"ഞങ്ങൾക്ക് കൊറോണയെക്കുറിച്ച് അറിയാം, പക്ഷെ ജോലി ചെയ്യാതെയിരിക്കാൻ കഴിയില്ല. ഞങ്ങൾ കർഷകർക്കു വേണ്ടി ജോലി ചെയ്യണം. കൃഷി മാത്രമാണ് ഞങ്ങൾക്കും കർഷകനുമുള്ള ഒരേയൊരു പ്രതീക്ഷ. ഞങ്ങൾ ജോലി ചെയ്യാതെയിരുന്നാൽ, എങ്ങനെ ജീവിക്കും?" ശുഭദ്ര സാഹു ചോദിച്ചു.
ഛത്തീസ്ഗഡിലെ ധാംതരി പട്ടണത്തിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തിലുള്ള ബലിയാര ഗ്രാമത്തിൽ 30 സ്ത്രീ കർഷക തൊഴിലാളികളടങ്ങുന്ന ഒരു സംഘത്തെ നയിക്കുന്ന ഥേക്കെദാരിൻ/കരാറുകാരി ആണ് ശുഭദ്ര.
ജൂലൈ 20-നോട് അടുത്ത് ഒരു അപരാഹ്നത്തിലാണ് ഞങ്ങൾ അവരെ കണ്ടുമുട്ടിയത്. നെൽപ്പാടങ്ങിലേക്കുള്ള വഴിയിൽ ട്രാക്ടറിൽ അവർ വന്നിറങ്ങി. ഒരു നെൽപ്പാടത്തിൽ നിന്നും മറ്റൊരെണ്ണത്തിലേക്കുള്ള തിരക്കിട്ട പ്രയാണത്തിലായിരുന്നു അവർ. സന്ധ്യക്കുമുമ്പ് ഞാറ് പറിച്ചു നടണം.
"ഏക്കറിന് നാലായിരം രൂപ ഞങ്ങൾക്ക് ലഭിക്കും," ശുഭദ്ര പറഞ്ഞു. "ഞങ്ങളൊരുമിച്ചു ദിവസവും രണ്ട് ഏക്കറിൽ ഞാറ് നടും." അങ്ങനെ സംഘത്തിലെ ഒരാൾക്ക് ഏകദേശം ഇരുനൂറ്റി അറുപതു രൂപ ദിവസക്കൂലി ലഭിക്കും.
അപ്പോൾ നെല്ലിന്റെ വിരിപ്പുകൃഷിയുടെ സമയമായിരുന്നു. ഞങ്ങൾ അവരെ കണ്ടുമുട്ടുമ്പോൾ അവർ ഏകദേശം 20-25 ഏക്കറിൽ ഞാറ് നട്ട് കഴിഞ്ഞിരുന്നു. ഈ ജോലി കുറച്ചു ദിസങ്ങൾ കൂടി ഉണ്ടാകും.ജൂലൈ മധ്യത്തിൽ ഒരു ദിവസം, ധാംതരി പട്ടണത്തിൽ നിന്ന് പതിനഞ്ച് കിലോമീറ്റർ അകലെ, കോലിയാരി-ഖരെങ്ക ഗ്രാമപാതയിൽ ഞങ്ങൾ മറ്റൊരു സംഘം കർഷകതൊഴിലാളികളെ കണ്ടുമുട്ടി. "ജോലി ചെയ്തില്ലെങ്കിൽ, ഞങ്ങൾ പട്ടിണി കിടന്നു മരിക്കും. കോവിഡ്-19 പേടിച്ച് വീട്ടിൽ സുരക്ഷിതമായി ഇരിക്കാനുള്ള സൗഭാഗ്യമില്ല," ധാംതരി ബ്ലോക്കിലെ ഖരെങ്ക ഗ്രാമത്തിലെ ഭുഖിൻ സാഹു പറഞ്ഞു. ഇരുപത്തിനാല് പേരടങ്ങുന്ന ആ സംഘത്തിന്റെ നേതാവും കരാറുകാരിയും അവരാണ്. "ഞങ്ങൾ തൊഴിലാളികളാണ്, ഞങ്ങൾക്ക് ഞങ്ങളുടെ കൈകളും കാലുകളുമേയുള്ളു. എന്നാലും ജോലി ചെയ്യുമ്പോൾ ഞങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ട്..."
പാതയുടെ ഇരുവശങ്ങളിലായി ഇരുന്ന് വീട്ടിൽനിന്നു കൊണ്ടുവന്ന ചോറ്, പരിപ്പുകറി, പാകംചെയ്ത പച്ചക്കറികൾ എന്നിവയടങ്ങുന്ന ഉച്ചയൂണ് കഴിക്കുകയായിരുന്നു ആ സംഘം. അവർ വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് പാചകവും മറ്റ് വീട്ടുജോലികളും പൂർത്തിയാക്കും. അതിനുശേഷം പ്രാതൽ കഴിച്ച് ആറ് മണിയോടുകൂടി പാടത്തെത്തും. പന്ത്രണ്ട് മണിക്കൂറുകൾക്കു ശേഷം, വൈകുന്നേരം ആറ് മണിക്ക് അവർ വീടുകളിലേക്ക് തിരിക്കും. പിന്നെ പാചകവും ബാക്കി ജോലികളും ചെയ്യും. ഭുഖിൻ തന്റെയും ഒപ്പമുള്ള മറ്റു സ്ത്രീകളുടെയും ഒരു തൊഴിൽദിവസം ഇത്തരത്തിൽ വിവരിച്ചു.
"ഞങ്ങൾ ദിവസവും രണ്ട് ഏക്കർ ഞാറ് നടും. ഏക്കറിന് മൂവായിരത്തിയഞ്ഞൂറു രൂപ ലഭിക്കും," ഭുഖിൻ പറഞ്ഞു. ഒരു സംഘത്തിലെ ആളുകളുടെ എണ്ണം, സംസാരിച്ചുറപ്പിക്കുന്ന തുക ഇതൊക്കെയനുസരിച്ച് ഈ ഏക്കർ നിരക്ക് മൂവായിരത്തിയഞ്ഞൂറ് മുതൽ നാലായിരം (ഈ സീസണിൽ ധാംതരിയിലെ നിരക്ക്) രൂപ വരെ പോകാം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭുഖിന്റെ ഭർത്താവ് തൊഴിൽ അന്വേഷിച്ചു ഭോപ്പാലിലേക്ക് പോയി. പിന്നെ അയാൾ തിരിച്ചുവന്നില്ല. "അയാൾ ഞങ്ങളെ ഈ ഗ്രാമത്തിൽ ഉപേക്ഷിച്ചു പോയി. ഞങ്ങളുമായി ഇപ്പൊൾ ബന്ധപ്പെടാറില്ല," അവർ പറഞ്ഞു. അവരുടെ മകൻ കോളജിൽ പഠിക്കുകയാണ്. രണ്ടു പേരടങ്ങുന്ന ആ കുടംബത്തിന്റെ ഏക വരുമാനം ഭുഖിന്റെ കൂലിയാണ്.
അതേ പാതയിൽത്തന്നെ ഞങ്ങൾ മറ്റൊരു കൃഷിത്തൊഴിലാളി സംഘത്തെ കണ്ടുമുട്ടി. അവരിൽ കൂടുതലും വനിതകൾ ആയിരുന്നു. അവർ ഒരു പാടത്ത് ഞാറുനടാൻ പോകുകയായിരുന്നു. "ഇതാണ് ഞങ്ങളുടെ ജീവിതമാർഗം. ഞങ്ങൾക്ക് ജോലി ചെയ്തേ മതിയാകു. ഞങ്ങൾ പണിയെടുത്തില്ലെങ്കിൽ പിന്നെ ആരാണ് വിളവുണ്ടാക്കുക? എല്ലാവർക്കും കഴിക്കാൻ ഭക്ഷണം വേണം," ധാംതരി ബ്ലോക്കിലെ ദർറി ഗ്രാമത്തിൽ നിന്നുള്ള കരാറുകാരി സബിത സാഹു പറഞ്ഞു. "കൊറോണയെ പേടിച്ചാൽ, ഞങ്ങൾക്ക് തീരെ ജോലിചെയ്യാൻ കഴിയില്ല. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആര് ഭക്ഷണം കൊടുക്കും? നെൽപ്പാടങ്ങളിൽ ഞങ്ങൾ സാമൂഹിക അകലം പാലിച്ചു തന്നെയാണ് ജോലി ചെയ്യുന്നത്." ജൂലൈയിൽ ഞങ്ങൾ അവരെ കണ്ടുമുട്ടിയപ്പോൾ സബിതയും അവരുടെ മുപ്പത് പേരടങ്ങുന്ന സംഘവും ഇരുപത്തിയഞ്ച് ഏക്കറിൽ ഞാറ് നട്ടിരുന്നു, ഏക്കറിന് മൂവായിരത്തി അറുനൂറ് രൂപ എന്ന നിരക്കിൽ."ജോലി ലഭിക്കുന്നുണ്ടായിരുന്നില്ല [ലോക്ക്ഡൗൺ ശക്തമായിരുന്നപ്പോൾ]. അപ്പോൾ എല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നെ വിരിപ്പുകൃഷിയുടെ സമയമായി. ഞങ്ങൾക്കിപ്പോൾ ജോലിയുണ്ട്," ഖരെങ്ക ഗ്രാമത്തിലെ ഹിറൗന്ദി സാഹു എന്ന കൃഷിത്തൊഴിലാളി പറഞ്ഞു.
ലോക്ക്ഡൗൺ സമയത്ത്, അതായത് ജൂലൈ 20 വരെ, രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഏകദേശം 1,700 ആൾക്കാർ ധാംതരി ജില്ലയിലേക്ക് തിരിച്ചെത്തിയെന്ന് ധാംതരിയിലെ ഒരു തൊഴിൽവകുപ്പ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു. വിദ്യാർഥികൾ, തൊഴിലുള്ളവർ, ഏകദേശം 700 കുടിയേറ്റ തൊഴിലാളികൾ എന്നിവർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഛത്തീസ്ഗഡിൽ ഇതുവരെ 10,500 കോവിഡ്-19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ധാംതരിയിൽ ഇതുവരെ 48 കോവിഡ്-19 കേസുകളുണ്ടായി എന്ന് ജില്ലയിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോക്ടർ ഡി. കെ. ടുറെ പറഞ്ഞു.
ഹിറൗന്ദി ഉൾപ്പെട്ട അതെ സംഘത്തിൽതന്നെ ദർറി ഗ്രാമത്തിലെ ചന്ദ്രിക സാഹുവുമുണ്ടായിരുന്നു. അവർക്കു രണ്ടു പെൺമക്കളും ഒരു മകനുമാണുള്ളത്. ഒരാൾ കോളജിൽ പഠിക്കുകയാണ്, പിന്നെ ഒരാൾ പത്താം ക്ലാസ്സിലും മറ്റെയാൾ പന്ത്രണ്ടാം ക്ലാസ്സിലുമാണ്. "എന്റെ ഭർത്താവും ഒരു തൊഴിലാളിയായിരുന്നു. ഒരു ദിവസം അപകടത്തിൽപെട്ട് അദ്ദേഹത്തിന്റെ കാലൊടിഞ്ഞു," അവർ പറഞ്ഞു. "അതിനുശേഷം അദ്ദേഹത്തിന് ജോലി ചെയ്യാനായില്ല. മൂന്ന് വർഷം മുൻപ് അദ്ദേഹം ആത്മഹത്യ ചെയ്തു." ചന്ദ്രികയും കുട്ടികളും അവരുടെ ഒരാളുടെ വരുമാനത്തിലാണ് ജീവിക്കുന്നത്. അവർക്ക് മാസം 350 രൂപ വിധവാ പെൻഷൻ ലഭിക്കുന്നുണ്ട്. കുടുംബത്തിന് ഒരു ബിപിഎൽ റേഷൻ കാർഡുമുണ്ട്.
ഞങ്ങളോട് സംസാരിച്ച എല്ലാ തൊഴിലാളികൾക്കും കോവിഡ്-19 എന്താണെന്നറിയാം. ചിലർ അത് അത്ര കാര്യമാക്കുന്നില്ല. ജോലി ചെയ്യുമ്പോൾ ഏതായാലും ഞങ്ങൾ തമ്മിൽ കുറച്ചു അകലം ഉള്ളതുകാരണം കുഴപ്പമില്ല എന്ന് മറ്റുള്ളവർ പറഞ്ഞു. "ഞങ്ങൾ സൂര്യന് നേരെ കീഴിലാണ് ജോലി ചെയ്യുന്നത്. അത് കാരണം ഞങ്ങൾക്ക് കൊറോണ പിടിപെടാൻ സാധ്യത കുറവാണ്," സബിതയുടെ സംഘത്തിലെ ഒരു തൊഴിലാളിയായ ഭുജ്ബൽ സാഹു പറഞ്ഞു. "കൊറോണ ഒരാളെ പിടിച്ചാൽ, അയാൾ മരിക്കും," അയാൾ കൂട്ടിച്ചേർത്തു. "എന്നാൽ ഞങ്ങൾ അതിനെ ഭയപ്പെടുന്നില്ല, കാരണം ഞങ്ങൾ തൊഴിലാളികളാണ്."
നെല്ല് വിതയ്ക്കുന്നതും ഞാറ് നടുന്നതും 15 ദിവസത്തോളം തുടരും. "അതിനുശേഷം ഞങ്ങൾക്ക് ജോലിയുണ്ടാകില്ല." ജില്ലയിൽ ധാംതരിയും കുരുദുമാണ് കുറച്ചെങ്കിലും ജലസേചനമുള്ള ബ്ലോക്കുകൾ. ഇവിടുത്തെ കൃഷിക്കാർ രണ്ടു വട്ടം നെൽകൃഷിയിറക്കും. അതിനാൽ കൃഷിപ്പണി രണ്ടു സീസൺ ലഭിക്കും. "ഞങ്ങൾക്ക് കൂടുതൽ തൊഴിൽ വേണം," ഭുജ്ബൽ കൂട്ടിച്ചേർത്തു.പരിഭാഷ: ജ്യോത്സ്ന വി.