കാന്താ ഭിസെയുടെ കോപം മകളുടെ ദാരുണ മരണത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് അവരെ സംസാരിക്കാന്‍ ദൃഢചിത്തയാക്കി. “ഞങ്ങളുടെ ദാരിദ്ര്യം കാരണമാണ് എന്‍റെ കുട്ടി മരിച്ചത്”, കാന്ത പറഞ്ഞു. 2016 മാര്‍ച്ച് 20-ന് അവരുടെ അവരുടെ മകള്‍ ആത്മഹത്യ ചെയ്തു.
മരിക്കുന്ന സമയത്ത് മോഹിനി 18 വയസ്സുള്ള 12-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആയിരുന്നു. “12-ാം ക്ലാസ്സിനു ശേഷം അവളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ ഞങ്ങള്‍ക്കാവുമായിരുന്നില്ല. അതുകൊണ്ട് വിവാഹം കഴിപ്പിച്ചു വിടാനായി അവള്‍ക്ക് ഞങ്ങള്‍ വരനെ അന്വേഷിക്കാന്‍ തുടങ്ങി”, മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലെ ഭിസെ വാഘോലി ഗ്രാമത്തില്‍ നിന്നുള്ള 42-കാരിയായ കാന്ത പറഞ്ഞു.
വിവാഹം എന്നാല്‍ ചിലവ് എന്നാണര്‍ത്ഥം. കാന്തയും അവരുടെ ഭര്‍ത്താവ് 45-കാരനായ പാണ്ഡുരംഗും ദുഃഖിതരായി. “ഞാനും എന്‍റെ ഭര്‍ത്താവും കര്‍ഷകത്തൊഴിലാളികളായി ജോലി നോക്കുന്നു. മോഹിനിയുടെ വിവാഹത്തിനുവേണ്ട പണം സംഘടിപ്പിക്കുക അസാദ്ധ്യമാണെന്ന് ഞങ്ങള്‍ക്കു തോന്നി. ആ സമയത്ത് സ്ത്രീധന നിരക്ക് ഏതാണ്ട് ഒരുലക്ഷം രൂപയായിരുന്നു.”
ഒരു സ്വകാര്യ വായ്പ ദാദാവില്‍നിന്നും വാങ്ങിയ 2.5 ലക്ഷം രൂപ ദമ്പതികള്‍ നേരത്തെതന്നെ തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു. മാസം 5 ശതമാനമായിരുന്നു ഇതിന്‍റെ പലിശനിരക്ക്. 2013-ല്‍ വിവാഹം കഴിച്ചയപ്പിച്ച മൂത്തമകള്‍ അശ്വിനിയുടെ വിവാഹത്തിനായിരുന്നു പ്രസ്തുത തുക കടംവാങ്ങിയത്. മോഹിനിയുടെ വിവാഹത്തിന് ഭൂമി വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അതില്‍നിന്നും 2 ലക്ഷം രൂപ കിട്ടുമായിരുന്നു.
ഭിസെ വാഘോലിയിലുള്ള അവരുടെ ഒരേക്കര്‍ സ്ഥലത്ത് കൃഷി ഉണ്ടായിരുന്നില്ല. “വെള്ളത്തിനൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. പ്രദേശത്ത് എല്ലായ്പ്പോഴും വരള്‍ച്ചയുമായിരുന്നു”, കാന്ത വിശദീകരിച്ചു. 2016-ല്‍ മറ്റുള്ളവരുടെ പാടത്ത് പണിയെടുത്ത് അവര്‍ പ്രതിദിനം 150 രൂപ ഉണ്ടാക്കുമായിരുന്നു, പാണ്ഡുരംഗ് 300 രൂപയും. അങ്ങനെ അവര്‍ ഒരുമിച്ച് പ്രതിമാസം 2,000-2,400 രൂപ ഉണ്ടാക്കുമായിരുന്നു.
കാന്തയും പാണ്ഡുരംഗും ചേര്‍ന്ന് തങ്ങളുടെ ഭൂമി വില്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് ഒരുരാത്രി മോഹിനി കേട്ടു. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആത്മഹത്യ ചെയ്തു. “ഞങ്ങള്‍ പാടത്ത് പണിചെയ്തിരുന്ന സമയത്ത് മോഹിനി വീടിനുള്ളില്‍ തൂങ്ങിമരിച്ചു”, കാന്ത പറഞ്ഞു.
കടബാധിതനായിരുന്ന അച്ഛനുമേല്‍ വിവാഹച്ചിലവ് മൂലം കൂടുതല്‍ ഭാരം ഏല്‍പ്പിക്കേണ്ട എന്നവള്‍ ആഗ്രഹിച്ചിരുന്നുവെന്ന് ആത്മത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്ത്രീധനം എന്ന ആചാരത്തെ അവള്‍ ദുഷിക്കുകയും അത് അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. തന്‍റെ ശവസംസ്കാരത്തിനായി പണമൊന്നും ചിലവാക്കരുതെന്നും ആ പണം സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനായി ചിലവാക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സഹോദരങ്ങളായ നികിതയും അനികേതും 7, 9 ക്ലാസ്സുകളില്‍ പഠിക്കുകയായിരുന്നു.
അവളുടെ മരണത്തിനുശേഷം നിരവധി രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവര്‍ത്തകരും പ്രശസ്തവ്യക്തികളും അവരെ സന്ദര്‍ശിച്ചുവെന്ന് കാന്ത പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കാമെന്ന് എല്ലാവരും ഞങ്ങള്‍ക്കുറപ്പുതന്നു. സര്‍ക്കാര്‍ പാദ്ധതിയിന്‍ കീഴില്‍ [പ്രധാനമന്ത്രി ആവാസ് യോജന] ഉടന്‍തന്നെ ഞങ്ങള്‍ക്ക് വീട് ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഞങ്ങളോട് പറഞ്ഞു.” നല്ലൊരു വീട് മാത്രമല്ല “ഔദ്യോഗിക പദ്ധതികളിലൂടെ ഞങ്ങള്‍ക്ക് വൈദ്യുതിയും പാചകവാതക കണക്ഷനും വരെ ലഭിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു. അതിലൊന്നുപോലും ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല”, പാണ്ഡുരംഗ് കൂട്ടിച്ചേര്‍ത്തു.
അത്ര മികച്ചതല്ലാത്ത അവരുടെ വീട് ഉറപ്പില്ലാത്ത രീതിയില്‍ ഇഷ്ടികകള്‍ ചേര്‍ത്ത് കെട്ടിയതാണ്. വേണ്ടരീതിയിലുള്ള ഒരു തറപോലുമില്ല, പലപ്പോഴും പാമ്പും ഓന്തുമൊക്കെ വീട്ടില്‍ കയറും. പലപ്പോഴും ഞങ്ങള്‍ ഉറങ്ങാറില്ല, അതുകൊണ്ട് ഞങ്ങളുടെ കുട്ടികള്‍ക്ക് ഉറങ്ങാന്‍ കഴിയും”, കാന്ത പറഞ്ഞു. “ഞങ്ങളെ സന്ദര്‍ശിച്ച ഈ ആളുകളെ വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ഞങ്ങളോട് സംസാരിച്ചുപോലുമില്ല.”
കടബാധിതനായിരുന്ന അച്ഛനുമേല്‍ വിവാഹച്ചിലവ് മൂലം കൂടുതല്‍ ഭാരം ഏല്‍പ്പിക്കേണ്ട എന്നവള്‍ ആഗ്രഹിച്ചിരുന്നുവെന്ന് ആത്മത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്ത്രീധനം എന്ന ആചാരത്തെ അവള്‍ ദുഷിക്കുകയും അത് അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു
അതുകൊണ്ട് അവരുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടുള്ളതായി അവശേഷിച്ചു. “ഞങ്ങളുടെ ദൈനംദിന ദുരിതങ്ങള്‍ വിവരിക്കാന്‍ എനിക്കാവില്ല. എല്ലാവശത്തുനിന്നും ഞങ്ങള്‍ കെണിയിലായിരിക്കുന്നു”, കാന്ത പറഞ്ഞു. വരള്‍ച്ച മൂലം 2016 മുതല്‍ ഗ്രാമത്തിലവര്‍ക്ക് കഷ്ടിച്ചാണ് ജോലി ലഭിക്കുന്നത്. “ദിവസവേതന നിരക്ക് 2014 മുതല്‍ അതേപടി നിലനില്‍ക്കുന്നു. പക്ഷെ അവശ്യസാധനങ്ങളുടെ വില അങ്ങനെതന്നെ നിലനില്‍ക്കുമോ?”
ലഭിക്കുന്ന ചെറിയ വരുമാനത്തില്‍നിന്നും പ്രതിമാസം 600 രൂപവീതം തന്‍റെ പ്രമേഹത്തിനുള്ള ചികിത്സയ്ക്കായി കാന്തയ്ക്ക് ചിലവഴിക്കണം. 2017 മുതല്‍ പാണ്ഡുരംഗും ഭാര്യയും രക്തസമര്‍ദ്ദം മൂലമുള്ള ബുദ്ധിമുട്ടുകളും നേരിടുന്നു. “സര്‍ക്കാര്‍ എന്തുകൊണ്ട് ഞങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ നോക്കുന്നില്ല? കാന്ത ദേഷ്യത്തോടെ ചോദിച്ചു. “വെറുമൊരു പനിക്കുപോലും 90 രൂപയില്‍ കുറയാതെ ചിലവഴിക്കണം. ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് ആനുകൂല്യമൊന്നും ലഭിക്കില്ലേ?”
പൊതുവിതരണ സംവിധാനത്തിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍പോലും ഗുണമേന്മ കുറഞ്ഞതാണെന്ന് അവര്‍ പറഞ്ഞു. “ഞങ്ങള്‍ക്ക് [റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക്] ലഭിക്കുന്ന അരിയും ഗോതമ്പും പോലും വളരെ മോശമാണ്. നിരവധിയാളുകള്‍ അവ വീണ്ടും വിപണിയില്‍നിന്നും വാങ്ങുന്നു. അതുവാങ്ങാന്‍ കഴിയാത്ത ഞങ്ങളെപ്പോലുള്ള ആളുകളുടെ അവസ്ഥയെന്താണ്?” ക്ഷേമ പദ്ധതികളൊക്കെ ഒന്നുകില്‍ പ്രാപ്യമാകില്ല, ഇനി അഥവാ ലഭിച്ചാല്‍തന്നെ ആളുകള്‍ക്ക് സഹായകരമാവില്ല എന്നവര്‍ പറഞ്ഞുനിര്‍ത്തി.
പക്ഷെ വരള്‍ച്ചബാധിത പ്രദേശമായ മറാത്ത്‌വാഡയിലെ ലാത്തൂരില്‍നിന്നുള്ള ആളുകള്‍ക്ക് എല്ലാ സഹായവും ആവശ്യമാണ്. വര്‍ഷങ്ങളായി പ്രദേശത്ത് തുടരുന്ന കാര്‍ഷിക ദുരിതങ്ങള്‍ ആളുകളെ ദാരിദ്ര്യത്തിലും കടബാദ്ധ്യതയിലുമാക്കിയിരിക്കുന്നു. നിരവധി കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിനാല്‍ സമാശ്വാസ പദ്ധതികള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് ഒരാശ്വാസവും നല്‍കിയില്ല. 2015-ല്‍, മോഹിനി സ്വയം ജീവനെടുക്കുന്നതിനു മുന്‍പുള്ള വര്‍ഷം, മറാത്ത്‌വാഡയില്‍ 1,133 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2020-ല്‍ അത്തരത്തിലുള്ള 693 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ട് കാന്തയ്ക്ക് അവരുടെ ഭാവിയെപ്പറ്റി പ്രതീക്ഷയില്ല. “ഞങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധിക്കട്ടെ എന്ന് വിചാരിച്ചുകൊണ്ടാണ് ഞങ്ങളുടെ കുട്ടി മരിച്ചത്. ഇപ്പോള്‍ എങ്ങനെ അവളോട് പറയാന്‍ സാധിക്കും ഞങ്ങള്‍ മറാത്ത്‌വാഡയില്‍ നിന്നുള്ള കര്‍ഷകരാണ്, ഞങ്ങളുടെ അവസ്ഥ ഒരിക്കലും മെച്ചപ്പെടില്ലെന്ന്.”
പരിഭാഷ: റെന്നിമോന്‍ കെ. സി.