മകൻ എങ്ങിനെയാണ് മരിച്ചതെന്ന് തനിക്കറിയാമെന്നായിരുന്നു ശോഭ സാഹ്നി കരുതിയത്. പക്ഷേ ഏഴ് മാസങ്ങൾക്കിപ്പുറം അവർക്കിപ്പോൾ അതത്ര തീർച്ചയില്ല.

ആറ് വയസ്സായ മകൻ ആയുഷിന് അസുഖം ബാധിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു ശോഭ. ഫെബ്രുവരിയിലെ ശാന്തമായ ഒരു ഉച്ചയ്ക്ക് ബ്രഹ്മസാരി ഗ്രാമത്തിലെ തന്റെ ഒറ്റമുറി വീടിന്റെ വാതിൽ‌പ്പടിയിലിരിക്കുകയായിരുന്നു 30 വയസ്സുള്ള അവർ. “അവന് പനിയുണ്ടായിരുന്നു. പിന്നെ, വയർ വേദനിക്കുന്നുവെന്നും പറഞ്ഞു”, ശോഭ ഓർത്തെടുത്തു.

2021 ജൂലായ് മാസം അവസാനമായിരുന്നു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലെ അവരുടെ ഗ്രാമത്തിൽ മഴവെള്ളം കയറി. അത് അസാധാരണമായിരുന്നില്ല. “എല്ലാ വർഷവും അത് സംഭവിക്കാറുണ്ട്. വെള്ളം ഒഴുകിപ്പോവാനുള്ള സംവിധാനമില്ല” അവർ പറഞ്ഞു.

ഓരോ തവണ മഴ പെയ്യുമ്പോഴും ബ്രഹ്മസാരിയിൽ വെള്ളക്കെട്ടുണ്ടാവുകയും അത് ചാണകവും മനുഷ്യവിസർജ്ജവും മാലിന്യവുമായി കലർന്ന് ഗ്രമത്തിലാകെ പരക്കുകയും ചെയ്യും. “ചത്തുപോയ പ്രാണികളും കൊതുകുകളുമൊക്കെ വെള്ളത്തിൽ ഉണ്ടാവും. വീട്ടിൽ പാകം ചെയ്യുന്നിടത്തുപോലും ഈ വെള്ളം കയറും. ഞങ്ങളുടെ കുട്ടികൾ ഈ വെള്ളത്തിലാണ് കളിക്കുക. എത്ര അരുതെന്ന് പറഞ്ഞാലും അവർ കേൾക്കില്ല. മഴക്കാലത്ത് ഇവിടെ ആളുകൾ രോഗികളാവാറുണ്ട്”, അവർ സൂചിപ്പിച്ചു.

കഴിഞ്ഞ കൊല്ലം അവരുടെ മകന്റെ ഊഴമായിരുന്നു. “ആദ്യം, രണ്ട് സ്വകാര്യ ആശുപത്രിയിൽ അവനെ ചികിത്സിക്കാൻ ഞങ്ങൾ നോക്കി. ബർഹൽഗഞ്ചിലും സിക്രിഗഞ്ചിലും. നടന്നില്ല”

പനി വന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ശോഭ അവനെ 7 കിലോമീറ്റർ അകലെയുള്ള ബെൽഘട്ടിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൊണ്ടുപോയി. അവിടെനിന്ന് അവർ, ബാബ രാഘവ് ദാസ് മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകാൻ എഴുതിക്കൊടുത്തു. ബ്രഹ്മസാരിയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള അടുത്ത പട്ടണമായ ഗോരഖ്പുരിലായിരുന്നു മെഡിക്കൽ കൊളേജ്.

PHOTO • Parth M.N.

ഗോരഖ്പുർ ജില്ലയിലെ ബ്രഹ്മസാരി ഗ്രാമത്തിലെ വീടിന് മുന്നിലുള്ള വെള്ളപ്പമ്പ് കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ശോഭ സാഹ്നി

സർക്കാരിന്റെ കീഴിലുള്ള ആശുപത്രിയും മെഡിക്കൽ കൊളേജുമാണ് ബി.ആർ.ഡി. മെഡിക്കൽ കൊളേജ്. പ്രദേശത്തുള്ള ഏക ആരോഗ്യസംരക്ഷണകേന്ദ്രവുമാണ് അത്. കിഴക്കൻ ഉത്തർപ്രദേശിൽനിന്നും അയൽ‌സംസ്ഥാനമായ ബിഹാറിൽനിന്നും അയൽ‌രാജ്യമായ നേപ്പാളിൽനിന്നുള്ളവരുമടക്കം 5 കോടി വരുന്ന ജനസംഖ്യയെ പരിചരിക്കുന്ന ആരോഗ്യകേന്ദ്രമാണ് അതെന്ന് പറയപ്പെടുന്നു. താങ്ങാവുന്നതിലുമധികം ആളുകളെ പരിചരിക്കുന്ന ഈ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരവും അതിനാൽ വളരെ കൂടുതലാണ്.

ഗോരഖ്പുർ ആശുപത്രിയിലെത്തിയതിനുശേഷം ആയുഷിന് രോഗം മൂർച്ഛിച്ചു. “അവന് മസ്തിഷ്കവീക്കമാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്” ശോഭ പറയുന്നു. അഞ്ചുദിവസത്തിനുശേഷം 2021 ഓഗസ്റ്റ് 4-ന് അവൻ മരിച്ചു. “അവന് അത് സംഭവിക്കാൻ പാടില്ലായിരുന്നു. എന്റെ മോൻ നല്ലൊരു കുട്ടിയായിരുന്നു”, പൊട്ടിക്കരഞ്ഞുകൊണ്ട് ശോഭ കൂട്ടിച്ചേർത്തു.

ജാപ്പനീസ് എൻസിഫാലിറ്റീസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിനുശേഷം 1978 മുതൽ ഗോരഖ്പുരിനെ അത് ബാധിച്ചുതുടങ്ങി. നാല് പതിറ്റാണ്ടായി, ഇടയ്ക്കിടയ്ക്ക് ആവർത്തിക്കുന്ന കഠിനമായ മസ്തിഷ്കവീക്ക ലക്ഷണം (അക്യൂട്ട് എൻസിഫാലിറ്റിസ് സിൻഡ്രോം- എ.ഇ.എസ്) പ്രദേശത്തെ ആയിരക്കണക്കിന് ജീവനുകളെയാണ് അപഹരിച്ചത്.

തലച്ചോറിന്റെ വീക്കവുമായി ബന്ധപ്പെട്ട അവസ്ഥകളെ പൊതുവായി സൂചിപ്പിക്കുന്ന എ.ഇ.സ് എന്ന പദം, ഇന്ത്യയിലെ ഒരു ഗുരുതരമായ ജനാരോഗ്യപ്രശ്നമാണ് . എ.ഇ.എസിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൊതുകുജന്യ വൈറസായ ജാപ്പനീസ് എൻസിഫാലിറ്റ്സ് വൈറസാണെങ്കിലും, മറ്റ് പല വൈറസുകളും, ബാക്ടീരിയകളും സാംക്രമികമല്ലാത്തതും സൂക്ഷ്മവുമായ ജൈവാണുക്കളും ഇതിന് കാരണമാവുന്നുണ്ട്.

കടുത്ത പനി, അതിവേഗം മാറുന്ന മാനസികാവസ്ഥകൾ, ചുഴലി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ആരെയും ഏതുസമയത്തും ബാധിക്കാവുന്ന രോഗമാണെങ്കിലും, 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പൊതുവായി ഇത് ബാധിക്കുന്നത്. അനാരോഗ്യം, അംഗവൈകല്യം, മരണം എന്നിവപോലും സംഭവിച്ചേക്കാം. മഴക്കാലത്തും അതിനോടടുത്ത് വരുന്ന മാസങ്ങളിലുമാണ് കേസുകൾ അധികമാവുക.

ശുചിത്വവും വൃത്തിയും ശുദ്ധജലവുമില്ലാത്ത സ്ഥലങ്ങളിലാണ് ഇത് കൂടുതലും കണ്ടുവരിക. ഈ എല്ലാ ഗണത്തിലും പെടുന്ന ഒരു സ്ഥലമാണ് ബ്രഹ്മസാരി.

PHOTO • Parth M.N.

വെള്ളപ്പൊക്കാവശിഷ്ടങ്ങളും ചളിയും ബ്രഹ്മസാരിയെ എൻസിഫാലിറ്റിസിന് കാരണമായ സാംക്രമികരോഗങ്ങളുടെ വിളനിലമാക്കുന്നു

ആയുഷിന് എൻസിഫാലിറ്റിസ് ആയിരുന്നു എന്ന് ഉറപ്പിക്കുന്നതിന് ബി.ആർ.ഡി.മെഡിക്കൽ കോളേജ് നൽകിയ മരണസർട്ടിഫിക്കറ്റ് കാണാൻ ഞങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചു. “അതെന്റെ ഭർത്തൃസഹോദരന്റെ കൈയ്യിലാണ്. അയാളുടെ നമ്പർ വാങ്ങി, വാട്ട്സാപ്പിൽ അയയ്ക്കാൻ പറയൂ”, ശോഭ ആവശ്യപ്പെട്ടു.

ഞങ്ങൾ അതുപ്രകാരം ചെയ്തപ്പോൾ മറുപടി വന്നു. കഠിനമായ മസ്തിഷ്കജ്വരവും ഹൃദയാഘാതവുമാണ് മരണകാരണം എന്നായിരുന്നു അതിൽ രേഖപ്പെടുത്തിയിരുന്നത്. “പക്ഷേ ഡോക്ടർമാർ എന്നോട് പറഞ്ഞത് ആയുഷിനെ മസ്തിഷ്കവീക്കത്തിനാണ് ചികിത്സിച്ചിരുന്നത് എന്നാണ്. എന്നോട് ഒരു കാര്യം പറയുകയും സർട്ടിഫിക്കറ്റിൽ മറ്റൊന്ന് എഴുതുകയും ചെയ്യാൻ അവർക്കെങ്ങിനെ കഴിയുന്നു”, ശോഭ ചോദിച്ചു.

*****

2017-ൽ, ഓക്സിജൻ ദൌർല്ലഭ്യം മൂലം (ഓഗസ്റ്റ് 10-ന്) രണ്ട് ദിവസത്തിനുള്ളിൽ 30 കുട്ടികൾ മരിച്ചപ്പോൾ വാർത്തകളിൽ ഇടം പിടിച്ച ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കൽ കൊളേജ്. ഓക്സിജൻ ദൌർല്ലഭ്യമാണ് ഈ ദുരന്തത്തിന് കാരണമായതെന്ന വാർത്ത സംസ്ഥാന സർക്കാർ നിഷേധിക്കുകയാണുണ്ടായത്. മസ്തിഷ്കവീക്കമടക്കമുള്ള സ്വാഭാവികമായ കാരണങ്ങൾകൊണ്ടാണ് കുട്ടികൾ മരിച്ചതെന്നും, ഓഗസ്റ്റ് 7-നും 9-നുമിടയിലും അത്രതന്നെ കുട്ടികൾ മരിച്ചിട്ടുണ്ടെന്നുമായിരുന്നു സർക്കാരിന്റെ വാദം.

ആശുപത്രിയുടെ ഉയർന്ന മരണനിരക്ക് അസ്വാഭാവികമായിരുന്നില്ല.

2012 മുതൽ 2017-ലെ ഈ ദുരന്തംവരെ, ബി.ആർ.ഡി. മെഡിക്കൽ കൊളേജിൽ മരണപ്പെട്ട കുട്ടികളുടെ എണ്ണം 3,000 ആണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ, ജാപ്പനീസ് എൻസിഫാലിറ്റിസോ അക്യൂട്ട് എൻസിഫാലിറ്റിസ് സിൻഡ്രോമോ മൂലം മരണപ്പെട്ട 50,000 കുട്ടികളിൽ ഉൾപ്പെട്ടവരായിരുന്നു ആ മൂവായിരം കുട്ടികളും. ഗോരഖ്പുരിനെയും, പ്രദേശത്തെ എ.ഇ.എസ് കേസുകൾ അധികവും കൈകാര്യം ചെയ്യുന്ന അവിടുത്തെ ഏറ്റവും തിരക്കുള്ള ആ ആശുപത്രിയേയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനവിഷയത്തെ 2017-ലെ ആ കുട്ടികളുടെ മരണം ആളിക്കത്തിച്ചു.

ഗോരഖ്പുർ സ്വന്തം നിയോജകമണ്ഡലമായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇത് വിഷമവൃത്തത്തിലാക്കി. മുഖ്യമന്ത്രിയാവുന്നതിനുമുൻപ്, 1998 മുതൽ അഞ്ച് തവണ തുടർച്ചയായി ഗോരഖ്പുർ ലോക്സഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് ആദിത്യനാഥായിരുന്നു.

2017-ലെ സംഭവത്തിനുശേഷം എൻസിഫാലിറ്റ്സ് നിയന്ത്രിക്കുന്നതിൽ മുഖ്യമന്ത്രി വ്യക്തിപരമായ താത്പര്യമെടുത്തുവെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്മാരുടെ ഭാഷ്യം. “കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ, ആവശ്യമായ പ്രദേശങ്ങളിൽ ഞങ്ങൾ കീടനാശിനികൾ തളിച്ചിട്ടുണ്ട്”, ഗോരഖ്പുർ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. അശുതോഷ് ദുബെ പറഞ്ഞു. “ജാപ്പനീസ് എൻസിഫാലിറ്റ്സ് തടയുന്നതിന് ഏപ്രിൽ മുതൽ ഞങ്ങൾ പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയിട്ടുണ്ട്. മുമ്പ്, ജൂണിലോ ജൂലായിലോ ആയിരുന്നു അത് ചെയ്തിരുന്നത്. അത് പക്ഷേ വളരെ വൈകിപ്പോയിരുന്നു. കാരണം, മഴക്കാലത്തിനുശേഷമാണ് കേസുകൾ കൂടുന്നത്”.

PHOTO • Parth M.N.

മനുഷ്യവിസർജ്ജവും ചാണകവും മാലിന്യവും ഭൂഗർഭജലത്തിൽ കലരുന്നതാണ് ഗോരഖ്പുർ ജില്ലയിലെ ഉയർന്ന സാംക്രമികനിരക്കിന് കാരണം

കഴിഞ്ഞ ചില വർഷങ്ങളായി, തന്റെ സർക്കാർ സംസ്ഥാനത്ത് എ.ഇ.എസ്. ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതായി കാണുന്നു. ഡയറക്ടറേറ്റ് ഓഫ് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺ‌ട്രോൾ പ്രോഗ്രാം (കൊതുകുജന്യരോഗങ്ങളുടെ നിയന്ത്രണത്തിനായുള്ള ദേശീയപദ്ധതി കാര്യാലയം) പ്രസിദ്ധീകരിച്ച ഡേറ്റ ഈ അവകാശവാദത്തെ ശരിവെക്കുന്നു.

ഉത്തർപ്രദേശിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന എ.ഇ.എസ്, ജെ.ഇ. കേസുകൾ തുടർച്ചയായി കുറഞ്ഞുവരികയാണ്. 2017-ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 4,742 എ.ഇ.എസ്. കേസുകളിൽ 693 എണ്ണം ജെ.ഇ. കേസുകളായിരുന്നു. മരിച്ചവരുടെ എണ്ണം 654. അതിൽ ജെ.ഇ. മൂലം മരിച്ചവർ 93 ആയിരുന്നു.

2020-ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട എ.ഇ.എസ്. കേസുകൾ 1,646-ഉം മരണം 83-ഉം ആയിരുന്നു. 2021-ൽ സ്ഥിതി വീണ്ടും മെച്ചപ്പെട്ടു. 1,657 കേസുകളിൽ 58 മരണവും അതിൽത്തന്നെ ജെ.ഇ. മൂലമുള്ള മരണം നാലും ആയി കുറഞ്ഞു.

2017 മുതൽ 2021-വരെയുള്ള എ.ഇ.എസ്, ജെ.ഇ. മരണങ്ങൾ അമ്പരപ്പിക്കുന്ന വിധം യഥാക്രമം 91-ഉം 95-ഉം ശതമാനമായി കുറഞ്ഞു.

മസ്തിഷ്കവീക്കം ഉന്മൂലനം ചെയ്യുന്നതിൽ തന്റെ സർക്കാർ വിജയിച്ചതായി, അടുത്ത് നടന്ന അസംബ്ലി തിരഞ്ഞെടുപ്പുകളിലെ വിജയത്തിനുശേഷം 2022 ഏപ്രിൽ 2-ന്, ആ‍ദിത്യനാഥ് പ്രഖ്യാപിക്കുകയുണ്ടായി.

എന്തായാലും, ആയുഷിന്റെ കാര്യത്തിലെന്നപോലെ, മരണസർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തപ്പെട്ട മരണകാര്യങ്ങളുടെ കാര്യത്തിലുള്ള പൊരുത്തക്കേടുകൾ സൂചിപ്പിക്കുന്നത്, കണക്കുകൾ തെറ്റായി രേഖപ്പെടുത്തുവെന്നുതന്നെയാണ്.

ആയുഷ് മരിച്ചത് മസ്തിഷ്കവീക്കംകൊണ്ടായിരിക്കാൻ ഇടയില്ലെന്ന്, ബ്രഹ്മസാരി ഗ്രാമം ഉൾപ്പെടുന്ന ബെൽഘാട്ട് ബ്ലോക്കിലെ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഡോ. സുരേന്ദ്ര കുമാർ പറഞ്ഞു. “നിങ്ങൾ പറയുന്ന കേസുകൾ എനിക്ക് പരിചയമുള്ളവയാണ്”, അയാൾ പറഞ്ഞു. “അതൊരു എ.ഇ.എസ് മരണമായിരുന്നില്ല. എന്റെ പ്രദേശത്തുനിന്ന് ഒരു എ.ഇ.എസ് രോഗിയെ അഡ്മിറ്റ് ചെയ്താൽ മെഡിക്കൽ കൊളേജ് എന്നെ അറിയിക്കുമായിരുന്നു”.

എന്നാൽ, ഫെബ്രുവരിൽ ബാബ രാഘവ് ദാസ് മെഡിക്കൽ കൊളേജിലെ പ്രിൻസിപ്പൽ ഡോ. ഗണേഷ് കുമാറിനെ പാരി സന്ദർശിച്ചപ്പോൾ അദ്ദേഹം, ബെൽഘാട്ട് ബ്ലോക്കിലെ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ അവകാശവാദത്തെ തള്ളിക്കളയുകയാണ് ചെയ്തത്. “സാങ്കേതികമായി മസ്തിഷ്കജ്വരവും എ.ഇ.എസ്സിന്റെ കീഴിലാണ് വരുന്നത്. രോഗിയെ അഡ്മിറ്റ് ചെയ്തപ്പോൾ എ.ഇ.എസ് വിഭാഗത്തിലായിരുന്നു ചേർത്തിരുന്നത്”, അദ്ദേഹം സൂചിപ്പിച്ചു.

മസ്തിഷ്കജ്വരമായിരുന്നു മരണകാരണം എന്ന് സൂചിപ്പിച്ച ആയുഷിന്റെ മരണസർട്ടിഫിക്കറ്റ് ഞങ്ങൾ അദ്ദേഹത്തെ കാണിച്ചു. “ഇതിൽ എ.ഇ.എസ് നമ്പർ ഇല്ല. ഉണ്ടാകേണ്ടതായിരുന്നു”, ചിന്താക്കുഴപ്പത്തിലാണ്ട മുഖഭാവത്തോടെ, തന്റെ മെഡിക്കൽ കോളേജ് ആശുപത്രി നൽകിയ രേഖയിലേക്ക് അദ്ദേഹം നോക്കി.

PHOTO • Parth M.N.

'അരുതെന്ന് എത്ര പറഞ്ഞാലും ഞങ്ങളുടെ കുട്ടികൾ ആ മലിനജലത്തിൽ കളിക്കും,' ശോഭ പറയുന്നു

ഒരു എ.ഇ.എസ് രോഗിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ലെന്ന് ഡോ. കഫീൽ ഖാൻ പറയുന്നു. “പ്രാദേശികമായി നടത്തുന്ന പരിശോധനയാണ് എ.ഇ.എസ്. 15 ദിവസത്തിലധികം ദൈർഘ്യമില്ലാത്ത പനിയും ചുഴലിപോലെ എന്തെങ്കിലും മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്ന ഒരു രോഗിക്ക് എ.ഇ.എസ് നമ്പർ കൊടുക്കാവുന്നതാണ്. മറ്റ് പരിശോധനകളൊന്നും വേണ്ട. 2017 ഓഗസ്റ്റിൽ ദുരന്തമുണ്ടാകുന്നതുവരെ അങ്ങിനെയായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്”, അദ്ദേഹം വിശദീകരിച്ചു.

23 കുട്ടികൾ മരിച്ച 2017 ഓഗസ്റ്റ് 10-ന് ബി.ആർ.ഡി. മെഡിക്കൽ കൊളേജിൽ അദ്ദേഹത്തിനായിരുന്നു ഡ്യൂട്ടി. സംഭവത്തെത്തുടർന്ന്, കൃത്യവിലോപം ആരോപിക്കപ്പെട്ട് അദ്ദേഹത്തെ സർക്കാർ താത്ക്കാലികമായി മാറ്റിനിർത്തി. പിന്നീട്, മറ്റ് ചില കുറ്റങ്ങളോടൊപ്പം, വൈദ്യശാസ്ത്രപരമായ അവഗണനയും ചുമത്തി അറസ്റ്റ് ചെയ്തു. 2018 ഏപ്രിലിൽ ജാമ്യത്തിലിറങ്ങുന്നതുവരെ ഏഴ് മാസമാണ് ജയിൽ‌വാസം അനുഭവിക്കേണ്ടിവന്നത്.

2017-ലെ ദുരന്തത്തെത്തുടർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. “രേഖകളിൽ കൃത്രിമം കാണിച്ചുകൊണ്ട് ആശുപത്രി എനിക്ക് ജോലി നിഷേധിക്കുകയായിരുന്നു” അദ്ദേഹം പറഞ്ഞു. ബി.ആർ.ഡി.യിലെ പീഡിയാട്രിക്ക് വിഭാഗത്തിലെ ലെൿച്ചെറർ ജോലിയിൽനിന്ന് യു.പി. സർക്കാർ അദ്ദേഹത്തെ പുറത്താക്കി. അലഹബാദ് ഹൈക്കോടതിയിൽ അതിനെതിരേ അപ്പീൽ നൽകിയിട്ടുണ്ട് ഡോ. കഫീൽ ഖാൻ.

സൌകര്യപ്രദമായ കണക്കുകളുണ്ടാക്കാനായി എ.ഇ.എസ് കേസുകളെ കഠിനമായ ജ്വരസന്നി (അക്യൂട്ട് ഫെബ്രൈൽ ഇൽനെസ്സ്- എ.എഫ്.ഐ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഖാൻ പറഞ്ഞു. “പക്ഷേ ജ്വരസന്നിയിൽ മസ്തിഷ്കം ഉൾപ്പെടുന്നില്ല. അത് ഉയർന്ന തോതിലുള്ള ഒരു പനി മാത്രമാണ്” അദ്ദേഹം സൂചിപ്പിച്ചു.

തെറ്റായ റിപ്പോർട്ടിംഗൊന്നുമില്ലെന്ന് ജില്ലയിലെ ചീഫ് മെഡിക്കൽ ഓഫീസർ അശുതോഷ് ദുബെ പറഞ്ഞു. “ചില എ.എഫ്.ഐ. കേസുകൾ എ.ഇ.എസ്സുമാകാം. അതുകൊണ്ടാണ് ചില കേസുകളിൽ, ആദ്യം പരിശോധന നടത്തി അതാത് ഗ്രൂപ്പുകളിലാക്കുന്നത്. പക്ഷേ എല്ലാ എ.എഫ്.ഐ. കേസുകളും എ.ഇ.എസ് കേസുകളാവണമെന്നുമില്ല”, ദുബെ പറഞ്ഞു.

കഠിനമായ ജ്വരസന്നി (അക്യൂട്ട് ഫെബ്രൈൽ ഇൽനെസ്സ്) കഠിനമായ മസ്തിഷ്കവീക്ക ലക്ഷണമായി പരിണമിക്കാൻ ഇടയുണ്ട് . കാരണം രണ്ട് രോഗങ്ങൾക്കും അണുബാധമൂലമുള്ള പകർച്ചപ്പനി എന്ന രോഗലക്ഷണം കാണാം. 2015-ലും 2016-ലും നടന്ന ചില പഠനങ്ങൾ പ്രകാരം, ഗോരഖ്പുരിൽ എ.ഇ.എസ് പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാനകാരണമായി പറയുന്നത് ഈ പകർച്ചപ്പനിയെയാണ്. എ.ഇ.എസ്സിലെ 60 ശതമാനവും അതായിരുന്നുവെന്നാണ് ആ പഠനങ്ങൾ പറയുന്നത്.

ഈയടുത്ത് 2019-ൽ മാത്രമാണ് ബി.ആർ.ഡി. മെഡിക്കൽ കൊളേജ് കഠിനമായ ജ്വരസന്നിയെ പ്രത്യേകമായ രോഗപ്പട്ടികയിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. പക്ഷേ അതിന്റെ കൃത്യമായ കണക്കുകൾ തരാൻ ദുബെയും ഗണേഷ് കുമാറും തയ്യാറായില്ല.

PHOTO • Parth M.N.

ശോഭയോട് പറഞ്ഞത് മകൻ ആയുഷിനെ മസ്തിഷ്കവീക്കത്തിന് ചികിത്സിക്കുന്നുവെന്നാണ്. പക്ഷേ മറ്റ് ചില രോഗങ്ങളാണ് അവന്റെ മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്

കടുത്ത പനി, അതിവേഗം മാറുന്ന മാനസികാവസ്ഥകൾ, ചുഴലി എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ആരെയും ഏതുസമയത്തും ബാധിക്കാവുന്ന രോഗമാണെങ്കിലും, 15 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പൊതുവായി ഇത് ബാധിക്കുന്നത്

പക്ഷേ, ആ വർഷം മെഡിക്കൽ കൊളേജിൽ നടന്ന ചികിത്സകളുടെ പട്ടിക പാരിക്ക് സംഘടിപ്പിക്കാൻ സാധിച്ചു. എ.ഇ.എസ്സും ജെ.ഇ.യുംപോലെ എ.എഫ്.ഐയുടേയും സംഖ്യ മഴക്കാലത്ത് വർദ്ധിച്ചതായി അതിൽനിന്ന് കണ്ടെത്തി. (ഡെങ്കു, ചിക്കൻ‌ഗുനിയ, മലേറിയ തുടങ്ങിയവയാണ് എ.എഫ്.ഐ.യിലേക്ക് നയിക്കുന്ന അണുബാധകളിൽ ചിലത്). 2019-ൽ ബി.ആർ.ഡി മെഡിക്കൽ കൊളേജിൽ രജിസ്റ്റർ ചെയ്ത 1,711 എ.എഫ്.ഐ. കേസുകളിൽ 240 എണ്ണം 2019 ഓഗസ്റ്റിലും, 683 എണ്ണം സെപ്റ്റംബറിലും 476 എണ്ണം ഒക്ടോബറിലുമായിരുന്നു. എന്നാൽ ആ വർഷത്തിന്റെ ആദ്യത്തെ ആറുമാസം ഒരൊറ്റ കേസുപോലും അഡ്മിറ്റ് ചെയ്തിരുന്നില്ല.

ഈ സ്ഥിതിവിവരക്കണക്കുകളിൽ ചിലത് 2019 അവസാനത്തിൽ, ഗോരഖ്പുർ ന്യൂസ്‌ലൈൻ എന്ന വെബ്സൈറ്റിൽ പത്രപ്രവർത്തകൻ മനോജ് സിംഗ് പ്രസിദ്ധീകരിച്ചിരുന്നു. ഏറെക്കാലമായി ബി.ആർ.ഡി. മെഡിക്കൽ കൊളേജിലെ മസ്തിഷ്കവീക്ക കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. “ഒന്നും മറച്ചുപിടിക്കാനില്ലെങ്കിൽ എന്തുകൊണ്ടാണ് ഈ ആശുപത്രി പണ്ടത്തെപ്പോലെ ഇപ്പോൾ കണക്കുകൾ പുറത്ത് വിടാത്തത്”, മനോജ് സിംഗ് ചോദിച്ചു. 2019-ലെ പട്ടികയിലുള്ള 1,711 എ.എഫ്.ഐ. കേസുകളിൽ 288 എണ്ണം ജെ.ഇ. കേസുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്നാൽ, ആ വർഷം ഉത്തർപ്രദേശ് സംസ്ഥാനത്തുതന്നെ ആകെ റിപ്പോർട്ട് ചെയ്ത ജെ.ഇ. കേസുകൾ 235 ആയിരുന്നു!

“ബി.ആർ.ഡി.യിലെ 288 രോഗികളിൽ ചിലർ ഉത്തർപ്രദേശിൽനിന്നുള്ളവരല്ലായിരിക്കാം, കാരണം, പടിഞ്ഞാറൻ ബിഹാറിൽനിന്നും നേപ്പാളിൽനിന്നുമുള്ളവരൊക്കെ മെഡിക്കൽ കൊളേജിൽ വരുന്നുണ്ട്. പക്ഷേ ഭൂരിഭാഗവും സംസ്ഥാനത്തുള്ളവർതന്നെയാണ്. അതുകൊണ്ടാണ് സംശയമുദിക്കുന്നത്”, അദ്ദേഹം പറഞ്ഞു.

“ബിഹാറിൽനിന്നും നേപ്പാളിൽനിന്നുമുള്ള കൃത്യമായ എണ്ണം പറയാൻ ബുദ്ധിമുട്ടാണെങ്കിലും പൊതുവെ, അത് 10 ശതമാനത്തിൽ കൂടാറില്ല”, ബി.ആർ.ഡി. മെഡിക്കൽ കൊളേജിലെ പ്രിൻസിപ്പൽ ഗണേഷ് കുമാർ സമ്മതിച്ചു.

എ.ഇ.എസ്. കേസുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുകയോ കുറച്ച് കാണിക്കുകയോ ചെയ്യുന്നുണ്ടോ എന്ന ആശങ്കകൾ വർദ്ധിപ്പിക്കാൻ ഇത് ഇടയാക്കുന്നു.

*****

PHOTO • Parth M.N.

ശോഭ തന്റെ ഇളയ മകൻ കുനാലിനോടൊപ്പം. മഴക്കാലത്ത് മക്കൾക്ക് മസ്തിഷ്കവീക്കം വരുമോ എന്ന് അവർ ഭയപ്പെടുന്നു

എ.ഇ.എസ്. കേസുകൾ എ.എഫ്.ഐ. കേസുകളായി ചികിത്സിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണ്. എ.ഇ.എസ്, എ.എഫ്.ഐ. ചികിത്സകൾതമ്മിലുള്ള പ്രധാന വ്യത്യാസം, മസ്തിഷ്കവീക്കത്തെ തടയുന്ന മാന്നിറ്റോൾ എന്ന മരുന്നിനെ സംബന്ധിച്ചുള്ളതാണ്. ഈ മരുന്ന് ഉപയോഗിക്കാൻ തുടങ്ങുമ്പോൾത്തന്നെ കേസുകൾ എ.ഇ.എസ് ആയി രേഖപ്പെടുത്തണം”, കഫീൽ‌ ഖാൻ പറഞ്ഞു. “എ.ഇ.എസ് രോഗിയെ എ.എഫ്.ഐ രോഗിയായി കണക്കാക്കിയാൽ അതിന്റെ അർത്ഥം, മാന്നിറ്റോൾ ഉപയോഗിക്കുന്നില്ല എന്നതാണ്. അത് ഉപയോഗിച്ചില്ലെങ്കിൽ, (എ.ഇ.എസ്) ബാധിച്ച കുട്ടികൾ, ഒരുപക്ഷേ രക്ഷപ്പെട്ടാൽത്തന്നെയും ജീവിതകാലം മുഴുവൻ വൈകല്യത്തോടെ ജീവിക്കേണ്ടിവരും”. ഡോ. കഫീൽ ഖാൻ സൂചിപ്പിച്ചു.

ചികിത്സാരേഖയിൽ എ.ഇ.എസ് നമ്പർ ഇല്ലെങ്കിൽ, ഒരു മസ്തിഷ്കവീക്ക രോഗിയുടെ കുടുംബത്തിന് സർക്കാരിന്റെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനാവില്ല. മരണം സംഭവിച്ചാൽ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം സർക്കാരിൽനിന്ന് കിട്ടും. രക്ഷപ്പെട്ടവർക്കാകട്ടെ 1 ലക്ഷം രൂപയാണ് കിട്ടുക. ജീവിതകാലം മുഴുവൻ മസ്തിഷ്കവീക്കത്തിന്റെ അനന്തരഫലങ്ങളുമായി ജീവിക്കേണ്ടിവരുന്നതിനുള്ള നഷ്ടപരിഹാരമെന്ന നിലയ്ക്ക്.

എ.ഇ.എസ് പ്രധാനമായും ബാധിക്കുന്നത്, ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ ആളുകൾ താമസിക്കുന്ന പ്രദേശങ്ങളെയാണ്. നഷ്ടപരിഹാരം ഏറ്റവും കൂടുതൽ ആവശ്യമുള്ളവരും അവരാണ്.

ശോഭ അവരിലൊരാളാണ്.

ആയുഷിനെ ബി.ആർ.ഡി. മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോവുന്നതിനുമുൻപ്, രണ്ട് സ്വകാര്യാശുപത്രികളിൽ നടത്തിയ ചികിത്സയ്ക്ക് 1 ലക്ഷം രൂപ അവർക്ക് ചിലവഴിക്കേണ്ടിവന്നു. “ബന്ധുക്കളിൽനിന്ന് ഞങ്ങൾ കടം വാങ്ങി”, നിഷാദ സമുദായക്കാരിയായ ശോഭ പറഞ്ഞു. ഉത്തർപ്രദേശിലെ മറ്റ് പിന്നാക്കജാതികളിൽ ഉൾപ്പെടുന്ന സമുദായമാണ് നിഷാദർ. ഗ്രാമത്തിൽനിന്ന് 75 കിലോമീറ്റർ അകലെ, അസം‌ഗർ ജില്ലയിലെ മുബാരക്പുരിൽ ഒരു ചെറിയ തുണിക്കട നടത്തുകയാണ് ശോഭയുടെ ഭർത്തവ് രവി. മാസം, കഷ്ടിച്ച് 4,000 രൂപ അയാൾ സമ്പാദിക്കുന്നു.

ആയുഷിന് ഒരു എ.ഇ.എസ് നമ്പർ ലഭിച്ചിരുന്നെങ്കിൽ, ഭർത്തൃസഹോദരനിൽനിന്ന് വാങ്ങിയ പണമെങ്കിലും അവർക്ക് തിരിച്ചുകൊടുക്കാൻ കഴിയുമായിരുന്നു. “പഠനത്തിനുവേണ്ടി അയാL50,000 രൂപ മാറ്റിവെച്ചിരുന്നു. അതും ഞങ്ങൾക്ക് കടം വാങ്ങേണ്ടിവന്നു” ശോഭ പറഞ്ഞു.

സ്വന്തമാവശ്യത്തിനുള്ള ഗോതമ്പ് കൃഷിചെയ്യുന്ന ഒരേക്കറിനുതാഴെവരുന്ന കൃഷിഭൂമിയാണ് കുടുംബത്തിനുള്ളത്. “വർഷത്തിൽ ഒരു വിളമാത്രമേ ഞങ്ങൾക്കെടുക്കാൻ പറ്റൂ. കാരണം, മഴക്കാലത്ത് പാടത്ത് വെള്ളം കയറും”, വീടിന് പുറത്തുള്ള വെള്ളപ്പമ്പ് കൈകൊണ്ട് പ്രവർത്തിപ്പിച്ച് ശോഭ പറഞ്ഞു.

PHOTO • Parth M.N.
PHOTO • Parth M.N.

ബെൽഘട്ട് ഗ്രാമപഞ്ചായത്തിലെ തന്റെ വീടിന് മുമ്പിൽ നിൽക്കുന്ന കരം‌ബീർ ബെൽ‌ദാർ. കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ അഞ്ച് വയസ്സുള്ള മരുമകൾ റിയ, മസ്തിഷ്കവീക്ക ലക്ഷണങ്ങളോടെ മരിച്ചു. 'മരണസർട്ടിഫിക്കറ്റിൽ മസ്തിഷ്കവീക്കമെന്നൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല, പക്ഷേ കുട്ടികൾ എല്ലാക്കൊല്ലവും മരിക്കുന്നുണ്ട്'

ഗ്രാമത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ, ബെൽഘാട്ട് ഗ്രാമപഞ്ചായത്തിലുള്ള കരം‌ബീർ ബെൽദാർ തന്റെ മരുമകളുടെ രോഗത്തെക്കുറിച്ച് ബി.ആർ.ഡി. കൊളേജിലെ ഡോക്ടർമാരൊട് പലതവണ ചോദിച്ചു. ആരും മറുപടി കൊടുത്തില്ല. അവൾ മരിച്ചതിനുശേഷം പോലും.

2021 ഓഗസ്റ്റിലാണ് അദ്ദേഹത്തിന്റെ മരുമകൾ അഞ്ച് വയസ്സുള്ള റിയയ്ക്ക് പനി ബാധിച്ചത്. പിന്നെ ചുഴലിയും വന്നു. “എ.ഇ.എസ്സിന്റെ ഏറെക്കുറേ അതേ ലക്ഷണങ്ങളായിരുന്നു. മഴക്കാലമായതിനാൽ, വീടിന് ചുറ്റും മലിനജലം കെട്ടിക്കിടന്നിരുന്നു. ഞങ്ങൾ അവളെ ഉടനെ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് അവളെ ബി.ആർ.ഡിയിലേക്ക് റഫർ ചെയ്തു”.

ആശുപത്രിയിലെ കുപ്രസിദ്ധമായ ശിശുചികിത്സാ വാർഡിലാണ് റിയയെ പ്രവേശിപ്പിച്ചത്. “അവൾക്ക് എന്താണസുഖമെന്ന് ഞങ്ങൾ ഡോക്ടർമാരോട് ചോദിച്ചു. പക്ഷേ ആരും മറുപടി തന്നില്ല”, ബെൽദാർ പറഞ്ഞു. “ഞങ്ങൾ ചോദ്യം ചോദിക്കുമ്പോൾ ഞങ്ങളെ പിടിച്ച് പുറത്താക്കും. നിങ്ങളാണോ അവളെ ചികിത്സിക്കാൻ പോവുന്നതെന്നാണ് ഒരു ജോലിക്കാരൻ എന്നോട് ചോദിച്ചത്”, ബെൽദാർ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ റിയ മരിച്ചു. ‘സെപ്റ്റിക്ക് ഷോക്ക് ക്രഷ് ഫെയിലർ’ (അണുബാധമൂലം ആന്തരികാവയവങ്ങൾക്ക് കേടുവരുന്ന രോഗം) എന്നാണ് മരണകാരണമായി അവളുടെ മരണസർട്ടിഫിക്കറ്റിൽ കുറിച്ചിരുന്നത്. “എനിക്കതിന്റെ അർത്ഥം‌പോലും അറിയില്ല. എന്തിനാണ് ഇത്ര രഹസ്യമായി വെക്കുന്നത്? “മരണസർട്ടിഫിക്കറ്റിൽ മസ്തിഷ്കവീക്കമെന്നൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല, പക്ഷേ കുട്ടികൾ എല്ലാക്കൊല്ലവും മരിക്കുന്നുണ്ട്”

അതുതന്നെയാണ് ശോഭയുടേയും ഭയം.

ആയുഷ് പോയി. ഇപ്പോൾ അവർ ഭയപ്പെടുന്നത്, അഞ്ചും മൂന്നും വയസ്സുള്ള രജ്‌വീർ, കുനാൽ എന്നീ മക്കളെയോർത്താണ്. വലിയ മാറ്റമൊന്നും ഇപ്പോഴുമില്ല. മഴക്കാലത്ത് അവരുടെ ഗ്രാമത്തിൽ വെള്ളം കയറാറുണ്ട്. വെള്ളം മലിനമാവും. കൈകൊണ്ട് പ്രവർത്തിക്കുന്ന വെള്ളപ്പമ്പിൽനിന്നുള്ള വൃത്തികെട്ട ഭൂഗർഭജലം ഉപയോഗിക്കേണ്ടിവരും. ആയുഷിന്റെ ജീവനെടുത്ത സാഹചര്യങ്ങൾ ഇളയ കുട്ടികളുടെ ജീവിതത്തിനും ഭീഷണിയാവുന്നുണ്ട്. മറ്റാരേക്കാളും അതിന്റെ പ്രത്യാഘാതങ്ങൾ ശോഭയ്ക്ക് അറിയുകയും ചെയ്യാം.

താക്കൂർ ഫാമിലി ഫൌണ്ടേഷന്റെ സ്വതന്ത്രപത്രപ്രവർത്തനത്തിനുള്ള ഗ്രാന്റ് ഉപയോഗിച്ച് ജനകീയാരോഗ്യം, പൌരാസ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പാര്‍ത്ഥ് എം. എന്‍. 2017-ലെ പാരി ഫെല്ലോയും വിവിധ വാര്‍ത്ത വെബ്സൈറ്റുകള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തകനുമാണ്. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ താക്കൂർ ഫാമിലി ഫൌണ്ടേഷൻ ഒരുവിധത്തിലുമുള്ള ഇടപെടലുകളും നടത്തിയിട്ടില്ല.

പരിഭാഷ: രാജീവ് ചേലനാട്ട്

Reporter : Parth M.N.

২০১৭ সালের পারি ফেলো পার্থ এম. এন. বর্তমানে স্বতন্ত্র সাংবাদিক হিসেবে ভারতের বিভিন্ন অনলাইন সংবাদ পোর্টালের জন্য প্রতিবেদন লেখেন। ক্রিকেট এবং ভ্রমণ - এই দুটো তাঁর খুব পছন্দের বিষয়।

Other stories by Parth M.N.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat