മഴയ്ക്കും വെള്ളത്തിനും ദൌർല്ലഭ്യം നേരിടുന്ന ഒരു നാട്ടിൽനിന്നുള്ള ഈ പാട്ട് വെള്ളത്തിന്റെ ‘മാധുര്യ’ത്തെ - കച്ചിന്റെ സാംസ്കാരിക വൈവിധ്യത്തെയും അവിടുത്തെ ജനങ്ങളേയും – ഉദ്ഘോഷിക്കുന്നു
ആയിരം വർഷങ്ങൾക്ക് മുമ്പ്, കച്ചിൽ ജീവിച്ച്, കച്ച്, സിന്ധ്, സൌരാഷ്ട്ര പ്രദേശങ്ങളെ ഭരിച്ചിരുന്ന ആളായിരുന്നു ലഖോ ഫുലാനി (ക്രിസ്തുവർഷം 920-ൽ ജനനം). ജനങ്ങളോട് പ്രതിബദ്ധതയും സ്നേഹവുമുണ്ടായിരുന്ന രാജാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഉദാരാവാനായിരുന്ന ആ രാജാവിനെ ഓർത്ത് ഇപ്പോഴും ആളുകൾ പാടുന്നു: “ലഖാ തോ ലാഖോ മലാഷേ പൻ, ഫുലാനി എ ഫിർ (ലഖോ എന്ന് പേരായ ആളുകൾ ഇനിയുമുണ്ടായേക്കാം, എന്നാൽ, ജനഹൃദയങ്ങളെ കീഴടക്കിയത് ഒരേയൊരു ലഖോ ഫുലാനി മാത്രം).
ഈ ഗാനം ആ രാജാവിന്റേയും ആ പ്രദേശത്തിന്റെ സാംസ്കാരികഹൃദയത്തിൽ നിലയുറപ്പിച്ചിരുന്ന മതസൌഹാർദ്ദത്തിന്റെയും ആവിഷ്കാരമാണ്. ഹാജിപിർ വാലിയുടെ ദർഗ്ഗയും ദേശ്ദേവിയിലെ ആശപുര ക്ഷേത്രവും പോലെ, ഹിന്ദുക്കളും മുസ്ലിമുകളും ഒരുപോലെ സന്ദർശിച്ചിരുന്ന നിരവധി ആരാധനാലയങ്ങൾ കച്ചിലുണ്ട്. കാരകോട്ടയിൽ ഫുലാനി പണിത കോട്ടയെക്കുറിച്ചും ഈ ഗാനം പരാമർശിക്കുന്നു.
ഈ ഗാനം, മറ്റ് ഗാനശേഖരങ്ങളെപ്പോലെത്തന്നെ, വിവിധ വിഷയങ്ങളെ സ്പർശിക്കുന്ന ഒന്നാണ്. പ്രണയം, വിരഹം, നഷ്ടം, വിവാഹം, മാതൃഭൂമി മുതൽ ലിംഗപരമായ അവബോധവും, ജനാധിപത്യാവകാശങ്ങളും എല്ലാം അതിലുൾപ്പെടുന്നു.
കച്ചിൽനിന്നുള്ള ഇത്തരം 341 ഗാനങ്ങൾ കച്ചി നാടോടിഗാന മൾട്ടിമീഡിയ ആർക്കൈവിൽ പാരി ശേഖരിക്കും. മാതൃഭാഷയിൽ, പ്രാദേശിക കലാകാരന്മാർ പാടിയ പാട്ടുകളുടെ ഓഡിയോ ശേഖരമാണ് അത്. ഇവിടെ ചേർത്തിട്ടുള്ള നാടൻപാട്ട്, ഗുജറാത്തി ലിപിയോടൊപ്പം, ഇംഗ്ലീഷിലും മറ്റ് 14 ഇന്ത്യൻ ഭാഷകളിലുമായി പാരി പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.
45,612 ചതുരശ്ര കിലോമീറ്ററുകളിൽ വ്യാപിച്ചുകിടക്കുന്ന ദുർബ്ബലമായ പാരിസ്ഥിതികമേഖലയാണ് കച്ച്. തെക്ക് സമുദ്രവും വടക്ക് മരുഭൂമിയുമാണ് അതിന്റെ അതിരുകൾ. പതിവായി ജലക്ഷാമവും വരൾച്ചയും നേരിടുന്ന അർദ്ധ-ഊഷര പ്രദേശത്തുൾപ്പെടുന്ന കച്ച്, ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ജില്ലകളിലൊന്നാണ്.
വിവിധ ജാതികളും മതങ്ങളും സമുദായങ്ങളും കച്ചിൽ ജീവിക്കുന്നു. കഴിഞ്ഞ 1,000 വർഷങ്ങൾക്കിടയ്ക്ക് അവിടേക്ക് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് അവരിൽപ്പലരും. ഹിന്ദുക്കളും, മുസ്ലിങ്ങളും, ജൈനന്മാരും, ഉപജാതികളായ രാബറി, ഗാഡ്‌വി, ജാട്ട്, മേഘ്‌വാൾ, മുത്‌വ, സോധാ രജപുത്ത്, കോലി, സിന്ധി, ദർബാറുകൾ തുടങ്ങിയവരും അതിലുൾപ്പെടുന്നു. വസ്ത്രങ്ങളിലും, അലങ്കാര തുന്നൽപ്പണികളിലും, സംഗീതത്തിലും മറ്റ് സാംസ്കാരിക പൈതൃകത്തിലും കച്ചിന്റെ സമ്പന്നവും ബഹുസ്വരവുമായ പാരമ്പര്യമാണ് പ്രതിഫലിക്കുന്നത്. ആ മേഖലയിലെ സമുദായങ്ങളേയും അവരുടെ പാരമ്പര്യത്തേയും സംഘടിപ്പിക്കുന്നതിലും പിന്തുണക്കുന്നതിലും ഏർപ്പെട്ടിരിക്കുന്ന സംഘടനയാണ് 1989-ൽ സ്ഥാപിതമായ കച്ച് മഹിളാ വികാസ് സംഘടൻ (കെ.എം.വി.എസ്).
പാരിയും കെ.എം.വി.എസും ചേർന്ന് ആ കച്ച് നാടോടിപ്പാട്ടുകളുടെ സമ്പന്നമായ ശേഖരം അവതരിപ്പിക്കുന്നു. കെ.എം.വി.എസിന്റെ സംരംഭമായ ശൂരവാണിയുടെ ഭാഗമായിട്ടാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്ന ഈ പാട്ടുകൾ റിക്കാർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. സ്തീകളെ ശാക്തീകരിക്കാനും സാമൂഹ്യമാറ്റത്തിനുള്ള പ്രതിനിധികളായി അവരെ സജ്ജമാക്കാൻ ആവശ്യമായ താഴേക്കിട പ്രവർത്തനവുമായി തുടങ്ങിയ സംരംഭം, പ്രതിബദ്ധതയുള്ള ഒരു സ്വന്തം മീഡിയ വിഭാഗത്തെയും വാർത്തെടുത്തു. കച്ചിന്റെ സംഗീത പാരമ്പര്യത്തെ സമ്പന്നമാക്കുന്നതിനായി, സ്ഥിരമായ ഒരു റേഡിയോ പ്രക്ഷേപണം അങ്ങിനെ ശൂരവാണി ആരംഭിച്ചു. 38 വ്യത്യസ്ത സംഗീതങ്ങളെ പ്രതിനിധാനം ചെയ്യുന്ന 305 ഗായകരുടെ ഒരു അനൌദ്യോഗിക സംഘടന എന്ന നിലയ്ക്ക്, ശൂരവാണി, ആ പ്രദേശത്തിന്റെ സമ്പന്നമായ നാടോടിഗാന പാരമ്പര്യത്തെ സംരക്ഷിക്കുകയും നിലനിർത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തുകൊണ്ട് കച്ച് നാടോടി ഗായകരുടെ അന്തസ്സും സാഹചര്യവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു.
કરછી
મિઠો મિઠો પાંજે કચ્છડે જો પાણી રે, મિઠો મિઠો પાંજે કચ્છડે જો પાણી રે
મિઠો આય માડૂએ જો માન, મિઠો મિઠો પાંજે કચ્છડે જો પાણી.
પાંજે તે કચ્છડે મેં હાજીપીર ઓલિયા, જેજા નીલા ફરકે નિસાન.
મિઠો મિઠો પાંજે કચ્છડે જો પાણી રે. મિઠો મિઠો પાંજે કચ્છડે જો પાણી રે
પાંજે તે કચ્છડે મેં મઢ ગામ વારી, ઉતે વસેતા આશાપુરા માડી.
મિઠો મિઠો પાંજે કચ્છડે જો પાણી. મિઠો મિઠો પાંજે કચ્છડે જો પાણી રે
પાંજે તે કચ્છડે મેં કેરો કોટ પાણી, ઉતે રાજ કરીએ લાખો ફુલાણી.
મિઠો મિઠો પાંજે કચ્છડે જો પાણી રે. મિઠો મિઠો પાંજે કચ્છડે જો પાણી રે
മലയാളം
കച്ചിലെ മധുരിക്കും ജലമേ,
കച്ചിലെ മധുരിക്കുന്ന ജലമേ
ഊഷ്മള, സ്നേഹസമ്പന്നരായ മനുഷ്യരേ,
കച്ചിലെ മധുരിക്കും ജലമേ,
ഹരിതചിഹ്നം പാറിപ്പറക്കും ഹാജിപുരിലെ
ദർഗ
കച്ചിലെ മധുരിക്കുന്ന, മധുരിക്കുന്ന
ജലം
മഠ് ഗ്രാമത്തിലെ മാ ആശാപുരയുടെ
മന്ദിരം
ലഖ ഫുലാനി നാടുവാണിരുന്ന
കേരയിലെ കോട്ടയുടെ അവശിഷ്ടങ്ങൾ
കച്ചിലെ ജലത്തിന്റെ മാധുര്യം
ആ നാട്ടിലെ ഊഷ്മള, സ്നേഹസമ്പന്നരായ മനുഷ്യർ
ജലത്തിന് തേനിന്റെ മാധുര്യം
കച്ചിലെ മധുരിക്കും ജലമേ,
കച്ചിലെ മധുരിക്കുന്ന ജലമേ
സംഗീതരൂപം : നാടൻ പാട്ട്
ഗണം : ഭൂമിയുടേയും നാടിന്റേയും മനുഷ്യരുടേയും പാട്ടുകൾ
ഗാനം : 1
പാട്ടിന്റെ ശീർഷകം : മിഠോ മിതോ പാഞ്ചേ കച്ചഡേ ജോ പാനീ രേ
രചന : നസീം ഷേയ്ക്ക്
സംഗീതം : ദേവൽ മേത്ത
ഗായകൻ : അഞ്ജാറിലെ നസീം ഷെയ്ക്ക്
സംഗീതോപകരണങ്ങൾ : ഹാർമ്മോണിയം, ബാഞ്ജോ, ഡ്രം, തംബുരു
റിക്കാർഡ് ചെയ്ത വർഷം : 2008, കെ.എം.വി.എസ് സ്റ്റുഡിയോ
ഗുജറാത്തി പരിഭാഷ : അമദ് സമേജ, ഭാരതി ഗോർ
പ്രീതി സോണി, കെ.എം.വി.എസിന്റെ സെക്രട്ടറി അരുണ ധോലാക്കിയ, കെ.എം.വി.എസിന്റെ പ്രോജക്ട് കോഓർഡിനേറ്റർ അമദ് സമേജ എന്നിവരുടെ പിന്തുണയ്ക്കും, ഗുജറാത്തി പരിഭാഷ തയ്യാറാക്കാൻ സഹായിച്ച ഭാർതിബെൻ ഗോറിനും പ്രത്യേക നന്ദി
പരിഭാഷ: രാജീവ് ചേലനാട്ട്