“കുറച്ച് ദിവസങ്ങൾക്ക് മുൻപാണ്, കാലിന് തൊട്ടുതാഴെ ഒരു റസ്സൽ അണലിനെ കണ്ടത്. സമയത്തിന് കണ്ടതുകൊണ്ടുമാത്രമാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്”, മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഷെൻദൂർ ഗ്രാമത്തിലെ ദത്താത്രേയ കസോഡ് പറഞ്ഞു. രാത്രി പാടം നനയ്ക്കാൻ തുടങ്ങുമ്പോഴാണ് അയാൾ ആ പാമ്പിനെ കണ്ടത്. കസോടിനെപ്പോലെയുള്ള കർഷകർക്ക് രാത്രി കൃഷിയിടം നനയ്ക്കുന്നത് ഒരു ജീവിതരീറ്റിയായിത്തീർന്നിരിക്കുന്നു. കാരണം, കാർവിർ, കാഗൽ താലൂക്കുകളിലെ വൈദ്യുതിബന്ധം വളരെ മോശമാണ്. ഇടയ്ക്കിടയ്ക്ക് വന്നും പോയുമിരിക്കും. ഒന്നും ഉറപ്പിക്കാൻ പറ്റില്ല. എപ്പോഴൊക്കെയാണ് വൈദ്യുതി ഉണ്ടാവുക, ഇല്ലാതിരിക്കുക എന്നൊന്നും ആർക്കും അറിയില്ല. ചിലപ്പോൾ രാത്രിയാവും വരിക. ചിലപ്പോൾ രാവിലെയും. വന്നാൽ എത്രനേരമുണ്ടാകുമെന്നോ, പോയാൽ എപ്പോൾ തിരിച്ചുവരുമെന്നോ ആർക്കും നിശ്ചയവുമില്ല. നിയമപ്രകാരം, ദിവസവും നിർബന്ധമായി എട്ടുമണിക്കൂർ ലഭിച്ചിരിക്കേണ്ട വൈദ്യുതി, അതിനുമുമ്പേ വിച്ഛേദിക്കപ്പെടും. നഷ്ടപ്പെട്ട സമയത്തിനുള്ള പകരം വൈദ്യുതി ലഭിക്കാറുമില്ല.
തത്ഫലമായി, ധാരാളം വെള്ളമാവശ്യമുള്ള കരിമ്പുകൃഷിക്ക് സമയത്തിന് വെള്ളം നൽകാൻ കഴിയാതെ വരികയും വിളവ് നശിക്കുകയും ചെയ്യുന്നു. തങ്ങൾ നിസ്സഹായരാണെന്ന് കർഷകർ പറയുന്നു. ഉപജീവനത്തിനായി കൃഷി ഏറ്റെടുക്കരുതെന്നാണ് അവർ മക്കളെ ഉപദേശിക്കുന്നത്. ചെറുപ്പക്കാർ അടുത്തുള്ള മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ (എം.ഐ.ഡി.സി), 7,000-8,000 മാസ ശമ്പളത്തിന് ജോലിക്ക് പോവുന്നു.
“ഇത്രയധികം അദ്ധ്വാനം ചിലവഴിച്ചിട്ടും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടും, കൃഷിയിൽനിന്ന് മെച്ചമൊന്നും കിട്ടുന്നില്ല. വല്ല വ്യവസായങ്ങളിലും ജോലി ചെയ്ത് നല്ല ശമ്പളം വാങ്ങുന്നതാണ് കൂടുതൽ ഗുണകരം”, കർവിറിൽനിന്നുള്ള ചെറുപ്പക്കാരനായ കർഷകൻ ശ്രീകാന്ത് ചവാൻ പറയുന്നു.
കോലാപ്പൂരിലെ കർഷകരെയും അവരുടെ ഉപജീവനത്തെയും വൈദ്യുതിദൌർല്ലഭ്യം എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പറയുന്ന ഒരു ഹ്രസ്വചിത്രം
പരിഭാഷ: രാജീവ് ചേലനാട്ട്