികസ്ഥിതി അവർക്കില്ലാത്തത് അതിന് പ്രധാനപ്പെട്ട ഒരു കാരണമാണ്. അവരുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് തിരിച്ചറിഞ്ഞപ്പോഴാണ്, ഈ കുറവ് പരിഹരിക്കണമെന്നും അരികുവത്ക്കരിക്കപ്പെട്ട സമുദായങ്ങളിലെ യുവജനങ്ങൾക്ക് ഫോട്ടോഗ്രാഫി കയ്യെത്തിപ്പിടിക്കാവുന്ന ഒരു സാഹചര്യം ഉണ്ടാക്കണമെന്നും എനിക്ക് അനുഭവപ്പെട്ടത്. ദളിത് സമുദായക്കാർ, മത്സ്യത്തൊഴിലാളികൾ, ട്രാൻസ് സമുദായം, മുസ്ലീങ്ങൾക്കിടയിലെ ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ തലമുറകളായി അടിച്ചമർത്തൽ നേരിടുന്ന വിഭാഗങ്ങളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്.
എന്റെ വിദ്യാർഥികൾ, അധികം പുറത്തറിയാത്ത അവരുടെ കഥകൾ സ്വയം പറയണമെന്നായിരുന്നു എന്റെ ആഗ്രഹം. ഈ വർക്ക്ഷോപ്പുകളിൽ അവർ തങ്ങളുടെ ദൈനംദിന ജീവിതംതന്നെയാണ് ചിത്രീകരിക്കുന്നത്. അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന, അവരുടെ സ്വന്തം കഥകളാണത്. ക്യാമറ കൈകാര്യം ചെയ്യുന്നതും ഫോട്ടോ എടുക്കുന്നതുമെല്ലാം അവർ ആസ്വദിക്കുന്നുണ്ട്. ആദ്യം അവർ ഈ പ്രക്രിയ ആസ്വദിക്കണമെന്നുതന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. ഫ്രെയിമുകളെക്കുറിച്ചും ക്യാമറ ആംഗിളുകളെക്കുറിച്ചുമെല്ലാം അവർക്ക് പിന്നീട് ചിന്തിക്കാമല്ലോ.
അവർ എടുക്കുന്ന അവരുടെ ജീവിതത്തിന്റെ ചിത്രങ്ങൾ; അവ വ്യത്യസ്തമാണ്.
എന്റെ വിദ്യാർഥികൾ അവരെടുത്ത ചിത്രങ്ങൾ എന്നെ കാണിക്കുമ്പോൾ, ഒരു ഫോട്ടോ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്താണെന്നും അത് എന്താണ് നമ്മോട് സംവദിക്കുന്നത് എന്നുമെല്ലാം ഞാൻ അവരുമൊത്ത് ചർച്ച ചെയ്യാറുണ്ട്. വർക്ക്ഷോപ്പിൽ പങ്കെടുത്തതിനുശേഷം അവർ സാമൂഹിക-രാഷ്ട്രീയവിഷയങ്ങളെക്കുറിച്ച് കൂടുതൽ അവബോധമുള്ളവരായി മാറുന്നു.
എന്റെ വിദ്യാർഥികൾ എടുക്കുന്ന മിക്ക ചിത്രങ്ങളും ക്ലോസപ്പുകളായിരിക്കും. സ്വന്തം വീട്ടിൽ, കുടുംബാംഗങ്ങളുടെ ഫോട്ടോ എടുക്കുന്നതുകൊണ്ടുതന്നെ അവർക്ക് ഫോട്ടോയിൽ ഉള്ളവരുടെ തൊട്ടടുത്തുവരെ പോകാനാകും. മറ്റേതൊരാളും പുറമേക്കാരനായത് കൊണ്ടുതന്നെ ഫോട്ടോ എടുക്കുമ്പോൾ അല്പം അകലം പാലിക്കേണ്ടിവരുമല്ലോ. എന്റെ വിദ്യാർഥികൾക്ക് ഫോട്ടോയിൽ ഉള്ളവരുമായി നേരത്തെതന്നെ ആത്മബന്ധം ഉള്ളതുകൊണ്ട് അത് വേണ്ടിവരാറില്ല.
സമാനമനസ്ക്കരായ ആളുകളുടെ സഹായത്തോടെ, എനിക്ക് എന്റെ ട്രെയിനികൾക്കായി ക്യാമറകൾ വാങ്ങാൻ സാധിച്ചു - ഒരു ഡി.എസ്.എൽ. ആർ ക്യാമറ സ്വയം കൈകാര്യം ചെയ്ത് ശീലിക്കുന്നത് ഭാവിയിൽ അവരുടെ ജോലി സുഗമമാക്കും.
അവർ എടുത്ത ചില ചിത്രങ്ങൾ 'റീഫ്രെയിംഡ്-നോർത്ത് ചെന്നൈ ത്രൂ ദി ലെൻസ് ഓഫ് യങ് റെസിഡന്റ്‌സ്' എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. വടക്കൻ ചെന്നൈ ഒരു വ്യാവസായികമേഖലയാണെന്ന പുറത്തുള്ളവരുടെ സങ്കല്പം തകർക്കാനും ഈ പ്രദേശത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് പുനർനിർമ്മിക്കാനും ലക്ഷ്യമിട്ട് സമൂഹത്തിന് നൽകുന്ന ഒരു മുന്നറിയിപ്പാണ് ഈ ചിത്രങ്ങൾ.
മധുരൈയിലെ മഞ്ചമേടിൽനിന്നുള്ള ശുചീകരണത്തൊഴിലാളികളുടെ മക്കളായ പന്ത്രണ്ട് യുവജനങ്ങൾ (16-21 പ്രായവിഭാഗത്തിലുള്ളവർ) എന്നോടൊപ്പം 10 ദിവസത്തെ ഒരു വർക്ക്ഷോപ്പിൽ പങ്കെടുത്തിരുന്നു. അരികുവത്ക്കരിക്കപ്പെട്ട ഈ സമുദായത്തിലെ കുട്ടികൾക്ക് വേണ്ടി നടത്തപ്പെട്ട, ഇത്തരത്തിലുള്ള ആദ്യത്തെ വർക്ക്ഷോപ്പായിരുന്നു അത്. വർക്ക്ഷോപ്പിന്റെ ഭാഗമായി, ഈ കുട്ടികൾ ആദ്യമായി തങ്ങളുടെ രക്ഷിതാക്കൾ ജോലിയെടുക്കുന്ന സാഹചര്യങ്ങൾ കണ്ടുമനസ്സിലാക്കി. അതോടെ തങ്ങളുടെ കഥ ഈ ലോകത്തോട് പറയണമെന്ന തോന്നൽ അവരിൽ ശക്തമായി.
ഒഡീഷയിലെ ഗഞ്ചം പ്രദേശത്ത് നിന്നുള്ള ഏഴ് സ്ത്രീ മത്സ്യതൊഴിലാളികൾക്കും തമിഴ് നാട്ടിലെ നാഗപട്ടിണത്തിൽനിന്നുള്ള എട്ട് സ്ത്രീ മത്സ്യത്തൊഴിലാളികൾക്കും ഞാൻ മൂന്നുമാസം നീണ്ട വർക്ക് ഷോപ്പ് നടത്തുകയുണ്ടായി. തുടർച്ചയായ തീരശോഷണംമൂലം വ്യാപകനാശം സംഭവിച്ചിട്ടുള്ള ഒരു പ്രദേശമാണ് ഗഞ്ചം. തീരപ്രദേശമായ നാഗപട്ടിണത്ത് കൂടുതലുമുള്ളത് കുടിയേറ്റത്തൊഴിലാളികളും ശ്രീലങ്കൻ നാവികസേനയുടെ നിരന്തരമായ ആക്രമണം നേരിടുന്ന മത്സ്യത്തൊഴിലാളികളുമാണ്.
ഈ പ്രദേശങ്ങളിൽനിന്നുള്ളവർ നേരിടുന്ന വ്യതിരിക്തമായ വെല്ലുവിളികൾ അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ ഇത്തരം വർക്ക്ഷോപ്പുകളിലൂടെ രൂപപ്പെട്ടു.
പ്രതിമ, 22
ദക്ഷിൺ ഫൗണ്ടേഷനിൽ ഫീൽഡ് സ്റ്റാഫ്
പൊടാംബെട്ട, ഗഞ്ചം, ഒഡിഷ
ഫോട്ടോഗ്രഫിയിലൂടെ എനിക്ക് എന്റെ സമുദായക്കാർ ചെയ്യുന്ന ജോലിയോട് ആദരവ് പ്രകടിപ്പിക്കാനും ചുറ്റുമുള്ളവരോട് കൂടുതൽ അടുക്കാനും സാധിച്ചു.
അഴിമുഖത്തിനരികെ കുട്ടികൾ ഉല്ലാസപൂർവം ഒരു വഞ്ചി മറിച്ചിടുന്ന ചിത്രമാണ് ഞാൻ എടുത്ത ഫോട്ടോകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരു ക്ഷണനിമിഷത്തെ അനശ്വരമാക്കാൻ ഫോട്ടോഗ്രാഫിക്കുള്ള ശക്തി ഞാൻ തിരിച്ചറിഞ്ഞു.
എന്റെ മത്സ്യത്തൊഴിലാളി സമുദായത്തിലെ ഒരു അംഗം, കടലെടുത്ത് തകർന്നുപോയ വീട്ടിൽ അവശേഷിക്കുന്ന സാധനങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കുന്നതിന്റെ ഒരു ചിത്രം ഞാൻ എടുത്തിരുന്നു. കാലാവസ്ഥാവ്യതിയാനംമൂലം അരികുവത്കൃത സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികൾ വ്യക്തമാക്കിയ ആ ചിത്രം എടുത്തതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
എന്റെ കയ്യിൽ ആദ്യമായി ക്യാമറ കിട്ടിയപ്പോൾ അത് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്തോ ഭാരപ്പെട്ട ഒരു ഉപകരണം കൊണ്ടുനടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. തീർത്തും പുതിയ ഒരു അനുഭവമായിരുന്നു അത്. നേരത്തെ ഞാൻ എന്റെ മൊബൈൽ ഉപയോഗിച്ച് ചില ചിത്രങ്ങൾ എടുക്കുമായിരുന്നെങ്കിലും വർക്ക്ഷോപ്പിൽ പങ്കെടുത്തതിനുശേഷമാണ് എങ്ങനെയാണ് ചിത്രങ്ങളിലൂടെ കഥ പറയുക, എങ്ങനെയാണ് ചിത്രത്തിൽ കാണുന്നവരുമായി ആശയവിനിമയം നടത്തുക എന്നെല്ലാം ഞാൻ കൂടുതൽ മനസ്സിലാക്കിയത്. ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട സാങ്കേതികമായ ആശയങ്ങൾ മനസ്സിലാക്കാൻ തുടക്കത്തിൽ എനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു; എന്നാൽ ഫീൽഡ് വർക്ക്ഷോപ്പും ക്യാമറ സ്വയം കൈകാര്യം ചെയ്തുള്ള അനുഭവവുംകൂടിയായപ്പോൾ എല്ലാം എളുപ്പമായി. ക്ലാസ്സിലെ പാഠങ്ങൾ യഥാർത്ഥ ജീവിതത്തിൽ പ്രയോഗിക്കാൻ എനിക്ക് സാധിച്ചു.
*****
പി. ഇന്ദ്ര, 22
ഡോക്ടർ അംബേദ്ക്കർ ഈവനിംഗ് എഡ്യൂക്കേഷൻ സെന്ററിൽ ബി.എസ്.സി ഫിസിക്സ്
വിദ്യാർത്ഥിനി
ആരപ്പാഴയം, മധുരൈ, തമിഴ് നാട്
"അവനവനെയും, ചുറ്റുപാടുകളെയും, ജോലി ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങളുടെ ആളുകളെയും രേഖപ്പെടുത്തുക”.
എന്റെ കയ്യിൽ ക്യാമറ തരുമ്പോൾ പളനി അണ്ണ പറഞ്ഞ വാക്കുകളാണിത്. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ഞാൻ അപ്പോൾ. തുടക്കത്തിൽ ഇവിടെ വരാൻ അച്ഛൻ എനിക്ക് സമ്മതം തന്നിരുന്നില്ല. കുറച്ച് പണിപ്പെട്ടാണ് അച്ഛന്റെ അനുമതി ലഭിച്ചത്. ഒടുവിൽ അച്ഛൻതന്നെ എന്റെ ചിത്രങ്ങളിലെ കഥാപാത്രമായി.
ശുചീകരണ തൊഴിലാളികൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്. എന്റെ അച്ഛനെപ്പോലെത്തന്നെ അവരും അതിക്രൂരമായ ജാതിസമ്പ്രദായം മൂലം പാരമ്പര്യമായി ലഭിച്ച ഈ തൊഴിലിൽ ജീവിതം കുടുങ്ങിപ്പോയവരാണ്. എന്റെ അച്ഛൻ ഒരു ശുചീകരണത്തൊഴിലാളിയായിട്ടുപോലും, വർക്ക് ഷോപ്പിൽ പങ്കെടുക്കുന്നതുവരെ അവരുടെ ജോലിയെക്കുറിച്ചോ അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോ എനിക്ക് അറിവുണ്ടായിരുന്നില്ല. നല്ലപോലെ പഠിച്ച്, ഒരു സർക്കാർ ജോലി സമ്പാദിക്കണമെന്ന് മാത്രമാണ് എന്നോട് പറഞ്ഞിരുന്നത്. ഒരു കാരണവശാലും ഒരു ശുചീകരണത്തൊഴിലാളി ആകരുതെന്ന് ഞങ്ങളുടെ സ്കൂളിലെ ടീച്ചർ എപ്പോഴും ഞങ്ങളോട് പറയും.
രണ്ട്, മൂന്ന് ദിവസം എന്റെ അച്ഛനോടൊപ്പം പോയി, അദ്ദേഹത്തിന്റെ ജീവിതം രേഖപ്പെടുത്തിയപ്പോഴാണ് അച്ഛന്റെ ജോലി എന്താണെന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയത്. ശുചീകരണത്തൊഴിലാളികൾ എത്ര ദുസ്സഹമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു - ആവശ്യത്തിന് കയ്യുറകളോ ബൂട്ടുകളോ ഇല്ലാതെയാണ് അവർ ഗാർഹിക മാലിന്യങ്ങളും വിഷാംശമുള്ള മാലിന്യങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്നത്. രാവിലെ കൃത്യം 6 മണിക്ക് അവർ ജോലിക്ക് ഹാജരാകണം. ഒരുനിമിഷം വൈകിയാൽ കോൺട്രാക്റ്റർമാരും മറ്റു മേലുദ്യോഗസ്ഥരും തീർത്തും മനുഷ്യത്വരഹിതമായാണ് അവരോട് പെരുമാറുക.
എന്റെ ജീവിതത്തെക്കുറിച്ച് എന്റെ കണ്ണുകൾ കാണാതിരുന്ന വസ്തുതകൾ ക്യാമറ എനിക്ക് കാണിച്ചുതന്നു. ഒരുതരത്തിൽ എനിക്ക് ഒരു മൂന്നാം കണ്ണ് ലഭിച്ചു എന്ന് പറയാം. ഞാൻ എന്റെ അച്ഛന്റെ ഫോട്ടോ എടുക്കുന്നതിനിടെ അദ്ദേഹം തന്റെ ദൈനംദിന പോരാട്ടങ്ങളെക്കുറിച്ചും ചെറുപ്പംമുതൽ ഈ ജോലിയിൽ കുടുങ്ങിപ്പോയതിനെക്കുറിച്ചുമെല്ലാം എന്നോട് സംസാരിക്കുകയുണ്ടായി. ഈ സംഭാഷണങ്ങൾ ഞങ്ങൾക്കിടയിലെ ബന്ധത്തിന് ആഴം പകർന്നു എന്നതാണ് സത്യം.
ഈ വർക്ക്ഷോപ്പ് ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു.
*****
സുഗന്ധി മാണിക്കവേൽ, 27
മത്സ്യത്തൊഴിലാളി
നാഗപട്ടിണം, തമിഴ് നാട്
ക്യാമറ എൻറെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. ക്യാമറ കയ്യിലെടുത്തപ്പോൾ എനിക്ക് സ്വാതന്ത്ര്യവും ആത്മവിശ്വാസവും അനുഭവപ്പെട്ടു. ക്യാമറ കാരണമാണ് ഞാൻ ഒരുപാട് ആളുകളോട് ഇടപഴകിയത്. ഞാൻ ഇക്കാലമത്രയും നാഗപട്ടിണത്താണ് ജീവിച്ചതെങ്കിലും ആദ്യമായിട്ടാണ് ഞാൻ തുറമുഖത്ത് ഒരു ക്യാമറയുമായി പോയത്.
അഞ്ചാം വയസ്സുമുതൽ മത്സ്യബന്ധനം നടത്തുന്ന എന്റെ അച്ഛൻ, 60 വയസ്സുകാരനായ മാണിക്കവേലിന്റെ ചിത്രങ്ങളാണ് ഞാൻ എടുത്തത്. കാലങ്ങളായി ഉപ്പുവെള്ളമേറ്റ് അദ്ദേഹത്തിന്റെ കാൽവിരലുകൾ എല്ലാം മരവിച്ചുപോയിരിക്കുന്നു; വിരലുകളിൽ പരിമിതമായ രക്തചംക്രമണം മാത്രമാണ് ഉള്ളതെങ്കിലും അദ്ദേഹം ഇന്നും ഞങ്ങളെ പോറ്റാനായി മീൻ പിടിക്കാൻ പോകുന്നുണ്ട്.
56 വയസ്സുകാരിയായ പൂപതി അമ്മ വെള്ളപ്പള്ളം സ്വദേശിനിയാണ്. 2002-ൽ അവരുടെ ഭർത്താവിനെ ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയശേഷം, അവർ മത്സ്യം വാങ്ങി, കച്ചവടം ചെയ്താണ് ജീവിക്കുന്നത്. ഞാൻ ചിത്രങ്ങൾ എടുത്ത മറ്റൊരു മത്സ്യത്തൊഴിലാളിയായ തങ്കമ്മാളുടെ കുടുംബത്തിലുള്ളത് വാതരോഗബാധിതനായ ഭർത്താവും സ്കൂൾ വിദ്യാർത്ഥികളായ മക്കളുമാണ്. അതിനാൽ അവർ നാഗപട്ടിണത്തെ തെരുവുകളിൽ മീൻ കച്ചവടം ചെയ്യാൻ തുടങ്ങി.പളങ്കള്ളിമേടിൽനിന്നുള്ള സ്ത്രീകൾ ചെമ്മീൻ കെണികൾവെച്ച് കടലിൽനിന്നും മീൻ പിടിക്കാറുണ്ട്. ഈ രണ്ട് ജീവനോപാധികളും ഞാൻ പകർത്തിയിട്ടുണ്ട്.
ഞാൻ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിലാണ് ജനിച്ചതെങ്കിലും ഒരു പ്രായം എത്തിക്കഴിഞ്ഞതിനുശേഷം ഞാൻ തീരത്തേക്ക് അധികം പോയിരുന്നില്ല. ചിത്രങ്ങളിലൂടെ വസ്തുതകൾ രേഖപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് എന്റെ സമുദായത്തെക്കുറിച്ചും നിത്യജീവിതത്തിൽ ഞങ്ങൾ നേരിടുന്ന കഷ്ടതകളെക്കുറിച്ചുമെല്ലാം മനസ്സിലാക്കാൻ എനിക്ക് സാധിച്ചത്.
എനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് ഈ വർക്ക് ഷോപ്പ് എന്ന് ഞാൻ കരുതുന്നു.
*****
ലക്ഷ്മി എം, 42
മത്സ്യത്തൊഴിലാളി
തിരുമുല്ലൈവാസൽ, നാഗപട്ടിണം, തമിഴ് നാട്
ഫോട്ടോഗ്രാഫറായ പളനി ഞങ്ങളുടെ മത്സ്യത്തൊഴിലാളി ഗ്രാമമായ തിരുമുല്ലൈവാസലിൽ സ്ത്രീ മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കാനെത്തിയപ്പോൾ, ഞങ്ങൾ എന്തിന്റെ ചിത്രങ്ങളാകും എടുക്കുക, എവിടെവെച്ചാകും ചിത്രങ്ങൾ എടുക്കുക എന്നെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ക്യാമറ കയ്യിൽ കിട്ടിയതും ഈ ആശങ്കകൾ എല്ലാം മാറുകയും ഞങ്ങൾക്ക് ആത്മവിശ്വാസം അനുഭവപ്പെട്ട് തുടങ്ങുകയും ചെയ്തു.
എന്നാൽ, ആദ്യദിവസം ആകാശത്തിന്റെയും തീരത്തിന്റെയും ചുറ്റുമുള്ള മറ്റ് സാധനങ്ങളുടെയും ചിത്രങ്ങൾ എടുക്കാൻ ഞങ്ങൾ കടൽക്കരയിലെത്തിയപ്പോൾ, ആ പ്രദേശത്തെ ഗ്രാമത്തലവൻ അവിടെയെത്തി ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ച് തടസ്സമുണ്ടാക്കി. ഞങ്ങൾ പറയുന്നത് കേൾക്കാൻ വിസ്സമ്മതിച്ച അദ്ദേഹത്തിന് ഞങ്ങൾ ഫോട്ടോ എടുക്കുന്നത് തടയാനായിരുന്നു ശുഷ്‌കാന്തി. അതുകൊണ്ടുതന്നെ, അടുത്ത ഗ്രാമമായ ചിന്നക്കുട്ടിയിലേയ്ക്ക് പോയ സമയത്ത്, ഇത്തരം തടസ്സങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി ഞങ്ങൾ ആദ്യംതന്നെ ഗ്രാമത്തിലെ പ്രസിഡന്റിന്റെ അനുമതി വാങ്ങിയിരുന്നു.
ആദ്യതവണ എടുക്കുമ്പോൾ അവ്യക്തമായ ചിത്രങ്ങൾ വീണ്ടും എടുക്കണമെന്ന് പളനി നിർബന്ധം പിടിക്കാറുണ്ട്; ഞങ്ങൾക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാൻ ഇത് സഹായിക്കും. ഒരിക്കലും ധൃതി പിടിച്ച് തീരുമാനങ്ങൾ എടുക്കുകയോ പ്രവർത്തിക്കുകയോ ചെയ്യരുതെന്നാണ് ഇതിൽനിന്ന് ഞാൻ പഠിച്ചത്. ഏറെ ഗുണകരമായ ഒരു അനുഭവമായിരുന്നു അത്.
*****
നൂർ നിഷ കെ, 17
ബി. വോക്ക് ഡിജിറ്റൽ ജേർണലിസം, ലയോള കോളേജ്
തിരുവൊട്രിയൂർ, നോർത്ത് ചെന്നൈ, തമിഴ് നാട്
എന്റെ കയ്യിൽ ആദ്യമായി ഒരു ക്യാമറ കിട്ടിയ സമയത്ത്, അത് എത്ര വലിയ മാറ്റമാണ് കൊണ്ടുവരിക എന്ന് എനിക്കറിയില്ലായിരുന്നു. ഇന്നിപ്പോൾ എന്റെ ജീവിതത്തെ ഫോട്ടോഗ്രഫിക്ക് മുൻപും ശേഷവും എന്നിങ്ങനെ രണ്ടായി പകുക്കാമെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. വളരെ ചെറിയ പ്രായത്തിലാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത്. അന്നുമുതൽ ഞങ്ങളെ പോറ്റാനായി എന്റെ അമ്മ ഏറെ പാടുപെടുന്നുണ്ട്.
ഞാൻ ഇന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത, തീർത്തും പുതിയ ഒരു ലോകമാണ് പളനി അണ്ണ ലെൻസിലൂടെ
എനിക്ക് കാണിച്ചുതന്നത്. ഞങ്ങൾ എടുക്കുന്ന ചിത്രങ്ങൾ വെറും ദൃശ്യങ്ങൾ
മാത്രമല്ലെന്നും അന്യായത്തിനെതിരെ ശബ്ദമുയർത്താൻ ഉതകുന്ന രേഖകളാണെന്നും ഞാൻ മനസ്സിലാക്കി.
അദ്ദേഹം ഞങ്ങളോട് സ്ഥിരമായി പറയാറുള്ളത് ഒരേയൊരു കാര്യമാണ്. "ഫോട്ടോഗ്രഫിയിൽ വിശ്വസിക്കുക, അത് നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിവർത്തിക്കും". ഇത് സത്യമാണെന്നാണ് എനിക്ക് അനുഭവത്തിൽനിന്ന് മനസ്സിലായിട്ടുള്ളത്. എന്റെ അമ്മയ്ക്ക് ജോലിയ്ക്ക് പോകാൻ കഴിയാതിരിക്കുന്ന സന്ദർഭങ്ങളിൽ അവർക്ക് താങ്ങാകാൻ എനിക്ക് ഇപ്പോൾ കഴിയുന്നുണ്ട്.
*****
എസ്. നന്ദിനി, 17
എം.ഓ.പി വൈഷ്ണവ് കോളേജിൽ ജേർണലിസം വിദ്യാർത്ഥിനി
വ്യാസർപാടി, നോർത്ത് ചെന്നൈ, തമിഴ് നാട്
എന്റെ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ചിത്രമാണ് ഞാൻ ഏറ്റവുമാദ്യം എടുത്തത്. കളിക്കുന്നതിനിടെ സന്തോഷം തുടിച്ചുനിൽക്കുന്ന അവരുടെ മുഖങ്ങൾ ഞാൻ പകർത്തി. ക്യാമറക്കണ്ണുകളിലൂടെ എങ്ങനെ ലോകത്തെ നോക്കിക്കാണണമെന്ന് ഞാൻ പഠിച്ചു. ദൃശ്യഭാഷയാണ് ഏറ്റവും എളുപ്പത്തിൽ മനസ്സിലാകുകയെന്നും ഞാൻ തിരിച്ചറിഞ്ഞു.
ചിലപ്പോഴെല്ലാം ഒരു ഫോട്ടോയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിനിടെ അപ്രതീക്ഷിതമായി ഒരു ദൃശ്യം കണ്ണിൽപ്പെടും. പിന്നെ അവിടെനിന്ന് എനിക്ക് മുന്നോട്ട് പോകാനാകില്ല. കുടുംബം നൽകുന്ന സുരക്ഷിതത്വത്തിന് സമാനമായ ഒരു സന്തോഷമാണ് ഫോട്ടോഗ്രഫിയിലൂടെ എനിക്ക് ലഭിക്കുന്നത്.
ഞാൻ ഡോക്ടർ അംബേദ്ക്കർ പഗുത്തറിവ് പാഠശാലയിൽ പഠിച്ചിരുന്ന സമയത്ത്, ഒരിക്കൽ ഞങ്ങളെ ഡോക്ടർ അംബേദ്‌കർ മെമ്മോറിയൽ സന്ദർശിക്കാൻ കൊണ്ടുപോകുകയുണ്ടായി. ആ യാത്രയിൽ കണ്ട ഓരോ ചിത്രങ്ങളും എന്നോട് സംവദിച്ചു. ഒരു തോട്ടിത്തൊഴിലാളിയുടെ മരണവും ദുഖത്തിലാണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവസ്ഥയും പളനി അണ്ണ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിരുന്നു. അതിൽ കുടുംബാംഗങ്ങളുടെ ചിത്രങ്ങളിൽ, വാക്കുകൾക്കതീതമായ അവരുടെ വേദനയും നഷ്ടവും ദുഖവുമെല്ലാം സ്പഷ്ടമായി ദൃശ്യമായിരുന്നു. അവിടെവെച്ച് ഞങ്ങൾ പളനി അണ്ണയെ കണ്ടപ്പോൾ, ഞങ്ങൾക്കും ഇത്തരം ചിത്രങ്ങൾ എടുക്കാൻ കഴിയുമെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
അദ്ദേഹം ഇവിടെ പഠിപ്പിച്ചു തുടങ്ങിയ സമയത്ത് ഞാൻ സ്കൂളിൽനിന്ന് വിനോദയാത്ര പോയിരുന്നതിനാൽ എനിക്ക് ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഞാൻ തിരികെ വന്നതിനുശേഷം, അദ്ദേഹം എന്നെ ഒറ്റയ്ക്ക് പഠിപ്പിക്കുകയും ചിത്രങ്ങൾ എടുക്കാൻ എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ക്യാമറയുടെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ ഒന്നും അറിയാതിരുന്ന എനിക്ക് എല്ലാം പളനി അണ്ണയാണ് പഠിപ്പിച്ചുതന്നത്. ഞങ്ങൾ ചിത്രം എടുക്കാൻ ഉദ്ദേശിക്കുന്ന വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അദ്ദേഹം ഞങ്ങൾക്ക് വഴികാട്ടിയായി. ഈ ഒരു യാത്രയിലൂടെ ഒരുപാട് പുതിയ വീക്ഷണങ്ങളും അനുഭവങ്ങളും സമ്പാദിക്കുവാൻ എനിക്ക് സാധിച്ചു.
എന്റെ ഫോട്ടോഗ്രഫി അനുഭവങ്ങളാണ് ജേർണലിസം തിരഞ്ഞെടുക്കാൻ എനിക്ക് പ്രേരണയായത്.
*****
വി. വിനോദിനി, 19
കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബിരുദ വിദ്യാർത്ഥിനി
വ്യാസർപാടി, നോർത്ത് ചെന്നൈ, തമിഴ് നാട്
വർഷങ്ങളായി ഞാൻ താമസിക്കുന്ന പ്രദേശം എനിക്ക് ഏറെ പരിചിതമാണെങ്കിലും, എന്റെ ക്യാമറയിലൂടെ നോക്കിയപ്പോൾ അതേ ഇടത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് എനിക്ക് ലഭിച്ചു. "നിങ്ങളുടെ കഥാപാത്രങ്ങളുടെ ജീവിതം ഫോട്ടോഗ്രാഫുകളിൽ പതിയണം," പളനി അണ്ണ പറയും. അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കിടുമ്പോൾ, ചിത്രങ്ങളോടും കഥകളോടും മനുഷ്യരോടും അദ്ദേഹത്തിനുള്ള അഭിനിവേശം നമുക്ക് മനസ്സിലാക്കാനാകും. അദ്ദേഹം ഒരു ബട്ടൺ ഫോണിൽ മത്സ്യത്തൊഴിലാളിയായ അമ്മയുടെ ചിത്രം പകർത്തുന്ന രംഗമാണ് അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ.
ദീപാവലിക്ക് ഞാൻ എടുത്ത എന്റെ അയൽവാസിയുടെ കുടുംബചിത്രമാണ് ഞാൻ ആദ്യമായി പകർത്തിയ ചിത്രം. അത് വളരെ നന്നായി വന്നു. അതിനുശേഷം, എന്റെ ആളുകളുടെ കഥകളിലൂടെയും അനുഭവങ്ങളിലൂടെയും ഈ പട്ടണത്തിന്റെ കഥ രേഖപ്പെടുത്തുന്നത് ഞാൻ തുടർന്നു.
ഫോട്ടോഗ്രഫി ഇല്ലെങ്കിൽ എനിക്ക് എന്നെത്തന്നെ തിരിച്ചറിയാനുള്ള അവസരം ഒരിക്കലും ലഭിക്കില്ലായിരുന്നു.
*****
പി. പൂങ്കൊടി
മത്സ്യത്തൊഴിലാളി
സെരുത്തൂർ, നാഗപട്ടിണം, തമിഴ്‌നാട്
എന്റെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി. ഇത്രയും കാലത്തിനിടെ ഞാൻ ഒരിക്കൽപ്പോലും എന്റെ ഗ്രാമത്തിലെ കടൽത്തീരത്ത് പോയിട്ടില്ല. എന്നാൽ എന്റെ ക്യാമറ എന്നെ കടലിൽ കൊണ്ടുപോയി. ബോട്ടുകൾ കടലിലേയ്ക്ക് ഇറക്കുന്നതും മത്സ്യബന്ധനം നടത്തുന്നതും സ്ത്രീകൾ ഈ സമുദായത്തിനുവേണ്ടി പ്രവർത്തിക്കുന്നതുമെല്ലാമാണ് ഞാൻ രേഖപ്പെടുത്തിയത്.
ഒരാളെ ചിത്രങ്ങൾ എടുക്കാൻ പരിശീലിപ്പിക്കുക എളുപ്പമാണ്, എന്നാൽ ചിത്രങ്ങളിലൂടെ കഥകൾ പറയാൻ ഒരു ഫോട്ടോഗ്രാഫറെ പരിശീലിപ്പിക്കുക ചെറിയ കാര്യമല്ല. പളനി ഞങ്ങൾക്കായി ചെയ്യുന്നത് അതാണ്. ആളുകളുടെ ചിത്രങ്ങൾ എടുക്കുന്നതിന് മുൻപ് അവരുമായി ആശയവിനിമയം നടത്തി ഒരു ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ട്രെയിനിങിനിടെ പളനി ഞങ്ങൾക്ക് വിശദീകരിച്ചുതന്നിരുന്നു. അതിനുശേഷം ആളുകളുടെ ചിത്രം എടുക്കാൻ എനിക്ക് ആത്മവിശ്വാസം തോന്നിത്തുടങ്ങി.
മീനുകളുടെ വില്പന, വൃത്തിയാക്കൽ, ലേലം എന്നിങ്ങനെ മത്സ്യത്തൊഴിലാളിസമൂഹം ചെയ്യുന്ന വിവിധ ജോലികൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. മീൻവില്പനക്കാരായി ജോലി ചെയ്യുന്ന എന്റെ സമുദായത്തിലെ സ്ത്രീകളുടെ ജീവിതരീതി നേരിട്ട് കാണാനും മനസ്സിലാക്കാനും ഇതിലൂടെ എനിക്ക് അവസരം ലഭിച്ചു. മീൻ നിറച്ച ഭാരമേറിയ കുട്ടകൾ തലയിൽ ചുമന്നാണ് അവർ ജോലി ചെയ്യുന്നത്.
കുപ്പുസ്വാമിയെക്കുറിച്ചുള്ള ഫോട്ടോസ്റ്റോറി ചെയ്തതിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. സമുദ്രാതിർത്തിയ്ക്ക് സമീപം മത്സ്യബന്ധനം നടത്തുന്നതിനിടെ അദ്ദേഹത്തിന് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർക്കുകയായിരുന്നു. ഈ അക്രമണത്തിന്റെ ഫലമായി അദ്ദേഹത്തിന് കൈകാലുകളുടെ ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു.
ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയും അദ്ദേഹം ചെയ്യുന്ന ദൈനംദിന ജോലികൾ - വസ്ത്രമലക്കൽ, പൂന്തോട്ട പരിപാലനം, ശുചീകരണം തുടങ്ങിയവ - നിരീക്ഷിക്കുകയുമാണ് ചെയ്തത്. കൈകാലുകൾ ഉപയോഗിക്കാൻ കഴിയാത്തതുമൂലം അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക് തിരിച്ചറിയാൻ സാധിച്ചു. വിരസമായ, സാധാരണ ജോലികളിൽ മുഴുകുമ്പോഴാണ് താൻ ഏറ്റവും സന്തോഷവാനാകുന്നതെന്ന് അദ്ദേഹം എനിക്ക് കാണിച്ചുതന്നു. വൈകല്യംമൂലം പുറത്തെ വിശാലമായ ലോകം തനിക്ക് നഷ്ടപ്പെടുന്നത് അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. എന്നാൽ ചിലപ്പോഴെല്ലാം ഉള്ളിൽ അനുഭവപ്പെടുന്ന ശൂന്യത മൂലം തനിക്ക് മരിക്കാൻ തോന്നാറുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു.
മത്തി പിടിക്കുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഞാൻ ഒരു ഫോട്ടോ പരമ്പര ചെയ്തിരുന്നു. ഒരേസമയം നൂറുകണക്കിന് മത്തി വലയിൽ കുരുങ്ങുന്നതിനാൽ അവയെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് എങ്ങനെയാണ് മീനുകളെ വലയിൽനിന്ന് മാറ്റുന്നതെന്നും ഐസുപെട്ടികളിൽ സംഭരിക്കുന്നതെന്നും ഞാൻ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു സ്ത്രീ ഫോട്ടോഗ്രഫർ എന്ന നിലയ്ക്ക് അതൊരു വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഇതേ സമുദായത്തിലെ അംഗങ്ങളായിട്ടുപോലും, 'നിങ്ങൾ എന്തിനാണ് അവരുടെ ചിത്രങ്ങൾ എടുക്കുന്നത്? സ്ത്രീകൾ എന്തിനാണ് ചിത്രങ്ങൾ എടുക്കുന്നത്?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടിവരാറുണ്ട്.
ഒരു ഫോട്ടോഗ്രഫറായി സ്വയം അടയാളപ്പെടുത്തുന്ന ഈ സ്ത്രീ മത്സ്യത്തൊഴിലാളിയുടെ മുഖ്യ പ്രചോദനം പളനി അണ്ണയാണ്.
*****
വർഷത്തിൽ രണ്ടുതവണ 10 പേർ വീതം പങ്കെടുക്കുന്ന വർക്ക്ഷോപ്പുകൾ നടത്താൻ പളനി സ്റ്റുഡിയോ പദ്ധതിയിടുന്നുണ്ട്. ഓരോ വർക്ക്ഷോപ്പിനു ശേഷവും, അതിൽ പങ്കെടുത്തവർക്ക് ആറ് മാസത്തേയ്ക്ക് തങ്ങളുടെ ഫോട്ടോ സ്റ്റോറികൾ വികസിപ്പിക്കാൻ ആവശ്യമായ ഗ്രാന്റ് ലഭ്യമാക്കും. പരിചയസമ്പന്നരായ ഫോട്ടോഗ്രഫർമാരെയും പത്രപ്രവർത്തകരെയും വർക്ക് ഷോപ്പുകൾ നടത്താൻ ക്ഷണിക്കുകയും അവരുടെ വിലയിരുത്തലിനുശേഷം പഠിതാക്കളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും.
പരിഭാഷ: പ്രതിഭ ആര്‍. കെ.