ചീന്തിയെടുത്ത് പരുക്കൻ ചുമരിലൊട്ടിച്ച ഒരു കഷണം കടലാസ്സ് കാറ്റിലിളകുന്നു. ‘അനധികൃത’മെന്നും ‘കടന്നുകയറ്റ‘മെന്നും അതിൽ രേഖപ്പെടുത്തിയ വാക്കുകൾ ചുമരിന്റെ മഞ്ഞനിറത്തിൽ അവ്യക്തമായി തെളിയുന്നു. ‘ഒഴിപ്പിക്കൽ’ എന്ന അറിയിപ്പിലാകട്ടെ, ചെളി പുരണ്ടിരിക്കുന്നു. ഒരു രാജ്യത്തിന്റെ ചരിത്രത്തെ അതിന്റെ ചുമരുകളിൽ തളച്ചിടാനാവില്ല. അതിർത്തികൾക്കുമപ്പുറം അത് അടിച്ചമർത്തലിന്റേയും ധീരതയുടേയും വിപ്ലവത്തിന്റേയും സൂക്ഷ്മാകാശത്തേക്ക് ഒഴുകിപ്പരക്കുന്നു
തെരുവിലെ ഇഷ്ടികകളിലേക്കും കരിങ്കല്ലുകളിലേക്കും അവൾ നോക്കുന്നു. ഒരു മൺകൂനപോലെ ആ തകർന്നുകിടക്കുന്നത്, ഒരിക്കൽ രാത്രികളിൽ അവളുടെ അഭയമായിരുന്ന വീടാണ്. കഴിഞ്ഞ 16 വർഷമായി വൈകുന്നേരങ്ങളിൽ അവൾ ചായ കുടിച്ചിരുന്നതും പകൽസമയങ്ങളിൽ ചെരിപ്പുകൾ വിറ്റിരുന്നതും ഇതാ, ഇവിടെയിരുന്നാണ്. തകർന്ന അസ്ബെസ്റ്റോസുകളുടേയും സിമന്റ് പാളികളുടേയും വളഞ്ഞ ഇരുമ്പുദണ്ഡുകളുടേയും അവശിഷ്ടങ്ങൾക്കിടയിൽ, അവളുടെ ആ വിനീതമായ സിംഹാസനം നശിപ്പിക്കപ്പെട്ട ഒരു ശവകുടീരം പോലെ അനാഥമായി കിടക്കുന്നു.
ഒരിക്കൽ ഇവിടെയൊരു ബീഗം ജീവിച്ചിരുന്നു. ബീഗം ഹസ്രത് മഹൽ. അവധിലെ രാജ്ഞി. ബ്രിട്ടീഷുകാരിൽനിന്ന് സ്വദേശത്തെ മോചിപ്പിക്കാൻ ധീരതയോടെ പൊരുതുകയും നേപ്പാളിൽ അഭയം പ്രാപിക്കുകയും ചെയ്തു അവർ. ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യത്വവിരുദ്ധ, സ്വാതന്ത്ര്യപ്പോരാളികളിൽ ഒരാളായ അവരിന്ന് പക്ഷേ വിസ്മൃതിയിലാണ്ടുകിടക്കുന്നു. അതിർത്തിക്കപ്പുറത്ത്, കാഠ്മണ്ഡുവിൽ ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ഒരു തണുത്ത കല്ലല്ലാതെ മറ്റൊന്നും അവരുടെ പൈതൃകത്തിന്റെ ശേഷിപ്പായി ഇന്ന് ബാക്കിയില്ല.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴങ്ങളിൽ പ്രതിരോധത്തിന്റെ ഇത്തരം നിരവധി അസ്ഥികൂടങ്ങളും കുഴിമാടങ്ങളും മറഞ്ഞുകിടപ്പുണ്ട്. അജ്ഞതയുടെയും വെറുപ്പിന്റേയും ചളി വകഞ്ഞുമാറ്റാനുള്ള ബുൾഡോസറുകളില്ല. പ്രതിരോധത്തിന്റെ ഈ മറഞ്ഞുപോയ പോരാട്ട മുഷ്ടികളെ പുറത്ത് കൊണ്ടുവരാൻ കഴിവുള്ള യന്ത്രങ്ങളൊന്നുമില്ല. കൊളോണിയൽ ചരിത്രത്തെ തകർത്തെറിഞ്ഞ് അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തെ പകരം വെക്കാനുള്ള ബുൾഡോസറുകളൊന്നും കാണുന്നില്ല. അനീതിക്കെതിരേ നിൽക്കാൻ ശക്തമായ ബുൾഡോസറുകളൊന്നും ബാക്കിയില്ല. ചുരുങ്ങിയത്, ഈ നിമിഷമെങ്കിലും.
ഏകാധിപതിയുടെ വളർത്തുമൃഗം
എന്റെ അയൽക്കാരിയുടെ വീട്ടുമുറ്റത്ത്
വിചിത്രമായ ഒരു വന്യമൃഗം പ്രത്യക്ഷപ്പെട്ടു
തന്റെ മഞ്ഞവരകളിൽ അത് സ്വയം ഒളിച്ചിരുന്നു
ഒടുവിൽ കഴിച്ച അത്താഴത്തിന്റെ
ചോരയും മാംസവും അതിന്റെ നഖങ്ങളിലും
പല്ലുകളിലും അപ്പോഴും കാണാമായിരുന്നു
ഒരലർച്ചയോടെ, തലയുയർത്തി
അതെന്റെ അയൽക്കാരിയുടെ
നെഞ്ചിലേക്ക് കുതിച്ചു
വാരിയെല്ലുകളിൽ പല്ലുകളാഴ്ത്തി
നെഞ്ചിൻകൂട് കീറി
ഏകാധിപതിയുടെ ആ വളർത്തുമൃഗം
കണ്ണിമയ്ക്കാതെ, അതിന്റെ തുരുമ്പിച്ച വിരലുകൾകൊണ്ട്
അവളുടെ നെഞ്ച് പറിച്ചെടുത്തു
ഓ, തളയ്ക്കാനാവാത്ത വന്യമൃഗം
എന്നാൽ, അതിനെ നിരാശപ്പെടുത്തിക്കൊണ്ട്
എന്റെ അയൽക്കാരിയുടെ
പൊള്ളയായ നെഞ്ചിൻകൂട്ടിൽ
മറ്റൊരു ഹൃദയം അപ്പോൾ മുളച്ചുപൊന്തി
അലറിക്കൊണ്ട് ആ മൃഗം അതും
കീറിപ്പറിച്ചു.
അപ്പോൾ അതാ, വീണ്ടും മറ്റൊരു ഹൃദയം
തുടിക്കുന്ന മറ്റൊരു ചുവന്ന ഹൃദയം
തിന്നുന്ന ഓരോ ഹൃദയത്തിനും
പകരം മറ്റൊന്ന് വന്നുകൊണ്ടേയിരുന്നു
ഒരു പുതിയ ഹൃദയം, ഒരു പുതിയ വിത്ത്
ഒരു പുതിയ പുഷ്പം,
എന്റെ അയൽക്കാരിയുടെ വീട്ടുമുറ്റത്ത്
വിചിത്രമായ ഒരു വന്യമൃഗം
പ്രത്യക്ഷപ്പെട്ടു
കൈനിറയെ, മോഷ്ടിച്ച ഹൃദയങ്ങളുമായി
ഒരു ചത്ത മൃഗം
പരിഭാഷ: രാജീവ് ചേലനാട്ട്