ആദ്യം അയാളുടെ അച്ഛനായിരുന്നു. അടുത്ത ദിവസം അമ്മ. 2021 മെയ് മാസത്തിലെ കോവിഡ് രണ്ടാം തരംഗത്തിൽ തന്റെ മാതാപിതാക്കളെ തൊട്ടടുത്ത ദിവസങ്ങളിലായി ബാധിച്ച ആ പനി പുരുഷോത്തം മസാലിനെ പരിഭ്രാന്തനാക്കിയിരുന്നു. “ഗ്രാമത്തിൽ നിരവധി പേർക്ക് അപ്പോഴേക്കും രോഗം ബാധിച്ചിരുന്നു. ഭയാനകമായ ദിവസങ്ങളായിരുന്നു അവ.” പുരുഷോത്തമിന്റെ ഭാര്യ വിജയമാല പറയുന്നു.
മഹാരാഷ്ട്രയിൽ, താൻ വസിക്കുന്ന ബീഡ് ജില്ലയിലെ സർക്കാർ ആശുപത്രികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്ന വാർത്ത പുരുഷോത്തം അറിഞ്ഞിരുന്നു. “സ്വകാര്യ ആശുപത്രിയിൽ മാതാപിതാക്കളെ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അവിടത്തെ ചികിത്സ ചെലവേറിയതാവുമെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു.” വിജയമാല പറയുന്നു. “ഒരു വ്യക്തി ഒരാഴ്ച അവിടെ ചെലവിട്ടാൽ തന്നെ ആശുപത്രി ചെലവ് ലക്ഷങ്ങളായിരിക്കും.” പുരുഷോത്തമിന്റെ വാർഷിക വരുമാനത്തേക്കാൾ എത്രയോ അധികം.
ദാരിദ്ര്യമായിരുന്നെങ്കിലും, കടങ്ങളൊന്നും കൂടാതെ ജീവിച്ചു പോകാൻ കുടുംബത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ആശുപത്രി ചെലവുകൾക്കായി എടുക്കേണ്ടി വന്നേക്കാവുന്ന കടങ്ങളെ ഓർത്ത് 40-കാരനായ പുരുഷോത്തം പരവശനായി. പർലി താലൂക്കിലെ തന്റെ ഗ്രാമമായ ഹിവാര ഗോവർധനിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള സിർസാലയിൽ ഒരു ചായക്കട നടത്തിയിരുന്നു അയാൾ. 2020 മാർച്ചിൽ കോവിഡ് തുടങ്ങിയതുമുതൽ കട പൂർണമായും നിശ്ചലമായിരുന്നു.
അമ്മയ്ക്ക് പനി ബാധിച്ച രാത്രി അയാൾ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചെ 4 മണിക്ക് ഭാര്യയോട് പറഞ്ഞു: “ഇത് കോവിഡ് ആണെങ്കിൽ എന്തു ചെയ്യും?” അയാൾ ഉറക്കമില്ലാതെ മുറിയുടെ ഉത്തരത്തിൽ നോക്കി മിഴിച്ചു കിടക്കുന്നത് 37കാരിയായ വിജയമാല ഇപ്പോഴും ഓർക്കുന്നു. അയാളോട് ബുദ്ധിമുട്ടരുത് എന്നു പറഞ്ഞപ്പോൾ "’കുഴപ്പമില്ല’ എന്നു പറഞ്ഞ് എന്നോട് ഉറങ്ങിക്കോളാൻ പറഞ്ഞു.”











