"ഞാൻ സമ്മർദ്ദത്തിലാണ്, പക്ഷെ തുടർന്നേ മതിയാവൂ, കുറച്ച് സമ്പാദിക്കാനും കുടുംബത്തെ ഒരുമിച്ച് നിർത്താനും ഞാൻ എല്ലാ ദിവസവും വലിയ ദൂരം യാത്ര ചെയ്യുന്നു”, 40-കാരിയായ സെന്തിൽ കുമാരി പറഞ്ഞു. എല്ലാ ദിവസവും കുറഞ്ഞത് 130 കിലോമീറ്റർ മീൻ വിൽക്കുന്നതിനായി യാത്ര ചെയ്യുന്ന അവർ കോവിഡ്-19 ലോക്ക്ഡൗൺ മത്സ്യബന്ധനം തടസ്സപ്പെടുത്തിയതിനെ തുടർന്ന് താൻ നേരിടുന്ന ബുദ്ധിമുട്ടുകൾ വിശദീകരിക്കുകയാണ്. “എന്‍റെ കടങ്ങൾ പെരുകുന്നു. മകൾക്ക് ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായി ഒരു ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കാൻ എനിക്ക് കഴിയുന്നില്ല. ഭാരം വലുതാണ്”, അവർ പറഞ്ഞു.
തമിഴ്‌നാട്ടിലെ മൈലാടുതുറൈ ജില്ലയിൽ സെന്തിൽ കുമാരി ജീവിക്കുന്ന മത്സ്യബന്ധന ഗ്രാമമായ വാനഗിരിയിൽ വിവിധ പ്രായത്തിലുള്ള നാനൂറോളം സ്ത്രീകൾ മീൻ വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നു. 1,100 പേർ ചേർന്ന ഒരു മത്സ്യത്തൊഴിലാളി സംഘത്തിലെ അംഗങ്ങളാണ് ഇവർ. മീൻ വിൽപനയുടെ സ്വഭാവം വ്യത്യസ്തമാണ്: ഗ്രാമങ്ങളിലെ തെരുവുകളിൽ വിൽക്കുന്നതിനായി ചിലർ മീൻ കുട്ടകൾ തലയിൽ ചുമക്കുന്നു, മറ്റുചിലർ ഓട്ടോ, വാൻ, ബസ് എന്നിങ്ങനെയുള്ള വാഹനങ്ങളിൽ അടുത്ത ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുന്നു, ചിലർ മറ്റു ജില്ലകളിലെ ചന്തയിൽ മീൻ വിൽക്കുന്നതിനായി ബസുകളിൽ യാത്ര ചെയ്യുന്നു.
സെന്തിൽ കുമാരിയെപ്പോലെ മിക്ക സ്ത്രീകളും വീട്ടു കാര്യങ്ങൾ നോക്കുന്നത് സ്വന്തം വരുമാനത്തില്‍ നിന്നാണ്. അവർ വിവിധ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും മഹാമാരി എല്ലാവരെയും ബാധിച്ചു. കുടുംബത്തിന്‍റെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാൻ സ്വകാര്യ വായ്പാ ദാതാക്കളിൽ നിന്നും മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്നും വായ്പ എടുക്കാൻ നിർബന്ധിക്കപ്പെടുന്ന അവര്‍, തിരിച്ചടയ്ക്കാനുള്ള സാദ്ധ്യതകൾ പരിമിതമാണെന്നിരിക്കെ, കടത്തിന്‍റെ ചുഴിയിലേക്ക് തള്ളപ്പെടുന്നു. ഒരു വായ്പ തിരിച്ചടയ്ക്കാൻ അവർ വേറെ എവിടെ നിന്നെങ്കിലും വാങ്ങുന്നു. അവസാനം വലിയ പലിശ നൽകേണ്ടിയും വരുന്നു. “എനിക്ക് സമയത്ത് തിരിച്ചടയ്ക്കാൻ പറ്റില്ല, അതുകൊണ്ട് പലിശ കൂടിക്കൊണ്ടേയിരിക്കുന്നു”, 43-കാരിയായ മീൻ വിൽപനക്കാരി അമൃത പറഞ്ഞു.
എന്നിരിക്കിലും മീൻ വിൽപനക്കാരായ സ്ത്രീകളുടെ മൂലധന, സാമ്പത്തിക ആവശ്യങ്ങൾ സംസ്ഥാന നയങ്ങള്‍ പരിഗണിക്കുന്ന ഒരു വിഷയമാകുന്നില്ല. പുരുഷന്മാർക്കിടയിലുള്ള തൊഴിലില്ലായ്മ വർദ്ധിച്ചതിനാൽ കൂടുതൽ സ്ത്രീകൾ, മത്സ്യബന്ധന സമുദായങ്ങളുടെ പുറത്തു നിന്നു പോലും, മീൻവിൽപന തുടങ്ങിയിരിക്കുന്നു. ഇത് മീനിന്‍റെ വിലയും ഗതാഗത ചിലവും വർദ്ധിപ്പിക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്തു. മുൻപ് ഒരു ദിവസത്തെ വിൽപനയിൽ നിന്നും 200-300 രൂപ അവർക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, ഇന്നത് 100 രൂപയിൽ കൂടുതൽ വരില്ല. ചിലപ്പോൾ നഷ്ടം പോലും സംഭവിക്കും.
ജീവിതം ബുദ്ധിമുട്ട് നിറഞ്ഞതാണ്. എന്നിട്ടും അവർ ദൈനംദിനം മുന്നോട്ടുനീങ്ങുന്നു, തുറമുഖത്തേക്ക് പോകാൻ രാവിലെ എഴുന്നേൽക്കുന്നു, മീൻ വാങ്ങുന്നു, അവഹേളനങ്ങൾ നേരിടുന്നു, എല്ലാത്തിനുംശേഷം അവരുടെ കഴിവിന് അനുസരിച്ച് വിൽക്കുന്നു.
പരിഭാഷ: റെന്നിമോന്‍ കെ. സി.