പ്രകമ്പനം സാമ്രാജ്യത്വ കിടക്കറയിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. തകർക്കപ്പെട്ട കോട്ടകൾ നന്നാക്കാൻ വളരെ വൈകിയിരുന്നു. ശക്തരായ പ്രഭുക്കന്മാരെയും സൈനികദാസൻമാരെയും ഉണർത്താൻ വളരെ വൈകിയിരുന്നു.
സാമ്രാജ്യത്തുടനീളം ധാർഷ്ട്യമുള്ള ആഴമേറിയ വിടവുകൾ. പുതുതായി മുറിച്ച ഗോതമ്പ് തണ്ടുകൾ പോലെ അവയുടെ മണം. വിശക്കുന്ന ബഹുജനങ്ങളോട് നമ്മുടെ ചക്രവർത്തിക്കുണ്ടായിരുന്ന വെറുപ്പിനേക്കാൾ ആഴത്തിലുള്ളതും, അയാളുടെ വിരിഞ്ഞ നെഞ്ചിനേക്കാൾ വ്യാപ്തിയുള്ളതുമായ അവ കൊട്ടാരം, ചന്തകൾ, തന്റെ വിശുദ്ധ ഗോശാലകളുടെ ചുവരുകൾ എന്നിവിടങ്ങളിലേക്ക് നയിക്കുന്ന തെരുവുകളിലേക്കെത്തിയിരുന്നു. ഇത് വളരെ വൈകിയിരുന്നു.
കടന്നുപോകുന്ന ഒരു ചെറുകൂട്ടമെന്ന കണക്കെ പ്രകമ്പനങ്ങളെ ശല്യമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി, ആളുകൾക്കിടയിലൂടെ വളരെവേഗം വലിയ ശബ്ദമുണ്ടാക്കി കടന്നുപോകുന്ന വളര്ത്ത് പക്ഷികളെ സ്വതന്ത്രമായി വിടാൻ കൂടുതൽ വൈകി. ജാഥ നയിക്കുന്ന പാദങ്ങളെ അവഹേളിക്കാനും കൂടുതൽ വൈകി. വീണ്ടുകീറിയ, സൂര്യാഘാതമേറ്റ പാദങ്ങൾ... അവ എങ്ങനെ അയാളുടെ സിംഹാസനത്തെ ഉലയ്ക്കുന്നു! ഈ വിശുദ്ധ സാമ്രാജ്യം ഒരു ആയിരം വർഷംകൂടി നിലനിൽക്കുമെന്ന് പ്രസംഗിക്കാൻ വളരെയധികം വൈകി. അഴുക്കിനെ സമൃദ്ധമായ ധാന്യക്കതിരുകളാക്കി മാറ്റിയ പച്ചപ്പുള്ള കൈകൾ ആകാശത്തേക്ക് ഉയരുകയായിരുന്നു.
പക്ഷെ ആരുടെ പൈശാചിക മുഷ്ടികൾ ആയിരുന്നു അവ? അവയിൽ പകുതി സ്ത്രീകളുടേത് ആയിരുന്നു. മൂന്നിലൊന്ന് അടിമത്തത്തിന്റെ പിടിയിലുള്ളവ ആയിരുന്നു. നാലിലൊന്ന് മറ്റുള്ളവയേക്കാളൊക്കെ പുരാതനമായിരുന്നു. കുറച്ചെണ്ണത്തെ മനോഹരമായ മഴവില്ലുകളിൽ അണിയിച്ചൊരുക്കി. ചിലത് കടുംചുവപ്പ് വിതറി. അല്ലെങ്കിൽ അവയുടെ മേൽ മഞ്ഞ പൂശി. കുറച്ചെണ്ണം പഴന്തുണി കഷണങ്ങളിലായിരുന്നു. ചക്രവർത്തിയുടെ ഏറ്റവും മികച്ച സ്ഥാന വസ്ത്രത്തേക്കാൾ കൂടുതൽ രാജകീയമായിരുന്നു ആ പഴന്തുണി കഷണങ്ങൾ. ജാഥ നയിക്കുകയും പാടുകയും പുഞ്ചിരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഏറ്റവും അപകടകാരികളാണവ. വിശുദ്ധ ട്രെബ്യൂഷെറ്റുകൾക്കും പരിശുദ്ധമായ തോക്കുകൾക്കും പോലും കൊല്ലാൻ കഴിയാത്ത കലപ്പയേന്തുന്ന വന്യജീവിതമാണവരുടേത്.
ഹൃദയമില്ലാത്ത സാമ്രാജ്യ ഇടത്തേക്ക് പ്രകമ്പനങ്ങൾ എത്തിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.



