"കീറുക, തുന്നലിടുക, അണ്ഡവാഹിനിക്കുഴലില്‍ ലാപ്പറോസ്കോപിക് ഉപകരണം പ്രവർത്തിപ്പിക്കുക എന്നീ വന്ധ്യംകരണത്തിന്റെ മൂന്നു ഘട്ടങ്ങളിലും നല്ല വെളിച്ചം അത്യാവശ്യമാണ്," ഗോസ്വാമി പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള ശക്തമായ സൂര്യപ്രകാശം അസ്തമയത്തോടടുക്കുമ്പോഴുള്ള ദുർബലമായ സൂര്യന് വഴിമാറിയിരുന്നു. മുറിയിലെ വെളിച്ചം അപര്യാപ്തമാണെന്ന് തോന്നിയെങ്കിലും ആരും എമർജൻസി ലൈറ്റുകൾ ഓൺ ചെയ്തില്ല.
അഞ്ചു മിനിറ്റിനുള്ളിൽ ഒരു ശസ്ത്രക്രിയ കഴിച്ചു ഡോക്ടർ അടുത്ത ടേബിളിലേക്കു നീങ്ങിയിരുന്നു. "ഹോ ഗയാ, കഴിഞ്ഞു!" അറ്റന്‍ഡര്‍ക്കും ആശ പ്രവർത്തകർക്കും ആ സ്ത്രീയെ അവിടെ നിന്ന് ഇറങ്ങാൻ സഹായിക്കാനും അടുത്ത സംഘത്തെ തയ്യാറാക്കാനുമുള്ള സൂചനയായി അദ്ദേഹം പറഞ്ഞു.
അടുത്തുള്ള ഒരു മുറിയിൽ കിടക്കകൾ വിരിച്ചിട്ടുണ്ടായിരുന്നു. അവിടത്തെ മഞ്ഞ ചുമരുകളിൽ ഈർപ്പവും പായലും കൊണ്ടുള്ള കറയുണ്ടായിരുന്നു. അടുത്തുള്ള ടോയ്ലെറ്റിൽ നിന്ന് ദുർഗന്ധവും പരക്കുന്നുണ്ടായായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ നേഹയെ ബോധം ശരിയായി വരുന്നതുവരെ ഈ മുറിയിൽ കിടത്തി. അവിടെ നിന്ന് ഒരു ആംബുലൻസിൽ ഇവരെയെല്ലാവരെയും വീട്ടില്‍ എത്തിക്കുന്നു. അര മണിക്കൂറിനു ശേഷം ആംബുലൻസിലേക്ക് കയറുമ്പോഴും, എല്ലാം വളരെ വേഗത്തിൽ കഴിഞ്ഞതു കൊണ്ടും, അനസ്തേഷ്യ പൂർണ്ണമാകാത്തതിനാലും അവർക്ക് തല കറങ്ങുന്നുണ്ടായിരുന്നു.
അമ്മായിയമ്മയുടെ താങ്ങലോടെ അവർ വീട്ടിലെത്തിയപ്പോൾ ആകാശ് അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. “പുരുഷന്മാർ വീട്ടിലെത്തുമ്പോള്‍ അവരെകാത്ത് അമ്മയും, ഭാര്യയും, മക്കളും, നായയും വീട്ടിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലാതെ അവരല്ല കാത്തിരിക്കേണ്ടത്,” അമ്മായിയമ്മ അഭിപ്രായപ്പെട്ടു. എന്നിട്ടു നേഹയ്ക്ക് ചായ ഉണ്ടാക്കാനായി അവർ നേരെ വീടിന്റെ കോണിലുള്ള അടുക്കളയിലേക്ക് പോയി.
"കുത്തിവയ്പ്പിനു ശേഷവും വേദനിക്കുന്നുണ്ടായിരുന്നു," ശസ്ത്രക്രിയയുടെ മുറിവിനെ പൊതിഞ്ഞ ചതുരത്തിലുള്ള ബാൻഡേജിൽ പിടിച്ചു കൊണ്ട് നേഹ പറഞ്ഞു.
രണ്ട് ദിവസത്തിന് ശേഷം നേഹ വീണ്ടും അടുക്കളയിൽ കയറി, കുത്തിയിരുന്ന് പാചകം ചെയ്തുതുടങ്ങി. ബാൻഡേജ് അപ്പോഴും മാറ്റിയിരുന്നില്ല, അവളുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞുകാണാമായിരുന്നു, തുന്നലുകൾ ഇനിയും ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. “പർ ഝൻഝട്ട് ഖതം [പ്രശ്നം പരിഹരിച്ചു],” അവർ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക്, [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക.
പരിഭാഷ: പി. എസ്. സൗമ്യ