“ഞങ്ങൾ ദസറ നാച് അവതരിപ്പിക്കാൻ പോവുകയാണ്”, ഇത്വാരി രാം മച്ചിയ ബൈഗ പറയുന്നു. “ഈ നൃത്തം ദസറ സമയത്ത് തുടങ്ങി, ഫെബ്രുവരി, മാർച്ച് വരെ മൂന്നുനാല് മാസം തുടർന്നുപോരുന്നു. ദസറ ആഘോഷിച്ചതിനുശേഷം, ഞങ്ങൾ ഞങ്ങളുടെ സമീപത്തുള്ള ബൈഗ ഗ്രാമങ്ങൾ സന്ദർശിച്ച് രാത്രി മുഴുവൻ നൃത്തം ചെയ്യും”, ചത്തീസ്ഗഢ് ബൈഗ സമാജിന്റെ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അറുപതുകളിലെത്തിയ നർത്തകനും കൃഷിക്കാരനുമായ അദ്ദേഹം കബീർധാം ജില്ലയിലെ പണ്ഡരിയ ബ്ലോക്കിലെ അമാനിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. റായ്പുരിൽവെച്ച് നടക്കുന്ന നാഷണൽ ട്രൈബൽ ഡാൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിന് സംഘത്തിലെ മറ്റുള്ളവരോടൊപ്പം എത്തിയതായിരുന്നു ഇത്വാർജി.
ചത്തീസ്ഗഢിലെ ഏഴ് പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ് (പി.വി.ടി.ജി- വളരെയധികം പരാധീനതകൾ അനുഭവിക്കുന്ന ഗോത്രവിഭാഗം) വിഭാഗങ്ങളിൽ ഒന്നാണ് ബൈഗ സമുദായക്കാർ. മധ്യ പ്രദേശിലും ഇവരെ കാണാം.
“സാധാരണയായി 30 പേരാന് ദസറ നാചിൽ പങ്കെടുക്കുക. ആണുങ്ങളും പെണ്ണുങ്ങളുമുണ്ട് നർത്തകരിൽ. ഗ്രാമങ്ങളിൽ, ഇത് നൂറുവരെ എത്താറുണ്ട്”, ഇത്വാരി പറയുന്നു. ആണുങ്ങളുടെ ഒരു സംഘം ഗ്രാമത്തിലെത്തിയാൽ, അവിടെയുള്ള സ്ത്രീസംഘത്തോടൊപ്പം നൃത്തം ചെയ്യും. അതിനുള്ള നന്ദിസൂചകമായി, ആ ഗ്രാമത്തിലെ പുരുഷന്മാരുടെ സംഘം അതിഥികളുടെ ഗ്രാമത്തിൽ ചെന്ന് അവിടെയുള്ള സ്ത്രീകളുടെ സംഘവുമായും നൃത്തം ചെയ്യും.
“പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും ഞങ്ങൾ ആസ്വദിക്കുന്നു. കവർധ ജില്ലയിലെ കവർധ എന്നുതന്നെ പേരുള്ള ബ്ലോക്കിലെ അനിത പാണ്ഡ്രിയ പറയുന്നു.
ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളുമൊക്കെ നൃത്തത്തിൽ ഉൾപ്പെടുന്നു.
വളരെ പഴക്കമുള്ള ഒന്നാണ് ബൈഗാ ഗ്രമങ്ങളിൽ കാണുന്ന ഈ ബൈഗ നൃത്തം. ധാരാളം വിനോദസഞ്ചാരികളെ ഇത് ആകർഷിക്കുന്നു. വിശിഷ്ടവ്യക്തികൾക്കുവേണ്ടി പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അവതരിപ്പിക്കാനും ഇവരെ ക്ഷണിക്കാറുണ്ട്. എന്നാൽ അവതരണത്തിന് അനുയോജ്യമായ പ്രതിഫലം കിട്ടാറില്ലെന്ന് ഈ സമുദായം പറയുന്നു.
കവർച്ചിത്രം : ഗോപീകൃഷ്ണ സോണി
പരിഭാഷ: രാജീവ് ചേലനാട്ട്