“ഒരൊറ്റ മീൻ‌പോലും കിട്ടാതെ വീട്ടിൽ പോകുന്നത്, ഇത് ആറാമത്തെ ദിവസമാണ്,” വൂലാർ തടാകത്തിന്റെ കരയിൽ നിന്നുകൊണ്ട് അബ്ദുൾ റഹിം കവ പറയുന്നു. തന്റെ ഒറ്റമുറി വീട്ടിൽ ഭാര്യയോടും മകനോടുമൊപ്പമാണ് 65 വയസ്സുള്ള ആ മുക്കുവൻ താമസിക്കുന്നത്.

ബന്ദിപ്പുർ ജില്ലയിലെ കനി ബാത്തി പ്രദേശത്ത് സ്ഥിതി ചെയ്യുകയും, ഝലം, മധുമതി നദികൾ പോഷിപ്പിക്കുകയും ചെയ്യുന്ന വൂലാർ, അതിന്റെ സമീപപ്രദേശത്തുള്ള ആളുകളുടെ – ഏകദേശം 18 ഗ്രാമങ്ങളും ഓരോന്നിലും ചുരുങ്ങിയത് 100 കുടുംബങ്ങളുമുള്ള – ആ പ്രദേശത്തിലെ ഒരേയൊരു ഉപജീവനസ്രോതസ്സാണ്.

“ഒരേയൊരു ഉപജീവന സ്രോതസ്സ് മത്സ്യമാണ്,” അബ്ദുൾ പറയുന്നു. ”എന്നാൽ തടാകത്തിൽ വെള്ളമില്ല. ഇപ്പോൾ നമുക്ക് അതിലൂടെ നടന്നുപോകാം. നാലഞ്ച് അടി ആഴം മാത്രമാണുള്ളത്,” തീരങ്ങൾ ചൂണ്ടിക്കാട്ടി അയാൾ പറയുന്നു.

മുക്കുവരിലെ മൂന്നാം തലമുറയാണ് അദ്ദേഹത്തിന്റേത്. കഴിഞ്ഞ 40 വർഷമായി വടക്കൻ കശ്മീരിലെ ഈ തടാകത്തിൽ മീൻ പിടിക്കുന്നുണ്ട് അദ്ദേഹം. അതിനാൽ കാര്യങ്ങൾ അയാൾക്കറിയാം. “കുട്ടിയായിരുന്നപ്പോൾ അച്ഛൻ എന്നെ കൂടെ കൊണ്ടുപോകാറുണ്ടായിരുന്നു. അദ്ദേഹം ചെയ്യുന്നത് ശ്രദ്ധിച്ച്, ഞാനും മീൻ പിടിക്കാൻ പഠിച്ചു,” അദ്ദേഹം പറയുന്നു. അബ്ദുളിന്റെ മകനും കുടുംബതൊഴിൽ പിന്തുടരുന്നു.

എല്ലാ പ്രഭാതങ്ങളിലും അബ്ദുളും കൂടെയുള്ള മുക്കുവരും അവരുടെ സാലും – നൈലോൺകൊണ്ടുണ്ടാക്കിയ വല – ഏറ്റി വൂലാറിലേക്ക് തുഴഞ്ഞുപോവുന്നു. വല തടാകത്തിലേക്കെറിഞ്ഞ്, ചിലപ്പോൾ അവർ, മീനുകളെ ആ‍കർഷിക്കാൻ, കൈകൊണ്ടുണ്ടാക്കിയ ഒരു ചെണ്ട കൊട്ടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമാണ് വൂലാർ. എങ്കിലും, അതിലെ മാലിന്യം മൂലം, കഴിഞ്ഞ നാലുവർഷമായി അവർക്ക് വർഷം മുഴുവൻ മീൻ കിട്ടാറില്ല. “പണ്ടൊക്കീ, വർഷത്തിൽ ആറുമാസമെങ്കിലും ഞങ്ങൾ മീൻ പിടിക്കാറുണ്ടായിരുന്നു. എന്നാലിപ്പോൾ മാർച്ചിലും ഏപ്രിലിലും മാത്രമേ മീൻ പിടിക്കാൻ പറ്റുന്നുള്ളു.”

കാണുക: കശ്മീരിൽ, ഇല്ലാതാവുന്ന ഒരു തടാകം

ശ്രീനഗറിലൂടെ ഒഴുകുമ്പോൾ, നഗരത്തിന്റെ അഴുക്ക് മുഴുവൻ ചുമക്കേണ്ടിവരുന്ന ഝലം നദിയിലെ അഴുക്കാണ് തടാകം മലിനമാകുന്നതിന്റെ പ്രധാന കാരണം. 1990-ൽ രാംസാർ ഉടമ്പടി യിൽ “അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈർപ്പപ്രദേശം’ (വെറ്റ്‌ലാൻഡ് ഓഫ് ഇന്റർനാഷണൽ ഇം‌പോർട്ടൻസ്) ആയി പ്രഖ്യാപിക്കപ്പെട്ട ഈ തടാകം ഇന്ന് ഓടവെള്ളത്തിന്റേയും വ്യവസായ മാലിന്യത്തിന്റേയും സസ്യമാലിന്യത്തിന്റേയും ഒരു കുപ്പത്തൊട്ടിയായി മാറിയിരിക്കുന്നു. “തടാകത്തിന്റെ നടുക്ക് വെള്ളത്തിന്റെ അളവ് 50-60 അടിയായിരുന്ന കാലം എനിക്ക് ഓർമ്മയുണ്ട്. ഇന്നത് 8-10 അടിയായി ചുരുങ്ങിയിരിക്കുന്നു,” ആ മുക്കുവൻ ഓർമ്മിക്കുന്നു.

അദ്ദേഹത്തിന്റെ ഓർമ്മ ശരിയാണ്. 2008-നും 2019-നുമിടയ്ക്ക്, തടാകം കാൽഭാഗമായി ചുരുങ്ങി എന്ന്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) 2022-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.

ഏഴെട്ട് കൊല്ലം മുമ്പുപോലും, രണ്ടിനം മത്സ്യങ്ങളെ താൻ വലയിൽ പിടിച്ചിരുന്നുവെന്ന് അബ്ദുൾ പറയുന്നു. കശ്മീരിയും പഞ്ജിയാബും (കശ്മീരിതര വസ്തുക്കളെ സൂചിപ്പിക്കുന്ന പദം) ഇനങ്ങൾ. വുലാർ മാർക്കറ്റിൽ കരാറുകാർക്ക് അയാൾ ആ മത്സ്യം വിറ്റിരുന്നു. ശ്രീനഗറടക്കം, കശ്മീരിലെ ആളുകളെ മുഴുവൻ ഊട്ടാൻ വൂലാറിലെ മത്സ്യംകൊണ്ട് സാധിച്ചിരുന്നു.

“തടാകത്തിൽ വെള്ളമുള്ളപ്പോൾ, മത്സ്യം പിടിച്ചും വിറ്റും ദിവസേന 1,000 രൂപ ഞാൻ സമ്പാദിച്ചിരുന്നു. ഇപ്പോൾ, ദിവസം നല്ലതാണെങ്കിൽ‌പ്പോലും മുന്നൂറ് രൂപയാണ് കിട്ടുന്നത്,” അബ്ദുൾ പറയുന്നു. “കുറച്ച് മീൻ മാത്രമാണ് കിട്ടിയതെങ്കിൽ വിൽക്കാനൊന്നും മിനക്കെടില്ല. വീട്ടിലെ ആവശ്യത്തിന് കൊണ്ടുപോകും.”

മാലിന്യം‌മൂലം വെള്ളത്തിന്റെ അളവിലും മത്സ്യസമ്പത്തിലും ഗണ്യമായ കുറവ് അനുഭവപ്പെടുന്നതിനാൽ മുക്കുവരെല്ലാം മറ്റ് ഉപജീവനമാർഗ്ഗങ്ങളിലേക്ക് തിരിയുന്നു. നവംബറിനും ഫെബ്രുവരിക്കുമിടയിൽ വാട്ടർ ചെസ്റ്റ്നട്ട് (ഒരുതരം ജലസസ്യം) ശേഖരിക്കുന്നതുപോലുള്ള ജോലികൾ. വാട്ടർ ചെസ്റ്റ്നട്ട് കിലോയ്ക്ക് 30-40 രൂപയ്ക്കാണ് നാട്ടിലെ കരാറുകാർക്ക് വിൽക്കുന്നത്.

വൂലാർ തടാകത്തിലെ മാലിന്യത്തെയും, തന്മൂലം ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്ന മുക്കുവരെക്കുറിച്ചും ഈ സിനിമ സംസാരിക്കുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Muzamil Bhat

মুজামিল ভট শ্রীনগর-কেন্দ্রিক ফ্রিল্যান্স ফটোজার্নালিস্ট ও চলচ্চিত্র নির্মাতা, ২০২২ সালে তিনি পারি ফেলো ছিলেন।

Other stories by Muzamil Bhat
Editor : Sarbajaya Bhattacharya

সর্বজয়া ভট্টাচার্য বরিষ্ঠ সহকারী সম্পাদক হিসেবে পিপলস আর্কাইভ অফ রুরাল ইন্ডিয়ায় কর্মরত আছেন। দীর্ঘদিন যাবত বাংলা অনুবাদক হিসেবে কাজের অভিজ্ঞতাও আছে তাঁর। কলকাতা নিবাসী সর্ববজয়া শহরের ইতিহাস এবং ভ্রমণ সাহিত্যে সবিশেষ আগ্রহী।

Other stories by Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat