“എല്ലാ ആത്മാക്കളും മരണം രുചിക്കും”, ശിലാലിഖിതം ഇങ്ങനെ വായിക്കാം. ന്യൂ ഡല്‍ഹിയിലെ ഏറ്റവും വലിയ സെമിത്തേരികളില്‍ ഒന്നായ ജദീദ് അല്‍-എ-ഇസ്‌ലാം ഖബറിടത്തിലെ മിക്ക ഖബര്‍ശിലകളിലും പ്രവചനപരമായ രീതിയിലല്ല ഇത് എഴുതിയിരിക്കുന്നത്.

ഖുറാനില്‍ നിന്നുള്ള ഈ വാചകം -  كُلُّ نَفْسٍ ذَائِقَةُ الْمَوْتِ - പ്രധാനമായും മുസ്ലിം ശ്മശാനമായ അല്‍-ജദീദ് ഖബറിടത്തിന് ശാന്തതയും ദുഃഖവും നിറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. മരിച്ച ആളുടെ ശരീരവുമായി ആംബുലന്‍സ് വരുന്നു. പ്രിയപ്പെട്ടവര്‍ അവസാന പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. ഉടന്‍തന്നെ ആ വാന്‍ അപ്രത്യക്ഷമാവുകയും ഒരു മൃതദേഹം മാത്രം ശേഷിക്കുകയും ചെയ്യുന്നു. പിന്നീട് ഒരു യന്ത്രം മൃതദേഹത്തെ മണ്ണോടു ചേര്‍ക്കുന്നു.

സെമിത്തേരിയുടെ ഒരു വിദൂര മൂലയില്‍ - ബഹദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ മാദ്ധ്യമ കമ്പനികളുടെ കെട്ടിടങ്ങള്‍ക്കടുത്ത് – 62-കാരനായ നിസാം അഖ്തര്‍ മരിച്ച വ്യക്തിയുടെ പേര് ഖബര്‍ശിലയില്‍ എഴുതിക്കൊണ്ടിരിക്കുന്നു. ആളുകള്‍ അതിനെ മേഹറാബ് എന്നാണ് വിളിക്കുന്നത്. കൈവിരലുകള്‍ക്കിടയില്‍ തന്‍റെ പര്‍കസാ (കൈയെഴുത്ത് ബ്രഷ്) സൂക്ഷ്മതയോടെ പിടിച്ചുകൊണ്ട് അദ്ദേഹം നുഖ്ത – പ്രത്യേക ഉച്ചാരണം ലഭിക്കുന്നതിനായി ഉറുദുവിലെ ചില അക്ഷരങ്ങള്‍ക്കു മുകളില്‍ ഇടുന്ന കുത്തുകള്‍ - ഇടുന്നു. അദ്ദേഹം എഴുതുന്ന വാക്ക് ‘ദുര്‍ദാന’ എന്നാണ് - കോവിഡ്-19 മൂലം മരിച്ച വ്യക്തിയുടെ പേരാണത്.

പേരുകളും അനുബന്ധ വാചകങ്ങളും ഖബര്‍ശിലകളില്‍ മികച്ച രീതിയില്‍ സങ്കീര്‍ണ്ണമായ കൈയെഴുത്ത് ലിപികളില്‍ നിസാം എഴുതുന്നു. പിന്നീട് കൂടെ ജോലി ചെയ്യുന്നയാള്‍ ചുറ്റികയും ഉളിയും ഉപയോഗിച്ച് അദ്ദേഹം എഴുതിയ വാചകങ്ങള്‍ കൃത്യമായി കൊത്തിയെടുക്കുന്നു – അങ്ങനെ ചെയ്യുമ്പോള്‍ എഴുതിയ പെയിന്‍റ്  അപ്രത്യക്ഷമാകുന്നു.

കാത്തിബ് (എഴുതുന്നയാള്‍ അല്ലെങ്കില്‍ കൈയെഴുത്ത് ചെയ്യുന്നയാള്‍) ആയി ജോലി ചെയ്യുന്ന നിസാം 40 വര്‍ഷങ്ങളായി മരിച്ചവരുടെ പേരുകള്‍ ഖബര്‍ശിലകളില്‍ എഴുതിക്കൊണ്ടിരിക്കുന്നു. “എത്ര ഖബര്‍ശിലകളില്‍ പണിയെടുത്തിട്ടുണ്ടെന്ന് എനിക്ക് ഓര്‍മ്മയില്ല”, അദ്ദേഹം പറഞ്ഞു. “ഈ ഏപ്രില്‍ മെയ് മാസങ്ങളില്‍ കോവിഡ് മൂലം മരിച്ച ഏകദേശം 150 പേരുടെ പേരുകള്‍ ഞാന്‍ എഴുതി, ഏകദേശം അത്രയെണ്ണം തന്നെ കോവിഡ് ബാധിക്കാതെ മരിച്ചവരുടെയും. ഓരോ ദിവസവും 3 മുതല്‍ 5 ശിലകള്‍ വരെ ഞാന്‍ തീര്‍ക്കുന്നു. കല്ലിന്‍റെ ഒരു വശത്തെഴുതാന്‍ ഏകദേശം ഒരു മണിക്കൂര്‍ വേണം”, അദ്ദേഹം പറഞ്ഞു. അത് ഉറുദുവിലാണ് എഴുതുന്നത്. മറുവശത്ത് സാധാരണയായി മരിച്ചയാളുടെ പേര് മാത്രം ഇംഗ്ലീഷില്‍ എഴുതുന്നു. “ഇത് കടലാസില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എഴുതുന്നതു പോലെയല്ല”, ഒരു പുഞ്ചിരിയോടു കൂടി അദ്ദേഹം സൗമ്യനായി കടലാസില്‍ എഴുതുന്നത് അനുകരിച്ചു കാണിച്ചു.

Left: One of the gates to the qabristan; on this side only those who died of Covid are buried. Right: Nizam Akhtar writing the names of the deceased on gravestones
PHOTO • Amir Malik
Left: One of the gates to the qabristan; on this side only those who died of Covid are buried. Right: Nizam Akhtar writing the names of the deceased on gravestones
PHOTO • Q. Naqvi

ഇടത്: ഖബറിടത്തിലേക്കുള്ള വതായനങ്ങളിലൊന്ന്; ഈ വശത്ത് കോവിഡ് മൂലം മരിച്ചവരെ മാത്രമാണ് അടക്കുന്നത്. വലത്: നിസാം അഖ്തര്‍ മരിച്ചവുടെ പേരുകള്‍ ഖബര്‍ശിലകളില്‍ എഴുതുന്നു.

മഹാമാരിക്ക് മുന്‍പ് പ്രതിഫലം ലഭിച്ചിരുന്നത് ഒന്നോ രണ്ടോ ഖബര്‍ശില എഴുത്തുകള്‍ക്കായിരുന്നെങ്കില്‍, ജോലിഭാരം 200 ശതമാനം ഇരട്ടിയാക്കിക്കൊണ്ട് അല്‍-ജദീദ് ഖബറിടത്തിന് ഇപ്പോള്‍ ലഭിക്കുന്നത് നാലോ അഞ്ചോ എണ്ണത്തിന്‍റെ പ്രതിഫലം ആണ്. ഈ ഭാരം 4 ജോലിക്കാര്‍ വീതിച്ചെടുക്കുന്നു. ഈ ആഴ്ചയില്‍ ഇതുവരെ അവര്‍ പുതുയ ഓര്‍ഡറുകളൊന്നും സ്വീകരിച്ചിട്ടില്ല. പാതി പൂര്‍ത്തിയായ 120 എണ്ണവും ഇനിയും പണി ആരംഭിക്കാനുള്ള 50 എണ്ണവും അവരുടെ കൈവശം ഉണ്ട്.

ഇടപാടുകള്‍ മെച്ചപ്പെടുന്നു. പക്ഷെ, ഇടപാടുകളുടെ അതിവേഗ വളര്‍ച്ച അതില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഹൃദയങ്ങള്‍ തകര്‍ക്കുന്നു. “ഒരുപാട് മനുഷ്യര്‍ മരിച്ചു, അവരോടൊപ്പം മാനവികതയും. മരണ ദൃശ്യങ്ങള്‍ക്കു സാക്ഷ്യം വഹിച്ച് എന്‍റെ ഹൃദയം ഏറെ നേരമായി വിലപിക്കുന്നു”, ഈ ശ്മശാനത്തില്‍ പണിയെടുക്കുന്ന മൂന്നാം തലമുറക്കാരനായ മൊഹമ്മദ്‌ ഷമീം പറഞ്ഞു.

“ജീവിതസത്യം – ഈ ഭൂമിയില്‍ എത്തിയവര്‍ ജീവിക്കുന്നു എന്നുള്ളത് – മരണമെന്ന ആത്യന്തിക സത്യത്തിന് സമാനമാണ് – എല്ലാം വിട്ടകന്നു പോകും”, നിസാം പറഞ്ഞു. “ആളുകള്‍ പോയിക്കൊണ്ടിരിക്കുന്നു, എനിക്കു കൂടുതല്‍ ഖബര്‍ശിലകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു”, മരണത്തിന്‍റെ പ്രവാചകനെപ്പോലെ അദ്ദേഹം പറഞ്ഞു. “പക്ഷെ ഇതുപോലൊന്ന് ജീവിതത്തില്‍ മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല.”

എല്ലാ കുടുംബങ്ങളും ഖബര്‍ശിലയുടെ പണി ഏല്‍പ്പിക്കാതിരുന്നിട്ടു പോലും ഈ ജോലിക്ക് വലിയ തിരക്കാണ്. ഇതിനു കഴിയാത്തവര്‍ ഇരുമ്പ് ബോര്‍ഡുകളില്‍ വാചകങ്ങള്‍ എഴുതി സ്ഥാപിക്കുന്നു. അതിനു പണം കുറവാണ്. ഒരുപാട് ഖബറുകള്‍ ഒന്നും രേഖപ്പെടുത്താതെ അവശേഷിക്കുന്നു. “സംസ്കാരത്തിനു ശേഷം 15 മുതല്‍ 45 ദിവസങ്ങള്‍ കൊണ്ടാണ് ചിലര്‍ പ്രതിഫലം നല്‍കുന്നത്”, നിസാം പറഞ്ഞു. “ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ ഓര്‍ഡറുകള്‍ക്കും അവ നല്‍കുന്ന കുടുംബങ്ങള്‍ കുറഞ്ഞത് 20 ദിവസങ്ങള്‍ കാത്തിരിക്കണം”, അദ്ദേഹത്തിന്‍റെ സഹജോലിക്കാരനും ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ് ഢില്‍ ല്‍നിന്നുള്ള കല്ലുകൊത്തുകാരനുമായ അസിം (അപേക്ഷിച്ചതനുസരിച്ച് പേര് മാറ്റിയിരിക്കുന്നു) പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി 35-കാരനായ അസിം ഇപ്പോള്‍ കൊറോണ വൈറസ് ഉണ്ടെന്നു വിശ്വസിക്കുന്നു. അന്നദ്ദേഹം സംശയാലുവായിരുന്നു. “ശരീരങ്ങള്‍ കള്ളം പറയില്ല. ഞാനൊരുപാട് ശരീരങ്ങള്‍ കണ്ടു. സംശയത്തിന് ഇടനല്‍കാതെ അവയെന്നെ വിശ്വസിപ്പിച്ചു.” ആളുകള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കുവേണ്ടി പോലും കുഴിയെടുക്കുന്നു. “ചിലപ്പോള്‍ കുഴികുത്തുന്നവര്‍ ആവശ്യത്തിനുണ്ടാവില്ല”, അദ്ദേഹം പറഞ്ഞു.

“നേരത്തെ, മഹാമാരി തുടങ്ങുന്നതിനു മുന്‍പ്, ഈ ശ്മശാനത്തില്‍ നിത്യേന നാലോ അഞ്ചോ ശരീരങ്ങളായിരുന്നു എത്തിയിരുന്നത്. മാസത്തില്‍ ഏകദേശം 150”, ശ്മശാന നടത്തിപ്പ് സമിതിയിലെ ഒരു മേല്‍നോട്ടക്കാരന്‍ ഞങ്ങളോടു പറഞ്ഞു.

Asim, Aas and Waseem (left to right) engraving the mehrab: 'Every order that we take, the family has to wait for at least 20 days'
PHOTO • Q. Naqvi
Asim, Aas and Waseem (left to right) engraving the mehrab: 'Every order that we take, the family has to wait for at least 20 days'
PHOTO • Amir Malik

അസിമും ആസും (ഇടത്തുനിന്നും വലത്തേക്ക്) മേഹറാബ് കൊത്തുന്നു: ‘ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ ഓര്‍ഡറുള്‍ക്കും അവ നല്‍കുന്ന കുടുംബങ്ങള്‍ കുറഞ്ഞത് 20 ദിവസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്’

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള രണ്ടു മാസക്കാലയളവിനുള്ളില്‍ 1,068 ശരീരങ്ങള്‍ ആണ് ശ്മശാനം സ്വീകരിച്ചത് – അതില്‍ 453 എണ്ണം കോവിഡ്-19 ബാധിതരുടേതാണ്, 615 എണ്ണം അല്ലാത്തവരുടേതും. ഇത് എന്തായാലും ശ്മശാനത്തിന്‍റെ ഔദ്യോഗിക കണക്കാണ്. ഇവിടെയുള്ള ജോലിക്കാര്‍ - പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തവര്‍ - പറഞ്ഞത് സംഖ്യ ഒരുപക്ഷെ ഇനിയും 50 ശതമാനം കൂടുതലായിരിക്കും എന്നാണ്.

“ഒരു സ്ത്രീ തന്‍റെ ഒന്നര വയസ്സുള്ള കുഞ്ഞുമായി ശ്മശാനത്തിലേക്കു വന്നു”, അസിം പറഞ്ഞു. “മറ്റൊരു സംസ്ഥാനത്തു നിന്നുള്ള കുടിയേറ്റക്കാരനായ അവരുടെ ഭര്‍ത്താവ് കോവിഡ്-19 മൂലം മരിച്ചു. അവര്‍ക്കിവിടെ ആരുമില്ല. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ സംസ്കാരം ക്രമീകരിച്ചു. കുഞ്ഞ് അവന്‍റെ അച്ഛന്‍റെ കുഴിമാടത്തിലേക്ക് മണ്ണുവാരിയിട്ടു.” പഴയൊരു പഴമൊഴി ഇങ്ങനാണ്: ഒരു കുഞ്ഞു മരിച്ചാല്‍ അവള്‍ മാതാപിതാക്കളുടെ ഹൃദയത്തില്‍ അടക്കം ചെയ്യപ്പെടുന്നു. ഒരു കുഞ്ഞ് അതിന്‍റെ മാതാപിതാക്കളെ സംസ്കരിക്കാന്‍ സഹായിച്ചാല്‍ എന്തുസംഭവിക്കും എന്നതിനെക്കുറിച്ച് എന്തെങ്കിലും പഴമൊഴി ഉണ്ടോ?

അസിമും അദ്ദേഹത്തിന്‍റെ കുടുംബവും കോവിഡ് ബാധിതരായിരുന്നു. അദ്ദേഹവും രണ്ടു ഭാര്യമാരും മാതാപിതാക്കളും രോഗലക്ഷണങ്ങള്‍ കാണിച്ചു. കുടുംബത്തിലെ ആരും ഒരു പരിശോധനയ്ക്കും പോയില്ല – പക്ഷെ എല്ലാവരും അതിജീവിച്ചു. “കുടുംബം പുലര്‍ത്താനാണ് ഞാനിവിടെ കല്ലുകൊത്തുന്നത്”, കൊത്തിക്കൊണ്ടിരുന്ന ഫലകത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. അല്‍-ജദീദ് ഖബറിടത്തില്‍ നിന്നും പ്രതിമാസം 9,000 രൂപ ഉണ്ടാക്കുന്ന അസിം കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ച നൂറുകണക്കിന് ആളുകള്‍ക്കുവേണ്ടി നമാസ്-എ-ജനാസയും (അന്തിമ പ്രാര്‍ത്ഥനകളും നയിച്ചിട്ടുണ്ട്.

“മനുഷ്യര്‍ക്ക്‌ അവരുടെ അന്ത്യയാത്രയില്‍ സേവനം ചെയ്യുന്നവര്‍ക്ക് ഇഹലോകത്തിനു ശേഷമുള്ള ജീവിതത്തില്‍ പ്രതിഫലം ഉണ്ട് എന്നുള്ളതുകൊണ്ട് എന്‍റെ കുടുംബം എന്നെ ഇവിടെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നു”, അസിം പറഞ്ഞു. അതേ വിശ്വാസം പുലര്‍ത്തിക്കൊണ്ട് നിസാമിന്‍റെ കുടുംബവും അദ്ദേഹത്തെ ഇവിടെ വരുന്നതില്‍ പിന്തുണയ്ക്കുന്നു. രണ്ടുപേരും തുടക്കത്തില്‍ ജോലിയെക്കുറിച്ച് ഭയമുള്ളവര്‍ ആയിരുന്നെങ്കിലും പെട്ടെന്നു തന്നെ അവ ഉപേക്ഷിച്ചു. “ഒരു ശരീരം മണ്ണില്‍ കിടക്കുമ്പോള്‍ നിങ്ങള്‍ ഭയത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്, മറിച്ച് അത് സംസ്കരിക്കുന്നതിനെക്കുറിച്ചാണ്”, അസിം പറഞ്ഞു.

അല്‍-ജദീദ് ഖബറിടത്തിലെ പൂര്‍ത്തിയായ ഒരു ഖബര്‍ശിലയ്ക്ക് ചിലവാകുന്നത് 1,500 രൂപയാണ്. അതില്‍നിന്നും കിതാബത് എന്നറിയപ്പെടുന്ന തന്‍റെ കൈയെഴുത്ത് ജോലിക്ക് നിസാമിന് 250-300 രൂപ ലഭിക്കുന്നു. അദ്ദേഹം പണിയെടുക്കുന്ന ഓരോ ശിലാഫലകത്തിനും 6 അടി നീളവും 3 അടി വീതിയും ഉണ്ടായിരിക്കും. അതില്‍നിനും 3 അടി നീളവും 1.5 അടി വീതിയും വീതമുള്ള നാല് ഖബര്‍ശിലകള്‍ മുറിച്ചെടുക്കുന്നു. ഓരോ കല്ലിന്‍റെയും മുകള്‍ഭാഗം പിന്നീട് താഴികക്കുടത്തിന്‍റെ രൂപത്തില്‍ ആക്കുന്നു. പൂര്‍ത്തിയായ കല്ല്‌ മേഹറാബ് എന്നറിയപ്പെടുന്നു. ചിലയാളുകള്‍ കുറച്ച് മാര്‍ബിളും ചേര്‍ക്കുന്നു. ശിലാഫലകത്തിനു പകരം ഇരുമ്പ് ബോര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 250-300 രൂപയേ ചിലവാകൂ – പൂര്‍ത്തിയായ ഒരു മേഹറാബിന് ചിലവകുന്നതിന്‍റെ ഏകദേശം ആറിലൊന്നു തുക.

വീഡിയോ കാണുക: ഖബറിടത്തിലെ കൈയെഴുത്ത് കലാകാരന്‍മാര്‍

ഏത് ഓര്‍ഡര്‍ സ്വീകരിക്കുമ്പോഴും ആവശ്യമുള്ള എല്ലാ വിശദാംശങ്ങളും വൃത്തിയായി എഴുതിനല്‍കാന്‍ നിസാം കുടുംബത്തിലെ ഒരു അംഗത്തോട് ആവശ്യപ്പെടുന്നു. മരിച്ചയാളുടെ പേര്, ഭര്‍ത്താവിന്‍റെയൊ അച്ഛന്‍റെയൊ പേര് (മരിച്ചത് സ്ത്രീയാണെങ്കില്‍), ജനിച്ചതിന്‍റെയും മരിച്ചതിന്‍റെയും തീയതികള്‍, വിലാസം എന്നിവയൊക്കെയാണ് ആവശ്യപ്പെടുന്ന വിശദാംശങ്ങള്‍. കൂടാതെ ഖുര്‍ആനില്‍ നിന്നും കുടുംബം ആവശ്യപ്പെടുന്ന ഏതെങ്കിലും വാചകവും എഴുതുന്നു. “ഇങ്ങനെ ചെയ്യുന്നതുകൊണ്ട് രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, മരിച്ചയാളുടെ പേര് ബന്ധുക്കള്‍ തന്നെയെഴുതുന്നു, രണ്ട്, തെറ്റുകള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കും”, നിസാം എന്നോടു പറഞ്ഞു. ചിലപ്പോള്‍ ജഹനാരാ ഹസന്‍റെ ഖബര്‍ശിലയില്‍ കാണാവുന്ന താഴെക്കാണുന്നതു പോലെയുള്ള ഉറുദു ഈരടികളും എഴുതുന്നു.

അബ്ര്-എ-റഹ്മത് ഉന്‍കി മര്‍കന്ദ് പര്‍ ഗുഹര്‍-ബാരി കരെ
ഹശ്ര തക് ശാന്‍-എ-കരീമി നാസ് ബര്‍ദാരി കരെ.

അനുഗ്രഹത്തിന്‍റെ മേഘങ്ങള്‍ അവളുടെ ശവകുടീരത്തില്‍ പവിഴങ്ങള്‍ പൊഴിക്കട്ടെ,
എല്ലായ്പ്പോഴും പരിരക്ഷിക്കപ്പെടുന്നവളായി അവള്‍ മാറട്ടെ

നിസാം കിതാബത് ചെയ്യാന്‍ തുടങ്ങിയത് 1975-ല്‍ ആണ്. ചിത്രകാരന്‍ തന്നെയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവ് 1979-ല്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് നിസാം ഖബര്‍ശിലകളില്‍ എഴുതാന്‍ തുടങ്ങി. “എന്‍റെ അച്ഛന്‍ ഒരു കലാകാരന്‍ ആയിരുന്നെങ്കിലും അദ്ദേഹത്തില്‍ നിന്നല്ല ഞാന്‍ പഠിച്ചത്. അദ്ദേഹം വരയ്ക്കുന്നത് ഞാന്‍ കണ്ടിരുന്നിട്ടേയുള്ളൂ. മനോഹരമായ ഈ വരംകൊണ്ട് ഞാന്‍ അനുഗ്രഹിക്കപ്പെട്ടത് സ്വാഭാവികമായാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം 1980-ല്‍ ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള കിരോരി മാല്‍ കോളേജില്‍ നിന്നും ഉറുദുവില്‍ ബിരുദം നേടി. പിന്നീടദ്ദേഹം ഇത്തരത്തിലുള്ള ജോലികള്‍ ചെയ്യുകയും ഇപ്പോള്‍ സ്ഥിരമായി പൂട്ടിയിട്ടിരിക്കുന്ന ജഗത് സിനിമയുടെ മുന്‍പില്‍ ഒരു കട തുറക്കുകയും ചെയ്തു. ഒരിക്കല്‍ പാകീസ , മുഗള്‍-എ-ആസം എന്നിവ പോലെയുള്ള ചരിത്ര സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിംഗിള്‍ സ്ക്രീന്‍ സിനിമാ തീയേറ്റര്‍ ആയിരുന്നു ജഗത് സിനിമ. നിസാം 1986-ല്‍ നസീം ആരയെ വിവാഹം ചെയ്തു. വിദഗ്ദനായ ഈ കൈയെഴുത്ത് കലാകാരന്‍ ഒരിക്കലും തന്‍റെ ഭാര്യക്ക് ഒരുകത്തുപോലും എഴുതിയിട്ടില്ല. അദ്ദേഹത്തിന് അതിന്‍റെ ആവശ്യമില്ലായിരുന്നു. അടുത്തടുത്ത് താമസിച്ചിരുന്നതിനാല്‍ അവര്‍ മാതാപിതാക്കളുടെയടുത്ത് പോയി വരുമായിരുന്നു. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളും 6 കൊച്ചുമക്കളുമുണ്ട്. ഓള്‍ഡ്‌ ഡല്‍ഹിയിലെ ജമാ മസ്​ജിദിനടുത്താണ് അവര്‍ താമസിക്കുന്നത്.

Left: From across the graveyard, you can see the building of the Delhi police headquarters at ITO. Right: Nizam has been printing names of the deceased on these gravestones for over 40 years
PHOTO • Amir Malik
Left: From across the graveyard, you can see the building of the Delhi police headquarters at ITO. Right: Nizam has been printing names of the deceased on these gravestones for over 40 years
PHOTO • Amir Malik

ഇടത്: ശ്മശാന ഭൂമിക്ക് അക്കരെയായി ഐ.റ്റി.ഓ.യിലുള്ള ഡല്‍ഹി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്‍റെ കെട്ടിടം കാണാം. വലത്: 40 വര്‍ഷത്തിലധികമായി നിസാം മരിച്ചവരുടെ പേര് ഈ ഖബര്‍ശിലകളില്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

“അന്നു ഞാന്‍ മുശായറകള്‍ [ഉറുദു കവിതകള്‍ ചൊല്ലുന്നതിനുവെണ്ടിയുള്ള കൂട്ടായ്മകള്‍], സമ്മേളനങ്ങള്‍, വാണിജ്യ പരസ്യങ്ങള്‍, സെമിനാറുകള്‍, മതപരവും രാഷ്ട്രീയവുമായ യോഗങ്ങള്‍ എന്നിവയ്ക്കൊക്കെയുള്ള പരസ്യപ്പലകകള്‍ വരയ്ക്കുമായിരുന്നു.” കടയില്‍ മേഹറാബ് വരയ്ക്കുന്നതിനുള്ള ഓര്‍ഡറുകളും അദ്ദേഹം സ്വീകരിക്കുമായിരുന്നു. ഇവയൊന്നും കൂടാതെ ഒരുപാട് സമര സാമഗ്രികള്‍, ബാനറുകള്‍, പരസ്യപ്പലകകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവയൊക്കെയും ഉണ്ടായിരുന്നു.

അന്നത്തെ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധി 80-കളുടെ മദ്ധ്യത്തില്‍ ബാബറി മസ്​ജിദിന്‍റെ പൂട്ടുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഇത് മുസ്ലിം സമുദായത്തിന്‍റെയും മറ്റുള്ളവരുടെയും ഭാഗത്തുനിന്നുള്ള ജനകീയ പ്രക്ഷോഭത്തിനു കാരണമായി. ഞാന്‍ തുണികളില്‍ പ്രക്ഷോഭത്തിനു വേണ്ടിയുള്ള ബാനറുകളും പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളും വരയ്ക്കുമായിരുന്നു.1992-ല്‍ ബാബറി പൊളിച്ചതിനു ശേഷം പ്രക്ഷോഭങ്ങള്‍ പതിയെ മരിച്ചു”, നിസാം പറഞ്ഞു. “ആളുകളില്‍ [പൊളിച്ചതിനെതിരെ] അന്നു ദേഷ്യം ഉണ്ടായിരുന്നു, പക്ഷെ ഇപ്പോള്‍ അത്ര കാര്യമായിട്ടൊന്നുമില്ല.” പൊതുവില്‍ത്തന്നെ, സമൂഹത്തില്‍, ഇത്തരം ജോലികള്‍ ആവശ്യമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. “ഞാന്‍ 8 തൊഴിലാളികളെയാണ് ജോലിക്ക് എടുത്തിരിക്കുന്നത്. ക്രമേണ എല്ലാവര്‍ക്കും പോകേണ്ടിവന്നു. അവര്‍ക്കു നല്‍കാന്‍ എനിക്കു പണം ഉണ്ടായിരുന്നില്ല. അവര്‍ എവിടെയാണെന്ന് അറിയാത്തത് എന്നെ മുറിപ്പെടുത്തുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“തൊണ്ടയില്‍ അണുബാധ ഏറ്റതിനെത്തുടര്‍ന്ന് 2009-10 വര്‍ഷം എന്‍റെ ശബ്ദം നഷ്ടപ്പെട്ടു. ഏകദേശം 18 മാസങ്ങള്‍ക്കു ശേഷം പകുതിയേ വീണ്ടെടുക്കാന്‍ പറ്റിയുള്ളൂ. എന്നെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇത്രയൊക്കെ മതി”, അദ്ദേഹം ചിരിച്ചു. അതേവര്‍ഷം തന്നെ നിസാമിന്‍റെ കടപൂട്ടി. “പക്ഷെ മേഹറാബില്‍ പെരെഴുതുന്നത് ഞാന്‍ ഒരിക്കലും നിര്‍ത്തിയില്ല.

“പിന്നീട് കോവിഡ്-19 ഇന്ത്യയില്‍ എത്തിയപ്പോള്‍ ഈ ശ്മശാന ഭൂമിയിലെ ജോലിക്കാര്‍ക്ക് എന്‍റെ സേവനങ്ങള്‍ ആവശ്യമായി വന്നു. എനിക്കതു നിഷേധിക്കാനും കഴിഞ്ഞില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഞാന്‍ ഇവിടെ എത്തിയത്‌. എനിക്ക് കുടുംബം പുലര്‍ത്തേണ്ടതും ഇതിനൊരു കാരണമായിരുന്നു.” നിസാമിന്‍റെ മകന്‍ ജമാ മസ്​ജിദിനടുത്ത് ഒരു ചെറിയ ചെരുപ്പ് കട നടത്തുന്നു. പക്ഷെ മഹാമാരിയും ലോക്ക്ഡൗണും നിസാമിന്‍റെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

2004-ല്‍ ജഗത് സിനിമ പൂട്ടിയതുപോലെ നിസാമിന്‍റെ പഴയ പണിശാലയുടെ ചുറ്റുപാടുമുണ്ടായിരുന്നതെല്ലാം ഇപ്പോള്‍ ഓര്‍മ്മയാണ്. അദ്ദേഹം സാഹിര്‍ ലുധിയാന്‍വിയുടെ എഴുത്തുകള്‍  ഇഷ്ടപ്പെടുകയും വരികള്‍ കേള്‍ക്കുകയും ചെയ്യുന്നു. നിസാം ബിരുദധാരിയായ അതേ വര്‍ഷമാണ്‌ ആ മഹാകവി മരിച്ചത്. ലുധിയാന്‍വിയുടെ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വരി ഇതാണ്: ‘വരൂ, ഒരിക്കല്‍ക്കൂടി നമുക്ക് പരസ്പരം അപരിചിതരാവാം’. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ജീവിതവും മരണവും ഒരിക്കലും സംസാരിക്കാനുള്ള ധാരണയില്‍ എത്തിയിട്ടില്ല.

Nandkishore, an expert in cutting stones and shaping them with hammer and chisel, says, 'The graveyard has never seen such a horrible situation as it does now'
PHOTO • Amir Malik
Nandkishore, an expert in cutting stones and shaping them with hammer and chisel, says, 'The graveyard has never seen such a horrible situation as it does now'
PHOTO • Amir Malik

‘ശ്മശാനം മുമ്പൊരിക്കലും ഇപ്പോഴുള്ളതുപോലെ ഭീകരമായ ഒരവസ്ഥ കണ്ടിട്ടില്ല’, കല്ലുകള്‍ മുറിക്കുകയും അവ ചുറ്റികയും ഉളിയുംകൊണ്ട് രൂപപ്പെടുത്തി എടുക്കുകയും ചെയ്യുന്നതില്‍ വിദഗ്ദനായ നന്ദകിഷോര്‍ പറയുന്നു.

“ആ കാലത്ത് ഉറുദുവില്‍ എഴുതാന്‍ കഴിയുന്ന കലാകാരന്മാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഖബര്‍ശിലകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതാന്‍ കഴിയുന്നവര്‍ ഉണ്ട്. മേഹറാബില്‍ ഉറുദുവില്‍ പേരെഴുതാന്‍ അറിയാവുന്ന ആരെയെങ്കിലും അപൂര്‍വ്വമായേ ഡല്‍ഹിയില്‍ കണ്ടെത്താന്‍ പറ്റൂ”, അദ്ദേഹം പറഞ്ഞു. “മുസ്ലീങ്ങളുടെ മാത്രം ഭാഷയാണെന്ന മിഥ്യാധാരണ സൃഷ്ടിച്ചുകൊണ്ട് ഭാഷയ്ക്ക് ഹാനി വരുത്തുകയും രാഷ്ട്രീയംകൊണ്ട് തകര്‍ക്കുകയും ചെയ്തിരിക്കുന്നു. ഉറുദു കൈയെഴുത്തുകലയില്‍ ഇപ്പോള്‍ നേരത്തെ ഉണ്ടായിരുന്നത്രയും തൊഴിലുകളില്ല.”

മേഹറാബില്‍ നിസാം ചെയ്യുന്ന കിതാബതിന്‍റെ പണി പൂര്‍ത്തിയായതിനു ശേഷം പെയിന്‍റ്  ഉണങ്ങുന്നതിനായി അത് കുറച്ചുനേരം വയ്ക്കുന്നു. പണിക്കാര്‍ - അസിം, സുലൈമാന്‍, നന്ദകിഷോര്‍ - അതില്‍ കൊത്താന്‍ തുടങ്ങുന്നതിനു മുന്‍പ് അവരുടെ മുന്‍പില്‍ തന്നെയാണ് ഇങ്ങനെ വയ്ക്കാറുള്ളത്. പ്രായം അന്‍പതുകളില്‍ എത്തി നില്‍ക്കുന്ന നന്ദകിഷോര്‍ ശ്മശാനത്തില്‍ 30 വര്‍ഷത്തിലധികമായി പണിയെടുക്കുന്നു. കല്ലുകള്‍ ചെത്തിയെടുത്ത് ചുറ്റികയും ഉളിയും ഉപയോഗിച്ച്, ഒരിക്കല്‍പോലും യന്ത്രം ഉപയോഗിക്കാതെ, അതില്‍ താഴികക്കുടത്തിന്‍റെ രൂപം ഉണ്ടാക്കിയെടുക്കുന്നതില്‍ വിദഗ്ദനാണ് അദ്ദേഹം. “ശ്മശാനം മുമ്പൊരിക്കലും ഇപ്പോഴുള്ളതുപോലെ ഭീകരമായ ഒരവസ്ഥ കണ്ടിട്ടില്ല”, അദ്ദേഹം പറഞ്ഞു.

നന്ദകിഷോര്‍ കോവിഡ് മൂലം മരിച്ചവര്‍ക്കുള്ള ഖബര്‍ശിലകള്‍ കൊത്തിയെടുക്കുന്നില്ല. വൈറസില്‍നിന്നും സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ അല്‍-ജദീദ് ഖബറിടത്തിന്‍റെ മറ്റൊരു മൂലയ്ക്കാണ് അദ്ദേഹം ഇരിക്കുന്നത്. “ഓരോ ദിവസവും ഞാന്‍ മുറിച്ച്, കഴുകി, കൊത്തിയെടുത്തു പൂര്‍ത്തിയാക്കുന്ന ഓരോ കല്ലിനും എനിക്ക് 500 രൂപ ലഭിക്കുന്നു”, അദ്ദേഹം പറഞ്ഞു. “ യെ അംഗ്രേസോം കെ സമാനെ ക ഖബ്രിസ്ഥാന്‍ ഹേ [ഇത് ബ്രിട്ടീഷ് കാലഘട്ടത്തിലുള്ള ശ്മശാനമാണ്]”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതല്ലേ ബ്രിട്ടീഷുകാര്‍ നമുക്കായി അവശേഷിപ്പിച്ചിട്ടു പോയത് – ശവപ്പറമ്പുകള്‍? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു.

“ഒരു നന്ദകുമാര്‍ മുസ്ലിം ശ്മശാനത്തില്‍ ജോലി ചെയ്യുന്നത്, ചിലപ്പോള്‍, ചിലര്‍ക്ക് അദ്ഭുതമാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ ചെയ്യുന്നത് എന്തു പറയണമെന്ന് അറിയാതെ അവരുടെ മുഖത്ത് നോക്കി പുഞ്ചിരിക്കുകയാണ്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അവരോടു ഞാന്‍ ഇങ്ങനെ തന്നെ പറയും: ‘ഞാന്‍ ഖുര്‍ആന്‍ വചനങ്ങള്‍ നിങ്ങള്‍ക്കായി കൊത്തുന്നു, മുസ്ലീങ്ങള്‍ ആയിട്ടുപോലും നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ചെയ്തിട്ടില്ലാത്ത ചിലത്.’ അപ്പോള്‍ അവര്‍ എനിക്കു നന്ദി പറയുന്നു, എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നു, എനിക്ക് ആശ്വാസമാവുകയും ചെയ്യുന്നു”, മൂന്നു മക്കളുടെ അച്ഛനായ, വടക്കന്‍ ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ജീവിക്കുന്ന, നന്ദകിഷോര്‍ പറഞ്ഞു.

“അവരവരുടെ ശവകുടീരങ്ങളില്‍ ഉറങ്ങുന്ന ഈ ആളുകള്‍ എനിക്ക് എന്‍റേതു പോലെയാണ്. ഒരിക്കല്‍ ഞാന്‍ പടിയിറങ്ങിയാല്‍ ഈ ലോകം എന്‍റേതല്ലാതായി തീരുന്നു. ഇവിടെ എനിക്ക് സമാധാനമുണ്ട്”, അദ്ദേഹം പറഞ്ഞു.

Pawan Kumar and Aas Mohammad: the dust from the stone work often covers them entirely
PHOTO • Amir Malik
Pawan Kumar and Aas Mohammad: the dust from the stone work often covers them entirely
PHOTO • Amir Malik
Pawan Kumar and Aas Mohammad: the dust from the stone work often covers them entirely
PHOTO • Amir Malik

പവന്‍കുമാറും ആസ് മൊഹമ്മദും: കല്‍പ്പണിയില്‍ നിന്നുള്ള പൊടികള്‍ പലപ്പോഴും അവരെ മുഴുവനായി മൂടുന്നു.

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഒരു പണിക്കാരനെക്കൂടെ കൂലിക്കെടുത്തു. ബീഹാറിലെ ബെഗുസരായില്‍ നിന്നുള്ള പവന്‍കുമാര്‍. അദ്ദേഹത്തിന്‍റെ ഭാര്യയും മൂന്നു മക്കളും ബീഹാറില്‍ തന്നെയാണ്. മുപ്പത്തൊന്നു വയസ്സുള്ള പവനും കല്ലുകള്‍ മുറിക്കുന്നു. “എന്‍റെ മുഖം ചുവന്നിരിക്കുന്നു”, കല്ല്‌ മുറിക്കുന്ന ഒരു ചെറിയ യന്ത്രത്തിന്‍റെ സഹായത്തോടെ 20 ഫലകങ്ങള്‍ മുറിച്ച ശേഷം അദ്ദേഹം പറഞ്ഞു. പണി ചെയ്തപ്പോഴുണ്ടായ പൊടി അദ്ദേഹത്തിന്‍റെ ദേഹം മുഴുവന്‍ പടര്‍ന്നു. “കോവിഡ് ഉണ്ടെങ്കിലും കോവിഡ് ഇല്ലെങ്കിലും കുടുംബം പോറ്റാന്‍ ദിവസം മുഴുവന്‍ ഞാന്‍ പണിയെടുക്കണം. ഇവിടെ ഒരു ദിവസം എനിക്ക് 700 രൂപവരെ ചില സമയങ്ങളില്‍ ഉണ്ടാക്കാം.” നേരത്തെ അദ്ദേഹത്തിന് സ്ഥിരജോലി ഇല്ലായിരുന്നു. നന്ദകിഷോറിനെയും ഷമീമിനെയും പോലെ ഔപചാരിക വിദ്യാഭ്യാസവും ലഭിച്ചിട്ടുമില്ല.

മറ്റൊരു ജോലിക്കാരന്‍ ഉത്തര്‍പ്രദേശിലെ അലിഗഢില്‍ നിന്നുള്ള 27-കാരനായ ആസ് മുഹമ്മദ്‌ ശ്മശാനത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധമുള്ള എല്ലാവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഏകദേശം 7 വര്‍ഷമായി അദ്ദേഹം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഉത്തര്‍പ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിലെ ഒരു അകന്ന ബന്ധുവിന്‍റെ മകളുമായി ആസിന്‍റെ വിവാഹം അദ്ദേഹത്തിന്‍റെ കുടുംബം ഉറപ്പിച്ചിരുന്നു.

“ഞാന്‍ അവളുമായി പ്രണയത്തില്‍ ആയിരുന്നു. കോവിഡ്-19 മൂലം കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് അവള്‍ മരിച്ചു”, അദ്ദേഹം പറഞ്ഞു. പിന്നീട് കുടുംബം മറ്റൊരു വിവാഹം ആലോചിച്ചു. “ഈ പെണ്‍കുട്ടി, ഈ വര്‍ഷം മാര്‍ച്ചില്‍, ശവപ്പറമ്പില്‍ പണിയെടുക്കുന്ന ഒരാളുമായി വിവാഹം വേണ്ടെന്നു പറഞ്ഞ് ആലോചന നിരസിച്ചു.”

“ദുഃഖം മൂലം ഞാന്‍ കൂടുതല്‍ പണിയെടുക്കാന്‍ ആരംഭിച്ചു. കൂടുതല്‍ കുഴിയെടുക്കാന്‍ തുടങ്ങി, കൂടുതല്‍ കല്ലുകള്‍ മുറിക്കാന്‍ തുടങ്ങി. ഇപ്പോള്‍ എനിക്ക് വിവാഹം കഴിക്കണമെന്നില്ല”, ആസ് പറഞ്ഞു. സംസാരിക്കുന്നതിനൊപ്പം ആസ് ഫലകവും മുറിക്കുന്നുണ്ടായിരുന്നു. അദ്ദേഹവും തല മുതല്‍ പെരുവിരല്‍ വരെ പൊടികൊണ്ടു മൂടിയിരിക്കുന്നു. പ്രതിമാസം 8,000 രൂപ അദ്ദേഹം ഉണ്ടാക്കുന്നു.

തൊട്ടടുത്ത് ഒരു ചിത്രശലഭം ശ്മശാനത്തിലൂടെ പറന്നു നടക്കുന്നു, അവിടെയുള്ള പൂക്കളിലാണോ അതോ ഖബര്‍ശിലകളിലാണോ ചുംബിക്കേണ്ടത് എന്ന് സംശയിക്കുന്നതുപോലെ.

ശവകുടീരത്തിലെ എഴുത്തുകാരനായ നിസാം പറയുന്നു: “മരിക്കുന്നവര്‍ മരിക്കുന്നു. അല്ലാഹുവിന്‍റെ സഹായത്താല്‍ അവസാനമായി അവരുടെ പേരുകള്‍ കുറിക്കുന്നത് ഞാനാണ്. ഇവിടെ ആരോ ഉണ്ടായിരുന്നു, ആരുടെയോ പ്രിയപ്പെട്ട ആള്‍.” വെളുപ്പിലും കറുപ്പിലും പുതഞ്ഞ അദ്ദേഹത്തിന്‍റെ ബ്രഷുകളുടെ അറ്റം അദ്ദേഹം ഉദ്ദേശിക്കുന്നതുപോലെ മേഹറാബില്‍ ചലിക്കുന്നു. ‘എല്ലാ ആത്മാവും മരണം രുചിക്കും’ എന്ന് അറബിയില്‍ എഴുതുന്നതിന്‍റെ ഭാഗമായി, മറ്റൊരു കല്ലില്‍ അവസാന വാക്കിന്‍റെ അവസാന അക്ഷരത്തില്‍ അദ്ദേഹം നുഖ്‌ത ഇടുന്നു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Amir Malik

আমির মালিক একজন স্বতন্ত্র সাংবাদিক ও ২০২২ সালের পারি ফেলো।

Other stories by Amir Malik
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.