ചത്തീസ്ഗഢിലെ സർഗുജ, ജാഷ്പുർ ജില്ലകളിൽ പ്രചാരമുള്ള ഒരു നാടോടിനൃത്തമാണ് ശൈലനൃത്തം. രാജ്‌വാഡ, യാദവ്, നായ്ക്ക്, മണിക്ക്പുരി സമുദായങ്ങളിലെ അംഗങ്ങളാണ് ഇത് അവതരിപ്പിക്കുന്നത്. “ചത്തീസ്ഗഢിന്റെ ബാക്കി ഭാഗങ്ങളിലും ഒഡിഷയിലും ഛെർച്ചെര എന്ന പേരിലും ഈ നൃത്തം അറിയപ്പെടുന്നു. ഷേത്ത് ഉത്സവദിനം മുതലാണ് ഞങ്ങൾ ഈ നൃത്തം ചെയ്യാൻ തുടങ്ങുക” സർഗുജ ജില്ലയിലെ ലഹപത്ര ഗ്രാമത്തിലെ കൃഷ്ണകുമാർ രാജ്‌വാഡെ പറയുന്നു.
ചത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പുരിൽ, സംസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കരകൌശല ഉത്സവത്തിൽ പങ്കെടുക്കാൻ വന്നതായിരുന്നു 15 പേരടങ്ങുന്ന ആ ശൈല നൃത്തസംഘം,. കൃഷ്ണകുമാറും ആ സംഘത്തിലെ ഒരംഗമായിരുന്നു.
നിറപ്പകിട്ടുള്ള നൃത്തമാണിത്. നിറമുള്ള വസ്ത്രങ്ങളും, അലങ്കരിച്ച തലപ്പാവുകളും കൈകളിൽ ദണ്ഡുകളുമായിട്ടാണ് നൃത്തക്കാരുടെ വരവ്. ഓടക്കുഴൽ, മന്ദർ, മഹൂരി, ഝാൽ എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
ആണുങ്ങൾ മാത്രമാണ് ഇത് കളിക്കുക. ചിലരുടെ വസ്ത്രങ്ങളിൽ മയിൽപ്പീലികളും കാണാം. മയിലുകൾ നൃത്തം ചെയ്യുന്ന ഒരു പ്രതീതി ജനിപ്പിക്കും അത്.
ഗോത്രവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനമാണ് ചത്തീസ്ഗഢ്. ഇവിടത്തുകാർ മിക്കവരും കൃഷിയിൽ ഏർപ്പെട്ടവരാണ്. അത്, ആ പ്രദേശത്തിന്റെ സംഗീതത്തിലും നൃത്തത്തിലുമൊക്കെ പ്രതിഫലിക്കുകയും ചെയ്യുന്നു. വിളവെടുപ്പ് കഴിഞ്ഞാൽ, ഗ്രാമങ്ങളിലെ ജനങ്ങൾ, നൃത്തം ചെയ്ത് ആഘോഷിക്കുന്നു. നാട്ടിലെ എല്ലായിടത്തും അവർ അതുമായി യാത്ര ചെയ്യുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്