“എന്റെ കുട്ടികളോടുള്ള നിരുപാധികമായ സ്നേഹവും അവരെ മുഴുവനായും അംഗീകരിക്കലും. ഒരു അദ്ധ്യാപക എന്ന നിലയ്ക്ക് ഞാൻ പഠിച്ചത് അതാണ്”.
മേധ ടെംഗ്ഷെ തന്റെ നിലപാട് സൌമ്യമായി എന്നാൽ ഉറച്ച ബോധ്യത്തോടെ പറഞ്ഞു. വിവിധ പ്രായഗണത്തിലുള്ളവരും വിവിധ ബൌദ്ധികശേഷികളുമുള്ളവരായ 30-ഓളം ആളുകളെ ജീവിതത്തിലെ അടിസ്ഥാനശേഷികൾ അഭ്യസിപ്പിക്കുകയും ചിലർക്ക് കല, സംഗീതം നൃത്തം എന്നിവയിൽ പരിശീലനം നൽകുകയും ചെയ്യുന്ന സാധന ഗ്രാമത്തിന്റെ സ്ഥപകാംഗങ്ങളിൽ ഒരാളും സ്പെഷ്യൽ എഡ്യുക്കേറ്ററുമാണ് അവർ.
പുണെ ജില്ലയിലെ മുൽഷി ബ്ലോക്കിലാണ് സാധന ഗ്രാമം. ഭിന്ന ബൌദ്ധികശേഷിയുള്ള മുതിർന്നവരെ പാർപ്പിച്ച് പഠിപ്പിക്കുന്ന ഇവിടെ വിദ്യാർത്ഥികളെ ‘പ്രത്യേക സുഹൃത്തുക്കൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മേധ തായ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മേധയാകട്ടെ, പരിശീലനം സിദ്ധിച്ച ഒരു പത്രപ്രവർത്തകയാണെങ്കിലും അവിടെയുള്ള 10 താമസക്കാരായ ആളുകൾക്ക് ഒരു ‘ഗൃഹ മാത’യുടെ (വീട്ടമ്മ) സേവനമാണ് നൽകുന്നത്. ‘അദ്ധ്യാപികകൂടിയായ അമ്മ’.
ഇതേ വികാരംതന്നെയാണ് സത്യഭാമ അൽഹത്തും പങ്കുവെക്കുന്നത്. ശ്രവണവൈകല്യമുള്ളവർക്കായി പുണെയിൽ പ്രവർത്തിക്കുന്ന ധയാരി സ്കൂൾ ഫോർ ദ് ഹിയറിംഗ് ഇംപയേഡിലെ സ്പെഷ്യൽ ടീച്ചറാണ് അവർ. “ഞങ്ങളുടേതുപോലുള്ള ഒരു റസിഡൻഷ്യൽ സ്കൂളിലെ ടീച്ചർ ഒരേസമയം ഒരു രക്ഷിതാവ് കൂടിയാണ്. വീട്ടിലല്ലല്ലോ എന്നൊരു തോന്നൽ ഞങ്ങളുടെ കുട്ടികൾക്കുണ്ടാവരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”, എന്ന് പറഞ്ഞുകൊണ്ട്, അവർ ചില പെൺകുട്ടികളെ ഫുഗാഡി പഠിപ്പിക്കാൻ തയ്യാറെടുത്തു. ശ്രാവണമാസത്തിലെ അഞ്ചാമത്തെ ദിവസം ആഘോഷിക്കുന്ന നാഗപഞ്ചമിയിലെ ഒരു പരമ്പരാഗത വിനോദമാണ് അത്. മഹാരാഷ്ട്ര, കർണ്ണാടക, ദില്ലി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങി, പലപലയിടങ്ങളിൽനിന്ന് വന്ന് താമസിച്ച് പഠിക്കുന്ന 40-ഓളം ആളുകളും, രാവിലെ വന്ന് വൈകീട്ട് തിരിച്ചുപോകുന്ന 12-ഓളം കുട്ടികളുമുള്ള ഒരു വിദ്യാലയമാണ് ധയാരി.
ഇവിടെനിന്ന് പഠനം കഴിഞ്ഞ് പോയവർ പറഞ്ഞ നല്ല അഭിപ്രായങ്ങൾ കേട്ട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ ഇവിടേക്കയയ്ക്കാൻ താത്പര്യപ്പെടുന്നുണ്ടെന്ന് സത്യഭാമ പാരിയോട് പറഞ്ഞു. ഫീസ് ഇല്ലാത്തതും താമസിച്ച് പഠിക്കുകയോ വന്നുപോവുകയോ ചെയ്യാമെന്ന ബദലുകളുള്ളതും കുട്ടികൾക്കും മുതിർന്നവർക്കും സന്തോഷമുണ്ടാക്കുന്നു. 4 വയസ്സ് പ്രായമുള്ളവർവരെ ചേരുന്നുണ്ട് സ്കൂളിൽ. ശ്രവണശേഷിയില്ലാത്തവർ മാത്രമല്ല സ്കൂളിൽ ചേരാൻ വരുന്നത് എന്നതാണ് കൌതുകകരം. “ശ്രവണശേഷിയുള്ള കുട്ടികളുടെ അച്ഛനമ്മമാരും, സ്കൂളിനെക്കുറിച്ച് കേട്ടറിഞ്ഞ് കുട്ടികളെ ചേർക്കാൻ വരാറുണ്ട്. അവരെ തിരിച്ചയക്കേണ്ടിവരികയും ചെയ്യുന്നു”, സത്യഭാമ പറയുന്നു.
ഭിന്നശേഷിക്കാരായ ആളുകളെ പഠിപ്പിക്കുന്നവരെ ‘സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സ്’ എന്നാണ് വിളിക്കുന്നത്. കുട്ടികളുടെ വ്യക്തിഗതമായ വ്യത്യാസങ്ങളും ഭിന്നശേഷികളും, ഭിന്നമായ ആവശ്യങ്ങളും അനുസരിച്ചാണ് അവരെ സ്വാശ്രയത്വമുള്ളവരാവാൻ പഠിപ്പിക്കുന്നത്. സാങ്കേതികതയും രീതികളും മാത്രമല്ല സ്പെഷ്യൽ എഡ്യുക്കേഷൻ എന്ന് ഈ അദ്ധ്യാപകരും പരിശീലകരും വിശ്വസിക്കുന്നു. ഒരു വിദ്യാർത്ഥിയും അദ്ധ്യാപകയും തമ്മിലുള്ള അടുപ്പവും വിശ്വാസവുമാണത്. 2018-19-ൽ മഹാരാഷ്ട്രയിൽ 1-ആം ക്ലാസ്സ് മുതൽ 12-ആം ക്ലാസ്സുവരെ ചേർന്നിട്ടുള്ള കുട്ടികളിൽ 3,00,467 പേർ ഭിന്നശേഷിയുള്ളവരാണെന്ന് (ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്-സി.ഡബ്ല്യു.എസ്.എൻ) കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ആളുകൾക്കായുള്ള 1,600 സ്കൂളുകൾ മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്നു.
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം പ്രാപ്യമാക്കാൻ ഓരോ സ്കൂളിലും ചുരുങ്ങിയത് ഒരു സ്പെഷ്യൽ അദ്ധ്യാപികയെങ്കിലും വേണമെന്നാണ് 2018-ലെ സംസ്ഥാന നയത്തിന്റെ ലക്ഷ്യം. എന്നാൽ, 96 ഗ്രാമങ്ങളുള്ള മുൽഷി ബ്ലോക്കിൽ ആകെ 9 സ്പെഷ്യൽ എഡ്യുക്കേറ്റേഴ്സിനെയാണ് 2018-ൽ നിയമിച്ചതെന്ന് മേധ തായ് പറയുന്നു.
കുട്ടികളുടെ വ്യക്തിഗതമായ വ്യത്യാസങ്ങളും ഭിന്നശേഷികളും, ഭിന്നമായ ആവശ്യങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് ഭിന്നശേഷിക്കാർക്കായുള്ള അദ്ധ്യാപകർ അവരെ സ്വാശ്രയത്വമുള്ളവരാവാൻ പഠിപ്പിക്കുന്നത്
*****
ഒരു സ്പെഷ്യൽ എഡ്യുക്കേറ്റർക്ക് വിശേഷമായ കഴിവുകൾ ആവശ്യമാണ്. “പഠിതാക്കൾക്ക് നിങ്ങളുടെ രക്ഷിതാക്കളുടെ പ്രായമുള്ളപ്പോൾ അത് ഒട്ടും എളുപ്പമല്ല” എന്ന് വാർദ്ധയിൽനിന്നുള്ള 26 വയസ്സുള്ള സാമൂഹികപ്രവർത്തകയായ രാഹുൽ വാങ്ഡെ പറയുന്നു. കഴിഞ്ഞ വർഷം മുതൽ ഇവിടെ ജോലിചെയ്യുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുതിർന്ന സഹപ്രവർത്തകനായ 27 വയസ്സുള്ള കാഞ്ചൻ യെശങ്കർ അഞ്ച് വർഷമായി ഇവിടെ പ്രവർത്തിക്കുന്നു. താൻ പഠിപ്പിക്കുന്ന കുട്ടികൾ തനിക്കാണ് ‘സന്തോഷം നൽകുന്നതെന്ന്’ വാർദ്ധയിൽനിന്നുതന്നെയുള്ള അവർ സൂചിപ്പിക്കുന്നു.
20 വയസ്സുള്ള കുനാൽ ഗുജ്ജറിന്റെ ബൌദ്ധികനിലവാരത്തിൽ വളരെ നിസ്സാരമായൊരു പാകപ്പിഴ മാത്രമേയുള്ളു. ഇടതുകൈയ്യിന് ബലക്ഷയവുമുണ്ട് അയാൾക്ക്. അയാൾക്കും മറ്റ് ഏഴ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിശീലനം കൊടുത്തിട്ടുണ്ട് 34 വയസ്സുള്ള മയൂരി ഗെയ്ക്ക്വാഡും അവരുടെ സഹപ്രവർത്തകരും.. “അവർ എന്നെ പാട്ടുകളും പട്ടികകളും പഠിപ്പിക്കുകയും കൈ ഇങ്ങനെ ചലിപ്പിക്കാനും അങ്ങിനെ ചലിപ്പിക്കാനുമൊക്കെ പഠിപ്പിക്കുകയും ചെയ്തു’എന്ന് കുനാൽ തന്റെ അദ്ധ്യാപകരെക്കുറിച്ച് സൂചിപ്പിച്ചു. പുണെക്ക് അടുത്തുള്ള ഹാഡ്‌ഷിയിലെ കലേകർ വാഡിയിലുള്ള ദേവ്‌രായി സെന്ററിലാണ് ഈ അദ്ധ്യാപകർ പഠിപ്പിക്കുന്നത്.
കുട്ടികളോട് സ്നേഹവും അവരോടൊപ്പമാണെന്ന തോന്നലും ഈ ജോലിക്ക് ആവശ്യമാണെന്ന് മയൂരി പറയുന്നു. കട്കരി ആദിവാസികളോടൊത്ത് പ്രവർത്തിക്കുകകൂടി ചെയ്യുന്ന മയൂരി, ഒരു വായനശാലയും നടത്തുന്നുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളോട് തോന്നിയ അടുപ്പവും സ്നേഹവുമാണ് ഒരു കർഷകയും സാമൂഹികപ്രവർത്തകയുമായ അവരെ ദേവ്‌രായി സ്കൂളിലെ അദ്ധ്യാപികയുടെ റോളിലേക്കെത്തിച്ചത്.
സംഗീത കലേക്കറിന്റെ മകൻ സോഹത്തിന് ഇടയ്ക്കിടയ്ക്ക് ചുഴലിരോഗം വരാറുണ്ട്. അവന്റെ ഒരേയൊരു അദ്ധ്യാപികയും അവർതന്നെയാണ്. ഇരിക്കുന്നതുമുതൽ സംസാരിക്കുന്നതുവരെയുള്ള എല്ലാ കാര്യവും സംഗീത അവനെ പഠിപ്പിച്ചു. “ഇപ്പോൾ അവന് ‘ആയ്, ആയ് (അതെ, അതെ) എന്നൊക്കെ പറയാൻ സാധിക്കുന്നുണ്ട്. ഒരു താക്കോലെടുത്ത് താഴേക്കിടുന്നതും അത് ശബ്ദമുണ്ടാക്കുന്നതും ശ്രദ്ധിക്കുകയാണ് പത്ത് വയസ്സുള്ള സോഹം ഇപ്പോൾ.
മറ്റൊരു റൈഡൻഷ്യൽ സ്കൂളായ പുണെയിലെ ധയാരി സ്കൂൾ ഫോർ ദ് ഹിയറിംഗ് ഇംപയേർഡിൽ ഒരു കുട്ടി ഉണ്ടാക്കുന്ന ഏതൊരു ശബ്ദവും സംസാരശേഷിയിലേക്കുള്ള ഒരു ചെറിയ ചുവടുവെയ്പ്പാണ്. ഈ ശബ്ദവും ആംഗ്യങ്ങളും മാറ്റിനിർത്തിയാൽ, “അവരുടെ പ്രായത്തിലുള്ള മറ്റ് ‘സാധാരണ’ കുട്ടികളിൽനിന്ന് ഇവർ ഒട്ടും വ്യത്യസ്തരല്ല” എന്ന് ഇവിടെ 24 വർഷമായി പ്രവർത്തിക്കുന്ന സത്യഭാമ അൽഹത്ത് സൂചിപ്പിക്കുന്നു.
പുണെ ആസ്ഥാനമായി കഴിഞ്ഞ 50 കൊല്ലമായി സ്പെഷ്യൽ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന സുഹൃദ് മണ്ഡൽ എന്ന ഈ സ്ഥാപനം, ശ്രവണവൈകല്യമുള്ളവർക്കായുള്ള 38 സ്കൂളുകളിൽ ഒന്നുമാത്രമാണ്. ബി.എഡോ (ഹിയറിംഗ് ഇംപയേഡ്) ഡിപ്ലോമ കോഴ്സോ പൂർത്തിയാക്കി സ്വമനസ്സാലെ സ്പെഷ്യൽ അദ്ധ്യാപകരായവരാണ് ഈ സ്ഥാപനത്തിലെ മിക്ക അദ്ധ്യാപകരും.
ക്ലാസ് 4-ലെ ബ്ലാക്ക്ബോർഡിൽ നിറയെ ചിത്രങ്ങളാണ്. കെട്ടിടം, കുതിര, നായ, കുളം എന്നിവയുടെ. തന്റെ കുട്ടികളെ പഠിപ്പിക്കാൻ മോഹൻ കനേകർ ആഗ്രഹിക്കുന്ന വാക്കുകളാണവ. 21 വർഷത്തെ പരിചയസമ്പന്നതയുള്ള ഈ അദ്ധ്യാപകൻ ടോട്ടൽ കമ്മ്യൂണിക്കേഷൻ എന്നൊരു രീതിയാണ് പിന്തുടരുന്നത്. സംസാരം, ചുണ്ടനക്കങ്ങൾ, ആംഗ്യം, എഴുത്ത് എന്നിവ സമന്വയിപ്പിച്ച് അദ്ദേഹം ശ്രവണവൈകല്യമുള്ളവരെ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുട്ടികൾ ഓരോ വാക്കും വിവിധ ശ്രുതിയിലും ശബ്ദത്തിലും അനുകരിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയിക്കുന്നുണ്ട്. ഓരോ കുട്ടികളുടേയും ഉച്ചാരണം അദ്ദേഹം തിരുത്തിക്കൊടുക്കുന്നു
‘സ്റ്റെപ്പ് 3‘യിലെ മറ്റൊരു ക്ലാസ്സിൽ ഏഴ് കുട്ടികളെ പഠിപ്പിക്കുന്ന അദിതി സാഥെയ്ക്ക് സ്വയം സംസാരവൈകല്യമുണ്ടെങ്കിലും അതൊന്നും പഠിപ്പിക്കുന്നതിന് അവർക്ക് തടസ്സമാകുന്നില. ഒരു അസിസ്റ്റന്റായി 1999 മുതൽക്ക് അവർ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
സുനിത സിനെ മറ്റ് കുട്ടികളെ ഒരു ഹാളിലിരുത്തി പഠിപ്പിക്കുമ്പോഴുണ്ടാകുന്ന ബഹളമൊന്നും അദിതിക്കും അവരുടെ കുട്ടികൾക്ക് പ്രശ്നമായി തോന്നുന്നില്ല. 47 വയസ്സുള്ള, ഹോസ്റ്റൽ സൂപ്രണ്ടായ സുനിത നിറങ്ങളെക്കുറിച്ച് പഠിപ്പിക്കുകയാണ്. നിറങ്ങളന്വേഷിച്ച് കുട്ടികൾ ഹാളിൽ സ്വതന്ത്രമായി ഓടിനടക്കുന്നുണ്ടായിരുന്നു. ഒരു നീല ബാഗ്, ചുവന്ന സാരി, കറുത്ത തലമുടി, മഞ്ഞ പൂക്കൾ..ചില കുട്ടികൾ സന്തോഷസൂചകമായി ശബ്ദമുണ്ടാക്കുന്നു, ചിലർ കൈകൾകൊണ്ടും. പരിചയസമ്പന്നയായ ആ അദ്ധ്യാപികയുടെ മുഖത്തെ ഭാവങ്ങൾപോലും കുട്ടികളോട് സംവദിക്കുന്നുണ്ട്.
“ഇന്ന്, സമൂഹത്തിലും സ്കൂളുകളിലും അക്രമവും കൈയ്യേറ്റവും വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബുദ്ധിശേഷിയെക്കുറിച്ചും വിജയത്തെക്കുറിച്ചുമുള്ള നമ്മുടെ ധാരണകൾ പരിശോധിക്കപ്പെടേണ്ടതാണ്. അച്ചടക്കം, ശിക്ഷ എന്നിവയെക്കുറിച്ചും”, മേധ തായ് പറയുന്നു.. “സൌമ്യമായ വാക്കുകളിലൂടെ എന്തെല്ലാം നേടാൻ കഴിയുമെന്ന് മനസ്സിലാക്കാൻ“ എല്ലാ അദ്ധ്യാപകരും ഒരിക്കലെങ്കിലും ഇത്തരം സ്കൂളുകൾ സന്ദർശിക്കണമെന്ന് അവർ പറയുന്നു.
ഈ കഥ തയ്യാറാക്കാൻ സഹായിച്ച സുഹൃദ് മണ്ഡലിലെ ഡോ. അനുരാധ ഫടർഫോഡിനോട് റിപ്പോർട്ടർമാർക്കുള്ള നന്ദി രേഖപ്പെടുത്തുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്