അക്രമങ്ങളുടേയും യുദ്ധങ്ങളുടേയും രക്തച്ചൊരിച്ചിലിന്റേതുമായ നമ്മുടെ വർത്തമാനകാലത്ത്, ലോകസമാധാനത്തെക്കുറിച്ച് നമ്മൾ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, മത്സരത്തിലും അത്യാഗ്രഹത്തിലും ശത്രുതയിലും വെറുപ്പിലും അക്രമത്തിലും അടിസ്ഥാനപ്പെടുത്തിയ സംസ്കാരങ്ങൾക്ക് എങ്ങിനെയാണതിനെ ദൃശ്യവത്കരിക്കാൻ സാധിക്കുക? ഞങ്ങൾ വരുന്ന നാടുകളിൽ കാണുന്ന സംസ്കാരമല്ല ഇത്. സംസ്കാരത്തെക്കുറിച്ച് ഞങ്ങൾ ആദിവാസികൾക്ക് സ്വന്തമായ ധാരണകളുണ്ട്. വിദ്യാസമ്പന്നരായവർ രാത്രിയുടെ നിശ്ശബ്ദതയിൽ വന്ന് മാലിന്യങ്ങൾ നിക്ഷേപിക്കുകയും, വിദ്യാഭ്യാസമില്ലാത്തവർ രാവിലെ വന്ന് അവയെല്ലാം നീക്കം ചെയ്യുകയും ചെയ്യുന്ന സംസ്കാരത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. അത്തരമൊന്നിനെ സംസ്കാരമെന്ന് വിളിക്കാൻ ഞങ്ങൾക്കാവില്ല. അതുമായി കൂടിക്കലരാൻ ഞങ്ങൾ വിസമ്മതിക്കുകയും ചെയ്യുന്നു. പുഴക്കരയിൽ ഞങ്ങളൊരിക്കലും മലവിസർജ്ജനം ചെയ്യാറില്ല. പഴുക്കുന്നതിനുമുൻപേ മരങ്ങളിൽനിന്ന് ഫലങ്ങൾ പറിക്കുന്നത് ഞങ്ങളുടെ ശീലമല്ല. ഹോളി അടുത്താൽ, നിലമുഴുന്നത് ഞങ്ങൾ നിർത്തിവെക്കും. ഞങ്ങളുടെ വയലുകളെ ഞങ്ങൾ ചൂഷണം ചെയ്യാറില്ല. വർഷം മുഴുവൻ വയലിൽനിന്ന് വിളവുകൾ ഉണ്ടാവണമെന്ന് പ്രതീക്ഷിക്കാറില്ല ഞങ്ങൾ. ശ്വസിക്കാനും ആരോഗ്യം വീണ്ടെടുക്കാനും ഞങ്ങളതിന് സാവകാശം നൽകുന്നു. മനുഷ്യജീവനുകളെ വിലമതിക്കുന്നതുപോലെത്തന്നെ പ്രകൃതിയേയും ഞങ്ങൾ ബഹുമാനിക്കുന്നു.
കാട്ടിൽനിന്ന് ഞങ്ങൾ മടങ്ങാതിരുന്നത് ഇതുകൊണ്ടാണ്
അരക്കില്ലത്തിൽ നിങ്ങൾ ഞങ്ങളുടെ
പൂർവ്വികരെ
ജീവനോടെ ചുട്ടെരിച്ചു
അവരുടെ തള്ളവിരലുകൾ മുറിച്ചുമാറ്റി
സഹോദരരെ തമ്മിൽത്തമ്മിൽ യുദ്ധം
ചെയ്യിപ്പിച്ച് കൊന്നു
സ്വന്തം വീടുകൾ ചുട്ടെരിക്കാൻ
നിങ്ങളവരെ പ്രേരിപ്പിച്ചു
നിങ്ങളുടെ ആ നശിച്ച സംസ്കാരവും
അതിന്റെ ഭീകരമായ മുഖവും
കാരണമാണ്
ഞങ്ങൾ കാടുകളിൽനിന്ന്
മടങ്ങാതിരുന്നത്
മരത്തിൽനിന്ന് ഒരില
കൊഴിയുമ്പോലെ
മണ്ണോട് ചേരുന്നതാണ്
മരണത്തെക്കുറിച്ചുള്ള ഞങ്ങളുടെ
സങ്കല്പം
സ്വർഗ്ഗത്തിലല്ല ദൈവങ്ങളെ ഞങ്ങൾ
അന്വേഷിക്കുന്നത്
പ്രകൃതിയിലാണ്
ജീവനില്ലാത്താവയ്ക്ക് ഞങ്ങളുടെ
ജീവിതത്തിൽ സ്ഥാനമില്ല.
പ്രകൃതിയാണ് ഞങ്ങളുടെ സ്വർഗ്ഗം
അതിനെതിർ നിന്നാൽ നരകമാണ്
സ്വാതന്ത്ര്യമാണ് ഞങ്ങളുടെ മതം
നിങ്ങളീ ബന്ധനത്തെ, ഈ അസ്വാതന്ത്ര്യത്തെ
മതമെന്ന് വിളിക്കുന്നു
നിങ്ങളുടെ ഈ നശിച്ച സംസ്കാരവും
അതിന്റെ ഭീതിദമായ മുഖവും,
മഹാശയാ, അതുകൊണ്ടാണ് ഞങ്ങൾ
കാടുകളിൽനിന്ന്
തിരിച്ചുവരാത്തത്
ഭൂമിയുടെ സൈന്യമാണ് ഞങ്ങൾ മഹാശയാ,
ഞങ്ങൾക്ക് മാത്രമായൊരു
അതിജീവനമില്ല.
ജലം, വനം, ഭൂമി, മനുഷ്യർ, മൃഗങ്ങൾ
അവരുള്ളതുകൊണ്ടാണ് ഞങ്ങൾ
ജീവിക്കുന്നത്
നിങ്ങൾ ഞങ്ങളുടെ പൂർവ്വികരെ
പീരങ്കിമുഖങ്ങളിൽ കെട്ടിവെച്ചു
മരങ്ങളിൽ കെട്ടിത്തൂക്കി, അടിയിൽ തീയിട്ടു
അവരെക്കൊണ്ടുതന്നെ സൈന്യങ്ങളുണ്ടാക്കി
അവരെക്കൊല്ലിച്ചു
ഞങ്ങളുടെ തനത് ശക്തികളെ കൊന്ന്
ഞങ്ങളെ കള്ളന്മാരെന്നും, കവർച്ചക്കാരെന്നും,
ധിക്കാരികളെന്നും മറ്റ്
പലതുമാക്കി മുദ്രകുത്തി
ഒരു തുണ്ട് കടലാസ്സുകൊണ്ട്
നിങ്ങൾക്ക് ഞങ്ങളെ കൊല്ലാനായേക്കാം
നിങ്ങളുടെ ഈ നശിച്ച സംസ്കാരം,
അതിന്റെ ക്രൂരമായ മുഖം,
അതുകൊണ്ടൊക്കെയാണ് ഞങ്ങൾ
തിരിച്ചുവരാതിരുന്നത്
മഹാശയാ
നീ നിന്റെ ജീവിക്കുന്ന ഇടത്തെ
കമ്പോളമാക്കിത്തീർത്തു
മഹാശയാ, നിങ്ങൾ പഠിപ്പുള്ളവർക്ക്
നിങ്ങളുടെ കണ്ണ്
നഷ്ടമായിരിക്കുന്നു
നിങ്ങളുടെ സാക്ഷരത
നിങ്ങളുടെ ആത്മാവിനെത്തന്നെ
ഇല്ലാതാക്കിയിരിക്കുന്നു
സംസ്കാരത്തിന്റേയും
പരിഷ്കൃതിയുടേയും പേരിൽ
അത് ഞങ്ങളെ ചന്തയിലെ ചത്വരത്തിൽ
വില്പനച്ചരക്കുകളാക്കിയിരിക്കുന്നു
പുതിയ കാലത്തിന്റെ
അരുണോദയമെന്ന്
നിങ്ങൾ വിളിക്കുന്നത്
നിങ്ങൾ
കുന്നുകൂട്ടിവെച്ചിരിക്കുന്ന
ഈ പ്രാകൃതത്വത്തെയാണോ?
ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ
വെറുക്കുന്നതിനെയാണോ?
നിങ്ങളുടെ തോക്കുകളും
പായുന്ന ബോംബുകളും കൊണ്ട്
ലോകത്ത് ശാന്തി കൊണ്ടുവരാമെന്ന്
കരുതുന്നുണ്ടോ നിങ്ങൾ?
നിങ്ങളുടെ നശിച്ച സംസ്കാരം,
അതിന്റെ ക്രൂരമായ മുഖം,
അതുകൊണ്ടൊക്കെയാണ്
ഞങ്ങൾ തിരിച്ചുവരാതിരുന്നത്
മഹാശയാ
പരിഭാഷ: രാജീവ് ചേലനാട്ട്