ഒടിഞ്ഞ കൈ തൂക്കിയിടാനുപയോഗിച്ചിരുന്ന കെട്ട് നാരായണ്‍ ഗായക്വാഡിനെ അലോസരപ്പെടുത്തിയിരുന്നു. അദ്ദേഹം അതഴിച്ചുമാറ്റിയ ശേഷം തൊപ്പി ശരിയാക്കിക്കൊണ്ട് തന്‍റെ നീല ഡയറിയും പേനയും തിരഞ്ഞു. അദ്ദേഹം കുറച്ചു ധൃതിയില്‍ ആയിരുന്നു.

“മാഝ നാവ് നാരായണ്‍ ഗായക്വാഡ്. മി കൊല്‍ഹാപൂരാതന ആലൊയ. തുംഹി കുഠ്ന ആലായ? [എന്‍റെ പേര് നാരായണ്‍ ഗായക്വാഡ്. ഞാന്‍ വരുന്നത് കോല്‍ഹാപൂരില്‍ നിന്നാണ്. നിങ്ങള്‍ എവിടെ നിന്നു വരുന്നു?]”, കോല്‍ഹാപൂരിലെ ജാംഭലി ഗ്രാമത്തില്‍ നിന്നുള്ള 73-കാരന്‍ കര്‍ഷകന്‍ ചോദിച്ചു.

അദ്ദേഹം തന്‍റെ ചോദ്യങ്ങള്‍ അഹ്മദ്നഗര്‍ ജില്ലയില്‍ നിന്നും ദക്ഷിണ മുംബൈയിലെത്തി വെയില്‍ കൊള്ളാതെ ആസാദ് മൈദാനിലെ കൂടാരങ്ങളില്‍ തങ്ങിയ ഒരുകൂട്ടം ആദിവാസി കര്‍ഷരോട് ചോദിച്ചു. മഹാരാഷ്ടയിലെ 21 ജില്ലകളില്‍ നിന്ന് ഒരുമിച്ചുകൂടി പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ജനുവരി 24 മുതല്‍ 26 വരെ പ്രതിഷേധിക്കാന്‍ അവിടെത്തിയതായിരുന്നു ആ കര്‍ഷകര്‍. ശിരോള്‍ താലൂക്കിലെ തന്‍റെ ഗ്രാമത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്ററാണ് മുറിവേറ്റ കൈകളുമായി നാരായണ്‍ സഞ്ചരിച്ചത്. ഗ്രാമത്തില്‍ അദ്ദേഹത്തിന് മൂന്നേക്കര്‍ കൃഷിയിടം ഉണ്ട്.

സ്വയം പരിചയപ്പെടുത്തിയ ശേഷം നാരായണ്‍ താനും മറ്റുള്ളവരും ഗ്രാമത്തില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. “ഞാനൊരു കര്‍ഷകനാണ്, പ്രശ്നങ്ങള്‍ മനസിലാക്കാന്‍ എനിക്ക് പറ്റും”, ജനുവരി 25-ന് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം എന്നോടു പറഞ്ഞു. തന്‍റെ ഒടിഞ്ഞ വലതു കൈയുമായി അദ്ദേഹം മറാത്തി ഭാഷയില്‍ കുറിപ്പെഴുതുകയായിരുന്നു. “കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുക എന്നത് പ്രധാനമാണ്, അതിനാല്‍ ഞാന്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു”, ചലിക്കുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നെങ്കിലും അദ്ദേഹം പറഞ്ഞു.

പത്തു ജില്ലകളില്‍ നിന്നു വന്ന ഇരുപതിലധികം കര്‍ഷകരോട് ആസാദ് മൈദാനിയില്‍ വച്ചു താന്‍ സംസാരിച്ചുവെന്ന് പിന്നീട് അദ്ദേഹം എന്നോടു പറഞ്ഞു.

ജനുവരി മാസത്തിലെ ഒന്നാമത്തെ ആഴ്ച കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ തെങ്ങോല വീണാണ് നാരായണിന്‍റെ കൈ ഒടിഞ്ഞത്. അദ്ദേഹം കരിമ്പും മണിച്ചോളവും കൃഷി ചെയ്യുന്നു. രാസവളങ്ങള്‍ ഉപയോഗിക്കാതെ പച്ചക്കറികളും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ആദ്യമൊക്കെ പരിക്ക് കാര്യമാക്കിയില്ലെങ്കിലും ഒരാഴ്ചയ്ക്ക് ശേഷവും വേദന കുറയാതെ വന്നപ്പോള്‍ ജാംഭലിയിലുള്ള  സ്വകാര്യ ഡോക്ടറുടെ അടുത്ത് അദ്ദേഹം പോയി. “പരിശോധനയ്ക്കു ശേഷം കൈ ഉളുക്കിയതാണെന്നു ഡോക്ടര്‍ പറഞ്ഞു. കൈയേല്‍ ബാന്‍ഡേജ് ചുറ്റാനും നിര്‍ദേശിച്ചു” അദ്ദേഹം പറഞ്ഞു.

Left: Farmers at the sit-in protest in Mumbai’s Azad Maidan. Right: Narayan (wearing a cap) and others from Shirol taluka at a protest rally in Ichalkaranji town
PHOTO • Sanket Jain
Left: Farmers at the sit-in protest in Mumbai’s Azad Maidan. Right: Narayan (wearing a cap) and others from Shirol taluka at a protest rally in Ichalkaranji town
PHOTO • Sanket Jain

ഇടത്: ആസാദ് മൈദാനിലെ ധര്‍ണ്ണയില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍. വലത് : ശിരോള്‍ താലൂക്കില്‍ നിന്നുള്ള നാരായണും (തൊപ്പി ധരിച്ചയാള്‍) മറ്റുള്ള കര്‍ഷകരും ഇചല്‍കരഞ്ചി പട്ടണത്തിലെ പ്രതിഷേധ ജാഥയില്‍.

എങ്കിലും വേദനയ്ക്ക് ശമനമുണ്ടായില്ല. ഏഴ് ദിവസങ്ങള്‍ കൂടി കഴിഞ്ഞ ശേഷം നാരായണ്‍ 12 കിലോമീറ്റര്‍ അകലെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചെല്ലുകയും എക്‌സ്-റേ എടുക്കുകയും ചെയ്തു. “ഡോക്ടര്‍ എന്നോട് പറഞ്ഞു, ‘നിങ്ങള്‍ എന്തൊരു മനുഷ്യനാണ്?  നിങ്ങളുടെ കൈ ഒടിഞ്ഞിട്ട് ഒരാഴ്ചയിലധികമായി, പക്ഷെ നിങ്ങളത് ഗൗനിക്കാതെ കറങ്ങി നടക്കുന്നു’”, നാരായണ്‍ എന്നോടു പറഞ്ഞു. കൈയിലിടാനുള്ള പ്ലാസ്റ്റര്‍ കാസ്റ്റ് (പ്ലാസ്റ്റര്‍ ഓഫ് പാരീസും ബാന്‍ഡേജും ചേര്‍ത്ത് കട്ടിയില്‍ ഉണ്ടാക്കുന്ന വസ്തു) ആശുപത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ ഡോക്ടര്‍ അദ്ദേഹത്തെ 15 കിലോമീറ്റര്‍ അകലെയുള്ള സാങ്ക്‌ലി എന്ന സ്ഥലത്തെ സിവില്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അവിടുന്ന് പ്ലാസ്റ്റര്‍ ഇടുകയും ചെയ്തു.

ജനുവരി 24-ന് വീട്ടില്‍ നിന്ന് ആസാദ് മൈദാനിലേക്കു യാത്രയാകുമ്പോള്‍ കുടുംബം അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ ആവേശം തണുത്തില്ല. “നിങ്ങള്‍ തടഞ്ഞാല്‍ മുംബൈക്ക് പോവുക മാത്രമല്ല, തിരിച്ചു വരികപോലുമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു.” കൈ ഉയര്‍ത്തി നിര്‍ത്തുന്നതിനായി കഴുത്തില്‍ കെട്ടി തൂക്കിയിട്ടാണ് അദ്ദേഹം യാത്രയായത്.

അദ്ദേഹത്തിന്‍റെ ഭാര്യ 66 വയസുള്ള കുസുമിനും ഗ്രാമത്തില്‍ ക്യഷിയിടമുണ്ട്. അവര്‍ 13 ഭാക്രിയും (അപ്പം പോലെ വട്ടത്തിലുള്ള റോട്ടി) ചുവന്ന ചമ്മന്തിയും (ചുവന്ന മുളകു കൊണ്ട് ഉണ്ടാക്കിയത്) നെയ്യും പഞ്ചസാരയും ചേര്‍ത്ത് പൊതിഞ്ഞെടുത്ത് നാരായണിന്‍റെ യാത്രയ്ക്കായ് കൊടുത്തു. ഭാര്യക്കറിയാമായിരുന്നു അതിന്‍റെ പകുതി  പോലും അദ്ദേഹം കഴിക്കില്ലെന്ന്. “അദ്ദേഹമെപ്പോഴും തനിക്കുള്ള ഭക്ഷണം സമരക്കാര്‍ക്ക് കൊടുക്കും”, മുംബൈ പ്രക്ഷോഭത്തിനു ശേഷം ജാംഭലി സന്ദര്‍ശിച്ച എന്നോട് അവര്‍ പറഞ്ഞു. രണ്ടു ദിവസം കൊണ്ട് രണ്ടു ഭാക്രി മാത്രം കഴിച്ച് ബാക്കിയുള്ളവ അദ്ദേഹം 4 ആദിവാസി കര്‍ഷക സ്ത്രീകള്‍ക്കു നല്കി. “ഞങ്ങള്‍ ബുര്‍ഷ്വാസികളല്ല, അകലെയുള്ള നിരവധി ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ ജാഥ ആരംഭിച്ചിട്ടുണ്ട്. എനിക്കു ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യം അവര്‍ക്കു ഭക്ഷണം നല്‍കി എന്നതാണ്”, നാരായണ്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) യുമായി ബന്ധപ്പെട്ടു പ്രവത്തിക്കുന്ന ഓള്‍ ഇന്ത്യാ കിസാന്‍ സഭയിലെ അംഗമാണ് അദ്ദേഹം.

നവംബര്‍ 26 മുതല്‍ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ലക്ഷക്കണക്കിനു കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കു വേണ്ടി ജനുവരി 24 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ മുംബൈയില്‍ നടന്ന ധര്‍ണ്ണ സംഘടിപ്പിച്ചത് സംയുക്ത ശേത്കരി കാംഗാര്‍ മോര്‍ച്ചയാണ്.

താഴെപ്പറയുന്ന മൂന്നു നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത്: കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 . 2020 ജൂൺ 5-നാണ് ഈ നിയമങ്ങള്‍ ഓർഡിനൻസുകളായി ആദ്യം ഇറക്കിയത്. പിന്നീട് ഇവ സെപ്റ്റംബർ 14-ന് പാർലമെന്‍റിൽ കാര്‍ഷിക ബില്ലുകളായി അവതരിപ്പിക്കുകയും അതേ മാസം ഇരുപതോടുകൂടി നിലവിലുള്ള സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമങ്ങളാക്കുകയും ചെയ്തു.

കര്‍ഷകരുടെയും കൃഷിയുടെയുംമേൽ വലിയ അധികാരം ലഭിക്കുന്ന വിധത്തില്‍ വൻകിട കോർപ്പറേറ്റുകൾക്ക് ഇടം നല്‍കുന്നതിനാല്‍ കർഷകർ ഈ നിയമങ്ങളെ കാണുന്നത് തങ്ങളുടെ ഉപജീവനത്തെ തകര്‍ക്കുന്നവയായിട്ടാണ്. മിനിമം താങ്ങു വില (എം.എസ്.പി), കാർഷികോത്പ്പന്ന വിപണന കമ്മിറ്റികൾ (എ.പി.എം.സി.), സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കര്‍ഷകര്‍ക്കു താങ്ങാകാവുന്ന എല്ലാത്തിനെയും അവ ദുര്‍ബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്‍റെ പ്രാധാന്യം ഇല്ലാതാക്കിക്കൊണ്ട്‌ എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ഈ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.

Left: Narayan Gaikwad came from Kolhapur to join the march. Right: Kalebai More joined the jatha in Umarane
PHOTO • Shraddha Agarwal
Narayan (left) has met hundreds of farmers at protests across India. "He always distributes food to the protestors," says Kusum Gaikwad (right)
PHOTO • Sanket Jain

നാരായണ്‍ (ഇടത്) ഇന്ത്യയിലുടനീളം പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തതിലൂടെ നൂറിലേറെ കര്‍ഷകരെ പരിചയപ്പെട്ടു. “അദ്ദേഹം എപ്പോഴും ഭക്ഷണം സമരക്കാർക്ക് നൽകുന്നു” കുസും ഗായക്വാഡ് (വലത്) പറയുന്നു.

ഇതാദ്യമായല്ല മറ്റു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാൻ നാരായണ്‍ ആസാദ് മൈദാനിയിലിരിക്കുന്നത്. "ഞാന്‍ എപ്പോഴും സഹ സമരക്കാരോട് അവരുടെ പ്രശ്നങ്ങളെപ്പറ്റി കൂടുതലറിയാനായി സംസാരിക്കാറുണ്ട്”, അദ്ദേഹം പറഞ്ഞു. വർഷങ്ങൾ കൊണ്ട് അദ്ദേഹം ഇന്ത്യയിലുടനീളമുള്ള കർഷക സമരങ്ങളിലും യോഗങ്ങളിലും വച്ച് നൂറുകണക്കിന് കർഷകരെ പരിചയപ്പെടുകയും അവരിൽ നിരവധിയാളുകളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ, നാഗ്പൂര്‍, ബീഡ്, ഔറംഗാബാദ് എന്നിവ കൂടാതെ ഡല്‍ഹി, ബീഹാറിലെ സമസ്തിപൂര്‍, തെലങ്കാനയിലെ ഖമ്മം, തമിഴ്‌നാട്ടിലെ കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലും കാര്‍ഷിക സമരത്തിന്‍റെ ഭാഗമായി അദ്ദേഹം യാത്ര ചെയ്തിട്ടുണ്ട്.

2020 സെപ്റ്റംബര്‍ 20-ന് പുതിയ നിയമങ്ങൾ പാസാക്കിയതിനു ശേഷം കോല്‍ഹാപൂർ ജില്ലയിൽ 10 സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് നാരായണ്‍ പറഞ്ഞു. കഴിഞ്ഞ നാലു മാസങ്ങളിൽ കോല്‍ഹാപൂരിലെ ഗ്രാമങ്ങളായ ജാംഭലി, നാന്ദണി, ഹരോലി, അര്‍ജുന്‍വാഡ്, ധരണഗുത്തി, ശിര്‍ധോന്‍, ടാകവഡ്‌ എന്നിവടങ്ങളിലെ നിരവധി കര്‍ഷകരുമായി അദ്ദേഹം സംസാരിച്ചു. "ഞാൻ സംസാരിച്ച നൂറു കണക്കിനു കർഷകരിൽ ആര്‍ക്കും പുതിയ നിയമത്തോട് താല്‍പര്യമില്ല. ഇങ്ങനൊരു നിയമത്തിന്‍റെ ആവശ്യം പിന്നെന്താണ്?”, ദേഷ്യം കലര്‍ന്ന ശബ്ദത്തോടെ നാരായണ്‍ ചോദിച്ചു.

2020 ഡിസംബര്‍ 8-ന് കര്‍ഷകര്‍ രാജ്യവ്യാപകമായി ഏകദിന ബന്ദ് നടത്തിയപ്പോൾ ശിരോള്‍ താലൂക്കിലെ കുരുന്ദ്വാഡ് പട്ടണത്തിലായിരുന്നു നാരായണ്‍. "ജാഥ നടത്താനുള്ള അനുമതി ഞങ്ങൾക്കു നിഷേധിച്ചു. പക്ഷെ, പട്ടണത്തിലുള്ള ആളുകൾ കർഷകരോടു സഹകരിക്കുകയും അവരെ പിന്തുണക്കുകയും ചെയ്തു. അല്ലെന്നുവരികില്‍ കുരുന്ദ്വാഡിലെ കടകൾ അടച്ചിടുന്നത് നിങ്ങൾ ഒരിക്കലും കാണില്ല – ഒരിക്കലും”, അദ്ദേഹം പറഞ്ഞു.

അടുത്ത ഗ്രാമങ്ങളിലെ കര്‍ഷകരെ കാണുന്നതിനും സമരങ്ങളില്‍ പങ്കെടുക്കുന്നതിനുമായി നാരായണ്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റ് 10 മണിയോടുകൂടി തന്‍റെ കൃഷിയിടത്തിലെ പണികള്‍ തീര്‍ത്ത്, മോട്ടോര്‍സൈക്കിളില്‍ അടുത്ത ഗ്രാമങ്ങളിലേക്കു പോകുന്നു. വിളകള്‍ തിന്നാന്‍ എത്തുന്ന പക്ഷികളെ ഓടിക്കുന്നതിനായി വൈകുന്നേരം അഞ്ചു മണിയോടെ തിരികെയെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലേക്ക് അടുത്ത ദിവസം വാഹനജാഥ നടത്താന്‍ തയ്യാറായിരിക്കുന്ന മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2,000 കര്‍ഷകരടങ്ങിയ ശക്തമായ ഒരു സംഘത്തോടു ചേരുന്നതിനായി ഡിസംബര്‍ 20-ന് അദ്ദേഹം ജാംഭലിയില്‍ നിന്നും ഏകദേശം 500 കിലോമീറ്റര്‍ അകലെയുള്ള നാസികിലേക്കു പോയി.

നാരായണ്‍ ജാഥയോടൊപ്പം മദ്ധ്യപ്രദേശ്‌ അതിര്‍ത്തിവരെ പോവുകയും, തണുപ്പുകാരണം യാത്ര തുടരാനാവാത്ത അല്ലെങ്കില്‍ കൃഷിയിടങ്ങളിലേക്ക് പോരേണ്ട, കുറച്ചു കര്‍ഷകരോടൊപ്പം തിരിച്ചു പോരുകയും ചെയ്തു. “ഡല്‍ഹിയില്‍ കൂടിയിരിക്കുന്ന കര്‍ഷകര്‍ വലിയ ആവേശം നല്‍കുന്നു. അവര്‍ക്ക് രാജ്യത്തെ മുഴുവന്‍ ഒന്നിപ്പിച്ചിരിക്കുന്നു. എനിക്കും ഡല്‍ഹിക്ക് പോകണമെന്നുണ്ടായിരുന്നു, പക്ഷെ തണുപ്പും പുറം വേദനയും കാരണം സാധിച്ചില്ല”, അദ്ദേഹം പറഞ്ഞു.

Left: Narayan always talks to the protesting farmers to know more about their struggles and takes notes in his diary. Right: Narayan has sent 250 postcards to Narendra Modi, asking him to repeal the three farm laws
PHOTO • Sanket Jain
Left: Narayan always talks to the protesting farmers to know more about their struggles and takes notes in his diary. Right: Narayan has sent 250 postcards to Narendra Modi, asking him to repeal the three farm laws
PHOTO • Sanket Jain

കുറിപ്പുകള്‍ എഴുതിയിരിക്കുന്ന നാരായണിന്‍റെ ഡയറി (ഇടത്). പുതിയ കാർഷിക നിയമങ്ങൾ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പ്രധാന മന്ത്രിക്ക് 250 പോസ്റ്റ് കാര്‍ഡുകൾ (വലത്) അയച്ചിരുന്നു

മറ്റ് രീതികളിലും നാരായണ്‍ തന്‍റെ പ്രധിഷേധം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു. കർഷകരുടെ ആശങ്കകൾ ഉയർത്തിക്കാട്ടി 250 പോസ്റ്റ് കാർഡുകൾ അദ്ദേഹം 2020 സെപ്റ്റംബറിനും ഒക്ടോബറിനും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചിരുന്നു. മൂന്ന് “കരിനിയമങ്ങൾ” പിൻവലിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാർശ ചെയ്തതു പ്രകാരം എം.എസ്.പി. നടപ്പാക്കുക, 2020-ലെ വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക എന്നിവയാണ് അദ്ദേഹം ഉന്നയിച്ച ആവശ്യങ്ങൾ. എം.എസ്.പി.യുമായി ബന്ധപ്പെട്ട കമ്മീഷന്‍റെ ശുപാർശകൾ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിൽപ്പിന്നെ അദ്ദേഹം അക്കാര്യത്തില്‍ ശ്രദ്ധാലുവാണ്. “2015-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള എം.എസ്.പി. നടപ്പാക്കാൻ പറ്റില്ല എന്നാണ്. ഇപ്പോൾ അവർ പറയുന്നു ഈ നിയമങ്ങൾ മൂലം എം.എസ്.പി. ഇല്ലാതാവില്ലെന്ന്. എങ്ങനെ അവരെ നമ്മൾ വിശ്വസിക്കും?"

അദ്ദേഹത്തിന് ശേഷം താലൂക്കിലെ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കർഷകർ പ്രധാനമന്ത്രിക്ക് പോസ്റ്റ് കാര്‍ഡുകൾ അയയ്ക്കാൻ ആരംഭിച്ചെന്ന് അദ്ദേഹം എന്നാടു പറഞ്ഞു. "ഈ നിയമങ്ങൾ കര്‍ഷകര്‍ക്ക് മനസിലാകില്ലെന്ന് ആളുകൾ പറയുന്നു. ഞങ്ങൾ എല്ലാ ദിവസവും പാടത്ത് പണിയെടുക്കുന്നവരാണ്. ഞങ്ങൾ എങ്ങനെ അതു മനസിലാക്കാതിരിക്കും”, അദ്ദേഹം അദ്ഭുതപ്പെട്ടു.

പുതിയ നിയമങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചും പൂർണ്ണമായും മനസ്സിലാക്കുന്നതിന് അദ്ദേഹം സാമൂഹ്യ പ്രവര്‍ത്തകരും നിയമവിദഗ്ദരുമായി ചർച്ചകൾ നടത്തുന്നുണ്ട്. “ഈ നിയമങ്ങള്‍ എല്ലാവരേയും സംബന്ധിച്ച് അപകടകരമാണ്. എതെങ്കിലും തർക്കം ഉണ്ടാകുന്ന പക്ഷം നമുക്കു കോടതിയിൽ പോകാൻ പോലും പറ്റില്ല", അദ്ദേഹം പറഞ്ഞു.

കർഷകേതരർക്കിടയിലും ഈ നിയമങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “ വിചാര്‍ പ്രബോധന്‍ കേല പാഹിജേ പൂര്‍ണ് ദേശാത് [രാജ്യം മുഴുവൻ ഉണരണം].”

ജനുവരി 25-ന് കര്‍ഷകർ ആസാദ് മൈദാനില്‍ നിന്ന് സംസ്ഥാന ഗവര്‍ണ്ണറുടെ ദക്ഷിണ മുംബൈയിലുള്ള വസതിയിലേക്ക് ജാഥ നടത്താനാരംഭിച്ചപ്പോൾ നാരായണ്‍ കോൽഹാപ്പൂർ ജില്ലയിൽ നിന്നുള്ള കര്‍ഷകരുടെ വസ്തുവകകള്‍ക്ക് കാവലായി മൈദാനില്‍ത്തന്നെ തന്നെ ഇരുന്നു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ പട്ടികയായി നാരായൺ തന്‍റെ ഡയറിയില്‍ കുറിച്ചിട്ടുണ്ട്: ‘ഭൂഅവകാശ രേഖകൾ, വിള ഇൻഷുറൻസ്, മിനിമം താങ്ങുവില, എ.പി.എം.സി. ചന്തകള്‍’ എന്നിങ്ങനെ. "കാർഷിക നിയമങ്ങൾ ആദ്യം എ.പി.എം.സി.കളെ നശിപ്പിക്കും, പിന്നെ ഇന്ത്യൻ കർഷകരെ കൊല്ലും” എന്നു പറഞ്ഞ അദ്ദേഹം, “ഈ മൂന്നു നിയമങ്ങൾ ഞങ്ങൾ എല്ലാ കർഷകരേയും കോർപ്പറേറ്റുകൾക്കു വേണ്ടി പണിയെടുക്കുന്ന തൊഴിലാളികളാക്കും" എന്നിങ്ങനെയും കൂട്ടിച്ചേർത്തു.

പരിഭാഷ : അനിറ്റ് ജോസഫ്

Sanket Jain

মহারাষ্ট্রের কোলাপুর নিবাসী সংকেত জৈন পেশায় সাংবাদিক; ২০১৯ সালে তিনি পারি ফেলোশিপ পান। ২০২২ সালে তিনি পারি’র সিনিয়র ফেলো নির্বাচিত হয়েছেন।

Other stories by Sanket Jain
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph