"ഡൊല്ലു കുനിതയിൽ ആൺകുട്ടികൾ അത്ര മിടുക്കരൊന്നുമല്ല, ഞങ്ങളാണ് മികച്ചത്” –-പതിനഞ്ചുകാരി വിജയലക്ഷ്മി പറയുന്നു.
ശരിയാണെന്ന് മനസ്സിലാവും - അമിതവണ്ണമില്ലാത്ത പെൺകുട്ടികൾ, പരിചയസമ്പന്നരായ നർത്തകരുടെ കൃത്യതയോടെയും അഭ്യാസികളുടെ ചടുലതയോടെയും മെലിഞ്ഞ അരയിൽ കനത്ത ഡ്രമ്മുകൾ കെട്ടി വട്ടത്തിൽ കറങ്ങുന്നു. ഒത്തൊരുമയോടെ, ഒരേ താളത്തിൽ, കൃത്യതയോടെ.
കൌമാരക്കാരായ പെൺകുട്ടികളാണ് അവർ. കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾക്കുപോലും പ്രായപൂർത്തിയായിട്ടില്ല. എന്നാൽ ശാരീരികക്ഷമത കൂടുതൽ ആവശ്യപ്പെടുന്ന ഡ്രം അരയിൽകെട്ടി നൃത്തംചെയ്യുന്ന അവരുടെ ഊർജ്ജവും അനായാസതയും അതിശയിപ്പിക്കുന്നതാണ്. കർണാടകയിലെ പ്രശസ്തമായ നാടോടിനൃത്തരൂപമാണ് ഡൊല്ലു കുനിത. കന്നഡയിൽ ഡൊല്ലു എന്നതിന് ഡ്രം എന്നും കുനിതയ്ക്ക് നൃത്തമെന്നുമാണ് അർത്ഥം. ഗണ്ടു കലെ എന്നും ഇതറിയപ്പെടുന്നു –- പുരുഷന്റെ വൈദഗ്ദ്ധ്യം, അഥവാ, പുരുഷന്റെ കല എന്നൊക്കെയാണ് ഈ വാക്കിനർത്ഥം. ദൃഢഗാത്രരായ പുരുഷൻമാർ പത്ത് കിലോയോളം ഭാരംവരുന്ന ഡ്രം തങ്ങളുടെ അരയോട് ചേർത്തുകെട്ടിയാണ് വേഗത്തിലും ചുറുചുറുക്കോടയെും നൃത്തംചെയ്യുന്നത്. ബലിഷ്ഠരും ശാരീരികക്ഷമതയുമുള്ള പുരുഷൻമാരുടെ കലയായിട്ടാണ് കാലങ്ങളായി ഇത് കണക്കാക്കപ്പെട്ടിരുന്നത്.
ഒരുകൂട്ടം പെൺകുട്ടികൾ ആ പരമ്പരാഗതധാരണയെ തിരുത്തുംവരെ. നഗരമധ്യത്തിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ ബംഗളൂരുവിന് സമീപം നെൽവയലുകളും തെങ്ങുകളും നിറഞ്ഞ ഹെസറഘട്ടയിൽ ചില പരമ്പരാഗത സാംസ്കാരിക മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തുകയാണ് ഈ പെൺകുട്ടികൾ. ഡൊല്ലു കുനിത സ്ത്രീകൾക്കുള്ളതല്ലെന്ന ആശയത്തെ വെല്ലുവിളിച്ച്, പഴയ വിശ്വാസങ്ങളെ അവഗണിച്ച് കനമേറിയ ഡ്രമ്മിനെ സ്വന്തമാക്കിയിരിക്കുകയാണ് ഇന്നവർ.





