ചിത്രദുർഗയിലെ ഏറ്റവും പ്രസിദ്ധമായ ഭക്ഷണശാലയായ ശ്രീലക്ഷ്മിഭവൻ ടിഫിൻ റൂമിന്റെ അകത്തെ ചുവരിൽ പതിപ്പിച്ച കന്നഡ ഭാഷയിലുള്ള ഒരു നോട്ടീസിൽ ഇപ്രകാരം പറയുന്നു:
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
2000-ത്തിന്റെ നോട്ടിന് ഞങ്ങളുടെപക്കൽ ചില്ലറയില്ല. കൃത്യമായ തുക നൽകുകയോ കുറഞ്ഞ മൂല്യമുള്ള നോട്ടുകൾ നൽകുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
2016 നവംബർ 8നു നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നോട്ടീസ് കടയിൽ പതിപ്പിച്ചത്. "നോട്ടുനിരോധനം ഞങ്ങളെ വല്ലാതെ ബാധിച്ചു.", മാനേജരായ എസ്. മുരളി പറയുന്നു. "ആദ്യത്തെ 3, 4 മാസം, ഞങ്ങളുടെ കച്ചവടം 50 ശതമാനത്തോളം കുറഞ്ഞു. ആളുകൾ കടയിൽവന്ന്, ഭക്ഷണം കഴിക്കാതെ തിരിച്ചുപോകുന്ന സ്ഥിതിയായിരുന്നു. വളരെ മോശം നാളുകളായിരുന്നു അവ." കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ, അതേപേരുള്ള നഗരത്തിലുള്ള ഏറ്റവും തിരക്കേറിയ ഭക്ഷണശാലയുടെ അവസ്ഥയായിരുന്നു ഇതെന്ന് ഓർക്കണം.
"നോട്ടുകളുടെ ദൗർലഭ്യം മാറി പണം കൈമാറ്റം ചെയ്തുതുടങ്ങിയില്ലേ? നോട്ടുനിരോധനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും ആ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് പിന്നെ എന്തിനാണ്?", ഞങ്ങൾ ചോദിച്ചു. "കാര്യങ്ങൾ മെച്ചപ്പെട്ടുവെന്നത് വാസ്തവമാണ്; എന്നാലും ആ നോട്ടീസ് എടുത്തുകളയേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം.", പുഞ്ചിരിച്ചുകൊണ്ടാണ് മുരളി മറുപടി പറയുന്നത്. അദ്ദേഹം പറയാതെ പറയുന്നത് മറ്റൊന്നാണ്: "ഇത് വീണ്ടും സംഭവിക്കില്ലെന്ന് ആർക്കും ഉറപ്പില്ലല്ലോ.. ഇനി അടുത്തത് അവർ എന്താണ് നടപ്പിലാക്കാൻപോകുന്നതെന്ന് ആർക്കറിയാം?"
ഞങ്ങളുടെ കയ്യിൽ ആവശ്യമുള്ള നോട്ടുകൾ ഉണ്ടായിരുന്നത് ഉപകാരമായി. ഈ ഭക്ഷണശാലയിലെ ദോശ ഏറെ രുചികരമാണ്. ചിത്രദുർഗയിലെ വിഖ്യാതമായ കോട്ട കാണാനെത്തുന്ന വിനോദസഞ്ചാരികളും അടുത്തുള്ള പട്ടണങ്ങളിൽ താമസിക്കുന്നവരും ഇവിടത്തെ ദോശതേടി എത്താറുണ്ട്. ഇവിടെനിന്ന് ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കണമെന്ന് ഞാൻ പറയും. എന്നാൽ 2000-ത്തിന്റെ നോട്ടുമായിമാത്രം അവിടേയ്ക്ക് പോകരുത്.
പരിഭാഷ: പ്രതിഭ ആര്‍.കെ .