“ചാദേർ ബാദ്നി പാവകളിക്ക് ഞങ്ങളുടെ പൂർവ്വികരുമായി അഗാധമായ ബന്ധമുണ്ട്. ഇത് ഞാൻ അവതരിപ്പിക്കുമ്പോൾ.. അവരെല്ലാം എന്റെ ചുറ്റും വന്നുനിൽക്കുന്നതായി എനിക്ക് തോന്നും”, തപൻ മുർമു പറയുന്നു.
2023 ജനുവരിയുടെ തുടക്കമായിരുന്നു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ഖഞ്ജൻപുർ ഗ്രാമത്തിലെ സൊർപകുദാംഗ കോളനിയിൽ ബന്ദ്ന വിളവെടുപ്പ് ഉത്സവം നടക്കുന്ന സമയം. ഇരുപത് വയസ്സ് കഴിയാറായ തപന് സാന്താൾ ആദിവാസി സമുദായത്തിന്റെ സമ്പന്നമായ പാരമ്പര്യത്തിനോട് ഹൃദയബന്ധമുണ്ട്. പ്രത്യേകിച്ചും, ചാദേർ ബാദ്നി എന്ന് വിളിക്കുന്ന മാസ്മരികമായ പാവകളിയോട്.
പാരിയോട് സംസാരിക്കുമ്പോൾ തപൻ ചുവന്ന വെൽവെറ്റ് തുണികൊണ്ട് പൊതിഞ്ഞ മകുടാകൃതിയിലുള്ള ഒരു കൂട് കൈയ്യിൽ പിടിച്ചിരുന്നു. അതിനകത്ത്, മരത്തിൽ നിർമ്മിച്ച ചെറിയ മനുഷ്യരൂപങ്ങൾ ധാരാളമുണ്ടായിരുന്നു. കയറുകളും, മുളന്തണ്ടുകളും കപ്പികളുമുപയോഗിച്ച് കളിപ്പിക്കുന്ന പാവകൾ.
“എന്റെ കാലിലേക്ക് നോക്കൂ, ഈ പാവകളെ എങ്ങിനെയാണ് ഞാൻ നൃത്തം ചെയ്യിപ്പിക്കുന്നതെന്ന്”, തന്റെ മാതൃഭാഷയായ സാന്താളിയിലുള്ള ഒരു പാട്ട് മൂളിക്കൊണ്ട്, ആ കർഷകന്റെ ചളി നിറഞ്ഞ കാലുകൾ ദ്രുതഗതിയിൽ ചലിക്കാൻ തുടങ്ങി.
“ചാദേർ ബാദ്നിയിൽ നിങ്ങൾ കാണുന്നത് ആഘോഷനൃത്തമാണ്. ഞങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായ ഈ പാവകളി, ദുർഗ്ഗാപൂജ കാലത്തുള്ള ബന്ദ്ന (വിളവെടുപ്പ് ഉത്സവം), വിവാഹച്ചടങ്ങുകൾ, ദസൻ (സാന്താൾ ആദിവാസികൾ ആഘോഷിക്കുന്ന ഉത്സവം) തുടങ്ങിയ അവസരങ്ങളിലാണ് അവതരിപ്പിക്കുന്നത്”, തപൻ പറഞ്ഞു.
പാവകളെ ചൂണ്ടികൊണ്ട് അദ്ദേഹം പറഞ്ഞു, “ഈ നടുവിലുള്ളത് മൊറോൾ (ഗ്രാമമുഖ്യൻ) ആണ്. അയാൾ തപ്പുകൊട്ടുകയും ബനാം (ഏകതന്ത്രിയുള്ള മരത്തിന്റെ തമ്പുരു) പരമ്പരാഗതമായ ഓടക്കുഴൽ എന്നിവ വായിക്കുകയും ചെയ്യുന്നു. ധംസയും മദോളും (ആദിവാസികളുടെ വാദ്യോപകരണങ്ങൾ) വായിക്കുന്ന പുരുഷന്മാർക്ക് അഭിമുഖമായി നിന്ന് ഒരുഭാഗത്ത് സ്ത്രീകൾ നൃത്തവും ചെയ്യുന്നു”.
വിവിധ അവതരണങ്ങളും ആഘോഷങ്ങളും നടക്കുന്ന വിളവെടുപ്പുത്സവമാണ് ബാന്ദ്ന (സൊഹരായി എന്നും വിളിക്കുന്നു). ബിർഭമിലെ സാന്താൾ ആദിവാസികളുടെ ഏറ്റവും വലിയ ഉത്സവമാണ് അത്.
മരത്തിലും മുളയിലും നിർമ്മിച്ച പാവകളെയാണ് പൊതുവെ ഇതിൽ ഉപയോഗിക്കുന്നത്. ഏകദേശം ഒമ്പതിഞ്ച് വലിപ്പമുണ്ടാവും ഇവയ്ക്ക്. മേലാപ്പുള്ള ഒരു ചെറിയ തട്ടിലാണ് ഇവയെ വെക്കുക. സ്റ്റേജിന്റെ പിന്നിൽ കമ്പികൾ, ലിവറുകൾ, ദണ്ഡുകൾ എന്നിവ ഒളിപ്പിച്ചുവെക്കുന്നതിനാണ് ചാദറുകൾ (അഥവാ മറ) ഉപയോഗിക്കുന്നത്. കമ്പികൾ വലിക്കുമ്പോൾ പാവകളിക്കാരൻ ലിവറിനെ പ്രവർത്തനക്ഷമമാക്കുകയും പാവകളുടെ കൈകാലുകൾ ചലിക്കുകയും ചെയ്യും.
പാവകളെ വെച്ചിരിക്കുന്ന തട്ടിന് ചുറ്റും കെട്ടിവെച്ചിരിക്കുന്ന (ബന്ധിപ്പിച്ചിട്ടുള്ള) തുണികൊണ്ടുള്ള ആവരണമാണ് ചാദേർ (ചദോർ). അങ്ങിനെയാണ് ചാദേർ ബാദ്നി എന്ന പേര് ഇതിന് കൈവന്നതെന്ന് സമുദായത്തിലെ മുതിർന്നവർ പറഞ്ഞു.
തനതായ ഒരു സാന്താളി നൃത്തമാണ് തപന്റെ പാവകളിയിൽ അവതരിപ്പിക്കുന്നത്. ഈ പാവകളിക്ക് പ്രചോദനമായ ഒരു യഥാർത്ഥ നൃത്തം ആ ദിവസം പിന്നീട് ഞങ്ങൾ കാണുകയുമുണ്ടായി
ഈ അവതരണത്തോടൊപ്പമുള്ള പാട്ടുകൾ ഗ്രാമത്തിലെ പ്രായമായ ചിലർക്ക് മാത്രമേ അറിയൂ. സ്ത്രീകൾ അവരവരുടെ ഗ്രാമങ്ങളിൽ ഇത് പാടുമ്പോൾ, പുരുഷന്മാർ അയൽവക്കങ്ങളിൽ, ചാദേർ ബാദ്നി പാവകളുമായി സഞ്ചരിക്കുകയാണ് പതിവ്. “ഞങ്ങൾ ഏഴെട്ടുപേർ ധംസയും മദോളുമായി ഈ മേഖലയിലെ ആദിവാസി ഗ്രാമങ്ങളിലൂടെ സഞ്ചരിക്കും. ഈ പാവകളിക്ക് ധാരാളം സംഗീതോപകരണങ്ങൾ ആവശ്യമാണ്”.
ജനുവരി ആദ്യം മുതൽ, ജനുവരി പകുതിയിലെ പാവ്സ് സംക്രാന്തിവരെയുള്ള 10 ദിവസങ്ങളിലായി നടക്കുന്ന ഉത്സവകാലത്ത്, സമുദായത്തിന്റെ അന്തരീക്ഷമെന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു ചെറിയ ചിത്രം തപൻ വരച്ചുതന്നു.
“ബന്ദ്ന ആഘോഷിക്കുന്ന കാലത്ത് ഞങ്ങളുടെ വീടുകളിലൊക്കെ നിറയെ, അപ്പോൾ വിളവെടുത്ത നെല്ല് നിറഞ്ഞിട്ടുണ്ടാവും. ഈ ആഘോഷവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളുണ്ട്. എല്ലാവരും പുത്തൻ വസ്ത്രങ്ങൾ ധരിക്കുന്നു”, അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പൂർവ്വികരെ പ്രതിനിധാനം ചെയ്യുന്ന ശിലകൾക്കും വൃക്ഷങ്ങൾക്കും സാന്താൾ ആദിവാസികൾ നേർച്ചകൾ നേരുന്നു. “വിശിഷ്ടമായ ഭക്ഷണമുണ്ടാക്കും; നെല്ലിൽനിന്ന് ഹൻറിയ എന്ന പരമ്പരാഗത മദ്യം വാറ്റിയെടുക്കും; ആചാരപരമായ വേട്ടക്ക് പോവുകയും, വീടുകൾ വൃത്തിയാക്കി അലങ്കരിക്കുകയും ചെയ്യും. ഞങ്ങളുടെ കൃഷിയുപകരണങ്ങൾ കേടുപാടുകൾ മാറ്റി കഴുകി വെക്കും. ഞങ്ങളുടെ പശുക്കളേയും കാളകളേയും ആരാധിക്കും”.
ഗ്രാമത്തിന് നല്ലൊരു വിളവ് കിട്ടാൻ, സമുദായം ഒന്നടങ്കം പ്രാർത്ഥിക്കും. “ഞങ്ങളെ നിലനിർത്താൻ സഹായിക്കുന്ന എല്ലാം ഞങ്ങൾക്ക് വിശുദ്ധമാണ്. ഈ ഉത്സവകാലത്ത് ഞങ്ങൾ അതിനെയൊക്കെ ആരാധിക്കുന്നു”, തപൻ പറഞ്ഞു. വൈകീട്ട് സമുദായം ഒന്നടങ്കം, ഗ്രാമത്തിന്റെ നടുക്കുള്ള പൂർവ്വികരുടെ വിശുദ്ധപീഠത്തിന്റെ (മഝീർ താൻ) മുമ്പിൽ ഒത്തുചേരും. “പുരുഷന്മാർ, സ്ത്രീകൾ, ആൺകുട്ടികൾ, പെൺകുട്ടികൾ, മുതിർന്നവർ, എല്ലാവരും പങ്കെടുക്കും”, അയാൾ കൂട്ടിച്ചേർത്തു.
തനതായ ഒരു സാന്താളി നൃത്തം അവതരിപ്പിക്കുന്ന തപന്റെ പാവകളി, ആദ്യത്തേത് മാത്രമാണ്. ആ ദിവസം പിന്നീട് ഞങ്ങൾ, ആ പാവകളിക്ക് ആസ്പദമായ യഥാർത്ഥ നൃത്തം കാണുകയുണ്ടായി.
വർണ്ണാഭമായ വസ്ത്രങ്ങളും തലപ്പാവുകളും പൂക്കളുമണിഞ്ഞ മരംകൊണ്ടുള്ള പാവകൾക്ക് പകരം, പരമ്പരാഗത സാന്താൾ വസ്ത്രമണിഞ്ഞ, ജീവനുള്ള, ശ്വാസോച്ഛ്വാസം ചെയ്യുന്ന, ആടിക്കളിക്കുന്ന മനുഷ്യരെ ഞങ്ങൾ കണ്ടു. പുരുഷന്മാർ തലപ്പാവുകൾ വെച്ചിരുന്നു. സ്ത്രീകൾ തലമുടിയിൽ പുത്തൻ പൂക്കളും കുത്തിവെച്ചിരുന്നു. ധംസയുടേയും മദോളിന്റേയും മേളഘോഷങ്ങൾക്കൊപ്പം ആടിപ്പാടി നൃത്തക്കാർ സായാഹ്നത്തെ ഊർജ്ജസ്വലമാക്കി.
പാവകളെക്കുറിച്ച്, തലമുറകളിലൂടെ കൈമാറിവന്ന ഒരു പഴങ്കഥ സമുദായത്തിലെ മുതിർന്നവർ പങ്കുവെച്ചു. അതിപ്രകാരമാണ്. തന്നോടൊപ്പം, അയൽപക്കങ്ങളിൽ നൃത്തം ചെയ്യാൻ കുറച്ച് നൃത്തക്കാരെ സംഘടിപ്പിക്കാൻ ഒരു നൃത്താദ്ധ്യാപകൻ ഗ്രാമമുഖ്യനോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഭാര്യമാരേയും പെണ്മക്കളേയും അയക്കാൻ തയ്യാറാവാതിരുന്ന സാന്താൾ പുരുഷന്മാർ പക്ഷേ, സംഗീതോപകരണങ്ങൾ വായിക്കാമെന്ന് സമ്മതിച്ചു. മറ്റൊരു മാർഗ്ഗവുമില്ലാതെ, ആ ഗുരു, സ്ത്രീകളുടെ മുഖങ്ങൾ ഓർമ്മയിൽനിന്നെടുത്ത്, അവ, ചാദേർ ബാദ്നി പാവകളിൽ കൊത്തിവെച്ചു.
“ഇന്നത്തെ കാലത്ത്, എന്റെ തലമുറയിലുള്ളവർക്ക് ഞങ്ങളുടെ ജീവിതരീതികളെക്കുറിച്ച് യാതൊന്നും അറിയില്ല. പാവകളി, നഷ്ടപ്പെട്ട നെൽവിത്തുകൾ, അലങ്കാരങ്ങൾ, കഥകൾ, പാട്ടുകൾ ഒന്നും”, തപൻ പറഞ്ഞു.
കൂടുതൽ പറഞ്ഞ്, ഉത്സവത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തേണ്ട എന്ന് കരുതിയിട്ടാകാം, അയാൾ ഇത്രയുംകൂടി കൂട്ടിച്ചേർത്തു. “ഈ പാരമ്പര്യങ്ങളെയൊക്കെ സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഞാൻ എന്റേതായ ചെറിയ രീതിയിൽ അത് ചെയ്യുന്നു”.
പരിഭാഷ: രാജീവ് ചേലനാട്ട്