പുല്ലുമേയ്ക്കാൻ ഇടം തേടി, അസമിലെ ബ്രഹ്മപുത്രയുടെ ദ്വീപുകളിൽ സഞ്ചരിക്കുകയാണ് സത്യജിത്ത് മോറാംഗ്. “ഏകദേശം ഒരു ആന കഴിക്കുന്നയത്രയും ഭക്ഷണം ഒരു എരുമയ്ക്ക് കഴിക്കാൻ സാധിക്കും!” അയാൾ പറയുന്നു. അതിനാൽ, അയാളെപ്പോലെയുള്ള ഇടയന്മാർ നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
തനിക്കും മൃഗങ്ങൾക്കും കൂട്ടായി അയാൾ പാടുകയും ചെയ്യുന്നു.
“
നിന്നെ
കാണാനല്ലെങ്കിൽപ്പിന്നെ
എന്തിനാണ് പ്രിയേ
ഞാനീ എരുമകളേയും മേയ്ച്ച് ഇങ്ങനെ നടക്കുന്നത്”?
തന്റെ കരാംഗ് ചപാരി ഗ്രാമത്തിൽനിന്നും കുടുംബത്തിൽനിന്നും വിട്ടുനിൽക്കേണ്ടിവരുമ്പോൾ പരമ്പരാഗതമായ ഓയിനിടോം സംഗീതശൈലിയിൽ അയാൾ സ്വന്തമായി രചിച്ച പാട്ടുകൾ പാടുന്നു. പ്രണയവും നാടിനോടും കുടുംബത്തോടുമുള്ള ഗൃഹാതുരത്വവും നിറഞ്ഞ പാട്ടുകൾ. "പുല്ലുണ്ടാവുമോ എന്നറിയാത്തതിനാൽ ഞങ്ങൾ എരുമകളുമായി നീങ്ങിക്കൊണ്ടേയിരിക്കുന്നു" അയാൾ വീഡിയോയിൽ പറയുന്നു. "ഞങ്ങൾ ഒരു നൂറ് എരുമകളെ 10 ദിവസത്തേക്ക് ഇവിടെ നിർത്തി എന്നിരിക്കട്ടെ, 10 ദിവസത്തിനുശേഷം അവയ്ക്ക് തിന്നാൻ പുല്ലുണ്ടാവില്ല. വീണ്ടും ഞങ്ങൾക്ക് പുതിയ മേച്ചിൽ സ്ഥലം അന്വേഷിച്ച് പോകേണ്ടിവരും"
അസമിലെ ഒരു
ഗോത്രമായ മിസിംഗ് സമുദായത്തിന്റേതാണ് ഓയിനിടോം ശൈലിയിലുള്ള ഈ നാടൻ പാട്ടുകൾ. സംസ്ഥാനത്തിലെ
രേഖകൾ പ്രകാരം പട്ടികഗോത്രവിഭാഗത്തിൽ ഉൾപ്പെടുന്ന ഇവരെ ‘മിരി’ എന്നും വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആ പേർ നിന്ദാസൂചകമായിട്ടാണ് ഉപയോഗിക്കുന്നതെന്ന്
സമുദായത്തിലെ പലരും സൂചിപ്പിക്കുന്നു
അസമിലെ ജോർഹാട്ട് ജില്ലയിലെ വടക്ക് - പടിഞ്ഞാറൻ ജോർഹട്ട് ബ്ലോക്കിലാണ് സത്യജിത്തിന്റെ ഗ്രാമം. കുട്ടിക്കാലം മുതലേ എരുമകളെ മേയ്ക്കുകയായിരുന്നു അയാളുടെ ജോലി. ബ്രഹ്മപുത്ര നദിയും അതിന്റെ കൈവഴികളും ഉൾപ്പെടുന്ന 1,94,413 ചതുരശ്രകിലോമീറ്ററിനുള്ളിൽ ഇടയ്ക്കിടയ്ക്ക് രൂപം കൊള്ളുകയും അപ്രത്യക്ഷമാവുകയും വീണ്ടും പൊങ്ങിവരികയും ചെയ്യുന്ന വിവിധ ദ്വീപുകളിലും മണൽത്തിട്ടകളിലും സത്യജിത്ത് സഞ്ചരിക്കുന്നു.
തന്റെ ജീവിതത്തെക്കുറിച്ച് അയാൾ പറയുകയും പാടുകയും ചെയ്യുന്നത് വീഡിയോയിൽ കേൾക്കൂ.
പരിഭാഷ: രാജീവ് ചേലനാട്ട്