ആർ. കൃഷ്ണ തമിഴ്‌നാട്ടിലെ കോട്ടഗിരി പഞ്ചായത്തിലെ വെളരികോമ്പൈ ഗ്രാമത്തിൽ പ്രസിദ്ധനാണ്. കുറുമ്പരുടെ പാരമ്പര്യ ചിത്രരചനയിലുള്ള തന്റെ പ്രാവീണ്യമാണ്‌ അദ്ദേഹത്തിന് ആ നാട്ടിൽ പ്രസിദ്ധി നേടിക്കൊടുത്തത്. ഈ ശൈലി ജ്യാമിതീയവും ചുരുങ്ങിയതും ആണ്. നീലഗിരിയിലെ ആദിവാസികളുടെ കൊയ്ത്തുത്സവങ്ങളും, മതാനുഷ്ഠാനങ്ങളും, തേൻ ശേഖരിക്കാനുള്ള പര്യടനങ്ങളും മറ്റുപ്രവർത്തനങ്ങളും ആണ് ചിത്രങ്ങളിലെ വിഷയങ്ങൾ. 

ഹരിതാഭമായ തേയിലത്തോട്ടങ്ങളിലൂടെയും അല്പം ആപൽക്കരമാവണ്ണം നിറയെ കായ്ച്ചുനിൽക്കുന്ന പ്ലാവുകളുടെയും ഇടയിലൂടെയുള്ള ഒരു രണ്ടുമണിക്കൂർ നീണ്ട മലകയറ്റത്തിനിടയ്ക്കു്  വനത്തിനുള്ളിൽ എവിടെയോ വച്ചാണ് ഞങ്ങൾ അദ്ദേഹത്തെ കണ്ടുമുട്ടിയത് . ഒറ്റപ്പെട്ട ഒരു കുന്നിൻപാതയിലെ ഒരു ഹെയർപിൻ വളവുകടന്നപ്പോൾ ഞാനും എന്റെ രണ്ടു കൂട്ടാളികളും സൂര്യപ്രകാശം നിറഞ്ഞ ഒരു പ്രദേശത്തു ബദ്ധപ്പെട്ട് എത്തി - കൃത്യമായി കൃഷ്ണയുടെ മുന്നിൽ. 

PHOTO • Olivia Waring

ആർ. കൃഷ്ണയുടെ ഗ്രാമമായ വെള്ളരികൊമ്പയിലേക്കുള്ള പാതയിലെ ഹരിതാഭമായ തേയിലത്തോട്ടങ്ങൾ. 

ഞങ്ങളുടെ പെട്ടന്നുള്ള വരവിൽ ഒരു നീരസവും അദ്ദേഹത്തിന് തോന്നിയില്ല എന്നുമാത്രമല്ല, ആ പ്രദേശത്തു ഇരുന്നു തന്റെ സഞ്ചിയിലെ സാമാനങ്ങൾ വെളിപ്പെടുത്താൻ വളരെ സന്തോഷവുമായിരുന്നു. ഒരു നിറംമങ്ങിയ മഞ്ഞച്ചാക്കിൽ ഉണ്ടായിരുന്ന ഒരു ഓറഞ്ച് നിറമുള്ള അകോർഡിയോൺ ഫയലിൽ നിരവധി ഡസൻ പത്ര ശകലങ്ങളും, ഫോട്ടോകളും പിന്നെ അദ്ദേഹം വരച്ച ചിത്രങ്ങളിൽ ചിലതും ആയിരുന്നു. അദ്ദേഹം ഈ ഭാണ്ഡം തന്റെയൊപ്പം എല്ലായിടത്തും കൊണ്ടുപോകും. ഒരു പക്ഷെ, ഇത്തരത്തിലുള്ള ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചാകാം. 

"ഒരിക്കൽ, എന്റെ ചിത്രങ്ങളിൽ താല്പര്യം തോന്നിയ ജില്ലാ കളക്ടർ അവ വാങ്ങി," 41 വയസ്സുകാരനായ കൃഷ്ണ ബഡഗ ഭാഷയിൽ പറഞ്ഞു. തന്റെ കലാജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു അത് എന്ന് അദ്ദേഹം പറഞ്ഞു. 

ആദിവാസി ചിത്രകാരന്മാരുടെ നീണ്ടനിരയിലെ അവസാനത്തെ ചിലരിൽ ഒരാളാണു കൃഷ്ണ. വെളരികോമ്പയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പുരാവസ്തുശാസ്ത്ര സ്ഥാനമായ എളുതുപാറയിൽ കാണപ്പെടുന്ന ശിലാചിത്രങ്ങൾ തങ്ങളുടെ പൂർവികർ രചിച്ചതാണ് എന്നാണ് പല കുറുമ്പരും കരുതുന്നത്. ഈ സ്ഥാനത്തിന് മൂവായിരം വർഷങ്ങളോളം പഴക്കം കരുതപ്പെടുന്നു. "മുൻപ്, ഞങ്ങൾ വനമധ്യത്തിൽ എളുതുപാറയ്ക്കുസമീപം ആണ് ജീവിച്ചിരുന്നത്," കൃഷ്ണ പറഞ്ഞു. "ഇത്തരത്തിലുള്ള ചിത്രങ്ങൾ കുറുമ്പർക്കിടയിൽ മാത്രമേ കാണുകയുള്ളു."

കൃഷ്ണയുടെ മുത്തച്ഛനും സാമാന്യം ഖ്യാതിയുള്ള ഒരു ചിത്രകാരൻ ആയിരുന്നു. ആ പ്രദേശത്തെ നിരവധി അമ്പലങ്ങൾ അലങ്കരിക്കാൻ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അഞ്ച് വയസ്സുതൊട്ട് കൃഷ്ണ അദ്ദേഹത്തിൽ നിന്നും ചിത്രകല അഭ്യസിക്കാൻ തുടങ്ങി. ഇന്ന്, അദ്ദേഹം തന്റെ മുത്തച്ഛന്റെ പാരമ്പര്യം ചില പരിഷ്‌കാരങ്ങൾ വരുത്തി തുടരുന്നു: അദ്ദേഹത്തിന്റെ മുൻഗാമികൾ ശിലാമുഖങ്ങളിൽ കമ്പുകൾ കൊണ്ട് ചിത്രംവരച്ചപ്പോൾ, കൃഷ്ണ ബ്രഷുകൾ കൊണ്ട് ക്യാൻവാസ്സിലും കൈകൊണ്ട്‌ ഉണ്ടാക്കിയ കടലാസ്സിലും വരയ്ക്കുന്നു. എങ്കിലും അദ്ദേഹം ജൈവവും ഗൃഹനിർമിതവുമായ ചായങ്ങളുടെ ഉപയോഗം നിലനിർത്തുന്നു. ഇവ രാസപദാർത്ഥങ്ങളാൽ നിർമിച്ച ചായങ്ങളേക്കാൾ  സ്പഷ്ടവും ഈടുറ്റതും ആണെന്ന് ഞങ്ങളുടെ പരിഭാഷകൻ പറഞ്ഞു. 

PHOTO • Olivia Waring

ഇടത് : കൃഷ്ണ ചിത്രംവരയ്ക്കുന്നതിന്റെ ഒരു ഫോട്ടോ. വലത് : അദ്ദേഹത്തിന്റെ പൂർത്തീകരിച്ച ചിത്രങ്ങളിൽ ഒന്ന്.

കൃഷ്ണയുടെ 8*10 വലിപ്പമുള്ള ചിത്രങ്ങൾ കോട്ടഗിരിയിലെ ലാസ്റ്റ് ഫോറെസ്റ്റ് എന്റർപ്രൈസസ് എന്ന സംഘടനയുടെ ഉപഹാരങ്ങളുടെ കടയിൽ മുന്നൂറ് രൂപയ്ക്കടുത്തു വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ലാസ്റ്റ് ഫോറെസ്റ്റ് എന്റർപ്രൈസസ് എന്ന സംഘടന തേനും മറ്റു തദ്ദേശീയ ഉത്പന്നങ്ങളും വിൽക്കുന്നു.  ഒരു ദിവസത്തിൽ രണ്ടു ചിത്രങ്ങൾ അദ്ദേഹം നിർമ്മിക്കും. ഒരു ആഴ്ചയിൽ 5 - 10 എണ്ണം വിൽക്കും. അദ്ദേഹം ആശംസാകാർഡുകളും ബുക്ക്മാർക്കുകളും വരയ്ക്കും. മാത്രമല്ല, ആ പ്രദേശത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ഭിത്തികൾ കുറുമ്പരുടെ ശൈലിയിൽ അലങ്കരിക്കാൻ അടിക്കടി അദ്ദേഹത്തോട് അഭ്യർത്ഥിക്കാറുണ്ട്. ഇടയ്ക്കിടെ അദ്ദേഹം കുറുമ്പ കുട്ടികൾക്ക്  ചിത്രകല പാഠങ്ങൾ നൽകാറുമുണ്ട്. ആകമാനം, അദ്ദേഹത്തിന് കലാപരമായ ഉദ്യമങ്ങളിൽ നിന്ന്  10,000-15,000 രൂപയെങ്കിലും മാസംതോറും വരുമാനമുണ്ട്.

ഇതുകൂടാതെ, അതാതുകാലങ്ങളിൽ തേൻ ശേഖരിക്കാൻ പോകുന്ന സംഘങ്ങളോടൊപ്പം ചേർന്ന് മാസം 1,500- 2,000 രൂപയോളം സമ്പാദിക്കുന്നുമുണ്ട്. ഇതിൽ ഭൂമിയിൽനിന്ന് നൂറോളം അടി ഉയരത്തിൽ തൂങ്ങിക്കിടന്ന് കുത്തനെയുള്ള പാറകളിൽ പറ്റിയിരിക്കുന്ന തേനീച്ചകളെ പുകച്ചൊടിച്ചിട്ടു വേണം അവർ അവശേഷിപ്പിച്ചു പോയ അമൂല്യമായ തേൻ ശേഖരിക്കാൻ. വിരളമാണെങ്കിലും ഈ യാത്രകൾക്കിടയിൽ അപകടമരണങ്ങൾ ഉണ്ടാകാറുണ്ട്. ഞങ്ങൾ ക്യാമ്പ് സ്ഥാപിച്ച തുറസ്സായ പ്രദേശത്തു നിന്നും ഉള്ള ഒരു കാഴ്ച വളരെ വർഷങ്ങൾക്കു മുന്നേ ആരോ തന്റെ മരണത്തിലേക്കു വഴുതിവീണ ഒരു പാറയുടേതായിരുന്നു. അത് ഈ പ്രവൃത്തിയിൽ പതിയിരിക്കുന്ന അപകടങ്ങളുടെ ഒരു ഭീകര ഓർമ്മപ്പെടുത്തലായി.  മരിച്ച വ്യക്‌തിയോടുള്ള ആദരസൂചകമായി ഇപ്പോൾ  തേനെടുപ്പുകാർ ആരും ആ പ്രദേശത്തെക്കു പോകാറില്ല. ഭാഗ്യത്തിന്‌ കൃഷ്‌ണക്കു തേനെടുക്കാൻ പോകുമ്പോൾ പറ്റിയ ഏറ്റവും വലിയ അപകടം മൂക്കിൽ ഒരു തേനീച്ച കുത്തിയതു മാത്രമാണ്.

PHOTO • Olivia Waring

വർഷങ്ങൾക്കു മുന്നേ ഒരു കുറുമ്പ തേനെടുപ്പുകാരൻ മരണത്തിലേക്കു പതിച്ച പാറ. 

പിരിയുന്നതിനു മുൻപ് കൃഷ്ണ വെളരികോമ്പൈ ഗ്രാമത്തിലെ തന്റെ വീട് സന്ദർശിക്കാൻ ക്ഷണിക്കുകയും അവിടെ എത്താനുള്ള മാർഗം പറഞ്ഞുതരുകയും ചെയ്‌തു. കുറച്ചു മണിക്കൂറുകൾക്കു ശേഷം അവിടെ എത്തിയ ഞങ്ങളെ അദ്ദേഹത്തിന്റെ ഭാര്യ സുശീല ഊഷ്മളമായി സ്വീകരിച്ചു. എന്നാൽ അദ്ദേഹത്തിന്റെ രണ്ടു വയസ്സുള്ള മകൾ ഗീത വൈമനസ്സ്യത്തോടെ ആണ് പ്രതികരിച്ചത്. 

PHOTO • Olivia Waring

കൃഷ്ണയുടെ മകൾ ഗീത ഒരു വാതില്പടിക്കു പിന്നിൽ നിന്ന് നാണത്തോടെ ഒളിഞ്ഞു നോക്കുന്നു. (ചിത്രം: ഔഡ്ര ബാസ്സ് ) വലതു: ഗീതയുടെ ഒപ്പം അദ്ദേഹത്തിന്റെ ഭാര്യ സുശീല 

പരമ്പരാഗതവിധി പ്രകാരം വനവിഭവങ്ങൾ കൂട്ടിച്ചേർത്തു കൃഷ്ണ ഉണ്ടാക്കുന്ന ജൈവ ചായങ്ങളുടെ അംശങ്ങൾ സുശീല സദയം ഞങ്ങളെ കാണിച്ചു തന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സമൃദ്ധമായ ഭൗമിക ഭാവങ്ങൾ ഇത്തരം വന്യചേരുവകൾ ഒന്നുകൊണ്ടു മാത്രമാണ് . കാട്ടേഗഡ ഇലകളിൽ നിന്നാണ് പച്ച വരുന്നത് . തവിട്ടിന്റെ നിറഭേദങ്ങൾ വേങ്ങമരത്തിന്റെ സത്തിൽ നിന്നാണ്. കരിമരത്തിന്റെ തോല് കറുത്ത നിറം പകരുമ്പോൾ, കളിമണ്ണ്‌ മഞ്ഞ തരും. പൂഴിമണ്ണ് അത്ഭുതപ്പെടുത്തുന്ന ഒരു തെളിച്ചമുള്ള വെള്ള നിറഭേദം തരും. ചുവപ്പും നീലയും കുറുമ്പ ചിത്രങ്ങളിൽ വിരളമാണ്.

PHOTO • Olivia Waring

കൃഷ്ണയുടെ കലയുടെ ഘട്ടങ്ങൾ: പച്ച കാട്ടേഗഡ ഇലകൾ, കൈകൊണ്ടുണ്ടാക്കിയ ജൈവ ചായങ്ങൾ, പിന്നെ ചില മുഴുമിച്ച രചനകൾ 

കുറുമ്പ കല തലമുറകളോളം തുടരണം എന്ന് കൃഷ്ണക്കു നിർബന്ധമാണ് . അദ്ദേഹത്തിന് ചിത്രകല ഒരു വ്യക്തിപരമായ അഭിനിവേശം മാത്രമല്ല, അതിവേഗം നശിച്ചുകൊണ്ടിരിക്കുന്ന കുറുമ്പ സംസ്കാരത്തെ നിലനിർത്താനുള്ള ഒരു മാർഗ്ഗം കൂടി ആണ്. യുവകലാകാരന്മാർക്കു എന്ത് ഉപദേശം നൽകും എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം പറഞ്ഞു, "നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ സർവകലാശാലകളിൽ ചേരാം, എന്നാൽ ഒരിക്കലും നമ്മുടെ സംസ്കാരത്തെ മറികടന്നു പോകരുത്. ഫാസ്റ്റ്ഫുഡ് നല്ലതല്ല - പൂർവികന്മാർ ഭക്ഷിച്ചതു പോലെ തന്നെ ഭക്ഷിക്കുക. ഈ ചിത്രകലയും, തേൻ ശേഖരണവും തുടരുക....എല്ലാ മരുന്നുകളും ഈ വനത്തിൽ തന്നെ ഉണ്ട്."

പഴമയുടെയും പുതുമയുടെയും നേർത്ത കൂട്ടികുഴയ്ക്കലിനെ കുറിച്ച് കൃഷ്ണക്ക് നല്ല ബോധമുണ്ട്. ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ തന്നെ അദ്ദേത്തിന്റെ സെൽഫോൺ മുഴങ്ങി. ആ ചെറിയ പ്രദേശം മുഴുവൻ മുംബൈയിലെ ഏതോ നിശാക്ലബിൽ കേൾക്കുവാൻ സാധ്യതയുള്ള സംഗീതത്തിൽ മുങ്ങി. ആ ഒറ്റപ്പെട്ട മലഞ്ചരിവിന്റെ പ്രശാന്തതക്ക് ഒരു നിമിഷം ഭംഗം വന്നെങ്കിലും എല്ലാവരും ചിരിച്ചു. ശേഷം അഭിമുഖം തുടർന്നു. 

നീലഗിരിയിൽ എനിക്ക് പരിഭാഷകനും വഴികാട്ടിയും ആയി പ്രവർത്തിച്ച ലാസ്റ്റ് ഫോറെസ്റ്റ് എന്റർപ്രൈസസിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയ ശരവണൻ രാജനു നന്ദി. കോട്ടഗിരിയിൽ താമസമൊരുക്കുകയും പ്രദേശത്തെ സന്ദർശനങ്ങളിൽ അനുഗമിക്കുകയും ചെയ്ത ലാസ്റ്റ് ഫോറെസ്റ്റ് എന്റർപ്രൈസസിന്റെ ഒപ്പം പ്രവർത്തിക്കുന്ന എഐഫ് ക്ലിന്റൺ ഫെൽലോ ആയ ഔഡ്ര ബാസ്സിനും നന്ദി. 

പരിഭാഷ: ജ്യോത്സ്ന വി

ജ്യോത്സ്ന വി. എറണാകുളത്തുള്ള ഒരു മാധ്യമപ്രവർത്തകയാണ്. ഒരു അന്താരാഷ്ട്ര ന്യൂസ് വയറിൽ സാമ്പത്തിക വാർത്തകൾ കൈകാര്യം ചെയ്യുന്നു.

Olivia Waring

ഒലിവിയ വാറിംഗ് ഹാർവാർഡ് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളിൽ നിന്നും വൈദ്യശാസ്ത്രത്തിലും ഹ്യുമാനിറ്റേറിയൻ എൻജിനീറിങ്ങിലും ബിരുദപഠനം നടത്തുന്നു. അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷൻ ക്ലിന്റൺ ഫെൽലോഷിപ്പിന്റെ സഹായത്തോടെ 2016-17 വർഷങ്ങളിൽ മുംബൈയിൽ PARIയിൽ ജോലി ചെയ്തു.

Other stories by Olivia Waring