ഓക്കെ, ഇത് ശരിക്കും പറയാൻ വിട്ടുപോയതാണ്. പാരിയുടെ വായനക്കാരോടും കാഴ്ചക്കാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. പാരിയുടെ സ്ഥിരം വായനക്കാർക്കെല്ലാം ഞങ്ങളുടെ ഏറ്റവും മികച്ച "പൊട്ടറ്റോ സോങ്' അറിയാം. ഇടുക്കി മലനിരകളിലുള്ള ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ ട്രൈബൽ ഡെവലപ്‌മെന്റ് പ്രൊജക്ട് സ്കൂളിലെ എട്ടിനും 11-നും ഇടയിൽ പ്രായമുള്ള അഞ്ച് പെൺകുട്ടികളുടെ സംഘമാണ് അന്ന് ആ ഗാനമാലപിച്ചത്.
അവിടെയെത്തിയ ഞങ്ങൾ എട്ടംഗ സംഘം കുട്ടികളോട് അവരുടെ ഇഷ്‌ടവിഷയം ഏതെന്ന് ചോദിച്ചപ്പോൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവർ പറഞ്ഞ ഉത്തരം ഇംഗ്ലീഷ് എന്നായിരുന്നു! ഇംഗ്ലീഷിലെഴുതിയ ഒരു വാക്കുപോലും അവരുടെ ആ നാട്ടിലെ ഒരു സൂചനാബോർഡിലും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല എന്നോർക്കണം. തങ്ങളുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രദർശിപ്പിക്കാൻ അന്നവർവർ ഒരു ഗാനമാലപിക്കുകപോലും ചെയ്തു.
അത് പാരിയുടെ ഏറ്റവും പ്രിയപ്പെട്ട ഒരു കഥയായി മാറി. എന്നാൽ അന്ന് ഞങ്ങൾ വിട്ടുപോയ ഒരു കാര്യം ഇന്ന് ഞങ്ങൾ നിങ്ങളുടെ മുന്നിലേക്കെത്തിക്കുകയാണ്. പെൺകുട്ടികളുടെ ഗംഭീരമായ "പൊട്ടറ്റോ സോങ്' അവതരണത്തിനുശേഷം ഞങ്ങൾ ആൺകുട്ടികളെക്കൂടി പരിക്ഷിക്കാൻ തീരുമാനിച്ചു. പെൺകുട്ടികൾ നിങ്ങളെ കടത്തിവെട്ടി എന്ന് സൂചിപ്പിച്ചുകൊണ്ട്, ഇംഗ്ലീഷിലുള്ള അവരുടെ ശേഷി കാണിക്കാനും മറുപടി പറയാനും ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു.
പെൺകുട്ടികളുടെ അഞ്ചംഗസംഘം അവതരിപ്പിച്ച പാട്ടിനെ പരാജയപ്പെടുത്താൻ ബുദ്ധിമുട്ടാണെന്ന് അവർക്കറിയാമായിരുന്നു. എങ്കിലും അവരതൊരു വെല്ലുവിളിയായിത്തന്നെ എടുത്തു. പാട്ടിന്റെ ഗുണനിലവാരത്തിലും അവതരണത്തിലും അവർ പെൺകുട്ടികളുടെ അടുത്തൊന്നും എത്തിയില്ലെങ്കിലും പാട്ടിന്റെ വരികളുടെ കാര്യത്തിൽ അവർ മികച്ചുനിന്നു.
ഉരുളക്കിഴങ്ങ് കഴിക്കുകയോ ഇംഗ്ലീഷ് സംസാരിക്കുകയോ ചെയ്യാത്ത ആ ഗ്രാമത്തിലെ പെൺകുട്ടികൾ അന്ന് ചൊല്ലിയത് ഉരുളക്കിഴങ്ങിനെപ്പറ്റിയുള്ള ഇംഗ്ലീഷ് കവിതയായിരുന്നു. തുടർന്ന് ആൺകുട്ടികൾ പാടിയതാകട്ടെ, ഒരു ഡോക്ടറോട് പറയുന്ന രീതിയിലുള്ള പാട്ടും. (അവിടെയുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരു പതിറ്റാണ്ടിലേറെയായി മുഴുവൻസമയ ഡോക്ടർ ഇല്ലായിരുന്നു). ഇന്ത്യയിലെ ഭൂരിഭാഗം ഗ്രാമങ്ങളിലും നഗരങ്ങളിലും എന്നപോലെ, ഡോക്ടർമാരേയും ശസ്ത്രക്രിയാ വിദഗ്ധരേയും സൂചിപ്പിക്കാൻ "ഡോക്ടർ' എന്ന ഒരേ പദംതന്നെയാണ് ഇവർ മാറിമാറി ഉപയോഗിക്കുന്നത്. രണ്ടും ഒന്നുതന്നെയാണെന്നാണ് അവർ മനസ്സിലാക്കിയിരുന്നത്. ആധുനിക വൈദ്യശാസ്‌ത്രത്തോടുള്ള ഹൃദയസ്പൃക്കായ വിശ്വാസവും ആൺകുട്ടികളുടെ ആ പാട്ടിൽ പ്രതിഫലിച്ചുകണ്ടു.
ഗുഡ് മോണിങ് ഡോക്ടർ
വയർ വേദനിക്കുന്നു ഡോക്ടർ
വയർ വേദനിക്കുന്നു ഡോക്ടർ
എന്നെ താങ്ങൂ ഡോക്ടർ
എന്നെ താങ്ങൂ ഡോക്ടർ
എന്നെ താങ്ങൂ ഡോക്ടർ
ഓപ്പറേഷൻ
ഓപ്പറേഷൻ
ഓപ്പറേഷൻ ഡോക്ടർ
നന്ദി ഡോക്ടർ
നന്ദി ഡോക്ടർ
നന്ദി ഡോക്ടർ
ബൈ ബൈ ഡോക്ടർ
ബൈ ബൈ ഡോക്ടർ
ബൈ ബൈ ഡോക്ടർ
ബൈ ബൈ ഡോക്ടർ
പാരിയുടെ ടെക് എഡിറ്റർ സിദ്ധാർത്ഥ് അഡേൽക്കറാണ് നെറ്റ്‌വർക്ക് ഇല്ലാത്ത ഫോണിൽ ആ അതിഗംഭീരമായ പൊട്ടട്ടോ സോങ്ങ് വീഡിയോ ചിത്രീകരിച്ചത്. ഉരുളക്കിഴങ്ങ് വളർത്തുകയോ കഴിക്കുകയോ ചെയ്യാത്ത ഒരു പ്രദേശത്ത്, എവിടെയും ഇംഗ്ലീഷ് സംസാരിക്കാത്ത ഒരു ഗ്രാമത്തിൽ, കാലങ്ങളായി ഡോക്ടർമാർ സന്ദർശിക്കാത്ത ഒരു പഞ്ചായത്തിൽനിന്നാണ് ഈ ഗാനമുണ്ടായത്. പക്ഷേ, രാജ്യത്തിന്റെ മിക്ക ഭാഗത്തും ഈ വിധത്തിൽത്തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും ഒറ്റപ്പെട്ടതും വിദൂരവുമായ പഞ്ചായത്തുകളിലൊന്നായ ഇവിടെയുള്ള ഈ കുട്ടികളുടെ സംഘങ്ങൾക്ക്, അവരുടെ പാട്ടിന്റെ വരികൾ എവിടെനിന്ന് ലഭിച്ചുവെന്ന് ഞങ്ങൾക്ക് ഇപ്പോഴും ഒരു സൂചനയുമില്ല.
പരിഭാഷ: അശ്വതി ടി കുറുപ്പ്