അരട്ടൊണ്ടി ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ, മത്ത് പിടിപ്പിക്കുന്ന ഒരു സുഗന്ധം പരന്നൊഴുകുന്നുണ്ട്.

ഓരോ വീടിന്റെ മുമ്പിലും, മഞ്ഞയും, പച്ചയും, ഊതനിറവുമുള്ള മഹുവ പൂക്കൾ, മുളമ്പായയിലും, ചാക്കുകളിലും, മണ്ണിന്റെ തറയിലുമൊക്കെയായി ഉണക്കാനിട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്ത് വന്നു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ഇപ്പോൾ മഹുവ പൂക്കുന്ന കാലമാണ്.

“മഹുവ ഏപ്രിലിലും, ടെണ്ടു ഇലകൾ മേയ് മാസത്തിലും,”  25 വയസ്സുള്ള സാർത്ഥിക കൈലാശ് ആദെ പറയുന്നു. “ഇതാണ് ഇവിടെ ഞങ്ങൾക്ക് ആകെയുള്ളത്.” എല്ലാ ദിവസവും രാവിലെ മാന, ഗോണ്ട ഗോത്രക്കാരായ അവരും മറ്റ് ഗ്രാമീണരും. 4-5 മണിക്കൂറുകൾ കാട്ടിലലഞ്ഞ്, വലിയ മഹുവ മരങ്ങളിൽനിന്ന് പൊഴിഞ്ഞുകിടക്കുന്ന മൃദുവായ പൂക്കൾ ശേഖരിക്കും. മരത്തിന്റെ ഇലകൾ ചുവപ്പിന്റെ വിവിധ നിറഭേദങ്ങളിലായിരിക്കും അപ്പോൾ. ഉച്ചയോടെ ചൂട് 41 ഡിഗ്രി സെൽ‌ഷ്യസ് കടന്ന് അസഹ്യമായിത്തീരും.

ഓരോ മഹുവ മരവും ശരാശരി 4-6 കിലോഗ്രാം പൂക്കൾ നൽകും. അരട്ടൊണ്ടി ഗ്രാമത്തിലെ (അറക്ക്ടൊണ്ടി എന്നും നാട്ടുകാർ വിളിക്കും) ആളുകൾ മുളയുടെ പാത്രങ്ങളിലും പ്ലാസ്റ്റിക്ക് സഞ്ചികളിലും ശേഖരിച്ച് വീട്ടിൽ കൊണ്ടുവന്ന് ഉണക്കും. ഒരു കിലോഗ്രാം ഉണങ്ങിയ മഹുവയ്ക്ക് 35-40 രൂപ ലഭിക്കും. ഓരോരുത്തരും ദിവസവും 5 മുതൽ 7 കിലോഗ്രാംവരെ മഹുവ പൂക്കൾ ശേഖരിക്കും.

PHOTO • Jaideep Hardikar

കിഴക്കൻ വിദർഭയിലെ ഗോണ്ടിയ, ഭണ്ഡാര, ഗഡ്ചിരോളി, ചന്ദ്രപുർ ജില്ലകൾ പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19-ന് വോട്ട് ചെയ്യാൻ പോകും. പ്രദേശത്തൊട്ടാകെ, ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പകലുകളിൽ മഹുവ ശേഖരിക്കുന്നതിന്റെ തിരക്കിലാണ്

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

മഹുവ പൂക്കൾ ശേഖരിക്കാൻ ദിവസത്തിൽ അഞ്ച് മണിക്കൂർ വേണം. ഒരിക്കൽ ശേഖരിച്ചുകഴിഞ്ഞാൽ മുളമ്പായയിലോ, ചാക്കിലോ, തുണിയിലോ ഇട്ട് ഏപ്രിലിലെ ചൂടത്ത് ഉണക്കാനിടും. മധ്യേന്ത്യയിലെ ആളുകളുടെ വർഷം‌തോറുമുള്ള ഉപജീവനമാർഗ്ഗമാണ് ഇത്

മധ്യേന്ത്യയിലേയും കിഴക്കേന്ത്യയിലേയും ഗോത്രവർഗ്ഗ ജീവിതങ്ങളിൽ, സമാനതകളില്ലാത്ത, സാംസ്കാരികവും, സാമ്പത്തികവും അനുഷ്ഠാനപരവുമായ പ്രസക്തിയുള്ളതാണ് മഹുവ (മധുക ലോംഗിഫോലിയ) എന്ന വൃക്ഷം. സംഘഷഭരിതമായ ഗഡ്ചിരോലി ജില്ലയടക്കം, കിഴക്കൻ വിദർഭയിലെ ഗോണ്ടിയ എന്ന ആദിവാസി ഭൂമികയിലെ പ്രധാന ഉപജീവനമാർഗ്ഗമാണ് മഹുവ. 2011-ലെ സെൻസസനുസരിച്ച്, ജനസംഖ്യയിൽ, പട്ടികജാതിക്കാർ 13.3 ശതമാനവും, പട്ടികഗോത്രക്കാർ 16.2 ശതമാനവുമാണ്. ജനങ്ങളുടെ മറ്റൊരു ഉപജീവനമാർഗ്ഗം, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് (എം.ജി.എൻ.ആർ.ഇ.ജി.എ).

ഈ വരണ്ട, ചെറുകിട കാർഷികഗ്രാമങ്ങളിൽ, കൃഷിപ്പണി ഇല്ലാതാവുകയും മറ്റ് ജോലികൾ ദുർലഭമാവുകയും ചെയ്തതോടെ, ദശലക്ഷക്കണക്കിനാളുകൾ, ഏപ്രിലിലെ കൊടുംചൂടിൽ, സ്വന്തം പാടത്തും, അർജുനി-മോർഗാംഗ് തെഹ്സിലിലെ വനങ്ങളിലും ദിവസവും മണിക്കൂറുകൾ ചിലവഴിച്ച് ഈ പൂക്കൾ ശേഖരിക്കുകയാണ് ഇപ്പോൾ. ഗോണ്ടിയ ഭൂമിയിലെ 51 ശതമാനം സ്ഥലവും വനമാണെന്നും അതിൽ പകുതിയും സംരക്ഷിതവനവുമാണെന്നും, 2022-ലെ ജില്ലാ സാമൂഹിക, സാമ്പത്തിക റിവ്യൂ സൂചിപ്പിക്കുന്നു.

മുംബൈ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസിയുടെ (എം.എസ്.ഇ.&പി.പി) നേതൃത്വത്തിൽ 2019-ൽ, മഹുവ ഉത്പാദനത്തേയും ഗോത്ര ഉപജീവനത്തേയുംകുറിച്ച് നടന്ന ഒരു പഠനം വെളിപ്പെടുത്തുന്നത്, കിഴക്കൻ വിദർഭാ മേഖലയിൽ ഏകദേശം 1.15 ലക്ഷം മെട്രിക് ടൺ (എം.ടി) മഹുവ ശേഖരിക്കപ്പെടുന്നുണ്ടെന്നാണ്. ഗോണ്ടിയ ജില്ലയുടെ പങ്ക്, 4,000 എം.ടി.ക്ക് അല്പം മുകളിലാണെങ്കിൽ, സംസ്ഥാനത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ 95 ശതമാനവും വരുന്നത് ഗഡ്ചിരോളിയിൽനിന്നാണെന്ന് ഡോ. നീരജ് ഹടേക്കർ പറയുന്നു. പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞനും, എം.എസ്.ഇ.&പി.പി.യുടെ മുൻ ഡയറക്ടറുമാണ് അദ്ദേഹം.

ഒരു കിലോഗ്രാം മഹുവ എന്നത്, ഒരു മണിക്കൂർ മനുഷ്യാദ്ധ്വാനമാണെന്ന് പഠനം കണ്ടെത്തി. ആയിരക്കണക്കിന് കുടുംബങ്ങളോരോന്നും ഏപ്രിൽ മാസത്തിൽ 5-6 മണിക്കൂർ വീതം ചിലവഴിച്ചാണ് മഹുവ പൂക്കൾ ശേഖരിക്കുന്നത്/

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ശേഖരിച്ച മഹുവ പൂക്കളെ, ചത്തീസ്ഗഢിൽനിന്നുള്ള വ്യാപാരികൾ ഗ്രാമാ‍ടിസ്ഥാനത്തിൽ ശേഖരിച്ച് (ഇടത്ത്), റായ്പുരിലേക്ക് കൊണ്ടുപോകുന്നു. അറക്ടൊണ്ടി ഗ്രാമത്തിലെ ജനങ്ങൾ, ചെറുകിട വനോത്പന്നങ്ങളായ മഹുവയും ടെണ്ടു ഇലകളും, യഥാക്രമം ഏപ്രിൽ, മേയ് മാസങ്ങളിൽ ശേഖരിക്കുന്നു

അയൽ‌സംസ്ഥാനമായ ചത്തീസ്ഗഢാണ് മഹുവ പൂക്കളുടെ ഏറ്റവും വലിയ ശേഖരണകേന്ദ്രം. മദ്യം ഉത്പാദിപ്പിക്കാനും, ഭക്ഷണത്തിൽ ചേർക്കാനും, കന്നുകാലിത്തീറ്റയ്ക്കുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

“ഉത്പാദനത്തേക്കാൾ വളരെക്കുറവായിരിക്കും ശേഖരിക്കപ്പെട്ട പൂവുകൾ,” ഹടേക്കർ പറയുന്നു. “പല കാരണങ്ങളുണ്ട്. എന്നാൽ പ്രധാനമായും ഈ പ്രവർത്തനം അദ്ധ്വാനമുള്ളതും സമയമെടുക്കുന്നതുമാണ് എന്നതാണ് കാ‍രണം.” ഈ പൂവിൽനിന്നുണ്ടാക്കുന്ന മദ്യത്തെ അനധികൃതമായി കാണുന്ന മഹാരാഷ്ട്രയുടെ നയത്തിൽ കാതലായ മാറ്റങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. വിലസ്ഥിരത വരുത്തുകയും മൂല്യവർദ്ധനയുടെ ശ്രേണി നേരാംവണ്ണമാക്കുകയും കമ്പോളത്തെ സംഘടിപ്പിക്കുകയും ചെയ്താൽ, ഇതിനെ ആശ്രയിക്കുന്ന ഗോണ്ട് ഗോത്രക്കാർക്ക് പ്രയോജനപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

*****

അരവിന്ദ് പനഗാരിയയുടെ ‘ ഡോണ്ട് ലൂസ് സ്ലീപ്പ് ഓവർ ഇനീക്വാലിറ്റി ’ (അസമത്വത്തെക്കുറിച്ചാലോചിച്ച് ഉറക്കം കളയരുത്) എന്ന പുസ്തകം സാർത്ഥിക വായിച്ചിരിക്കാൻ ഇടയില്ല. ടൈംസ് ഓഫ് ഇന്ത്യ എന്ന പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രത്തിൽ 2024 ഏപ്രിൽ 2-നാണ് ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. പനഗാരിയ സാർത്ഥികയേയും കണ്ടിരിക്കാൻ ഇടയില്ല.

അവരുടെ ലോകങ്ങൾ ഒരിക്കലും കൂട്ടിമുട്ടാറില്ല.

ഇന്ത്യയിൽ മുന്തിയ ശമ്പളം വാങ്ങുന്ന ഒരു ശതമാനം ആളുകളുടെ കൂട്ടത്തിലാണ് പ‍നഗാരിയയുടെ സ്ഥാനം. ബില്ല്യണയറുമാരുടെ ലീഗിലൊന്നും ഉൾപ്പെടില്ലെങ്കിലും, നയങ്ങൾ തീരുമാനിക്കാൻ‌തക്ക സ്വാധീനമുള്ളയാളാണ് അദ്ദേഹം.

സാർത്ഥികയും അവരുടെ സഹഗ്രാമീണരുമാകട്ടെ, രാജ്യത്തെ ഏറ്റവും ദരിദ്രരും അധികാരശൂന്യരുമായ, അടിത്തട്ടിലെ 10 ശതമാനത്തിൽ‌പ്പെട്ടവരാണ്. അവരുടെ വീടുകളിൽ യാതൊരുവിധ അടിസ്ഥാന സൌകര്യങ്ങളുമില്ല. എല്ലാവിധ വരുമാനമാർഗ്ഗങ്ങളും ഒരുമിച്ച് കണക്കാക്കിയാൽ‌പ്പോലും മാ‍സവരുമാനം 10,000 രൂപയിൽ കവിയുകയുമില്ല.

നാൾക്കുനാൾ തങ്ങളുടെ ജീവിതം ദുരിതത്തിലാഴുകയാണെന്ന്, രണ്ട് കുട്ടികളുടെ അമ്മയായ അവർ പറയുമ്പോൾ, ചുറ്റുമുള്ളവർ തലകുലുക്കി സമ്മതിക്കുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും, വരുമാനമാർഗ്ഗങ്ങളുടെ അഭാവവും എല്ലാം ചേർന്ന്, അവരുടെ ഉറക്കം കെടുത്തുകയാണ്.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

മഹുവയേയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയേയും മാത്രം ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കർഷകയാണ് സാർത്ഥിക ആദെ (നീല തലക്കെട്ട്). കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, എം.ജി.എൻ.ആർ.ഇ.ജി.എ.ക്കുള്ള ആവശ്യം വർദ്ധിച്ചിട്ടുണ്ടെന്ന് വർദ്ധിച്ചിട്ടുണ്ടെന്ന് സ്ത്രീകൾ പറയുന്നു. ആ പദ്ധതിക്ക് കീഴിൽ ആറും ഏഴും മണിക്കൂർ ജോലി ചെയ്യുന്നവരാണ് ആ സ്ത്രീകൾ. പുരുഷന്മാരും അതിലുൾപ്പെടുന്നു. മറ്റ് സ്ത്രീകളോടൊപ്പം (വലത്ത്)

“എല്ലാറ്റിനും വിലകൂടി,” അറക്ടൊണ്ടിയിലെ സ്ത്രീകൾ പറയുന്നു. “ഭക്ഷ്യ എണ്ണ, പഞ്ചസാര, പച്ചക്കറി, എണ്ണ, കറന്റ്, യാത്ര, കടലാസ്സുകൾ, തുണികൾ.” പട്ടിക ഇനിയും നീളും.

മഴയെ മാത്രം ആശ്രയിച്ച് നെൽ‌ക്കൃഷി ചെയ്യുന്ന ഒരേക്കറിൽത്താഴെ സ്വന്തമായുള്ള ഭൂമിയുണ്ട് സാർത്ഥികയ്ക്ക്. അതിൽനിന്ന് 10 ക്വിന്റൽ വിളവ് ലഭിക്കും. ദീർഘകാലത്തേക്ക് പ്രയോജനപ്പെടുന്നവിധത്തിൽ വിൽക്കാവുന്ന അധികവിളവൊന്നും അതിൽനിന്ന് കിട്ടുന്നില്ല.

അപ്പോൾ സാർത്ഥികയെപ്പോലെയുള്ള ഗോത്രക്കാർ എന്ത് ചെയ്യുന്നു?

“മാർച്ച് മുതൽ മേയ് വരെ, മൂന്ന് സംഗതികളാണ് ഞങ്ങളെ നിലനിർത്തുന്നത്,” ഗ്രാമത്തിലെ ഉമെദിന്റെ – സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്റെ – കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണായ അൽക മഹാദേവി പറയുന്നു.

അവർ ആ മൂന്ന് കാര്യങ്ങൾ എണ്ണിപ്പറയുന്നു: ചെറുകിട വനോത്പന്നങ്ങൾ - ഏപ്രിലിൽ മഹുവയും, മേയിൽ ടെണ്ടു ഇലകളും; എം.ജി.എൻ.ആർ.ഇ.ജി.എ ജോലി; മൂന്നാമതായി, സംസ്ഥാനം വിലക്കുറവിൽ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ. “ഈ മൂന്നും മാറ്റിനിർത്തിയാൽ, ഒന്നുകിൽ ഞങ്ങൾക്ക് മറ്റ് പട്ടണങ്ങളിലേക്ക് തൊഴിൽ തേടി പലായനം ചെയ്യേണ്ടിവരും, അല്ലെങ്കിൽ ഇവിടെത്തന്നെ പട്ടിണി കിടന്ന് ചാവേണ്ടിവരും,” സ്വയം സഹായസംഘങ്ങളെ നയിക്കുന്ന മാദവി പറയുന്നു.

പകൽ‌സമയങ്ങളിൽ അഞ്ച് മണിക്കൂർ ചുറ്റുവട്ടത്തുള്ള കാടുകളിൽനിന്ന് മഹുവ ശേഖരിക്കും സാർത്ഥികയും അവരുടെ ഗോണ്ട് അയൽക്കാരും. പിന്നീട്, അഞ്ചുമുതൽ ആറുമണിക്കൂർവരെ, എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ റോഡുപണിക്ക് പോവും. വൈകുന്നേരങ്ങളിൽ, അലക്കൽ, പാചകം, കന്നുകാലികളെ നോക്കൽ, കുട്ടികളെ നോക്കൽ, വൃത്തിയാക്കൽ തുടങ്ങിയ പണികൾ. ജോലിസ്ഥലത്ത്, സാർത്ഥികയും കൂട്ടരും പ്ലാസ്റ്റിക്ക് ചട്ടികളിൽ മണ്ണ് നിറച്ച്, തലയിൽ ചുമന്ന് റോഡിൽ നിരത്തുന്നു. പുരുഷന്മാർ അത് നിരപ്പാക്കുന്നു. റോഡിനും മണ്ണെടുക്കൽ സ്ഥലത്തിനുമിടയിൽ നിരവധിതവണ യാത്രചെയ്താണ് ഓരോരുത്തരും ഈ പണി ചെയ്യുന്നത്.

ഒരു ദിവസത്തെ അവരുടെ കൂലി, കാർഡ് റേറ്റനുസരിച്ച് 150 രൂപയാണ്. സീസണിൽ, മഹുവയിൽനിന്നടക്കം അവർക്ക് 250-300 രൂപയാണ് ഒരു ദിവസത്തെ വരുമാ‍നം. മേയ് മാസമായാൽ അവർ ടെണ്ടു ഇലകൾ ശേഖരിക്കാൻ കാടുകളിലേക്ക് കയറും.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

സംസ്ഥാന ഗ്രാമീണ ഉപജീവന മിഷനായ ഉമേദിന്റെ ഗ്രാമത്തിലെ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണാണ് അൽകാ മാദവി (ഇടത്ത്). കാട്ടിൽനിന്ന് മഹുവ പറിക്കുന്നതിനിടയ്ക്ക് ഇളവേൽക്കുന്ന സാർത്ഥിക (വലത്ത്)

കോൺഗ്രസ്സ് പാർട്ടിയുടെ ‘പരാജയത്തിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ച എം.ജി.എൻ.ആർ.ഇ.ജി.എ മാത്രമാണ് ഇപ്പോഴും രാജ്യത്തിലെ വലിയൊരു ഭാഗം ദരിദ്രരുടെ ഏക ഉപജീവനമാർഗ്ഗം എന്നത് വിരോധാഭാസമായി തോന്നാം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ പത്താം വർഷമായ ഈ 2024-ലും എം.ജി.എൻ.ആർ.ഇ.ജി.എ-ക്കുള്ള ആവശ്യം വർദ്ധിക്കുകയാണെന്ന്, ദിവസത്തിൽ ആറേഴ് മണിക്കൂർ ഈ തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും പറയുന്നു.

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനമുണ്ടാക്കണമെങ്കിൽ, സാർത്ഥികയ്ക്കും അവരെപ്പോലെയുള്ള സ്ത്രീകൾക്കും നൂറുകണക്കിന് വർഷങ്ങൾ ജോലി ചെയ്യേണ്ടിവരും. അസമമായ വരുമാനമാണ് നമ്മുടെ ഉറക്കം കളയേണ്ടത് എന്ന് പാനാഗ്രിയ ചൂണ്ടിക്കാട്ടുന്നു.

“എനിക്ക് കൃഷിസ്ഥലമോ മറ്റ് ജോലിയോ ഇല്ല,” 45 വയസ്സുള്ള സമിത ആദെ പറയുന്നു. എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ പണിയിടത്തിൽ വിയർപ്പൊഴുക്കുന്ന മന ഗോത്രക്കാരിയാണ് അവരും. “എന്തെങ്കിലും പണം കിട്ടുന്നത്, എം.ജി.എൻ.ആർ.ഇ.ജി.എ പണിയിലൂടെ മാത്രമാണ്.” “വർഷം മുഴുവൻ കൂടുതൽ മെച്ചപ്പെട്ട ജോലിയും കൂലിയു”മാണ് സാർത്ഥികയും മറ്റുള്ളവരും ആവശ്യപ്പെടുന്നത്.

വർഷം മുഴുവൻ ജോലി ലഭിക്കുക എന്നത് അപ്രാപ്യമായതിനാൽ മിക്കവരും കാടുമായി ബന്ധപ്പെട്ട ഉപജീവനമാർഗ്ഗങ്ങളിലേക്ക് മാറിയിരിക്കുന്നു. അതിനാൽത്തന്നെ, കഴിഞ്ഞ കുറേ വർഷങ്ങളായി, കാട്ടിൽനിന്ന് കിട്ടുന്ന വരുമാനത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ രൂക്ഷമായിട്ടുണ്ടെന്ന് സമിത പറയുന്നു. നവെഗാംഗ് ദേശീയ പാർക്കിന്റെ തെക്കുഭാഗത്തുള്ള കാടിന്റെ സമീപത്തായിട്ടാണ് അറക്കടൊണ്ടി ഗ്രാമം കിടക്കുന്നത്. വനാവകാശ നിയമപ്രകാരം സമുദായങ്ങൾക്ക് കിട്ടേണ്ട വനാവകാശങ്ങൾ ഇപ്പോഴും അതിന് ലഭിച്ചിട്ടില്ല.

“എന്നാൽ മറ്റൊരു ഉപജീവനമാർഗ്ഗവുംകൂടിയുണ്ട്” എന്ന് സരിത വെളിപ്പെടുത്തി – ഋതുക്കൾക്കനുസരിച്ചുള്ള കുടിയേറ്റം.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഒരു ദിവസത്തെ വരുമാനമുണ്ടാക്കണമെങ്കിൽ, സാർത്ഥികയ്ക്കും അവരെപ്പോലെയുള്ള സ്ത്രീകൾക്കും നൂറുകണക്കിന് വർഷങ്ങൾ ജോലി ചെയ്യേണ്ടിവരും. അസമമായ വരുമാനമാണ് നമ്മുടെ ഉറക്കം കളയേണ്ടത് എന്ന് പനഗാരിയ ചൂണ്ടിക്കാട്ടുന്നു. ‘വർഷം മുഴുവൻ നീളുന്ന കൂടുതൽ മെച്ചപ്പെട്ട ജോലിയും കൂലിയു’മാണ് സാർത്ഥികയും (വലത്ത്) മറ്റുള്ളവരും ആവശ്യപ്പെടുന്നത്

എല്ലാ വർഷവും, ഒക്ടോബർ മുതൽ ഫെബ്രുവരിവരെ, ഗ്രാമത്തിലെ പകുതിയോളം ആളുകളും വീടുവിട്ട്, ദൂരസ്ഥലങ്ങളിലെ കൃഷിയിടങ്ങളിലേക്കും, വ്യവസായങ്ങളിലേക്കും നിർമ്മാണ സൈറ്റുകളിലേക്കും യാത്രയാവും.

“എന്റെ ഭർത്താവും ഞാനും കർണ്ണാടകയിലെ യാദ്ഗിറിലേക്ക് ഈ വർഷം നെൽ‌ക്കൃഷി ചെയ്യാൻ പോയി,” സാർത്ഥിക പറയുന്നു. “ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന ഞങ്ങളുടെ 13 അംഗ സംഘമാണ് ഒരു ഗ്രാമത്തിലെ എല്ലാ കൃഷി ജോലികളും ചെയ്തത്. ഫെബ്രുവരി അവസാനം തിരിച്ചുവരികയും ചെയ്തു.” അത്തരം വരുമാനങ്ങൾ കുടുംബങ്ങൾക്ക് ഒരു വലിയ സഹായമാണ്.

*****

കിഴക്കൻ വിദർഭയുടെ വനസമ്പന്നവും, നെല്ലറയുമായ അഞ്ച് ജില്ലകൾ - ഭണ്ടാര, ഗോണ്ടിയ, ഗഡ്ചിറോളി, ചന്ദ്രപുർ, നാഗ്പുർ - അഞ്ച് പാർലമെന്റ് മണ്ഡലങ്ങളാണ്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19-ന് ആ അഞ്ച് ജില്ലകളും വോട്ട് രേഖപ്പെടുത്തും.

രാഷ്ട്രീയപ്പാർട്ടികളുടേയും ഉദ്യോഗസ്ഥന്മാരുടേയും ജനങ്ങളോടുള്ള പരിപൂർണ്ണമായ അലംഭാവം കാരണം, അറക്ടൊണ്ടി ഗ്രാമത്തിലെ ജനങ്ങൾക്ക് അവരിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങൾ വർദ്ധിപ്പിച്ച മോദി സർക്കാരിനെതിരേ, ദരിദ്രരായ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നുമുണ്ട്.

“ഞങ്ങൾക്ക് ഒരു മാറ്റവുമുണ്ടായില്ല,” സാർത്ഥിക പറയുന്നു. “ഞങ്ങൾക്ക് പാചക ഗ്യാസ് കിട്ടി. പക്ഷേ വളരെ വിലക്കൂടുതലാണ്. കൂലിയിൽ ഒരു മാറ്റവുമില്ല. വർഷം മുഴുവൻ സ്ഥിരമായ ജോലിയും കിട്ടാനില്ല.”

PHOTO • Jaideep Hardikar

അറക്ടൊണ്ടി ഗ്രാമത്തിലെ എം.ജി.എൻ.ആർ.ഇ.ജി.എ സൈറ്റ്. രാഷ്ട്രീയപ്പാർട്ടികളിലും ഉദ്യോഗസ്ഥന്മാരിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയ്ക്ക് തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങൾ വർദ്ധിപ്പിച്ച മോദി സർക്കാരിനെതിരേ ദരിദ്രരായ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നുമുണ്ട്.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

കിഴക്കൻ വിദർഭയുടെ വനസമ്പന്നവും, നെല്ലറയുമായ അഞ്ച് ജില്ലകൾ - ഭണ്ടാര, ഗോണ്ടിയ, ഗഡ്ചിറോളി, ചന്ദ്രപുർ, നാഗ്പുർ - അഞ്ച് പാർലമെന്റ് മണ്ഡലങ്ങളാണ്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഏപ്രിൽ 19-ന് അവർ വോട്ട് രേഖപ്പെടുത്തും

പാർലമെന്റംഗമായ സുനിൽ മെൻ‌ധെക്കെതിരേയും എതിർപ്പുകളുണ്ട്. ഇത്തവണ വീണ്ടും അയാളെ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ഭണ്ഡാര-ഗോണ്ടിയ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്തിയിട്ടുണ്ട്. “ഒരിക്കൽ‌പ്പോലും ഞങ്ങളുടെ ഗ്രാമത്തിൽ അയാൾ വന്നിട്ടില്ല”, എന്നാണ് അധികവും ദരിദ്രരായ ജനങ്ങൾ താമസിക്കുന്ന ഈ വലിയ മണ്ഡലത്തിലെ, വോട്ടർമാരുടെ പൊതുവായ പരാതി.

കോൺഗ്രസ്സിന്റെ ഡോ. പ്രശാന്ത് പഡോലയെയാണ് മെൻ‌ധെ നേരിട്ടുള്ള മത്സരത്തിൽ എതിരിടുന്നത്.

2021-ലെ വേനലിൽ, ആദ്യത്തെ കോവിഡ്-19 അടച്ചുപൂട്ടൽക്കാലത്ത്, വീടുകളിലേക്ക് കാൽ‌നടയായി നടത്തിയ ദുരിതപൂർണ്ണമായ യാത്ര അറക്ക്ടൊണ്ടി ഗ്രാമക്കാർ മറന്നിട്ടില്ല.

മഹുവ ശേഖരിക്കാൻ അഞ്ച് മണിക്കൂർ ചിലവഴിച്ചതിനുശേഷമായിരിക്കും മിക്കവാറും, ഏപ്രിൽ 19-ന് തങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോവുന്നതെന്ന് അവർ സൂചിപ്പിച്ചു. ആ ദിവസം എം.ജി.എൻ.ആർ.ഇ.ജി.എ പണിസ്ഥലങ്ങൾക്ക് അവധിയായതിനാൽ, ഒരു ദിവസത്തെ കൂലി തങ്ങൾക്ക് നഷ്ടപ്പെടുകയും ചെയ്യുമെന്ന് അവർ പറയുന്നു.

ആർക്കായിരിക്കും അവർ വോട്ട് ചെയ്യുക:

അവർ വ്യക്തമായി പറയുന്നില്ലെങ്കിലും, ഇങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചു, “പഴയ കാലമായിരുന്നു ഭേദം”.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

জয়দীপ হার্ডিকার নাগপুর নিবাসী সাংবাদিক এবং লেখক। তিনি পিপলস্‌ আর্কাইভ অফ রুরাল ইন্ডিয়ার কোর টিম-এর সদস্য।

Other stories by জয়দীপ হার্ডিকর
Editor : Priti David

প্রীতি ডেভিড পারি-র কার্যনির্বাহী সম্পাদক। তিনি জঙ্গল, আদিবাসী জীবন, এবং জীবিকাসন্ধান বিষয়ে লেখেন। প্রীতি পারি-র শিক্ষা বিভাগের পুরোভাগে আছেন, এবং নানা স্কুল-কলেজের সঙ্গে যৌথ উদ্যোগে শ্রেণিকক্ষ ও পাঠক্রমে গ্রামীণ জীবন ও সমস্যা তুলে আনার কাজ করেন।

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat