വില്ലുണ്ടാക്കുന്നതിൽ നിന്നും ഷെറിങ് ദോര്‍ജീ ഭുട്ടിയ ഒന്നും നേടിയിട്ടില്ലെന്ന് മനസ്സിലാക്കാൻ സമയമെടുക്കും. ഇതെന്തുകൊണ്ടെന്നാൽ ആ കലയിലും കൈവേലയിലും അദ്ദേഹത്തിന്‍റെ ജീവിതം അത്രമാത്രം ഉൾച്ചേർന്നിരിക്കുന്നു. പാക്യോംഗ് ജില്ലയിലെ കാർഥോക് ഗ്രാമത്തിലെ തന്‍റെ വീട്ടിൽ വച്ച് ഈ 83-കാരന് പറയാനുണ്ടായിരുന്നത് ഇതൊക്കെയാണ്. 60 വർഷമായി അദ്ദേഹത്തിന്‍റെ വരുമാന മാർഗ്ഗം ആശാരിപ്പണിയാണ് - പ്രധാനമായും ഫര്‍ണിച്ചറുകളുടെ നന്നാക്കൽ. പക്ഷെ, അദ്ദേഹത്തിന് പ്രചോദനം നല്‍കിയത്, അദ്ദേഹം പറയുന്നതനുസരിച്ച്, അമ്പും വില്ലുമാണ്. തന്‍റെ സ്വദേശമായ സിക്കിമിന്‍റെ സംസ്കാരവുമായി വളരെ ആഴത്തിൽ ഇതിന് ബന്ധമുണ്ട്.

വിദഗ്ദ്ധനായ മരപ്പണിക്കാരനെന്ന നിലയിലുള്ള ദശകങ്ങളായുള്ള പ്രവർത്തനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കുന്നില്ല. പാക്യാങ്ങിന്‍റെ വില്ല് നിർമ്മാതാവായി അറിയപ്പെടാനാണ് അദ്ദേഹം കൂടുതൽ താൽപര്യപ്പെടുന്നത്.

"തടികൊണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ തുടങ്ങുമ്പോൾ എനിക്ക് പത്തോ പന്ത്രണ്ടോ വയസ്സ് പ്രായമേയുള്ളൂ. ക്രമേണ അതിന് വില്ലിന്‍റെ രൂപം ഉണ്ടാവാൻ തുടങ്ങുകയും ആളുകൾ വാങ്ങാൻ തുടങ്ങുകയും ചെയ്തു. അങ്ങനെയാണ് ഈ വില്ല് മനുഷ്യൻ ജനിച്ചത്”, ഷെറിങ് പറഞ്ഞു.

"നേരത്തെ വ്യത്യസ്തമായിട്ടായിരുന്നു വില്ല് നിർമ്മിച്ചിരുത്”, ചില ഉൽപന്നങ്ങൾ ഞങ്ങളെ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ഈ ആദ്യകാല ഇനത്തെ തബ്ജു [നേപ്പാളി ഭാഷയിൽ] എന്ന് വിളിക്കുന്നു. ഇത് സാധാരണ രണ്ട് കമ്പുകൾ കൂട്ടിച്ചേർത്ത് കെട്ടി തുകൽകൊണ്ട് മൂടിയതാണ്. ഇപ്പോൾ നമ്മൾ ഉണ്ടാക്കുന്ന വകഭേദത്തെ ‘ബോട്ട് ഡിസൈൻ’ എന്ന് വിളിക്കുന്നു. ഒരു വില്ലുണ്ടാക്കാൻ കുറഞ്ഞത് മൂന്നു ദിവസം വേണം. പക്ഷെ അത് പ്രസരിപ്പുള്ള ചെറുപ്പക്കാർക്കുള്ളതാണ്. പ്രായമുള്ള ആളുകൾക്കുള്ളതിന് കുറച്ചു ദിവസങ്ങൾകൂടി വേണം”, കുസൃതി നിറഞ്ഞ ചിരിയോടെ ഷെറിങ് പറഞ്ഞു.

Left: Tshering Dorjee with pieces of the stick that are joined to make the traditional tabjoo bow. Right: His elder son, Sangay Tshering (right), shows a finished tabjoo
PHOTO • Jigyasa Mishra
Left: Tshering Dorjee with pieces of the stick that are joined to make the traditional tabjoo bow. Right: His elder son, Sangay Tshering (right), shows a finished tabjoo
PHOTO • Jigyasa Mishra

ഇടത് : പരമ്പരാഗത തബ്ജു വില്ല് ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന വടിക്കഷണങ്ങളുമായി ഷെറിങ് ദോര്‍ജീ . വലത് : അദ്ദേഹത്തിന്‍റെ മൂത്തമകൻ സാംഗെ ഷെറിങ് ( വലത് ) പൂർത്തിയാക്കിയ ഒരു തബ്ജു കാണിക്കുന്നു

ഗാംഗ്ടോക്കിൽ നിന്നും 30 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന തന്‍റെ പട്ടണത്തിൽ ആറ് പതിറ്റാണ്ടിലധികമായി ഷെറിങ് അമ്പുകളും വില്ലുകളും നിർമ്മിക്കുന്നു. കാർഥോക് എന്ന സ്ഥലം അവിടുത്തെ ബുദ്ധ മഠത്തിന് പേര് കേട്ടതാണ്. വലിപ്പത്തിൽ സിക്കിമിൽ ആറാം സ്ഥാനമാണ് ഈ മഠത്തിനുള്ളത്. കാർഥോക്കിൽ ഒരിക്കൽ നിരവധി തടാകങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പക്ഷെ ഇപ്പോൾ ഷെറിങ് മാത്രമാണുള്ളത്.

ഷെറിങിന്‍റെ വീട് കാര്യമായ രീതിയിൽ കാർഥോക്കിന്‍റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്നു. ഒരു പൂന്തോട്ടത്തിലൂടെ നടന്നതിനു ശേഷം മാത്രമാണ് നിങ്ങൾ പൂമുഖത്ത് എത്തുന്നത്. 500 ഇനം പൂക്കളും സസ്യങ്ങളും ഇവിടെ വളരുന്നു. പിന്നാമ്പുറത്ത് അദ്ദേഹത്തിന് ഒരു ഹരിതഗൃഹവും നഴ്സറിയുമുണ്ട്. അവിടെ നിങ്ങൾക്ക് എണ്ണൂറോളം ഓർക്കിഡുകളും, കൂടാതെ ഔഷധച്ചെടികളും അലങ്കാര ഇനങ്ങളും ബോൺസായ് സസ്യങ്ങളും കാണാം. ഇത് പ്രധാനമായും അദ്ദേഹത്തിന്‍റെ മൂത്തമകൻ സാംഗെ ഷെറിങ് ഭുട്ടിയയുടെ ശ്രമഫലമാണ്. 39-കാരനായ അദ്ദേഹം ഉദ്യാന നിർമാണത്തിൽ വളരെ വിദഗ്ദ്ധനാണ്. നിരവധി തരത്തിലുള്ള പൂന്തോട്ടങ്ങൾ അദ്ദേഹം രൂപപ്പെടുത്തുകയും സസ്യങ്ങൾ വിൽക്കുകയും ചെയ്യുന്നു. അദ്ദേഹം ഉദ്യാന നിർമ്മാണം മറ്റുള്ളവരെ പഠിപ്പിക്കുകയും ആ രംഗത്തേക്ക് കടന്നുവരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

"അങ്ങനെ ഇവിടെ ഞങ്ങൾ ആറു പേർ താമസിക്കുന്നു”, ഷെറിങ് ഞങ്ങളോട് പറഞ്ഞു. ‘ഇവിടെ’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കാർഥോക്കിലെ അദ്ദേഹത്തിന്‍റെ സാധാരണ വീടാണ്. "ഞാനും എന്‍റെ ഭാര്യ ദവ്ടി ഭുട്ടിയയും [64 വയസ്സ്] മകൻ സാംഗെ ഷെറിങും അവന്‍റെ ഭാര്യ താഷി ഡോർമ ഷെർപയും [36 വയസ്സ്]. പിന്നെ കൊച്ചുമക്കളായ ച്യാമ്പ ഹെസൽ ഭുട്ടിയയും റാംഗ്സെൽ ഭുട്ടിയയും.” മറ്റൊരു താമസക്കാരും കൂടിയുണ്ട്: കുടുംബത്തിന്‍റെ പ്രിയപ്പെട്ട നായ ഡോളി – മിക്കപ്പോഴും അതിനെ മൂന്നു വയസുകാരിയായ ചൈമ്പയുടെ കൂടെ കാണാം. റാംഗ്സെലിന് ഇപ്പോഴും രണ്ടു വയസ്സ് ആയിട്ടില്ല.

ഷെറിംഗിന്‍റെ രണ്ടാമത്തെ മകൻ 33-കാരനായ സോനം പലാസർ ഭുട്ടിയ സിക്കിമിന്‍റെ ഇൻഡ്യ റിസർവ് ബെറ്റാലിയനിൽ ജോലി ചെയ്യുന്നു. ഡൽഹിയിൽ നിയമിതനായ അദ്ദേഹം ഭാര്യയോടും മകനോടുമൊപ്പം അവിടെ താമസിക്കുന്നു. ഉത്സവങ്ങളുടെയും അവധി ദിവസങ്ങളുടെയും സമയത്താണ് സോനം കാർഥോക്കിലുള്ള തന്‍റെ അച്ഛനെ സന്ദർശിക്കുന്നത്. ഷെറിങിന്‍റെ മക്കളിൽ ഏറ്റവും മൂത്തത് അദ്ദേഹത്തിന്‍റെ മകളാണ്. 43-കാരിയായ ഷെറിങ് ലാമു ഭുട്ടിയ വിവാഹിതയായി ഗാംഗ്ടോക്കിൽ താമസിക്കുന്നു. നഗരത്തിൽ അദ്ദേഹത്തിന്‍റെ ഏറ്റവും ഇളയ മകനായ 31-കാരൻ സാംഗെ ഗ്യാമ്പോയും താമസിക്കുന്നു. ഗവേഷക വിദ്യാർത്ഥിയായ അദ്ദേഹം പിഎച്.ഡി. ചെയ്യുന്നു. ഈ കുടുംബം ബൗദ്ധ ലാമ സമുദായത്തിലും സിക്കിമിലെ പ്രമുഖ പട്ടികവർഗ്ഗ വിഭാഗമായ ഭുട്ടിയയിലും പെടുന്നു.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ഇടത് : വിവിധ പുഷ്പങ്ങളും സസ്യങ്ങളും വളരുന്ന ഷെറിങിന്‍റെ ഉദ്യാനം. വലത് : ഉദ്യാന നിർമ്മാതാവായ സാംഗെ ഷെറിങ് മിക്ക സമയത്തും ഉദ്യാനത്തിലാണ്. ' തൊഴിൽ എന്നതിനേക്കാൾ ഇതെനിക്ക് ഒരു വികാരമാണ്'

ഞങ്ങൾ ഷെറിങിന്‍റെ വില്ലുകൾ ഉപയോഗിക്കാനും അതേക്കുറിച്ച് പഠിക്കാനും ശ്രമിക്കുമ്പോൾ സാംഗെ ഷെറിങ് സഹായിക്കാനായി വന്നു. "പപ്പാ ഇത് എനിക്കുവേണ്ടി ഉണ്ടാക്കിയതാണ്”, അദ്ദേഹം തവിട്ടും മഞ്ഞ മണ്ണ് നിറവും ചേർന്ന ഒരു വില്ല് ഞങ്ങളെ കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. "ഞാൻ അമ്പെയ്ത്ത് പരിശീലിച്ച ഒരേയെണ്ണം ഇതുമാത്രമാണ്.” വില്ലുപയോഗിക്കുന്ന വിദ്യ വിശദീകരിക്കാനായി തന്‍റെ ഇടത് കൈ വിടർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

സിക്കിമിന്‍റെ പാരമ്പര്യങ്ങളിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്ന അമ്പെയ്ത്തിന് അവർക്ക് ഒരു കായികയിനം എന്നതിലും ഉപരിയാണ് – ഇതൊരു സംസ്കാരം കൂടിയാണ്. താരതമ്യേന എല്ലാവരും വിശ്രമത്തിലായിരിക്കുന്ന സമയത്ത്, ഉത്സവങ്ങളും മത്സരങ്ങളും എല്ലാ ആളുകളേയും ഒത്തുചേരാൻ അനുവദിക്കുമ്പോൾ, കൊയ്ത്തിന് തൊട്ടു പുറകെയാണ് സ്വാഭാവികമായി ഇത് സജീവമാകുന്നത്. സിക്കിം ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുമുമ്പ് തന്നെ ഇവിടെ ഇതൊരു ദേശീയ കായിക ഇനമായിരുന്നു.

രണ്ടുതവണ വീതം ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിലെയും ഏഷ്യൻ ഗെയിംസിലെയും മെഡൽ ജേതാവായ തരുൺദീപ് റായ് സിക്കിംകാരനാണ്. ഒരുപക്ഷെ അദ്ദേഹമായിരിക്കാം മൂന്ന് ഒളിമ്പിക്സിൽ (2004 ഏഥൻസ്, 2012 ലണ്ടൻ, 2021 ടോക്യോ) ഇന്ത്യയെ പ്രതിനിധീകരിച്ച ഒരേയൊരു അമ്പെയ്ത്ത്കാരൻ. ഈ പദ്മശ്രീ ജേതാവിനെ ആദരിക്കാനായി തരുൺദീപ് റായ് ആർച്ചറി അക്കാദമി സ്ഥാപിക്കുമെന്ന് കഴിഞ്ഞവർഷം സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാങ് ഗോളെ പ്രഖ്യാപിച്ചു .

പശ്ചിമ ബംഗാളിലെയും നേപ്പാളിലെയും ഭൂട്ടാനിലെയും അമ്പെയ്ത്ത് സംഘങ്ങൾ സിക്കിമിലെ ഗാംഗ്ടോക്കിലെ റോയൽ പാലസ് മൈതാനത്തും സംസ്ഥാനത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സംഘടിപ്പിക്കുന്ന ഏറ്റവും പ്രമുഖ മത്സരങ്ങളിൽ പങ്കെടുക്കാൻ സ്ഥിരമായി സിക്കിം സന്ദർശിക്കാറുണ്ട്. പക്ഷെ രസകരമായ ഒരുകാര്യം സിക്കിമികൾക്കിടയിൽ ജനകീയമായിട്ടുള്ളത് പരമ്പരാഗത ഇനങ്ങളിൽപെട്ട 'സാധാരണ അമ്പെയ്ത്ത്’ (barebow archery) ആണ് എന്നുള്ളതാണ്. വില്ല് സങ്കീർണ്ണവും സാങ്കേതികവുമായ ഒരുപകരണമായി മാറുന്ന ആധുനിക കായിക ഇനത്തേക്കാൾ ആളുകൾ ഇതിഷ്ടപ്പെടുന്നു.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

സാംഗെ ഷെറിങ് തന്‍റെ അച്ഛൻ നിർമ്മിച്ച ഒരു ആധുനിക വില്ലുമായി ( ഇടത് ). അമ്പെയ്യുന്നതിനായി നിൽക്കുന്ന രീതി അദ്ദേഹം കാണിക്കുന്നു ( വലത് )

പരമ്പരാഗത വില്ല് വാങ്ങാൻ പറ്റുന്ന കടകളൊന്നും അടുത്തില്ലെന്ന് ഭുട്ടിയ കുടുംബം ഒരുമിച്ച് ചേർന്ന് ഞങ്ങളോട് പറഞ്ഞു. അമ്പുകൾ ഇപ്പോഴും ചില പ്രാദേശിക കടകളിൽ നിന്നും വാങ്ങാൻ കഴിയും, പക്ഷെ വില്ല് വാങ്ങാൻ കഴിയില്ല. "വാങ്ങാൻ വരുന്നവർ ഞങ്ങളെക്കുറിച്ച് അറിയുന്നത് പ്രാദേശിക വിപണികളിൽ നിന്നും അമ്പെയ്ത്ത്കാരിൽ നിന്നുമാണ് – പിന്നീടവർ ഞങ്ങളെ വീട്ടിൽ സന്ദർശിക്കും. ഇതൊരു വലിയ സ്ഥലമല്ല, ആർക്കും ഞങ്ങളുടെ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുമില്ല. ഇവിടെ എല്ലാവർക്കും എല്ലാവരെയും അറിയാം”, എൺപതുകളിലുള്ള അദ്ദേഹം പറഞ്ഞു.

സിക്കിമിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഭൂട്ടാനിൽ നിന്നുപോലും വില്ലുകൾ വാങ്ങാൻ ആളുകൾ വരുന്നു. "ഗാംഗ്ടോക്കിൽ നിന്നും കാർഥോക്കിൽ നിന്നുമാണ്, അല്ലെങ്കിൽ ആ വഴിയാണ്, അവർ വരുന്നത്”, ഷെറിങ് നേപ്പാളി ഭാഷയിൽ പറഞ്ഞു. സംസ്ഥാനത്തെ നിരവധി ആളുകളെ പോലെ ഈ ഭാഷയാണ് അദ്ദേഹത്തിന്‍റെ കുടുംബം സംസാരിക്കുന്നത്.

എങ്ങനെയാണ് വില്ല് നിർമ്മിക്കുന്നത്, എങ്ങനെയാണ് ഷെറിങ് അവ നിർമ്മിക്കാൻ പഠിച്ചത് എന്നൊക്കെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം നിശബ്ദനായി അകത്തേക്ക് പോയി എന്തോ അന്വേഷിച്ചു. ഏതാണ്ട് മൂന്ന് മിനിറ്റുകൾക്ക് ശേഷം, ദശകങ്ങൾക്ക് മുമ്പ് താൻ നിർമ്മിച്ച കുറച്ചു അമ്പുകളും വില്ലുകളും അതോടൊപ്പം അവ നിർമ്മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളുമായി, പുഞ്ചിരിയോടും ചുറുചുറുക്കോടും കൂടി അദ്ദേഹം തിരിച്ചുവന്നു.

“ഇവയെല്ലാം 40 വർഷങ്ങൾക്കു മുൻപ്, അല്ലെങ്കിൽ അതിലും വർഷങ്ങൾക്ക് മുൻപ്, ഞാൻ നിർമ്മിച്ചതാണ്. ഇതിൽ ചിലത് വളരെ വളരെ പഴയതാണ്. എന്നെക്കാളും അല്പം മാത്രം ചെറുപ്പം കൂടുതൽ”, ചിരിച്ചുകൊണ്ടദ്ദേഹം പറഞ്ഞു. "ഇവ ഉണ്ടാക്കുന്നതിനായി ഒരു ഇലക്ട്രോണിക് സാമഗ്രിയും ഉപകരണവും ഞാൻ ഉപയോഗിച്ചിട്ടില്ല. എല്ലാം കൃത്യമായി കരങ്ങൾ കൊണ്ടുണ്ടാക്കിയതാണ്.”

"ഇപ്പോൾ ഞങ്ങൾ ഉപയോഗിക്കുന്ന അമ്പുകൾ നവീകരിച്ച വകഭേദങ്ങളാണ്”, സാംഗെ ഷെറിങ് പറഞ്ഞു. "ഞാൻ വളരെ ചെറുതായിരുന്നപ്പോൾ അമ്പിന്‍റെ പിന്നറ്റം വളരെ വ്യത്യസ്തമായിരുന്നു എന്നത് ഓർക്കുന്നു. അന്ന് വാൽ ഭാഗത്ത് താറാവിന്‍റെ തൂവൽ വയ്ക്കുമായിരുന്നു. ഇപ്പോൾ ആധുനിക വകഭേദങ്ങൾ പ്രധാനമായും ഭൂട്ടാനിൽ നിന്നാണ് വരുന്നത്.” സാംഗെ അമ്പുകൾ എനിക്ക് നൽകിയ ശേഷം, ആധുനിക യന്ത്ര നിർമ്മിത വില്ല് എടുക്കാനായി വീടിനകത്തേക്ക് പോയി.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ഇടത് : 40 വർഷങ്ങൾക്ക് മുമ്പ് ഷെറിങ് കൈകൊണ്ട് നിർമ്മിച്ച അമ്പുകൾ . വലത് : കൈ കൊണ്ട് നിർമ്മിക്കുന്ന വില്ലുകൾക്കും അമ്പുകൾക്കുമായി അദ്ദേഹം ഉപയോഗിക്കുന്ന ഉപകരണങ്ങൾ

"ഒരു സാധാരണ, വിലകുറഞ്ഞ, വില്ല് വേണമെന്ന് പറഞ്ഞു ഞങ്ങളെ സമീപിക്കുന്നവർക്ക്, രാകുകയോ മിനുക്കുകയോ ചെയ്യാതെ പരുക്കനായി നിർമ്മിച്ച ഒരു വില്ല് 400 രൂപയ്ക്ക് ഞങ്ങൾ നൽകുന്നു”, സാംഗെ പറഞ്ഞു. "അപ്പോൾ ഞങ്ങൾ മുളയുടെ മുകൾഭാഗം ഉപയോഗിക്കുന്നു. ബലം കുറവായതിനാൽ സാധാരണ ഞങ്ങൾ അത് ഉപയോഗിക്കാറുള്ളതല്ല. പക്ഷെ, മൂന്ന് ആവരണങ്ങളുള്ള, തികച്ചും മിനുക്കിയെടുത്ത മികച്ച ഒരു വില്ല് 600-700 രൂപയ്ക്കാണ് ഞങ്ങൾ വിൽക്കുന്നത്. മുളയുടെ ബലമുള്ള താഴത്തെ ഭാഗമാണ് ഇത് നിർമ്മിക്കാനായി ഞങ്ങൾ ഉപയോഗിക്കുന്നത്.

"ഒരു മികച്ച വില്ലുണ്ടാക്കാൻ ഉപയോഗിക്കുന്ന മുളയ്ക്ക് ഏകദേശം 150 രൂപ ആയിരിക്കും. അതിന്‍റെ നാരിന് അഥവാ കമ്പിക്ക് 60 രൂപ ആയിരിക്കും. മിനുക്കുന്നതിന് പണം കണക്കുകൂട്ടുക ബുദ്ധിമുട്ടാണ്”, സാംഗെ പറഞ്ഞു.

അതെന്തുകൊണ്ടാണ്?

"വീട്ടിലാണ് ഞങ്ങൾ പോളിഷ് ഉണ്ടാക്കുന്നത്. ഞങ്ങൾ മിക്കവാറും ദസറ ഉത്സവത്തിന്‍റെ  സമയത്താണ് തുകൽ [ആട്ടിൻ തോൽ] വാങ്ങുന്നത്. പോളിഷ് ചെയ്യുന്നതിനായി അതിൽ നിന്നും മെഴുക് പുറത്തെടുക്കും. വില്ലിന്‍റെ നിർമ്മാണം പൂർത്തിയാകുമ്പോൾ അതിനുമേൽ പോളിഷ് തേക്കുന്നു. ആദ്യത്തേത് ഉണങ്ങുമ്പോൾ അടുത്ത പാളി തേക്കുന്നു. മൂന്ന് തവണ ഇങ്ങനെ തേക്കുന്നു. 1x1 അടി ആട്ടിൻതോലിന് 150 രൂപയാണ്”, സാംഗെ പറഞ്ഞു. അവർ അത് ഉപയോഗിക്കുന്ന രീതിമൂലം പോളിഷിംഗ് പ്രക്രിയയ്ക്ക് എത്ര ചിലവ് വരും എന്ന് കൂട്ടിയെടുക്കാൻ ബുദ്ധിമുട്ടാണ്.

“പ്രധാന വസ്തു, അതായത് വില്ലിന്‍റെ നട്ടെല്ല്, അതിനു വേണ്ടിയുള്ള മുളയുടെ ഒരു കഷണത്തിന് 300 രൂപയാകും. ഒരു വലിയ മുളയിൽ നിന്ന് ഞങ്ങൾക്ക് 5 വില്ലുകൾ വരെ ഉണ്ടാക്കാം”, അദ്ദേഹം കൂട്ടിച്ചേർത്തു.

PHOTO • Jigyasa Mishra
PHOTO • Jigyasa Mishra

ഇടത് : ഷെറിങ് തന്‍റെ കൈയിൽ ഒരുകൂട്ടം പരമ്പരാഗത വില്ലുകളുമായി. മകന്‍റെ കൈയില്‍ ഏറ്റവും പുതിയ തരം വില്ലുകളും . വലത് : തടി പോളിഷ് തേച്ച വില്ലും ആട്ടിൻതോലിൽ നിന്നും വേർതിരിച്ചെടുത്ത മെഴുക് തേച്ച വില്ലും തമ്മിലുള്ള വ്യത്യാസം സാംഗെ കാണിക്കുന്നു

“ഇതാണ് ഏറ്റവും പുതിയ അമ്പിന്‍റെ രൂപരേഖ, ഇത്”, സാംഗെ അകത്തുപോയി വില്ലുകൾ സൂക്ഷിച്ചിരിക്കുന്ന വലിയൊരു സഞ്ചിയുമായി തിരിച്ചുവന്ന് അതിൽനിന്നും വലിയ, ഭാരമുള്ള ഒരിനം പുറത്തെടുത്തുകൊണ്ട് പറഞ്ഞു. "പക്ഷെ, പ്രാദേശിക മത്സരങ്ങളിൽ ഇത് അനുവദനീയമല്ല. ഇതുപയോഗിച്ചുകൊണ്ട് പരിശീലനം നടത്താം. മത്സരത്തിൽ പങ്കെടുക്കാൻ കൈപ്പണിയാൽ തീർത്ത പരമ്പരാഗത വില്ല് വേണം. പപ്പാ നിർമ്മിച്ച വില്ലുകളുമായി ഞാനും എന്‍റെ സഹോദരനും അത്തരം മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ എന്‍റെ സഹോദരൻ ഡൽഹിയിൽ നിന്നും ചില വ്യത്യസ്തതരം തടി പോളിഷുകൾ കൊണ്ടുവരികയും അവന്‍റെ വില്ലിൽ തേക്കുകയും ചെയ്തു. പപ്പാ വർഷങ്ങളായി ഉപയോഗിക്കുന്ന പരമ്പരാഗത പോളിഷാണ് എന്‍റേതിൽ ഉപയോഗിച്ചിരിക്കുന്നത്.”

വർഷങ്ങളായി വില്ലുകളുടെ വിൽപന കുറഞ്ഞിരിക്കുന്നുവെന്ന് ഭുട്ടിയാമാർ ദുഃഖത്തോടെ പറഞ്ഞു. അവരുടെ ഉൽപന്നം ഏറ്റവും കൂടുതൽ വിൽക്കുന്നത് ബൗദ്ധ ഉത്സവമായ ലൊസൂങ്ങിലാണ്. ഭുട്ടിയ ഗോത്രക്കാരുടെ സിക്കിം പുതുവത്സരമാണിത്. ഡിസംബറിൽ ആചരിക്കുന്ന, വിളവെടുപ്പിന് ശേഷമുള്ള, ഈ ഉത്സവത്തിലും അമ്പെയ്ത്ത് മത്സരങ്ങൾ ഉണ്ട്. "അപ്പോഴാണ് മഠം ഉള്ളതു കൊണ്ട് മിക്ക ആളുകളും ഇവിടെത്തി ഞങ്ങളിൽ നിന്നും അവ വാങ്ങുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ വർഷത്തിൽ നാലോ അഞ്ചോ എണ്ണമാണ് ഞങ്ങൾ കഷ്ടിച്ച് വിറ്റത്. ക്രിത്രിമ വില്ല് വിപണി കൈയടക്കിയിരിക്കുന്നു. അതൊരു ജാപ്പനീസ് ഉൽപന്നമാണെന്ന് എനിക്ക് തോന്നുന്നു. നേരത്തെ, അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വരെ, പ്രതിവർഷം ഏതാണ്ട് 10 വില്ലുകൾ എനിക്ക് വിൽക്കാൻ പറ്റുമായിരുന്നു”, ഷെറിങ് ദോര്‍ജി പാരിയോട് പറഞ്ഞു.

പക്ഷെ വർഷത്തിൽ 10 വില്ലുകൾ പോലും അദ്ദേഹത്തിന് മികച്ച വരുമാനം നൽകുന്നില്ല. മരയാശാരി എന്ന നിലയിലുള്ള തന്‍റെ ജോലി, അതായത് ഫർണിച്ചറുകളുടെയും മറ്റ് ചെറിയ തടി വസ്തുക്കളുടെയും നിർമ്മാണവും നന്നാക്കലും, ആണ് കുടുംബത്തെ നിലനിർത്തിയത്. ഏറ്റവുമവസാനം ആ ജോലി മുഴുവൻ സമയം ചെയ്തിരുന്ന സമയത്ത് (ഒരു ദശകത്തിന് മുൻപ്) താൻ മാത്രമായിരുന്നു കുടുംബത്തിൽ വരുമാനമുണ്ടായിരുന്ന ഏക അംഗമെന്ന് ഷെറിങ് പറഞ്ഞു. പ്രതിമാസം ഏകദേശം 10,000 രൂപ അദ്ദേഹം ഉണ്ടാക്കുമായിരുന്നു. പക്ഷെ അന്നുമിന്നും വില്ലുകളാണ് അദ്ദേഹത്തെ ആകർഷിച്ചിരുന്നത് – മരപ്പണി ആയിരുന്നില്ല.

PHOTO • Jigyasa Mishra
PHOTO • Tashi Dorma Sherpa

വർഷങ്ങളായി വില്ലുകളുടെ വിൽപന കുറഞ്ഞിട്ടുണ്ടെന്ന് ഭുട്ടിയാമാർ പറയുന്നു. കാഴ്ച കുറഞ്ഞതു കൊണ്ട് ഷെറിങ് അധികം ഉണ്ടാക്കാറുമില്ല

ഭൂട്ടാൻ മുളകൾ എന്നു പൊതുവെ വിളിക്കുന്ന പ്രത്യേകതരം മുളകളിൽ നിന്നാണ് ഭുട്ടിയാമാർ വില്ലുകൾ ഉണ്ടാക്കുന്നത്. "പപ്പ ഉണ്ടാക്കുന്ന എല്ലാ വില്ലുകളും ഭൂട്ടാൻ മുളകളിൽ നിന്നാണ്, നേരത്തെ അത് ഇന്ത്യയിൽ ലഭ്യമായിരുന്നില്ല”, സാംഗെ പറഞ്ഞു. "ഇപ്പോൾ ഞങ്ങൾക്ക് ഇവ നൽകുന്നത് ഇവിടെനിന്നും 70 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ കലിമ്പോങ്ങിൽ ഈ ഇനത്തിന്‍റെ വിത്ത് വിതയ്ക്കുന്ന കർഷകരാണ്. ഞാനവിടെ നേരിട്ട് പോയി ഒരുമിച്ച് രണ്ടുവർഷത്തേക്കുള്ള സാധനങ്ങൾ വാങ്ങി ഇവിടെ കാർഥോക്കിലെ വീട്ടിൽ സൂക്ഷിക്കുന്നു.”

“ആദ്യം നിങ്ങൾക്കൊരു ഗുരു വേണം. ഗുരുവില്ലാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല”, ഷെറിങ് പറഞ്ഞു. "തുടക്കത്തിൽ ഞാൻ വെറുമൊരു മരയാശാരിയായിരുന്നു. പക്ഷെ പിന്നീട് ഞാൻ അച്ഛനിൽ നിന്നും വില്ല് നിർമ്മാണം പഠിച്ചു. എന്‍റെ സുഹൃത്തുക്കൾ ഉപയോഗിച്ചിരുന്ന വില്ലുകളുടെ മാതൃകകൾ ഞാൻ കാണുമായിരുന്നു. ചിലത് ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. ക്രമേണ അത് മികച്ചതാകാൻ തുടങ്ങി. അവ വാങ്ങാനായി ആരെങ്കിലും എത്തുന്ന സമയത്തൊക്കെ എങ്ങനെയത് ഉപയോഗിക്കണമെന്ന് ഞാനവർക്ക് കാണിച്ചു കൊടുക്കുമായിരുന്നു!”

83-കാരനായ അദ്ദേഹത്തിന് വില്ല് നിർമ്മാണകലയുടെ  ആദ്യകാല ദിനങ്ങൾ ഇപ്പോൾ ഗതകാലസ്മരണയാണ്. "ഇപ്പോൾ അതിൽ നിന്നും കാര്യമായി വരുമാനമൊന്നുമില്ല – പക്ഷെ 10 വർഷങ്ങൾക്ക് മുൻപ് മെച്ചമായിരുന്നു. എന്‍റെ വീട്, ഈ വീട്, ഒരു ദശകത്തിലധികമായി എന്‍റെ മക്കളാണ് നടത്തുന്നത്. ഇപ്പോൾ ഞാനുണ്ടാക്കുന്ന വില്ലുകൾ ഒരു വരുമാന മാർഗ്ഗമേയല്ല, ഇഷ്ടംകൊണ്ട് തൊഴിൽ മാത്രമാണിത്.”

"പപ്പ ഇപ്പോൾ അധികം ഉണ്ടാക്കില്ല – അദ്ദേഹത്തിന്‍റെ കാഴ്ചശക്തി കുറഞ്ഞു. പക്ഷെ ഇപ്പോഴും അദ്ദേഹം കുറച്ച് ഉണ്ടാക്കും", പുഞ്ചിരിയോടെ സാംഗെ ഷെറിങ് പറഞ്ഞു.

"അദ്ദേഹത്തിന് ശേഷം ആര് ഈ കൈത്തൊഴിൽ മുന്നോട്ടു കൊണ്ടുപോകുമെന്ന് ഞങ്ങൾക്കൊരു രൂപവുമില്ല.”

പരിഭാഷ: റെന്നിമോന്‍ കെ. സി.

Jigyasa Mishra

জিজ্ঞাসা মিশ্র উত্তরপ্রদেশের চিত্রকূট-ভিত্তিক একজন স্বতন্ত্র সাংবাদিক।

Other stories by Jigyasa Mishra
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.