എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് സമൂഹത്തിലെ അംഗങ്ങൾക്ക് പലപ്പോഴും വീട്ടുതടങ്കൽ, നിർബന്ധിത വിവാഹം, ലൈംഗികവും ശാരീരികവുമായ പീഡനം, 'കറക്ടീവ്' തെറാപ്പികൾ തുടങ്ങിയ ഭീഷണികളും ദുരനുഭവങ്ങളും നേരിടേണ്ടിവരുന്നുവെന്ന് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ്സ് 2019-ൽ പ്രസിദ്ധീകരിച്ച ലിവിങ് വിത്ത് ഡിഗ്നിറ്റി റിപ്പോർട്ട് പറയുന്നു.
വിധിയുടെയും ആരുഷിന്റെയും (പേരുകൾ മാറ്റിയിരിക്കുന്നു) കാര്യം തന്നെയെടുക്കാം. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവർക്കും മഹാരാഷ്ട്രയിലെ താനെ, പാൽഘർ ജില്ലകളിലുള്ള തങ്ങളുടെ വീടുപേക്ഷിച്ച് മുംബൈയിലേക്ക് വരേണ്ടിവന്നു. വിധിയും ആരുഷും (ട്രാൻസ് പുരുഷനായി സ്വയം കരുതുന്ന ആൾ) നഗരത്തിൽ ഒരു മുറി വാടകയ്ക്കെടുത്താണ് താമസിക്കുന്നത്. "വീട്ടുടമയ്ക്ക് ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയില്ല. അത് ഞങ്ങൾ മറച്ചുവച്ചേ മതിയാകൂ. അല്ലെങ്കിൽ ഞങ്ങൾക്ക് ഈ മുറി ഒഴിയേണ്ടിവരും," ആരുഷ് പറയുന്നു.
എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വ്യക്തികൾക്ക് മിക്കപ്പോഴും താമസസൗകര്യം നിഷേധിക്കപ്പെടുകയും താമസസ്ഥലങ്ങളിൽനിന്ന് ബലമായി കുടിയൊഴിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇതിനുപുറമേ, അവരുടെതന്നെ കുടുംബങ്ങളും വീട്ടുടമകളും അയൽക്കാരും പോലീസുമെല്ലാം അവരെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ നിരവധി ഭിന്നലിംഗ വ്യക്തികൾ വീടില്ലാതെ തെരുവിൽ കഴിയുകയാണെന്ന് ലിവിങ് വിത്ത് ഡിഗ്നിറ്റി റിപ്പോർട്ട് പറയുന്നു.
അപമാനവും ചുറ്റുമുള്ളവരിൽനിന്നുള്ള ഉപദ്രവവും മൂലം നിരവധി ഭിന്നലിംഗക്കാർ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽനിന്നുള്ളവർ, വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങൾ തേടാൻ നിർബന്ധിതരാകുന്നു. 2021-ൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പശ്ചിമ ബംഗാളിലെ ഭിന്നലിംഗക്കാർക്കിടയിൽ നടത്തിയ പഠനത്തിൽ , "കുടുംബത്തിൽനിന്നുള്ള സമ്മർദം മൂലം അവർ തങ്ങളുടെ ലിംഗ വ്യക്തിത്വം മറച്ചുവെക്കാൻ നിർബന്ധിതരാകുന്നു" എന്ന് കണ്ടെത്തിയിരുന്നു. ഇതുകൂടാതെ, അവരിൽ പകുതിയോളം പേർ കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവരിൽനിന്നുണ്ടാകുന്ന വിവേചനപരമായ പെരുമാറ്റം കാരണം വീടുപേക്ഷിച്ചുവെന്നും പഠനത്തിൽ കണ്ടെത്തുകയുണ്ടായി.
"ഞങ്ങൾ ഭിന്നലിംഗക്കാർ ആയതുകൊണ്ട് ഞങ്ങളെ ബഹുമാനിക്കില്ലെന്നാണോ?" സ്കൂളിലും ജോലിയിടത്തും തെരുവിലും എന്നിങ്ങനെ എല്ലായിടത്തും വർഷങ്ങളായി നേരിടുന്ന ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശീതൾ എന്ന ട്രാൻസ് സ്ത്രീ ചോദിക്കുന്നു. "എന്തുകൊണ്ടാണ് എല്ലാവരും ഞങ്ങളോട് അവജ്ഞയോടെ പെരുമാറുന്നത്?”, People stare at us as if we are evil spirits’ എന്ന ലേഖനത്തിൽ ശീതൾ ചോദിക്കുന്നു.
കൊൽഹാപൂരിലെ സക്കീന (സ്ത്രീയായി സ്വയം കരുതുന്ന ആൾ) സ്ത്രീയായി ജീവിക്കാനുള്ള തന്റെ ആഗ്രഹം കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സക്കീന (കുടുംബാംഗങ്ങളുടെ കാഴ്ചപ്പാടിൽ അവർ ഒരു പുരുഷനായിരുന്നു) ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് കുടുംബം നിർബന്ധം പിടിച്ചു. "വീട്ടിൽ ഞാൻ ഒരു അച്ഛനായും ഭർത്താവായും ജീവിച്ചേ മതിയാകൂ. ഒരു സ്ത്രീയായി ജീവിക്കാനുള്ള എന്റെ ആഗ്രഹം എനിക്ക് പൂർത്തീകരിക്കാനാകില്ല. ഞാൻ ഒരു ഇരട്ടജീവിതം നയിക്കുകയാണ് – ഉള്ളിൽ ഒരു സ്ത്രീയായും പുറംലോകത്ത് ഒരു പുരുഷനായും."
എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് സമൂഹത്തെക്കുറിച്ചുള്ള മുൻവിധികൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസുരക്ഷ, വോട്ടവകാശം, കുടുംബവും വിവാഹവും തുടങ്ങിയ പല മണ്ഡലങ്ങളിലും സിസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിട്ടുള്ള പല അവകാശങ്ങളും ട്രാൻസ് സമൂഹത്തിന് അപ്രാപ്യമാണെന്ന് മൂന്നാം ലിംഗമെന്ന നിലയ്ക്ക് ഭിന്നലിംഗക്കാരുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ചുള്ള ഈ പഠനം കാണിക്കുന്നു.
2023 ഏപ്രിലിൽ, ഹിമാചൽ പ്രദേശിലെ ധർമ്മശാല പട്ടണത്തിൽ ആദ്യമായി സ്വാഭിമാന യാത്ര (പ്രൈഡ് മാർച്ച്) നടന്നപ്പോൾ, നവ്നീത് കോഠിവാളിനെപ്പോലെയുള്ള ചില പ്രദേശവാസികൾ സംശയദൃഷ്ടിയോടെയാണ് അതിനെ നോക്കിക്കണ്ടത്. "ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. അവർ (ക്വിയർ വ്യക്തികൾ) ആവശ്യപ്പെടുന്നത് പ്രകൃതിവിരുദ്ധമായ കാര്യമാണ്. അതുകൊണ്ടുതന്നെ അവർ അതിനായി പോരാടുന്നത് ശരിയല്ല - എങ്ങനെയാണ് അവർക്ക് കുട്ടികൾ ഉണ്ടാകുക?"
ഭിന്നലിംഗക്കാർക്ക് തുടർച്ചയായി വിവേചനവും ഒറ്റപ്പെടുത്തലും നേരിടേണ്ടിവരുന്നു. താമസസൗകര്യവും ജോലിയും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. "ഞങ്ങൾക്ക് ഭിക്ഷ തേടാൻ ഇഷ്ടമുണ്ടായിട്ടല്ല, പക്ഷെ ആളുകൾ ഞങ്ങൾക്ക് ജോലി തരുന്നില്ല," 13-ആം വയസ്സിൽ തന്റെ ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ രാധിക ഗോസാവി പറയുന്നു. "മിക്കപ്പോഴും കടക്കാർ ഞങ്ങളെ ആട്ടിയോടിക്കും. ഭക്ഷണത്തിന് വക കണ്ടെത്താനായി സമ്പാദിക്കേണ്ടതിനാൽ ഞങ്ങൾ എല്ലാം സഹിക്കും," അവർ കൂട്ടിച്ചേർക്കുന്നു.
സാമൂഹിക ബഹിഷ്ക്കരണവും അർഹമായ തൊഴിലവസരങ്ങൾ നിഷേധിക്കപ്പെടുന്നതും ഭിന്നലിംഗക്കാർ നേരിടുന്ന കടുത്ത പ്രശ്നമാണ്. മൂന്നാം ലിംഗമെന്ന നിലയ്ക്കുള്ള ഭിന്നലിംഗക്കാരുടെ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച പഠനത്തിൽ (ഉത്തർ പ്രദേശിലും ഡൽഹിയിലും നടത്തിയത്), ചോദ്യങ്ങളോട് പ്രതികരിച്ചവരിൽ 99 ശതമാനം പേർക്കും ഒന്നിലേറെ തവണ 'സാമൂഹിക അവഗണന' നേരിട്ടതായും ഏകദേശം 96 ശതമാനം പേർക്ക് 'തൊഴിലവസരങ്ങൾ' നിഷേധിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.
"എവിടെയെങ്കിലും പോകണമെങ്കിൽ റിക്ഷാ ഡ്രൈവർമാർ മിക്കപ്പോഴും ഞങ്ങളെ വണ്ടിയിൽ കയറ്റില്ല; ബസുകളിലും ട്രെയിനുകളിലും ആളുകൾ ഞങ്ങളെ തൊട്ടുകൂടാത്തവരെപ്പോലെയാണ് കാണുക. ആരും ഞങ്ങളുടെ അടുത്ത് ഇരിക്കുകയോ നിൽക്കുകയോ ചെയ്യില്ല. എന്നാൽ ഞങ്ങൾ ഏതോ പിശാചുക്കളാണെന്നപോലെ അവർ തുറിച്ചുനോക്കും," ഭിന്നലിംഗക്കാരിയായ രാധിക പറയുന്നു.
ഷോപ്പിംഗ് മാളുകൾ, ഭക്ഷണശാലകൾ തുടങ്ങിയ പൊതുവിടങ്ങളിലും എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വ്യക്തികൾ വിവേചനം നേരിടുന്നുണ്ട്. അവിടെ അവർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും, സേവനങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വകാര്യത ലംഘിക്കുന്ന പരിശോധനകൾക്ക് വിധേയരാകേണ്ടിവരികയും കൂടുതൽ പണം കൊടുക്കേണ്ടിവരികയും ചെയ്യുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുക എന്നത് ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം മറ്റൊരു വെല്ലുവിളിയാണ്. മധുരൈയിൽനിന്നുള്ള കുമ്മിയാട്ട കലാകാരികളായ കെ.സ്വേസ്തികയ്ക്ക് ബിരുദതലത്തിലും, ഐ. ശാലിനിയ്ക്ക് 11-ആം തരത്തിൽവെച്ചും ട്രാൻസ് സ്ത്രീകളായതിന്റെ പേരിൽ നേരിടേണ്ടിവന്ന പീഡനംമൂലം പഠിത്തം ഉപേക്ഷിക്കേണ്ടിവന്നു. വായിക്കുക: ഉപദ്രവങ്ങളും ഒറ്റപ്പെടുത്തലുകളും നേരിടുന്ന മധുരയിലെ ഭിന്നലിംഗ കലാകാരർ
2015-ൽ (ഭിന്നലിംഗക്കാരെ മൂന്നാം ലിംഗമായി അംഗീകരിച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം) പ്രസിദ്ധീകരിച്ച ഈ സർവ്വേയിൽ , കേരളത്തിലെ ഭിന്നലിംഗക്കാരിൽ 58 ശതമാനം പേരും 10-ആം തരം പൂർത്തിയാക്കുന്നതിനുമുൻപ് പഠിത്തം നിർത്തിയതായി കണ്ടെത്തിയിരുന്നു. സ്കൂളിൽവെച്ച് നേരിടേണ്ടിവരുന്ന കടുത്ത പീഡനം, സംവരണത്തിന്റെ അഭാവം, കുടുംബത്തിന്റെ പിന്തുണയില്ലായ്മ ഉൾപ്പെടെയുള്ള കാരണങ്ങളായിരുന്നു ഇതിനു പിന്നിൽ.
*****
"സ്ത്രീകളുടെ ടീമിൽ കളിക്കുന്ന പുരുഷൻ - ഇങ്ങനെയൊക്കെയായിരുന്നു അന്നത്തെ തലക്കെട്ടുകൾ," സ്വയം ഒരു പുരുഷനായി തിരിച്ചറിയുന്ന, ഇന്റർസെക്സ് വ്യക്തിയായ ബോണി പോൾ ഓർത്തെടുക്കുന്നു. മുൻ ഫുടബോൾ താരമായ ബോണിയെ 1998-ലെ ഏഷ്യൻ ഗെയിംസിനുള്ള ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നെങ്കിലും ലിംഗസ്വത്വം മൂലം പിന്നീട് ടീമിൽനിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
ഓഫീസ് ഓഫ് യുണൈറ്റഡ് നേഷൻസ് കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സ് നൽകുന്ന നിർവചനമനുസരിച്ച്, സ്ത്രീ-പുരുഷ ശരീരങ്ങളെന്ന ദ്വന്ദ്വത്തിൽ ഉൾപ്പെടുത്താനാകാത്ത ലൈംഗിക സവിശേഷതകളുമായി (ജനനേന്ദ്രിയങ്ങളും ബീജഗ്രന്ഥികളും ക്രോമോസോം പാറ്റേണുകളും ഉൾപ്പെടെയുള്ളവ) ജനിക്കുന്ന വ്യക്തികളെയാണ് ഇന്റർസെക്സ് എന്ന് വിശേഷിപ്പിക്കുന്നത്.
"എന്റെ ശരീരത്തിൽ ഗർഭപാത്രവും ഒരു അണ്ഡാശയവും പിന്നെ ഒരു ലിംഗവും ഉണ്ടായിരുന്നു. എനിക്ക് രണ്ട് 'ഭാഗങ്ങളും' (പ്രത്യുത്പാദന അവയവങ്ങൾ) ഉണ്ടായിരുന്നു," ബോണി പറയുന്നു. എന്റേതുപോലെയുള്ള ശരീരങ്ങൾ ഇന്ത്യയിൽ മാത്രമല്ല ലോകത്തുടനീളമുണ്ട്. അത്‍ലറ്റുകൾ, ടെന്നീസ് കളിക്കാർ, ഫുട്ബോൾ കളിക്കാർ എന്നിങ്ങനെ എന്നെപ്പോലെയുള്ള അനേകം കായിക താരങ്ങളുണ്ട്”.
സമൂഹത്തെ ഭയന്ന് താൻ വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെന്ന് ബോണി പറയുന്നു. എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് സമുദായാംഗങ്ങളുടെ വ്യക്തിസുരക്ഷയ്ക്കുപോലും മിക്കപ്പോഴും ഭീഷണി ഉയരുന്നുവെന്നും അന്താരാഷ്ട്ര നിയമപ്രകാരം പീഡനം അല്ലെങ്കിൽ അവഹേളനം എന്ന് നിർവചിക്കാവുന്ന തരത്തിലുള്ള അധിക്ഷേപങ്ങൾ അവർക്കുനേരെ ഉണ്ടാകുന്നുവെന്നും ഈ റിപ്പോർട്ട് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയിൽ 2018-ൽ രജിസ്റ്റർ ചെയ്യപ്പെട്ട മനുഷ്യാവകാശധ്വംസന കേസുകളിൽ 40 ശതമാനവും ശാരീരികാക്രമണങ്ങളാണ്. 17 ശതമാനം കേസുകൾ ബലാത്ക്കാരവും ലൈംഗിക പീഡനവും
2014-നു ശേഷം, മൂന്നാം ലിംഗം എന്ന ലൈംഗികസ്വത്വം നിയമപരമായി അംഗീകരിക്കപ്പെട്ടത് സംബന്ധിച്ച് കർണ്ണാടക ഒഴിച്ച് മറ്റൊരു സംസ്ഥാനവും ബോധവത്ക്കരണ പരിപാടികൾ നടത്തിയിട്ടില്ലെന്ന് ഈ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. പോലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഭിന്നലിംഗക്കാർ നേരിടുന്ന പീഡനത്തെക്കുറിച്ചും ഈ റിപ്പോർട്ടിൽ ശ്രദ്ധേയമായ കണ്ടെത്തലുകളുണ്ട്.
ഇന്ത്യയിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിക്കപ്പെട്ട ആദ്യ ലോക്ക്ഡൗണിന്റെ സമയത്ത്, വ്യത്യസ്തമായ ലൈംഗിക വളർച്ച ഉണ്ടായിരുന്ന നിരവധി വ്യക്തികൾക്ക് "അവരുടെ വ്യതിരിക്തമായ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ചുള്ള അറിവിന്റെ അഭാവം" മൂലം വേണ്ടത്ര ആരോഗ്യസഹായം ലഭ്യമായില്ലെന്ന് കൊറോണ ക്രോണിക്കിൾസ് രേഖപ്പെടുത്തുന്നു. പാരി ലൈബ്രറിയുടെ ഹെൽത്ത് ഓഫ് സെക്ഷ്വൽ ആൻഡ് ജൻഡർ മൈനോറിറ്റീസ് വിഭാഗത്തിൽ ലഭ്യമായിട്ടുള്ള ഇത്തരം നിരവധി റിപ്പോർട്ടുകൾ, ഇന്ത്യയിലെ എൽ.ജി.ബി.ടി.ക്യൂ.ഐ.എ പ്ലസ് വ്യക്തികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഏറെ സഹായകരമാണ്.
കോവിഡ്-19 മഹാമാരി തമിഴ്‌നാട്ടിൽ ഉടനീളമുള്ള അനേകം നാടോടി കലാകാരന്മാരെ കടുത്ത ദുരിതത്തിൽ ആഴ്ത്തിയെങ്കിലും, ട്രാൻസ് സ്ത്രീ കലാകാരികളുടെ അവസ്ഥ മറ്റുള്ളവരേക്കാൾ ശോചനീയമായിരുന്നു. കൃത്യമായി ജോലിയോ വരുമാനമോ ഇല്ലാത്തതിന് പുറമേ, അവർക്ക് സർക്കാർ ആനുകൂല്യങ്ങളോ മറ്റു സഹായങ്ങളോ ലഭ്യമായിരുന്നില്ല. "ഞങ്ങൾക്ക് സ്ഥിര വരുമാനമില്ല. ഈ കൊറോണ (മഹാമാരി) വന്നതോടെ ആകെയുണ്ടായിരുന്ന വരുമാന മാർഗ്ഗവും അടഞ്ഞു," മധുരൈ നഗരത്തിൽനിന്നുള്ള ട്രാൻസ് നാടോടി കലാകാരിയായ അറുപത് വയസ്സുകാരി തർമ്മ അമ്മ പറയുന്നു.
നേരത്തെയെല്ലാം വർഷത്തിന്റെ ആദ്യപകുതിയിൽ പ്രതിമാസം 8,000-10,000 രൂപയും അടുത്ത പകുതിയിൽ മാസം 3,000 രൂപവരെയും സമ്പാദിക്കാൻ തർമ്മ അമ്മയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിതി ആകെ മാറി. "സ്ത്രീ, പുരുഷ നാടോടി കലാകാരന്മാർക്ക് എളുപ്പത്തിൽ പെൻഷന് അപേക്ഷിക്കാൻ പറ്റുമ്പോൾ, ട്രാൻസ് വ്യക്തികൾക്ക് അത് ഏറെ ബുദ്ധിമുട്ടാണ്. എന്റെ അപേക്ഷ പല തവണ തള്ളിക്കളഞ്ഞിട്ടുണ്ട്," അവർ പറയുന്നു.
കടലാസിലെങ്കിൽപ്പോലും മാറ്റങ്ങൾ പക്ഷേ ഉണ്ടാകുന്നുണ്ട്. 2019-ൽ, ഇന്ത്യയിലൊന്നാകെ പ്രാബല്യമൌള്ള ട്രാൻസ്ജെൻഡർ പേഴ്‌സൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ്) ആക്ട് പാർലമെന്റ് പാസ്സാക്കി. ഈ നിയമമനുസരിച്ച്, വിദ്യാഭ്യാസം, ആരോഗ്യപരിപാലന സേവനങ്ങൾ, തൊഴിൽ, സഞ്ചാരസ്വാതന്ത്ര്യം, സ്വത്ത് വാങ്ങൾ-വിൽക്കൽ അവകാശം, പൊതുസ്ഥാനങ്ങൾക്കായി മത്സരിക്കാനോ അവയിൽ തുടരാനോ ഉള്ള അവകാശം, പൊതുജനത്തിന് ലഭ്യമായിട്ടുള്ള ചരക്കുകൾ, സേവനങ്ങൾ, താമസസൗകര്യങ്ങൾ, ആനുകൂല്യങ്ങൾ, അവകാശങ്ങൾ, അവസരങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവ ലഭിക്കാനുള്ള അവകാശം എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു വ്യക്തിയോ സ്ഥാപനമോ ഭിന്നലിംഗക്കാർക്കെതിരെ വിവേചനപരമായി പെരുമാറാൻ പാടുള്ളതല്ല.
ലൈംഗികസ്വത്വത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാവിധ വിവേചനവും ഇന്ത്യൻ ഭരണഘടന നിരോധിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വിവേചനം നടക്കുന്നില്ലെന്നും അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക വ്യവസ്ഥകൾ സംസ്ഥാനങ്ങൾക്ക് ഏർപ്പെടുത്താമെന്നും അതിൽ പറയുന്നുണ്ട്. എന്നാൽ, ക്വിയർ വ്യക്തികളുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കണമെന്നത് ഭരണഘടന വ്യക്തമാക്കുന്നില്ല.
കവർ ഡിസൈൻ: സ്വദേശ ശർമ്മയും സിദ്ധിത സോനാ വനെയും
പരിഭാഷ: പ്രതിഭ ആര്‍. കെ .