ഫാൽഗുന മാസം കഴിയാറായി. സുരേന്ദ്രനഗർ ജില്ലയിലെ ഖരഘോഡ സ്റ്റേഷന്റെ സമീപത്തുള്ള ചെറിയ കനാലിലെ വെള്ളത്തിനുമുകളിൽ, അലസമായ ഒരു ഞായറാഴ്ച പകൽ തൂങ്ങിനിന്നു. താത്ക്കാലികമായുണ്ടാക്കിയ ഒരു തടകൊണ്ട് കനാലിലെ വെള്ളത്തിനെ ഒരു ചെറിയ കുളമാക്കി മാറ്റിയിരിക്കുന്നു. അതിന്റെ തീരത്തിരുന്ന് ധ്യാനിക്കുന്ന കുട്ടികളുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് വെള്ളത്തിന്റെ ശബ്ദം കേൾക്കാം. തീരത്ത് ആ ഏഴ് ആൺകുട്ടികൾ കുളത്തിൽ വലവിരിച്ച്, മീൻ കുടുങ്ങുന്നതും നോക്കി അനങ്ങാതിരിക്കുന്നു. ചൂണ്ട ഒന്ന് വലിഞ്ഞ് മുന്നോട്ടാഞ്ഞാൽ, ആ ചെറിയ കൈകളിൽ പിടിച്ചിരിക്കുന്ന ചൂണ്ട പ്രവർത്തിക്കാൻ തുടങ്ങുകയായി. ഒരു മീൻ വെള്ളത്തിൽനിന്ന് പുറത്തെത്തും. കുറച്ച് മാത്രകൾ അത് കരയിൽ പിടപിടയ്ക്കും. പിന്നെ നിശ്ചലമാവും.
തീരത്തുനിന്ന് കുറച്ചുകൂടി അകലെയായി അക്ഷയ് ദരോദരയും മഹേഷ് സിപാരയും അങ്ങോട്ടുമിങ്ങോട്ടും ഒച്ചയിട്ട്, ചീത്ത വിളിച്ച്, കൈയ്യിലുള്ള വാക്കത്തികൊണ്ട് മീൻ വൃത്തിയാക്കി, മുറിച്ച്, ചിതമ്പലുകൾ കളയുന്നു. മഹേഷിന് പതിനഞ്ച് വയസ്സാവാറായി. മറ്റ് ആറുപേരും ചെറിയ കുട്ടികളാണ്. മീൻ പിടുത്തം കഴിഞ്ഞു. ഇനി ഒളിച്ചുകളിയും, വർത്തമാനം പറച്ചിലും, ആർത്തട്ടഹസിക്കലുമാണ്. മീൻ വൃത്തിയായി. അടുത്തത് സമൂഹപാചകമാണ്. തമാശ തുടരുന്നു, പങ്കുവെപ്പുകളും. ആവോളം ചിരി ചേർത്ത ഒരു ഊണ്.
അല്പം കഴിഞ്ഞ് ആ ആൺകുട്ടികൾ കുളത്തിലേക്ക് ചാടി നീന്താൻ തുടങ്ങി. പിന്നെ തീരത്തെ പുല്ലിലിരുന്ന് ദേഹമുണക്കാൻ തുടങ്ങി. അവരിൽ മൂന്ന് ആൺകുട്ടികൾ ഇടയഗോത്രമായ ചുംവാലിയ കോലിക്കാർ, രണ്ടുപേർ മുസ്ലിം സമുദായക്കാർ. മറ്റ് രണ്ടുപേരും ചിരിച്ചും വർത്തമാനം പറഞ്ഞും, പരസ്പരം ചീത്തവിളിച്ചും അവിടെയൊക്കെ ചുറ്റിനടന്ന് സമയം കളയുന്നു. ഞാൻ മെല്ലെ അവരുടെയടുത്തേക്ക് ചെന്ന് പുഞ്ചിരിച്ചുകൊണ്ട്, അപരിചിതത്വം ഭേദിക്കാൻ ആദ്യത്തെ ചോദ്യം ചോദിച്ചു, ഹേയ്, എത്രാം ക്ലാസ്സിലാണ് നിങ്ങളൊക്കെ?”
നൂൽബന്ധമില്ലാത്ത ശരീരത്തോടെ പവൻ ചിരിച്ചുകൊണ്ട് പറയുന്നു, “ഈ മഹേഷിയോ (മഹേഷ്) ഒമ്പതിലാണ്, വിലാസിയോ (വിലാസ്) ആറിലും. ബാക്കിയാരും സ്കൂളിൽ പോകുന്നില്ല. ഞാനും.” അവൻ ഒരു അടയ്ക്കാപ്പൊടിയുടെ (സുപാരി) പാക്കറ്റ് കീറി, മറ്റൊരു പാക്കറ്റിൽനിന്നും പുകയിലയെടുത്ത് രണ്ടുംകൂടി തിരുമ്മി. ഒരു നുള്ളെടുത്ത്, തൊണ്ണിനിടയിൽ വെച്ച്, ബാക്കിയുള്ളത് കൂട്ടുകാർക്ക് നീട്ടി. ചുവന്ന നിറത്തിലുള്ള ദ്രാവകം വെള്ളത്തിലേക്ക് തുപ്പി അവൻ മെല്ലെ കൂട്ടിച്ചേർത്തു: “പഠിക്കാൻ ഒരു സുഖം തോന്നുന്നില്ല. ആ ടീച്ചർ ഞങ്ങളെ എപ്പോഴും തല്ലും,” എന്റെയുള്ളിൽ ഒരു തണുപ്പ് പടർന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്