അയാളും ഞങ്ങളെപ്പോലെത്തന്നെ അമ്പരപ്പോടെ നോക്കുകയായിരുന്നു.
ആ വൈക്കോൽ കൂമ്പാരത്തിനുമീതെ ഇത്രയും ഉയരത്തിൽ ഒരു സൈക്കിൾ തൂക്കിയിടാൻ അയാൾക്ക് എങ്ങനെ കഴിഞ്ഞു എന്നതായിരുന്നു ഞങ്ങളുടെ മനസ്സിലെ ചോദ്യം. അതേസമയം, ഇതേത് തലയ്ക്ക് വെളിവില്ലാത്തവനാണ് കാറിന്റെ ജനലിലൂടെ ശരീരത്തിന്റെ പകുതിഭാഗം പുറത്തേക്കിട്ട് ഫോണിൽ (ഐഫോൺ 3S) തന്നെ ഫോട്ടോ എടുക്കാൻ നോക്കുന്നത് എന്നായിരിക്കണം അവന്റെ മനസ്സിൽ.
2009 ഒക്ടോബറിലായിരുന്നു അത്. ഞങ്ങൾ ആന്ധ്രാപ്രദേശിലെ കൃഷ്ണ, ഗുണ്ടൂർ ജില്ലകൾക്കിടയിലുള്ള ഒരു സ്ഥലത്തേക്ക് പോവുകയായിരുന്നു. ദൂരെനിന്ന് അയാളെ ആദ്യം കണ്ടപ്പോൾ വളരെ വിചിത്രമായി തോന്നി. വലിയ വൈക്കോൽക്കെട്ടിന് മുകളിൽ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു സൈക്കിൾ. അതിനും കുറച്ചുമീതെ കുത്തിയിരിക്കുന്ന ഒരു മനുഷ്യനും. വൈക്കോൽക്കൂമ്പാരത്തിന്റെ വലിപ്പം കാരണം അത് കെട്ടിവെച്ചിരിക്കുന്ന വണ്ടിയേതാണെന്നുപോലും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല. അത് ട്രാക്ടറിന്റെ പുറകിൽ ചേർക്കുന്ന വാഹനമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
ഞങ്ങൾ കുറച്ചുകൂടി അടുത്തെത്തിയപ്പോൾ, നിങ്ങൾ ഫോട്ടോയിൽ കാണുന്നതുപോലെ, നല്ല ബലമുള്ള മുളയുടെ ഒരു ചെറിയ ഭാഗം വൈക്കോൽക്കെട്ടിനിടയിലൂടെ പുറത്തേക്ക് തള്ളിനിൽക്കുന്നതായി കണ്ടു. അതിന്മേലാണ് സൈക്കിൾ കെട്ടിവെച്ചിരിക്കുന്നത്. പക്ഷെ കയറൊന്നും കണ്ടില്ല. ഈ വണ്ടി ഏതെങ്കിലും ഇടവഴിയിലേക്ക് കയറുന്നതിനുമുന്നേ ഒരു ചിത്രം പകർത്താൻ ജനലിലൂടെ പുറത്തേക്കാഞ്ഞുനിന്നു ഫോണിൽ ഫോട്ടോ എടുക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല. ഒരു പാലം കടന്നതും രണ്ടു വാഹനങ്ങളും രണ്ടുവഴിക്ക് പോയി. ഒരുവശത്ത് ഞങ്ങൾ ഫോട്ടോ നന്നായി പതിഞ്ഞോ എന്ന് നോക്കുമ്പോൾ മറുവശത്ത് അയാൾ കുലുങ്ങുന്ന ട്രാക്ടറിൽനിന്ന് താഴെ വീഴാതിരിക്കാനായി വൈക്കോലിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു.
പരിഭാഷ: സി. ലബീബ