"ഞാൻ ജനിച്ചപ്പോൾ മുതൽ ഇങ്ങനെയാണ്. ഞാൻ തൊഴിലാളിയായി പണിയെടുത്തിട്ടുണ്ട്”, രത്നവ്വ എസ്. ഹരിജൻ പറഞ്ഞു. ഓഗസ്റ്റിലെ ഒരു മഞ്ഞുള്ള പ്രഭാതത്തിൽ വീട്ടിൽനിന്നും വേഗത്തിൽ താൻ ദിവസവേതനത്തിന് പണിയെടുക്കുന്ന പാടത്തേക്ക് നടക്കുകയായിരുന്നു അവർ. ഉയരംകൂടി ചെറിയ കുനിവുള്ള അവർ വേഗത്തിൽ നടക്കുമ്പോൾ കൗമാര പ്രായത്തിലുണ്ടായ ചെറിയ മുറിവ് അറിയുന്നേയില്ല.
പാടത്തെത്തിയശേഷം കൂടെക്കരുതിയിട്ടുള്ള പണി വസ്ത്രങ്ങൾ അവർ ധരിക്കുന്നു. ആദ്യം അവർ സാരിക്കു മുകളിൽ ധരിക്കുന്ന മുഷിഞ്ഞ നീല ഷർട്ടിലേക്ക് തന്റെ കൈകൾ കയറ്റുന്നു. പിന്നീടവർ നീളമുള്ള മഞ്ഞ പ്രിന്റുള്ള നൈറ്റി പൂമ്പൊടി പറ്റിപ്പിടിക്കാതിരിക്കാന്‍ അരയ്ക്കു ചുറ്റും കെട്ടുന്നു. അതിനു മുകളിൽ അവർ കീറിയ ഒരു നീല ഷിഫോൺ തുണി മടിശ്ശീലപോലെ കെട്ടുന്നു. വെണ്ടയുടെ ആൺപൂവുകൾ ഇടുന്നതിനു വേണ്ടിയാണത്. മങ്ങിയ വെള്ള തോര്‍ത്ത് നെറ്റിയിൽ കെട്ടിക്കൊണ്ട് 45-കാരിയായ രത്നവ്വ തന്റെ ഇടത് കൈയിൽ കുറച്ച് ചരടുകൾ പിടിച്ച് ജോലി തുടങ്ങുന്നു.
അവർ ഒരു പൂവെടുത്ത് പതിയെ അതിന്റെ ഇതളുകൾ വളച്ച് ഓരോ പരാഗണഭാഗത്തേക്കും ആൺകൂമ്പിൽ നിന്നും പൂമ്പൊടി തേക്കുന്നു. പരാഗണം ചെയ്യപ്പെട്ട ഭാഗം ഒരു നൂൽ കെട്ടി അവർ അടയാളപ്പെടുത്തുന്നു. പാടത്തെ വെണ്ടച്ചെടികളിലെ നിരയിലെ ഓരോ പൂവുകളിലും കുനിഞ്ഞുനിന്ന് അവർ താളാത്മകമായി പരാഗണം നടത്തുന്നു. കൈ പരാഗണം നടത്തുന്നതിൽ അവർ വിദഗ്ദയാണ് – ചെറിയ കുട്ടിയായിരുന്നപ്പോൾ മുതലുള്ള അവരുടെ തൊഴിലാണത്.
കർണ്ണാടകയിലെ ഒരു ദളിത് ജാതിയായ മാദിഗ സമുദായത്തിൽപ്പെട്ട വ്യക്തിയാണ് രത്നവ്വ. ഒരു മാദിഗാര കേരിയിലാണ് (മാദിഗ വാസസ്ഥലം) അവർ താമസിക്കുന്നത്. കർണ്ണാടകയിലെ ഹാവേരി ജില്ലയിലെ റാണിബെന്നൂരു താലൂക്കിലെ കോണനതലി ഗ്രാമത്തിലാണിത്.












