'ആർക്കറിയാം , അടിയന്തിരാവസ്ഥ പുതിയ വേഷത്തിൽ തിരിച്ചുവരില്ലെന്ന് ,
ഏകാധിപത്യത്തിനെ ജനാധിപത്യമെന്ന് പുനർനാമകരണം ചെയ്യില്ലെന്ന്

വിമതസ്വരങ്ങളെ അടിച്ചമർത്തുകയും വിമതാഭിപ്രായം ഉയർത്തുന്നവരെ നിശ്ശബ്ദരാക്കുകയോ, തുറുങ്കിലടയ്ക്കുകയോ അതല്ലെങ്കിൽ രണ്ടും ചെയ്യുന്നാ ഇക്കാലത്ത്, ഒരു പ്രതിഷേധഗാനത്തിലെ ഈ വരികൾ വീണ്ടും സത്യമാവുകയാണ്. കർഷകരും കർഷകത്തൊഴിലാളികളും – കിസാനും മസ്ദൂറും – രാം‌ലീലാ മതാനത്തിലേക്ക്, ചുവപ്പും, പച്ചയും മഞ്ഞയും നിറമുള്ള പതാകകളേന്തി മുന്നേറുമ്പോൾ.

പൊതുവേദിയായ എസ്.കെ.എമ്മിന്റെ (സംയുക്ത കിസാൻ മോർച്ചയുടെ) കീഴിയിൽ 2024 മാർച്ച് 14-ന് നടന്ന കിസാൻ മസ്ദൂർ പഞ്ചായത്തിൽ പങ്കെടുക്കാൻ, വിവിധ ഗ്രൂപ്പുകളിൽനിന്നും സംഘടനകളിൽനിന്നുമുള്ള – അതിൽ ബി.കെ.യു (ഭാരതീയ കിസാൻ യൂണിയൻ‌) എ.ഐ.കെ.കെ.എം.സ് (ഓൾ ഇന്ത്യ കിസാൻ ഖേത്ത് മസ്ദൂർ സംഘടൻ) കർഷകർ ചരിത്രപ്രസിദ്ധമായ മൈതാനത്ത് ഒത്തുകൂടി.

“ആ മൂന്ന് നിയമങ്ങൾ പിൻ‌വലിച്ചതിനുശേഷം, സർക്കാർ ചില വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും അതൊന്നും പാലിച്ചിട്ടില്ല. ഇനി അവർ ആ വാഗ്ദാനങ്ങൾ നിറവേറ്റിയേ തീരൂ.“അവരത് ചെയ്തില്ലെങ്കിൽ, ഞങ്ങൾ പൊരുതും, പോരാട്ടം തുടരും”, കാലൻ ഗ്രാമത്തിൽനിന്നുള്ള പ്രേമമതി എന്ന സ്ത്രീ പാരിയോട് പറഞ്ഞു. ഫാർമേഴ്‌സ് (എംപവർമെൻറ് ആൻഡ് പ്രൊട്ടക്‌ഷൻ) അഗ്രിമെൻറ് ഓൺ പ്രൈസ് അഷുവറൻസ് ആൻഡ് ഫാം സർവീസസ്‌ ആക്ട്, 2020 , ദി ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് (പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ആക്ട്, 2020 , എസ്സൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെന്റ്) ആക്ട്, 2020 എന്നീ നിയമങ്ങളെ ഉദ്ദേശിച്ചായിരുന്നു അവരത് പറഞ്ഞത്.

“മൂന്ന് വർഷം മുമ്പും പ്രതിഷേധത്തിന് ഞങ്ങൾ വന്നിരുന്നു”, അവർ കൂട്ടിച്ചേർത്തു. മഹാപഞ്ചയാത്തിൽ പങ്കെടുക്കാൻ ഉത്തർ പ്രദേശിലെ ഷാജഹാൻപുർ ജില്ലയിൽനിന്ന് വന്നെത്തിയ മൂന്ന് സ്ത്രീക്കർഷകരിലൊരാളായിരുന്നു അവർ. ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) എന്ന കർഷകഗ്രൂപ്പുമായി ബന്ധപ്പെട്ടവരായിരുന്നു ആ സ്ത്രീകൾ. “ഈ സർക്കാർ നിലനിൽക്കുന്നുണ്ടെങ്കിലും അവർ കർഷകരുടെ ജീവിതം തകർത്തു”, രോഷത്തോടെ അവർ പറഞ്ഞു.

പാരി സംസാരിച്ച എല്ലാ സ്ത്രീകളും, 4-5 ഏക്കറിൽ ജോലി ചെയ്യുന്ന ചെറുകിട കർഷകരായിരുന്നു. ഇന്ത്യയിലെ കാർഷികജോലികളുടെ 65 ശതമാനത്തിലധികവും ചെയ്യുന്നത് കർഷകസ്ത്രീകളും തൊഴിലാളികളുമാണ്. എന്നാൽ കേവലം 12 ശതമാനം സ്ത്രീകൾക്ക് മാത്രമാന് അവരുടെ സ്വന്തം പേരിൽ ഭൂമിയുള്ളത്.

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: ഇടത്തുനിന്ന് വലത്തേക്ക്- ഉത്തർ പ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ബി.കെ.യു. പ്രവർത്തകരായ പ്രേമമതി, കിരൺ, ജശോദ എന്നിവർ. വലത്ത്: 2024 മാർച്ച് 14-ന് ദില്ലിയിലെ രാം‌ലീലാ മൈതാനത്ത് ഒത്തുകൂടിയ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കർഷകർ

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: പഞ്ചാബിൽനിന്നുള്ള കർഷകസ്ത്രീകളും കൃഷിത്തൊഴിലാളികളും. വലത്ത്: പഞ്ചാബിൽനിന്നുള്ള കർഷകർ ‘കിസാൻ മസ്ദൂർ ഏക്ത സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉയർത്തുന്നു

സ്ത്രീകൾക്കുനേരെയുള്ള അനീതികളെ തിരിച്ചറിയുന്നുണ്ട് നേഷൻ ഫോർ ഫാർമേഴ്സ് എന്ന സംഘടനയുടെ ഒരു സംരംഭമായ കിസാൻ മസൂർ കമ്മീഷൻ (കെ.എം.സി) . 2024 മാർച്ച് 19-ന് അവർ കെ.എം.സി. അജണ്ട 2024 പുറത്തിറക്കി. “സ്ത്രീകളെ കർഷകരായി തിരിച്ചറിയുകയും അവർക്ക് ഭൂവകാശങ്ങൾ നൽകുകയും ചെയ്യുക, പാട്ടത്തിനെടുത്ത ഭൂമികളിൽ അവരുടെ കുടിയിരിപ്പവകാശം സംരക്ഷിക്കുക. കൃഷിയിടങ്ങളിൽ ശിശുപരിപാലനത്തിനും ക്രെഷെ സംവിധാനത്തിനുമുള്ള സൌകര്യങ്ങൾ നൽകുക”, എന്നതായിരുന്നു അതിൽ പ്രഖ്യാപിച്ചിരുന്നത്.

കർഷകർക്ക് 6,000 രൂപ വാർഷികവരുമാനം നൽകുന്ന പി.എം.കിസാൻ സമ്മാൻ നിധി പോലുള്ള പദ്ധതികളുണ്ടെങ്കിലും കർഷകസ്ത്രീകൾ അവഗണിക്കപ്പെടുകയാണ്. കൃഷിയിടങ്ങളുടെ ഉടമസ്ഥരെ ഉദ്ദേശിച്ചുള്ളതാണ് ആ പദ്ധതി. പാട്ടക്കൃഷിക്കാർക്കും ഈ പദ്ധതികൊണ്ട് പ്രയോജനമില്ല.

2024 ജനുവരി 31-ന് ബഡ്ജറ്റ് സെഷന് മുന്നോടിയായി നടന്ന പാർലമെന്റിന്റെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൌപദി മുർമു പറഞ്ഞത് സർക്കാർ ഇതിനകം 2.25 ലക്ഷം കോടി (2,250 ബില്യൺ രൂപ) പി.എം.കിസാൻ പദ്ധതിവഴി വിതരണം ചെയ്തുവെന്നും, അതിൽ 54,000 കോടി (540 ബില്യൺ രൂപ) സ്ത്രീകളായ ഗുണഭോക്താക്കൾക്ക് ലഭിച്ചു എന്നുമായിരുന്നു.

പുരുഷന്മാർക്ക് മൂന്ന് രൂപ കിട്ടുമ്പോൾ, കർഷകസ്ത്രീകൾക്ക് ഒരു രൂപ കിട്ടുന്നു എന്നാണ് ഈ പറഞ്ഞതിന്റെ ഏകദേശ അർത്ഥം. എന്നാൽ, ഗ്രാമീണ ഇന്ത്യയിലെ മഹാഭൂരിപക്ഷം സ്ത്രീകളും പാടത്ത് പണിയെടുക്കുമ്പോൾ - 80 ശതമാനവും, ശമ്പളമില്ലാതെ, കുടുംബകൃഷി ചെയ്യുന്ന അവസ്ഥയിൽ - ലിംഗപരമായ അനീതി കൂടുതൽ ഭയാനകമാവുകയാണ്.

വേദിയിൽനിന്ന് സംസാരിച്ച ഒരേയൊരു സ്ത്രീയാ മേധാ പട്‌കർ, കഴിഞ്ഞ പ്രതിഷേധങ്ങളിൽ ഇടയ്ക്കിടയ്ക്ക് കേട്ടിരുന്ന മുദ്രാവാക്യം ആവർത്തിച്ചു. “സ്ത്രീകളുടെ പങ്കാളീത്തമില്ലാത്ത എല്ലാ സമരങ്ങളും അപൂർണ്ണമാണ്”.

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ കാപിയാൽ ഗ്രാമത്തിലെ കർഷകനായ ചിന്ദർബാല (നടുവിൽ ഇരിക്കുന്നത്). വലത്ത്: ‘സ്ത്രീകളുടെ പങ്കാളീത്തമില്ലാത്ത എല്ലാ സമരങ്ങളും അപൂർണ്ണമാണ്’

സ്ത്രീകളെന്ന നിലയ്ക്കും കർഷകരെന്ന നിലയ്ക്കും സ്വന്തം അവകാശങ്ങൾക്കുവേണ്ടി പൊരുതിക്കൊണ്ടിരുന്ന, നിരവധി സ്ത്രീഭടന്മാർ അവരുടെ വാക്കുകളെ സ്വാഗതം ചെയ്തു. ആ ആൾക്കൂട്ടത്തിന്റെ നാലിൽ മൂന്നും അവരായിരുന്നു. “ഞങ്ങൾ മോദി സർക്കാരുമായി യുദ്ധം ചെയ്യുകയാണ്. അവർ അവരുടെ വാക്ക് പാലിച്ചില്ല”, പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ കാപിയാൽ ഗ്രാമത്തിൽ കർഷകസ്ത്രീയായ ചിന്ദർബാല പറയുന്നു.

“ഞങ്ങൾക്കൊക്കെ മൂന്നോ നാലോ ഏക്കർ ഭൂമിയേ ഉള്ളു. വൈദ്യുതി ചിലവേറിയതാണ്. വൈദ്യുതി ഭേദഗതി ബിൽ പിൻ‌വലിക്കാമെന്ന് വാക്ക് തന്നിരുന്നുവെങ്കിലും അത് ചെയ്തിട്ടില്ല”, അവർ കൂട്ടിച്ചേർത്തു. കൃഷിക്കാരും, തൊഴിലാളികളുമെന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശവും അന്തസ്സും അരക്കിട്ടുറപ്പിക്കാൻ 2020-21-ലെ ദില്ലി അതിർത്തിയിലെ പ്രക്ഷോഭത്തിൽ ആ സ്ത്രീകൾ പുരുഷന്മാരുടെ തോളോടുതോൾ ചേർന്ന് അണിനിരന്നിരുന്നു.

*****

രാവിലെ 11 മണിക്ക് മഹാപഞ്ചായത്ത് ആരംഭിച്ചു. ഒട്ടും വൈകാതെ, വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കൃഷിക്കാരും തൊഴിലാളികളും ആ മൈതാനത്ത് നിറഞ്ഞു.

“കർഷകരെന്ന നിലയ്ക്കുള്ള ഞങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് ഞങ്ങളിവിടെ വന്നത്. ഞങ്ങൾക്കുവേണ്ടി മാത്രമല്ല, ഞങ്ങളുടെ കുട്ടികൾക്കും ഭാവിതലമുറയ്ക്കും വേണ്ടി പൊരുതാനാണ് ഞങ്ങൾ വന്നിട്ടുള്ളത്”, പഞ്ചാബിൽനിന്നുള്ള നിരവധി കർഷകരിലൊരാളായ, ഭട്ടിൻഡ ജില്ലയിലെ സർദാർ ബൽജിന്ദർ സിംഗ് പാരിയോട് പറയുകയുണ്ടായി.

വേദിയിൽ നിന്നുകൊണ്ട് ആക്ടിവിസ്റ്റായ മേധ പട്കർ പറഞ്ഞു, “ഞാൻ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു. ഉപജീവനത്തിനായി പ്രകൃതിയെ ആശ്രയിക്കുന്ന – കൃഷിക്കാർ, മുക്കുവർ, കന്നുകാലിവളർത്തലുകാർ, ഇടയന്മാർ, കാട്ടിൽനിന്ന് ശേഖരിക്കുന്നവർ, കർഷകത്തൊഴിലാളികൾ, ആദിവാസികൾ, ദളിതുകൾ - എല്ലാവരേയും. നമ്മുടെ ജലവും, ജംഗിളും ജമീനും (വെള്ളം, കാട്, ഭൂമി) നമ്മൾ സംരക്ഷിക്കേണ്ടതുണ്ട്”.

സംയുക്ത കിസാൻ മോർച്ചയ്ക്ക് (എസ്.കെ.എം) രൂപം കൊടുത്ത കർഷകസംഘടനകളുടെ 25-ലധികം നേതാക്കൾ വേദിയിലെ മുമ്പിലെ രണ്ട് നിര കസേരകളിലുണ്ടായിരുന്നു. അവരിലധികവും സ്ത്രീകളായിരുന്നു. മുൻ‌നിരയുടെ മധ്യത്തിലായി മൂന്ന് സ്ത്രീകളും. പഞ്ചാബിലെ ഉഗ്രഹാനിൽനിന്ന്, ബി.കെ.യു.വിന്റെ ഹരിന്ദർ ബിന്ദു; മധ്യ പ്രദേശിൽനിന്ന്, കിസാൻ സംഘർഷ് സമിതിയുടെ (കെ.എസ്.എസ്) ആരാധന ഭാർഗവ, മഹാരാഷ്ട്രയിൽനിന്ന്, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റിന്റെ (എൻ.എ.പി.എം) മേധ പട്കർ എന്നിവർ.

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: സംയുക്തകിസാൻമോർച്ചയ്ക്ക് (എസ്.കെ.എം) രൂപംകൊടുത്തകർഷക-തൊഴിലാളിസംഘടനകളുടെനേതാക്കൾമഹാപഞ്ചായത്തിൽ. വലത്ത്: സ്റ്റേജിലിരിക്കുന്നവർ - ഇടത്തുനിന്ന് വലത്തേക്ക്: പഞ്ചാബിലെഉഗ്രഹാനിൽനിന്ന്, ബി.കെ.യു.വിന്റെഹരിന്ദർബിന്ദു; മധ്യപ്രദേശിൽനിന്ന്, കിസാൻസംഘർഷ്സമിതിയുടെ (കെ.എസ്.എസ്) ആരാധനഭാർഗവ, മഹാരാഷ്ട്രയിൽനിന്ന്, നാഷണൽഅലയൻസ്ഓഫ്പീപ്പിൾസ്മൂവ്‌മെന്റിന്റെ (എൻ.എ.പി.എം) മേധപട്കർ

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: വലിയ ജനസഞ്ചയത്തിൻ്റെ ഫോട്ടോ ഫോണിലെ ക്യാമറയിൽ പിടിക്കുന്ന പഞ്ചാബിലെ ഒരു കർഷകൻ. വലത്ത്: ഭാരതീയ കിസാൻ യൂണിയനിലെ കർഷകരും തൊഴിലാളികളും

എസ്.കെ.എമ്മിന്റെ ആവശ്യങ്ങൾ, അവയിലേറ്റവും പ്രധാനപ്പെട്ടതായ, താങ്ങുവിലയുടെ നിയമപരമായ ഉറപ്പ് C2+50 ശതമാനത്തിൽ എല്ലാ വിളകളും ഏറ്റെടുക്കുമെന്ന ഉറപ്പ്, ഇവയായിരുന്നു പ്രാസംഗികരെല്ലാം ആവർത്തിച്ച് ആവശ്യപ്പെട്ടത്. C2 എന്നത്, ഉത്പാദനത്തിnന്റെ ചിലവാണ്. അതിൽ, സ്വന്തം ഭൂമിയുടേയും, പാട്ടത്തിനെടുത്ത ഭൂമിയുടേയും കുടുംബത്തിൻ്റെ അദ്ധ്വാനത്തിൻ്റെ കൂലിയും ഉൾപ്പെടും.

നിലവിൽ, വിതയ്ക്കുന്നതിന്ന് മുമ്പുള്ള കാലത്ത്, 23 വിളകളുടെ താങ്ങുവിലയിൽ ഭൂമിയുടെ വാടകയോ, നാഷണൽ കമ്മീഷൻ ഫോർ ഫാർമേർസ് റിപ്പോർട്ടിൽ പ്രൊഫസ്സർ എം.എസ്.സ്വാമിനാഥൻ ശുപാർശ ചെയ്ത 50 ശതമാനമോ ഉൾപ്പെടുന്നില്ല. ആ റിപ്പോർട്ടിൽ പറയുന്നത്: ശരാശരി ഉത്പാദനച്ചിലവിന്റെ ചുരുങ്ങിയത് 50 ശതമാനമെങ്കിലുമായിരിക്കണം മിനിമം താങ്ങുവില. കർഷകർക്ക് എല്ലാ ചിലവും കഴിഞ്ഞ് “വീട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന വരുമാനം” സിവിൽ ഉദ്യോഗസ്ഥരുടേതിന് സമാനമായിരിക്കണം” എന്നായിരുന്നു.

വിത്തുത്പാദനം കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നത്, ആഫ്രിക്കൻ രാജ്യങ്ങളീലെ കൃഷി ഭീമൻ കമ്പനികൾ നിയന്ത്രിക്കുന്നത്, മഹാവ്യാധിയുടെ കാലത്തുപോലും, ധനികരുടെ വരുമാനത്തിലുണ്ടായ ഭീമമായ വർദ്ധന എന്നിവയെക്കുറിച്ചാണ് പട്കർ സംസാരിച്ചത്.പച്ചക്കറിയുൾപ്പെടെ എല്ലാ വിളകൾക്കും ന്യായമായ വില കിട്ടണമെന്ന കർഷകരുടെ ആവശ്യം, അത് സാമ്പത്തികമായ ബാദ്ധ്യതയാവുമെന്ന കാരണം പറഞ്ഞ്, സർക്കാർ തള്ളിക്കളഞ്ഞു. “അതേസമയം, കൂടുതൽ ധനികരായ ആളുകളുടെ സമ്പാദ്യത്തിൽ വെറും രണ്ട് ശതമാനം നികുതി ചുമത്തിയാൽ, എല്ലാ വിളകൾക്കുമുള്ള മിനിമം താങ്ങുവില നൽകാൻ സർക്കാരിന് കഴിയുമെന്ന്” അവർ സൂചിപ്പിച്ചു.

എല്ലാ കർഷകർക്കും ഒരു സമഗ്രമായ വായ്പ എഴുതിത്തള്ളൽ എന്നത് കർഷകരുടെ ഏറെക്കാലമായ ആവശ്യമായിരുന്നു. 2021 ഡിസംബർ 9-ന് എസ്.കെ.എമ്മുമായുണ്ടായ കരാറിൽ, യൂണിയൻ സർക്കാർ അത് സമ്മതിച്ചതുമായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല.

കർഷക ആത്മഹത്യകളിൽനിന്ന് മനസ്സിലാക്കാൻ കഴിയുന്നതുപോലെ, കടബാധ്യത കർഷകരുടെ നടുവൊടിക്കുകയാണ്. 2014-നും 2022-നുമിടയിൽ 100,000 കർഷകരാണ് സ്വന്തം ജീവനെടുത്തത്. താങ്ങാനാവാത്ത കടബാധ്യതകളാൽ. സബ്സിഡികളുടെ നിർത്തലാക്കൽ, ന്യായമായ വരുമാനത്തിൻ്റെ നിഷേധം, പി.എം.എഫ്.ബി.വൈ-യുടെ (പ്രധാൻ മന്ത്രി ഫൈസൽ ബീമാ യോജന) കീഴിലുള്ള വിള ഇൻഷുറൻസ് മോശമായ രീതിയിൽ രൂപകല്പന ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് – സർക്കാരിന്റെ ഇത്തരം നയങ്ങളാണ് കർഷകരെ അറ്റകൈയ്ക്ക് പ്രേരിപ്പിച്ചത്. വായ്പ എഴുതിത്തള്ളൽ അവർക്കൊരു അനുഗ്രഹമായേനേ. എന്നാൽ സർക്കാർ അതും നൽകിയില്ല.

കർഷകരും തൊഴിലാളികളും രാം_ലീലാ മൈതാനത്തിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഒരു കവി പാടുന്നു: 'ആർക്കറിയാം, അടിയന്തിരാവസ്ഥ പുതിയ വേഷത്തിൽ തിരിച്ചുവരില്ലെന്ന്, ഏകാധിപത്യത്തിനെ ജനാധിപത്യമെന്ന് പുനർനാമകരണം ചെയ്യില്ലെന്ന്’

വീഡിയോ കാണുക: 2024 മാർച്ച് 14-ന് ന്യൂ ദില്ലിയിൽ കിസാൻ മസ്ദൂർ മഹാപഞ്ചായത്തിന്റെ മുദ്രാവാക്യവും ഗാനങ്ങളും

മഹാപഞ്ചായത്തിൽ സംസാരിച്ചുകൊണ്ട്, എ.ഐ.കെ.എസ് -ൻ്റെ (ഓൾ ഇന്ത്യാ കിസാൻ സഭ) ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു, “കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 4.2 ലക്ഷത്തിലധികം കർഷകരും, കർഷകത്തൊഴിലാളികളും ദിവസക്കൂലിക്കാരും ആത്മഹത്യ ചെയ്തു. രാജ്യത്തെ ഗുരുതരമായ കാർഷികപ്രതിസന്ധിയുടെ സൂചനയാണത്”.

2022-ൽ, നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) ഇന്ത്യയിലെ അപകടമരണങ്ങളും ആത്മഹത്യകളും 2022 റിപ്പോർട്ടിൽ മൊത്തം 1.7 ലക്ഷം ആത്മഹത്യകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ 33 ശതമാനം (56,405) ആത്മഹത്യകളും ദിവസക്കൂലിക്കാരുടേയും, കർഷകത്തൊഴിലാളികളുടേയും കർഷകരുടേയുമായിരുന്നു.

24,350 കോടി രൂപ സമ്പാദിച്ച (2016 മുതൽ 2021 വരെ) സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമായി അതിനെ താരതമ്യം ചെയ്തുനോക്കുക. സർക്കാരിൽനിന്ന് വിള ഇൻഷുറൻസ് വകയിൽ 10 കമ്പനികൾക്ക് (13 എണ്ണത്തിൽനിന്ന് തിരഞ്ഞെടുത്തത്) കിട്ടിയതാണ് ആ സംഖ്യ. മറ്റൊരു സമ്മാനമായി, വലിയ കോർപ്പറേറ്റുകൾക്ക് 14.56 ലക്ഷം കോടി രൂപയുടെ വായ്പാ ഇളവും ഇതേ സർക്കാർ നൽകുകയുണ്ടായി.

2024-2025 സാമ്പത്തിക വർഷത്തിൽ കൃഷിക്കുവേണ്ടി സർക്കാർ 1,17,528.79കോടി വകയിരുത്തി. ഇതിൽ 83 ശതമാനവും ഗുണഭോക്താക്കളെ അടിസ്ഥാനപ്പെടുത്തിയ, വ്യക്തിഗതമായ വരുമാനസഹായമെന്ന നിലയ്ക്കായിരുന്നു. അതിന്റെ ഒന്നാന്തരമൊരു ഉദാഹരണമാണ് കിസാൻ സമ്മാൻ നിധി യോജനയുടെ കീഴിൽ, ഭൂമിയുള്ള കർഷകർക്ക് കൊടുക്കുന്ന 6,000 രൂപയുടെ വാർഷിക വരുമാനം. പാട്ടക്കൃ^ഷ്

ചെറുകിട, ദുർബ്ബല കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ഗ്രാമീണ കുടുംബങ്ങൾക്ക് എം.എൻ.ആർ.ഇ.ജി.എ.യിലൂടെ കിട്ടുന്ന മറ്റ് വരുമാനങ്ങളിലും കുറവ് വരുത്തി. അവയ്ക്കായി നീക്കിവെച്ച ബഡ്ജറ്റ് വിഹിതം 2023-240ൽ 1.92 ശതമാനമായിരുനത്, 2024-2025-ൽ 1.8 ആയി കുറഞ്ഞു.

കർഷകരുടെ ഈ ആവശ്യങ്ങളും ഈ വിഷയങ്ങളും എല്ലാം, 2024 മാർച്ച് 14-ന് രാം‌ലീലാ മൈതാനത്തിലെ വേദിയിൽനിന്ന് മുഴങ്ങിക്കേട്ടു.

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്:  അപസ്മാര രോഗമുള്ള ഒരു കർഷകന് രാം‌ലീലാ മൈതാനത്തിലെ വൈദ്യസംഘത്തിൽനിന്ന് പരിചരണം ലഭിക്കുന്നു. ആ സംഘം കർനാലിൽനിന്ന് കഷ്ടപ്പെട്ട് എത്തിയതായിരുന്നു. വലത്ത്: പ്രചോദനാത്മകമായ ഒരു പതാകയിൽ എഴുതിവെച്ചിരിക്കുന്നു, ‘ഓരോ ചൂഷണവുമായുള്ള സംഘട്ടനത്തിലും ഞങ്ങളുടെ മുദ്രാവാക്യം, പ്രക്ഷോഭത്തിനായുള്ള ആഹ്വാനമാണ്’

PHOTO • Ritayan Mukherjee
PHOTO • Ritayan Mukherjee

ഇടത്ത്: നീണ്ട ഒരു യാത്ര കഴിഞ്ഞ് വിശ്രമിക്കുന്ന ഹരിയാനയിലെ കർഷകർ. വലത്ത്: ന്യൂ ദില്ലിയിലെ ഉയരമുള്ള കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ കാണുന്ന, പഞ്ചാബിലെ മുതിർന്ന കർഷകരുടെ വിശ്രമിക്കുന്ന കാലുകൾ

എല്ലാ വർഷവും രാമായണം എന്ന ഇതിഹാസത്തിന്റെ നാടകരൂപം അരങ്ങേറുന്ന മൈതാനമാണ് ഇത്. എല്ലാ വർഷവും, നവരാത്രി ആഘോഷത്തിന് കലാകാരന്മാർ, തിന്മയുടേ മേലുള്ള നന്മയുടെ, നുണയുടെ മേലുള്ള സത്യത്തിന്റെ വിജയം നാടകമായി അവതരിപ്പിക്കുന്നു. എന്നാൽ, അതുകൊണ്ടുമാത്രം ആ മൈതാനത്തെ ‘ചരിത്രപരം’ എന്ന് വിശേഷിപ്പിക്കാനാവില്ല. പിന്നെ എന്താണത്?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നാളുകളിൽ സാധാരണക്കാരായ ഇന്ത്യക്കാർ മഹാത്മാ ഗാന്ധിയേയും ജവഹർലാൽ നെഹുവിനേയും സർദാർ വല്ലഭ്‌ബായി പട്ടേലിനേയും  കേട്ടിരുന്നത് ഇവിടെവെച്ചായിരുന്നു. 1965-ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മൻഹ്രിയായ ലാൽ ബഹാദൂർ ശാസ്ത്രി ‘ജയ് ജവാ, ജയ് കിസാൻ’ മുദ്രാവാക്യം ഉയർത്തിയത് ഈ മൈതാനത്തുവെച്ചായിരുന്നു. ഇവിടെനിന്നായിരുന്നു 1975-ൽ ജയപ്രകാശ് നാരായണൻ, ഇന്ദിരാ ഗാന്ധിയുടെ സ്വേച്ഛാധിപത്യനയങ്ങൾക്കെതിരേയുള്ള ഗംഭീരമായ പ്രകടനത്തിന് ആരംഭം കുറിച്ചത്. 1977-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം സർക്കാർ നിലം‌പതിക്കുകയും ചെയ്തു. ഈ മൈതാനത്തുവെച്ചാണ് 2011-ൽ അഴിമതിവിരുദ്ധ ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചത്. ഈ പ്രസ്ഥാനത്തിന്റെ നേതാവായിട്ടാണ് അരവിന്ദ് കെജ്രിവാൾ എന്ന ഇന്നത്തെ ദില്ലി മുഖ്യമന്ത്രി ഉയർന്നുവന്നത്. ഈ കഥ പ്രസിദ്ധീകരിക്കുമ്പോഴേക്കും അഴിമതി ആരോപിച്ച്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുകഴിഞ്ഞിരുന്നു. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.

2018 നവംബർ 30-ന് ഈ രാം‌ലീലാ മൈതാനത്തുവെച്ചുതന്നെയാണ് രാജ്യത്തൊന്നാകെയുള്ള കർഷകരും കർഷകത്തൊഴിലാളികളും കിസാൻ മുക്തി മോർച്ച യ്ക്കുവേണ്ടി ദില്ലിയിലെത്തിയതും, 2014-ലെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ ബി.ജെ.പി. വാഗ്ദാനം ചെയ്തിരുന്ന ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് പ്രകടനം നടത്തിയതും. 2018-ൽ സർക്കാർ മറ്റൊരു വാഗ്ദാനം നൽകുകയുണ്ടായി. 2022- ആകുമ്പോഴേക്കും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്. അതും ഈ നിമിഷംവരെ പാലിക്കപ്പെട്ടിട്ടില്ല.

ഈ ചരിത്രപ്രസിദ്ധമായ രാം‌ലീലാ മൈതാനത്തുവെച്ച്, കൃഷിക്കാരുടേയും കർഷകത്തൊഴിലാളികളുടേയും കിസാൻ മസ്ദൂർ മഹാ‍പഞ്ചായത്ത്, തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടിയുള്ള പ്രക്ഷോഭം തുടരാൻ തീരുമാനിച്ചത്. 2021 ഡിസംബർ 9-ന് എസ്.കെ.എമ്മിന് നൽകിയ ഉറപ്പുകൾ പാലിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നിലവിലുള്ള ബി.ജെ.പി.ഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി.

പ്രേമമതിയുടെ വാക്കുകളിൽ, “ഞങ്ങളുടെ സഞ്ചികളും കിടക്കകളുമായി ഞങ്ങൾ ദില്ലിയിലേക്ക് മടങ്ങിവരും. ഞങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിക്കും. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ ഞങ്ങൾ പിന്നോട്ട് പോവില്ല”.

പരിഭാഷ: രാജീവ് ചേലനാട്ട്

নমিতা ওয়াইকার লেখক, অনুবাদক এবং পিপলস আর্কাইভ অফ রুরাল ইন্ডিয়া, পারির নির্বাহী সম্পাদক। ২০১৮ সালে তাঁর ‘দ্য লং মার্চ’ উপন্যাসটি প্রকাশিত হয়েছে।

Other stories by নমিতা ওয়াইকার
Photographs : Ritayan Mukherjee

ঋতায়ন মুখার্জি কলকাতার বাসিন্দা, আলোকচিত্রে সবিশেষ উৎসাহী। তিনি ২০১৬ সালের পারি ফেলো। তিব্বত মালভূমির যাযাবর মেষপালক রাখালিয়া জনগোষ্ঠীগুলির জীবন বিষয়ে তিনি একটি দীর্ঘমেয়াদী দস্তাবেজি প্রকল্পের সঙ্গে যুক্ত।

Other stories by Ritayan Mukherjee
Editor : Priti David

প্রীতি ডেভিড পারি-র কার্যনির্বাহী সম্পাদক। তিনি জঙ্গল, আদিবাসী জীবন, এবং জীবিকাসন্ধান বিষয়ে লেখেন। প্রীতি পারি-র শিক্ষা বিভাগের পুরোভাগে আছেন, এবং নানা স্কুল-কলেজের সঙ্গে যৌথ উদ্যোগে শ্রেণিকক্ষ ও পাঠক্রমে গ্রামীণ জীবন ও সমস্যা তুলে আনার কাজ করেন।

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat