വർഷത്തിൽ ആറുമാസം, മഴക്കാലം കഴിഞ്ഞാൽ, മഹാരാഷ്ട്രയിലെ മറാത്ത്‌വാഡാ മേഖലയിലെ കരിമ്പുവെട്ട് തൊഴിലാളികൾ തൊഴിലന്വേഷിച്ച് യാത്രയാകും. “എന്റെ അച്ഛന് ഈ ജോലി ചെയ്യേണ്ടി വന്നു. ഇപ്പോൾ എനിക്കും. എന്റെ മകനും ഇതുതന്നെയായിരിക്കും ചെയ്യുക,” ആദ്‌ഗാംവിൽനിന്നുള്ള, എന്നാലിപ്പോൾ ഔറംഗബാദിൽ ജീവിക്കുന്ന അശോക് റാത്തോഡ് പറയുന്നു. ബഞ്ചാര സമുദായക്കാരനാണ് അദ്ദേഹം (സംസ്ഥാനത്ത് മറ്റ് പിന്നാക്കവിഭാഗമായി അടയാളപ്പെട്ടവർ). പ്രദേശത്തെ മിക്ക കരിമ്പുവെട്ടുകാരും ഇത്തരം, പാർശ്വവത്കൃത സമുദായത്തിൽനിന്നുള്ളവരാണ്.
സ്വന്തം ഗ്രാമങ്ങളിൽ ആവശ്യത്തിനുള്ള തൊഴിൽസാധ്യതകളില്ലാത്തതുകൊണ്ടാണ് വർഷംതോറുമുള്ള ഈ കുടിയേറ്റം. കുടുംബം ഒന്നടങ്കം ഇത്തരത്തിൽ ജോലി തേടി പോകുമ്പോൾ, കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസമാണ് മുടങ്ങുന്നത്.
പഞ്ചസാരയും രാഷ്ട്രീയവും മഹാരാഷ്ട്രയിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പഞ്ചസാര ഫാക്ടറികളുടെ ഉടമസ്ഥർ മിക്കവരും രാഷ്ട്രീയമായ സ്വാധീനമുള്ളവരായതിനാൽ, തൊഴിലിനായി തങ്ങളെ ആശ്രയിക്കുന്ന ആളുകളെ എപ്പോഴും വോട്ടുബാങ്കായി നിലനിർത്താൻ അവർക്ക് സാധിക്കുകയും ചെയ്യുന്നു.
“അവർക്ക് ഫാക്ടറികളുണ്ട്, അവരാണ് ഭരണം കൈയ്യാളുന്നത്. എല്ലാം അവരുടെ കൈയ്യിലാണ്,” അശോക് പറയുന്നു.
എന്നാൽ തൊഴിലാളികളുടെ ജീവിതാവസ്ഥകളിൽ ഒരു മാറ്റവുമില്ല. “അവർക്ക് ഒരു ആശുപത്രി പണിയാൻ കഴിയും [...] സീസണിന്റെ പകുതി സമയവും ആളുകൾ വെറുതെ ഇരിക്കുകയാണ്. ഒരു 500 പേർക്കെങ്കിലും ജോലി നൽകാൻ അവർക്ക് സാധിക്കും. പക്ഷേ, അവരതൊന്നും ചെയ്യില്ല,” അയാൾ കൂട്ടിച്ചേർത്തു.
കരിമ്പ് വെട്ടാൻ കുടിയേറിപ്പോവുന്ന കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും അവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളുടേയും കഥയാണ് ഈ സിനിമ പറയുന്നത്.
എഡിൻബറോ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഗ്ലോബൽ ചലഞ്ജസ് റിസർച്ച് ഫണ്ട് നൽകുന്ന ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ സിനിമ സാധ്യമായത്.
പരിഭാഷ: രാജീവ് ചേലനാട്ട്