ശബ്ദമുഖരിതമായ ഒരു പൂവാണ് മുല്ലപ്പൂ. അതിരാവിലെത്തന്നെ അത് എത്തുന്നു ‘ധം’ എന്ന ശബ്ദത്തോടെ. മധുരയിലെ മട്ടുതാവണി മാർക്കറ്റിൽ ചാക്കുനിറയെ വെള്ളമൊട്ടുകൾ. “വഴി, വഴി“ എന്ന് ആളുകൾ ഒച്ചയിടുന്നു. പിന്നെ അത് പ്ലാസ്റ്റിക്ക് ഷീറ്റിലേക്ക് ‘ശൂ’ എന്ന് ചൊരിയുന്നു. വില്പനക്കാർ ആ മൃദുലമായ പൂവുകൾ ഇരുമ്പിന്റെ തുലാസ്സിൽ കൂട്ടിയിട്ട് ഭാരം നോക്കുമ്പോൾ തുലാസ്സുകൾ ‘ക്ലാങ്ക്’ എന്ന് ശബ്ദിക്കുന്നു. എന്നിട്ട് ഒരു കിലോഗ്രാം പൂവ് ഒരു ഉപഭോക്താവിന്റെ പ്ലാസ്റ്റിക്ക് ബാഗിലേക്ക് ഇടുന്നു. ആരോ ഇവിടെ വില ചോദിക്കുന്നു, ആരോ അവിടെ വില പറയുന്നു, ടാർപോളിനിൽ ചെരുപ്പുകളുരയുന്ന ശബ്ദം, പഴയ പൂക്കൾ ഞെരിഞ്ഞമരുമ്പോളുണ്ടാവുന്ന സീൽക്കാരം, കൊടുക്കൽ വാങ്ങലുകൾ ശ്രദ്ധിക്കുന്ന ഏജന്റുമാർ, നോട്ടുബുക്കിലെ എഴുത്തിന്റെ കരകര ശബ്ദം, ആരോ ഒരാൾ ഒച്ചവെക്കുന്നു “എനിക്ക് അഞ്ച് കിലോ വേണം”..

ഏറ്റവും നല്ല പൂക്കൾക്കുവേണ്ടി സ്ത്രീകൾ ചുറ്റിനറ്റക്കുന്നു. അവർ ഒരു പിടി പൂക്കൾ ഒരു കൈയ്യിലെടുത്ത് വിരലുകൾക്കിടയിലൂടെ മറുകൈയ്യിലേക്കിട്ട് ഗുണം പരിശോധിക്കുന്നു. മഴ പോലെ പെയ്യുന്നു മുല്ലപ്പൂ. ഒരു പൂക്കാരി ഒരു റോസാപ്പൂവും ജമന്തിപ്പൂവും ശ്രദ്ധയോടെയെടുത്ത്, പല്ലുകൊണ്ട് ഹെയർപിൻ അകത്തി ‘ടക്’ എന്ന് തിരുകിവെക്കുന്നു. എന്നിട്ട്, മുല്ലപ്പൂവും, റോസാപ്പൂവും ജമന്തിയും കൂട്ടിക്കലർത്തിവെച്ച ഒരു കൊട്ട ഉയർത്തി തിരക്ക് പിടിച്ച കമ്പോളത്തിൽനിന്ന് പുറത്തേക്ക് കടക്കുന്നു.

റോഡുവക്കത്ത്, ഒരു കുടയുടെ തണലിലിലിരുന്ന്, അവർ പൂക്കൾ ചരടിൽ കോർത്ത് മുഴം കണക്കിൽ വിൽക്കുന്നു. പച്ച പരുത്തി നൂലിന്റെ ഇരുഭാഗത്തുമായി അനുസരണയോടെ മുല്ലപ്പൂമൊട്ടുകൾ പുറത്തേക്ക് നോക്കി ഇരിക്കുന്നു. സുഗന്ധമെല്ലാം ഇതളുകൾക്കുള്ളിൽ ഒളിപ്പിച്ച്. പിന്നീട്, ഒരു താലത്തിലോ, കാറിന്റെ അകത്തോ, ദൈവത്തിന്റെ ചിത്രത്തിലോ ഇരുന്ന് അത് പൂക്കുമ്പോൾ, ആ സുഗന്ധം തന്റെ വിളിച്ചുപറയുന്നു. മധുരൈ മല്ലി.

മൂന്ന് വർഷത്തിനിടയിൽ മൂന്ന് തവണ പാരി മട്ടുതാവണി സന്ദർശിച്ചു. 2021 സെപ്റ്റംബറിലെ വിനായക ചതുർത്ഥിക്ക് (ഭഗവാൻ ഗണേശന്റെ ജന്മദിനം) നാലുദിവസം മുമ്പത്തെ ആദ്യസന്ദർശനം പൂവ്യാപാരത്തെക്കുറിച്ചുള്ള ഒരു സ്റ്റഡി ക്ലാസ്സായിരുന്നു. അന്ന് നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങൾ മൂലം, കമ്പോളം താത്ക്കാലികമായി പ്രവർത്തിച്ചിരുന്ന മട്ടുതാവണി ബസ് സ്റ്റാൻഡിന്റെ പിൻ‌ഭാഗത്തുവെച്ചാണ് അതുണ്ടായത്. സാമൂഹികാകലം നടപ്പിലാക്കുക എന്നതായിരുന്നു ആശയം. എന്നാൽ അതിൽ ശരിക്കും പെട്ടുപോയി.

ക്ലാസ് ആരംഭിക്കുന്നതിനുമുൻപ്, മധുരൈ ഫ്ലവർ മാർക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്വന്തം പേര് പ്രഖ്യാപിച്ചു. “ഞാൻ പൂക്കടൈ രാമചന്ദ്രൻ, ഇത്..” പൂച്ചന്തയിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം തുടർന്നു “എന്റെ സർവ്വകലാശാലയും”.

Farmers empty sacks full of Madurai malli at the flower market. The buds must be sold before they blossom
PHOTO • M. Palani Kumar

മധുരൈ മല്ലി നിറച്ച ചാക്കുകൾ കർഷകർ ചന്തയിൽ കാലിയാക്കുന്നു. വിരിയുന്നതിനുമുൻപേ അവ വിറ്റുതീർക്കണം

Retail vendors, mostly women, buying jasmine in small quantities. They will string these flowers together and sell them
PHOTO • M. Palani Kumar

ചില്ലറ വില്പനക്കാർ, അധികവും സ്ത്രീകൾ, ചെറിയ അളവിലാണ് മുല്ലപ്പൂക്കൾ വാങ്ങുക. അവർ അത് മാലയിൽ കോർത്ത് വിൽക്കും

അഞ്ച് പതിറ്റാണ്ടിലധികമായി മുല്ലപ്പൂ വ്യാപാരിയാണ് 63 വയസ്സുള്ള രാമചന്ദ്രൻ. കൌമാരപ്രായമാവുന്നതിന് മുന്നേ തുടങ്ങിയതാണ് അദ്ദേഹം ഈ തൊഴിൽ. “എന്റെ കുടുംബത്തിലെ മൂന്ന് തലമുറ ഈ വ്യാപാരത്തിലായിരുന്നു”, അദ്ദേഹം പറയുന്നു. അതുകൊണ്ടാണ് അദ്ദേഹം സ്വയം ‘പൂക്കടൈ’ എന്ന് വിളിക്കുന്നത്. മലയാളത്തിൽ അതിന്റെ അർത്ഥം, പൂക്കളുടെ മാർക്കറ്റ് എന്നാണ്. പുഞ്ചിരിച്ചുകൊണ്ട് രാമചന്ദ്രൻ പറയുന്നു. “ഞാൻ എന്റെ തൊഴിലിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാം ഞാൻ നേടിയത്, ഈ ഉടുത്തിരിക്കുന്ന വസ്ത്രമടക്കം ഇതിൽനിന്നുള്ള വരുമാനംകൊണ്ടാണ്. എല്ലാവരും – കർഷകരും, വ്യാപാരികളും – എല്ലാവരും നിലനിന്നുപോകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതും”.

പക്ഷേ അതത്ര എളുപ്പമല്ല. മുല്ലപ്പൂ വ്യാപാരത്തിലെ എണ്ണവും വിലയും എപ്പോഴും മാറിമറിഞ്ഞുകൊണ്ടിരിക്കും. ചിലപ്പോൾ കുത്തനെയും വിനാശകരവുമാവും അതിന്റെ ഗതി. അത് മാത്രമല്ല, ജലസേചനത്തിന്റെയും, ഉത്പാദനച്ചിലവിന്റെയും പ്രവചിക്കാനാവാത്ത മഴയുടേയും പ്രശ്നങ്ങൾക്ക് പുറമേ, തൊഴിലാളികളുടെ ദൌർലഭ്യവും കർഷകരുടെ നടുവൊടിക്കുന്നുണ്ട്.

കോവിഡ്-19 ലോക്ക്ഡൌണുകൾ വിനാശകരമായിരുന്നു. അത്യാവശ്യസാധനങ്ങളുടെ പട്ടികയിൽ പെടാത്തതിനാൽ, മുല്ലപ്പൂക്കൃഷിയെയും കർഷകരേയും ഏജന്റുമാരേയും അത് വളരെ മോശമായി ബാധിച്ചു. പല മുല്ലപ്പൂ കർഷകരും പച്ചക്കറിയിലേക്കും പയർ വർഗ്ഗങ്ങളിലേക്കും തിരിഞ്ഞു.

എന്നാൽ രാമചന്ദ്രന് എന്തിനും ഒരു പരിഹാരമുണ്ട്. വിവിധ ജോലികൾ ഒരേസമയം ചെയ്യാൻ മിടുക്കനായ അദ്ദേഹം കർഷകരുടേയും അവരുടെ വിളവുകളുടേയും, വാങ്ങുന്നവരുടേയും പൂമാല ഉണ്ടാക്കുന്നവരുടേയും കാര്യത്തിൽ ഒരുപോലെ ശ്രദ്ധ പതിപ്പിക്കുന്നു. ആരെങ്കിലും അലസത കാണിച്ചാൽ ‘ഡേയ്’ എന്ന് വിളിച്ച് പേടിപ്പിക്കാനും അദ്ദേഹത്തിന് മടിയില്ല. മുല്ലപ്പൂ (ജാസ്മിനം സംബാക്ക്) ഉത്പാദനവും അതിന്റെ വ്യാപാരവും മെച്ചപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പരിഹാരമാർഗ്ഗങ്ങൾ മൊത്തക്കച്ചവടത്തെയും ചില്ലറക്കച്ചവടത്തെയും ഒരുപോലെ കണക്കിലെടുക്കുന്ന ഒന്നാണ്. മധുരയിൽ സർക്കാരിന്റെ കീഴിൽ സുഗന്ധദ്രവ്യ ഫാക്ടറിയും തടസ്സങ്ങളില്ലാത്ത കയറ്റുമതിയും നടത്തണമെന്നും അദ്ദേഹം ആവശ്യമുന്നയിക്കുന്നു.

“അത് നമ്മൾ ചെയ്താൽ, മധുരൈ മല്ലി മങ്ങാത്ത മല്ലിയായിരിക്കും” (മധുരൈ മല്ലിയുടെ ശോഭ ഒരിക്കലും നഷ്ടപ്പെടില്ല) എന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു. ശോഭ എന്നതുകൊണ്ട് പൂക്കളുടെ നിറം മാത്രമല്ല, സമ്പത്തിനെയുമാണ് അദ്ദേഹം അർത്ഥമാക്കുന്നത്. ഈ വാക്യം രാമചന്ദ്രൻ ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്നു. തന്റെ പ്രിയപ്പെട്ട പൂവിനുള്ള ഒരു സുവർണ്ണ ഭാവിരേഖ തയ്യാറാക്കുന്നതുപോലെ.

*****

Left: Pookadai Ramachandran, president of the Madurai Flower Market Association has been in the jasmine trade for over five decades
PHOTO • M. Palani Kumar
Right: Jasmine buds are weighed using electronic scales and an iron scale and then packed in covers for retail buyers
PHOTO • M. Palani Kumar

ഇടത്ത്: മധുരൈ ഫ്ലവർ മാർക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായ പൂക്കടൈ രാമചന്ദ്രൻ മുല്ലപ്പൂ വ്യാപാരം ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ടുകളിലേറെയായിരിക്കുന്നു. വലത്ത്: മുല്ലപ്പൂമൊട്ടുകൾ തൂക്കിനോക്കുന്നത് ഒരു ഇലക്ട്രോണിക്ക് തുലാസ്സും ഇരുമ്പ് തുലാസ്സും ഉപയോഗിച്ചാണ്. പിന്നീട് അത് ചില്ലറ കച്ചവടക്കാർക്കായി ചെറിയ കവറുകളിലാക്കുന്നു

In Madurai, jasmine prices vary depending on its variety and grade
PHOTO • M. Palani Kumar

ഇനവും തരവും ആശ്രയിച്ചാണ് മധുരൈയിലെ മുല്ലപ്പൂക്കളുടെ വില

പകൽ മധ്യത്തോടെ, മുല്ലവ്യാപാരം തകൃതിയിലാവുന്നു. പൂക്കളുടെ സുഗന്ധം‌പോലെ നമ്മെ പൊതിയുന്ന ശബ്ദങ്ങളെ കവച്ചുവെക്കാൻ ഞങ്ങൾക്കും ശബ്ദമുയർത്തേണ്ടിവരുന്നു.

രാമചന്ദ്രൻ ഞങ്ങൾക്ക് ചായ വാങ്ങിച്ചുതന്നു. ചൂടുള്ള, വിയർപ്പൊഴുകുന്ന ദിവസം, ചൂടും മധുരവുമുള്ള ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാമചന്ദ്രൻ ഞങ്ങളോട് ചില കർഷകരുടെ കച്ചവടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. ചിലർ ആയിരം രൂപയുടെ കച്ചവടം നടത്തുമ്പോൾ മറ്റ് ചിലർ 50,000 രൂപയുടെ കച്ചവടം നടത്തുന്നതിനെക്കുറിച്ച്. “ധാരാളം ഏക്കറിൽ കൃഷി ചെയ്യുന്നവരാണവർ. കുറച്ച് ദിവസം മുമ്പ്, കിലോഗ്രാമിന് 1,000 രൂപയുണ്ടായിരുന്നപ്പോൾ ഒരു കർഷകൻ 50 കിലോഗ്രാം കൊണ്ടുവന്നു. അത് ലോട്ടറിയടിക്കുന്നതിന് തുല്യമാണ്. ഒരൊറ്റ ദിവസത്തിൽ 50,000 രൂപ!”.

കമ്പോളത്തിൽ എങ്ങിനെയാണ്? എത്രയാണ് വിറ്റുവരവ്. 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയിലായിരിക്കും അതെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. “ഇതൊരു സ്വകാര്യ ചന്തയാണ്. 100-ഓളം കടകളുണ്ട്. ഓരോരുത്തരും 50,000-ത്തിനും ഒരു ലക്ഷത്തിനുമിടയ്ക്ക് കച്ചവടം നടത്തുന്നു. നിങ്ങൾ കണക്ക് കൂട്ടിക്കോളൂ”.

വ്യാപാരികൾക്ക് വില്പനയിൽ 10 ശതമാനം കമ്മീഷൻ കിട്ടുമെന്ന് രാമചന്ദ്രൻ പറയുന്നു. “ഈ നിരക്ക് വർഷങ്ങളായി ഇതുപോലെത്തന്നെ തുടരുന്നു. അപകടസാധ്യതയുള്ള കച്ചവടമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. പൈസ കൊടുക്കാൻ ഒരു കർഷകന് സാധിച്ചില്ലെങ്കിൽ വ്യാപാരിക്ക് നഷ്ടം സഹിക്കേണ്ടിവരുന്നു. കോവിഡ് 19-ന്റെ ലോക്ക്ഡൌൺ കാലത്ത് ഇത് സംഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ സന്ദർശനവും 2022 ഓഗസ്റ്റിലെ വിനായക ചതുർത്ഥിക്ക് തൊട്ടുമുൻപായിരുന്നു. പ്രത്യേകലക്ഷ്യത്തിനായി നിർമ്മിച്ച പൂ മാർക്കറ്റിലേക്കായിരുന്നു ഞങ്ങളുടെ സന്ദർശനം. അതിന്റെ രണ്ട് ഇടനാഴികൾക്ക് ഇരുഭാഗത്തുമായി കടകളുണ്ടായിരുന്നു. സ്ഥിരമായി വാങ്ങുന്നവർക്ക് രീതി അറിയാം. കച്ചവടം പെട്ടെന്ന് നടക്കുന്നു. ചാക്കുകണക്കിന് പൂക്കൾ വരികയും പോവുകയും ചെയ്യുന്നു. കടകൾക്കിടയിലുള്ള വഴിയിൽ മുഴുവൻ പഴയ പൂക്കൾ കുന്നുകൂട്ടിയിട്ടിട്ടുണ്ടാവും. അവ കാൽ‌പ്പാദങ്ങൾക്ക് താഴെ ചതഞ്ഞമർന്ന് വല്ലാത്തൊരു നാറ്റമുണ്ടാവും. അതേസമയം, പുതിയ പൂക്കളുടെ സുഗന്ധവും അതിൽ ഇടകലരും. ശ്രദ്ധ പിടിച്ചുവാങ്ങാൻ രണ്ടും മത്സരിക്കുന്നതുപോലെ. ഒരു മണിക്കൂർ കഴിഞ്ഞാണ് ഈ നല്ലതും ചീത്തയുമായ മണങ്ങളുടെ കാരണം എനിക്ക് മനസ്സിലായത്. അത് അവയിലടങ്ങിയിരിക്കുന്ന ചില രാസഘടകങ്ങളുടെ ഫലമായിട്ടായിരുന്നു. അതിൽ, മുല്ലപ്പൂക്കളിൽ സ്വാഭാവികമായുണ്ടാവുന്ന ഇൻഡോളിന്റേയും വിസർജ്ജ്യത്തിന്റെയും പുകയിലപ്പുകയുടേയും കൽക്കരിയിൽനിന്നുള്ള ദ്രാവകത്തിന്റെയുമൊക്കെ മണമുണ്ടായിരിക്കും.

ചെറിയ അളവിലാണെങ്കിൽ ഇൻഡോളിന് നല്ല ഗന്ധമാണ്. കൂടിയ അളവിലാണെങ്കിൽ അഴുകിയ മണവും.

Other flowers for sale at the market
PHOTO • M. Palani Kumar
PHOTO • M. Palani Kumar

ചന്തയിൽ വിൽക്കാനായി വെച്ച മറ്റിനം പൂക്കൾ

*****

വിലകളെ നയിക്കുന്ന പ്രധാന ഘടകങ്ങളെക്കുറിച്ച് രാമചന്ദ്രൻ വിശദീകരിച്ചുതന്നു. മുല്ലച്ചെടികൾ പൂവിടാൻ തുടങ്ങുന്നത് ഫെബ്രുവരി മധ്യത്തോടെയാണ്. “ഏപ്രിൽ‌വരെ നല്ല വിളവ് കിട്ടും എന്നാൽ വില കുറവായിരിക്കും. കിലോഗ്രാമിന് 100 മുതൽ 300 രൂപവരെ. മേയ് മാസത്തിന്റെ രണ്ടാം പകുതിയൊടെ കാലാവസ്ഥ മാറുകയും കാറ്റ് തുടങ്ങുകയും ചെയ്യുന്നു. കൂടുതൽ വിളവ് കിട്ടുകയും ചെയ്യും. ഓഗസ്റ്റും സെപ്റ്റംബറുമാണ് മധ്യസീസണുകൾ. ഉത്പാദനം പകുതിയായി കുറയുകയും വില ഇരട്ടിയാവുകയും ചെയ്യുന്നു. അപ്പോഴാണ് കിലോഗ്രാമിന് 1,000 രൂപയൊക്കെ കിട്ടുക. പിന്നെ, നവംബർ-ഡിസംബറാവുമ്പോൾ സാധാരണ വിളവിന്റെ കഷ്ടി 25 ശതമാനം മാത്രമാണ് ലഭിക്കുക. എന്നാൽ ആ സമയത്താണ് വില അതിന്റെ പാര‌മ്യത്തിലാവുക. “കിലോയ്ക്ക് മൂവായിരവും അയ്യായിരവും. തൈമാസമാണ് (ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ) വിവാഹങ്ങളുടെ സീസൺ ആവശ്യക്കാർ കൂടുതലും ലഭ്യത കുറവുമായിരിക്കും”.

കർഷകർ നേരിട്ട് പൂവുകളെത്തിക്കുന്ന മട്ടുതാവണിയിലെ മാർക്കറ്റിലെ ശരാശരി വിതരണം 20 ടൺ, അഥവാ 20,000 കിലോഗ്രാമാണെന്ന് രാമചന്ദ്രൻ കണക്കാക്കുന്നു. 100 ടൺ മറ്റ് പൂക്കളും. പൂക്കൾ ഇവിടെനിന്ന് തമിഴ് നാട്ടിലെ അയൽജില്ല\കളിലുള്ള – ദിണ്ടിഗൽ, തേനി, വിരുദുനഗർ, ശിവഗംഗൈ, പുതുക്കോട്ടൈ – എന്നിവിടങ്ങളിലെ മാർക്കറ്റുകളിലേക്ക് – പോവുന്നു.

എന്നാൽ, പൂവിടുന്നത് എപ്പോഴും ഒരു കുടമണിയുടെ ആകൃതിയിൽ ആയിക്കൊള്ളണമെന്നില്ല. “വെള്ളത്തെയും, മഴയേയും ആശ്രയിച്ചിരിക്കുന്നു അത്”. ഒരേക്കർ ഭൂമിയുള്ള കർഷകൻ അതിന്റെ മൂന്നിലൊന്ന് ഈയാഴ്ച നനയ്ക്കും. പിന്നെ ഒരു ഭാഗം അടുത്ത ആഴ്ച, അങ്ങിനെയങ്ങിനെ പോകും. അങ്ങിനെ ചെയ്താൽ, ഏതാണ്ട് സുസ്ഥിരമായ ഒരു വിളവ് അയാൾക്ക് കിട്ടിയേക്കും. എന്നാൽ മഴയുണ്ടായാൽ, എല്ലാവരുടേയും നിലം മുഴുവൻ നനയുകയും എല്ലാ ചെടികളും ഒന്നിച്ച് പൂക്കുകയും ചെയ്യും. അപ്പോഴാണ് വിലയിടിയുക”.

രാമചന്ദ്രന് മുല്ലപ്പൂക്കൾ നൽകുന്ന 100 കർഷകരുണ്ട്. “ഞാൻ അധികം മുല്ലയൊന്നും നടാറില്ല. ധാരാളം അദ്ധ്വാനമാവശ്യമുണ്ട്” അയാൾ പറയുന്നു. ഒരു കിലോയോളം പറിക്കാനും ഗതാഗതത്തിനും മാത്രം 100 രൂപയോളം ചിലവുണ്ട്. അതിന്റെ മൂന്നിൽ രണ്ട് ഭാഗം കൂലിയിനത്തിൽ ചിലവാകും. കിലോയ്ക്ക് 100 രൂപയിലും വില താഴ്ന്നാൽ, കർഷകർക്ക് വലിയ നഷ്ടമാകും സംഭവിക്കുക.

കർഷകരും വ്യാപാരികളും തമ്മിലുള്ള ബന്ധം സങ്കീർണ്ണമാണ്. തിരുമംഗലം താലൂക്കിലെ മേലാവുപ്പിലിഗുണ്ടു ഊരിലെ 51 വയസ്സുള്ള മുല്ലപ്പൂ കർഷകൻ പി. ഗണപതി, രാമചന്ദ്രന് പൂക്കൾ നൽകുന്നുണ്ട്. താൻ വലിയ വ്യാപാരികളെ അഭയം പ്രാപിക്കാറുണ്ടെന്ന് അയാൾ ചൂണ്ടിക്കാട്ടി. “ധാരാളമായി പൂക്കളുണ്ടാവുന്ന കാലത്ത് ഞാൻ കമ്പോളത്തിൽ പല തവണ പോകും. രാവിലെയും ഉച്ചയ്ക്കും വൈകീട്ടും – ചാക്ക് നിറയെ പൂക്കളുമായി. എന്റെ ഉത്പന്നങ്ങൾ വിൽക്കാൻ എനിക്ക് വ്യാപാരികളുടെ സഹായം ആവശ്യമാണ്”, വായിക്കുക: തമിഴ് നാട്ടിൽ: മല്ലികപ്പൂവുകളുടെ പിന്നിലെ പോരാട്ടങ്ങൾ

അഞ്ചുവർഷം മുമ്പ് ഗണപതി രാമചന്ദ്രനിൽനിന്ന് ഏതാനും ലക്ഷം രൂപ വായ്പയെടുത്തു. പൂക്കൾ വിറ്റ് ആ ബാധ്യത തീർക്കുകയും ചെയ്തു. ഇത്തരം വിനിമയങ്ങളിൽ കമ്മീഷൻ അല്പം കൂടുതലാണ് 10 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി അത് ഉയരുന്നു.

Left: Jasmine farmer P. Ganapathy walks between the rows of his new jasmine plants.
PHOTO • M. Palani Kumar
Right: A farmer shows plants where pests have eaten through the leaves
PHOTO • M. Palani Kumar

ഇടത്ത്:മുല്ലപ്പൂ കൃഷിക്കാരൻ പി.ഗണപതി തന്റെ പുതിയ മുല്ലച്ചെടികളുടെ ഇടയിലൂടെ നടക്കുന്നു. വലത്ത്: കീടങ്ങൾ ഇലകൾ തിന്ന ചെടിയുടെ ഭാ‍ഗം ഒരു കർഷകൻ കാണിച്ചുകൊടുക്കുന്നു

ആരാണ് മുല്ലപ്പൂവിന്റെ വില നിശ്ചയിക്കുന്നത്? ആ ചോദ്യത്തിന് രാമചന്ദ്രൻ ഒരു വിശദീകരണം നൽകുന്നു. “ജനങ്ങളാണ് കമ്പോളമുണ്ടാക്കുന്നത്. ജനങ്ങളാണ് പണത്തെ ചലിപ്പിക്കുന്നത്. അത് വളരെ സജീവവുമാണ്”, അയാൾ പറയുന്നു. “വിലനിലവാരം, ചിലപ്പോൾ കിലോഗ്രാമിന് 500 രൂപയിൽനിന്ന് തുടങ്ങിയെന്നുവരാം. അത് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങളതിനെ 600-ലെത്തിക്കുന്നു. അതിനും ആവശ്യക്കാരുണ്ടെന്ന് കണ്ടാൽ, ഞങ്ങൾ 800 രൂപ പറയുന്നു”.

തന്റെ കുട്ടിക്കാലത്ത്, “100 പൂക്കൾക്ക് 2 അണ, 4 അണ, 8 അണയൊക്കെയായിരുന്നു” വില എന്ന് രാമചന്ദ്രൻ പറയുന്നു.

പൂക്കൾ കൊണ്ടുപോയിരുന്നത് കുതിരവണ്ടികളിലായിരുന്നു. പിന്നെ ദിണ്ടിഗൽ സ്റ്റേഷനിൽനിന്ന് രണ്ട് പാസഞ്ചർ വണ്ടികളിലും. “മുളകൊണ്ടും ഓലകൊണ്ടുമുണ്ടാക്കിയ വായുസഞ്ചാരമുള്ളതും പതുപതുത്തതുമായ കൊട്ടകളിലായിരുന്നു പൂക്കൾ കൊണ്ടുപോയിരുന്നത്. മുല്ലപ്പൂക്കൃഷി ചെയ്തിരുന്ന കർഷകർ വളരെ കുറവായിരുന്നു. സ്ത്രീക്കർഷകരും വളരെ വിരളമായിരുന്നു”.

‘പനീർപ്പൂവ്‘ എന്ന് അദ്ദേഹം വിളിക്കുന്ന ഒരുതരം പൂക്കളുടെ മാദകഗന്ധത്തെക്കുറിച്ച് ഗൃഹാതുരത്വത്തോടെ രാമചന്ദ്രൻ ഓർക്കുന്നു. “ഇപ്പോൾ ആ പൂക്കൾ നിങ്ങൾക്ക് കാണാനാവില്ല. ഓരോ പൂവിന്റെ ചുറ്റും നിരവധി തേനീച്ചകൾ പാറിനടക്കുന്നുണ്ടാവും. ചിലപ്പോൾ അവയുടെ കടിയും കിട്ടും.”, അദ്ദേഹത്തിന്റെ ശബ്ദത്തിൽ ദേഷ്യമില്ല. അത്ഭുതാദരം മാത്രം.

വിവിധ ക്ഷേത്രോത്സവങ്ങൾക്ക് താൻ സംഭാവന ചെയ്ത പൂക്കളുടെ ചിത്രങ്ങൾ, ഫോണിൽ പകർത്തിയത്, അതേ അത്ഭുതാദരത്തോടെ അദ്ദേഹം കാണിച്ചുതന്നു. രഥങ്ങളും പല്ലക്കുകളും ദൈവങ്ങളെയും അലങ്കരിക്കാൻ ഉപയോഗിച്ച പൂക്കൾ. മനോഹരമായിരുന്നു ആ ചിത്രങ്ങളോരോന്നും.

എന്നാൽ അദ്ദേഹം ഭൂതകാലത്തിൽ തങ്ങിനിൽക്കുന്നില്ല. ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. “കച്ചവടത്തെ നവീകരിക്കാനും ലാഭമുണ്ടാക്കാനും ഔപചാരികമായി വിദ്യാഭ്യാസം ലഭിച്ച പുതുതലമുറ ഈ രംഗത്തേക്ക് കടന്നുവരണം”.  എടുത്തുപറയാൻ രാമചന്ദ്രന് കൊളേജ്, സർവ്വകലാശാലാ ബിരുദങ്ങളൊന്നുമില്ല. ചെറുപ്പവുമല്ല അദ്ദേഹം. എന്നാലും ആ രണ്ട് ലക്ഷ്യങ്ങൾ നേടാനുള്ള അനുയോജ്യമായ ഉപദേശങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്.

*****

Ramachandran holds up (left) a freshly-made rose petal garland, the making of which is both intricate and expensive as he explains (right)
PHOTO • M. Palani Kumar
Ramachandran holds up (left) a freshly-made rose petal garland, the making of which is both intricate and expensive as he explains (right)
PHOTO • M. Palani Kumar

റോസാദളങ്ങൾകൊണ്ട് പുതുതായുണ്ടാക്കിയ മാല രാമചന്ദ്രൻ ഉയർത്തിക്കാണിക്കുന്നു (ഇടത്ത്). ചിലവേറിയതും സങ്കീർണ്ണവുമായ ഒന്നാണതെന്ന് അദ്ദേഹം വിശദീകരിക്കുന്നു (വലത്ത്)

പൂനാരുകളും മാലകളും സുഗന്ധദ്രവ്യങ്ങളുമൊക്കെ ഒറ്റനോട്ടത്തിൽ വലിയ വിപ്ലവകരമായ ആശയങ്ങളാണെന്ന് തോന്നില്ല. പക്ഷേ അവ ഒട്ടും അപ്രധാനങ്ങളല്ല. ഓരോ മാലയും സർഗ്ഗാത്മകമായും സമർത്ഥമായും നിർമ്മിച്ചവയാണ്, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും, ധരിക്കാനും, ആരാധിക്കാനും വളമാക്കാനും പറ്റുന്ന വിധത്തിൽ, നാട്ടിലെ പൂക്കളെ സൌന്ദര്യാത്മകമായി ചരടിൽ വിന്യസിക്കുന്ന ജോലിയാണത്.

തൊഴിലിനായി ദിവസവും ശിവഗംഗയിൽനിന്ന് മധുരയിലേക്ക് ബസ്സ്പിടിക്കുന്നു 38 വയസ്സുള്ള എസ്. ജെയരാജ്. പൂമാലയുണ്ടാക്കുന്ന കലയുടെ ‘ആദ്യാവസാനം’ അറിയാവുന്ന ആളാണ് അദ്ദേഹം. 16 വർഷമായി, മനോഹരമായ മാലകളുണ്ടാക്കുന്നു അദ്ദേഹം. ഏത് ഫോട്ടോയിലും കാണുന്ന രൂപമാതൃകകൾ തനിക്കുണ്ടാക്കാൻ പറ്റുമെന്ന് തെല്ലൊരഭിമാനത്തോടെ അദ്ദേഹം പറയുന്നു. തന്റെ തനതായ രൂപമാതൃകകൾക്ക് പുറമേയാണത്. റോസാദളങ്ങൾകൊണ്ടുള്ള ഒരു ജോഡി മാലകൾ ഉണ്ടാക്കിയാൽ 1,200-നും 1,500-നുമിടയിൽ രൂപ അദ്ദേഹത്തിന് ഉണ്ടാക്കാം. അദ്ധ്വാനത്തിന് മാ‍ത്രം. ലളിതമായ ഒരു മുല്ലപ്പൂമാലയാണെങ്കിൽ, 200- 250 രൂപവരെയും.

ഞങ്ങളുടെ സന്ദർശനത്തിന് രണ്ടുദിവസം മുൻപ്, മാലകെട്ടാനും ചരട് കെട്ടാനുമുള്ള ആളുകൾക്ക് വല്ലാത്ത ദൌർല്ലഭ്യം അനുഭവപ്പെട്ടുവെന്ന് രാമചന്ദ്രൻ പറയുന്നു. “നല്ല പരിശീലനം കിട്ടണം, അത് ചെയ്യാൻ. നല്ല പൈസയുമുണ്ടാക്കാം”, അയാൾ സൂചിപ്പിച്ചു. “ഒരു സ്ത്രീക്ക് വേണമെങ്കിൽ അല്പം പൈസ നിക്ഷേപിച്ച്, രണ്ട് കിലോഗ്രാം മുല്ലപ്പൂ വാങ്ങി, ചരടു കോർത്ത് മാലയുണ്ടാക്കിയാൽ 500 രൂപ ലാഭമുണ്ടാക്കാം”. ഇതിൽ അവരുടെ സമയവും അദ്ധ്വാനവും ഉൾപ്പെടും. ഒരു കിലോഗ്രാം മധുരൈ മല്ലികൊണ്ട് ഒരു ചരട് കോർത്താൽ 150 രൂപ കിട്ടും. ഒരു കിലോഗ്രാമിൽ ഏകദേശം 4,000 – 5,000 മൊട്ടുകളുണ്ടാവും. അതിനും പുറമേ, പൂക്കൾ 100-ന്റെ ചില്ലറ കൂനകളാക്കി കൊടുത്താൽ ചെറിയൊരു വരുമാനവുമുണ്ടാക്കാൻ കഴിയും.

ചരടിൽ മാല കോർക്കുന്നത് വേഗതയും വൈദഗ്ദ്ധ്യവും ആവശ്യമുള്ള തൊഴിലാണ്. രാമചന്ദ്രൻ ഞങ്ങൾക്ക് ഒരു സോദാഹരണ പ്രഭാഷണം നൽകി. വാഴനാര് ഇടതുകൈയ്യിൽ പിടിച്ച്, അയൾ വളരെ വേഗത്തിൽ വലതുകൈകൊണ്ട് മുല്ലമൊട്ടുകളെടുത്ത് അടുത്തടുത്തായി വെച്ച്, വാഴനാര് തിരിച്ച് അവയെ മുറുക്കിവെച്ചു. അടുത്ത വരിയിലും ഇതുതന്നെ ആവർത്തിച്ചപ്പോൾ ഒരു മുല്ലമാല ജനിച്ചു.

എന്തുകൊണ്ട് ഈ മാലയുണ്ടാക്കലും വാഴനാര് കോർക്കലും സർവ്വകലാശാലകളിൽ പഠിപ്പിച്ചുകൂടാ? അദ്ദേഹം ചോദിക്കുന്നു. “ഇതൊരു പ്രായോഗിക പഠനവും ഉപജീവനമാർഗ്ഗവുമാണ്. എനിക്കും പഠിപ്പിക്കാൻ പറ്റും. എനിക്കതിനുള്ള കഴിവുണ്ട്”.

The Thovalai flower market in Kanyakumari district functions under a big neem tree
PHOTO • M. Palani Kumar

കന്യാകുമാരിയിലെ തോവളൈ പൂമാർക്കറ്റ് ഒരു വലിയ ആര്യവേപ്പിന്റെ ചുവട്ടിലാണ് നടക്കുന്നത്

വാഴനാരിൽ പൂമൊട്ടുകൾ കെട്ടുന്നത് കന്യാകുമാരി ജില്ലയിലെ തോവളൈ പൂമാർക്കറ്റിൽ സജീവമായ ഒരു കുടിൽ‌വ്യവസായമാണെന്ന് രാമചന്ദ്രൻ സൂചിപ്പിച്ചു. “കെട്ടിയ മാലകൾ അവിടെനിന്ന് മറ്റ് പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും പ്രത്യേകിച്ച്, തിരുവനന്തപുരം, കൊല്ലം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോവുന്നു. എന്തുകൊണ്ട് ഈ മാതൃക മറ്റിടങ്ങളിൽ ചെയ്തുകൂടാ? കൂടുതൽ സ്ത്രീകളെ പരിശീലിപ്പിച്ചാൽ, അതൊരു നല്ല വരുമാന മാതൃകയാവും. മുല്ലകളുടെ നാട്ടിൽ ഇത് ആവശ്യമുള്ളതല്ലേ?”

പട്ടണത്തിന്റെ സാമ്പത്തികസ്ഥിതി മനസ്സിലാക്കാൻ. നാഗർകോവിലിൽനിന്ന് അധികം ദൂരെയല്ലാത്ത തോവളൈ പട്ടണം കുന്നുകളാലും പാടങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. കാറ്റാടിയന്ത്രങ്ങളിൽനിന്നുള്ള കാറ്റും പട്ടണത്തിൽ വീശുന്നുണ്ടാ‍യിരുന്നു. ഒരു വലിയ ആര്യവേപ്പ് മരത്തിന് താഴെയാണ് ചന്ത നടക്കുന്നത്. മുല്ലപൂക്കൾ കോർത്ത വാഴനാരുകൾ താമരയിലയിൽ പൊതിഞ്ഞ് വാഴയിലകൊണ്ടുള്ള കൊട്ടകളിൽ അടുക്കിവെക്കുന്നു. കന്യാകുമാരിയിൽനിന്നും, തമിഴ് നാട്ടിലെ തിരുനെൽ‌വേലി ജില്ലയിൽനിന്നുമാണ് ഇവിടേക്ക് മുല്ലപ്പൂക്കൾ എത്തുന്നതെന്ന് വ്യാപാരികൾ - എല്ലാവരും പുരുഷന്മാർ - സൂചിപ്പിച്ചു. ഫെബ്രുവരി ആദ്യം കിലോഗ്രാമിന് 1,000 രൂപയായിരുന്നു വില. എന്നാൽ ഇവിടുത്ത പ്രധാന വ്യവസായം സ്ത്രീകൾ കോർക്കുന്ന പൂമാലകളാണ്. പക്ഷേ മാർക്കറ്റിൽ അവരെ ആരെയും കാണാനുണ്ടായിരുന്നില്ല. ആളുകളൊക്കെ എവിടെ എന്ന് ചോദിച്ചപ്പോൾ, പിന്നിലുള്ള തെരുവിലേക്ക് ചൂണ്ടിക്കൊണ്ട് പുരുഷന്മാർ പറഞ്ഞു, “അവിടെ, അവരൊക്കെ വീട്ടിലാണ്”.

അവിടെവെച്ചാണ്, മുല്ലപ്പൂക്കളെടുത്ത് (പിച്ചി അഥവാ ജാതിമല്ലി എന്ന ഒരിനം) വളരെ വേഗത്തിൽ ചരടിൽ കോർക്കുന്ന 80 വയസ്സുള്ള ആർ. മീനയെ ഞങ്ങൾ കണ്ടത്. അവർ കണ്ണട ഉപയോഗിച്ചിരുന്നില്ല. എന്റെ അത്ഭുതത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ അവർ കുറേനേരം ചിരിച്ചു. “എനിക്ക് പൂക്കളെ അറിയാം. എന്നാൽ ആളുകളെ, അവർ അടുത്തെത്താതെ എനിക്ക് കാണാനാവില്ല” പരിചയവും ജന്മവാസനയും ഉപയോഗിച്ചായിരുന്നു അവരുടെ വിരലുകൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.

എന്നാൽ അവരുടെ വൈദഗ്ദ്ധ്യത്തിനനുസൃതമായ പ്രതിഫലം അവർക്ക് കിട്ടുന്നില്ല. 200 ഗ്രാം പിച്ചി ചരടിൽ കോർക്കുന്നതിന് 30 രൂപയാണ് അവർക്ക് കിട്ടുന്നത്. അതായത്, ഏകദേശം 2,000 മൊട്ടുകളുണ്ടാവും അതിൽ. അത് തീർക്കാൻ ഒരു മണിക്കൂർ വേണം‌താനും. ഒരു കിലോഗ്രാം മധുരൈ മല്ലി (4,000 മുതൽ 5,000 മൊട്ടുകൾവരെ) ചരടിൽ കോർത്താൽ അവർക്ക് 75 രൂപ കിട്ടും. അവർ മധുരയിലാണ് ജോലി ചെയ്തിരുന്നതെങ്കിൽ, അതിന്റെ രണ്ടിരട്ടി അവർക്ക് കിട്ടുമായിരുന്നു. നല്ലൊരു ദിവസമാണെങ്കിൽ, തോവളൈയിൽ അവർക്ക് 100 രൂപ സമ്പാദിക്കാൻ കഴിയും. മുല്ലപ്പൂമാല ഒരു പന്തുപോലെ മനോഹരവും മൃദുലവുമായി ചുരുട്ടിയെടുത്തുകൊണ്ട് അവർ വിശദീകരിച്ചു.

എന്നാ‍ൽ മാലകൾക്കാകട്ടെ (ഹാരങ്ങൾ) നല്ല മുന്തിയ വിലയും കിട്ടുന്നു. പുരുഷന്മാരാണ് പലപ്പോഴും അതിന്റെ ഗുണഭോക്താക്കൾ.

Seated in her house (left) behind Thovalai market, expert stringer Meena threads (right) jasmine buds of the jathi malli variety. Now 80, she has been doing this job for decades and earns a paltry sum for her skills
PHOTO • M. Palani Kumar
Seated in her house (left) behind Thovalai market, expert stringer Meena threads (right) jasmine buds of the jathi malli variety. Now 80, she has been doing this job for decades and earns a paltry sum for her skills
PHOTO • M. Palani Kumar

തോവളൈ മാർക്കറ്റിന്റെ പിന്നിലുള്ള തന്റെ വീട്ടിലിരുന്ന് (ഇടത്ത്) മാലനിർമ്മാണ വിദഗ്ദ്ധ മീന ജാതിമല്ലിയിനത്തിന്റെ മൊട്ടുകൾ ചരടിൽ കോർക്കുന്നു. ഇപ്പോൾ 80 വയസ്സുള്ള ഇവർ പതിറ്റാണ്ടുകളായി ഈ തൊഴിലിലാണെങ്കിലും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്

മധുരൈ മേഖലയിൽ ദിവസവും, 1,000 കിലോഗ്രാം മുല്ലപ്പൂക്കളെങ്കിലും മാലകളായും ചരടിൽ കോർത്തും വിറ്റുപോവുന്നുണ്ടെന്ന് രാമചന്ദ്ര കണക്കാക്കുന്നു. എന്നാൽ ഇന്ന് നിരവധി പോരായ്മകളുണ്ട്. പൂക്കൾ പെട്ടെന്ന് കോർക്കണം, ഇല്ലെങ്കിൽ ഉച്ചച്ചൂടിൽ മൊട്ടുകൾ വിടർന്നുപ്പോകുമെന്ന് അദ്ദേഹം പറയുന്നു. അപ്പോൾ അതിന്റെ വില കുറയും. “എന്തുകൊണ്ട് സ്ത്രീകൾക്ക് സിപ്‌കോട്ടിൽ (സ്റ്റേറ്റ് ഇൻഡസ്ട്രീസ് പ്രൊമോഷൻ കോർപ്പറേഷൻ ഓഫ് തമിഴ് നാട്) കുറച്ച് സ്ഥലം കൊടുത്തുകൂടാ? അത് എയർകണ്ടീഷൻ ചെയ്താൽ പൂക്കൾ പുത്തനായിത്തന്നെ ഇരിക്കും. സ്ത്രീകൾക്ക് വേഗത്തിൽ മാല കൊരുക്കാനുമാവും, അല്ലെ? വേഗത വളരെ പ്രധാനമാണ്, കാരണം, വിദേശത്തേക്കയക്കുമ്പോൾ അവ മൊട്ടുകളായിത്തന്നെ അവിടെ എത്തണം.

“ഞാൻ മുല്ലപ്പൂ കാനഡയിലേക്കും ദുബായിലേക്കുമൊക്കെ അയച്ചിട്ടുണ്ട്. കാനഡയിലെത്താൻ 36 മണിക്കൂറെടുക്കും. അവ പുതുതായിത്തന്നെ ഇരിക്കണം, വേണ്ടേ?”

ഈ സംഭാഷണം അദ്ദേഹത്തെ പൂക്കളുടെ ഗതാഗതപ്രശ്നത്തിലേക്ക് കൊണ്ടുപോയി. സുഗമമായ ഒരു പ്രവർത്തനമല്ല അത്. പൂക്കൾ ഇറക്കുകയും വിമാനങ്ങളിൽ കൊണ്ടുപോകുന്നതിനുമുൻപ്, ദൂരസ്ഥലങ്ങളിലേക്ക് - കൊച്ചി, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയയിടങ്ങളിലേക്ക് – എത്തിക്കുകയും വേണം. മുല്ലപ്പൂക്കളുടെ ഒരു കയറ്റുമതികേന്ദ്രമായി മധുരൈ മാറണമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

അദ്ദേഹത്തിന്റെ മകൻ പ്രസന്നയും സംഭാഷണത്തിൽ ചേരുന്നു. “നമുക്ക് ഒരു കയറ്റുമതി ഇടനാഴിയും മാർഗ്ഗരേഖയും വെണം. കർഷകർക്ക് വിറ്റഴിക്കാനുള്ള സഹായം കിട്ടണം. മാത്രമല്ല, കയറ്റുമതിക്കായി പൂക്കൾ പാക്ക് ചെയ്യാനുള്ള ആളുകളും അത്യാവശ്യത്തിനില്ല. നമുക്ക് തോവളയിലേക്കോ, കന്യാകുമാരിയിലേക്കോ ചെന്നൈയിലേക്ക് പോകേണ്ടിവരുന്നു. ഓരോ രാജ്യത്തിനും അതിന്റേതായ സർട്ടിഫിക്കേഷനും നിയമങ്ങളുമുണ്ട്. ഇക്കാര്യങ്ങളിൽ കർഷകർക്ക് ഒരു മാർഗ്ഗനിർദ്ദേശം കിട്ടുന്നത് നന്നായിരിക്കും”, അയാൾ സൂചിപ്പിച്ചു.

മാത്രമല്ല, മധുരൈ മല്ലിക്ക് 2013 മുതൽക്ക് ഭൌമസൂചികാപദവി (ജി.ഐ.ടാഗ്) ഉണ്ട്. എന്നാൽ ഇത്, പ്രാഥമിക ഉത്പാദകർക്കോ വ്യാപാരികൾക്കോ ഗുണകരമാവുന്നില്ലെന്ന് പ്രസന്ന സൂചിപ്പിച്ചു.

“മധുരൈ മല്ലി എന്ന പേരിൽ മറ്റ് പ്രദേശങ്ങളിൽനിന്ന് മുല്ലപ്പൂക്കൾ വരുന്നതിനെക്കുറിച്ച് ഞാനൊരു നിവേദനം നൽകിയിട്ടുണ്ട്”.

Left: The jasmine flowers being packed in palm leaf baskets in Thovalai.
PHOTO • M. Palani Kumar
Right: Varieties of jasmine are packed in lotus leaves which are abundant in Kanyakumari district. The leaves cushion the flowers and keep them fresh
PHOTO • M. Palani Kumar

ഇടത്ത്: തോവളൈയിൽ, മുല്ലപ്പൂക്കൾ ഓലക്കൊട്ടയിൽ പാ‍ക്ക് ചെയ്യുന്നു. വലത്ത്: കന്യാകുമാരി ജില്ലയിൽ സുലഭമായി കിട്ടുന്ന താമരയിലകളിൽ മുല്ലപ്പൂക്കളുടെ വിവിധ ഇനങ്ങൾ പാക്ക് ചെയ്യുന്നു. താമരയിലകൾ, പൂക്കളെ കേടുപാടുകളില്ലാതെയും പുത്തനായും ഇരിക്കാൻ സഹായിക്കുന്നു

എല്ലാ കർഷകരും വ്യാപാരികളും സൂചിപ്പിക്കുന്ന കാര്യം ആവർത്തിച്ച് രാ‍മചന്ദ്രൻ സംസാരം അവസാനിപ്പിച്ചു. മധുരൈക്ക് ഒരു സുഗന്ധദ്രവ്യ ഫാക്ടറി വേണമെന്ന കാര്യം. സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കണം അതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ മുല്ലപ്പൂ രാജ്യത്തെ എന്റെ യാത്രയ്ക്കിടയിൽ നിരവധി തവണ ഞാനിത് കേട്ടതാണ്. പൂക്കളിൽനിന്ന് സുഗന്ധദ്രവ്യം ഊറ്റിയെടുത്താൽ എല്ലാ പ്രശ്നവും തീരുമെന്ന് തോന്നും അത് കേൾക്കുമ്പോൾ. എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന ഒറ്റമൂലിയാവാൻ അതിന് സാധിക്കുമോ?

ആദ്യമായി രാമചന്ദ്രനുമായി സംസാരിച്ചതിനുശേഷം, 2022-ൽ അദ്ദേഹം അമേരിക്കയിൽ പോയി. ഇപ്പോൾ മകളോടൊത്ത് അവിടെ സ്ഥിരതാമസമാണ്. എന്നാൽ മുല്ലപ്പൂക്കളിലുള്ള പിടി അദ്ദേഹം തരിമ്പുപോലും വിട്ടിട്ടില്ല. അദ്ദേഹത്തിന് പൂക്കൾ നൽകുന്ന കർഷകരും തൊഴിലാളികളും പറയുന്നത് അദ്ദേഹം കയറ്റുമതിയെ സഹായിക്കുന്ന പ്രവൃത്തിയിലാണെന്നാണ്. അതിനുപുറമേ, അവിടെയിരുന്ന് നാട്ടിലെ തന്റെ കച്ചവടവും കമ്പോളവും ശ്രദ്ധിക്കുകയും ചെയ്യുന്നു.

*****

ഒരു സ്ഥാപനമെന്ന നിലയ്ക്ക് കമ്പോളങ്ങൾ നൂറ്റാണ്ടുകളായി വ്യാ‍പാരവിനിമയം എന്ന ഒരു വിശേഷദൌത്യം നിർവ്വഹിക്കുന്നുണ്ടെന്ന് രഘുനാഥ് നാഗേശ്വരൻ പറയുന്നു. സ്വതന്ത്ര ഇന്ത്യയിലെ സാമ്പത്തിക നയരൂപീകരണത്തിന്റെ ചരിത്രത്തെക്കുറിച്ച് ജനീവ ഗ്രാജുവേറ്റ് ഇൻസ്റ്റിട്യൂറ്റിൽ ഗവേഷണം നടത്തുകയാണ് അദ്ദേഹം. “എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിലും അതിനോടടുത്ത കാലത്തുമായി, അതിനെ (കമ്പോളത്തെ) ഒരു നിഷ്പക്ഷവും സ്വയം നിയന്ത്രിക്കുന്ന സ്ഥാപനവുമായി ഉയർത്തിക്കാട്ടുന്നുണ്ട്. സത്യത്തിൽ അതിനെ മഹത്ത്വവത്കരിക്കുകയാണ് ചെയ്യുന്നത്.

“ഇത്ര സ്വാധീനമുള്ള ഒരു സ്ഥാപനത്തെ സ്വതന്ത്രമായി വിടണമെന്ന ആശയത്തിന് ഇപ്പോൾ സ്വീകാര്യത വന്നുകഴിഞ്ഞിരിക്കുന്നു. മാത്രമല്ല, കമ്പോളമുണ്ടാക്കുന്ന ഏതെങ്കിലും കുഴപ്പങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുന്നതും പതിവായിരിക്കുന്നു. കമ്പോളത്തിന്റെ ഇത്തരം പ്രതിനിധാനം ചരിത്രപരമായി തെറ്റാണ്”.

“വിവിധ അഭിനേതാക്കൾ വിവിധ തലത്തിലുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്ന സ്വതന്ത്ര കമ്പോള“ത്തെക്കുറിച്ച് രഘുനാഥ് വിശദീകരിക്കുന്നു. അതായത്, കമ്പോളവിനിമയങ്ങളിൽ നിങ്ങൾ സജീവമായി പങ്കെടുക്കുന്നതിനെക്കുറിച്ച്. “നിങ്ങൾ പറയുന്ന ആ അദൃശ്യകരങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കമ്പോളത്തിന്റെ അധികാരം പ്രകടമാവുന്ന ദൃശ്യമായ മുഷ്ടികളും നിലനിൽക്കുന്നു. “കമ്പോളത്തിന്റെ പ്രവർത്തനത്തിൽ വ്യാപാരികൾക്ക് കേന്ദ്രസ്ഥാനമുണ്ടെങ്കിലും, വിലപ്പെട്ട വിവരങ്ങളുടെ സൂക്ഷിപ്പുകാരെന്ന നിലയ്ക്കാണ് അവർക്ക് ആ കേന്ദ്രസ്ഥാനം ലഭിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്”.

“അറിവിന്റെ അസമത്വമെന്നത്, അധികാരത്തിന്റെ വലിയ സ്രോതസ്സാണെന്ന് മനസ്സിലാക്കാൻ” അക്കാദമിക പേപ്പറുകളൊന്നും വായിക്കണമെന്നില്ലെന്ന് രഘുനാഥ് പറയുന്നു. അയാൾ തുടരുന്നു. “അറിവ് പ്രാപ്യമാവുന്നതിൽ നിലനിൽക്കുന്ന ആ അസമത്വം, ജാതി, വർഗ്ഗം, ലിംഗം തുടങ്ങിയ വിവിധ ഘടകങ്ങളുടെ പ്രവർത്തനഫലമായാണ് ഉണ്ടാവുന്നത്. ഭൌതികവസ്തുക്കൾ കൃഷിയിടത്തിൽനിന്നും ഫാക്ടറികളിൽനിന്നും വാങ്ങുമ്പോൾ നമുക്കത് നേരിട്ട് മനസ്സിലാവും. സ്മാർട്ട്ഫോണിൽ ആപ്പുകൾ ഡൌൺലോഡ് ചെയ്യുമ്പോഴും, വൈദ്യസേവനം വാങ്ങുമ്പോഴുമൊക്കെ അത് മനസ്സിലാവും. അല്ലേ?”

Left: An early morning at the flower market, when it was functioning behind the Mattuthavani bus-stand in September 2021, due to covid restrictions.
PHOTO • M. Palani Kumar
Right: Heaps of jasmine buds during the brisk morning trade. Rates are higher when the first batch comes in and drops over the course of the day
PHOTO • M. Palani Kumar

ഇടത്ത്: കോവിഡ് നിയന്ത്രണങ്ങൾമൂലം, മട്ടുതാവണി ബസ് സ്റ്റാൻഡിന്റെ പിന്നിൽനിന്ന് പ്രവർത്തിച്ചിരുന്ന പൂമാർക്കറ്റിലെ, 2021 സെപ്റ്റംബറിലെ ഒരു പ്രഭാതം. വലത്ത്: രാവിലത്തെ കച്ചവടത്തിൽ കുന്നുകൂടിയിട്ടിരിക്കുന്ന മുല്ലമൊട്ടുകളുടെ കൂമ്പാരം. ആദ്യത്തെ ബാച്ച് വരുമ്പോൾ വില വർദ്ധിക്കുകയും, ദിവസത്തിന്റെ അവസാനത്തോടെ കുറയുകയും ചെയ്യുന്നു

Left: Jasmine in an iron scale waiting to be sold.
PHOTO • M. Palani Kumar
Right: A worker measures and cuts banana fibre that is used to make garlands. The thin strips are no longer used to string flowers
PHOTO • M. Palani Kumar

ഇടത്ത്: വിൽക്കാനായി ഇരുമ്പ് തുലാസ്സിൽ വെച്ചിരിക്കുന്ന മുല്ലപ്പൂക്കൾ. വലത്ത്: നാരുകളുണ്ടാക്കാനായി വാഴകൾ അളന്ന് മുറിക്കുന്ന ഒരു തൊഴിലാളി. വീതി നന്നേ കുറഞ്ഞ നാരുകൾ ഇപ്പോൾ പൂക്കൾ കെട്ടാൻ ഉപയോഗിക്കുന്നില്ല

“ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും ഉത്പാദകരും കമ്പോളാധികാരം ചെലുത്തുന്നുണ്ട്. കാരണം അവരാണ് അവരുടെ ഉത്പന്നത്തിന്റെ വില നിശ്ചയിക്കുന്നത്. എന്നാൽ, കാലവർഷവും കമ്പോളവും മൂലമുള്ള നഷ്ടസാധ്യതകൾ നേരിടുന്ന ഉത്പാദകർക്കും അവരുടെ ഉത്പന്നങ്ങളിൽ വലിയ നിയന്ത്രണമൊന്നുമില്ല. കാർഷികോത്പന്നങ്ങളുടെ ഉത്പാദകർ, അഥവാ, കർഷകരെക്കുറിച്ചാണ് നമ്മൾ സൂചിപ്പിച്ചത്.

“മാത്രമല്ല, പല തരത്തിലുള്ള കർഷകരുണ്ട്. അതിനാൽ നമ്മൾ വിശദാംശങ്ങളിൽ ശ്രദ്ധ ചെലുത്തണം. പശ്ചാത്തലത്തിലും. ഈ മുല്ലപ്പൂ കഥയിൽനിന്നുതന്നെ നമുക്ക് ഉദാഹരണങ്ങളെടുക്കാം. സുഗന്ധദ്രവ്യങ്ങളുടെ കാര്യത്തിൽ സർക്കാർ പ്രത്യക്ഷമായി ഇടപെടണോ? അതോ, വിപണന സൌകര്യങ്ങളുണ്ടാക്കുകയും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് ഒരു കയറ്റുമതി കേന്ദ്രമുണ്ടാക്കുകയും ചെയ്തുകൊണ്ട് ചെറിയ കച്ചവടക്കാർക്കും ഒരു ഇടം കണ്ടെത്തുകയാണോ വേണ്ടത്?

*****

വിലകൂടിയ പൂവാണ് മുല്ല. സുഗന്ധമുള്ള വസ്തുക്കൾ - മൊട്ടുകളും പൂവുകളും, വേരുകളും ഔഷധസസ്യങ്ങളും തൈലങ്ങളുമൊക്കെ - ചരിത്രപരമായിത്തന്നെ, വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ആരാധനയ്ക്കായി പ്രാർത്ഥനയിലും, രുചി കൂട്ടാൻ അടുക്കളയിലും, കാമോദ്ദീപനത്തിന് കിടപ്പറയിലും മറ്റും. ചന്ദനം, കർപ്പൂരം, ഏലം, കുങ്കുമം, പനിനീർ, മുല്ല എന്നിവ നമുക്ക് പരിചിതവും ജനപ്രീതിയുള്ളതുമായ പരിമളങ്ങളിൽ ചിലതുമാത്രമാണ്. സാധാരണയായി ഉപയോഗിക്കുന്നതും സുലഭവുമായതിനാൽ അവ എന്തെങ്കിലും വൈശിഷ്ട്യമുള്ളവയായി നമുക്ക് തോന്നുന്നില്ലെന്നുമാ‍ത്രം. എന്നാൽ സുഗന്ധദ്രവ്യ വ്യവസായം നമുക്ക് പറഞ്ഞുതരുന്നത് മറ്റൊന്നാണ്.

സുഗന്ധദ്രവ്യ വ്യവസായത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിദ്യാഭ്യാസം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു.

ആദ്യഘട്ടം, ‘ഘനീഭവിപ്പിക്ക‘ലാണ്. ഒരു ഭക്ഷ്യലായകമുപപയോഗിച്ച് പൂക്കളുടെ സത്ത് ഊറ്റിയെടുക്കൽ. തത്ഫലമായി കിട്ടുന്ന സാധനം അർദ്ധദ്രാവക- മെഴുകുപരുവത്തിലുള്ളതുമായിരിക്കും. മെഴുക് പൂർണ്ണമായി മാറ്റിയാൽ, അത് കലർപ്പില്ലാത്ത ദ്രാവകമായി മാറും. ചേരുവയുടെ ഏറ്റവും ഉപയോക്തസൌഹൃദ രൂപമാണ് അത്. ആൾക്കഹോളിൽ പെട്ടെന്ന് അലിയുന്നത്.

കലർപ്പില്ലാത്ത (ആബ്സൊല്യൂട്ട്) ഒരു കിലോഗ്രാം മുല്ല ഏകദേശം 3,26,000 രൂപയ്ക്കാണ് വിറ്റഴിക്കപ്പെടുന്നത്.

Jathi malli strung together in a bundle
PHOTO • M. Palani Kumar

ജാതിമല്ലിപ്പൂക്കൾ ഒരുമിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നു

ജാസ്മിൻ സി.എ. പ്രൈവറ്റ് ലിമിറ്റഡിന്റെ (ജെ.സി.ഇ.പി.എൽ) ഡയറക്ടറാണ് രാജാ പളനിസ്വാമി. ലോകത്ത്, ജാസ്മിൻ സംബാക്കടക്കമുള്ള പൂക്കളുടെ കലർപ്പില്ലാത്തതും ഘനീഭവിച്ചതുമായ സത്ത ഊറ്റിയെടുക്കുന്ന ഒരേയൊരു ഭീമൻ നിർമ്മാതാവാണ്. ഒരു കിലോഗ്രാം കലർപ്പില്ലാത്ത ജാസ്മിൻ സംബാക്ക് കിട്ടാൻ ഒരു ടൺ ഗുണ്ടുമല്ലി ആവശ്യമാണെന്ന് അദ്ദേഹം വിശദമാക്കുന്നു. ചെന്നൈയിലെ തന്റെ ഓഫീസിലിരുന്ന് അദ്ദേഹം ആഗോള സുഗന്ധദ്രവ്യ വ്യവസായത്തെക്കുറിച്ച് ഒരു ഉൾക്കാഴ്ച എനിക്ക് തന്നു.

ആദ്യമായി അദ്ദേഹം സൂചിപ്പിച്ചത്, “ഞങ്ങൾ പെർഫ്യൂംസ് ഉണ്ടാക്കുന്നില്ല” എന്നാണ്. “ഞങ്ങൾ സ്വാഭാവിക ചേരുവകൾ മാത്രമാണുണ്ടാക്കുന്നത്. പെർഫ്യൂം അഥവാ സുഗന്ധദ്രവ്യമുണ്ടാക്കാൻ ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നുമാത്രമാണത്”.

അവർ ചെയ്യുന്ന പ്രക്രിയയിൽ ഉൾപ്പെടുന്ന നാലുതരം മുല്ലകളിൽ രണ്ടെണ്ണമാണ് പ്രധാനം. ജാസ്മിൻ ഗ്രാൻഡിഫ്ലോറവും (ജാതിമല്ലി) ജാസ്മിൻ സംബാക്കും (ഗുണ്ടുമല്ലി). കലർപ്പില്ലാത്ത ജാതിമല്ലിയുടെ ഏകദേശ വില ഒരു കിലോഗ്രാമിന് 3,000 അമേരിക്കൻ ഡോളറാണ്. ഗുണ്ടുമല്ലിയുടേതിന് കിലോഗ്രാമിന് 4,000-വും.

“ഘനീഭവിപ്പിച്ചതും കലർപ്പില്ലാത്തതുമായ ഇനങ്ങളുടെ വിലകൾ പൂക്കളുടെ വിലയെ മാത്രം ആശ്രയിച്ചാണ് നിൽക്കുന്നത്. ചരിത്രപരമായി, പൂക്കളുടെ വില എപ്പോഴും മുകളിലേക്കുതന്നെയാണ്. ഓരോ വർഷവും ഏറ്റക്കുറച്ചിലുണ്ടാവുമെങ്കിലും, ദീർഘകാലത്തേക്ക് നോക്കിയാൽ, വില മുകളിലേക്ക് മാത്രമേ പോയിട്ടുള്ളു”, രാജ പളനിസ്വാമി പറയുന്നു. അദ്ദേഹത്തിന്റെ കമ്പനി, 1,000-ത്തിനും 1,200-നുമിടയിൽ ടൺ മധുരൈ മല്ലി (ഗുണ്ടുമല്ലി എന്നും പറയുന്നു) മാറ്റിയെടുത്തിട്ടുണ്ട്. അതായത്, 1 ടണ്ണിനും 1.2 ടണ്ണിനുമിടയ്ക്ക് കലർപ്പില്ലാത്ത ജാസ്മിൻ സംബാക്ക്. 3.5 ടൺ കലർപ്പില്ലാത്ത ജാസ്മിൻ സംബാക്കിന്റെ ആവശ്യം ആഗോളമായി നിലനിൽക്കുന്നു. ഇന്ത്യയുടെ മൊത്തം സുഗന്ധദ്രവ്യ വ്യവസായം – തമിഴ് നാട്ടിലുള്ള രാജയുടെ രണ്ട് ഫാക്ടറികളും ഏതാനും മറ്റ് ഉത്പാദകരും അടക്കം – സംബാക്ക് പൂ ഉത്പാദനത്തിന്റെ 5 ശതമാനത്തിൽത്താഴെയാണ് ഉപയോഗിക്കുന്നത്.

ഓരോ കർഷകനും ഓരോ ഏജന്റും ‘സെന്റ് ഫ്കാടറികളെ”ക്കുറിച്ചും, അവ വ്യവസായത്തിൽ എത്ര പ്രധാനമാണെന്നതിനെക്കുറിച്ചും സംസാരിക്കുന്നത് നോക്കുമ്പോൾ ഈ കണക്ക് അത്ഭുതകരമായി തോന്നിയേക്കാം. എന്നാൽ രാജ പുഞ്ചിരിക്കുന്നു. “ഒരു വ്യവസായമെന്ന നിലയ്ക്ക് ഞങ്ങൾ വളരെ കുറച്ച് പൂക്കൾ മാതമേ ഉപയോഗിക്കുന്നുള്ളു. എന്നാൽ കർഷകർക്ക് നല്ല ലാഭം കിട്ടുന്നതിനായി ഒരു മിനിമം വില നിലനിർത്തുന്നതിൽ ഞങ്ങൾ വലിയ പങ്ക് വഹിക്കുന്നു. വർഷം മുഴുവൻ ഉയർന്ന വിലയ്ക്ക് വിൽക്കാൻ കർഷകർക്കും വ്യാപാരികൾക്കും ഇഷ്ടമായിരിക്കും. ഇതൊരു ആകർഷകമായ വ്യവസായമാണെന്ന് അറിയാമല്ലോ – സൌന്ദര്യവും സുഗന്ധവും. വലിയ ലാഭമുണ്ടെന്നാണ് എല്ലാവരും ചിന്തിക്കുന്നത്, എന്നാലിത് ഒരു ഉത്പന്നാധിഷ്ഠിത മാർക്കറ്റ് മാത്രമാണ്”

Pearly white jasmine buds on their way to other states from Thovalai market in Kanyakumari district
PHOTO • M. Palani Kumar

മുത്തുകൾപോലെയുള്ള വെളുത്ത മുല്ലമൊട്ടുകൾ കന്യാകുമാരി ജില്ലയിലെ തോവളൈ കമ്പോളത്തിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നു

പലയിടങ്ങളിലേക്ക് പോവുന്ന സംഭാഷണമാണിത്. ഇന്ത്യയിൽനിന്ന് ഫ്രാൻസിലേക്കും, മധുരൈ ജില്ലയിലെ മുല്ലച്ചന്തയിൽനിന്ന് അദ്ദേഹത്തിന്റെ ഉപഭോക്താക്കളിലേക്കും – ലോകത്തെ ഏറ്റവും ആഢ്യരായ പെർഫ്യൂം സ്ഥാപനങ്ങളിലേക്കും - ഡിയോർ, ഗർലഹ്ൻ, ലഷ്, ബുൾഗാരി- എത്തുന്ന സംഭാഷണം. പരസ്പരം വളരെ അകന്നുനിൽക്കുന്നതും എന്നാൽ എങ്ങിനെയൊക്കെയോ ബന്ധപ്പെട്ടതുമായ രണ്ട് ലോകങ്ങളെക്കുറിച്ച് ഞാൻ അല്പം പഠിച്ചു.

പെർഫ്യൂമുകളുടെ ആഗോളതലസ്ഥാനം ഫ്രാൻസാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അത് ഇന്ത്യയിൽനിന്ന് മുല്ല സത്തകൾ വാങ്ങുന്നു. ജാസ്മിനം ഗ്രാൻഡിഫ്ലോറം അഥവാ ജാതിമല്ലി അന്വേഷിച്ചാണ് അവർ വരുന്നതെന്ന് രാജ വിവരിക്കുന്നു. “മാത്രമല്ല, ഇവിടെ, ഇവിടെ അവർ വിവിധ പൂക്കളുടേയും അവയ്ക്കുള്ളിലെ വിവിധ ഇനങ്ങളുടേയും ഒരു നിധി കണ്ടെത്തി”.

1999-ൽ ഡിയോറിൽനിന്ന് ഫ്രഞ്ച് പെർഫ്യൂമായ ഷദോർ പുറത്തിറങ്ങിയതാണ് വഴിത്തിരിവായത്. അവരുടെ വെബ്സൈറ്റിൽ കമ്പനി പറയുന്നത്, “ഈ സുഗന്ധദ്രവ്യം, ഇന്ന് എവിടെയുമില്ലാത്ത, ഒരു മാതൃകാപുഷ്പത്തെ കണ്ടെത്തി” എന്നാണ്. ഈ മാതൃകാപുഷ്പത്തിൽ, “അതിവേഗം പ്രവണതയായി മാറിയ” “നവവും ഹരിതമയവുമായ ശ്രുതി‘ ഉൾച്ചേർന്ന ഇന്ത്യയുടെ ജാസ്മിൻ സംബാക്കും ഉൾപ്പെടുന്നു. അങ്ങിനെ മധുരൈ മല്ലി, അഥവാ ഡിയോർ അതിനെ വിളിക്കുന്നതുപോലെ “ഒപ്പുലന്റ് (ഐശ്വര്യമുള്ള) ജാസ്മിൻ സംബാക്ക്”- ഫ്രാൻസിലേക്കും അതിനപ്പുറത്തേക്കും സ്വർണ്ണവളയങ്ങളുള്ള ചെറിയ സ്ഫടികക്കുപ്പികളിൽ യാത്ര ചെയ്തു

എന്നാൽ അതിനുമുമ്പേ, മധുരൈയുടെ ചുറ്റിനുമുള്ള പൂമാർക്കറ്റുകളിൽനിന്ന് ആ പൂക്കളെ കൊണ്ടുപോയിരുന്നു. എല്ലാ ദിവസവുമല്ല. വർഷത്തിൽ മിക്കപ്പോഴും ജാസ്മിൻ സംബാക്കിന്റെ വില വളരെ ഉയർന്നുതന്നെ നിന്നിരുന്നു. അതിൽനിന്നുള്ള സത്ത് ഊറ്റിയെടുക്കാൻ പറ്റാത്ത വിധത്തിൽ.

“ഈ പൂമാ‍ർക്കറ്റുകളുടെ ആവശ്യങ്ങളേയും വിതരണത്തേയും സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളെക്കുറിച്ചും നമുക്ക് വ്യക്തമായ ധാരണ ആവശ്യമാണ്” എന്ന് രാജ പറയുന്നു. “കമ്പോളങ്ങളിൽ നമുക്കൊരു പർച്ചേസറും കോർഡിനേറ്ററുമുണ്ടായിരിക്കും. അവർ വിലകൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കും. വ്യാപാരത്തിന് അനുയോജ്യമായ ഒരു വില നമുക്കുണ്ട്. ആ വില നിശ്ചയിച്ച് കാത്തിരിക്കും. ഉദാഹരണത്തിന്, 120 രൂപ എന്ന് വെക്കാം. ഈ വിലയിൽ ഞങ്ങൾക്ക് ഒരു പങ്കുമില്ല”. കമ്പോളമാണ് വില നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

“നമ്മൾ കമ്പോളത്തെ നിരീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യും. ഈ അളവിൽ ഉത്പന്നം വാങ്ങുന്നതിൽ ഞങ്ങൾക്ക് 15 വർഷത്തിലേറെ അനുഭവപരിചയമുണ്ട് – കമ്പനി തുടങ്ങിയത് 1991-ലാണ് – സീസണിലെ വില ഞങ്ങൾക്ക് മനസ്സിലാവും. വലിയൊരു ഒഴുക്കുണ്ടാവുമ്പോൾ ഞങ്ങൾക്ക് തീർച്ചയായും പൂക്കൾ ആവശ്യമായിവരും. ആ സമയത്ത് വാങ്ങലും ഉത്പാദനവും പരമാവധിയാക്കാൻ ഞങ്ങൾ ശ്രമിക്കും”.

Brisk trade at the Mattuthavani flower market in Madurai
PHOTO • M. Palani Kumar

മധുരൈയിലെ മട്ടുതാവണി പൂമാർക്കറ്റിൽ തിരക്കുപിടിച്ച വ്യാപാരം

ഈ മാതൃക കാരണമാണ് അവയുടെ ശേഷി ഉപയോഗിക്കുന്നതിൽ വ്യത്യാസം വരുന്നതെന്ന് രാജ ചൂണ്ടിക്കാട്ടി. “എല്ലാ ദിവസവും നിങ്ങൾക്ക് ഒരേ ഗുണനിലവാരമുള്ള പൂക്കൾ കിട്ടില്ല. ഇരുമ്പിന്റെ അയിര് നിരനിരയായി കിടക്കുകയും വർഷം മുഴുവൻ നിങ്ങളുടെ യന്ത്രം ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നതുപോലെയല്ല ഇത്. ഇവിടെ ഞങ്ങൾ പൂക്കൾക്കുവേണ്ടി കാത്തിരിക്കുന്നു. ആ സ്വതന്ത്രമായ ഒഴുക്കിനെ ഉപയോഗിക്കാൻ പാകത്തിലാണ് ഞങ്ങളുടെ ശേഷി വലിയ രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്”.

അതുണ്ടാവുക, വർഷത്തിൽ 20 – 25 ദിവസങ്ങളിലായിരിക്കുമെന്ന് രാജ പറയുന്നു. “ആ ദിവസങ്ങളിൽ ഞങ്ങൾ ഏകദേശം 12 മുതൽ 15 ടൺ വരെ പൂക്കൾ മാറ്റിയെടുക്കുന്നു, ഓരോ ദിവസവും. ബാക്കിയുള്ള ദിവസങ്ങളിൽ വളരെ കുറച്ച് അളവേ ലഭിക്കൂ. 1 ടൺ മുതൽ 3 ടൺ‌വരെ. ചിലപ്പോൾ ഒന്നും കിട്ടുകയുമില്ല”.

സ്ഥിരമായ വില നൽകാൻ പാകത്തിൽ സർക്കാർ ഒരു ഫാക്ടറി സ്ഥാപിക്കണമെന്ന കർഷകരുടെ അഭ്യർത്ഥനയെകുറിച്ചുള്ള എന്റെ ചോദ്യത്തിന് രാജ മറുപടി പറഞ്ഞു. “ആവശ്യത്തിലുള്ള (ഡിമാന്റ്) അനിശ്ചിതത്വവും ചാഞ്ചാട്ടവും ഈ ചേരുവകളുടെ വ്യവസായം തുടങ്ങുന്നതിൽനിന്ന് സർക്കാരിനെ നിരുത്സാഹപ്പെടുത്തിയേക്കും. കർഷകരും വ്യാപാരികളും ഇതിൽ വലിയ സാധ്യത കാണുമ്പോൾ, സർക്കാരിന് ഇതിൽ വലിയ മെച്ചം തോന്നാനിടയില്ല” എന്ന് രാജ വാദിക്കുന്നു. “രംഗത്ത് ഒരാൾകൂടി വന്നുവെന്ന വ്യത്യാസം മാത്രമേ ഉണ്ടാകൂ. ചേരുവകൾ ഉത്പാദിപ്പിക്കുന്നതിൽനിന്ന് മറ്റെല്ലാവരേയും തടയുകയും കുത്തക സ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ, അവരും ഒടുവിൽ ഇതേ കർഷകരിൽനിന്ന് വാങ്ങുകയും ഇതേ ആളുകൾക്ക് അതിന്റെ സത്ത വിൽക്കുകയുമായിരിക്കും ചെയ്യുക”.

നല്ല സുഗന്ധം കിട്ടണമെങ്കിൽ, വിടരുമ്പോഴേക്കും മുല്ലപ്പൂക്കളെ പ്രോസസ്സ് ചെയ്യണമെന്ന് രാജ പറയുന്നു. “വിടരുമ്പോൾ പൂക്കൾക്ക് സുഗന്ധമുണ്ടാവുന്നതിന് സഹായിക്കുന്നത്, സ്ഥിരമായ ഒരു രാസപ്രക്രിയയാണ്. വാടുമ്പോൾ ഇതേ പൂക്കൾ നാറാനും തുടങ്ങും”.

ഈ പ്രക്രിയ കൂടുതൽ മനസ്സിലാക്കാൻ, ഈ വർഷം ഫെബ്രുവരിയിൽ രാജ മധുരൈയിലെ തന്റെ ഫാക്ടറിയിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്.

*****

A relatively quiet day at the Mattuthavani flower market in Madurai
PHOTO • M. Palani Kumar

മധുരൈയിലെ മട്ടുതാവണി പൂമാർക്കറ്റിലെ താരത‌മ്യേന ശാന്തമായ ഒരു ദിവസം

2023 ഫെബ്രുവരിയിൽ ഞങ്ങളുടെ മധുരൈ നഗരത്തിലെ ദിവസം ആരംഭിച്ചത് മട്ടുതാവണി ചന്തയിലേക്കുള്ള ഒരു ഓട്ടപ്രദക്ഷിണത്തിലൂടെയായിരുന്നു. എന്റെ മൂന്നാമത്തെ സന്ദർശനമായിരുന്നു അത്. അതിശയമെന്ന് പറയട്ടെ, ഒട്ടും ആൾത്തിരക്കില്ലാത്ത ശാന്തമായ ദിവസമായിരുന്നു അന്ന്. വളരെ കുറച്ച് മുല്ലപ്പൂക്കളേ ഉണ്ടായിരുന്നുള്ളു. പക്ഷേ വിവിധ നിറങ്ങളിലുള്ള ധാരാളം പൂക്കളുണ്ടായിരുന്നു. പനിനീർപ്പൂക്കളുടെ ഒരു കൊട്ട, ചാക്കുകൾ നിറയെ ജമന്തിയും രജനീഗന്ധിയും, കരിവേപ്പിന്റെ കൂമ്പാരങ്ങൾ. ലഭ്യത മോശമായിരുന്നെങ്കിലും മുല്ലപ്പൂ വിറ്റിരുന്നത് 1,000 രൂപയ്ക്കായിരുന്നു. ശുഭകരമായ ദിവസമായിരുന്നില്ല അത് എന്നതായിരുന്നു കാരണം.

ഞങ്ങൾ മധുരൈ പട്ടണത്തിൽനിന്ന് സമീപത്തുള്ള ദിണ്ടിഗൽ ജില്ലയിലെ നിലക്കോട്ടൈ താലൂക്കിലേക്ക് ഡ്രൈവ് ചെയ്തു. രാജയുടെ കമ്പനിയിലേക്ക് മുല്ലപ്പൂവിന്റെ രണ്ടിനങ്ങൾ - ഗ്രാൻഡിഫ്ലോറവും സംബാക്കും വിതരണം ചെയ്യുന്ന കർഷകരെ കാണാൻ. ഇവിടെവെച്ചാണ് ഏറ്റവും അതിശയിപ്പിക്കുന്ന കഥ ഞാൻ കേട്ടത്.

ആടുകൾക്ക് പഴയ ഇലകൾ ചവയ്ക്കാൻ കൊടുത്താൽ നല്ല വിളവ് കിട്ടുമെന്ന രഹസ്യം എനിക്ക് പറഞ്ഞുതന്നത്, മരിയ വേളാങ്കണ്ണിയാണ്. രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവപരിചയമുള്ള പുരോഗമനകാരിയായ കർഷകനാണ് അവർ.

“മധുരൈ മല്ലിയുടെ കാര്യത്തിൽ മാത്രമേ ഇത് നടക്കൂ” ഒരേക്കറിന്റെ ആറിലൊരു ഭാഗത്ത് വളരുന്ന പച്ചനിറത്തിലുള്ള ചെടികളിലേക്ക് ചൂണ്ടിക്കൊണ്ട് അദ്ദേഹം പറയുന്നു. “വിളവ് രണ്ടിരട്ടിയാകും. ചിലപ്പോൾ മൂന്നിരട്ടിയും”, മരിയ വിവരിച്ചു. അവിശ്വസനീയമായ തരത്തിൽ ലളിതമായിരുന്നു പ്രക്രിയ. ഒരു കൂട്ടം ആടുകളെ കൊണ്ടുവന്ന് മുല്ലപ്പാടത്ത് അലയാൻ വിടുക. അവ ഇലകളെല്ലാം തിന്നും. അടുത്തതായി, പാടം പത്തുദിവസത്തേക്ക് ഉണങ്ങാൻ വിടുക. പിന്നെ വളമിട്ടാൽ, പതിനഞ്ചാമത്തെ ദിവസം പുതിയ തൈകൾ പ്രത്യക്ഷപ്പെടും. ഇരുപതാമത്തെ ദിവസമാവുമ്പോഴേക്കും ഒരു ബമ്പർ വിള നിങ്ങൾക്ക് കിട്ടും.

ഇത് ഈ നാട്ടിൽ സാധാരണമാണെന്ന് ഒരു ചിരിയോടെ അദ്ദേഹം ഞങ്ങൾക്ക് ഉറപ്പ് തന്നു. “പുഷ്പിക്കുന്നതിനായി ആടുകളെക്കൊണ്ട് ചെടികളെ കടിപ്പിക്കുന്നത് പരമ്പരാഗത വിജ്ഞാനമാണ്. വർഷത്തിൽ ഈ പ്രക്രിയ മൂന്ന് തവണ ആവർത്തിക്കുന്നു. വേനൽ മാസങ്ങളിൽ, ഈ പ്രദേശത്തെ ആടുകൾ മുല്ലയിലകൾ ഭക്ഷിക്കുന്നു. അവിടെയുമിവിടെയുമായി ഓരോ ഇലകൾ കടിച്ച് അലയുമ്പോൾ അവ പാടത്ത് വിസർജ്ജ്യങ്ങളിട്ട് അതിനെ വളക്കൂറുള്ളതാക്കുന്നു. ആട്ടിടയന്മാർ ഇതിന് പൈസയൊന്നും വാങ്ങാറില്ല. അവർക്ക് ചായയും വടയും കൊടുത്താൽ മതി. രാത്രി പാടത്ത് അവർ ആട്ടിൻ‌കൂട്ടവുമായി തങ്ങുകയാണെങ്കിൽ 500 രൂപയോളം അവർക്ക് കൊടുക്കേണ്ടിവരും. അപ്പോഴും ലാഭം മുല്ലപ്പൂക്കർഷകനുതന്നെയായിരിക്കും”.

Left: Maria Velankanni, a progressive farmer who supplies JCEPL.
PHOTO • M. Palani Kumar
Right: Kathiroli, the R&D head at JCEPL, carefully choosing the ingredients to present during the smelling session
PHOTO • M. Palani Kumar

ഇടത്ത്: ജെ.സി.ഇ.പി.എല്ലിന് മുല്ലപ്പൂക്കൾ കൊടുക്കുന്ന മരിയ വേളാങ്കണ്ണി എന്ന പുരോഗമനവാദിയായ കർഷകൻ. വലത്ത്: പൂക്കൾ മണക്കാൻ അതിന്റെ സീസണിലെത്തുന്ന, ജെ.സി.ഇ.പി.എല്ലിന്റെ ആർ & ഡി കതിരൊളി ശ്രദ്ധാപൂർവ്വം ചേരുവകൾ തിരഞ്ഞെടുക്കുന്നു

Varieties of jasmine laid out during a smelling session at the jasmine factory. Here 'absolutes' of various flowers were presented by the R&D team
PHOTO • M. Palani Kumar
Varieties of jasmine laid out during a smelling session at the jasmine factory. Here 'absolutes' of various flowers were presented by the R&D team
PHOTO • M. Palani Kumar

പൂക്കൾ മണക്കുന്ന സീസണിൽ, മുല്ലഫാക്ടറിയിൽ നിരത്തിയിട്ടിരിക്കുന്ന വിവിധയിനം മുല്ലകൾ. ആർ& ഡി സംഘം വിവിധ പൂക്കളുടെ കലർപ്പില്ലാത്ത ഇനങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു

ജെ.സി.എ.പി.എല്ലിന്റെ ദിണ്ടിഗൽ ഫാക്ടറി സന്ദർശനവേളയിൽ കൂടുതൽ അത്ഭുതങ്ങൾ കാത്തിരിക്കുന്നുണ്ടായിരുന്നു. വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദന യൂണിറ്റിന് ചുറ്റും ഞങ്ങളെ കൊണ്ടുപോയി. അവിടെ ക്രെയിനുകളും പുള്ളികളും വാറ്റ് യന്ത്രങ്ങളും ശീതീകരണികളുമുപയോഗിച്ച്, ‘ഘനീഭവിച്ച‘തും (കോൺക്രീറ്റ്) ‘കലർപ്പില്ലാത്തതുമായ (ആബ്സല്യൂട്ട്) ബാച്ചുകൾ നിർമ്മിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ സന്ദർശിക്കുമ്പോൾ മുല്ലകളുണ്ടായിരുന്നില്ല. ഫെബ്രുവരി ആദ്യം പൂക്കൾ വളരെ കുറവും വില വളരെ കൂടുതലുമായിരിക്കും. മറ്റ് സുഗന്ധങ്ങൾ ഊറ്റിയെടുക്കുന്നുണ്ടായിരുന്നു. തിളങ്ങുന്ന സ്റ്റെയിൻ‌ലസ് സ്റ്റീലിന്റെ മെഷീനുകൾ ചൂളം വിളിക്കുകയും മുഴങ്ങുകയും ചിലമ്പുകയും ചെയ്തിരുന്നു. എല്ലാം ചേർന്ന് ദിവ്യമായ ഒരു പരിമളം പരക്കാൻ തുടങ്ങി. ഞങ്ങൾ ദീർഘമായി ശ്വാസമെടുത്തു. പുഞ്ചിരിച്ചു.

‘ആബ്സൊല്യൂട്ടു’കളുടെ സാമ്പിളുകൾ മണക്കാൻ തന്നപ്പോൾ, ജെ.സി.ഇ.പി.എല്ലിന്റെ ആർ&ഡി മാനേജർ, 51 വയസ്സുള്ള വി. കതിരൊളി വിശാലമായി പുഞ്ചിരിച്ചു. ചൂരൽക്കൊട്ടകളിൽ പൂക്കളും, ലാമിനേറ്റ് ചെയ്ത കടലാസ്സുകളിൽ സുഗന്ധങ്ങളുടെ വിവരങ്ങളും ആബ്സൊല്യൂട്ടുകളുടെ ചെറിയ കുപ്പികളും വെച്ച നീളമുള്ള ഒരു മേശയുടെ പിന്നിലായി അയാൾ നിന്നു. ചെറിയ കുപ്പികളിൽ ടെസ്റ്റർ മുക്കി ഓരോ ചേരുവകളായി അയാൾ തന്ന്, ഞങ്ങളുടെ പ്രതികരണം കുറിക്കുന്നുണ്ടായിരുന്നു.

മാദകമായ കാട്ടുചെമ്പകവും കുത്തുന്ന രജനീഗന്ധിയുമുണ്ടായിരുന്നു. അടുത്തതായി അദ്ദേഹം രണ്ടിനം റോസാപ്പൂക്കൾ കൊണ്ടുവന്നു. ഒന്ന് വളരെ നേർമ്മയുള്ളതും പുത്തനുമായിരുന്നു. ഇനിയൊരെണ്ണം പുല്ലിന്റെ സൌ‌മ്യമായ മണമുള്ളത്. പിന്നെ പിങ്ക്, വെള്ള നിറമുള്ള താമരകൾ. രണ്ടിനും നല്ല സുഗന്ധമായിരുന്നു. പിന്നെ ജമന്തിപ്പൂക്കൾ. ഒരു ഇന്ത്യൻ വിവാഹത്തിന്റെ ഗന്ധമായിരുന്നു അതിന്. ഒരു കടലാസ്സിന്റെ അറ്റത്തായിരുന്നു അതൊക്കെ വെച്ചിരുന്നത്.

വിചിത്രവും പരിചിതവുമായ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളുമുണ്ടായിരുന്നു. നെയ്യിൽ മൊരിയിച്ച ഉലുവയുടേതുപോലെയുള്ള മണം, എന്റെ അമ്മമ്മ പാചകത്തിൽ ഉപയോഗിക്കുന്ന കറിയിലകളുടെ മണം. ഏറ്റവും മുന്തിനിന്നത് മുല്ലയായിരുന്നു. ആ സുഗന്ധത്തെ വിവരിക്കാൻ ഞാൻ ബുദ്ധിമുട്ടി. കതിരൊളി എന്നെ സഹായിച്ചു. “പൂക്കളുടെ, മാധുര്യത്തിന്റെ പച്ചയുടെ, ഫലവൃക്ഷത്തിന്റെ..” അയാൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള സുഗന്ധദ്രവ്യം ഏതാണെന്ന് ഞാൻ ചോദിച്ചു. പുഷ്പത്തിന്റെ എന്ന ഉത്തരമാണ് ഞാൻ പ്രതീക്ഷിച്ചത്.

“വാനില” എന്ന് പറഞ്ഞ് അയാൾ പുഞ്ചിരിച്ചു. അദ്ദേഹവും സംഘവും ഒരുമിച്ച്, കമ്പനിയുടെ തനതായ വാനില സത്ത് ഗവേഷണം ചെയ്ത് വികസിപ്പിച്ചിരുന്നു. തനതായ ഒരു പെർഫ്യൂം സൃഷ്ടിക്കേണ്ടിവന്നാൽ, അദ്ദേഹം മധുരൈ മല്ലി ഉപയോഗിക്കും. പെർഫ്യൂമിനും സൌന്ദര്യവർദ്ധകവസ്തുക്കൾക്കും ആവശ്യമായ ഏറ്റവും ഗുണമേന്മയുള്ള ചേരുവകൾ വികസിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.

ഫാക്ടറിയിൽനിന്ന് അകലെയല്ലാതെ, മധുരൈ പട്ടണത്തിന്റെ പുറത്ത്, ഹരിതാഭമായ പാടങ്ങളിൽ കർഷകർ മുല്ലച്ചെടികളെ പരിപാലിക്കുന്നുണ്ടായിരുന്നു. ആ പൂക്കൾ എവിടെ വേണമെങ്കിലും എത്തിച്ചേരാം. തണുപ്പിച്ച ഒരു സ്ഫടികപ്പാത്രത്തിലോ, ആരാധനാസ്ഥലത്തോ, വിവാഹത്തിലോ, ഒരു കൊട്ടയിലോ, തെരുവിലോ, എവിടെവേണമെങ്കിലും. ഒരു മുല്ലപ്പൂവിന് മാത്രം നൽകാൻ കഴിയുന്ന സുഗന്ധത്തോടെ.

2020-ലെ റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാമിന്റെ ഭാഗമായി അസിം പ്രേംജി യൂണിവേഴ്സിറ്റി ധനസഹായം നൽകിയ റിസർച്ച് പഠനമാണ് ഇത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

অপর্ণা কার্তিকেয়ন একজন স্বতন্ত্র সাংবাদিক, লেখক এবং পারি’র সিনিয়র ফেলো। তাঁর 'নাইন রুপিজ অ্যান আওয়ার' বইটি গ্রামীণ তামিলনাডুর হারিয়ে যেতে থাকা জীবিকাগুলিরর জলজ্যান্ত দস্তাবেজ। এছাড়াও শিশুদের জন্য পাঁচটি বই লিখেছেন তিনি। অপর্ণা তাঁর পরিবার ও সারমেয়কূলের সঙ্গে বসবাস করেন চেন্নাইয়ে।

Other stories by অপর্ণা কার্তিকেয়ন
Photographs : M. Palani Kumar

এম. পালানি কুমার পিপলস আর্কাইভ অফ রুরাল ইন্ডিয়ার স্টাফ ফটোগ্রাফার। তিনি শ্রমজীবী নারী ও প্রান্তবাসী মানুষের জীবন নথিবদ্ধ করতে বিশেষ ভাবে আগ্রহী। পালানি কুমার ২০২১ সালে অ্যামপ্লিফাই অনুদান ও ২০২০ সালে সম্যক দৃষ্টি এবং ফটো সাউথ এশিয়া গ্রান্ট পেয়েছেন। ২০২২ সালে তিনিই ছিলেন সর্বপ্রথম দয়ানিতা সিং-পারি ডকুমেন্টারি ফটোগ্রাফি পুরস্কার বিজেতা। এছাড়াও তামিলনাড়ুর স্বহস্তে বর্জ্য সাফাইকারীদের নিয়ে দিব্যা ভারতী পরিচালিত তথ্যচিত্র 'কাকুস'-এর (শৌচাগার) চিত্রগ্রহণ করেছেন পালানি।

Other stories by M. Palani Kumar
Editor : P. Sainath

পি. সাইনাথ পিপলস আর্কাইভ অফ রুরাল ইন্ডিয়ার প্রতিষ্ঠাতা সম্পাদক। বিগত কয়েক দশক ধরে তিনি গ্রামীণ ভারতবর্ষের অবস্থা নিয়ে সাংবাদিকতা করেছেন। তাঁর লেখা বিখ্যাত দুটি বই ‘এভরিবডি লাভস্ আ গুড ড্রাউট’ এবং 'দ্য লাস্ট হিরোজ: ফুট সোলজার্স অফ ইন্ডিয়ান ফ্রিডম'।

Other stories by পি. সাইনাথ
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat