“24-ാം തീയതി രാവിലെ ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും മൂന്നു ട്രാക്ടറുകളും, ആറു ട്രാക്ടർ ട്രോളികളും, 2-3 കാറുകളും ഡൽഹിക്കു പുറപ്പെടും”, ഹരിയാനയിലെ കന്ദ്രൗളി ഗ്രാമത്തിൽ നിന്നുള്ള ചീക്കു ധാണ്ട പറഞ്ഞു. “ഞങ്ങൾ ട്രാക്ടർ റാലിയിൽ അണിചേരാൻ പോകുന്നു. ഞാൻ സ്വന്തം ട്രാക്ടർ ഡൽഹിയിലേക്ക് ഓടിക്കുകയായിരിക്കും”, 28-കാരനായ കർഷകൻ കൂട്ടിച്ചേർത്തു.

ഹരിയാനാ-ഡൽഹി അതിർത്തിയിലെ സിoഘുവിലേക്ക് ചീക്കുവിന്‍റെ ആറാമത്തെ സന്ദർശനമാണിത്. 2020 സെപ്റ്റംബറിൽ പാർലമെന്‍റ്  പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകരോടൊപ്പമാണ് ഓരോ തവണയും അദ്ദേഹം ചേര്‍ന്നിട്ടുള്ളത്. ഇതിനുവേണ്ടി ഓരോ തവണയും ഏകദേശം 4 മണിക്കൂറുകളെടുത്ത് 150 കിലോമീറ്റര്‍ വീതമാണ് യമുനാനഗർ ജില്ലയിലെ കന്ദ്രൗളിയിൽ നിന്നും റോഡുയാത്ര ചെയ്തത്. സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓരോ സന്ദർശനത്തിലും കുറഞ്ഞതു മൂന്നു രാത്രിയെങ്കിലും അദ്ദേഹം സിംഘുവിൽ കഴിഞ്ഞിട്ടുണ്ട്.

കുരുക്ഷേത്ര സർവ്വകലാശാലയിൽ നിയമം പഠിക്കുന്ന 22-കാരനായ ബന്ധു മോനിന്ദർ ധാണ്ടയാണ് ഓരോ തവണയും അദ്ദേഹത്തെ യാത്രയില്‍ അനുഗമിച്ചത്. പച്ചക്കറികൾ, നെല്ല്, ഗോതമ്പ് എന്നിവയൊക്കെ കൃഷി ചെയ്യുന്ന 16 ഏക്കർ ഭൂമിയാണ് ഒരുമിച്ചു താമസിക്കുന്ന അവരുടെ കുടുംബങ്ങൾക്കുള്ളത്. കാർഷികവൃത്തിയെ പ്രധാനമായും ആശ്രയിക്കുന്ന ഹരിയാനയിലെ ജാട്ട് സമുദായത്തിൽ നിന്നുള്ളവരാണ് അവർ.

“പ്രാദേശിക എ.പി.എം.സി. മണ്ടികളിൽ വിളകൾ വിറ്റ് ഏക്കറിന് 40000 മുതൽ 50000 രൂപ വരെ എല്ലാ വർഷവും ഞങ്ങൾക്കു നേടാൻ കഴിയും”, മോനിന്ദർ പറഞ്ഞു. “ഉത്പാദനച്ചിലവ് വര്‍ഷംതോറും വർദ്ധിക്കുന്നു, എന്നാൽ എം.എസ്.പി. (മിനിമം താങ്ങുവില) കൂടുന്നില്ല”, മോനിന്ദർ പറഞ്ഞു. ഈ വരുമാനമാണ് എട്ടുപേരുള്ള അവരുടെ കുടുംബത്തെ നിലനിർത്തുന്നത്.

കന്ദ്രൗളി ഗ്രാമത്തിലെ 1,314 താമസക്കാരിൽ ഭൂരിപക്ഷവും ഇവരുടെ കുടുംബങ്ങളെപ്പോലെ കൃഷി ചെയ്യുന്നു. അവരിൽ ചിലർ കർഷക സമരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനും നോക്കി നടത്തുന്നതിനുമായി അനൗപചാരികമായി ഒരു യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതിന്‍റെ പ്രവര്‍ത്തനം ഗ്രാമത്തിലെ ഭൂരിപക്ഷം കർഷകരും യോജിച്ചു പ്രവർത്തിക്കുന്ന ഭാരതീയ കിസാൻ യൂണിയന്‍റെ സോണൽ സബ്-കമ്മിറ്റികളുടേതില്‍ നിന്നും വ്യത്യസ്ഥമാണ്. യൂണിയന്‍ വലിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ യോഗം പ്രദേശിക തല തീരുമാനങ്ങളില്‍ ശ്രദ്ധിക്കുന്നു. “സമരത്തിൽ പങ്കെടുക്കാൻ പോയവരുടെ ഭൂമി ഓരോസമയത്തും ആരൊക്കെയാണു (ഊഴമനുസരിച്ച്) സംരക്ഷിക്കേണ്ടത് എന്നു തീരുമാനിക്കുന്നത് ഗ്രാമ സമിതികൾ ആണ്”, ചീക്കു പറഞ്ഞു. സിംഘുവിലെ ആൾക്കാർക്കുള്ള ഭക്ഷണ വിതരണവും അവർ ക്രമീകരിക്കുന്നു.

Left: Cheeku Dhanda, on the way to Singhu border for the tractor rally on January 26. Right: A photo from Cheeku’s last trip to Singhu
PHOTO • Courtesy: Cheeku Dhanda
Left: Cheeku Dhanda, on the way to Singhu border for the tractor rally on January 26. Right: A photo from Cheeku’s last trip to Singhu
PHOTO • Cheeku Dhanda
Left: Cheeku Dhanda, on the way to Singhu border for the tractor rally on January 26. Right: A photo from Cheeku’s last trip to Singhu
PHOTO • Courtesy: Cheeku Dhanda

ഇടത്: ചീക്കു ധാണ്ട ജനുവരി 26-ന് സിംഘു അതിർത്തിയിലെ ട്രാക്ടർ റാലിയിൽ പങ്കെടുക്കാനായി പോകുമ്പോള്‍. വലത്: ചീക്കു സിംഘുവിലേക്ക് അവസാനം പോയതില്‍നിന്നുള്ള ഒരു ദൃശ്യം

സമരങ്ങളെ പിന്തുണച്ച് രണ്ടു ലക്ഷം രൂപയാണ് ഇതുവരെ കന്ദ്രൗളി നൽകിയിട്ടുള്ളത്. ഡൽഹി അതിർത്തികളിലേക്കു പോകുന്ന ആൾക്കാരുടെ കൈവശമാണ് പണം കൊടുത്തയയ്ക്കുന്നത്. അവർ അത് തലസ്ഥാന നഗരിയിലും സമീപത്തുമുള്ള സമര വേദികളിലെ യൂണിയൻ പ്രതിനിധികൾക്ക് കൈമാറുന്നു. ജനുവരി 24-ന് കന്ദ്രൗളിയിൽനിന്നും ഒരുലക്ഷം രൂപകൂടി നല്കി. ഗ്രാമത്തിലെ മറ്റു ചിലർ പരിപ്പ്, പഞ്ചസാര, പാൽ, ഗോതമ്പ് എന്നിങ്ങനെ സമരസ്ഥലങ്ങളിലെ ലങ്കറുകളിലേക്കു (സാമൂഹ്യ അടുക്കളകൾ) വേണ്ട പലവ്യജ്ഞനങ്ങൾ നല്കി.

ഡല്‍ഹി അതിര്‍ത്തിയിലെ പല സമരവേദികളില്‍ കര്‍ഷകര്‍ നവംബര്‍ 26 മുതല്‍ മൂന്നു നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണ്. 2020 ജൂൺ 5-നാണ് കാര്‍ഷിക നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു. ഈ മൂന്നു നിയമങ്ങള്‍ ഇനിപ്പറയുന്നവയാണ്: വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍, എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ കാര്‍ഷിക നിയമം; കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന ഭേദഗതി നിയമം, 2020 .

കൃഷിയുടെമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി.), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.കള്‍), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്കു താങ്ങാകാവുന്ന എല്ലാത്തിനേയും അവ ദുർബ്ബലപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം വകുപ്പിനെ അട്ടിമറിച്ചുകൊണ്ട് എല്ലാ പൗരന്മാര്‍ക്കും നിയമ സഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇന്‍ഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

തലസ്ഥാനത്തിതുവരെ ഉണ്ടാകാത്ത തരത്തില്‍ ഒരു ട്രാക്ടർ റാലി ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ നടത്താൻ കർഷകർ പദ്ധതിയിട്ടിരിക്കുന്നു. ഈ സമര പരേഡിൽ പങ്കെടുക്കാൻ ചീക്കുവും മൊനീന്ദറും ആലോചിക്കുന്നു. “ഇപ്പോഴത്തെ സംവിധാനം കുറ്റമറ്റതാകണമെന്നില്ല, പക്ഷേ ഈ നിയമങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുന്നു” മൊനീന്ദർ ദേഷ്യപ്പെട്ടുകൊണ്ടു പറയുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.
Gagandeep

গগনদীপ (নামটুকুই ব্যবহার করেন) হরিয়ানার কুরুক্ষেত্র বিশ্ববিদ্যালয়ের আইন বিভাগের প্রথমবর্ষের পড়ুয়া।

Other stories by Gagandeep
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.