മധ്യ പ്രദേശിലെ പന്നയിൽ, കടുവാസങ്കേതത്തിനകത്തും സമീപത്തുള്ള കാടുകളിലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തുറന്ന ഖനികളിൽ പണിയെടുക്കുന്ന മുതിർന്നവരും ഇളംപ്രായക്കാരുമായ മനുഷ്യർ, ഏതെങ്കിലുമൊരു കല്ല് എന്നെങ്കിലുമൊരിക്കൽ തങ്ങളുടെ ഭാഗ്യം തുറക്കുമെന്ന് പ്രതീക്ഷിച്ച് പണിയെടുത്തുകൊണ്ടിരിക്കുകയാണ്.
അച്ഛനമ്മമാർ വജ്രഖനികളിൽ പണിയെടുക്കുമ്പോൾ, മണ്ണും ചളിയും പരതി നടക്കുകയാണ് അവരുടെ കുട്ടികൾ. ഭൂരിഭാഗവും ഗോണ്ട് സമുദായക്കാരാണ് (സംസ്ഥാനത്ത് പട്ടികവർഗ്ഗമായി രേഖപ്പെടുത്തപ്പെട്ടവർ).
“ഒരു വജ്രം കിട്ടിയാൽ, എന്റെ തുടർന്നുള്ള പഠനം സാധ്യമായേനേ”,”, അവരിലൊരാൾ പറയുന്നു.
അപകടകരമായ തൊഴിലായി നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഖനി വ്യവസായത്തിൽ, കുട്ടികളേയും (14 വയസ്സിന് താഴെ) കൗമാരക്കാരേയും (18 വയസ്സിന് താഴെ) ജോലി ചെയ്യിപ്പിക്കുന്നത് ബാലവേല (നിരോധനവും നിയന്ത്രണവും) ഭേദഗതി ആക്ട് ( 2016 ) പ്രകാരം നിരോധിച്ചിട്ടുണ്ട്.
ഏകദേശം മുന്നൂറ് കിലോമീറ്റർ അകലെ, ഉത്തർ പ്രദേശിലെ മിർസാപുരിലും, വേറെ ചില കുട്ടികൾ, അവരുടെ അച്ഛനമ്മമാരെ തൊഴിലിടത്തേക്ക് അനുഗമിക്കുന്നു. ഇവിടെയുള്ളത്, അനധികൃതമായ കരിങ്കൽ ഖനികളാണ്. പാർശ്വവത്കൃത സമുദായത്തിൽപ്പെട്ട ഈ മിക്ക കുടുംബങ്ങളും ഖനികളോട് ചേർന്ന്, അപകടകരമായ സ്ഥലത്താണ് ജീവിക്കുന്നത്.
“എന്റെ വീട് ഈ ഖനിയുടെ പിന്നിലാണ്”, അവരിലൊരു പെൺകുട്ടി പറയുന്നു. “ദിവസവും അഞ്ചുതവണയെങ്കിലും സ്ഫോടനമുണ്ടാവും. ഒരുദിവസം ഒരു വലിയ പാറ വീണ് ഞങ്ങളുടെ വീടിന്റെ നാല് ചുമരിലും വിള്ളൽ വീണു”.
സ്കൂളുകളിൽനിന്ന് മുറിച്ചുമാറ്റപ്പെട്ടവരും വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെട്ടവരുമായ, ഖനികളീലെ അസംഘടിത തൊഴിലാളികളായ അസംഖ്യം കുട്ടികളെക്കുറിച്ച് ഈ സിനിമ സംസാരിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്