“മുത്തച്ഛാ തിരിച്ചുവരൂ”, തന്ന സിംഗിന്‍റെ പേരക്കുട്ടി ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തെ ഫോണിൽ വിളിച്ചുപറയും. “എനിക്കെങ്ങിനെ തിരിച്ചുവരാൻ പറ്റും? അവന്‍റെ ഭാവിക്കുവേണ്ടിയല്ലേ ഞാനിവിടെ നിൽക്കുന്നത്?” കൂടാരത്തിന് പുറത്തെ കസേരയിലിരുന്ന് സിംഗ് പറയുന്നു.

“അവന്‍റെ (മകന്‍റെ 15 വയസ്സുള്ള മകന്‍റെ) ശബ്ദം കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും. പേരക്കുട്ടികളെ അവിടെയാക്കി വരാൻ ആർക്കെങ്കിലും ഇഷ്ടമുണ്ടാവുമോ? ആൺ‌മക്കളേയും പെൺ‌മക്കളേയും വീട്ടിൽ തനിച്ചാക്കി വരാൻ ആർക്ക് സാധിക്കും” കണ്ണീരോടെ അദ്ദേഹം പറഞ്ഞു.

പക്ഷേ, എന്ത് കാരണം പറഞ്ഞിട്ടായാലും തിരിച്ചുപോവാൻ തന്ന സിംഗ് ഇഷ്ടപ്പെടുന്നില്ല. 2020 നവംബർ 26 മുതൽ ഒരുദിവസം പോലും ടിക്രിയിലെ സമരസ്ഥലത്തുനിന്ന് അദ്ദേഹം വിട്ടുനിന്നിട്ടില്ല. ഏകദേശം ഒരുവർഷം കഴിഞ്ഞ്, മൂന്ന് കാർഷികനിയമങ്ങളും പിൻ‌വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നുകഴിഞ്ഞിട്ടും, 70 വയസ്സായ, വിഭാര്യനായ സിംഗ് തിരിച്ച് വീട്ടിലേക്ക് പോവാൻ തയ്യാറല്ല. നിയമങ്ങൾ ഔദ്യോഗികമായി പിൻ‌വലിച്ചുകഴിഞ്ഞതിനു ശേഷമേ തിരിച്ചുപോവുന്നുള്ളു എന്നാണ് നിലപാട്. “ഈ നിയമങ്ങൾ പിൻ‌വലിച്ചുകൊണ്ട് പ്രസിഡന്‍റ് ഒപ്പിടുന്നതിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. ഈ ദിവസം വരുന്നതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ വീട് വിട്ടത്”, അദ്ദേഹം പറഞ്ഞു.

മൂന്ന് കാർഷികനിയമങ്ങളും പിൻ‌വലിക്കണമെന്നാവശ്യപ്പെട്ട്, തലസ്ഥാനത്തിന്‍റെ അതിർത്തിയിലെത്തിയ പതിനായിരക്കണക്കിന് കർഷകരിൽ ഒരാളാണ് തന്ന സിംഗ്. മുൻപോട്ടുള്ള വഴി സർക്കാർ അടച്ചപ്പോൾ അവർ ടിക്രിയിലും (പടിഞ്ഞാറൻ ദില്ലി), സിംഘുവിലും (തലസ്ഥാനത്തിന്‍റെ വടക്ക്-പടിഞ്ഞാറൻ ഭാഗം), ഗാസിപുരിലും (കിഴക്ക് ഭാഗത്ത്) തമ്പടിച്ചു.

പഞ്ചാബിലെ മുക്ത്സർ ജില്ലയിലെ ഭംഗ്‌ചാരി ഗ്രാമത്തിൽനിന്നാണ് മറ്റ് കർഷകരുടെകൂടെ സിംഗ് ട്രാക്ടറിൽ ദില്ലിയിലേക്ക് വന്നത്. സമരസ്ഥലത്തിന്‍റെ അടുത്തെവിടെയോ നിർത്തിയിട്ടിരിക്കുകയാണ് കർഷകരുടെ ട്രാക്ടറുകൾ. തന്‍റെ ഗ്രാമത്തിൽ, അയാളുടെ കുടുംബം, എട്ട് ഏക്കറിൽ, നെല്ലും ഗോതമ്പും കൃഷിചെയ്യുന്നു. “കൃഷിസ്ഥലം നോക്കാൻ മകനെ ഏർപ്പാടാക്കിയിട്ടാണ് ഞാൻ ഇവിടെ വന്നത്”, അദ്ദേഹം പറഞ്ഞു.

Tanna Singh's 'home' for the last one year: 'Many things happened, but I didn’t go back home [even once] because I didn’t want to leave the morcha'
PHOTO • Sanskriti Talwar
Tanna Singh's 'home' for the last one year: 'Many things happened, but I didn’t go back home [even once] because I didn’t want to leave the morcha'
PHOTO • Sanskriti Talwar

കഴിഞ്ഞ ഒരുവർഷമായി തന്ന സിംഗ് താമസിക്കുന്ന വീട് ’ ( ഇടത്ത് ); “ പലതും സംഭവിച്ചു , പക്ഷേ , ഈ സമരത്തിൽനിന്ന് മാറിനിൽക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാൻ [ഒരിക്കൽ‌പ്പോലും] തിരിച്ചുപോയില്ല

നഷ്ടങ്ങളുടെ കഠിനവർഷമാണ് അദ്ദേഹം പിന്നിട്ടത്. രണ്ട് ബന്ധുക്കൾ - അമ്മാവന്‍റെ മകനും, ബന്ധത്തിലുള്ള സഹോദരിയുടെ പേരക്കുട്ടിയും – ഈ കാലത്തിനിടയിൽ മരിച്ചു. “അവൻ ബിരുദാനന്തരബിരുദം നേടിയിട്ടേ ഉണ്ടായിരുന്നുള്ളു. തീരെ ചെറുപ്പം. പക്ഷേ എനിക്ക് പോകാന്‍ കഴിഞ്ഞില്ല”, അദ്ദേഹം പറഞ്ഞു. “കഴിഞ്ഞുപോയ ഒരു വർഷം പലതും സംഭവിച്ചുവെങ്കിലും ഞാൻ നാട്ടിൽ പോയില്ല. സമരത്തിൽനിന്ന് പിന്മാറാൻ താത്പര്യമില്ലാത്തതിനാലാണ് ഞാന്‍ പോകാതിരുന്നത്”.

പിന്നിലാക്കി പോന്ന വീട്ടിൽ സന്തോഷത്തിന്‍റെ മുഹൂർത്തങ്ങളും ഈ കാലത്തിനിടയിൽ ഉണ്ടായി. “എന്‍റെ മകൾ, 15 വർഷത്തിനുശേഷം പ്രസവിച്ചു. ഞാൻ തിരിച്ചുപോയില്ല. പേരക്കുട്ടിയെ കാണാൻ‌പോലും... തിരിച്ചുചെന്നാൽ, ആദ്യം അവരെ ചെന്ന് കാണണം. മൊബൈൽ ഫോണിൽ ഫോട്ടോയിൽ‌മാത്രമാണ് അവനെ (ഇപ്പോൾ പത്തുമാസം പ്രായം) ഞാൻ കണ്ടിട്ടുള്ളത്. നല്ല സുന്ദരനാണ്”, സിംഗ് പറഞ്ഞു.

അതേ റോഡിൽ, മറ്റൊരു താത്ക്കാലിക കൂടാരത്തിൽ‌വെച്ച് ജസ്കരൺ സിംഗിനെ കണ്ടു. റോഡിലെ ഡിവൈഡറിനടുത്താണ് അവരുടെ കൂടാരം. തൊട്ട് മുകളിൽ ദില്ലിയിലെ മെട്രോ റെയിൽ. “സമരം ചെയ്യാനാണ് ഞങ്ങൾ വീടിന്‍റെ സൗകര്യങ്ങൾ ഉപേക്ഷിച്ച് ഇവിടെ ഈ തെരുവിൽ വന്നത്. തലയ്ക്ക് മുകളിൽ ഉറപ്പുള്ള ഒരു കൂരയില്ലാതെ ജീവിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല”, ജസ്കരൺ സിംഗ് പറഞ്ഞു.

കടുത്ത തണുപ്പുള്ള രാത്രികളും ചൂടുള്ള പകലുകളുമുള്ള ഒരു വർഷമാണ് കടന്നുപോയത്. മഴക്കാലത്തായിരുന്നു പക്ഷേ ശരിക്കും ദുരിതം. “ആ രാത്രികളിൽ തരം‌പോലെ ഒന്ന് ഉറങ്ങാൻ‌പോലും ബുദ്ധിമുട്ടായിരുന്നു. പലപ്പോഴും കാറ്റിൽ പന്തലിന്‍റെ മേൽക്കൂര പറന്നുപോവും. അപ്പോൾ അത് വീണ്ടും കെട്ടിയേ പറ്റൂ”, അദ്ദേഹം പറഞ്ഞു.

Tanna Singh with 85-year-old Joginder Singh, who has been staying in the same tent, as did many others who came from his village to the protest site
PHOTO • Sanskriti Talwar
Tanna Singh with 85-year-old Joginder Singh, who has been staying in the same tent, as did many others who came from his village to the protest site
PHOTO • Sanskriti Talwar

തന്ന സിംഗ് , അതേ പന്തലിൽ കഴിയുന്ന 85 വയസ്സുള്ള ജോഗീന്ദർ സിംഗിനോടൊപ്പം . അതേ പന്തലിൽ അദ്ദേഹത്തിന്‍റെ ഗ്രാമത്തിൽനിന്ന് വന്ന മറ്റുള്ളവരുമുണ്ട്

മാൻ‌സ ജില്ലയിലെ ഭിഖിയിൽനിന്ന് വന്ന ജസ്കരൺ (മുകളിലെ കവർ ഫോട്ടോയിൽ) ഇടയ്ക്കിടയ്ക്ക് വീട്ടിലേക്ക് പോയും വന്നും ഇരിക്കുകയായിരുന്നു. വീട്ടിൽ, കുടുംബത്തിന്‍റെ 12 ഏക്കർ സ്ഥലത്ത്, നെല്ലും ഗോതമ്പും കൃഷിചെയ്യുന്നുണ്ട് ജസ്കരൺ. അദ്ദേഹത്തിന്‍റെ മകൻ കുറേ മുമ്പ്, ഷോക്കടിച്ച് മരിച്ചുപോയിരുന്നു. ഒന്നരക്കൊല്ലത്തിനുശേഷം ഭാര്യയും മരിച്ചു. 80 വയസ്സുള്ള അമ്മയും, മരുമകളും, രണ്ട് പേരക്കുട്ടികളുമൊത്താണ് അദ്ദേഹം ഇപ്പോൾ ജീവിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നപ്പോൾ, ടിക്രിയിലേക്ക് തിരിച്ചുവരുന്ന ബസ്സിലായിരുന്നു അദ്ദേഹം. സ്വന്തം ഗ്രാമത്തിൽനിന്നുള്ള മറ്റ് നാലുപേരുമുണ്ടായിരുന്നു കൂടെ. “പ്രഖ്യാപനം വന്നപ്പോൾ മറ്റുള്ളവരോടൊപ്പം ആഘോഷിക്കാൻ പറ്റാതെ, ഞങ്ങൾ ഗ്രാമത്തിനും ടിക്രിക്കും ഇടയിൽ‌പ്പെട്ടു”, 55 വയസ്സുള്ള ജസ്കരൺ പറഞ്ഞു. നിയമങ്ങൾ പിൻ‌വലിച്ചതുകൊണ്ട് തിരിച്ചുവരാൻ പറഞ്ഞ് അമ്മ അയാളെ ഫോണിൽ വിളിച്ചുവെങ്കിലും, “പാർലമെന്‍റിൽ ബിൽ പിൻ‌വലിച്ചാലേ തിരിച്ചുവരൂ” എന്ന് അയാൾ ഉറപ്പിച്ച് പറഞ്ഞു. നവംബർ 29-ന് തുടങ്ങുന്ന ശീതകാലസമ്മേളനമായിരുന്നു അയാൾ ഉദ്ദേശിച്ചത്. “ഞങ്ങൾ കർഷകരെക്കൊണ്ട് ഈ സമരത്തിന് ഗുണമുണ്ടായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ, ബിൽ പാർലമെന്‍റിൽ‌ പിൻ‌വലിച്ച്, തിരിച്ച് വീട്ടിലെത്തിയാലേ ശരിക്കും സന്തോഷിക്കാൻ കഴിയൂ”, ജസ്കരൺ പറഞ്ഞു.

എന്നാൽ, ഗ്രാ‍മത്തിലേക്ക് മടങ്ങുന്നതും അത്ര എളുപ്പമായിരിക്കില്ല എന്നാണ്, ഭട്ടിൻഡ ജില്ലയിലെ കോട്ടഡ കോരിയാം‌വാലാ ഗ്രാമത്തിൽനിന്ന് ടിക്രിയിലെത്തിയ പരം‌ജിത്ത് കൗർ പറയുന്നത്. “ഞങ്ങളുടെ മനസ്സിന് സുഖമുള്ള കാര്യമല്ല. ഇവിടെ ഞങ്ങൾ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി, എല്ലാ കഷ്ടപ്പാടുകളും അതിജീവിച്ച് ഒരുമിച്ച് കഴിഞ്ഞ വീട് വിട്ടുപോവുന്നത് സങ്കടകരമാണ്. പഞ്ചാബിലെ വീട്ടിലുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയും ഞങ്ങൾ ഉറപ്പുവരുത്തിയിരുന്നു”.

Paramjit Kaur (with Gurjeet Kaur, both from Bathinda district, and other women farmers have stayed in tents at Tikri since last November. 'Our hearts will find it difficult [to return to our villages', Paramjit says. 'We will miss the homes we have built here, built with our hands, and in very difficult times'
PHOTO • Sanskriti Talwar
Paramjit Kaur with Gurjeet Kaur, both from Bathinda district, and other women farmers have stayed in tents at Tikri since last November. 'Our hearts will find it difficult [to return to our villages', Paramjit says. 'We will miss the homes we have built here, built with our hands, and in very difficult times'
PHOTO • Sanskriti Talwar

ഭട്ടിൻഡ ജില്ലയിൽനിന്നുള്ള പരംജിത് കൗറും ( ഇടത്ത് ) ഗുർജീത് കൗറും മറ്റ് സ്ത്രീകളും കഴിഞ്ഞ നവംബർ മുതൽ ടിക്രിയിലെ ഈ കൂടാരത്തിലാണ് ( വലത്ത് ) കഴിഞ്ഞത് . “ ഗ്രാമത്തിലെ വീട്ടിലേക്ക് തിരിച്ചുപോവുന്നത് വേദനയുള്ള കാര്യമാണ് , ഇവിടെ ഞങ്ങൾ സ്വന്തം കൈകൊണ്ട് ഉണ്ടാക്കി , എല്ലാ കഷ്ടപ്പാടുകളും അതിജീവിച്ച് ഒരുമിച്ച് കഴിഞ്ഞ വീടാണിത്

അവരുടെ കൂടാരത്തിൽനിന്ന് ഏറെ അകലെയല്ലാതെ, ഹരിയാനയിലെ ബഹദൂർഗഢിനടുത്തുള്ള ദേശീയപാതയിലെ ഡിവൈഡറിൽ, അവരും മറ്റു കർഷകസ്ത്രീകളും ചേർന്ന് പച്ചക്കറികളും തക്കാളിയും കാരറ്റും ഉരുളക്കിഴങ്ങും മറ്റും കൃഷി ചെയ്തിരുന്നു. ഞാൻ അവരെ കാണുന്ന സമയത്ത്, ഉച്ചയൂണിന് ഈ ‘കൃഷിസ്ഥല‘ത്തുനിന്ന് ശേഖരിച്ച ചീര വലിയൊരു പാത്രത്തില്‍ പാചകം ചെയ്യുകയായിരുന്നു അവർ.

നിരവധി ഓർമ്മകളും നഷ്ടങ്ങളും സഹിച്ചതിനാൽ, മനസ്സുകളെ ഭേദപ്പെടുത്താനും ബുദ്ധിമുട്ടായിരിക്കുമെന്ന് പരംജിത്ത് കൂട്ടിച്ചേർത്തു. “പ്രതിഷേധത്തിനിടയ്ക്ക് മരിച്ചുപോയ ഞങ്ങളുടെ 700-ഓളം ആളുകളെ ഞങ്ങൾ ഓർക്കും. ദേഹത്ത് വണ്ടി കയറി മരിച്ച ഞങ്ങളുടെ മൂന്ന് സ്ത്രീകളെ ഓർക്കുമ്പോൾ സങ്കടം വരും. ഇവിടെ പത്ത് ദിവസം താമസിച്ച് ദീവാലിക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ. നല്ല സന്തോഷത്തോടെ, ഓട്ടോറിക്ഷ കാത്ത് ഡിവൈഡറിൽ നിൽക്കുമ്പോഴാണ് സംഭവം. അന്ന് ഞങ്ങൾക്ക് ഭക്ഷണം പോലും ഇറങ്ങിയില്ല. ഇതിനെക്കുറിച്ചൊന്നും ഒരു വേവലാതിയുമില്ല ഈ മോഡി സർക്കാരിന്”.

ജനുവരി 26-ലെ ട്രാക്ടർ പരേഡിന്‍റെ സമയത്ത്, “നിരവധിപേർക്ക് ലാത്തികൊണ്ട് വടികൊണ്ടും തല്ലുകൊണ്ടു. ഞങ്ങൾക്കുനേരെ കണ്ണീർവാതകം ഉപയോഗിച്ചു. ഞങ്ങളുടെ പേരിൽ കേസെടുത്തു. ഞങ്ങൾ ഇതൊക്കെ ജീവിതകാലം മുഴുവൻ ഓർത്തുവെക്കും“ പരംജിത് കൗറ് പറയുന്നു. ഏകദേശം 60 വയസ്സുള്ള അവർ ഭാരതീയ കിസാൻ യൂണിയന്‍റെ (ഏകത) (ഉഗ്രാഹാം) ഭട്ടിൻഡയിലെ വനിതാനേതാവാണ്.

മൂന്ന് കാർഷികനിയമങ്ങൾ പിൻ‌വലിച്ചതുകൊണ്ടുമാത്രം കർഷകരുടെ സമരം അവസാനിക്കില്ലെന്ന് അവർ ആവർത്തിച്ചു. “അധികാരത്തിലേറുന്ന ഒരു സർക്കാരും കർഷകസമൂഹത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. അവർ അവരുടെ കാര്യം മാത്രമാണ് ആലോചിക്കുന്നത്. ഞങ്ങൾ വീട്ടിൽ‌പ്പോയി ഞങ്ങളുടെ കുട്ടികളെ കാണും, പേരക്കുട്ടികളുടെ കൂടെ കളിക്കും. അതുകഴിഞ്ഞാൽ പക്ഷേ കർഷകരുടെ വേറെയും കാര്യങ്ങൾക്കുവേണ്ടി ഞങ്ങൾക്ക് പൊരുതേണ്ടിവരും“.

On the divider of the highway not far from their tents, Paramjit and other women farmers have been growing vegetables. The day I met her, she was cooking spinach harvested from this ‘farmland’
PHOTO • Sanskriti Talwar
On the divider of the highway not far from their tents, Paramjit and other women farmers have been growing vegetables. The day I met her, she was cooking spinach harvested from this ‘farmland’
PHOTO • Sanskriti Talwar

കൂടാരത്തിൽനിന്ന് അകലെയല്ലാതെ , ദേശീയപാതയിലെ ഡിവൈഡറിൽ , അവരും മറ്റു കർഷകസ്ത്രീകളും ചേർന്ന് പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്നു . ഞാൻ അവരെ കാണുന്ന സമയത്ത് , ഉച്ചയൂണിന് ആ കൃഷിസ്ഥല ത്തുനിന്ന് പറിച്ച ചീര പാചകം ചെയ്യുകയായിരുന്നു അവർ

“ഞങ്ങൾക്കിപ്പോഴും അയാളുടെ (മോഡിയുടെ) ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയങ്ങളുണ്ട്”, മാൻസ ജില്ലയിലെ പഞ്ചാബ് കിസാൻ യൂണിയന്‍റെ സംസ്ഥാന കമ്മിറ്റിയംഗമായ, 60 വയസ്സുള്ള ജസ്ബീർ കൗർ നട് പറഞ്ഞു. അവരും ടിക്രിയിലായിരുന്നു ക്യാമ്പ് ചെയ്തിരുന്നത് “എത്ര ശ്രമിച്ചിട്ടും കർഷകരിലെ ഒരു വിഭാഗത്തിനെ പ്രേരിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനർത്ഥം, ആ കാർഷികനിയമങ്ങൾ കൊണ്ടുവന്നത് നല്ല തീരുമാനമായിരുന്നുവെന്ന് അയാൾ വിശ്വസിക്കുന്നു എന്നല്ലേ? പ്രഖ്യാപിച്ച കാര്യം എഴുതിത്തരുന്നത് കാത്തിരിക്കുകയാണ് ഞങ്ങൾ. എന്നിട്ട്, എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിക്കും. കാരണം, അവർ പലപ്പോഴും വാക്കുകൾ വെച്ച് കളിക്കുന്നവരാണ്”, അവർ പറയുന്നു.

വൈദ്യുതി (ഭേദഗതി) ബിൽ 2020, കറ്റ (കൊയ്ത്തിനുശേഷം ബാക്കിവരുന്നത്) കത്തിക്കുന്ന ഓർഡിനൻസ് എന്നിവ പിൻ‌വലിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ ജസ്ബീർ സൂചിപ്പിച്ചു. “സർക്കാർ ഇതൊക്കെ അംഗീകരിച്ചേക്കുമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, മിനിമം താങ്ങുവിലയെക്കുറിച്ച് (എം.എസ്.പി.) ഉറപ്പുതരുന്ന കാര്യത്തിൽ അവർ മുന്നോട്ട് പോവില്ല. പിന്നെ മറ്റ് ആവശ്യങ്ങളുമുണ്ട്. സമരത്തിൽ ഏർപ്പെട്ട കർഷകർക്കുമേൽ ചുമത്തിയ എഫ്.ഐ.ആറുകൾ പിൻ‌വലിക്കുക, ട്രാക്ടറുകൾക്ക് വന്ന കേടുപാടുകൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവ. അതുകൊണ്ട് അത്ര വേഗത്തിലൊന്നും ഞങ്ങൾ ഒഴിയാൻ പോവുന്നില്ല”, അവർ പറയുന്നു.

നവംബർ 22-ന് ലഖ്‌നൗവില്‍ നടത്തുന്ന കിസാൻ പഞ്ചായത്ത്, നവംബർ 26-ന് ദില്ലിയുടെ എല്ലാ അതിർത്തികളിലും സംഘടിപ്പിക്കുന്ന ഒത്തൊരുമിക്കൽ, നവംബർ 29-ന് പാർലമെന്‍റിലേക്ക് നടത്തുന്ന മാർച്ച് എന്നിങ്ങനെ, മുൻ‌കൂട്ടി തീരുമാനിച്ചതുപ്രകാരം‌തന്നെ മൂന്ന് കാർഷികനിയമങ്ങൾക്കെതിരായ തങ്ങളുടെ സമരം തുടരുമെന്ന് 40 കർഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത് കിസാൻ മോർച്ച നവംബർ 2, ഞായറാഴ്ച പ്രഖ്യാപിച്ചു.

പരിഭാഷ: രാജീവ് ചേലനാട്ട്

Sanskriti Talwar

সংস্কৃতি তলওয়ার নয়া দিল্লি-ভিত্তিক স্বতন্ত্র সাংবাদিক এবং ২০২৩ সালের পারি-এমএমএফ ফেলোশিপ প্রাপক রিপোর্টার।

Other stories by Sanskriti Talwar
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat