“ഏതാണ്ട് 30 കൊല്ലം മുമ്പ്, സ്പിതിയിൽ കഠിനമായി മഞ്ഞുപെയിതിരുന്നു. പുല്ലൊക്കെ നല്ല പച്ചനിറമുള്ളതും നല്ലതുമായിരുന്നു“, ഹിമാചൽ പ്രദേശിലെ ലഹാവുൾ-സ്പിതി ജില്ലയിലെ കർഷകനും ഇടയനുമായ ചെറിംഗ് ആങ്ദൂയി പറയുന്നു.
158 ആളുകൾ താമസിക്കുന്നതും ( സെൻസസ് 2011 പ്രകാരം) സമുദ്രനിരപ്പിൽനിന്ന് 14,500 അടി മുകളിലുള്ളതുമായ ലാങ്ങ്സ എന്ന ഗ്രാമത്തിലാണ് 43 വയസ്സുള്ള ഇയാൾ ജീവിക്കുന്നത്. പട്ടികഗോത്രമെന്ന് സംസ്ഥാനത്ത് അടയാളപ്പെടുത്തിയ ഭോട്ട് സമുദായക്കാരാണ് ഭൂരിപക്ഷവും. കൃഷിയും കന്നുകാലിമേയ്ക്കലും സ്പിതിയിലേക്ക് വരുന്ന വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യലുമാണ് ഇവിടുത്തെ മിക്കവരുടേയും ഉപജീവനമാർഗ്ഗം.
ആടുകളേയും ചെമ്മരിയാടുകളേയും പശുക്കളേയും മേയ്ച്ചുനടന്നിരുന്ന ചെറിംഗിനേയും ലാങ്ങ്സയിലെ മറ്റ് ഇടയരേയും 2021 അവസാനമാണ് ഞങ്ങൾ കണ്ടുമുട്ടിയത്. മൃഗങ്ങൾക്ക് പുല്ല് കണ്ടെത്താൻവേണ്ടി ദീർഘദൂരം സഞ്ചരിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത്.
“ഇപ്പോൾ മലകളിൽ അധികം മഞ്ഞ് പെയ്യാറില്ല. മഴയും അധികം ഉണ്ടാവാറില്ല. അതിനാൽ അധികം പുല്ലും വളരുന്നില്ല. അതുകൊണ്ടാണ് കന്നുകാലികളെ മേയ്ക്കാൻ കൂടുതൽ ഉയരങ്ങളിലേക്ക് ഞങ്ങൾക്ക് പോകേണ്ടിവരുന്നത്”, ചെറിംഗ് പറയുന്നു.
ഹിമാചൽ പ്രദേശിന്റെ വടക്ക്-കിഴക്കൻ ഭാഗത്തായിട്ടാണ് സ്പിതി സ്ഥിതി ചെയ്യുന്നത്. നിരവധി പുഴകളുടെ താഴ്വരകളുള്ള ഉയർന്ന പ്രദേശമാണത്. തണുത്ത മരുഭൂമികളുടേതിന് സമാനമായ അന്തരീക്ഷമായതിനാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് നിരവധി സന്ദർശകർ, പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ ഇവിടേക്കെത്തുന്നു. രാത്രിസമയങ്ങളിൽ, ആകാശം തെളിച്ചമുള്ളതാണെങ്കിൽ ഇവിടെനിന്ന് നോക്കിയാൽ സന്ദർശകർക്ക് ക്ഷീരപഥത്തിന്റെ ദൃശ്യവും കാണാൻ കഴിയും.
കാലം തെറ്റിവരുന്ന മഞ്ഞുകാലം ചെറിംഗിന്റേയും മറ്റ് സഹ ഇടയന്മാരുടേയും ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് ഇടയന്മാരെക്കുറിച്ചുള്ള ഈ വീഡിയോയിൽനിന്ന് കേൾക്കാം.
“അധികം പുല്ലൊന്നും അവശേഷിക്കാത്തതിനാൽ, ഇനി വരുന്ന കാലത്ത്, ഞങ്ങളുടെ കന്നുകാലികൾക്ക് വംശനാശം വരുമെന്ന് ഞങ്ങൾ (ഗ്രാമീണർ) ഭയപ്പെടുന്നു. എവിടെനിന്ന് കിട്ടും പുല്ല്?”, അയാളുടെ മുഖത്ത് ആശങ്ക വ്യക്തമായി കാണാം.
പരിഭാഷ: രാജീവ് ചേലനാട്ട്