ഓക്സിജന്‍, ആശുപത്രി കിടക്കകള്‍, അവശ്യ മരുന്നുകള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍, കഥകള്‍, സന്ദേശങ്ങള്‍ എന്നിവകൊണ്ട് എല്ലാ സാമൂഹ്യ മാദ്ധ്യമങ്ങളും നിറഞ്ഞിരിക്കുന്നു. എന്‍റെ ഫോണും മൂളിക്കൊണ്ടിരുന്നു. ‘ഓക്സിജന്‍ അത്യാവശ്യമുണ്ട്’ എന്നായിരുന്നു ഒരു സന്ദേശം. ഞായറാഴ്ച രാവിലെ ഏകദേശം 9 മണിയായപ്പോള്‍ അടുത്ത സുഹൃത്തില്‍ നിന്നും എനിക്കൊരു വിളി വന്നു. കോവിഡ്-19 മൂലം അവശനായിരുന്ന അവന്‍റെ സുഹൃത്തിന്‍റെ അച്ഛന് ആശുപത്രി കിടക്ക ലഭിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്നു അവര്‍. അപ്പോള്‍ ഇന്ത്യയിലെ ദിവസക്കണക്ക് 300,000 കവിഞ്ഞിരുന്നു. അറിയാവുന്ന കുറച്ചുപേരെ വിളിക്കാന്‍ ഞാന്‍ ശ്രമിച്ചു, പക്ഷെ ഫലം ഉണ്ടായില്ല. പിന്നീട് ഈ പ്രത്യേക കാര്യം ഞാന്‍ മറന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം എന്‍റെ സുഹൃത്ത് വീണ്ടും വിളിച്ചിട്ടു പറഞ്ഞു, “എന്‍റെ സുഹൃത്തിന്‍റെ അച്ഛന്‍... അദ്ദേഹം മരിച്ചു.”
ഏപ്രില്‍ 17-ന് അദ്ദേഹത്തിന്‍റെ ഓക്സിജന്‍ നില അപകടകരമാം വിധം 57 ശതമാനത്തിലേക്ക് താഴ്ന്നു (90 മുതല്‍ 92 വരെ താഴ്ന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്). മണിക്കൂറുകള്‍ക്കകം നില 31-ലേക്ക് കുത്തനെ താഴുകയും ഉടനെതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. തന്‍റെ മോശമായ അവസ്ഥയെക്കുറിച്ച് ആ അവസ്ഥയില്‍തന്നെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ട്വീറ്റ് ഇങ്ങനെയായിരുന്നു: “എന്‍റെ ഓക്സിജന്‍ നില 31 ആണ്. ആരെങ്കിലും എന്നെ സഹായിക്കുമോ?”
കൂടുതല്‍ എസ്.ഓ.എസ്. സന്ദേശങ്ങള്‍, കൂടുതല്‍ ട്വീറ്റുകള്‍, കൂടുതല്‍ വിളികള്‍... ഒരു പോസ്റ്റ് ഇങ്ങനെയായിരുന്നു: “ആശുപത്രി കിടക്ക ആവശ്യമുണ്ട്.” പക്ഷെ അടുത്ത ദിവസം അതിന്‍റെ തുടര്‍ച്ചയായി ഒന്നുമില്ലായിരുന്നു – “രോഗി മരിച്ചു.”
ഞാൻ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത, അറിയാത്ത ഒരു സുഹൃത്ത്; വിദൂരദേശത്തു നിന്നുള്ള, മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സുഹൃത്ത്, ശ്വാസം കിട്ടാതെ എവിടെയോ മരിച്ച് ഏതോ ചിതയിലെരിയുന്നു.
പട്ടട
പ്രിയ സ്നേഹിതാ, എന്‍റെ ഹൃദയം
നിന്നിലേയ്ക്കെരിയുന്നു.
മരണത്തിന്‍റെ വെള്ളയിൽ പൊതിഞ്ഞ്,
കബന്ധങ്ങളുടെ താഴ്‌വരയിൽ ഒറ്റയ്ക്കിങ്ങനെ.
എനിക്കറിയാം നീ ഭീതിയിലാണെന്ന്.
പ്രിയ സ്നേഹിതാ, എന്‍റെ ഹൃദയം
നിന്നിലേയ്ക്കെരിയുന്നു.
വെയിലാറുമ്പോഴേക്കും
രക്തത്തിൽ കുളിച്ച ഒരു പ്രദോഷം
നിന്നിലേക്ക് പെയ്തിറങ്ങും.
എനിക്കറിയാം നീ ഭീതിയിലാണെന്ന്.
അപരിചിതർക്കൊപ്പം നീ കിടക്കുന്നു,
അപരിചിതർക്കൊപ്പം നീ എരിയുന്നു,
അപരിചിതർക്കൊപ്പമായിരുന്നു
നിന്‍റെ യാത്രയത്രയും.
എനിക്കറിയാം നീ ഭീതിയിലാണെന്ന്.
പ്രിയ സ്നേഹിതാ, എന്‍റെ ഹൃദയം
നിന്നിലേയ്ക്കെരിയുന്നു.
വെളുത്ത ഭിത്തികളുള്ള മുറിയിൽ
ഒരിറ്റു ശ്വാസത്തിനായ് നീ കേഴുമ്പോൾ
എനിക്കറിയാം നീ ഭീതിയിലായിരുന്നെന്ന്.
നിന്‍റെ കണ്ണിൽ നിന്നും
അവസാനാശ്രു പൊഴിയുമ്പോഴും
നിന്‍റെ അവസാന നിമിഷങ്ങളിൽ
നിന്‍റെ അമ്മയുടെ നിസ്സഹായമായ
കണ്ണുനീർ നീ കാണുമ്പോഴും
എനിക്കറിയാം നീ ഭീതിയിലായിരുന്നെന്ന്.
സൈറനുകൾ മുഴങ്ങുന്നു,
അമ്മമാർ അലറിക്കരയുന്നു,
പട്ടടകൾ എരിയുന്നു.
"പേടിക്കരുതെന്ന് ഞാൻ ഉചിതമായി പറയുവതെങ്ങനെ!"
"പേടിക്കരുതെന്ന് ഞാൻ ഉചിതമായി പറയുവതെങ്ങനെ!"
പ്രിയ സ്നേഹിതാ, എന്‍റെ ഹൃദയം നിന്നിലേയ്ക്കെരിയുന്നു.
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.