കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
"സോമോകളാണിപ്പോൾ ഞങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുള്ളത്", പശ്ചിമ കാമെങ് ജില്ലയിലുള്ള ലഗം ഗ്രാമത്തിലെ നാടോടിയായ ഇടയൻ പെമ്പ സുരിങ്ങ്, 35, പറയുന്നു.
പക്ഷെ സോമോ എന്നാൽ എന്താണ്? അരുണാചൽ പ്രദേശിലെ 9,000 അടിയിലും അതിനും മുകളില്‍ ഈ പർവതങ്ങളിലും അതിനെ ജനപ്രിയമാക്കുന്നതെന്താണ്?
യാക്കിന്റെയും മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു തരം കന്നുകാലിയായ കോട്ടിന്റെയും സങ്കരയിനമാണ് സോമോ. ഇവയിലെ സോ എന്ന് വിളിക്കപ്പെടുന്ന ആൺ സങ്കരയിനത്തിന് പ്രത്യുത്പാദനശേഷിയില്ലാത്തതിനാൽ സോമോ എന്ന പെൺവർഗ്ഗത്തെയാണ് ഇടയർ കൂടുതൽ താൽപര്യപ്പെടുന്നത്. ഇവ ഒരു പുതിയ സങ്കരയിനമല്ലെങ്കിലും ഈയിടെയായി ബ്രോക്പാ എന്ന നാടോടികളായ ഇടയസമൂഹം കിഴക്കൻ ഹിമാലയത്തിലെ മാറുന്ന കാലാവസ്ഥയ്ക്ക് യോജിച്ച ഈ മൃഗങ്ങളെ കൂടുതലായി അവരുടെ കന്നുകാലി കൂട്ടങ്ങളിൽ ചേർക്കുന്നു.
യാക്കുകളും സോമുകളും അടങ്ങിയ 45 മൃഗങ്ങളുടെ കൂട്ടമുള്ള പെമ്പ പറയുന്നത് ഈ സങ്കരയിനം മൃഗങ്ങൾക്ക് "ചൂട് കൂടുതൽ ചെറുക്കാനാകുമെന്നും താഴ്ന്ന പ്രദേശങ്ങളോടും കൂടുന്ന താപനിലയോടും കൂടുതൽ പൊരുത്തപ്പെടാനാകും" എന്നുമാണ്.
ഉയരങ്ങളിലുള്ള ഈ മേച്ചൽ സ്ഥലങ്ങളിൽ ചൂട് അല്ലെങ്കിൽ 'താപനം' വളരെ യാഥാർത്ഥവും ആപേക്ഷികവുമാണ്. ഇവിടെ വർഷത്തിൽ 32 ഡിഗ്രി സെൽഷ്യസ് ഉള്ള ദിവസങ്ങളില്ല. പക്ഷെ മൈനസ് 35 ഡിഗ്രി എളുപ്പത്തിൽ നേരിടാൻ കഴിയുന്ന യാക്കുകൾ ചൂട് പന്ത്രണ്ടോ പതിമൂന്നോ ഡിഗ്രിയ്ക്ക് മുകളിലായാൽ ചെറുത്തു നിൽക്കാൻ ബുദ്ധിമുട്ടുന്നു. വാസ്തവത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പർവതങ്ങളിലെ ആവാസവ്യവസ്ഥയൊന്നാകെ ഈ മാറ്റങ്ങളോട് മല്ലിടുകയാണ്.
2011-ലെ സെൻസസ് അനുസരിച്ച് അരുണാചലിൽ ആറായിരത്തോളം ജനസംഖ്യയുള്ള മോൺപ ഗോത്രത്തിൽപ്പെട്ട നാടോടി ഇടയന്മാരായ ബ്രോക്പകൾ നൂറ്റാണ്ടുകളായി യാക്കുകളെ വളർത്തുകയും പർവതങ്ങളിൽ മേയിക്കുകയും ചെയ്തു വരുന്നു. ഇവർ കഠിനമായ ശൈത്യകാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുകയും വേനൽക്കാലത്ത് ഉയർന്ന സ്ഥലങ്ങളിലേക്ക് - 9,000 മുതൽ 15,000 അടി വരെ - കുടിയേറുകയും ചെയ്യുന്നു.
എന്നാൽ ലഡാക്കിലെ ചാങ്താങ് മേഖലയിലെ ചാങ്പയെപ്പോലെ, ബ്രോക്പയെയും ക്രമരഹിതമായ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായി ബാധിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഇവരുടെ ഉപജീവനം, ഇവരുടെ സമൂഹങ്ങൾ പോലും, യാക്കുകളെയും കന്നുകാലികളെയും ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്നതിൽ അധിഷ്ഠിതമാണ്. ഇവയിൽ അവർ സാമ്പത്തിക, സാമൂഹിക തലങ്ങളിലും ആത്മീയ തലങ്ങളിൽ പോലും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് യാക്കുകളെയാണ്. ആ ബന്ധം ഇന്ന് വളരെ ദുർബലമായിരിക്കുന്നു.
"യാക്കുകൾ ഫെബ്രുവരി അവസാനമാകുമ്പോള്തന്നെ ചൂട് കാരണം തളർന്നു തുടങ്ങുന്നു," ചന്ദർ ഗ്രാമത്തിലെ ഇടയരിലൊരാളായ ലേകി സുസുക് എന്നോട് പറഞ്ഞു. മെയ് മാസ വടക്കൻ കാമെംഗിലെ ദിറാങ് ബ്ലോക്കിലേക്കുള്ള എന്റെ യാത്രയിൽ ഇവരുടെ കുടുംബത്തോടൊപ്പമാണ് ഞാൻ താമസിച്ചത്. "കഴിഞ്ഞ കുറെ വർഷങ്ങളായി വേനലിനു നീളം കൂടി വരുന്നു, ചൂടും കൂടിയിരിക്കുന്നു." അമ്പതിനോടടുത്തു പ്രായം വരുന്ന ലേകി കൂട്ടിച്ചേർത്തു.

