“പംഘെവാലെകളും (കാറ്റാടിമില്ല്), ബ്ലേഡ്‌വാലെകളും (സൗരോർജ പ്ലാന്റുകൾ) ഞങ്ങളുടെ ഓറനുകൾ അവരുടേതാക്കികഴിഞ്ഞു,” സൻവധ ഗ്രാമത്തിലെ സുമെർ സിങ് ഭാട്ടി പറയുന്നു. കർഷകനും ഇടയനുമായ അദ്ദേഹത്തിന്റെ വീട് ജയ്‌സാൽമീർ ജില്ലയിലെ ഡെഗ്രേ ഓറനിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.
ഓറനുകൾ പവിത്രമായ ചെറുവനങ്ങളാണ്, എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ നിരവധി വിഭവങ്ങളുടെ ഉറവിടമായും അവയെ കാണുന്നു. ഓരോ ഓറനിലും സമീപഗ്രാമങ്ങളിലുള്ളവർ ആരാധിക്കുന്ന ഒരു ദൈവികരൂപമുണ്ട്. ചുറ്റുമുള്ള പ്രദേശം ഈ ഗ്രാമീണർ സംരക്ഷിക്കുന്നു–- -അവർക്ക് മരങ്ങൾ മുറിക്കാൻ കഴിയില്ല, കടപുഴകിയ മരം മാത്രം വിറകായി എടുക്കാം, ഇവിടെ ഒന്നും നിർമ്മിക്കാൻ അനുമതിക്കില്ല, ജലാശയങ്ങളും പവിത്രമായി സംരക്ഷിക്കപ്പെടുന്നു.
“പക്ഷേ, അവർ (പുനഃരുപയോഗ ഊർജ്ജ കമ്പനികൾ) നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുകയും പുൽമേടുകൾ പിഴുതെറിയുകയും ചെയ്യുന്നു. അവരെ തടയാൻ ആർക്കും കഴിയില്ലെന്നാണ് തോന്നുന്നത്” സുമർ സിങ് പറയുന്നു.
നൂറുകണക്കിന് ഗ്രാമങ്ങളിലെ നിവാസികൾ സുമർ സിംഗിന്റെ ഈ രോഷം പങ്കിടുന്നു. അവരുടെ സ്വന്തം ഓറനുകൾ പുനഃരുപയോഗ ഊർജ്ജ കമ്പനികൾ തട്ടിയെടുക്കുന്നുവെന്ന് അവർ മനസിലാക്കി. കഴിഞ്ഞ 15 വർഷത്തിനിടെ ഈ ജില്ലയിൽ മാത്രം ആയിരക്കണക്കിന് ഹെക്ടർ ഭൂമിയാണ് കാറ്റാടിമില്ലുകൾക്കും വേലി കെട്ടിത്തിരിച്ച സോളാർ ഫാമുകൾക്കും ഒപ്പം ഹൈ ടെൻഷൻ വൈദ്യുതി ലൈനുകൾക്കും മൈക്രോ ഗ്രിഡുകൾക്കും വേണ്ടി നൽകിയതെന്ന് അവർ പറയുന്നു. ജില്ലയിലെ പവർകട്ടിന് പരിഹാരമുണ്ടാക്കാനായിരുന്നു ഇത്. പക്ഷേ, ഇതെല്ലാം പ്രാദേശിക പരിസ്ഥിതിയെ തകർക്കുകയും ഈ വനങ്ങളെ ആശ്രയിക്കുന്നവരുടെ ഉപജീവനമാർഗം നശിപ്പിക്കുകയുമാണ് ചെയ്തത്.
“ഇപ്പോൾ
മേച്ചിൽപ്പുറങ്ങളൊന്നും ബാക്കിയില്ല. പുല്ലുകളുടെ ലഭ്യത നേരത്തെതന്നെ (മാർച്ചിൽ)
ഇല്ലാതായി. ഇപ്പോൾ ഞങ്ങളുടെ മൃഗങ്ങൾക്ക് കഴിക്കാനുള്ളത് കേർ, കേജ്‌റി മരങ്ങഴുടെ
ഇലകൾമാത്രം. മതിയായ ഭക്ഷണം ലഭിക്കാത്തതിനാൽ അവ പാലും കുറച്ചേ തരുന്നുള്ളൂ.
പ്രതിദിനം ലഭിക്കുമായിരുന്ന അഞ്ച് ലിറ്റർ രണ്ട് ലിറ്ററായി കുറഞ്ഞു,” ഇടയനായ ജോറ
റാം പറഞ്ഞു.
പാതി വരണ്ട പുൽമേടുകൾ ചുറ്റുമുള്ള ജനസമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടികൂടിയുള്ളതാണ്–- കാലിത്തീറ്റ, മേച്ചിൽപ്പുറം, വെള്ളം, ഭക്ഷണം, വിറക് എന്നിവ നൽകുന്നത് ഈ ഓറനുകളാണ്.
കുറച്ചുവർഷങ്ങളായി തന്റെ ഒട്ടകങ്ങൾ മെലിയുകയും ക്ഷീണിക്കുകയും ചെയ്യുന്നുവെന്ന്
ജോറ റാം പറയുന്നു. “വ്യത്യസ്തങ്ങളായ 50 ഇനം പുല്ലും ഇലകളും കഴിച്ചുവളർന്നവരാണ്
എന്റെ ഒട്ടകങ്ങൾ,” അദ്ദേഹം പറഞ്ഞു. ഹൈ ടെൻഷൻ ലൈനുകൾ ഭൂമിയിൽനിന്ന് 30 മീറ്റർ
ഉയരത്തിലാണ് പോകുന്നത്. എന്നാലും ഇവയ്ക്ക് താഴെയുള്ള സസ്യങ്ങൾ 750
മെഗാവാട്ടിന്റെ ഊർജ്ജത്താൽ പ്രകമ്പനം കൊള്ളും. “ഒരു കുഞ്ഞൻ ഒട്ടകം ഒരു ചെടി
മുഴുവനായും വായിലാക്കിയാൽ എന്താകും അവസ്ഥയെന്ന് ഒന്ന് ആലോചിച്ച് നോക്കൂ,” തല
കുലുക്കികൊണ്ട് ജോറാ റാം ചൂണ്ടിക്കാണിക്കുന്നു.
ജോറാ റാമിനും റസ്‌ല പഞ്ചായത്തിലുള്ള സഹോദരൻ മാസിൻഹ റാമിനും
ചേർന്ന് 70 ഒട്ടകങ്ങളാണുള്ളത്. നല്ല മേച്ചിൽപ്പുറം തേടി ഈ ഒട്ടകക്കൂട്ടം ദിവസവും
ജയ്‌സാൽമേർ ജില്ലയിൽ 20 കിലോമീറ്റർ ദൂരം താണ്ടും.
“മതിലുകൾ കൂടുതൽ ഉയർന്നു, വയറുകളും (ഹൈ ടെൻഷൻ) തൂണുകളും
(കാറ്റാടി) മേച്ചിൽപ്പുറങ്ങളിൽ ഒട്ടകങ്ങൾക്ക് അതിരുകൾ തീർത്തിരിക്കുകയാണ്.
തൂണുകൾ കുഴിച്ചിടാൻ എടുത്ത കുഴികളിൽ അവ വീഴാറുണ്ട്. പിന്നീട് മേയാനാകാതെ അവർ രോഗാതുരരാകും.
ഈ സോളാർ പ്ലേറ്റുകൾകൊണ്ട് ഞങ്ങൾക്കൊരു ഗുണവുമില്ല.” മാസിൻഹ റാം പറഞ്ഞു.
ഇടയൻമാരായ റായ്‌ക വിഭാഗത്തിൽപ്പെട്ട ഈ സഹോദരൻമാർ വർഷങ്ങളായി ഒട്ടക
പരിപാലനത്തിൽ ഏർപ്പെടുന്നവരാണ്, പക്ഷേ ഇപ്പോൾ, “വിശപ്പകറ്റാൻ മറ്റ് ജോലികൾ
ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാണ്,” കാരണം അവർക്കിപ്പോൾ വിൽക്കാൽ ആവശ്യത്തിന് പാൽ
ലഭ്യമല്ല. മറ്റ് ജോലികളാകട്ടെ പെട്ടെന്ന് കിട്ടുകയുമില്ല, അവർ പറയുന്നു. “ഏറ്റവും
നല്ലത് ഒരാൾ പുറംപണിക്ക് പോകുന്നതും കുടുംബത്തിലെ മറ്റുള്ളവർ പരമ്പരാഗത ഇടയജോലി
ചെയ്യുന്നതുമാണ്.”
ഒട്ടകത്തിന്റെ കാര്യം മാത്രമല്ല, എല്ലാ കന്നുകാലി കർഷകരും ഇതേ പ്രശ്നം അഭിമുഖീകരിക്കുകയാണ്.
ഏകദേശം 50 കിലോമീറ്ററോ മറ്റോ അകലെ, ഏകദേശം പകൽ 10 മണിക്ക് ആട്ടിടയനായ നജമ്മുദീൻ ജയ്‌സാൽമീർ ജില്ലയിലെ ഗംഗാ റാം കി ധനി ഒറനിലേക്ക് പ്രവേശിച്ചു. അവന്റെ 200 ചെമ്മരിയാടുകളും ആടുകളും കഴിക്കാനുള്ള പുല്ലുകൾ തേടി തുള്ളിച്ചാടി നടക്കുന്നു.
നാടി ഗ്രാമത്തിൽനിന്നുള്ള 55കാരനായ ആ ഇടയൻ ചുറ്റും കണ്ണോടിച്ചിട്ട് പറഞ്ഞു, “ഇവിടെ അവശേഷിക്കുന്ന ഒരു ഓറൻ ഇതുമാത്രമാണ്. തുറസായ മേച്ചിൽപ്പുറങ്ങൾ ഇപ്പോൾ അത്ര എളുപ്പം കണ്ടുകിട്ടില്ല.” വർഷം ഏകദേശം രണ്ട് ലക്ഷം രൂപയുടെ വൈക്കോൽ വാങ്ങാറുണ്ടെന്ന് അദ്ദേഹം കണക്കുകൂട്ടി.
2019ലെ കണക്കനുസരിച്ച് രാജസ്ഥാനിൽ 14 മില്ല്യൻ കന്നുകാലികളുണ്ട്. ഏറ്റവും അധികം ആടുകളാണ് (20.8 മില്ല്യൻ). പിന്നെ ഏഴ് മില്ല്യൻ ചെമ്മരിയാടും രണ്ട് മില്ല്യൻ ഒട്ടകവും. പൊതുവായി പ്രാപ്യമായ ഭക്ഷണസമ്പത്ത് ഇല്ലാതായത് ഇവയെയെല്ലാം ഒരുപോലെയാണ് ബാധിച്ചത്.
ഈ പ്രശ്നം ഇനിയും വഷളാവും.
അന്തർ സംസ്ഥാന
ട്രാൻസ്‌മിഷൻ സിസ്റ്റം ഗ്രീൻ എനർജി കോറിഡോർ പദ്ധതി പ്രകാരം ഇനിയും ഏകദേശം 10,750
സർക്യൂട്ട് കിലോമീറ്റർ ദൂരം ട്രാൻസ്‌മിഷൻ ലൈനുകൾ രണ്ടാംഘട്ടത്തിൽ സ്ഥാപിക്കാനാണ്
ശ്രമം. 2022 ജനുവരി 6ന് ചേർന്ന സാമ്പത്തികകാര്യ ക്യാബിനറ്റ് കമ്മിറ്റി (സിസിഇഎ)
ഇതിന് അംഗീകാരം നൽകിയിട്ടുണ്ട്. ഇതുപ്രകാരം രാജസ്ഥാൻ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ
പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര പുനഃരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ (എംഎൻആർഇ)
2021–2022
വാർഷിക റിപ്പോർട്ടിൽ
പറയുന്നു.
മേച്ചിൽപ്പുറങ്ങൾ ഇല്ലാതായത് മാത്രമല്ല ഇവിടുത്തെ പ്രശ്നം. “ഈ കമ്പനികൾ ആദ്യം പ്രദേശത്തെ മുഴുവൻ മരങ്ങളും മുറിച്ചുകളയും. അതോടെ മേഖലയിലെ പ്രാണികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ തുടങ്ങിയവയെല്ലാം ചാകുന്നു. ഇത് ജൈവികചക്രത്തെ തകരാറിലാക്കും.; പക്ഷികളുടേയും പ്രാണികളുടേയും പ്രജനന കേന്ദ്രങ്ങളും നശിപ്പിക്കപ്പെടുന്നു,” പ്രാദേശിക പരിസ്ഥിതി പ്രവർത്തകനായ പാർത്ത് ജഗനി പറയുന്നു.
നൂറുകണക്കിന് കിലോമീറ്റർ വൈദ്യുതിലൈനുകൾ കാറ്റിന് തടസം സൃഷ്‌ടിച്ചതോടെ രാജസ്ഥാന്റെ സംസ്ഥാന പക്ഷിയായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (ജിഐബി) ഉൾപ്പെടെ ആയിരക്കണക്കിന് പക്ഷികളെ കൊല്ലപ്പെടുന്നു. വായിക്കാം: വൈദ്യുതിക്കുവേണ്ടി ബലിയാടാകുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്
സോളാർ പ്ലേറ്റുകളുടെ വരവ് അക്ഷരാർത്ഥത്തിൽ പ്രാദേശിക താപനിലയിൽ വർധനയുണ്ടാക്കി. ഇന്ത്യയിൽ ഇന്ന് കൊടും ചൂട് അനുഭവപ്പെടുകയാണ്; രാജസ്ഥാൻ മരുഭൂമിയിൽ, പ്രതിവർഷം 50 ഡിഗ്രി സെൽഷ്യസിലേക്കാണ് താപനില ഉയരുന്നത്. 50 വർഷങ്ങൾക്ക് ശേഷം ജയ്‌സാൽമീറിന് "കഠിന ചൂടുള്ള ദിവസങ്ങൾ' ഉള്ള അധിക മാസങ്ങളുണ്ടാകുമെന്ന് ന്യൂയോർക്ക് ടൈംസിന്റെ ആഗോളതാപനത്തെക്കുറിച്ചുള്ള കണക്കുകൾ കാണിക്കുന്നു. 253 മുതൽ 283 ദിവസങ്ങൾവരെ ഇങ്ങനെയുണ്ടാകാം.
പുനഃരുയോഗ ഊർജ്ജ കമ്പനികൾക്ക് വഴിയൊരുക്കാനാനായി വെട്ടിനശിപ്പിച്ച മരങ്ങൾ സൗരോർജ്ജ പാനലുകളിൽനിന്നുള്ള ചൂടിന്റെ ശക്തി കൂട്ടുന്നതായി കൺസർവേഷൻ ബയോളജിസ്റ്റായ ഡോ. സീമിത് ദൂകിയ പറയുന്നു. പതിറ്റാണ്ടുകളായി ഓറനുകളുടെ മാറ്റത്തെക്കുറിച്ച് പഠിക്കുകയാണ് അദ്ദേഹം. “ഗ്ലാസ് പ്ലേറ്റുകളുടെ പ്രതിഫലനം കാരണം താപനില ഉയരുകയാണ്.” അടുത്ത 50 വർഷത്തിനുള്ളിൽ കാലാവസ്ഥാവ്യതിയാനം മൂലം താപനിലയിൽ 1-2 ഡിഗ്രി സെൽഷ്യസിന്റെ വർധനയാണ് പ്രതീക്ഷിക്കുന്നത്. “ഈ മാറ്റം ത്വരിതഗതിയിലായിരിക്കുന്നു, കൂടാതെ പ്രാദേശികമായി കാണപ്പെടുന്ന പ്രാണികൾ, പ്രത്യേകിച്ച് പരാഗണത്തിന് സഹായിക്കുന്ന ജീവികൾ താപനില വർധിക്കുന്നതിനാൽ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരാകുകയാണ്.” അദ്ദേഹം പറയുന്നു.
2021 ഡിസംബറിൽ ആറ് സോളാർ പാർക്കുകൾ കൂടി രാജസ്ഥാനിൽ സ്ഥാപിക്കാൻ അനുമതിയായി. കോവിഡ് പകർച്ചവ്യാധി കാലത്ത്, രാജസ്ഥാന്റെ പുനഃരുപയോഗ ഊർജ്ജശേഷി ഏറ്റവും ഉയർന്ന നിരക്കിലെത്തി. 2021ൽ വെറും ഒമ്പത് മാസത്തിനുള്ളിൽ (മാർച്ച് മുതൽ ഡിസംബർ വരെ) 4,247 മെഗാവാട്ട് അധികമായി സൃഷ്‌ടിച്ചതായും എംഎൻആർഇ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതൊരു രഹസ്യ ഓപ്പറേഷൻ ആയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്: “ലോക്‌ഡൗണിൽ ലോകം മുഴുവൻ അടച്ചുപൂട്ടിയപ്പോൾ ഇവിടെ തുടർച്ചയായി പ്രവർത്തനങ്ങൾ നടന്നു,” പ്രാദേശിക പ്രവർത്തകനായ പാർത്ഥ് പറയുന്നു. “ദേവികോട്ടിൽനിന്ന് ഡീഗ്രേ വരെയുള്ള ഈ 15 കിലോമീറ്റർ റോഡിനിരുവശത്തും ലോക്‌ഡൗണിന് മുമ്പ് ഒരു നിർമാണവും ഇല്ലായിരുന്നു.” കാണാമറയത്തോളം വ്യാപിച്ചിരിക്കുന്ന കാറ്റാടിപ്പാടം ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.
“പൊലീസ് ലാത്തിയുമായാണ് അവർ വന്നത്. ഞങ്ങളെ ഒഴിവാക്കി, ബലം പ്രയോഗിച്ച് അവർ മരങ്ങൾ വെട്ടി, നിലം നിരപ്പാക്കിയെടുത്തു.” അന്നത്തെ സംഭവങ്ങൾ ഓർത്തെടുത്ത് നാരായൺ റാം പറഞ്ഞു. റസ്‌ല പഞ്ചായത്തിൽനിന്നുള്ള അദ്ദേഹം പ്രായമായ ഒരു കൂട്ടം ആൾക്കാർക്കൊപ്പം ഡീഗ്രേ മാതാ ക്ഷേത്രത്തിന് മുന്നിലിരിക്കുകയാണ്. ഓറനെ സംരക്ഷിക്കുന്ന ക്ഷേത്രമാണ് മാതാ ക്ഷേത്രം.
“എങ്ങനെയാണോ ക്ഷേത്രത്തെ കാണുന്നത് അതുപോലെയാണ് ഓറനുകളെയും ഞങ്ങൾ കാണുന്നത്. ഇത് ഞങ്ങളുടെ വിശ്വാസമാണ്. മൃഗങ്ങൾക്ക് മേയാനുള്ള സ്ഥലമാണിത്, വന്യമൃഗങ്ങൾക്കും പക്ഷികൾക്കും ജീവിക്കാനുള്ള സ്ഥലമാണ്, ജലാശയങ്ങളും അതിൽപ്പെടും, അതിനാൽ ഇത് ഞങ്ങൾക്ക് ദേവിയെപ്പോലെയാണ്; ഒട്ടകങ്ങൾ, ആട്, ചെമ്മരിയാടുകൾ എല്ലാം ഓറനുകൾ ഉപയോഗിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ റിപ്പോർട്ടർ നിരവധിതവണ ശ്രമിച്ചിട്ടും ജയ്‌സാൽമേർ കലക്ടറുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല. എംഎൻആർഇയുടെ നിയന്ത്രണത്തിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങ്ളും ലഭ്യമായിരുന്നില്ല. അവർക്കയച്ച ഇമെയിലുകൾക്കൊന്നും ഈ വാർത്ത പ്രസിദ്ധീകരിക്കുന്നതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഭൂമിക്കടിയിലേക്ക് പോകുന്ന ഏതെങ്കിലും പവർ ഗ്രിഡുകളെ കുറിച്ച് തങ്ങൾക്ക് നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പദ്ധതികളൊന്നും മന്ദഗതിയിലല്ലെന്നും ഇക്കാര്യത്തിൽ തനിക്ക് കൂടുതൽ സംസാരിക്കാൻ അധികാരമില്ലെന്ന് പറഞ്ഞ സംസ്ഥാന ഇലക്‌ട്രിസിറ്റി കോർപ്പറേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
*****
അധിനിവേശ കാലഘട്ടത്തിൽ റവന്യൂ വരുമാനമില്ലാത്ത എല്ലാ ഭൂമിയും
"തരിശുഭൂമി' ആയി രേഖപ്പെടുത്തിയിരുന്ന അതേ നടപടിയാണ് രാജസ്ഥാനിൽ പുനഃരുപയോഗ
ഊർജ്ജ കമ്പനികൾക്ക് കടന്നുകയറി ഭൂമി കൈക്കലാക്കാൻ ഇന്ന് സാധ്യത ഒരുക്കിയത്.
വിശാലമായ വരണ്ട ഭൂമിയും (സാവന്ന) പുൽമേടുകളും ഇവർ കൈയേറിയ ഭൂമിയിൽ ഉൾപ്പെടുന്നു.
മുതിർന്ന ശാസ്ത്രജ്ഞരും പ്രകൃതിസംരക്ഷകരും ഈ തെറ്റായ
രേഖപ്പെടുത്തലിനെ പരസ്യമായി എതിർത്തിട്ടും, 2005 മുതൽ കേന്ദ്രസർക്കാർ ഇവയെ
തരിശുഭൂമിയായി പ്രസിദ്ധീകരിക്കുന്നത് തുടരുകയാണ്; ഇതിന്റെ അഞ്ചാം പതിപ്പ് 2019-ലായിരുന്നു
പ്രസിദ്ധീകരിച്ചത്, പക്ഷേ ഇത് പൂർണമായി ഡൗൺലോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
2015-16-ലെ
തരിശുഭൂമി റിപ്പോർട്ടിൽ
ഇന്ത്യയുടെ 17 ശതമാനം പുൽമേടുകളായി
തരംതിരിച്ചിട്ടുണ്ട്. പുൽമേടുകൾ, കുറ്റിച്ചെടികൾ, മുൾക്കാടുകൾ എന്നിവയെ
ഉപയോഗശൂന്യവും ഉത്പാദനക്ഷമമല്ലാത്ത ഭൂമിയായും ഈ സർക്കാർ നയം ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്.
“വരണ്ട പ്രദേശങ്ങളിലെ ജൈവവ്യവസ്ഥയ്ക്ക് സംരക്ഷണം നൽകാനോ
അവിടുത്തെ ജൈവവൈവിധ്യത്തിന് മൂല്യമുള്ളതായോ ഇന്ത്യ അംഗീകരിക്കുന്നില്ല, അതിനാൽ
ഇത്തരം ഭൂമി മറ്റാവശ്യങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കപ്പെടും. ഇത്
പരിഹരിക്കാനാകാത്തവിധം പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു,” രണ്ട്
പതിറ്റാണ്ടിലേറെയായി ഭൂമിയുടെ തെറ്റായ ഔദ്യോഗിക രേഖപ്പെടുത്തലിനെതിരെ പോരാടുന്ന
ശാസ്ത്രജ്ഞൻ ഡോ. അബി ടി വനക് പറയുന്നു.
“മുമ്പ് നിലവിലില്ലാത്ത ഒരു തരിശുഭൂമിയെയാണ് ഒരു സോളാർ ഫാം
സൃഷ്ടിക്കുക. ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥയെ നശിപ്പിച്ചാണ് ഒരു സോളാർ ഫാം
സൃഷ്ടിക്കുന്നത്. ഇതിലൂടെ ഊർജ്ജം ഉൽപ്പാദിപ്പിക്കാനാകും, പക്ഷേ ഇത് ഹരിത
ഊർജ്ജമാണോ?” അദ്ദേഹം ചോദിക്കുന്നു. രാജസ്ഥാന്റെ 33 ശതമാനവും തുറന്ന പാരിസ്ഥിതിക
വ്യവസ്ഥകളാണെന്നും തരിശുഭൂമിയല്ലെന്നും അദ്ദേഹം പറയുന്നു.
“ഇന്ത്യയിൽ ഭൂമിയുടെ 10 ശതമാനവും തുറന്ന ജൈവവ്യവസ്ഥിതിയാണ്, എന്നാൽ അതിൽ 5 ശതമാനം മാത്രമേ സംരക്ഷിത പ്രദേശങ്ങൾക്ക് (പിഎ) കീഴിലുള്ളൂ.” നേച്ചർ കൺസർവേഷൻ ഫൗണ്ടേഷന്റെ പരിസ്ഥിതി ശാസ്ത്രജ്ഞനായ എം ഡി മധുസൂദനനുമായി ചേർന്ന് ഡോ. അബി എഴുതിയ ഒരു പ്രബന്ധത്തിൽ ഇങ്ങനെ പറയുന്നു. " ഇന്ത്യയുടെ തുറന്ന പാരിസ്ഥിതിക വ്യവസ്ഥകളുടെ വ്യാപ്തിയുടെ മാപ്പിങ്' എന്നാണ് ഈ ലേഖനത്തിന്റെ തലക്കെട്ട്.
ഈ പ്രധാനപ്പെട്ട മേച്ചിൽസ്ഥലങ്ങളെയാണ്, ഇടയനായ ജോരാ റാം
പരാമർശിക്കുന്നത്, “സർക്കാർ നമ്മുടെ ഭാവി ഇല്ലാതാക്കുകയാണ്. സ്വയം രക്ഷിക്കാൻ
നമുക്ക് ഒട്ടകത്തെ രക്ഷിക്കേണ്ടതുണ്ട്.”
കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട്, 1999-ൽ തരിശുഭൂമി
വികസനത്തിനുള്ള വകുപ്പിനെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് റിസോഴ്‌സ് (DoLR) എന്ന്
പുനഃർനാമകരണം ചെയ്തത് മറ്റൊരു വിരോധാഭാസം.
“പ്രാദേശിക പരിസ്ഥിതിവാദികൾ
ബഹുമാനിക്കപ്പെടുന്നില്ല. ഭൂമിയുമായുള്ള ജനങ്ങളുടെ ബന്ധത്തെ നമ്മൾ
അവഗണിക്കുകയാണ്." അശോക ട്രസ്റ്റ് ഫോർ
റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റിലെ പ്രൊഫസറായ അദ്ദേഹം പറയുന്നു.
“ഓറനുകളിൽനിന്ന് കേർ സാംഗ്രി കൊണ്ടുവരുന്നതുപോലും ഇപ്പോൾ
സാധ്യമല്ല.” സാൻവത ഗ്രാമത്തിലെ കമാൽ കുൻവാർ പറയുന്നു. പാചകത്തിനായി വ്യാപകമായി
ഉപയോഗിക്കുന്ന നാടൻ കേർ മരത്തിന്റെ ചെറിയ കായകളും ബീൻസും ഇല്ലാതായതിൽ ഈ 30 വയസുകാരി
അസ്വസ്ഥനാണ്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ലാൻഡ് റിസോഴ്‌സി-ന്റെ പ്രഖ്യാപിത
ദൗത്യത്തിൽ "ഗ്രാമീണ മേഖലകളിൽ ഉപജീവന സാധ്യതകൾ വർധിപ്പിക്കുക' എന്നതും
ഉൾപ്പെടുന്നുണ്ട്. എന്നാൽ കമ്പനികൾക്ക് ഭൂമി വിട്ടുനൽകുന്നതിലൂടെയും, വലിയ
മേച്ചിൽസ്ഥലങ്ങൾ ഇല്ലാതാക്കുന്നതിലൂടെയും, വനേതര തടി ഉത്പന്നങ്ങൾ
അപ്രാപ്യമാക്കുന്നതിലൂടെയും, വാസ്തവത്തിൽ ആ വാഗ്ദാനത്തിന്റെ നേർ വിപരീതമാണ്
സംഭവിച്ചത്.
ജയ്‌സാൽമേറിലെ മൊക്‌ല ഗ്രാമത്തിലെ ഇടയനാണ് കുന്ദൻ സിങ്. തന്റെ ഗ്രാമത്തിൽ ഏകദേശം 30 കർഷക കുടുംബങ്ങൾ മാത്രമാണ് ഇന്നും കന്നുകാലികളെ വളർത്തുന്നതെന്നും മേച്ചിൽപ്പുറങ്ങൾ ഇല്ലാത്തത് വെല്ലുവിളിയായി മാറിയെന്നും 25കാരനായ അയാൾ പറയുന്നു. “അവർ (പുനഃരുപയോഗ ഊർജ്ജ കമ്പനികൾ) ഒരു അതിർത്തി തീർത്ത് മതിൽ ഉണ്ടാക്കും, അതിനാൽ ഞങ്ങൾക്ക് പ്രവേശിക്കാൻ കഴിയില്ല.”
ജയ്‌സാൽമേർ ജില്ലയുടെ 87 ശതമാനം ഗ്രാമീണമേഖലയാണ്. അതിൽ 6-0
ശതമാനത്തിലധികംപേരും കാർഷികവൃത്തിയിലൂടെയും കന്നുകാലി വളർത്തലിലൂടെയുമാണ് ഉപജീവനം
കഴിക്കുന്നത്. ഇപ്പോൾ എനിക്ക് മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണംപോലും
നൽകാനാകുന്നില്ല
മൃഗങ്ങൾ പുല്ലിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്, രാജസ്ഥാനിൽ
അതിന്റെ 375 ഇനങ്ങളുണ്ട്. ജൂണിൽ പ്രസിദ്ധീകരിച്ച
പാറ്റേൺ
ഓഫ് പ്ലാന്റ് സ്പീഷീസ് ഡൈവേഴ്‌സിറ്റി
എന്ന പേപ്പറിൽ പറയുന്നു.
എന്നാൽ കമ്പനികൾ ഭൂമി ഏറ്റെടുക്കുമ്പോൾ, “ഭൂമി അസ്വസ്ഥമാകും. ഓരോ
നാടൻ ചെടിയ്ക്കും പതിറ്റാണ്ടുകൾ പഴക്കമുണ്ട്, അതിനോട് ചേർന്നുള്ള
ആവാസവ്യവസ്ഥയ്ക്ക് നൂറുകണക്കിന് വർഷങ്ങൾ പഴക്കമുണ്ട്. അത് മാറ്റിസ്ഥാപിക്കാൻ
നിങ്ങൾക്ക് കഴിയില്ല! അങ്ങനെ ചെയ്യുന്നത് മരുഭൂമിവൽക്കരണത്തിലേക്ക് നയിക്കും,” വാനാക്
ചൂണ്ടിക്കാട്ടുന്നു.
രാജസ്ഥാനിൽ 34 മില്ല്യൻ ഹെക്ടർ ഭൂമിയുണ്ടെന്ന്
2021ലെ
ഇന്ത്യ സ്‌റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിൽ
പറയുന്നു.
വനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപഗ്രഹ സഹായം തേടുന്നതിനാൽ ഇതിൽ 8
ശതമാനം മാത്രമാണ് വനമായി തരംതിരിക്കപ്പെടുന്നത്, മരങ്ങൾ കൂട്ടമായി നിൽക്കുന്ന
മേഖലകളെ മാത്രമേ ഉപഗ്രഹങ്ങൾ "വനം' ആയി തിരിച്ചറിയൂ.
പുൽമേടുകളിൽ കണ്ടുവരുന്ന നിരവധി ജീവികളുടെ ആവാസ വ്യവസ്ഥയാണ്
സംസ്ഥാനത്തെ ഈ വനങ്ങൾ. അവയിൽ പലതും വംശനാശഭീഷണി നേരിടുന്നവയാണ്: ലെസ്സർ ഫ്ലോറിക്കൻ
ഇനത്തിൽപെട്ട ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്, ഇന്ത്യൻ ഗ്രേ വുൾഫ്, ഗോൾഡൻ കുറുക്കൻ, ഇന്ത്യൻ
കുറുക്കൻ, ഇന്ത്യൻ ഗസെൽ, ബ്ലാക്ക് ബക്ക്, വരയുള്ള കഴുതപ്പുലി, കാരക്കൽ, ഡെസേർട്ട്
ക്യാറ്റ്, ഇന്ത്യൻ മുള്ളൻപന്നി എന്നിവയും അതിൽപെടും. ഡെസേർട്ട് മോണിറ്റർ ലിസാർഡ്, സ്പൈനി-ടെയിൽഡ്
ലിസാർഡ് എന്നിവയും അടിയന്തര സംരക്ഷണം ആവശ്യമുള്ള ജീവികളാണ്.
യുഎൻ ദശകം എന്ന പേരിൽ ഐക്യരാഷ്ട്രസഭ 2021–2030 വർഷം ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്: “ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജീർണിച്ചതോ നശിപ്പിക്കപ്പെട്ടതോ ആയ ആവാസവ്യവസ്ഥകളെ വീണ്ടെടുക്കുകയും ഇപ്പോഴും നിലനിൽക്കുന്ന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുകയുമാണ്.” കൂടാതെ, ഐയുസുഎന്നി-ന്റെ 2023 ലെ നേച്ചർ പ്രോഗ്രാമിൽ ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിന് ആദ്യ മുൻഗണനയും നൽകിയിട്ടുണ്ട്.
രാജ്യത്തെ പുൽമേടുകൾ
സംരക്ഷിക്കാനും തുറന്ന വന ആവാസവ്യവസ്ഥ വളർത്താനും കേന്ദ്രസർക്കാർ ചീറ്റകളെ
ഇറക്കുമതി ചെയ്യുന്നുവെന്നാണ് 2022 ജനുവരിയിൽ പ്രഖ്യാപിച്ച 224 കോടി ചീറ്റകളെ
പുനഃരവതരിപ്പിക്കുന്ന
പദ്ധതിയിൽ
വിശദീകരിക്കുന്നത്. എന്നാൽ രാജ്യത്തെത്തിയ ചീറ്റപ്പുലികൾക്ക് ഇതുവരെ സ്വയം
രക്ഷിക്കാൻ കഴിഞ്ഞിട്ടില്ല. - ഇറക്കുമതി ചെയ്ത 20-ൽ അഞ്ചെണ്ണം ചത്തു, കൂടാതെ ഇവിടെ
ജനിച്ച മൂന്ന് കുഞ്ഞുങ്ങളും ചത്തു.
*****
“ചെറിയ എണ്ണം സസ്യങ്ങളും പുൽമേടുകളും പരിസ്ഥിതി വ്യവസ്ഥയും
ഉൾക്കൊള്ളുന്ന വരണ്ട പ്രദേശങ്ങളെയും വനഭൂമിയായി കണക്കാക്കേണ്ടതുണ്ട്,” എന്ന
2018
-ലെ സുപ്രീം കോടതി വിധി ഓറനുകളിൽ
ആഹ്ലാദം ഉയർത്തിയിരുന്നു.
പക്ഷേ രാജസ്ഥാനിൽ മാറ്റമുണ്ടായില്ല. കമ്പനികളുമായി
കരാറിലേർപ്പെടുന്നത് തുടർന്നു. ഈ വനങ്ങൾക്ക് നിയമസാധുത ലഭിക്കുന്നതിനായി
പ്രവർത്തിക്കുന്ന പ്രാദേശിക പ്രവർത്തകനായ അമൻ സിങ് സുപ്രീം കോടതി ഇടപെടൽ
ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കാൻ 2023 ഫെബ്രുവരി 13ന്
രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി.
“ഓറനുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ കൈയിൽ മതിയായ
വിവരങ്ങൾ ഇല്ലായിരുന്നു. റവന്യൂ രേഖകൾ പുതുക്കാറില്ല, അല്ലെങ്കിൽ കൈയേറിക്കഴിഞ്ഞു,”
കൃഷി അവാം പരിസ്ഥിതികി വികാസ് സൻസ്ഥാനിന്റെ സ്ഥാപകനായ സിങ്‌പറയുന്നു.
ഓറനുകളുടെ പുനഃരുജ്ജീവനത്തിനായി പ്രവർത്തിക്കുന്നതാണീ സംഘടന.
"കൽപ്പിത വന' പദവി ഓറനുകൾക്ക് ഖനനം, സൗരോർജ്ജം, കാറ്റാടിപ്പാടങ്ങൾ,
നഗരവൽക്കരണം, മറ്റ് ഭീഷണികൾ എന്നിവയിൽനിന്ന് കൂടുതൽ നിയമപരിരക്ഷ നൽകണമെന്ന്
അദ്ദേഹം പറയുന്നു. “ഈ മേഖലകൾ തരിശുഭൂമിയായി തുടർന്നാൽ, മറ്റ് ആവശ്യങ്ങൾക്ക്
അനുവദിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
2019ലെ രാജസ്ഥാൻ സോളാർ എനർജി പോളിസി പ്രകാരം സോളാർ പവർ പ്ലാന്റ് കമ്പനികൾക്ക് കൃഷിഭൂമി പോലും വികസനത്തിനായി ഏറ്റെടുക്കാൻ അനുവദിക്കുന്നുണ്ട്. അതിനാൽതന്നെ ഓറനുകളുടെ സംരക്ഷണം കൂടുതൽ ശ്രമകരമാകും. കൂടാതെ ഭൂമി പരിവർത്തനത്തിന് ഇവിടെ യാതൊരു നിയന്ത്രണവുമില്ല.
“ഇന്ത്യയുടെ പാരിസ്ഥിതിക നിയമങ്ങൾ ഹതിതോർജ്ജ ഓഡിറ്റിന് വിധേയമാകുന്നില്ല,” വൈൽഡ് ലൈഫ് ബയോളജിസ്റ്റും ന്യൂഡൽഹിയിലെ ഗുരു ഗോവിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സുമിത് ദൂകിയ പറയുന്നു. “എന്നാൽ നിയമങ്ങൾ കമ്പനികളെ പിന്തുണയ്ക്കുന്നതിനാൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല.”
കമ്പനികൾ ഉത്പാദിപ്പിക്കുന്ന ജീർണിക്കാത്ത മാലിന്യങ്ങളുടെ അളവിനെക്കുറിച്ച് ദൂകിയയും പാർത്ഥും ആശങ്കാകുലരാണ്. “30 വർഷത്തേക്കാണ് സ്ഥലം കമ്പനിക്ക് പാട്ടത്തിന് നൽകിയിരിക്കുന്നത്, എന്നാൽ കാറ്റാടി മില്ലുകൾക്കും സോളാർ പാനലുകൾക്കും 25 വർഷമാണ് ആയുസ്സ്. ഈ മാലിന്യം ആര് എവിടെ നിർമാർജ്ജനം ചെയ്യും?” ദൂകിയ ചോദിക്കുന്നു.
*****
"സർ സാന്തേ രോക് രഹേ തോ ഭി സസ്‌ത ജാൻ (മനുഷ്യശിരസ് ബലി
നൽകുന്നതുകൊണ്ട് ഒരു മരമെങ്കിലും രക്ഷപെടുമെന്നാണെങ്കിൽ, അതും ഒരു വിലപേശൽതന്നെയാണ്).
"മരങ്ങളുമായുള്ള നമ്മുടെ ബന്ധം വിവരിക്കുന്ന' ഒരു പ്രാദേശിക പഴഞ്ചൊല്ല്
ചൊല്ലുകയാണ് രാധേശ്യാം ബിഷ്ണോയ്. ധോലിയയിലെ താമസക്കാരനായ അദ്ദേഹം ബദ്രിയ ഓറന്
സമീപമാണ് താമസിക്കുന്നത്, പ്രാദേശികമായി അറിയപ്പെടുന്ന ഗ്രേറ്റ് ഇന്ത്യൻ
ബസ്റ്റാർഡിന്റെ സംരക്ഷണം ആവശ്യപ്പെടുന്നവരിൽ മുൻനിരയിലാണ് അദ്ദേഹം.
“300-ലധികം വർഷങ്ങൾക്ക് മുമ്പ്, ജോധ്പൂരിലെ രാജാവ് ഒരു കോട്ട
പണിയാൻ തീരുമാനിക്കുകയും തന്റെ മന്ത്രിയോട് അടുത്തുള്ള ഖേതോലായ് ഗ്രാമത്തിൽനിന്ന്
മരം കൊണ്ടുവരാൻ ഉത്തരവിടുകയും ചെയ്തു. മന്ത്രി അതിനായി സൈന്യത്തെ അയച്ചു, എന്നാൽ
ബിഷ്‌ണോയിക്കാർ മരം മുറിക്കാൻ അവരെ അനുവദിച്ചില്ല. അപ്പോൾ മന്ത്രി പ്രഖ്യാപിച്ചു,
"മരങ്ങളും അവയോട് ചേർന്നുനിൽക്കുന്ന മനുഷ്യരെയും വെട്ടുക’.”
അമൃത ദേവിയുടെ നേതൃത്വത്തിൽ ഓരോ ഗ്രാമവാസിയും ഒരു മരം
ദത്തെടുത്തു, എന്നാൽ സൈന്യം അവരെ വെറുതെവിട്ടില്ല, 363 പേരുടെ കൊലപാതകത്തിന്
ശേഷമാണ് അവർ അത് അവസാനിപ്പിച്ചത്.
“പരിസ്ഥിതിക്കായി ജീവൻ ബലി നൽകുന്ന വികാരം ഇന്നും ഞങ്ങളിൽ ജീവനനോടെയുണ്ട്,” അദ്ദേഹം പറയുന്നു.
ഡീഗ്രേയിലെ 60,000 ബിഗ ഓറനിൽ 24,000 ഉം ഒരു ക്ഷേത്ര
ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് സുമർ സിങ് പറയുന്നു. ബാക്കിയുള്ള 36,000
ബിഗയുടെ കാര്യത്തിൽ ഉത്തരവിറക്കിയെങ്കിലും സർക്കാർ അത് ട്രസ്റ്റിന്
നൽകിയിട്ടില്ല, “2004ൽ ആ സ്ഥലം സർക്കാർ കാറ്റാടി കമ്പനികൾക്ക് അനുവദിച്ചു. പക്ഷേ
ഞങ്ങൾ പൊരുതിനിന്നു,” സുമിർ സിങ് പറയുന്നു.
ജയ്‌സാൽമേറിലെ മറ്റിടങ്ങളിൽ ചെറിയ ഓറനുകൾക്ക് നിലനിൽക്കാൻ
സാധിക്കുന്നില്ല കാരണം അവ "തരിശുഭൂമി'യായി വേർതിരിക്കപ്പെട്ടിരിക്കുകയാണ്. അതാകട്ടെ
കമ്പനികൾ സ്വന്തമാക്കുകയാണ്.
“ഈ ഭൂമി കണ്ടാൽ പാറക്കെട്ടാണെന്ന് തോന്നും,” സാൻവാതയിലെ തന്റെ
വയലുകൾക്ക് ചുറ്റും നോക്കിക്കൊണ്ട് അദ്ദേഹം പറയുന്നു. “എന്നാൽ ഏറ്റവും
പോഷകഗുണമുള്ള ഇനമായ ബജ്റ ഞങ്ങൾ ഇവിടെ വളർത്തുന്നു.” മോക്‌ല ഗ്രാമത്തിനടുത്തുള്ള
ഡോംഗർ പിർജി ഓറനിൽ കെജ്‌റി കെർ, ജാൽ, ബെർ തുടങ്ങിയ നിരവധി മരങ്ങളുണ്ട്. ഇവിടെയുള്ള
ആളുകൾക്കും മൃഗങ്ങൾക്കും അവശ്യഭക്ഷണവും ഇതൊക്കെയാണ്.
“ബഞ്ചർ ഭൂമി (തരിശുഭൂമി)!” എന്ന മട്ടിലുള്ള ഭൂമി വർഗീകരണത്തിൽ
സുമർ സിങ് വിശ്വസിക്കുന്നില്ല. “മറ്റ് തൊഴിൽസാധ്യതകളില്ലാത്ത ഞങ്ങളുടെ പ്രദേശത്തെ
ഭൂരഹിതർക്ക് ഈ ഭൂമി നൽകുക, അവർക്ക് റാഗിയും ബജ്റയും ഇവിടെ വളർത്താമല്ലോ, അതിലൂടെ
എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാം.”
“ഞങ്ങൾ പാവപ്പെട്ടവരാണ്. ഞങ്ങളുടെ ഭൂമിക്ക് പണം വാഗ്ദാനം
ചെയ്താൽ എങ്ങനെ നിരസിക്കാനാണ്? ജയ്‌സാൽമീറിനും ഖെതോലായ്‌ക്കും ഇടയിലുള്ള ഹൈവേയിൽ
ഒരു ചെറിയ കട നടത്തുന്നു മാംഗി ലാൽ പറയുന്നു.
ഈ സ്‌റ്റോറിക്കായി സഹായിച്ച ജൈവവൈവിധ്യ സഹകരണസംഘത്തിലെ അംഗം ഡോ. രവി ചെല്ലത്തിന് റിപ്പോർട്ടർ നന്ദി പറയുന്നു.
പരിഭാഷ: അശ്വതി ടി കുറുപ്പ്