ആദിവാസി ജനതയ്ക്ക് അവരുടേതായ പരാധീനതകളുണ്ടെങ്കിലും, അവ എങ്ങിനെയാണ് ഒരു സമുദായത്തിലെ സംസ്കാരത്തിലേക്ക് കടന്നുകയറിയതെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണത്തിന്, ആധുനിക വിദ്യാഭ്യാസം ഒരു പുതിയ പ്രവണതയ്ക്ക് ആരംഭം കുറിച്ചുവെങ്കിലും, നമ്മുടെ പല സംഘർഷങ്ങളും ഉടലെടുത്തത്, പുതിയ സാക്ഷരസമൂഹത്തിലൂടെയാണ്. ഇന്ന്, ഞങ്ങളുടെ ഗ്രാമത്തിലെ ഒരു അദ്ധ്യാപകൻ ഗ്രാമത്തിലെ തന്റെ സ്വന്തം ഭൂമിയിലല്ല വീട് വെക്കുന്നത്. പകരം, അയാൾ രജ്പിപ്ലയിൽ ഒരു സ്ഥലം വാങ്ങുന്നു. വികസനത്തെക്കുറിച്ചുള്ള വിചിത്രമായ ആശയങ്ങളാൽ നമ്മുടെ പുതിയ തലമുറ പ്രലോഭിക്കപ്പെടുന്നു. സ്വന്തം മണ്ണിൽനിന്ന് വേരറ്റ്, മറ്റൊരു മണ്ണിലേക്ക് പിഴുതുമാറ്റപ്പെടുന്ന അവർ പരമ്പരാഗതരീതിയിലല്ല അവരുടെ ജീവിതം ജീവിക്കുന്നത്. ചുവന്ന അരി അവർക്ക് ദഹിക്കുന്നില്ല. നഗരത്തിലെ തൊഴിലിൽനിന്ന് കിട്ടുന്ന അന്തസ്സ് ആസ്വദിക്കാനാണ് അവർ ആഗ്രഹിക്കുന്നത്.അത്തരം അടിമത്തം ഒരിക്കലും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നില്ല. ഇന്ന് അവർക്ക് വിദ്യാഭ്യാസവും തൊഴിലും ഉള്ളവർക്കുപോലും നഗരത്തിൽ ജീവിക്കാൻ ഇടം കണ്ടെത്താനാവുന്നില്ല. ആളുകൾ അവരെ ബഹിഷ്കരിക്കുന്നു. അപ്പോൾ ആ സംഘർഷങ്ങൾ ഒഴിവാക്കാനായി, സ്വന്തം സ്വത്വം അവർ മറച്ചുവെക്കുന്നു. ഇന്ന്, ആദിവാസി സ്വത്വത്തിന്റെ ഹൃദയഭാഗം, ഇത്തരം സംഘർഷങ്ങളാണ്.
അപരിഷ്കൃതമായ മഹുവ
യോഗ്യരെന്ന്
വിളിക്കപ്പെടുന്ന
എന്റെ
നാട്ടിലെ ചിലർ മഹുവയെ
അപരിഷ്കൃതമെന്ന്
പ്രഖ്യാപിച്ചതുകൊണ്ട്
എന്റെ
ആളുകൾക്കും സ്വയം
അപരിഷ്കൃതരായി
തോന്നിത്തുടങ്ങിയിരിക്കുന്നു
അതിൽപ്പിന്നെ,
മഹുവ പൂക്കൾ തൊടാൻ
അമ്മയ്ക്ക്
പേടിയാണ്
മഹുവ എന്ന
പേര് കേൾക്കുന്നതുപോലും
അച്ഛന്
വെറുപ്പാണ്
മുറ്റത്ത്
ഒരു തുളസിച്ചെടി നടുമ്പോൾ
പരിഷ്കൃതനായതുപോലെ
തോന്നുന്നു
എന്റെ സഹോദരന്
യോഗ്യരെന്ന്
വിളിക്കപ്പെടുന്ന
എന്റെ
നാട്ടിലെ ചിലർ മഹുവയെ
അപരിഷ്കൃതമെന്ന്
പ്രഖ്യാപിച്ചതുകൊണ്ട്
എന്റെ
ആളുകൾക്കും സ്വയം
അപരിഷ്കൃതരായി
തോന്നിത്തുടങ്ങിയിരിക്കുന്നു
പ്രക്രൃതിയോടിണങ്ങി
ജീവിച്ചിരുന്ന
എന്റെ
ആളുകൾക്ക് ഇപ്പോൾ
നദിയെ
പവിത്രമായി കാണുന്നതിലും,
പർവ്വതങ്ങളെ ആരാധിക്കുന്നതിലും
പൂർവ്വികരെ
പിന്തുടരുന്നതിലും,
ഭൂമിയെ അമ്മ
എന്ന് വിളിക്കാനും
അപമാനം
തോന്നുന്നു.
സ്വന്തം
അപരിഷ്കൃതസ്വത്വങ്ങളിൽനിന്ന്
സ്വാതന്ത്ര്യം
തേടുന്നതിനായി,
സ്വന്തം
സ്വത്വം മറച്ചുവെച്ച്
ചിലർ
ക്രിസ്ത്യാനികളാവുന്നു,
ചിലർ
ഹിന്ദുക്കൾ,
ചിലർ
ജൈനന്മാരും, മറ്റ് ചിലർ മുസ്ലിങ്ങളും
യോഗ്യരെന്ന്
വിളിക്കപ്പെടുന്ന
എന്റെ
നാട്ടിലെ ചിലർ മഹുവയെ
അപരിഷ്കൃതമെന്ന്
പ്രഖ്യാപിച്ചതുകൊണ്ട്
എന്റെ
ആളുകൾക്കും സ്വയം
അപരിഷ്കൃതരായി
തോന്നിത്തുടങ്ങിയിരിക്കുന്നു
കമ്പോളങ്ങളെ
വെറുത്തിരുന്ന എന്റെ മനുഷ്യർ
ഇന്ന്, അവയെ
വീട്ടിലേക്ക് കൊണ്ടുവരുന്നു
പരിഷ്കൃതമെന്ന്
തോന്നുന്ന
ഒന്നിനേയും
നഷ്ടപ്പെടുത്താൻ അവർ തയ്യാറല്ല
സംസ്കാരത്തിന്റെ
ഏറ്റവും വലിയ കണ്ടുപിടുത്തം
വ്യക്തിപരമായ
അസ്തിത്വം
ഓരോരുത്തരും
പഠിക്കുന്നത് ‘ഞാൻ’ എന്ന വാക്കാണ്
‘സ’ എന്നത്
അവർക്ക് മനസ്സിലാവും
സമൂഹത്തിന്റെ
‘സ’ അല്ല,
സ്വന്തമെന്നതിലെ
‘സ’
യോഗ്യരെന്ന്
വിളിക്കപ്പെടുന്ന
എന്റെ
നാട്ടിലെ ചിലർ മഹുവയെ
അപരിഷ്കൃതമെന്ന്
പ്രഖ്യാപിച്ചതുകൊണ്ട്
എന്റെ
ആളുകൾക്കും സ്വയം
അപരിഷ്കൃതരായി
തോന്നിത്തുടങ്ങിയിരിക്കുന്നു
കഥകൾ
ആലപിക്കുകയും
ഇതിഹാസങ്ങൾ
സ്വന്തം നാവുകളിൽ എഴുതുകയും
ചെയ്തിരുന്ന
എന്റെ ജനത
അവരുടെ ഭാഷ
മറക്കുന്നു
അവർ അവരുടെ
മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു
അവരുടെ
കുട്ടികൾ ഈ നാട്ടിലെ
ചെടികളേയും
മരങ്ങളേയും, പുഴകളേയും, മലകളേയും
സ്വപ്നം
കാണുന്നതേയില്ല
പകരം,
അമേരിക്കയിലേയും ലണ്ടനിലേയും
ചെടികളേയും
മരങ്ങളേയും പുഴകളേയും മലകളേയും
സ്വപ്നം
കാണുന്നു
യോഗ്യരെന്ന്
വിളിക്കപ്പെടുന്ന
എന്റെ
നാട്ടിലെ ചിലർ മഹുവയെ
അപരിഷ്കൃതമെന്ന്
പ്രഖ്യാപിച്ചതുകൊണ്ട്
എന്റെ
ആളുകൾക്കും സ്വയം
അപരിഷ്കൃതരായി
തോന്നിത്തുടങ്ങിയിരിക്കുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്